ചില നസ്രാണി നാട്യങ്ങൾ
---------------------------------------------------------
ക്രിസ്തു എന്ന വിപ്ലവകാരി തന്റെ ജീവിതകാലത്ത് ഏറ്റവും ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നത് അക്കാലത്തു യഹൂദരുടെ ഇടയിൽ വേരുപിടിച്ചിരുന്ന കാപട്യത്തേയും അനാചാരങ്ങളെയുമായിരുന്നു.. എന്നാൽ ഇന്ന് അതേ ക്രിസ്തുവിന്റെ ഞാനുമുൾപ്പെടുന്ന സഭയിൽ കപടനാട്യങ്ങളുടെ കുത്തൊഴുക്കിൽപെട്ട് ക്രിസ്തു തന്നെ അപ്രസക്തനായി പോവുന്നില്ലേ എന്ന് പലപ്പോഴും തോന്നിപ്പോവുന്നു..
കൈയിൽ കൊന്തയും പിടിച്ചു അൾത്താരയിൽ നിന്നും കണ്ണെടുക്കാതെ മുഴുവൻ കുർബാനയിൽ പങ്കുകൊള്ളുന്ന അമ്മച്ചിമാർ ഏതൊരു പള്ളിയിലെയും കാഴ്ചയാണ് .. ഞായറാഴ്ചയ്ക്കു പുറമേ ഇടദിവസങ്ങളിലും പളളിയിൽ മുടങ്ങാതെയെത്തുന്ന ചിലഅമ്മച്ചിമാരെ കണ്ടാൽ ഉടലോടെ സ്വർഗ്ഗത്തിലേക്ക് കരേറ്റപ്പെടുമെന്നു തോന്നിപ്പോകും.. എന്നാൽ പല അമ്മച്ചിമാരുടെയും സ്വഭവനത്തിലെ മുഖം അല്പം വ്യത്യസ്തമാണ്.. കണ്ണിൽ കണ്ടവരുടെ കുറ്റവും പരദൂഷണവും ഒപ്പം കൊതിയും നുണയുമൊക്കെയായി വീട്ടിലെ അമ്മച്ചി വേറൊരാളാണ്.. കഴുത്തിൽ തൂങ്ങുന്ന കുരിശുമാലയും വെന്തിങ്ങയുമൊക്കെ അപ്പോൾ വെറും അലങ്കാരങ്ങൾ മാത്രം... ദിവസവും മണിക്കൂർ നീളുന്ന കുരിശുവരയ്ക്കിടയിൽ മനഃപാഠമായ കൊന്തനമസ്കാരം ആവർത്തിച്ചു ചൊല്ലിയും, ഉറങ്ങി വീഴുന്ന കൊച്ചുമക്കളെ ശാസിച്ചും ഗുണദോഷിച്ചും മാതൃക തീർക്കുന്ന ഈ അമ്മച്ചി സീരിയൽ കാണാൻ കിട്ടുന്ന അവസരങ്ങളും ഒന്ന് 'മിനുങ്ങാൻ' തരപ്പെടുന്ന സന്ദർഭങ്ങളും ഒപ്പം മരുമകൾക്കിട്ടു വയ്ക്കാൻ കിട്ടുന്ന പാരകളും മിസ്സാക്കാറുമില്ല.. വീടിനു വെളിയിൽ ഇറങ്ങിയാലോ കൈയിൽ നിന്നും താഴെവയ്ക്കാതെ കൊന്തചൊല്ലിയും കൂടെക്കൂടെ 'ഈശോ..'എന്ന് വിളിച്ചു കോണ്ടും അമ്മച്ചി ഒരു ഭക്തശിരോമണി തന്നെയായി പരിണമിക്കും.. എല്ലാം കൊണ്ടും അമ്മച്ചിയൊരു ഉത്തമ ക്രിസ്ത്യാനി തന്നെ.. ! അമ്മച്ചിമാർക്കൊപ്പം അച്ചായൻമാരും മോശമൊന്നുമല്ല.. പക്ഷെ പള്ളിയിലെയും പൊതു സമക്ഷങ്ങളിലെയും ഭാവാഭിനയത്തിന് അച്ചായൻമാരേക്കാൾ കൂടുതൽ മാർക്ക് അമ്മച്ചിമാർക്ക് കൊടുക്കേണ്ടി വരും..
സൺഡേ സ്കൂൾ പഠനം കഴിഞ്ഞാൽ പിന്നെ പല യുവതികളും യുവകോമളൻമാരും പള്ളികാണുന്നത് പെണ്ണുകെട്ടാൻ നേരത്തായിരിക്കും..കല്യാണം ആലോചിച്ചു തുടങ്ങുമ്പോൾ തന്നെ ഭക്തിയും ഒപ്പം വളരുകയായി ! ഇടയ്ക്കിടെയുള്ള ദേവാലയ സന്ദർശനവും നമസ്കാരങ്ങൾ പഠിക്കലും കെട്ടുകുമ്പസാരവും പോരഞ്ഞിട്ട് വിവാഹഒരുക്കധ്യാനവുമൊക്കെയായി പിന്നീടങ്ങോട്ട് സർവം ഭക്തിമയം..! കെട്ടിനുള്ള അനുവാദം ഇടവക വികാരിയാണല്ലോ നല്കേണ്ടത് എന്ന വീണ്ടുവിചാരം ഒന്നുമാത്രമായിരിക്കും ഭൂരിപക്ഷം വിവാഹാർത്ഥികളുടെയും പെട്ടെന്നുണ്ടായ ഭക്തിക്കു പിന്നിൽ എന്നത് പരസ്യമായൊരു രഹസ്യം.. മനസ്സമ്മതവും കല്യാണവും കഴിഞ്ഞു പൊടിയും തട്ടിപ്പോവുന്ന ദമ്പതികൾ പിന്നീട് ഇടവക ദേവാലയം കാണുന്നത് കൊച്ചിന്റെ മാമ്മോദീസയ്ക്കു മാത്രം ! ആഹാ.. എത്ര മനോഹരമായ ആചാരങ്ങൾ.. !
കോടികൾ മുടക്കി പള്ളികൾ പണിയുന്ന ട്രെൻഡ് നിലനിൽക്കുന്ന ഒരു കാലമാണിത്.. തൊട്ടടുത്ത ഇടവകക്കാരുടെ അല്ലെങ്കിൽ രൂപതയുടെ പള്ളിയേക്കാൾ കുറഞ്ഞത് അമ്പതുലക്ഷമെങ്കിലും ചെലവ് കൂടുതൽ ആയിരിക്കണം നമ്മുടെ പള്ളിക്ക് എന്ന വാശിയിലാണ് ഇന്ന് നാട്ടിലെ ദേവാലയങ്ങളുടെ പണികളൊക്കെ പുരോഗമിക്കുന്നത്.. മനോഹരമായ ദേവാലയങ്ങൾ നല്ലത് തന്നെ..പക്ഷെ അതിനു വേണ്ടി അത്താഴപ്പട്ടിണിക്കാരനോടും 'രൂപാതാ'.. 'രൂപാതാ'എന്നുപറഞ്ഞു പിന്നാലെ കൂടുമ്പോൾ പാവങ്ങളെ പിഴിഞ്ഞ് പണിയുന്ന ദേവാലയത്തിൽ വസിക്കാൻ ഒടുവിൽ ക്രിസ്തു ഇല്ലാതെ പോകും എന്നത് ആരും ഓർക്കാറില്ല..
അതുപോലെ തന്നെ കൗതുകമുളള മറ്റൊരു കാഴ്‌ചയാണ് സാമ്പത്തികമായി ഉയർന്നുനിൽക്കുന്നവരുടെ വീട്ടിലെ ശവസംസ്കാര ചടങ്ങ്.. മുറ്റത്തുയരുന്ന പന്തലിൽ തുടങ്ങി ശവപേടകത്തിലെ ബൊക്കെയിൽ വരെ ഇവന്റ്മാനേജ്‌മന്റ് ടീമിന്റെ കയ്യൊപ്പ്..! 'വാലായ്മ സാരി' എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് കോട്ടൺ സാരിയും ചുറ്റി മരിച്ചയാളുടെ ബന്ധുക്കളായ സ്ത്രീകൾ വീഡിയോഗ്രാഫർക്കുമുൻപിൽ ദുഃഖം അഭിനയിക്കുന്നത് കാണുമ്പോൾ മരണമറിഞ്ഞെത്തിയവർ തങ്ങൾക്കു വീട് മാറിപ്പോയോ എന്ന് സംശയിച്ചു പോയാൽ അത്ഭുതപ്പെടാനില്ല.. മരണശേഷം ഏതൊരു കൊമ്പനും വെറും ആറടി മണ്ണിന്റെ മാത്രം ജന്മിയായി വിശ്രമം കൊള്ളുന്ന സെമിത്തേരികളാണ് മറ്റൊരു കൗതുകം..കൈയിൽ കാശുള്ള (ഉണ്ടായിരുന്ന)പരേതർ മാർബിൾ ഗ്രാനൈറ്റ് ഫലകങ്ങൾ പതിച്ചു ഗംഭീരമാക്കിയ കല്ലറകളിൽ അന്ത്യവിശ്രമം കൊള്ളുമ്പോൾ സിമന്റ് സ്ലാബുകൾ നിരത്തി കുമ്മായം പൂശിയ കുഴിമാടങ്ങളിൽ പാവപ്പെട്ടവന്റെ (പാവപ്പെട്ടവൻ ആയിരുന്നവന്റെ )മരണനിദ്ര.. കല്ലറയ്ക്കുള്ളിൽ പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ ചീഞ്ഞു പുഴുക്കുമെങ്കിലും ജീവിച്ചിരിക്കുന്ന ബന്ധുജനങ്ങൾക്കിടയിൽ ദരിദ്രപരേതനും സമ്പന്നപരേതനും എന്നും വേറിട്ടു നിൽക്കണമല്ലോ.. !അതങ്ങനെ തന്നെ നിൽക്കട്ടെ..
ക്രിസ്ത്യാനിയുടെ ഇടവകപെരുനാൾ അവന്റെ അഭിമാനപ്രശ്നമായി മാറിയ ഇക്കാലത്തു പെരുന്നാളിന് പൊടിയുന്ന പണം വിശ്വാസിക്ക് ഒരു പ്രശ്നമേയല്ല. .കൊടിയേറ്റുമുതൽ ആഴ്ചകൾ നീളുന്ന പെരുന്നാൾ മഹാമഹത്തിൽ കലാസന്ധ്യയും കരിമരുന്നു പ്രകടനവും വാദ്യമേളങ്ങളും ദീപാലങ്കാരവുമെല്ലാം അരങ്ങുകൊഴുപ്പിക്കുമ്പോ ഒഴുകിതീരുന്നത് ലക്ഷങ്ങൾ.. ഇങ്ങനെ വർഷംതോറും പൊട്ടിച്ചും കത്തിച്ചും ആഘോഷിച്ചും ബഹുവർണ്ണത്തിലുള്ള നോട്ടീസടിച്ചും തീർക്കുന്ന പണത്തിന്റെ പകുതി വേണ്ടിവരില്ല ഇടവകയിലെ ഭവനരഹിതർക്കു വീടുണ്ടാക്കി നല്കാൻ.. നാട്ടിലെ പ്രസിദ്ധമായൊരു ദേവാലയത്തിരുനാളിന് ദീപാലങ്കാരങ്ങളുടെ സ്വിച്ചോൺ കർമ്മം മറ്റൊരു പെരുന്നാൾ പോലെ ആഘോഷിച്ചതിന് ഞാൻ സാക്ഷിയാണ്..

ഇനി ഇത്രയും കാശുമുടക്കി നടത്തുന്ന പെരുന്നാളിന് വിശ്വാസികൾക്ക് ചുമ്മാതങ്ങ് ചെന്നു പങ്കുകൊള്ളാൻ പറ്റുമോ ? പറ്റില്ല.. നന്നായി ഒരുങ്ങിതന്നെ പോകണം.. പിച്ചവയ്ക്കുന്നതും ഒക്കത്തിരിക്കുന്നതുമായ കുഞ്ഞുങ്ങൾ മുതൽ കുഴീലോട്ടു കാലുംനീട്ടിയിരിക്കുന്ന അമ്മച്ചിയും അപ്പാപ്പനും വരെ പാർട്ടിവെയറും ധരിച്ചു പളപളാന്നു മിന്നിക്കൊണ്ട് മൂക്കുതുളയ്ക്കുന്ന സെന്റും പൂശി കാറിൽ പള്ളിമുറ്റത്ത് വന്നിറങ്ങുമ്പോ പ്രദക്ഷിണത്തിനെഴുന്നള്ളിക്കുന്ന പുണ്യാളന്റെ രൂപം നോക്കി അതാരാണമ്മച്ചീ എന്ന് കൂട്ടത്തിലെ കൊച്ചു ചോദിക്കുമ്പോഴാവും അയ്യോ ഇത് ലെ പുണ്യാളന്റെ പെരുന്നാളാണല്ലോ എന്ന് അമ്മച്ചിയും ഓർക്കുന്നത് തന്നെ.. അമ്മച്ചിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. പത്താള് കൂടുതൽ കൂടുന്നിടത്ത് പൊങ്ങച്ചം കാട്ടുന്നതിന്റെ ഒരിത് എല്ലാദിവസവും പള്ളിയിൽ പോയാൽ കിട്ടില്ലല്ലോ..
പെരുന്നാൾ ദിവസം കാണാൻ സാധിക്കുന്ന മറ്റൊരു കാഴ്ചയാണ് വിവാഹിതകളായ സ്ത്രീകളുടെ വക വസ്ത്ര - ആഭരണ പ്രദർശനം !പള്ളിപ്പറമ്പുകളിൽ നെറ്റിപ്പട്ടം കെട്ടിയ കൊമ്പന്റെ കുറവ് നികത്തുന്നത് ഇക്കൂട്ടരുടെ മഹനീയ സാന്നിധ്യം ഒന്നുമാത്രം.. ഏതായാലും പിടിച്ചുപറിക്കാർക്ക് അന്നേദിവസം ചാകരയായിരിക്കും..
കൂട്ടത്തിലെ യൂത്തന്മാർ അന്നേരം മൊബൈൽ ക്യാമറയും തുറന്നുവച്ചു പോട്ടം പിടിച്ചു തകർക്കുകയാവും.. എന്തിന്റെ പോട്ടമാ പിടിക്കുന്നതെന്ന് അവനും അവന്റെ കൂട്ടുകാർക്കും പിന്നെ തമ്പുരാൻ കർത്താവിനും മാത്രമറിയാം.. !
ഒരു സൗന്ദര്യമത്സരം നടത്തിയാൽ തങ്ങളിലാര് ഒന്നാമതെത്തും എന്നുമാലോചിച്ചു നടക്കുന്ന കുമാരിമാർ വേറെയും.. ഈ മേളങ്ങൾക്കിടയിൽ അടിച്ചുഫിറ്റായ പുരുഷകേസരികൾ പ്രദക്ഷിണവഴികളിൽ ബാന്റ്മേളങ്ങളുടെ താളത്തിൽ ചുവടുവയ്ക്കുന്നുണ്ടാവും...
ഒക്കെക്കണ്ട് നിർവികാരനായി ചില്ലു
'കൂട്ടിലടയ്ക്കപ്പെട്ട ' ക്രിസ്തുവും..
ഇതിലൊന്നും അജഗണങ്ങളെ കുറ്റപ്പെടുത്താനാവില്ല... കാരണം വിശ്വാസികൾ മിതവ്യയം ശീലിക്കണമെന്ന് ലേഖനമെഴുതുന്ന ഇടയന്മാർ സഞ്ചരിക്കുന്നത് നാല്പതും അൻപതും ലക്ഷങ്ങൾ ചുളപോലെ എണ്ണിക്കൊടുത്തു വാങ്ങിയ ആഡംബരകാറുകളിലാവുമ്പോ തമ്പുരാന്റെ മനോഗുണം കൊണ്ടുണ്ടായ കാശുകൊണ്ട് ഇഷ്ടംപോലെ ജീവിക്കുന്നതിൽ നിന്നും പാവം സത്യക്രിസ്താനികളെ വിലക്കുന്നതെങ്ങനെ ?! അല്ലെങ്കിലും പറയാനും പ്രസംഗിക്കാനും ആരാധിക്കാനും ഉള്ളത്ര എളുപ്പം ജീവിച്ചു കാണിക്കുന്നതിൽ ഉണ്ടാവില്ലല്ലോ.. ഇടയന്മാർക്കും ആടുകൾക്കും..
ഇനി കർത്താവെങ്ങാനും ഒരിക്കൽകൂടി ഈ വഴി ചാട്ടയുമെടുത്തു വന്നാൽ ആരൊക്കെ അടികൊണ്ടു ചുരുളുമെന്നു കണ്ടുതന്നെ അറിയണം.!!

Anju

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക