ഇന്ന് പകൽ മുഴുവൻ യൂ ട്യൂബ് നോക്കി വസ്ത്രങ്ങൾ മടക്കി വെക്കാൻ പഠിക്കുകയായിരുന്നു ഞാൻ. അതിനായി ആദ്യം കൈയ്യിൽ കിട്ടിയ പലതരം വസ്ത്രങ്ങൾ കട്ടിലിൻമേൽ കൊണ്ട് വന്നിട്ടു. കൈ നീളമുള്ളവ, സാരികൾ, ഷർട്ടുകൾ, എന്തിന് അടി വസ്ത്രങ്ങൾ വരെ പലവട്ടം മടക്കി ഒതുക്കി വച്ചു. ആദ്യമാദ്യം മിനുസമുള്ള തുണികൾ കൈയ്യിൽ നിന്ന് തെന്നി മാറി തറയിൽ വീണു. കോട്ടൻ തുണികൾ മടക്കി വെക്കാൻ വളരെ എളുപ്പമാണ്. അങ്ങനെ ഒടുവിൽ ഒരുവിധം ഭംഗിയിൽ എല്ലാത്തരം തുണികളും മടക്കി ഒതുക്കി വെക്കാൻ പഠിച്ചു.
ഉറക്കം വന്നേ ഇല്ല.ഒരു കടയിൽ സെയിൽസ് ഗേളായി പോകുമ്പോൾ ക്വാളിഫിക്കേഷൻസ് എന്തെങ്കിലും വേണ്ടി വരുമോ ?സർട്ടിഫിക്കറ്റ്സ് ഹാജരാക്കേണ്ടി വരുമോ ?ഒരുപാട് ചിന്തകൾ മനസ്സിലങ്ങനെ കിടന്നു കറങ്ങി.
പിറ്റേന്ന് അതിരാവിലെ ഉണർന്ന് പോകാൻ തയ്യാറായി, എവിടേക്കാണെന്ന് ചോദിച്ച് അമ്മ പിറകേയും "ഒരു ഇന്റർവ്യൂ ഇണ്ട് ", "ഏത് ഹോസ്പിറ്റലിലാണ് ?നീ ഒന്നും പറഞ്ഞില്ലല്ലോ". എങ്ങനെ പറയും ഒരു പകലിന്റെയും രാത്രിയുടെയും മാത്രം ദൈർഘ്യമുള്ള തീരുമാനമാണ്. "കോഴിക്കോടാണ്, ഇന്നലെ രാത്രി കിടക്കാൻ നേരത്താ ഫ്രണ്ട് മെസ്സേജ് അയച്ചത്. "
ഫയലൊക്കെ കൊണ്ട് ചെന്നതിനാലാവും അവിടെയുണ്ടായിരുന്ന എല്ലാവരുമെന്നെ കൗതുകത്തോടെ നോക്കി. കാതിൽ കടുക്കനിട്ട വെളുത്ത് തടിച്ച ഒരാളാണ് ഇന്റർവ്യൂ എടുത്തത്. എക്സ്പീരിയൻസ് ഉണ്ടോന്നാണ് ചോദിക്കുന്നത്. എന്ത് പറയും ഈശ്വരാ. ഇല്ല എന്ന് പറഞ്ഞ് കഴിഞ്ഞപ്പോ തോന്നി വേണ്ടായിരുന്നൂന്ന്. അല്ലേലും ഒരു പകൽ മുഴുവനുള്ള എക്സ്പീരിയൻസിനെക്കുറിച്ച് ഇവിടെ പറഞ്ഞിട്ടെന്താ കാര്യം. അയാളുടെ മുഖമിത്തിരി കോടിയപ്പോൾ ദയനീയത കലർത്തി ഇപ്പോഴത്തെ സാഹചര്യത്തിൽ എന്റെ നിലനിൽപ്പിന് ഈ ജോലി തന്ന് സഹായിക്കണമെന്നപേക്ഷിച്ചു. ഫയലൊക്കെ കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു ഇടത് പുരികമൽപ്പമുയർത്തി ഏതു വരെ പഠിച്ചു എന്ന അടുത്ത ചോദ്യം വന്നു. "പ്ലസ് ടൂ വരെ സർ.. പ്ലസ് ടൂ.. "ശീലിച്ചതു കൊണ്ടാവാം ഫയലു തുറന്ന് മാർക്ക് ലിസ്റ്റെടുത്തയാൾക്ക് നേരെ നീട്ടി. വെറുതേയൊന്ന് നോക്കീട്ട് അയാളത് തിരിച്ചേൽപ്പിച്ചു.
"മാരീഡ് ആണോ "
'നോ സർ ' എന്നു പറയാൻ വന്നതാണ്, സെയിൽസ് ഗേൾ ആവാൻ വന്നൊരാൾ ചിലപ്പോ അങ്ങനെ പറയില്ലെങ്കിലോ..
"ഇല്ല സർ "
മാർക്ക് ലിസ്റ്റ് തിരികെ വെക്കുമ്പോൾ ഫയലിൽ കിടക്കുന്ന പ്രൊവിഷണൽ ഡിഗ്രീ സർട്ടിഫിക്കറ്റ് വെറുതേ ഞാനൊന്ന് നോക്കി. അഞ്ചര വർഷം ചുമന്ന് നൊന്തു പെറ്റ എന്റെ വിജയം... കണ്ണിൽ പാട പോലെ നൊമ്പരം നിറഞ്ഞു, കരയാതിരിക്കാൻ പല്ലുകൾ കടിച്ച് പിടിച്ചു. "ഓക്കേ കുട്ടി നാളെത്തന്നെ വന്ന് ജോയിൻ ചെയ്തോളു. "നന്ദി പറഞ്ഞ് ധൃതിയിൽ പുറത്തേക്കിറങ്ങി .. പൊരി വെയിലത്ത് ആൾക്കൂട്ടത്തിൽ എങ്ങോട്ടെന്നറിയാതെ നടന്നു.. വിയർപ്പും കണ്ണീരും കലർന്ന ഉപ്പുരസം..ഞാൻ കരയുകയാണ്.. ആരുമെന്നെ കണ്ടില്ല.. ആർക്കും സമയമില്ല.. എല്ലാരും തിരക്കിട്ടോടുകയാണ്.. എനിക്കുമോടണം.. പക്ഷേ എങ്ങോട്ട്.. ??മുഖമമർത്തി തുടച്ച് അടുത്തുള്ള കൂൾ ബാറിൽ കയറി. "കൃഷ്ണാ നീ ബേഗനേ... "അമ്മയുടെ കോളാണ്.
"എന്തായി മോളെ..? "
"ജോലി ഓകെ ആണ്, നാളത്തന്നെ ജോയിൻ ചെയ്യാൻ പറഞ്ഞു. "
"ശമ്പളമൊക്കെ ?"
"നേരത്തെ ഉണ്ടായിടത്തേക്കാളും കൂടുതലിണ്ട്. "
കോൾ കട്ട് ചെയ്ത് സുദേവിന് മെസ്സേജ് അയച്ചു, 'call me... It's urgent.'ഉടനെ തന്നെ പ്ലസിൽ തുടങ്ങുന്ന ഒരു കുവൈറ്റ് കോൾ വന്നു.
"ന്താടീ... "ഉത്സാഹത്തോടെയുള്ള ചോദ്യം.
"ഡാ.. ഞാൻ കോഴിക്കോട് പി. ജി. കോച്ചിംഗിന് ചേർന്നിട്ടുണ്ട്, താമസിക്കാനൊരിടം റെഡിയാക്കിത്തരോ ?"
"അയിനെന്താ... നീ എവിടാന്ന് പറ, നമുക്ക് റെഡിയാക്കാന്നേ.. "
പ്ലാൻ ചെയ്തത് പോലെ സ്ഥലം പറഞ്ഞു കൊടുത്തു. പറ്റിയ ഒന്ന് രണ്ടിടം പറഞ്ഞതിന് ശേഷം അവൻ പറഞ്ഞു,
"അല്ലേൽ നിനക്കെന്റെ വീട്ടിൽ തന്നെ താമസിക്കാലോ, ഇത്തിരി യാത്ര ഇണ്ട്..അച്ഛനും അമ്മയ്ക്കും ഒരു കമ്പനിയുമായി.. നീയാവുമ്പോ ചെല-ചെല ചെലച്ചോണ്ടിരിക്കുമല്ലോ.. "
ഭാഗ്യം.. പ്രതീക്ഷിച്ചത് പോലെ ചോദ്യം വന്നു.
"നീ പോടാ.. നിന്റെ വീടിവിടെ അടുത്താ ഞാൻ അറിഞ്ഞില്ലാട്ടാ.. "
"നീ കളിയാക്കാണ്ട് കാര്യം പറ.. എപ്പോ മുതലാ ക്ലാസ്സ് ?"
"നാളത്തന്നെ തുടങ്ങും"
"പ്ലീസ് ഡീ.. നീയീ ഓപ്ഷൻ ഒന്നാലോയ്ക്കു.. ന്നിട്ട് മെസ്സേജ് ഇടൂ..എന്നിട്ട് വേണേൽ വേറെ സ്ഥലം അന്വേഷിക്കാ."
"ഉം.. ശെരി ഞാൻ "ആലോച്ചിട്ട് പറയാ "
പിറ്റേന്ന് മുതൽ ഞാനുമാ വിശാലമായ ഷോറൂമിന്റെ ഭാഗമായി. തിരക്കിട്ട ജോലി, നിറയെ ആളുകൾ. "അനൂ അതൊന്ന് നോക്ക്യേ.." "അനു ഏച്ച്യേ ഇങ്ങോട്ട്","ആ കസ്റ്റമർനെ ഒന്ന് നോയ്ക്കോളി.. "അങ്ങനെ അവരിലൊരുവളായി ഞാനും.. ! ദിവസങ്ങൾ പോകുന്നതറിയുന്നില്ല,സുദേവിന്റെ വീട്ടിലേക്കുള്ള യാത്രയും കൂടി ആവുമ്പോഴേക്ക് എത്തീട്ടൊന്ന് കിടന്നാ മതീന്നാവും.ഇവിടെയും കിട്ടി, എത്തും വരെ വഴിനോക്കിയിരിക്കുന്ന ഒരമ്മയെ..!!
ഇന്നാദ്യത്തെ സാലറി കിട്ടി. അത്ഭുതം ഒരു മാസമായി ഞാൻ കരഞ്ഞിട്ട്.. അവസാനമായി കരഞ്ഞു നടന്ന വഴികൾ ഇന്നെനിക്ക് ഏറെ പരിചയമുള്ളവയാണ്.
ഞായറാഴ്ച,കോച്ചിംഗ് സെന്ററിലെ ആദ്യത്തെ ക്ലാസ്സ് കഴിഞ്ഞ് ഫേസ്ബുക്ക് പ്രൊഫൈലിൽ വീണ്ടും എഴുതി ചേർത്തു 'works at doctor'.അതെ സ്വപനങ്ങൾ അവസാനിക്കുന്നില്ല,അവയൊഴുകി ആ ക്ലിനിക്കിന്റെ മുന്നിലെത്തി "ഡോ. അനസൂയ BAMS. "വീണ്ടും ഞാൻ നൊന്തു പെറ്റ എന്റെ വിജയമെന്നെ നോക്കി ചിരിച്ചു .. !!
By: Anoosha Krishnan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക