Slider

നൊമ്പരപ്പൂവ്

0
Image may contain: 1 person, smiling, indoor

''വാവേ..''
വിളി കേട്ട് പുസ്തകം നിവർത്തി വെച്ച് ദിവാ സ്വപ്നം കണ്ടു കൊണ്ടിരുന്ന നിള ഞെട്ടി .. കണ്ണുകളുയർത്തി നോക്കിയപ്പോൾ
മുൻപിൽ നിൽക്കുന്നു ചേച്ചി.. കെെയ്യിൽ പുത്തൻ റോസ് ചുരിദാർ..
''എന്താ ''..
കാര്യം പിടികിട്ടാതെ നിള ചോദിച്ചു ..
''ഇത് നീയെടുത്തോ..''
അവൾക്ക് അത്ഭുതം തോന്നി ..
കഴിഞ്ഞയാഴ്ച അവൾ ഈ ചുരിദാർ വാങ്ങിയപ്പോൾ കാലു പിടിച്ചു കെഞ്ചിയതാണ്.. ഒരേ ഒരു തവണ ഒന്നു ഇടാൻ തരുമോയെന്ന്.. തന്നില്ലെന്നു മാത്രമല്ല തലയിൽ ഒരു കിഴുക്കും കൂടി തന്നു..
''ഇപ്പോഴെന്താ പുതിയൊരു സ്നേഹം .. ചുരിദാറിന് എന്തെങ്കിലും കുഴപ്പമുണ്ടോ.. കീറുകയോ മറ്റോ ചെയ്തോ.. ഞാനാ കീറിയത് എന്ന് അമ്മയോട് പറഞ്ഞ് എനിക്ക് അടി വാങ്ങിത്തരാനാവും അല്ലേ..''
നിള ചേച്ചിയെ തറപ്പിച്ചു നോക്കി ..
''സത്യമായിട്ടും അല്ല.. നീ അന്നേ ആശിച്ചതല്ലേ.. അതുകൊണ്ടാണ് .. നീയെടുത്തോ.. നിനക്കിത് നന്നായി ചേരും..''
അവൾ ചുരിദാർ വാങ്ങി നിവർത്തി തിരിച്ചും മറിച്ചും നോക്കി .. കുഴപ്പമൊന്നുമില്ല..
''ആ.. ശരി .. ഞാനെടുത്തോളാം..''
ഉള്ളിൽ അണപൊട്ടിയ സന്തോഷം പുറത്തു കാണിക്കാതെ പറഞ്ഞു..
എന്നാലും ഇവൾക്കിത് എന്തു പറ്റി? തന്നെ കണ്ണെടുത്താൽ കണ്ടൂടായിരുന്നല്ലോ.. എന്തെങ്കിലും ആവട്ടെ .. ഏതായാലും തനിക്ക് കോളടിച്ചല്ലോ..'
അവൾ മനസ്സിൽ വിചാരിച്ച് കൊണ്ട് ചുരിദാർ ദേഹത്ത് വെച്ച് കണ്ണാടിയിൽ ഭംഗി നോക്കി ..
അപ്പോൾ അവളൊരു മായാലോകത്തിലെത്തിയതു പോലെ തോന്നി .
റോസ് നിറത്തിലുള്ള ആ ചുരിദാർ അണിഞ്ഞ്
സിൻഡ്രല്ലയെ പോലെ അവളാ വർണ്ണ ലോകത്ത് ഉല്ലസിച്ച് നടക്കുന്നത് മനസ്സിൽ കണ്ടു.. ചുറ്റും പല നിറത്തിലുള്ള പൂക്കൾ ..
നിറയെ പൂമ്പാറ്റകളും തുമ്പികളും പക്ഷികളും..
പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു ഊഞ്ഞാലിലിരുന്ന് അവൾ മെല്ലെ ആടുകയാണ്..
''മോളേ.. നീ പഠിച്ചു കഴിഞ്ഞെങ്കിൽ വാ.. ഭക്ഷണം കഴിക്കാം..''
അമ്മയുടെ ശബ്ദം അവളെ ആ മായാലോകത്തു നിന്ന് തിരികെ ഭൂമിയിലെത്തിച്ചു..
''പത്താം ക്ളാസ് ആണെന്ന ബോധമില്ലല്ലോ നിനക്ക് .. ഇത്ര വേഗം പഠിച്ചു കഴിഞ്ഞോ.. ''
എന്നൊക്കെ പറയുന്ന അമ്മയാണ് ഇപ്പോൾ ഇങ്ങോട്ട് വന്നു വിളിക്കുന്നത്..
അവൾക്ക് വീണ്ടും അത്ഭുതം ..
അപ്പോഴാണ് മൊബെെൽ ഫോണുമായി ചേട്ടൻ്റെ വരവ്..
''വാവേ.. ഇതാ ഇതിൽ പുതിയ ഗെയിമുണ്ട്.. നീ കളിച്ചോ.. ''
ചേട്ടൻ ഫോൺ അവൾക്ക് നേരെ നീട്ടി ..
അവൾ കണ്ണുകൾ ചിമ്മിത്തുറന്നു..
'താൻ സ്വപ്നം കാണുകയാണോ.. കുറച്ച് ദിവസം മുൻപ് ഫോൺ എടുത്ത് ഗെയിം കളിച്ചതിന് ഓടിച്ചിട്ട് തല്ലിയ ആളാണ് ഇപ്പോൾ ഗെയിം കളിക്കാൻ ഇങ്ങോട്ട് നിർബന്ധിക്കുന്നത്..'
അവൾ ഫോൺ വാങ്ങാൻ മടിച്ചപ്പോൾ ചേട്ടൻ അത് മേശപ്പുറത്ത് വെച്ചു തിരിഞ്ഞു നടന്നു .
'ഇവർക്കൊക്കെ ഇതെന്തു പറ്റി.. വല്ലാത്ത മാറ്റമാണല്ലോ..'
എല്ലാവരുടെയും പെരുമാറ്റത്തിൽ അവൾക്ക് ആശങ്ക തോന്നി.
'ചേച്ചിയും ചേട്ടനും പറയാറുള്ളത് ചിലപ്പോൾ സത്യം തന്നെയാവും..
തന്നെ ദേഷ്യം പിടിപ്പിക്കാനായി അവർ എപ്പോഴും പറയാറുണ്ടല്ലോ തോട്ടിലൂടെ ഒഴുകി വന്നതാണ് താനെന്ന്.. അതുകൊണ്ടാണ് അവരുടെ അത്രയും നിറമില്ലാത്തത് എന്ന്.. തൻ്റെ പരുപരുത്ത തലമുടിയും നിറം കുറഞ്ഞ ശരീരവുമൊക്കെ കാണുമ്പോൾ അതൊക്കെ സത്യമാണെന്ന് തോന്നാറുണ്ടെങ്കിലും
താനതൊന്നും വിശ്വസിച്ചിരുന്നില്ല..
പക്ഷേ ഇപ്പോൾ തോന്നുന്നു അതൊക്കെ ശരിയായിരുന്നു എന്ന്.. തന്നെ ഇവർക്ക് എവിടുന്നോ കിട്ടിയതാവും. തൻ്റെ യഥാർത്ഥ അവകാശികൾ അന്വേഷിച്ചു വന്നു കാണും..
കെെമാറാൻ പോകുന്നതിനു മുൻപുള്ള സ്നേഹപ്രകടനമാകും ഇതൊക്കെ ..'
'പോകേണ്ടി വരുമോ തനിക്ക് എല്ലാവരെയും വിട്ട്.. ഈ വീട് വിട്ട്.. എത്ര വഴക്ക് കൂടിയാലും ചേച്ചിയും ചേട്ടനും തൻ്റെ ജീവനാണ്.. അച്ഛനുമമ്മയും അതുപോലെ തന്നെ.. അവരെയൊക്കെ വിട്ടു പോയാൽ പിന്നെ താനില്ല..'
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ...
''മോളേ വാവേ..''
മുറ്റത്ത് നിന്നുള്ള അച്ഛൻ്റെ വിളി കേട്ട് കണ്ണുകൾ തുടച്ചു അവൾ പുറത്തേക്ക് ഇറങ്ങി..
'അച്ഛൻ്റെ സ്നേഹത്തിൽ സംശയിക്കാനാവില്ല.. അച്ഛനെപ്പോഴും ഇങ്ങനെ തന്നെയാണ്.. തന്നെ നീട്ടി വിളിച്ചു കൊണ്ടേ വീട്ടിലേക്ക് കയറൂ..'
''ഇതാ.. മോൾക്ക് ഇഷ്ടമുള്ള ജിലേബി.. വേറെയും പലഹാരങ്ങളുണ്ട്..''
പൊതി കെെമാറുമ്പോൾ അച്ഛൻ്റെ കണ്ണുകൾ നനഞ്ഞതു പോലെ അവൾക്ക് തോന്നി ..
'എന്തോ ഉണ്ട് .. അതാ അച്ഛനു സങ്കടം.. ഈ വീട്ടിലെ അവസാന രാത്രിയാവുമോ ഇത്.'
അവളുടെ മനസ്സ് വിങ്ങി..
ഭക്ഷണം കഴിച്ച് അവൾ ഉറങ്ങാൻ കിടന്നു .. ഉറക്കം വന്നതേയില്ല..
'എല്ലാവരുടെയും മുഖത്ത് വിഷാദ ഭാവമാണ്. ആരും ഒന്നും പറയുന്നുമില്ല.. കാര്യമെന്താണെന്ന് എങ്ങനെ അറിയും..
എന്തായാലും അച്ഛനോട് ചോദിക്കുക തന്നെ.. നിർബന്ധിച്ചാൽ അച്ഛൻ തന്നോട് സത്യം പറയാതിരിക്കില്ല.. തനിക്ക് താങ്ങാൻ പറ്റാത്ത കാര്യമായിരിക്കും അച്ഛന് പറയാനുണ്ടാവുക..
എന്തായാലും അറിഞ്ഞേ പറ്റൂ.. '
നിള എഴുന്നേറ്റ് അച്ഛൻ്റെ അടുത്തേക്ക് പോകാൻ തുടങ്ങി..
പെട്ടെന്ന് ഊൺ മുറിയിൽ നിന്ന്അടക്കിപ്പിടിച്ച സംസാരം കേട്ടു.. അവൾ വാതിൽ മറഞ്ഞു നിന്നു എത്തി നോക്കി ..
അച്ഛൻ, അമ്മ, ചേട്ടൻ , ചേച്ചി എല്ലാവരുമുണ്ട്..
''ഈശ്വരാ.. ഞാനിതെങ്ങനെ സഹിക്കും.. എൻ്റെ കുട്ടി ..''
അമ്മ കരയുകയാണ്..
''നീ ബഹളം വെയ്ക്കാതിരിക്ക്.. മോള് കേൾക്കും.. അവൾ ഒന്നുമറിയരുത്.. ഞാൻ എല്ലാം ഉള്ളിലിട്ട് കടിച്ചമർത്തുകയാണ്..എല്ലാം ദെെവ നിശ്ചയം എന്നു കരുതാം..''
അച്ഛൻ അമ്മയെ സമാധാനിപ്പിക്കുകയാണ്..
ചേച്ചിയും ചേട്ടനും കണ്ണുകൾ തുടക്കുന്നുണ്ട്..
അപ്പോൾ താൻ ഊഹിച്ചതു തന്നെ കാര്യം ..'
കരയാതിരിക്കാൻ അവൾ ഏറെ പണിപ്പെട്ടു.. കെെകകൾ വായിൽ തിരുകി പിന്തിരിഞ്ഞു നടക്കാനൊരുങ്ങവേ ചേട്ടൻ്റെ വാക്കുകൾ ചെവിയിൽ വീണു.
''നമുക്ക് മറ്റൊരു ഡോക്ടറെ കാണിച്ചാലോ അച്ഛാ..''
''അതുകൊണ്ടൊന്നും കാര്യമില്ലല്ലോ മോനേ..
അവസാനഘട്ടത്തിലാണെന്നല്ലേ ഇന്നലെ ബ്ളഡ് ടെസ്റ്റ് ചെയ്ത റിപ്പോർട്ട് കണ്ടപ്പോൾ ഡോക്ടർ പറഞ്ഞത് .. മുൻപേ തിരിച്ചറിയാനായില്ലല്ലോ നമുക്ക് ..''
അപ്പോഴാണ് അവൾ ഓർത്തത്.. രണ്ടു ദിവസം മുൻപ് പനി വന്നപ്പോൾ ഡോക്ടറെ കാണിച്ചതും ബ്ളഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞതും..
'അതാണ് കാര്യം .. താൻ മരണത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്.. അതാണ് എല്ലാവരും മത്സരിച്ചു സ്നേഹിക്കുന്നത്..'
അവൾക്ക് എല്ലാം മനസ്സിലായി ..
'എന്തായാലും താൻ പേടിച്ച കാര്യം അല്ലല്ലോ.. എല്ലാവരുടെയും സ്നേഹം ആവോളം അനുഭവിച്ച് തന്നെ മരിക്കാമല്ലോ.. ഒരുപാട് ആഗ്രഹങ്ങൾ മനസ്സിൽ കുന്നു കൂട്ടി വെച്ചിരുന്നു..
'ചേച്ചിയുടെ കല്യാണം ..ആഘോഷങ്ങൾക്കു നടുവിൽ ഒരു കിലുക്കാം പെട്ടി പോലെ ഒച്ച വെച്ചു നടക്കുന്ന താൻ .. ചേട്ടൻ കൊണ്ടു വരുന്ന പെണ്ണിനോട് പോരെടുക്കുന്ന കുശുമ്പി നാത്തൂൻ.. അങ്ങനെ ഒരുപാടൊരുപാട്..
എല്ലാം വെറുതെയായില്ലേ..
സാരമില്ല.. സാരമില്ല ..
അവൾ മനസ്സിനെ ബലപ്പെടുത്താൻ ശ്രമിച്ചു ..
കിടന്നപ്പോൾ നിള വാവിട്ട് കരഞ്ഞു പോയി.. കരഞ്ഞു കരഞ്ഞു രാത്രിയുടെ ഏതോ യാമത്തിൽ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു .. ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo