
അസ്സലാമു അലൈകും.... വ അലൈകും അസ്സലാം '....പ്രവാസജീവിതം തുടങ്ങുമ്പോൾ പണ്ട് മാമുക്കോയ നാടോടിക്കാറ്റിൽ പറഞ്ഞപോലെ ഇത്ര മാത്രം ആയിരുന്നു എന്റെ അറബി പരിജ്ഞാനം.... ഇപ്പോൾ ഏതാണ്ട് പതിമൂന്നു വർഷം കഴിയാൻ പോകുന്നു... സത്യം പറഞ്ഞാൽ ഇപ്പോഴും അറബിഭാഷയുടെ കാര്യത്തിൽ വട്ടപ്പൂജ്യം തന്നെ എന്നുവേണമെങ്കിൽ പറയാം.... എങ്കിലും ഗമ വിടരുതല്ലോ.... ചില പ്രായമായ, അറബി മാത്രം അറിയാവുന്ന രോഗികളോട് ചാടിക്കയറി അറബിയിൽ മേൽപ്പറഞ്ഞപോലെ നമസ്കാരം പറയും... അതു കേൾക്കുമ്പോൾ അവര് കരുതും നമ്മൾ അറബിയിൽ പുലിയാണെന്ന്...... അവര് പിന്നെ ചറപറാ അറബി പറയാൻ തുടങ്ങും... പണിപാളി.... നമ്മുടെ അവസ്ഥ കണ്ടാൽ പെറ്റ മദർ സഹിക്കില്ല !!
ഞാൻ മുൻപ് അബുദാബിയിൽ ജോലി ചെയ്തിരുന്നപ്പോളത്തെ ഒരു സംഭവം പറയാം... അവിടുത്തെ ഒരു ഡോക്ടർ തമിഴ്നാട്ടിൽ നിന്നും ആണ് . അദ്ദേഹത്തിന് ഹിന്ദി തീരെ വശമില്ലായിരുന്നു.... ഒരു പാകിസ്ഥാനി രോഗി ഒരിക്കൽ വയറുവേദനയുമായി ഈ ഡോക്ടറെ കാണാൻ വന്നു.. ഡോക്ടർ അയാളോട് അൾട്രാസൗണ്ട് സ്കാൻ എടുത്തു റിപ്പോർട്ടുമായി വരാൻ ആവശ്യപ്പെട്ടു.. അയാൾ ഒരാഴ്‌ച്ച കഴിഞ്ഞു റിപ്പോർട്ടുമായി ഡോക്ടറെ കാണാനെത്തി.... അയാളുടെ സ്കാൻ റിപ്പോർട്ടിൽ അസുഖം 'ഹെപ്പറ്റോ മെഗാലി ' എന്നായിരുന്നു... അതായത് ഒരുതരം കരൾ വീക്കം എന്നു പറയാം... പക്ഷെ ഡോക്ടർക്ക് കരളിന് ഹിന്ദിയിൽ എന്തു പറയും എന്നറിയില്ല... അദ്ദേഹം എവിടെ ഉണ്ടായിരുന്ന ഒരു ഹിന്ദിക്കാരൻ ഓർഡർലിയോട് കരളിന് ഹിന്ദിയിൽ എന്തു പറയും എന്നു ചോദിച്ചു... പാവം ഓർഡർലി.... അയാൾ പറഞ്ഞു " പതാ നഹി സാബ് ".... (എനിക്കറിയില്ല സാർ ) എന്ന്.......ഡോക്ടർ സംശയമെന്യേ രോഗിയോട് പറഞ്ഞു "ആപ്കാ പതാ നഹി ബഡാ ഹോഗയാ " ഡോക്ടർ പറഞ്ഞത് കേട്ടു പാകിസ്ഥാനി കണ്ണും തള്ളി വായും പൊളിച്ചിരുന്നു !!
ഗൾഫിലെ ആശുപത്രികളിൽ പ്രത്യേകിച്ച് പ്രൈവറ്റ് ആശുപത്രികളിൽ ഫിലിപ്പയ്ൻസിൽ നിന്നും ഉള്ളവർ ആയിരിക്കും കൂടുതലും റിസപ്ഷൻ ഡ്യൂട്ടി ചെയ്യുക... ഒരു രോഗി ആദ്യമായി ആശുപത്രിയിൽ വന്നാൽ അയാളുടെ ലേബർ കാർഡ് നോക്കി ഫയൽ ഉണ്ടാക്കുന്നത് റിസപ്ഷനിസ്റ്റിന്റെ ഡ്യൂട്ടിയാണ്.... ഒരിക്കൽ ഒമാനിലെ ഒരു പ്രൈവറ്റ് ആശുപത്രിയിൽ ഞാൻ ഡോക്ടറെ കാണാൻ കാത്തിരിക്കുകയാണ്.... ഫിലിപ്പയ്ൻസ് കാരി റിസെപ്ഷനിസ്റ്റ് ഓരോ രോഗികളുടെ ആയി പെരുവിളിച്ചു ഡോക്ടറുടെ റൂമിലോട്ട് വിടുന്നുണ്ട്..... അടുത്ത രോഗിയുടെ പേര് അവൾ ഉറക്കെ വിളിച്ചു "മിസ്റ്റർ തേങ്ങാ.... മിസ്റ്റർ തേങ്ങാ ".... സത്യം പറയാമല്ലോ എനിക്ക് ചിരി വന്നു... മനുഷ്യരുടെ ഓരോ പേരുകൾ !!ഞാൻ ഓർത്തു... വല്ല ആഫ്രിക്കൻ പേരും ആയിരിക്കും.... അവരുടെ ഭാഷയിൽ അതിനു വേറെ എന്തെങ്കിലും അർത്ഥം കാണും... !!... പക്ഷെ ഫിലിപ്പീനി അലറി വിളിച്ചീട്ടും ഒരു 'തേങ്ങയും ' എഴുന്നേറ്റില്ല.... ഫിലിപ്പീനി ഫയൽ തിരികെ വെച്ച് വേറെ രോഗിയെ വിളിച്ചു..... കുറച്ചു കഴിഞ്ഞപ്പോൾ ഒരു കഷണ്ടി തലക്കാരൻ ചേട്ടൻ റിസപ്ഷനിൽ പോയി വഴക്കുണ്ടാക്കാൻ തുടങ്ങി.... അയാളു വന്നതിനു ശേഷം വന്ന രോഗികളെല്ലാം ഡോക്ടറെ കണ്ടു കഴിഞ്ഞീട്ടും അയാളുടെ പേര് വിളിക്കാഞ്ഞതാണ് പുള്ളിയുടെ ദേഷ്യത്തിന് കാരണം.... ഫിലിപ്പീനിക്ക് ദേഷ്യം വന്നു.... "ഞാൻ നിങ്ങളെ എത്ര പ്രാവിശ്യം വിളിച്ചു. . .. നിങ്ങൾ എഴുനേറ്റില്ല " അവളും വീറോടെ വാദിച്ചു..... ബഹളം കേട്ടു മലയാളിയായ മാനേജർ ഇറങ്ങിവന്നു..... അപ്പോഴാണ് സംഭവം പിടികിട്ടിയത്.... ആ ചേട്ടന്റെ പേര് 'തേങ്ങാ കൂട്ടിൽ മുഹമ്മദ് ' എന്നാണ്.... അതിനാണ് ഈ വീട്ടുപേരിനെ പറ്റിയൊന്നും ഗ്രാഹ്യഇല്ലാത്ത ഫിലിപ്പീനി 'മിസ്റ്റർ തേങ്ങാ ' എന്നു വിളിച്ചു കൂവിയത് !
അടുത്ത സംഭവം നടന്നത് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലാണ്... നഴ്സിംഗ് പഠനകാലം.... ട്രെയിനിങ് തുടങ്ങിയിട്ടേ ഉള്ളൂ.... തമിഴൊന്നും എനിക്കോ കൂടെ ഉള്ള മറ്റു മലയാളികൾക്കോ വശമായി തുടങ്ങിയിട്ടില്ല.... രോഗികളുടെ ടെമ്പറേച്ചർ.... പൾസ്... ഒക്കെ നോക്കലാണ് തുടക്കക്കാരായ ഞങ്ങളുടെ ജോലി.. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത രോഗികൾ.... എന്റെ കൂടെ ഉണ്ടായിരുന്ന ഒരു പയ്യൻസ് ഒരു രോഗിയുടെ വായിൽ തെർമോമീറ്റർ വെച്ച നേരത്താണ് വാർഡ് ഇൻചാർജ് സിസ്റ്റർ അവനെ എന്തിനോ വിളിച്ചത്.... നമ്മുടെ പയ്യൻസ് രോഗിയായ അപ്പൂപ്പനോട് പച്ച മലയാളത്തിൽ 'ഇതു വിഴുങ്ങല്ലേ കാർന്നോരെ... ഞാൻ ഇപ്പം വരാം " എന്നു പറഞ്ഞു.. രോഗി സംഭവം മനസ്സിലായപോലെ തലയാട്ടി.... പയ്യൻസ് പോയി ഒരു രണ്ടു മിനിറ്റിനുള്ളിൽ തിരികെ വന്നു.... നോക്കുമ്പോൾ അപ്പൂപ്പന്റെ വായിൽ തെർമോമീറ്റർ ഇല്ല.... ഞങ്ങളാകെ പേടിച്ചു.. ചോദിക്കുന്നതിനൊന്നും അപ്പൂപ്പൻ മറുപടി പറയുന്നില്ല... നിഷ്കളങ്കമായി ചിരിച്ചുകൊണ്ടിരിപ്പാണ്.... അയാളത് വിഴുങ്ങി കാണുമോ.... !!! പയ്യൻസ് വിയർത്തു കുളിച്ചു.... അല്പം കഴിഞ്ഞപ്പോൾ അപ്പൂപ്പന്റെ മകൻ ഒരു കടലാസ് പൊതിയിൽ എന്തോ കൊണ്ടുവന്നു.... അയാൾ ഞങ്ങളോട് പറഞ്ഞു " അന്ത മാത്ര റൊമ്പ പെരിസ്... അതിനാലെ അപ്പാവാലെ മുഴുങ്ക മുടിയെലെ.... നാൻ പൊടി പണ്ണി എടുത്തിട്ടു വന്തിരുക്ക് " (ആ ഗുളിക വളരെ വലുതായതു കൊണ്ട് എന്റെ അച്ഛന് അത് വിഴുങ്ങാൻ സാധിച്ചില്ല... ഞാൻ അത് പൊടിച്ചു കൊണ്ടുവന്നീട്ടുണ്ട് )... ഞങ്ങൾ നോക്കുമ്പോൾ തെർമോമീറ്റർ സമൂലം പൊടിച്ചു കുണ്ടുവന്നീട്ടുണ്ട്... !!! ഒരു മിനിറ്റ് തെറ്റിയിരുന്നെങ്കിൽ അപ്പൂപ്പൻ തെര്മോമീറ്ററും വിഴുങ്ങി വെള്ളവും കുടിച്ചേനെ !!
വന്ദന
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക