Slider

കാർത്തു

0


കുളിച്ചു കുറി തൊട്ടു വരുന്ന കാർത്തുവിനെ കണ്ടപ്പോൾ ചായക്കടക്കാരൻ ഉസ്മാനിക്ക ചോദിച്ചു ..
നീയേത കൊച്ചെ !
ഞാൻ കാർത്തു .
ചോദിക്കുന്നവരോടൊക്കെ അവളുടെ ഉത്തരം അതുതന്നെ .
എണ്ണ കറുപ്പും അരയോളം ഉള്ള മുടിക്കെട്ടും തിളങ്ങുന്ന കണ്ണുകളും നെറ്റിയിലെ സിന്ദൂര ക്കുറിയും ഉടലിന്റെ മിനുമിനുപ്പും നോക്കി ആൾകാർ അന്വേഷിച്ചു .
ആരുമില്യേ കൂട്ടിനു .??
ചോദിക്കുന്നവരെ രൂക്ഷ നോട്ടം നോക്കി കാർത്തു പറഞ്ഞു ഭർത്താവുണ്ടായിരുന്നു ചത്തു
പിന്നെങ്ങനെ ജീവിക്കുന്നു ???
വേല ചെയ്തിട്ട്
എന്ത് വേല അർഥം വെച്ച് ചോദിച്ചു
"എന്തു വേലയും "
ഇതുപറഞ്ഞു ഒരൊറ്റപ്പോക്ക് അങ്ങു പോകും
കാർത്തു പറഞ്ഞത് നേരാണ് അവളെന്തു വേലയും ചെയ്യും അതും നന്നായി ചെയ്യും .
ഒരു നിമിഷം പോലും കാർത്തു വെറുതെ ഇരിക്കില്ലായിരുന്നു .
കൂലിപ്പണിയും വീട്ടുവേലയും ആയി ദിവസങ്ങൾ നീങ്ങി .ആരോടും പരാതിയില്ല പരിഭവമില്ല .
എന്നാൽ മെക്കിട്ടു കേറാൻ വരുന്നവരെ വെറുതെ വിടുകയും ഇല്ലാ
തമിഴ്‌നാട്ടിൽ വെച്ച് ഭർത്താവ് മരിച്ചപ്പോ കുടിയേറി പാർത്തതാണെന്നു ചിലർ
ഭർത്താവ് മരിച്ചതല്ലെന്നും അവളുടെ സ്വഭാവ ദൂഷ്യം കൊണ്ട് ഉപേക്ഷിച്ചതാണെന്നു മറ്റു ചിലർ .അവള് ഉപേക്ഷിച്ചതാണെന്നും ശ്രുതിയുണ്ട് .നമ്മള് മലയാളികൾ ആണല്ലോ ഊഹിച്ചെടുക്കൽ കൂടും .
കാർത്തു വിധവയായിരുന്നോ ?
കാർത്തു വേശ്യ ആയിരുന്നോ ?
അങ്ങനെ പലപല ചോദ്യങ്ങൾ ആർക്കും ഉത്തരമില്ലായിരുന്നു എന്നാൽ ഒരുകാര്യം
തീർച്ച ആയിരുന്നു അവൾ എല്ലുമുറുകെ പണിയെടുക്കും എന്നുള്ളത് .
പകലുമുഴുവൻ എല്ലുമുറിയെ പണിയെടുത്തു രാത്രിയിൽ ഏതേലും വീടിന്റെ പിന്നാമ്പുറ കോലായിൽ ഉറങ്ങും .
ക്രമേണ നാട്ടിലെ എന്ത് കാര്യത്തിനും കാർത്തു വേണമെന്നായി
കാരണം കക്കില്ല വിശ്വസിക്കാം കൊടുക്കുന്ന കൂലിക്ക് ആത്മാർത്ഥത കാണിക്കും .വൃത്തിയും മെനയും ഉണ്ട് .പോരാത്തത്തിന് നല്ല കൈപ്പുണ്യവും .
ഒരിക്കൽ പറഞ്ഞു കൊടുത്ത മതി കണ്ടറിഞ്ഞു ചെയ്‌തോളും .
കാർത്തു കാലെടുത്ത് വെച്ച ഐശ്വര്യമാണെന്നു ചില കൊച്ചമ്മമാര് തർക്കമില്ലാതെ പറയും .
അങ്ങനെ കാർത്തു ഞങ്ങളുടെ എല്ലാം ജീവിതത്തിന്റെ ഒരു ഭാഗമായി .കർത്തുവില്ലാതെ ഞങ്ങടെ നാട്ടിൽ ഒരു പരിപാടിയും നടക്കില്ലെന്നായി .എന്തിനും ഏതിനും കാർത്തു .
കാർത്തു വീടടിക്കണം
കാർത്തു മോള് പെറ്റു ഒരു നാല്പാതീസം വരണം .
കാർത്തു മോൾടെ കല്യാണമാണ്
ഒരുമാസം മുന്നേ അങ്ങു എത്തണം എന്താ വേണ്ടാച്ച തരാം .
കാർത്തു 'അമ്മ വസൂരി ബാധിച്ചു കിടപ്പ കാർത്തു വന്നാലേ തൃപ്തിയുള്ളു ഞാനൊറ്റക്കെ ഉള്ളു .
വിളിച്ചിടത്തൊക്കെ കാർത്തു ഓടിയെത്തി .കല്യാണവും പേറും അടിയന്തിരത്തിനും ഒക്കെ കാർത്തുവിനെ കിട്ടാൻ ഞങ്ങൾ മത്സരിച്ചു .കാർത്തുവിനെ കിട്ടാൻ വേണ്ടി പതിവിലധികം പണം കൊടുത്തുവെന്നും കേള്കുന്നുണ്ട് .
ഏല്പിച്ചതെല്ലാം രാവും പകലും എന്നില്ലാതെ കയ്യും മെയ്യും മറന്നു ചെയ്തു .ഒരിത്തിരി നേരം പോലും തല ചായിക്കാതെ .
വിയർത്തുകുളിച്ച കാർത്തു ഞങ്ങടെ നാടിന്റെ ഭാഗ്യമായി ഐശ്വര്യമായി
ശകുനമായും കണിയായും ഞങ്ങളുടെ സ്വപ്നങ്ങളെ പൂവണിയിച്ചു .
ഇതിനിടയിൽ കാലം കൊടുങ്കാറ്റു പോലെ കടന്നു പോയതറിഞ്ഞില്ലാ കാർത്തു ഉടഞ്ഞുലഞ്ഞു
വാതം ശരീരം മൊത്തം വ്യാപിച്ചു .
ഇനി വേതുകാച്ചാനും പശുനെ കറക്കാനും വയ്യ കൂട്ടരേ
കനമെടുക്കാനൊന്നും വയ്യേ .
കർത്തുവിന്റ്റെ ചേലും ചൊടിയും ഒക്കെ പോകെ പോകെ മങ്ങി
പണ്ട് കാവല് കിടക്കാൻ പോയിരുന്ന വീട്ടിൽ ചെന്ന് രാത്രി കിടക്കാൻ ആളെ വേണോ .
'വേണ്ടല്ലോ കാർത്തു '
കാർത്തു തിരിഞ്ഞു നടക്കുമ്പോൾ വീട്ടുകാർ പിറുപിറുത്തു .
തള്ളക് തീരെ സുഖമില്യ ഇവിടെങ്ങാനും കിടന്നു ചത്താല്,...
പരിചയമുള്ള വീടുകളിൽ എല്ലാം കയറിയിറങ്ങി .
പണി മുഴുവോനും ചെയ്യാംശമ്പളവും വേണ്ട അതാത് നേരത്തെ ഭക്ഷണം തന്നാൽ മതി .
നിങ്ങക്കിപ്പോ പണ്ടത്തെ പോലെ വയ്യല്ലോ നിങ്ങളെ കൊണ്ട് പണി
എടുപ്പിച്ച മഹാപാപം കിട്ടും.
വല്ല മൂലക്കേം പോയിരി തള്ളെ..
വഴിയോരത്തു നിൽക്കുന്ന കാത്തുവിനെ കണ്ടില്ലെന്നു നടിച്ചു.
എതിരെ വന്നാൽ പുറം തിരിഞ്ഞു പോവുമായിരുന്നു.
'അമ്മ വല്ലതും തരണേ ഒരു നേരത്തെ ഭക്ഷണം കഴിക്കാനാണെ.
വിറച്ചു വിറച്ചു ഞങ്ങടെ നേരെ കൈനീട്ടി.
അറപ്പോടും വെറുപ്പോടും ഞങ്ങൾ നോക്കി
ഞങ്ങടെ നാടിൻറെ ദുശ്ശകുനമായി മാറി .
ഒരിക്കൽ കൂടി നിൽക്കുന്ന ആളുകളെ വകഞ്ഞു മാറ്റി ഞങ്ങൾ നോക്കുമ്പോൾ
ഉടുതുണിപോലുമില്ലാതെ കാർത്തു ഉറുമ്പരിച്ചു മൂക്കിലൂടെയും വായിലൂടെയും ഈച്ച മൂളിയർക്കുന്നു .
മൂക്കുപൊത്തിപിടിച്ചു ഞങ്ങൾ ആളുകളുടെ ഇടയിലൂടെ പോകുമ്പോൾ.
ആശ്വാസത്തോടെ ഞങ്ങൾ പറഞ്ഞു .
"ശകുനം ഉഷാർ ഉദ്ദിഷ്ഠ കാര്യലാഭം ഉറപ്പ് "
Mila Mohammed
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo