Slider

കോഫി ബ്രെക്

0
"ഡോക്ടർ ... നിങ്ങൾ വെക്കേഷന് നാട്ടിൽ പോകുന്നില്ലേ?? ഈ വർഷത്തെ ലീവ് പ്ലാനർ വന്നീട്ടുണ്ടല്ലോ??"..
കഴിഞ്ഞ ജാനുവരിയിൽ ഡ്യൂട്ടിക്കിടയിലെ ഒരു കോഫി ബ്രെക് സമയത്ത് ഞാൻ
ഡോക്ടർ ആദിലിനോട് ചോദിച്ചു ... വളരെ സൂഷ്മമായി ഫോർക്കും കത്തിയും കൊണ്ട് മുൻപിലെ പ്ളേറ്റിൽ ഇരുന്ന ഗ്രിൽ ചിക്കൻ മുറിക്കുകയായിരുന്നു അയാൾ ... ഇഷ്ടമില്ലാത്ത എന്തോ കേട്ട പോലെ ആദിൽ ഫോർക്കും കത്തിയും പ്ലേറ്റിലിട്ട് കസേരയിലോട്ട് ചാഞ്ഞിരുന്ന് എന്നെ ഒന്ന് നോക്കി ... അയാളുടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങളുണ്ടായിരുന്നു .. ദേഷ്യമോ സങ്കടമോ നിസ്സഹായതയോ ഒക്കെ !!
ഞാൻ അതിശയത്തോടെ അയാളെ നോക്കി ... ലീവ് പ്ലാനറിന്റെ കാര്യം പറയുമ്പോൾ സാധാരണ എല്ലാ പ്രവാസികൾക്കും വല്ലാത്ത ആവേശമാണ് ... വർഷത്തിൽ പതിനൊന്നു മാസം ജോലിചെയ്യുന്നത് തന്നെ പന്ത്രണ്ടാം മാസം നാട്ടിൽ പോകാനാണ് എന്നതാണ് ഞാനുൾപ്പടെയുള്ള പൂരിഭാഗം പ്രവാസികളുടെയും അവസ്ഥ ... അതുകൊണ്ടാണ് ആദിലിന്റെ ഇത്തരത്തിൽ ഉള്ള ഭാവം എന്നെ അതിശയിപ്പിച്ചത് ..
അയാൾ ജോലിയിൽ പ്രവേശിച്ച് ഏതാണ്ടു രണ്ടു വർഷമാകുന്നു .. ഇതുവരെ ഒരു ലീവിനുപോലും പോയതായി അറിവില്ല .. ഇനി പ്ലാനർ ഇറങ്ങിയ കാര്യം അറിഞ്ഞില്ലെങ്കിലും അറിയട്ടെ എന്ന് കരുതിയാണ് ഞാൻ അങ്ങനെ പറഞ്ഞത് .
അയാൾ ഇറാഖ് സ്വദേശിയാണ് .. വളരെ സൗമ്യൻ ... വളരെ വിഷമം പിടിച്ച എമർജെൻസികൾ പോലും അയാൾ വളരെ ശാന്തനായി കൈകാര്യം ചെയ്യുമായിരുന്നു.
എന്റെ പകച്ചുള്ള നോട്ടം കണ്ടീട്ടാവണം അയാൾ മുഖഭാവം മാറ്റി ... ചെറുതായി ചിരിക്കാൻ ശ്രമിച്ചു .. പക്ഷെ അയാളുടെ കണ്ണുകളിൽ വല്ലാത്ത ഒരു വിഷാദഭാവമായിരുന്നു... അയാൾ പറഞ്ഞു "എനിക്കിപ്പോൾ നാടില്ല സിസ്റ്റർ ... ഇനി അങ്ങനെ ഒരു നാടുണ്ടെങ്കിൽ തന്നെ എനിക്കങ്ങോട്ടു പോകാൻ ഇനി ഒരിക്കലും സാധിക്കില്ല "....
അയാളുടെ ശബ്ദം ഒന്നിടറിയ പോലെ ... കണ്ണിന്റെ കോണിൽ ഒരു ചെറിയ നീർക്കണം വന്നു തങ്ങിനിൽക്കുന്നപോലെ!!..
ഞാൻ ചോദ്യ ഭാവത്തിൽ അയാളെ നോക്കി. അയാൾ തുടർന്നു
" എനിക്ക് എല്ലാവരും ഉണ്ടായിരുന്നു .. എല്ലാമുണ്ടായിരുന്നു ... ഞാൻ അന്ന് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായിരുന്നു ... പക്ഷെ എന്റെ സന്തോഷവും ഭാഗ്യവും ബാഗ്ദാദ് തകർന്നുവീണപ്പോൾ തകർന്നുവീണു ... ഇന്നവിടെ ആരുമില്ല ... ഒന്നുമില്ല ... ഒരുനാൾ ഡ്യൂട്ടി കഴിഞ്ഞ്‌ ഞാൻ ചെല്ലുമ്പോൾ എന്റെ സ്വർഗം പോലുള്ള വീടിന്റെ സ്ഥാനത്ത് ഒരു കൽകൂമ്പാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ ... എന്റെ മാമയും ബാബയും അനിയത്തിയും ആ കല്ലുകൾക്കുള്ളിൽ എവിടെയോ ചിതറി കിടപ്പുണ്ടാവാം ... ഒരു യുദ്ധത്തിന്റെ ബാക്കിപത്രം ..!! ... ഞാൻ നിസ്സഹായനായിരുന്നു സിസ്റ്റർ ... ആരോട് പറയാൻ .. ചോദിക്കാൻ ...?? അലറി കരഞ്ഞ എന്നെ പട്ടാളക്കാർ വലിച്ചിഴച്ചു കൊണ്ടുപോയി ... പിന്നെ ഒരു വർഷത്തോളം ആർമി ഹോസ്പിറ്റലിൽ നിർബന്ധിത സേവനം ... ഒരു ഡോക്ടർ എന്ന നിലയിൽ എനിക്കവിടെ ഒന്നും ചെയ്യാനില്ലായിരുന്നു ... അവർ ആവിശ്യപ്പെടുന്ന പോലെ ചികിത്സിക്കുക മാത്രമായിരുന്നു എന്റെ ജോലി ... ഇല്ലെങ്കിൽ ഒരു കത്തിയോ ബുള്ളറ്റൊ എന്റെ ജീവൻ എടുത്തേക്കാം ... പ്രിയപ്പെട്ടവർ ആരുമില്ലാത്ത ഈ ലോകത്ത് ജീവിക്കാൻ കൊതിയുള്ളതു കൊണ്ടല്ല ... അവരുടെ കൈ കൊണ്ട് മരിക്കാൻ എനിക്ക് മനസ്സില്ലായിരുന്നു ..."
ഞാൻ കേട്ടിരുന്നു ... ഇടക്ക് ഒന്നും ചോദിക്കാനോ പറയാനോ എനിക്ക് തോന്നിയില്ല ...ആദിൽ ചെറുതായി കിതക്കുന്നുണ്ടായിരുന്നു... മനസ്സിനുള്ളിൽ ആർത്തിരമ്പുന്ന തിരമാലകളെ അടക്കി നിർത്താൻ അയാൾ പാടുപെടുന്നുണ്ട്... മുഖത്തെ പേശികൾ വല്ലാതെ മുറുകിയിരുന്നു ... അയാൾ ഇപ്പോൾ കരയുമെന്ന് എനിക്കുതോന്നി ...
ഞാൻ വിഷയം മാറ്റാനായി ചോദിച്ചു
"ഡോക്ടർ ആദിൽ ... നിങ്ങളുടെ മകൾ എന്തു പറയുന്നു ..അവൾക് ഒരുവയസ്സ് ആയില്ലേ ഇപ്പോൾ "....
അയാളുടെ മുഖത്തു കണ്ട കാർമേഘങ്ങൾ മെല്ലെ മറഞ്ഞു ... അവിടെ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു...
"ഒരു വയസ് കഴിഞ്ഞു സിസ്റ്റർ ... അവളെ കാണുമ്പോൾ ഞാൻ എന്റെ എല്ലാ ദുഖങ്ങളും മറക്കും ... അവൾ എന്റെ അനിയത്തിയെ പോലെയാണ് ... കാണാനും സ്വഭാവത്തിലും ... അതുകൊണ്ട് പേരും അനിയത്തിയുടെ തന്നെ .. സാറ !"...
അയാൾ നിറഞ്ഞു ചിരിച്ചുകൊണ്ട് സാറയുടെ കുസൃതികളെ പറ്റി പറയാൻ തുടങ്ങി .... ഞാൻ അയാളുടെ ഭാവമാറ്റം ആശ്വാസത്തോടെ നോക്കിയിരുന്നു
പുറത്തു നിന്നും ആരോ കോഫിറൂമിന്റെ കതകുതുറന്നു പറഞ്ഞു "ഡോക്ടർ ആദിൽ.. ട്രോമാ കാൾ "... അയാൾ കഴിച്ചു തുടങ്ങിയിട്ടില്ലാത്ത ആഹാരം അടച്ചു വെച്ചു ധൃതിയിൽ പുറത്തേക്കു നടന്നു ... ജോലിയുടെ തിരക്കുകളിലേക്ക് !!
വന്ദന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo