നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രക്ത വർണ്ണങ്ങൾ

Image may contain: 1 person, smiling, selfie, closeup and indoor

ലേബർറൂമിന്റെ മുന്നിലുള്ള ഇടനാഴിയിലെ അരണ്ട വെളിച്ചത്തിൽ ജയദേവൻ വാച്ചിലേക്ക് നോക്കി. നാൻസിയെ ഉള്ളിലേക്കു കൊണ്ടുപോയിട്ട് ഇപ്പോൾ അരമണിക്കൂറിലേറെ ആയിരിക്കുന്നു. ഉള്ളിൽ നിന്ന് ആരെയും ഇതുവരെ പുറത്തേക്ക് കണ്ടില്ല. പിന്നിടുന്ന ഓരോ നിമിഷങ്ങളും ജയദേവന്റെ ഉള്ളിൽ ഒരഗ്നിപർവ്വതം പുകയുന്നുണ്ടായിരുന്നു. സെക്കന്റുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം അയാൾക്ക് അനുഭവപ്പെട്ടു. എങ്കിലും ഏഴ് വർഷത്തെ നീണ്ട കാത്തിരിപ്പിന് ഇന്ന് സാഫല്യമുണ്ടാകാൻ പോകുന്നു എന്ന ചിന്ത അയാൾക്ക് ചെറിയ ആശ്വാസം പകരുന്നുണ്ടായിരുന്നു. ഓർമ്മകളുടെ ഓളപ്പാച്ചിലുകൾക്കിടയിലൂടെ അയാളുടെ ചിന്തകൾ പഴയകാലത്തേക്കൊന്നൂളിയിട്ടു പോയി. നാൻസിയും ഒന്നിച്ചുള്ള കോളേജ് ദിനങ്ങൾ. പ്രണയം പൂവിട്ട വഴിത്താരകൾ. ഒരിക്കലും പിരിയാൻ സാധിക്കാത്ത വിധം പ്രണയം അവരെ തമ്മിൽ ഇഴ ചേർത്തിരുന്നു.
രണ്ടു വ്യത്യസ്ത മതത്തിൽ പെട്ടവരായതുകൊണ്ട് തന്നെ വീട്ടുകാർ ഈ ബന്ധത്തിന് അനുകൂലമായിരുന്നില്ല. വീട്ടുകാരെ ധിക്കരിച്ച് പുതിയൊരു ജീവിതം സ്വപ്നംകണ്ട് രണ്ടുപേരും കൂടി ഇറങ്ങിത്തിരിക്കുമ്പോൾ മുതൽക്കൂട്ടായി ഉണ്ടായിരുന്നത് കഷ്ടപ്പെട്ട് പഠിച്ചു നേടിയ ബാങ്കിലെ ജോലി മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ബന്ധുക്കളും വീട്ടുകാരും അകന്നു നിന്നിട്ടും അതിന്റേതായ ബുദ്ധിമുട്ടുകളൊന്നും ജീവിതത്തിൽ നേരിടേണ്ടി വന്നതുമില്ല. വിവാഹത്തിനു ശേഷം നാലു വർഷമായിട്ടും കുട്ടികൾ ഒന്നും ഉണ്ടാകാതെ ഇരുന്നപ്പോഴാണ് ചില ചിന്തകൾ അവരെ അലട്ടി തുടങ്ങിയത്. കൂടെ ജോലി ചെയ്യുന്ന ഗോപൻ സാറാണ് ഒരു ഡോക്ടറെ പോയി കാണണമെന്ന് അവരെ ഉപദേശിച്ചത്. രണ്ടാളും കൂടി ഡോക്ടർ ജോയ് തോമസിനെ കാണാനായി തീരുമാനിക്കുമ്പോൾ പ്രശ്നം ഇത്രത്തോളം സങ്കീർണമാണെന്ന് ഓർത്തിരുന്നില്ല.
പലവിധ ടെസ്റ്റുകൾക്കും പരിശോധനകൾക്കും ശേഷമാണ് ഡോക്ടർ ആ നടുക്കുന്ന സത്യം അവരോട് വെളിപ്പെടുത്തിയത്. സ്വാഭാവികമായി അച്ഛനാകാനുള്ള സാധ്യത തനിക്ക് പത്ത് ശതമാനത്തിലും താഴെയാണുള്ളതത്രെ. ഇത് അറിഞ്ഞപ്പോൾ ജീവിതത്തിന്റെ അർത്ഥം തന്നെ ഇല്ലാതായി പോകുമല്ലോ എന്ന ചിന്ത രണ്ടാളെയും അലട്ടാൻ തുടങ്ങി കഴിഞ്ഞിരുന്നു. കുഞ്ഞുങ്ങൾ ഇല്ലാതെയുള്ള ജീവിതം എത്ര വിരസമാണെന്നവർ ഓർത്തു. അവരുടെ ജീവിതത്തിലെ സന്തോഷങ്ങൾ കണ്ണീരിനും കടുത്ത നിരാശയ്ക്കും വഴിമാറി. പിന്നീട് മാറി മാറി ഒരുപാട് ഡോക്ടർമാരുടെ ചികിത്സകൾ. ഒരു പാട് നേർച്ച കാഴ്ചകൾ.
പക്ഷേ ഒന്നിനും ഒരു പ്രയോജനവും ചെയ്യാൻ സാധിച്ചില്ല. കടുത്ത നിരാശയിൽ വർഷങ്ങൾ തള്ളി നീക്കി കഴിയുമ്പോളാണ് ഓഫീസിൽ ആയിടെ സ്ഥലം മാറി എത്തിയ മെൽവിൻ കുട്ടികൾ ഇല്ലാത്തവർക്കുള്ള നൂതന ചികിത്സാ രീതിയെ പറ്റി തന്നോട് പറഞ്ഞത്. ഐവിഎഫ് എന്ന ആ പുതിയ ചികിത്സാമാർഗത്തിലൂടെ എത്രയോ ദമ്പതികൾ സ്വന്തം രക്തത്തിൽ പിറന്ന ഒരു കുഞ്ഞെന്ന അവരുടെ ലക്ഷ്യം സഫലീകരിച്ചിരിക്കുന്നുവത്രെ.
പിന്നെ അതിനെക്കുറിച്ചുള്ള അന്വേഷണങ്ങളായി. ഈ സേവനങ്ങൾ ചെയ്യുന്ന ഒരുപാട് ക്ലിനിക്കുകളെപ്പറ്റി തിരക്കി. ഒടുവിൽ ഡോക്ടർ അലക്സ് മാത്യുവിന്റെ മുകുളങ്ങൾ എന്ന ക്ലിനിക്കിലേക്ക് എത്തപ്പെട്ടു. സ്വാഭാവികമായി അച്ഛനാകാനുള്ള കഴിവ് തീരെ ഇല്ലാത്തതുകൊണ്ട് തന്നെ നൂതനവും ചിലവേറിയതുമായ ഇക്സി എന്ന ചികിത്സാരീതിയാണ് ഡോക്ടർ നിർദേശിച്ചത്. എങ്കിലും ഒരു കുഞ്ഞിക്കാല് കാണാനുള്ള തന്റെയും നാൻസിയുടേയും മോഹത്തിനു മുന്നിൽ പണമോ ചികിൽസയിലെ കഷ്ടപ്പാടുകളോ ഒന്നും ഒരു വിലങ്ങുതടിയായി തോന്നിയില്ല. പിന്നീട് കുറെ നാളത്തെ, ഏകദേശം മൂന്ന് ലക്ഷത്തോളം ചിലവുവരുന്ന ചികിത്സകൾ ,ഒപ്പും പല ക്ഷേത്രങ്ങളിലും പള്ളികളിലും വഴിപാടുകൾ, ഇവയെല്ലാമായി ശുഭ പ്രതീക്ഷയോടെ മുന്നോട്ട് പോയ്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ബാങ്ക് ജോലിക്കിടയിലെ വിരസമായ ഒരു സായന്തനത്തിൽ ഒരു ഫോൺകോൾ രൂപത്തിൽ നാൻസിയിൽ നിന്നുംആ സന്തോഷവാർത്ത അയാൾ അറിഞ്ഞു. താനും ഒരു അച്ഛനാകാൻ പോകുന്നു. ഇനി തന്റെയും നാൻസിയുടേയും ജീവിതത്തിനും അർത്ഥങ്ങളുണ്ട്. അയൽക്കാരുടേയും സഹ പ്രവർത്തകരുടെയും സഹതാപമൂറുന്ന വാക്കുകൾ ഇനി ഒഴിവാകാൻ പോകുന്നു. തന്റേയും നാൻസിയുടേയും വീട്ടുകാർ അകൽച്ചയിൽ ആയതുകൊണ്ടുതന്നെ അവരിൽ നിന്നും ഒരു സഹകരണവും ഉണ്ടാകാൻ പോകുന്നില്ല എന്ന് ജയദേവനുറപ്പായിരുന്നു. കൂടെ ജോലി ചെയ്യുന്ന ബിന്ദുവാണ് നാൻസിയെ ശുശ്രൂഷിക്കാനും വീട്ടുജോലി ചെയ്യാനുമൊക്കെയായി ഒരു ജോലിക്കാരിയെ ഏർപ്പാടാക്കി തന്നത്. എങ്കിലും ഇടയ്ക്കിടെ ഫോൺ ചെയ്യാറുണ്ടായിരുന്ന അമ്മയോട് താൻ വിശേഷങ്ങൾ പങ്ക് വെച്ചിരുന്നു. അമ്മയ്ക്ക് ഇവിടെ വന്നു നിൽക്കാനും നാൻസിയെ സഹായിക്കുവാനും മനസ്സുണ്ടായിരുന്നെങ്കിലും, അച്ഛന്റെ കാർക്കശ്യം നിറഞ്ഞ സ്വഭാവം മൂലം അത് സാധിക്കുമായിരുന്നില്ല. അങ്ങനെ ദീർഘകാലത്തെ തങ്ങളുടെ മോഹ സാഫല്യമാണ് ഏതാനും നിമിഷങ്ങൾക്കകം ഫലപ്രാപ്തിയിൽ എത്തിച്ചേരാൻ പോകുന്നത്. എങ്കിലും കടന്നുപോകുന്ന ഓരോ നിമിഷങ്ങളും അയാളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി. പതിവില്ലാതെ അന്ന് അധികം കൂടുതലായി അയാൾ സകല ദൈവങ്ങളെയും വിളിച്ചു. ജീവനെപ്പോലെ സ്നേഹിക്കുന്ന ഭാര്യക്കും വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം പിറക്കാൻ പോകുന്ന സ്വന്തം കുഞ്ഞിനും ഒരാപത്തും ഉണ്ടാകരുതേ എന്നയാൾ മനമുരുകി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.
" ജയദേവൻ ആരാ " നഴ്സിന്റെ ഈ വിളിയാണ് അയാളെ ചിന്തകളുടെ ലോകത്ത് നിന്നും മടക്കി കൊണ്ടുവന്നത്.
"ഞാനാണ് "
"എന്താണ് സിസ്റ്റർ "
"നാൻസിക്കെന്തെങ്കിലും " അയാൾ തിടുക്കത്തോടെ ചാടി എഴുന്നേറ്റ് ചോദിച്ചു കൊണ്ട് നഴ്സിനടുത്തേക്ക് ചെന്നു.
"താങ്കളുടെ ഭാര്യ പ്രസവിച്ചു "
"ആൺകുട്ടിയാണ് "
"രണ്ടാളും സുഖമായി ഇരിക്കുന്നു"
നഴ്സിന്റെ ഈ വാക്കുകൾ അയാളെ ആനന്ദത്തിന്റെ ഗിരിശൃംഗങ്ങളിലേക്ക് കുട്ടി കൊണ്ട് പോയി.
" സിസ്റ്റർ എനിക്കൊന്നു കാണാൻ പറ്റുമോ " അയാൾ ചോദിച്ചു. "ഡോക്ടർ പറഞ്ഞിട്ട് കയറി കണ്ടോളൂ"
ഇതും പറഞ്ഞ് സിസ്റ്റർ അകത്തേക്കുപോയി. തന്റെ സ്വന്തം രക്തത്തെ കാണാനുള്ള വികാരത്തള്ളിച്ചയിൽ പിന്നീടുള്ള അരമണിക്കൂർ നൂറ്റാണ്ടുകൾ പോലെയാണ് അയാൾക്ക് അനുഭവവേധ്യമായത്. ഏകദേശം അരമണിക്കുർ കഴിഞ്ഞപ്പോൾ അയാൾക്ക് അകത്തേക്ക് പ്രവേശിക്കാനുള്ള അനുവാദം കിട്ടി.
തന്റെ പൊന്നോമനയെ അയാൾ കണ്ണടുക്കാതെ നോക്കി കൊണ്ടിരുന്നു. നിഷ്കളങ്കമായ ആ മുഖത്ത് നോക്കിയിരുന്നപ്പോൾ അയാളുടെ മനസ്സിലെ അന്യചിന്തകൾ കൂട്ടത്തോടെ എങ്ങോട്ടേക്കോ പലായനം ചെയ്തു.
"ജയേട്ടാ നമ്മുടെ മോൻ "
നാൻസിയുടെ വിളി അയാളെ വീണ്ടും സ്ഥലകാലബോധമുള്ളവനാക്കി.
രണ്ടാൾക്കും ലോകം വെട്ടിപ്പിടിച്ച സന്തോഷം ഉണ്ടായിരുന്നു.
"ഞാനീ വിവരം അമ്മയെ വിളിച്ച് അറിയിക്കട്ടെ " "നാൻസിയുടെ പപ്പയോടും മമ്മിയോടും കൂടി പറയാം "
"താൽപര്യമുണ്ടെങ്കിൽ വരട്ടെ " അയാൾ പറഞ്ഞു. പിറ്റേന്ന് കാലത്ത് തന്നെ ജയദേവന്റെ അച്ഛനുമമ്മയും കുഞ്ഞിനെ കാണാൻ ഹോസ്പിറ്റലിൽ എത്തി. കുഞ്ഞിനെ കണ്ടശേഷം മടങ്ങിപ്പോകാനായി ഇറങ്ങിയ അവരെ കാറിനു സമീപം വരെ അയാൾ അനുഗമിച്ചു.
"കുഞ്ഞ് നന്നായി കറുത്തിട്ടാണല്ലോ മോനെ. "നിങ്ങൾ രണ്ടാളുടേയും കളറൊന്നും കുഞ്ഞിനു കിട്ടിയില്ല" സൗദാമിനിയമ്മ പരിഭവിച്ചു.
"നിറത്തിലൊക്കെ എ ന്തിരിക്കുന്നു അമ്മെ "
"അതൊക്കെ ദൈവത്തിന്റെ തീരുമാനം" "നിറം കുറവാണേലും അവന്റെ മുഖത്തെ നിഷ്കളങ്കതയും ഐശ്വര്യവും കാണുമ്പോൾ ഞങ്ങൾക്കുണ്ടാകുന്ന സന്തോഷത്തിന് അതിരില്ല അമ്മെ " അയാൾ മറുപടി പറഞ്ഞു.
കുഞ്ഞിനെ കാണാനായി വന്ന സഹപ്രവർത്തകരിൽ ചിലരും കഞ്ഞിന്റെ നിറക്കുറവിനെപ്പറ്റി പരാമർശിച്ചെങ്കിലും അയാൾ അതൊന്നും ശ്രദ്ധിച്ചതേ ഇല്ല.ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ അവരുടെ പിന്നീടുള്ള ദിവസങ്ങൾ കളിചിരികൾ നിറഞ്ഞതും സന്താഷഭരിതവുമായി കടന്നുപോയ്ക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ ഒരു അവധി ദിവസം ദിനപത്രത്തിലെ ഒരു വാർത്തയിൽ അയാളുടെ കണ്ണുടക്കി. ഐവിഎഫ് സെന്ററുകളിലെ നീതിക്ക് നിരക്കാത്ത പല കാര്യങ്ങളെപ്പറ്റിയും ആ വാർത്തയിൽ വിവരിച്ചിരുന്നു. ആ വാർത്തയിൽ പരാമർശവിധേയമായിരുന്ന ക്ലിനിക്കിന്റെ പേര് കണ്ട് അയാൾ ഞെട്ടി. താനും നാൻസിയും ചികിത്സയ്ക്ക് പോയിരുന്ന അതേ ക്ലിനിക്ക്. അവിടുത്തെ ചികിത്സയിലൂടെ കുഞ്ഞിനെ ലഭിച്ച ഒരു ദമ്പതിമാർ കോടതിയിൽ കേസ് ഫയൽ ചെയ്ത വാർത്തയായിരുന്നു അത്. കുട്ടിയുടെ പിതൃത്വം പരിശോധനയിലൂടെ തന്റേതല്ലെന്ന് മനസ്സിലാക്കിയ പിതാവ് ക്ലിനിക്കിനെതിരെ തിരിയുകയായിരുന്നു.
സന്തോഷം നിറഞ്ഞ് നിന്നിരുന്ന അയാളുടെ മനസ്സിലും അശാന്തിയുടെ കനലുകൾ വീണു കഴിഞ്ഞിരുന്നു. മറ്റുള്ളവർ മുനവച്ച പറഞ്ഞിരുന്ന കറുത്ത നിറത്തെ പ്പറ്റിയുള്ള സംസാരങ്ങൾ ഇതിനോടകം തന്നെ അയാളുടെ മനസ്സിൽ കാർമേഘങ്ങളായി രൂപാന്തരപ്പെട്ടിരുന്നു. ആകെ അസ്വസ്ഥമായ മനസ്സോടെ മുറിയിലേക്ക് വന്ന അയാൾ കട്ടിലിൽ കിടന്ന് കളിക്കുന്ന വിനു മോനെ സൂക്ഷിച്ചുനോക്കി. നല്ല കറുപ്പുനിറം. തന്റെ ഒരു ഛായയും കുട്ടിക്കില്ല. താനും ആ ക്ലിനിക്കിന്റെ വഞ്ചനയുടെ മറ്റൊരു ഇര ആയിരിക്കുമോ. ഇങ്ങനെ പല വിധ വിചാരങ്ങൾ അയാളുടെ മനസ്സിനെ പൊള്ളിച്ചു കൊണ്ടേ ഇരുന്നു.
മുറിയിലേക്ക് കടന്ന് വന്ന നാൻസി ചിന്താധീനനായി ഇരിക്കുന്ന അയാളോട് കാര്യം തിരക്കി. ക്ലിനിക്കിനെപ്പറ്റി വാർത്ത ഉള്ള പേജ് അയാൾ അവൾക്ക് നേരെ നീട്ടി. "കുഞ്ഞിന്റെ കറുപ്പുനിറവും ഈ പത്രവാർത്തയുമായി കൂട്ടിവായിക്കുമ്പോൾ എന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ഉണ്ടാകുന്നു നാൻസി "
എന്റെ രക്തത്തിൽ പിറന്ന എന്റെ സ്വന്തം കുഞ്ഞു തന്നെയാണോ ഇവൻ "
വളരെ വിഷമത്തോടെ അയാൾ അവളോട് ചോദിച്ചു.
" ജയേട്ടാ "ഇങ്ങനെയൊന്നും ചിന്തിക്കാതെ "
"ഇവൻ നമ്മുടെ മകൻ തന്നെയാണ് "
" മറ്റൊന്നും ചിന്തിച്ച് എന്തിനാണ് മന സന്തോഷം കളയുന്നത് " നാൻസി അയാളെ ആശ്വസിപ്പിച്ചു.
"ഇല്ല നാൻസി എന്റെ മനസ്സ് ആകെ അസ്വസ്ഥമാണ് " "നാളെത്തന്നെ ഞാൻ ആ ക്ലിനിക്കിലേക്ക് ഒന്നു പോകാൻ തീരുമാനിച്ചിട്ടുണ്ട് " "കാര്യങ്ങൾ വിശദമായി തിരക്കണം" അയാൾ പറഞ്ഞു.
അവിടെ പോയി വന്നതിനു ശേഷം കുട്ടിയോടുള്ള അയാളുടെ പെരുമാറ്റം ഒട്ടും സ്നേഹപൂർവ്വം അല്ലാതായിത്തീർന്നു. അയാൾ തീർത്തും അതിനെ അവഗണിച്ച പോലെയായി. വല്ലപ്പോഴും പാർട്ടികളിൽ മാത്രം മദ്യപിച്ചിരുന്ന അയാൾ സ്ഥിരമായി മദ്യപിച്ചു വരാൻ തുടങ്ങി. സന്തോഷകരമായ അവരുടെ ജീവിതം അങ്ങനെ അസ്വസ്ഥതകളുടേതായി. എങ്കിലും യാന്ത്രികമായി ദിവസങ്ങൾ കടന്നു പോയ്കൊണ്ടിരുന്നു. ഇപ്പോൾ വിനു മോന് ഏകദേശം ഒരു വയസ്സായിരിക്കുന്നു.
അവനിപ്പോൾ പിച്ചവെച്ച് നടക്കാൻ തുടങ്ങിയിട്ടുണ്ട്. ജയദേവന് അവനോടു യാതൊരു സ്നേഹവുമിപ്പോൾ ഇല്ലാതായി തീർന്നിരിക്കുന്നു എന്ന യാഥാർത്ഥ്യം നാൻസിയെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചിരുന്നത്. അയാൾ അവനെ ഒന്ന് എടുക്കുകയും ലാളിക്കുകയും ചെയ്തിരുന്നെങ്കിൽ എന്ന് അവൾ വളരെയധികം ആഗ്രഹിച്ചിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം പിച്ചവച്ചു നടന്നു പോയ വിനുമോൻ വാതിൽ പടിയിൽ തട്ടി തലയിടിച്ചു വീണു. കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് നാൻസി അടുക്കളയിൽ നിന്നും അങ്ങോട്ടേക്ക് വന്നത്. അങ്ങനെ കിടന്നു കരയുന്ന കുട്ടിയെ ഒന്ന് എടുക്കാൻ പോലും കൂട്ടാക്കാതെ മാഗസിൻ വായിച്ചിരിക്കുന്ന ജയദേവ നോട് അവൾ ദേഷ്യപ്പെട്ടു. "കുഞ്ഞു മറിഞ്ഞുവീണ് നെറ്റി പൊട്ടിയിട്ടും അതിനെ ഒന്നെടുക്കാൻ ജയേട്ടന് തോന്നിയില്ലല്ലോ" "ഞാനെന്തിന് എടുക്കണം"
മറ്റാരുടേയോ കുത്തിനെ സ്വന്തം കുഞ്ഞായി ലാളിക്കാനുള്ള മഹാമനസ്കതയൊന്നും എനിക്കില്ല" അയാൾ ശബ്ദമുയർത്തി.
"ഇത്രയും മനസാക്ഷി മരവിച്ച ഒരാളായി മാറാൻ ജയേട്ടന് എങ്ങനെ കഴിയുന്നു "
"ഇത്രയും വെറുപ്പ് കാണിക്കാൻ ഈ കുഞ്ഞ് എന്ത് തെറ്റാണ് ചെയ്തത് "
"ഇവൻ ഈ ഭൂമിയിൽ ജനിച്ച് വീഴാൻ തന്നെ കാരണം നമ്മൾ രണ്ടാളുമാ"
"അതേട്ടൻ മറക്കരുത്"
"നാൻസി നീ എന്ത് തന്നെ പറഞ്ഞാലും ശരി എനിക്ക് ഈ കുട്ടിയെ സ്വന്തം കുഞ്ഞായി സ്നേഹിക്കാൻ കഴിയില്ല " "ആരുടെയെങ്കിലും കുഞ്ഞിനെ സ്നേഹിക്കാനായിരുന്നെങ്കിൽ നമ്മൾ ഇത്രയും ത്യാഗം സഹിക്കേണ്ടിയിരുന്നില്ലല്ലോ"
"ഒരു കുഞ്ഞിനെ ദത്തെടുത്താൽ പോരായിരുന്നാ " അയാൾ ദേഷ്യപ്പെട്ട് പുറത്തേക്ക് പോയി.
" ജയേട്ടാ "
" ഇങ്ങനെ ജീവിച്ചു പോകുന്നതിൽ എന്ത് അർത്ഥമാണുള്ളത്" "ഞാനും കുഞ്ഞും എന്താണ് വേണ്ടതെന്ന് ജയേട്ടൻ തന്നെ പറ" ഉറങ്ങാനായി കിടന്നപ്പോൾ നാൻസി ജയദേവനോടായി പറഞ്ഞു.
" ഞാനൊരു കാര്യം പറയട്ടെ "
" എനിക്ക് എന്റെ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞ് തന്നെ വേണം" "തിരുവനന്തപുരത്ത് വളരെ പ്രശസ്തമായ ഒരു ഇൻഫെർട്ടിലിറ്റി ക്ലിനിക്കുണ്ട് "
" നമുക്ക് അവിടെ ഒന്ന് പോകാം "
നീ എതിരൊന്നും പറയരുത്"
"ഇത് ഞാൻ വിശദമായി അന്വേഷിച്ചു "
"ഏറ്റവും വിശ്വസ്തമായ ക്ലിനിക്കാണത്"
"ഇത് വരെ ഒരു പരാതിയും അവരെപ്പറ്റി ഉണ്ടായിട്ടില്ല" "അതല്ല നിനക്കെന്തെങ്കിലും എതിരഭിപ്രായമുണ്ടെങ്കിൽ എനിക്ക് ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരും "
നിനക്കീ കുഞ്ഞാണ് എന്നെക്കാൾ വലുതെങ്കിൽ എനിക്കെന്റേതായ തീരുമാനങ്ങളുണ്ട്"
"ജയേട്ടനില്ലാതെ എനിക്കെന്ത് ജീവിതം"
"ഏട്ടന്റെ ഒരു തീരുമാനത്തിനും ഞാനിതുവരെ എതിരു നിന്നിട്ടില്ലല്ലോ" ഇത് പറയുമ്പോൾ നാൻസി കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. പിറ്റേദിവസം തന്നെ ജയദേവൻ ക്ലിനിക്കിൽ പോയി പ്രശസ്തനായ ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റ് ഡോക്ടർ വിനോദ് മേനോനെ കണ്ടു കാര്യങ്ങളെല്ലാം അറിഞ്ഞ ഡോക്ടർ പരിശോധനയ്ക്കായുള്ള സാമ്പിളുകൾ ശേഖരിച്ച ശേഷം രണ്ടുദിവസം കഴിഞ്ഞ് വരാൻ അറിയിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ഹോസ്പിറ്റലിൽ എത്തിയ ജയദേവനെ ഡോക്ടർ റൂമിലേക്ക് വിളിപ്പിച്ചു.
വരൂ മിസ്റ്റർ ജയൻ",
"ഇരിക്കൂ"
"എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് " "താങ്കളുടെ വിശദമായ പരിശോധനാ റിപ്പോർട്ട് എന്റെ കയ്യിലുണ്ട്" "താങ്കളുടെ ബീജത്തിന്റെ ചലനശേഷി തുലോം കുറവാണ് "
" ട്രീറ്റ്മെന്റ് ചെയ്താൽ പോലും വിജയ സാധ്യത വളരെ കുറവാണ് " "എങ്കിലും നമുക്ക് ശ്രമിച്ചു നോക്കാമായിരുന്നു " "പക്ഷേ ഇപ്പോൾ ഞാൻ അത്യാവശ്യമായി വിളിപ്പിച്ചത് മറ്റൊരു കാര്യം പറയാനാണ് "
" താങ്കളുടെ ബ്ലഡ് റിപ്പോർട്ടിൽ ചില അസ്വഭാവികതകൾ കണ്ടു''
"ഇന്നു തന്നെ മെഡിക്കൽ കോളജിൽ ചെന്ന് ഡോക്ടർ സാമുവലിന്റെ ഒന്ന് കാണണം"
"എന്റെ സുഹൃത്താണ് " "കാര്യങ്ങളെല്ലാം ഞാനീ റിപ്പോർട്ടിൽ എഴുതിയിട്ടുണ്ട് "
ഇത് അദ്ദേഹത്തിനെ കാണിക്കണം"
" പ്രത്യേകിച്ച് പേടിക്കാനൊന്നുമില്ല"
"ഒരു സംശയം "
"അത് തീർക്കാൻ വേണ്ടി മാത്രം " ഡോക്ടർ അറിയിച്ചു.
പിറ്റേദിവസം തന്നെ ജയദേവൻ മെഡിക്കൽ കോളജിലെത്തി ഡോക്ടർ സാമുവലിന്റെ കണ്ടു. വിശദമായ പരിശോധനകൾക്ക് ശേഷം നാളെ ഭാര്യയുമായി വരാൻ പറഞ്ഞ് അയാളെ തിരിച്ചയച്ചു.
ജയദേവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി. അസ്വസ്ഥമായ മനസ്സോടെയാണ് ജയനും നാൻസിയും വീണ്ടും ഡോക്ടറെ കാണാനെത്തിയത്.
"മിസ്റ്റർ ജയൻ "
" ഞാൻ പറയുന്നത് സമചിത്തതയോടെ കേൾക്കണം"
" പരിഭ്രമിക്കുകയോ വിഷമിക്കുകയോ ചെയ്യരുത് "
നിങ്ങളുടെ വിശദമായ രക്ത പരിശോധന ഫലം വന്നപ്പോൾ അതിലെ WB C കൗണ്ട് വളരെ കൂടുതലാണ്"
" സ്റ്റേജ് 2 ലുക്കീമിയ" ഇതുകേട്ട് ജയദേവനും ഒപ്പം നാൻസിയും ഞെട്ടി " "നിങ്ങൾ ഒരു കാൻസർ പേഷ്യന്റ് ആണ്"
"ട്രീറ്റ്മെന്റ് എത്രയും പെട്ടെന്ന് തന്നെ തുടങ്ങണം" ഡോക്ടർ പറഞ്ഞ് നിർത്തി.
ഇത് കേട്ട നാൻസി ഒരു പൊട്ടിക്കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. "നിങ്ങൾ എന്താണ് ഈ ചെയ്യുന്നത് "
"നിങ്ങളല്ലെ അദ്ദേഹത്തെ ആശ്വസിപ്പിക്കേണ്ടത് " "ഭയപ്പെടാതിരിക്കൂ " "നമുക്ക് അദ്ദേഹത്തെ രക്ഷപ്പെടുത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കാം"
"ഇപ്പോൾ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ യൊക്കെ മിക്കരോഗികളും ജീവിതം തിരിച്ചു പിടിക്കാറുണ്ട് " "ധൈര്യവും നിശ്ചയദാർഡ്യവും ഉണ്ടെങ്കിലെ ചികിത്സ ഫലവത്താവുകയുള്ളു"
ഡോക്ടർ അവരെ ആശ്വസിപ്പിച്ചു "
ആകെ തകർന്നുപോയ ജയദേവർ തിരികെ വീട്ടിലെത്തി ഒരു കസേരയിലേക്ക് ചാഞ്ഞു. ഈ പിഞ്ചു കുഞ്ഞിനോട് താൻ കാണിച്ച വെറുപ്പിനും ക്രൂരതയ്ക്കും ഫലമായായിരിക്കും ദൈവം തനിക്ക് ഇങ്ങനെയൊരു ശിക്ഷ തന്നത്. സ്വന്തം രക്തത്തിൽ പിറന്ന ഒരു കുഞ്ഞുണ്ടായാൽ പോലും അവനെ വളർത്തി വലുതാക്കാനോ നെഞ്ചോടടക്കി സ്നേഹിക്കുവാനോ തനിക്ക് ആയുസ്സുണ്ടായി എന്ന് വരില്ല. പിന്നെ എന്തിനു വേണ്ടിയാണ് താൻ ഇതൊക്കെ കാട്ടി കൂട്ടുന്നത്. ഇങ്ങനൊക്കെ ചിന്തിച്ച് അയാൾക്ക് കടുത്ത കുറ്റബോധം തോന്നി.
"ഞാൻ ചെയ്ത തെറ്റുകൾക്ക് ദൈവം എന്നെ ശിക്ഷിച്ചത് ആവും അല്ലെ നാൻസി " മുറിയിലേക്ക് വന്ന നാൻസിയോടയാൾ ചോദിച്ചു. "അങ്ങനെയൊന്നുമില്ല ജയേട്ടാ "
"ഇതെല്ലാം നമ്മുടെ വിധിയായി കരുതി സമാധാനിക്ക് "
"ഏട്ടന്റെ അസുഖമെല്ലാം ഭേദമാവും"
എവിടെ പോയിട്ടായാലും നമ്മുക്ക് ചികിത്സിക്കാം"
നാൻസി അയാളെ അശ്വസിപ്പിച്ചു കൊണ്ട് അയാളോട് ചേർന്നിരുന്നു.
ഇതൊന്നുമറിയാതെ പാവം വിനു മോൻ തൊട്ടിലിൽ അപ്പോൾ നല്ല ഉറക്കത്തിലായിരുന്നു. അയാളുടെ മനസ്സിൽ കുഞ്ഞിനോടുണ്ടായിരുന്ന വെറുപ്പൊക്കെ അപ്പോളേക്കും പെയ്തൊഴിഞ്ഞു പോയിരുന്നു.
ഉറക്കത്തിൽ നിന്നും ഉണർന്ന വിനുമോൻ ചെറുതായി ചിണുങ്ങി തുടങ്ങിയിരുന്നു. അയാൾ വളരെ സ്നേഹത്തോടെ അവനെ വാരിയെടുത്തു. കവിളുകളിൽ മാറി മാറി ഉമ്മ വച്ചു. ഈ കാഴ്ച കണ്ടു കൊണ്ടാണ് കുഞ്ഞിനുള്ള പാലുമായി നാൻസി മുറിയിലേക്കു വന്നത്.
അസ്വസ്ഥമായ അവളുടെമനസ്സിൽ ആ കാഴ്ച വളരെയധികം ആശ്വാസം നൽകി.
വിനുമോനെ ലാളിച്ചുകൊണ്ട് കട്ടിലിൽ ഇരുന്ന അയാളുടെ സമീപത്തായി അവളും ഇരുന്നു .
"ഇത് തന്നെയാണ് നമ്മുടെ മകൻ "
"എന്റെ രക്തത്തിൽ പിറന്ന മകൻ തന്നെയാണിത്"
"ഒരു പക്ഷെ ഞാൻ ഇല്ലാതെയായാലും നിനക്കൊരു തുണയായി ഇവൻ ഉണ്ടാകുമല്ലോ" അയാൾ പറഞ്ഞു. "അങ്ങനെയൊന്നും പറയാതെ ജയേട്ടാ " "ഞാൻ നന്നായി പ്രാർഥിക്കുന്നുണ്ട് " "ഏട്ടന്റെ രോഗം ഭേദമാകുക തന്നെ ചെയ്യും"
നാൻസിയുടെ ഈവാക്കുകൾ അയാളുടെ മനസ്സിലും ആശ്വാസത്തിന്റെ കുളിർ തെന്നലായി. അയാൾ കുഞ്ഞിനൊപ്പം അവളെയും മാറോടു ചേർത്തുപിടിച്ചു കൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു.

By Appus

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot