Showing posts with label SaraswathiKM. Show all posts
Showing posts with label SaraswathiKM. Show all posts

പെൺകുട്ടികളുടെ അച്ഛൻ

 


പെൺകുട്ടികളുള്ള അച്ഛന്മാർ പാവങ്ങളായിരിക്കും എന്നാണ് AKG യുടെ നിരീക്ഷണം

പൊതുവെ പറഞ്ഞാൽ അത് അങ്ങനെയാണെന്നാണ് അനുഭവവും
:അയ്യോ എനിക്ക് രണ്ട് പെണ്ണല്ലേ, എന്തെല്ലം നോക്കണപ്പാ "എന്ന് ഇന്നത്തെ രക്ഷിതാക്കൾ പോലും പയ്യാരപ്പെടുന്നത് എത്രയോ തവണ കേട്ടിരിക്കുന്നു.
ഞാൻ പറഞ്ഞു വരുന്നത് എൻ്റെ അച്ഛനെക്കുറിച്ചാണ് ഞങ്ങൾ - മൂന്നു പെണ്ണും രണ്ട് ആണും - അഞ്ച് മക്കളാണ്
മേൽ പറഞ്ഞ അച്ഛന്മാരിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു എൻ്റെ അച്ഛൻ
എൻ്റെ പെൺമക്കൾ എൻ്റെ ശക്തിയാണ് എന്നായിരുന്നു അച്ഛൻ്റെ മതം
സാമാന്യം ഭേദപ്പെട്ട സമ്പത്തും പാരമ്പര്യവും പ്രതാപവും ഉള്ള ഒരു തറവാട്ടിലെ മൂത്ത മരുമകൻ (മരുമക്കത്തായം) ആയാണ് അച്ഛൻ ജനിച്ചത്
മരുമക്കത്തായം അവസാനിക്കുകയും മക്കത്തായം വേണ്ടത്ര പുഷ്ടിപ്പെടുകയും ചെയ്യാത്ത കാലത്ത് തറവാടു ഭാഗിച്ചു. അത് കൊണ്ട് തന്നെഅമ്മാവന്മാരുടെ കുംടുംബത്തിനുള്ള തു പോലെ സ്വത്തും സമ്പത്തും അച്ഛൻ്റെ അമ്മയ്ക്കു ലഭിച്ചില്ല
പക്ഷെ പ്രതാപത്തിനു കുറവും വന്നില്ല.
തറവാട്ടിൽ എല്ലാവരും വിദ്യാഭ്യാസമുള്ളവരായിരുന്നു.
അച്ഛൻ കൂടാളി ഹൈസ്കൂളിൽ നിന്നാണ് ഇ എസ് എൽ സി പാസായത് (എസ് എസ് എൽ സി ക്കു തുല്യം ) പിന്നീട് പഠിക്കാനായില്ല
ആ സമയത്ത് രാഷ്ട്രീയത്തിൽ പിച്ചവെക്കാൻ തുടങ്ങിഅച്ഛൻ
കാര്യത്തിലേക്കു വരാം
എൻ്റെ വല്യേച്ചി 1979ൽ SSLC പാസായത് 600ൽ 400 മാർക്കു വാങ്ങിയാണ്
തികച്ചും കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന ഞങ്ങൾക്ക് എന്നും പിടിപ്പത് പണിയുണ്ടായിരുന്നു. കണ്ടത്തിലെ പണി തീരുമ്പം പറമ്പത്ത്, പറമ്പത്തെ തീരുമ്പം അണ്ടി പെറുക്കൽ, മൂന്നോ നാലോ പശുക്കൾ
എല്ലാ പണിക്കും പുറത്ത് നിന്നാൾക്കാർ ഉണ്ടെങ്കിലും കുട്ടികളായ ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പണിയുടെ ചുമതല ഉണ്ടായിരുന്നു.
"പണിയെടുത്തിറ്റ് പഠിച്ചാ മതി"ന്നായിരുന്നു അമ്മേൻ്റെ ഒരിത്
ഈ സാഹചര്യത്തിലാണ് ഏച്ചി ഇത്രേം മാർക്ക് വാങ്ങിയത്
ഞങ്ങളുടെ ഭാഗത്ത് പത്താം ക്ലാസിൽ ഇത്ര മാർക്ക് ആദ്യായിറ്റായിരുന്നു.
" പെമ്പിള്ളർക്ക് മാർക്ക് കിട്ടീറ്റെന്നാ കൈക്കോറെ കാര്യം?"
നാട്ടുപയമക്കിടയിൽ ആരോ ചോദിച്ചു.
" പെമ്പിള്ളറെ മാർക്കിനാ വെല, എന്തെല്ലാം പണിയെടുത്തിറ്റാ ൻ്റ മോക്ക് ഇത്ര മാർക്ക് കിട്ടിയെ
iഓളെ ടീച്ചറാക്കണം
കണ്ണൂർ ടി.ടി.ഐയിൽ നിന്ന് ടി ടി സി പാസായി 18 വയസിൽ ജോലിയിൽ കയറി
അച്ഛന് അഭിമാനം.( നാട്ടുകാർക്കും)
ഇതിനിടയിൽ രസകരമായ പലതും പറയാനുണ്ട്
വിസ്താര ഭയം വിലക്കുന്നു പിന്നൊരിക്കലാകാം
കുഞ്ഞേച്ചിക്ക് പത്താം ക്ലാസിൽ മാർക്ക് കുറവായിരുന്നു'
പ്രീഡിഗ്രി കഴിയട്ടെ - അച്ഛൻ പറഞ്ഞു.
പ്രീഡിഗ്രി ഫസ്റ്റ് ചാൻസിൽ പാസായെങ്കിലും ടി ടി സിക്ക് കിട്ടേണ്ട മാർക്കില്ല
നേഴ്സിങ്ങിന് പോയാലോ?
" അയ്നാക്കാട്ടെം നല്ലത് തോലിന് പോകുന്നതാ" - അച്ഛൻ്റെ കാഴ്ചപ്പാട്.
ആ സമയത്ത് ഒരു പാട് കല്യാണാലോചനകൾ വന്നെങ്കിലും അച്ഛൻ സമ്മതിച്ചില്ല.
ഒടുവിൽ എറണാകുളത്തെ ഒരു സ്വകാര്യ ടി ടി ഐ യിൽ അന്നത്തെക്കാലത്ത് ഒരു വലിയ തുക നൽകി അവളെ അവിടെ ചേർത്തു.
ഇതറിഞ്ഞ അച്ഛൻ്റെ ചില അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചോദിച്ചു.
"അല്ല, സി.എ.നിങ്ങള് ചെക്കനെ പഠിക്കാനയക്കാണ്ട് ഈ പെണ്ണിന് ഇത്ര പ യിശ മൊടക്കിപ്പഠിപ്പിക്ക്ന്ന്?'
(ഏട്ടൻ SSLC ക്കു ശേഷം അച്ഛൻ്റെ FACTവളം ഡിപ്പോയിൽ സഹായത്തിനു നിന്നു. പഠിക്കാൻ പോയില്ലാ)
അച്ഛൻ്റെ മാസ് മറുപടി ഇങ്ങനെ
"എൻ്റെ മോന് കയിയാനുള്ളത് ഇവിടെയുണ്ട്
എൻ്റെ പെമ്മക്കള് ആരാൻ്റെ അടുക്കളെലേ വെപ്പുപണിക്കാരത്തികളാവേണ്ടവരല്ല."
സത്യം പറഞ്ഞാൽ അന്ന് പത്തിലായിരുന്ന എനിക്ക് രോമാഞ്ചമുണ്ടായി.
ഞാൻ SSLC മാർക്കിൽ പാസായി
പ്രീഡിഗ്രി കഴിഞ്ഞയുടൻ അച്ഛൻ ടി ടി സി ക്കപേക്ഷ അയച്ചു.
എനിക്ക് പഠിക്കണംLLB ക്ക് പോകണംന്നായിരുന്നു ആശ
" അച്ഛനു വയസായി, ടി ടി സി കഴിഞ്ഞാലും പഠിക്കാലോ " എന്നച്ഛൻ
(ടി ടി സി കഴിഞ്ഞ് ഒരു പാട് പഠിച്ചു.
LLB എന്ന മോഹം ബാക്കി)
മൂത്തവരുടെ രണ്ടു പേരുടെയും കല്യാണം കഴിഞ്ഞു. ഏട്ടൻ പുതിയ ബിസിനസുകൾ തുടങ്ങി
എനിക്ക് തുടരെ ആലോചനകൾ വരാൻ തുടങ്ങി
ഒരു പാർട്ടി വന്നു. നല്ല സാമ്പത്തികം, നല്ല ജോലി
കൊണ്ടുവന്ന ആൾ പറഞ്ഞു
അവരിക്ക് പെണ്ണിനെ പിടിച്ചിന്, പക്കെ വീട് പിടിച്ചില്ല, കുറച്ച് മാറ്റിയാല് :..
അയാളെ പറഞ്ഞ് തീർക്കാൻ വിടാണ്ട് അച്ഛൻ പറഞ്ഞു.
" ഞാൻ വീട് അവൾക്ക് കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല, അവരോട് പോകാൻ പറ,
എൻ്റെ മോള് മിടുക്കിയാണ്
ആരെയും ഓശാരം അനക്ക് വേണ്ട"
"തലയുയർത്തി നടക്കണം, കണ്ണിൽ നോക്കി സംസാരിക്കണം, സ്വന്തം അഭിപ്രായം എവിടെയും പറയണം"
പെണ്മക്കളോട് നാൽപതു വർഷം മുമ്പ് ഇങ്ങനെ ഉപദേശിച്ച അച്ഛനാണ് ഞങ്ങളുടെ ശക്തി
പെണ്മക്കളുടെ അച്ഛൻ മാര് ഇത് വായിക്കണം
അവരോട് ഇതാണ് എനിക്കും പറയാൻ ഉള്ളത്
നിങ്ങളുടെ മക്കളാണ് നിങ്ങളുടെ ശക്തി.
സരസ്വതി കെ.എം

ഒന്നാം തരം ഇഷ്ടങ്ങൾ


ഒരു ദിവസം രാവിലെ ക്ലാസിലേക്കുപോകുന്നതിന്നിടയിലാണ് ഒരമ്മ വന്ന് ഒന്നാം ക്ലാസിലെ ടീച്ചറെ ചോദിച്ചത്.
"എന്താ കാര്യം " ? -ന്ന്
അറിയില്ല.
ഞാൻ അവരെയും കൂട്ടി ഒന്നാം ക്ലാസിന്റെ വാതിൽക്കലെത്തി
ടീച്ചറേ നിതുവിന്റെ അമ്മ നിങ്ങളെ കാണാൻ വന്നിരിക്കുന്നു.
" ആ -വന്നാ ഞാൻ ഞാൻ ബിചാരിച്ചു വരു ലാന്ന് - ടീച്ചർ ഒച്ചയെടുത്ത് സംസാരിച്ചു കൊണ്ട് കുട്ടിയെയും പിടിച്ച് പുറത്തിരങ്ങി.
ക്ലാസിലേക്കു പോകാൻ തുടങ്ങിയ എന്നെ പിടിച്ചു നിർത്തി
ഇത് കണ്ടാ ടീച്ചറെ ഇവൾ രണ്ടിലെ ഒരു ചെക്കന് പ്രേമ ലേഖനം എഴുതീന് - ടീച്ചർ
ഞാൻ വാ പൊളിച്ചു.
അന്മയുടെ മുഖം കുനിഞ്ഞു.
" ഇതെല്ലം മുട്ടേന്ന് പൊട്ടിയാ - ഇപ്പളേ ഇങ്ങനെ തൊടങ്ങിയാലെന്നാക്കെ ടീച്ചർമാരുടെ സ്ഥിരം പദാവലിയുടെ ശേഖരം കുടഞ്ഞിടുന്ന അവരുടെ മുമ്പിൽ നിൽക്കുന്ന അന്മയുടെ മുഖം വിവർണമായി.
"നിങ്ങളാ കത്തു കാണിച്ചാ ടീച്ചറേന്നും പറഞ്ഞ് ഞാൻ കടലാസ് വാങ്ങി.
"സനേജിനെ ഇട്ടം " എന്നു തോന്നുന്ന തരത്തിൽ എന്തോ ഒരു വരി അതിൽ എഴുതിയിട്ടുണ്ട്.
" ടീചറെ , നിങ്ങൾ ചിഹ്നം പഠിപ്പിച്ചത് അത്ര ശരിയായിറ്റില്ല കെട്ടാ " ന്ന് എന്റെ ഡയലോഗ്.
അരിയെത്ര പന്ന് ചോയ്ക്കുമ്പം - ന്നുള്ള ഭാവത്തിൽ അവർ പറഞ്ഞു
"എന്നാലും ഓള് എഴ്തിയ കണ്ടില്ലേ എന്തെല്ലം എഴ്താന്ണ്ട് " - ടീച്ചർ വിടാൻ ഭാവമില്ല.
അമ്മ കുഞ്ഞിനെ ഇപ്പോ അടിക്കും എന്ന് എനിക്ക് തോന്നി.
: മോള് ഇനി എന്ത് എഴുതിയാലും ടീച്ചറെ കാണിച്ച് ശരിയിട്ടി റ്റെ വേറെയാരെയും കാണിക്കാവൂട്ടാ - ഇത് തേച്ചും തെറ്റാണ് :- ഞാൻ
അവൾ - ശരി എന്ന് തലയാട്ടി.
ഞാൻ കുഞ്ഞിനെ ക്ലാസിലേക്ക് പറഞ്ഞു വിട്ടു.
അമ്മയോട് പറഞ്ഞു. " വീട്ടിന്ന് എഴുതുമ്പം കുറേശെ സഹായിക്കണം - തിരിഞ്ഞ് - അല്ലേ ടീച്ചറെന്നും.
അമ്മയുടെ മുഖത്ത് ആശ്വാസം.
" അവര് പൊയ്ക്കോട്ടെ - ന്ന് ഞാൻ
ടീച്ചർക്കത് ഇഷ്ടപ്പെട്ടില്ലാന്ന് മുഖഭാവം
- നിങ്ങക്ക് ഈ ഏരിയയുടെ സ്വഭാവം അറിയായിറ്റാ - ടീച്ചർ.
പോട്ട് ടീച്ചറെ അഞ്ചു വയസിൽ എന്ത് പ്രേമം
ഇതൊക്കെ കാര്യമാക്കിയാൽ ഹൈസ്ക്കൂളുകാരെന്തു ചെയ്യും? ന്നും പറഞ്ഞ് ഞാൻ ക്ലാസിലേക്കു പോയി.❤️..

❤️ അടുത്തത് കുറച്ചൂടി കടുപ്പത്തിലുള്ള പ്രണയമാണ്.
ഞാൻ ഒന്നാം ക്ലാസിലാണ്.
രാവിലെ ക്ലാസിൽ കേറുമ്പോൾ
: ടീച്ചറേ മുസ്തഫ സലീമക്ക് ഉമ്മ കൊടുത്ത് ഐ ലവു പറഞ്ഞു " എന്ന കോറസാണ് എതിരേറ്റത്.
"ഉമ്മ കൊടുത്താ?
ഐ ലവു പറഞ്ഞു?
എന്താ സംഭവം - ഒരാളു പറ എന്ന് ഞാൻ.

ഞാൻ മുസ്തഫയെ ഒളികണ്ണിട്ടു നോക്കി.

ടീച്ചറുടെ മുഖം കറുത്താലേ കരച്ചിലു വരുന്ന നിഷ്കളങ്കൻ., പഠിക്കാൻ മിടുക്കൻ.
മുഖമാകെ വീർത്തു കെട്ടി ഇപ്പം പെയ്യുംന്നുള്ള മട്ടിൽ ഇരിക്കുന്നു.

സംഭവം ഇങ്ങനെയാണ്.
മുസ്തഫ ക്ലാസിലെത്തി. അവൻറെ കൈയിൽ എന്തൊക്കെയോ ഉണ്ട്. അതൊക്കെ കൂട്ടുകാർക്ക് വീതിച്ചു കൊടുത്തു. അപ്പോഴാണ് സലീമക്ക് ഒരു ഉമ്മയും കൂടെ കൊടുത്തത്. - അനസ് ഒരു യുദ്ധം വിവരിക്കുന്ന ആവേശത്തിൽ പറഞ്ഞു തീർത്തു.
ഞാൻ സലീമയെ നോക്കി.
"അയ്ന്ന്ന്താ ഇപ്പോ " ന്നുള്ള ഭാവത്തിൽ ചുന്ദരി കുലുക്കമില്ലാതെയിരിക്കുന്നു
ഏതായാലും അവൾ കരയുന്നില്ലല്ലോ
ഞാൻ മുസ്തഫയെ വിളിച്ചു.
എന്തു പറഞ്ഞാലും അനുസരിക്കുന്ന കുട്ടി.

വേഗം മേശന്റെടുത്ത് വന്നു.
ചോദ്യം ചെയ്യൽ കേൾക്കാൻ എല്ലാരും അക്ഷമമായിട്ടിരിക്കുന്നു.

- മോൻ ഓളെ ഉമ്മ വെച്ചിനാ ? - 1.
-ഉം -
- വേറെ പെൺകുട്ടികളെ അങ്ങനെ ഉമ്മ വെക്കാവ്വാ?-2
.........
- ഇനിയെന്ത് ചോയ്ക്കും ?
- എപ്പം കരച്ചിൽ തൊടങ്ങണംന്നേ ഓന് സംശയുള്ളു.
- ഐ ലവു -. ന്ന് പറഞ്ഞാൽ എന്താടാ?
.........
- ആരാ അങ്ങനെ പറഞ്ഞ് തന്നത് ?
- ഉപ്പ - ( ടീച്ചർക്ക് അമ്പരപ്പായി ) /
ഉപ്പയാ ?!
ഉം , ഉപ്പയിന്നലെ ഉമ്മക്ക് ഉമ്മ കൊടുത്ത് ഐ ലവു - ന്ന് പറയ്ന്ന കണ്ടിന്
😂😂 എനിക്ക് കാര്യങ്ങളുടെ കെടപ്പ് പിടികിട്ടി..
ഉപ്പ ഗൾഫിൽ നിന്ന് വന്നിട്ട് ഒരാഴ്ചയേ ആയിട്ടുള്ളു.❤️
( ഈ ഗൾഫിന്ന് വരുന്ന അച്ഛൻമാർ ഒന്നാം ക്ലാസുകാർക്ക് എപ്പോഴും പാരയാണ്. അതുവഴി ഒന്നിലെ ടീച്ചർക്കും😂😂)
- ഉമ്മന്റെ ആരാ ഉപ്പാ ? ( ചോദ്യം ചെയ്യാൻ ഒരു തുമ്പു കിട്ടിയ സന്തോഷം)
- പുയ്യാപ്ല
- സലീമ വേറെ വീട്ടിലെ കുട്ടിയല്ലെ -
അതെ
- അന്നേരം നമ്മള് ഉമ്മ കൊടുക്കാവ്വ്വാ?
- ഉം ഉം
- ഓളെ ഉപ്പ നിന്നെ കലമ്പിയാലോ, ടീച്ചർക്കും കിട്ടും കലമ്പ്
- മോൻ വല്തായി പുയ്യാപ്ല്യയാവും ഉമ്മ കൊടുക്കാട്ടാ - ഞാൻ.
-ഉം, - ന്ന് നാണം കലർന്ന ചിരി. (എന്റെയുള്ളിൽ ചിരിപൊട്ടി )
ന്നാ - സീറ്റി പോയിരുന്നോ .
അടി കാണാൻ ഇരുന്നവർക്ക് ചെറിയ നിരാശ തോന്നി...
ഞാൻ സലീമ നെ വിളിച്ച് സ്വകാര്യം
മോള് . ആരെയും ഉമ്മ വെക്കാനും കെട്ടിപ്പിടിക്കാനൊന്നും സമ്മയ്ക്കാൻ പാടില്ല കെട്ടാ - ന്ന് പറഞ്ഞു. - കുഞ്ഞി തലയാട്ടി സീറ്റിൽ പോയിരുന്നു
. ( ഏറ്റവും ചെറിയ ക്ലാസിൽ തന്നെ കുട്ടികൾക്ക് ഇത്തരം അവബോധം നൽകണമെന്ന് എനിക്ക് തോന്നി)
ഇന്റർവെൽ ആയപ്പോൾ നാലാം ക്ലാസുകാർ കൂട്ടത്തോടെ എത്തി...
ടീച്ചറേ..ന്നും -
ഓടിക്കോ - ഇനിയാരും ഇതും പറഞ്ഞോണ്ട് വന്നാൽ എന്ന് ഭീഷണിപ്പെടുത്തി.
ഇനി ഇത് വീട്ടുകാർ എങ്ങനെ എടുക്കും എന്നറിയില്ലല്ലോ.
ഞാൻ നാലാം ക്ലാസിലെ മാഷോട് മാത്രം ഈ സംഭവം പറഞ്ഞു.
❤️❤️

ഇത് ഒരു പടി കൂടി കടന്ന ഇഷ്ടമാണ്😂❤️

ഒന്നാം ക്ലാസിലെ ഏറ്റവും മിടുക്കനും പോക്കിരിയും ആണ് ചിക്കു
ക്ലാസിൽ അവനില്ലെങ്കിൽ ഒരു ഓളമില്ല
.
എല്ലാ ദിവസവും കലമ്പോ ഭീഷണിയോ എന്തെങ്കിലും ഒന്ന് ഉറപ്പാ..
ഒരു നിമിഷം പോലും അവൻ വെറുതെയിരുന്ന് കണ്ടിട്ടില്ല.

ഒരീസം ഉച്ചക്ക് ചോറുണ്ടിട്ട് വരുമ്പോൾ ചിക്കുഒരു കാൽ പിന്നോട്ട് കയറ്റിവെച്ച് തൂണും ചാരി ചിന്താക്ലാന്തനായി നിൽപ്പാണ്.
: എന്താ ചിക്കു ഒരാലോചന?
- ഞാൻ നിങ്ങളെയാന്നോ UKG ലെ ടീച്ചറെയാന്നോ കല്യാണം കയിക്കേണ്ടെന്ന് ആലോചിക്കേരുന്നു " - മറുപടി ശടേന്ന് വന്നു.
എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
"അതെന്താടാ നിനക്ക് അന്നോടെല്ല ഇഷ്ടം?
" അതല്ല ഞാൻ കഴിഞ്ഞ കൊല്ലം ആ ടീച്ചറെ കല്യാണം കയ്ക്കാന്ന് പറഞ്ഞിറ്റ്ണ്ടായ് ന്..
അതാ ..."
" ഓഹോ -അന്നേരം നീ രണ്ടിലെത്തുമ്പം ആ ടീച്ചറെ കല്യാണം കയ്ക്കും - അന്നാ എനക്ക് നിന്നെ വേണ്ട - ഞാൻ.
" അല്ല - ഞാൻ ഇപ്പം അതാ ആലോയ്ച്ചെ
ടീച്ചറെത്തന്നെയാണ് ഞാൻ കയ്ക്ക്ന്ന്.

.ഞാൻ പൊട്ടിച്ചിരിച്ചു.
നിന്റെ അച്ഛനോടും അമ്മയോടും ചോദിക്ക ണ്ടെ?
- അച്ഛൻ വിടും (സമ്മതിക്കും)
- അതെന്താ ?
-അച്ഛൻ അമ്മേനെ കല്യാണം കയ്ച്ചിറ്റില്ലെ
- എന്നാ ആയ്ക്കോട്ടെ
ഞാൻ മാഷോടും എന്റെ മക്കളോടും ചോയ്ക്കട്ട് കെട്ടാ😂😂😂
- നീ പോയി എഴുതാൻ പറഞ്ഞത് എഴുതിയാട്ടെ.❤️

അവന് ടീച്ചറോടുള്ള ഇഷ്ടം അത്രയും കൂടുതലാണെന്ന് അന്ന് തിരിച്ചറിഞ്ഞു.
നിഷ്കളങ്ക ബാല്യങ്ങൾ❤️❤️
അവരുടെ ഇഷ്ടങ്ങൾ പ്രകടിപ്പിക്കുന്നത് പലതരത്തിലാകാം.
നന്മൾ അത് തിരിച്ചറിയേണ്ടത് അവരുടെ കണ്ണിലൂടെയാണ് എന്ന് അനുഭവം.

കുഞ്ഞുമക്കളോടൊപ്പം കൂടിക്കൂടി മനസു കുഞ്ഞിയായിപ്പോയൊരാൾ😂

സരസ്വതി.കെ.എം.

ടീച്ചറേ,ആ.ഭദ്രകാളിയോട് ഒന്നു പറയണേ


മൂന്നുതരം സംഭവങ്ങളാണ്. എല്ലാം ക്ലാസ് പിടി എ കളോട് ബന്ധപ്പെട്ടതിനാൽ ഒന്നിച്ച് പറയാം.

ഒന്ന്
▪️▪️▪️▪️▪️▪️
നാലാം ക്ലാസിലെ ക്ലാസ് പി ടി എ ആണ് രംഗം.
ഉച്ചക്ക് ശേഷമാണ് പി ടി.എ മീറ്റിംഗ് .
ഉച്ച ബെല്ലടിച്ചതു മുതലേ സരിത് എന്റെ മേശക്ക് അടുത്തുണ്ട്
എല്ലാരും പോയിരിക്ക്ന്ന് എത്ര പറഞ്ഞിറ്റും ഇവൻ മാത്രം പോന്നില്ല.
" അവനെന്തോ എന്നോട് പറയാനുണ്ടെന്ന് തോന്നി.
പാവം കുട്ടിയാണ്. തരക്കേടില്ലാത്ത വീട്ടിൽ നിന്നും വരുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ നിന്നും പ്രവർത്തനങ്ങൾ എല്ലാം ചെയ്തു കൊണ്ടുവരും.
(മറ്റ് ഒട്ടു മിക്കവർക്കും ബാഗ് തൂക്കാൻ ഒരാണി കൊളുത്ത് മാത്രമാണ് വീട്ടിലുള്ളത്)
കണക്കും ഇംഗ്ലീഷും ഒക്കെ വല്യ പ്രയാസമില്ലാതെ വഴങ്ങുമെങ്കിലും മൂപ്പർക്ക് മലയാളം കീറാമുട്ടിയാണ്. അതിന്റെ ഒരു മന: പ്രയാസം ഉണ്ടുതാനും❤️
" ഉം എന്താടാ ?"
" ടീച്ചറേ ഇന്ന് മീറ്റിംഗ ക്ക്‌ ആ ഭദ്രകാളിയാ വര്വ:
"ആര് : ? അമ്മയാ ?
എനിക്ക് ചിരി വന്നെങ്കിലും അവന്റെ മുഖം കണ്ടപ്പോൾ ചിരിക്കാൻ തോന്നിയില്ല.
സാധാരണ അച്ഛനാണ് വരാറ്. അദ്ദേഹം പിടി എ അംഗമാണ്. കുട്ടികളെ അമിതമായി സ്നേഹിക്കുന്നൊരാൾ!
" അതിന്?" ഞാൻ ഗൗരവം കുറക്കാതെ അവനെ നോക്കി.
" ടീച്ചർ ഒന്ന് പറയണെ എന്നെ അടിക്കറ് ഞാൻ നല്ലോണം പഠിക്ക് ന്ന്ണ്ട്ന്ന്🙏

" നീ നല്ലോണം പഠിക്ക്ന്ന്ണ്ടാ?
മലയാളത്തിനേ B grade ഉള്ളു. മറ്റ് എല്ലം A grade ആണ്
ടീച്ചറെന്നെയല്ലേ പറഞ്ഞിന് ഒരു B യൊന്നും സാരല്ലാന്ന്.
എന്നും പറഞ്ഞു വരുമ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഞാനവനെ ചേർത്തുപിടിച്ചു.
"ഇന്ന് അമ്മയിങ്ങ് വരട്ടെ - ഞാൻ ശരിയാക്കാം " - ഉറപ്പു കൊടുത്തു.
:ആരാ അമ്മേനെ അങ്ങനെ വിളിക്കല് " - ഞാൻ വീണ്ടും
" അച്ഛൻ " - ഞാൻ എഴുതിക്കയിഞ്ഞാലും അമ്മ വിടൂല സ്ഥിരം ഒരു വടിയുണ്ട് അടിക്കാൻ
അന്നേരം അച്ഛൻ പറയും - " ഓ ഭദ്രകാളി തൊടങ്ങീന്ന് "
ഞാൻ ചിരിയോടെ അവനെ പറഞ്ഞയച്ചു.
മീറ്റിംഗ് തുടങ്ങി.
മിക്കവാറും അമ്മമാര് ആണ്.
പൊതുവായ കാര്യങ്ങൾ പറഞ്ഞു.
പരീക്ഷയുടെ കാര്യത്തിലെത്തി.
ഇവൻ അക്ഷമയോടെ എന്നെ നോക്കുന്നുണ്ട്.
കുറച്ചുടെ കഴിഞ്ഞപ്പം "പറയ്,പറയ്.. എന്ന് കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു തുടങ്ങി.
കുട്ടികളെ വീട്ടിൽ നിന്നും ചെയ്യിക്കേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു തുടങ്ങിയതോടെ ഇവന് ക്ഷമ കെട്ടു.
അവൻ എന്റെടുത്ത് വന്ന്
കുഞ്ഞി പൂച്ച ഉരുമ്മന്ന പോലെ പറയ് പറയ് - ന്ന് മുരുളാൻ തൊടങ്ങി.
അവസാനമായി ഓരോരുത്തരും വീട്ടിൽ നിന്ന് സഹായിക്കുന്ന അനുഭവങ്ങൾ പറയുന്ന സമയമെത്തി
സരിതിന്റെ അമ്മ എണീറ്റു.
ഒന്നുരണ്ടു വാക്യങ്ങൾ പറഞ്ഞതും
" വടിയ്ണ്ടോന്ന് ചോയ്ക്ക് ടീച്ചറെ ? - സരിത് ഒറ്റക്കരച്ചിൽ
അമ്മയും വല്ലാതായി.
ഞാനവനെ അടുത്തു വിളിച്ചു.
തീർച്ചയായും അമ്മയെ വഴക്ക് പറഞ്ഞ് വിടാം, എല്ലാരേം കൂട്ടത്തിൽ നിന്ന് പറയുന്നത് മോശല്ലെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

എന്തായാലും മീറ്റിംഗ് കഴിഞ്ഞ് അമ്മയെയും മോനെയും വിളിച്ച് സംസാരിച്ചു.
ഇവനെ മലയാളം ഞാൻ പഠിപ്പിച്ചോളാം
ഇനിയൊരിക്കലും അതിന് വേണ്ടി കുട്ടിയെ അടിക്കരുത് എന്ന ഉറപ്പു വാങ്ങി.
സരിത്തിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.
മിടുക്കനായാണ് അവൻ നാലാം ക്ലാസിൽ നിന്നും പോയത്

.
2 എന്തായാലും വരും❤️

ഒരീസം നമ്മളെ നാട്ടിലെ രമണിയേച്ചി എന്റെ ഒന്നിച്ച് ഒരേ സീറ്റിലിരുന്ന് ബസിൽ വരുമ്പം നാട്ടു ബിശ്വല്ലെം പറയ്ന്നേന്റെ കൂട്ടത്തിൽ ചോയ്ച്ചു
" നിങ്ങളെ മക്കളെയെല്ലം വീട്ടിന്ന് നല്ലോണം പടിപ്പിക്ക്ന്ന്ണ്ടാകും അല്ലെ , അത്വണ്ട് മാഷന്മാറെ മക്കക്കല്ലം നല്ല പടിപ്പല്ലെന്ന് ?

ഞാനൊന്ന് ചിരിച്ചു.
പഠിപ്പിക്കുന്നവരും ഉണ്ട് അല്ലാത്തവരും ഉണ്ട്.
ഞങ്ങൾക്ക് രണ്ടാക്കും അയ്നൊന്നും നേരം കിട്ടലില്ല രമണിയേച്ചി - ന്ന് മാത്രം പറഞ്ഞ് ഞാൻ ഇറങ്ങി.

ബല്യ പഠിപ്പിസ്റ്റുകളൊന്നും അല്ലെങ്കിലും മക്കൾക്ക് രണ്ടാൾക്കും കിട്ടിയ ഒരു മാർക്കിന് പോലും ഞങ്ങൾക്ക് അവകാശമില്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.
അച്ചാച്ചൻ ഉള്ള സമയത്ത് ഒന്നിലോ രണ്ടിലോ പഠിക്കുമ്പം മക്കളുടെ അടുത്തിരുന്ന് പഠിപ്പിച്ചതന്നെ അവര്ക്ക് കിട്ടിയ സഹായം.
പക്ഷെ ചെറിയാൾക്ക് ഒരു നിർബന്ധമുണ്ടായിരുന്നു. പിടി എ മീറ്റിംഗിന് പങ്കെടുക്കണംന്നുള്ള കാര്യം.
ഏഴാം ക്ലാസുവരെ അടുത്തുള്ള സ്കൂളായതു കൊണ്ടും ഒരേ സബ് ജില്ലയായതു കൊണ്ടും പല പരിപാടിക്കും അവിടെ പങ്കെടുക്കാറുള്ളത് കൊണ്ട് വല്യ വിഷയമാകാറില്ല.

മോൻ പത്തിൽ പഠിക്കുന്ന സമയം
ഞാൻ തളിപ്പറമ്പ് സൗത്ത് ബി ആർ സി യിൽ ജോലി ചെയ്യുന്നു.
SSA യിൽ നമ്മുടെ ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ മുൻകൂട്ടി നിശ്ചയിക്കും. അങ്ങനെ ഒരു ബുധനാഴ്ച ഒരു സ്കൂളിൽ എന്റെ ഒരു പരിപാടി fix ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി മോൻ പറഞ്ഞു.
"ബുധനാഴ്ച ക്ലാസ് പിടി എ യാണ്. അമ്മ വരൂലേന്ന് "
(ഇത്രയും കൊല്ലത്തെ അനുഭവം കൊണ്ട് അച്ഛനോട് പറഞ്ഞിറ്റ് കാര്യമില്ല എന്ന് അവനറിയാം )
ഞാൻ i "ബുധനാഴ്ച എനിക്ക് പ്രോഗ്രാം ഉണ്ട് അച്ഛനോട് വരാൻ പറ "
"എനിക്ക് അന്ന് പത്താം ക്ലാസിന്റെ പിടി എ ആണ് - പോകാനാവൂല "അച്ഛൻ
ഒന്ന് പറഞ്ഞ്
രണ്ട് ... ചെറിയൊരു കശപിശയായി
കുട്ടിക്ക് കരച്ചിൽ വന്നു.
രക്ഷിതാവ് വന്നില്ലെങ്കിൽ ക്ലാസിന്ന് പുറത്താക്കുംന്നും പറഞ്ഞ് അവൻ പോയി കെടന്നു. ( കരയാനായിരിക്കുംന്ന് ഞാൻ കരുതി )
" ആരെങ്കിലും വരും ബുധനാഴ്ചയല്ലെ ഉള്ളൂന്ന് " ഞാൻ സമാധാനിപ്പിച്ചു

പിറ്റേന്ന് ബി ആർ സിയിൽ പറഞ്ഞ് പകരം ആരെയെങ്കിലും പറഞ്ഞയക്കാം എന്നെല്ലം വിചാരിച്ചാണ് ഞാൻ ഓഫീസിലെത്തുന്നത്.
അപ്പോൾ നേരത്തെ പറഞ്ഞ സ്കൂളിന്റെ HM നോട്ടീസൊക്കെ അടിച്ച് എന്നെ കാത്തു നിൽക്കുകയാണ്.
"ഇനി എന്തു ചെയ്യും"
ഞാൻ എന്റെ വിഷമം പറഞ്ഞു
"ലോകത്തത്രയും പിടി എ ക്ക് ക്ലാസെടുക്ക്ന്ന നിങ്ങള് ക്ലാസ് പി ടി എ ക്ക് പോയിറ്റില്ലെങ്കിലെന്താ ടീച്ചറേ " എന്ന് മാഷ് ചിരിച്ചു.
" അതല്ല മാഷേ, മോന്റെ സമാധാനത്തിന് വേണ്ടിയാണ് പോകുന്നത് - എന്ന് ഞാൻ.
" ടീച്ചറെ ഉച്ചക്ക് ഒഴിവാക്കിത്തരാം - വൈകുന്നേരമല്ലേ പി.ടി.എ ?
അത്രയും ദൂരത്ത്ന്ന് വന്നാൽ എത്തുമോ എന്ന സന്ദേഹമുണ്ടായിരുന്നെങ്കിലും വേറെ വഴിയില്ലാത്തതിനാൽ സമ്മതിച്ചു.
ബുധനാഴ്ച രാവിലെ
"അനക്ക് ആരെങ്കിലും രക്ഷിതാവ് ആയാ ?" - സംഗീത് ചോദിച്ചു.
: അച്ഛനോ അമ്മയോആരെങ്കിലും ഒരാൾ തീർച്ചയായും വരും" എന്ന് പറഞ്ഞെങ്കിലും അച്ഛനെ കിട്ടൂല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

അങ്ങനെ പരിപാടി (ഒരു ക്യാമ്പോ മറ്റോ) നടക്കുന്ന സ്കൂളിലെത്തി
ആ വഴി പോകുന്ന ബസിന്റെ സമയൊക്കെ ചോദിച്ചു വെച്ചു. 12.40 ന് ഒരു ബസുണ്ട്.
എന്റെ സെഷൻ തീർത്ത് വേഗം ഇറങ്ങാൻ നോക്കുമ്പം ഭക്ഷണം കഴിക്കാതെ അവര് വിടുന്നേയില്ല.
നിങ്ങൾ പേടിക്കണ്ട ടീച്ചറേ, ഞാൻ തളിപ്പറമ്പിലെത്തിക്കും - എന്ന് എച്ച്.എം ഉറപ്പു തന്നു.

അടുത്ത ബസിന് തളിപ്പറമ്പിലെത്തി ഭാഗ്യത്തിന് ചെമ്പേരിയിലേക്കുള്ള ബസ് ഉണ്ട്.
" ഇത് എത്ര മണിക്ക് ചെമ്പേരിയെത്തും ", - ഞാൻ
" നാലു മണിക്ക് കണ്ടക്ടർ
ബസിന് സ്പീഡേയില്ലന്ന് തോന്നി അനക്ക്.
ചെമ്പേരി ബസിറങ്ങുമ്പോൾ എല്ലാരും മീറ്റിംഗും കഴിഞ്ഞ് ടൗണിലെത്തിയിരുന്നു
സുഹൃത്തുക്കളായ അമ്മമാർ പറഞ്ഞു.

"രണ്ടാളോടും പറഞ്ഞിറ്റ്ണ്ട്, ആരെങ്കിലും വരുമായിരിക്കും " ന്നാ സംഗീത് പറഞ്ഞെ
വേഗംപോയ്ക്കോ -
ചെറിയ ഒരു കയറ്റമാണ് സ്കൂളിലേക്ക്.
ഞാൻ പരമാവധി വേഗത്തിൽ നടന്നു.
മുകളിലെത്തുമ്പോൾ
എന്റെ മോൻ കൈ രണ്ടും മാറിൽ കെട്ടി പടിയിൽ ചാരിനിന്ന് ആകാംക്ഷയോടെ വഴിയിലേക്ക് നോക്കി നിൽക്കുകയാണ്.
ബാക്കിയെല്ലാ കുട്ടികളും പോയിരിക്കുന്നു.
.ആ കാഴ്ച എന്നിൽ സങ്കടവും സന്തോഷവും ഉളവാക്കി.
അമ്മവരും - എന്ന ദൃഢമായ വിശ്വാസം അവനുണ്ട് എന്നതിൽ ഞാൻ സന്തോഷിച്ചു
എന്നെ കണ്ടതും അവന്റെ മുഖത്ത് വിടർന്ന അഭിമാനം എത്ര വലിയ തുക കൊടുത്താലും വാങ്ങാൻ കിട്ടാത്തതാണ് എന്ന് എനിക്കു തോന്നി.
ഞാനടുത്തെത്തിയതും "ടീച്ചർ പോയിട്ടില്ല വേഗം വാ " ന്നും പറഞ്ഞ് ക്ലാസിലേക്കു പോയി.
മഞ്ജു ടീച്ചർ - എന്തിനാ ഇത്രയും കഷ്ടപ്പെട്ട് ഓടി വന്നത് ടീച്ചറെ " - ?"
" മറ്റൊന്നും ഇവന്റെ പഠിപ്പിന വേണ്ടി ചെയ്യാൻ പറ്റാറില്ല - ഇതെങ്കിലും വേണ്ടേ - എന്ന് ഞാൻ.

സുഹൃത്തുക്കളേ ശരിക്കുംഒരമ്മയുടെ കൃതാർത്ഥയായ നിമിഷമായിരുന്നു. അത്.
കാരണം കുട്ടി രക്ഷിതാവിന്റെ Presence അത്രയും ആഗ്രഹിച്ചിരുന്നു.
==========
3. ഞാൻ തീർച്ചയായും പങ്കെടുക്കും❤️

ഇതിനോട് ചേർന്ന് നിൽക്കുന്നതിനാൽ ഈയൊരു കാര്യവും കൂടെ പറയാം

ഞാൻ ഒരു പ്രൈമറി സ്കൂളിലെ പിടി എ യിൽ ക്ലാസെടുക്കുകയാണ് നൂറോളം ആളുകളുണ്ട് സാധാരണപോലെ അമ്മമാരാണ് കൂടുതൽ

പിടി എ യ്ക്കുള്ള ക്ലാസുകളിൽ മൂന്ന് നാല് പ്രധാന പോയിന്റുകളിൽ ഒന്ന് പി ടി എ മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യമാണ്.
ഞാൻ ഈ കാര്യം ചെറിയ കഥകളുടെയൊപ്പം എന്റെ കഥയൊക്കെ ചേർത്ത് വളരെ വികാരപരമായി😭 ഇങ്ങനെ അവതരിപ്പിക്കുകയാണ്
രണ്ടാമത്തെ ബഞ്ചിൽ ഇരുന്ന ഒരമ്മയുടെ കവിളിലൂടെ കണ്ണീരിങ്ങനെ ഒഴുകുന്നത് കണ്ട് ഞാൻ ഒരു നിമിഷം സ്തംബ്ധയായി.
" അവരോട് കണ്ണു തുടക്കാൻ പറഞ്ഞാലോ എന്ന് ഞാനോങ്ങി - പിന്നെ വിചാരിച്ചു അവർക്കത് നാണക്കേടായെങ്കിലോ എന്ന് . ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയതും ഈയമ്മ ഓടിവന്ന് എന്റെ കൈ പിടിച്ചു.
iഎന്റെ കുട്ടി മൂന്നാം ക്ലാസിലാ ടീച്ചറെ അനക്ക് പിടി എ ക്ക് വരാൻ നേരം കിട്ടലേ ഇല്ല.
ഇനി എല്ലാ പി.ടി.എക്കും ഞാൻ പങ്കെടുക്കും "
ഞാൻ ചിരിച്ചു.

പ്രിയപ്പെട്ടവരേ ഇതാണ് പറയാനുള്ളതും
എത്ര വലിയവനായാലും തിരക്കുള്ളവരായാലും കുട്ടികൾ ഇത്തരം സമയങ്ങളിൽ നമ്മളെഎത്രമാത്രം ആഗ്രഹിക്കുന്നു. എന്നതു തന്നെ

സരസ്വതി. കെ.എം.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo