പെൺകുട്ടികളുള്ള അച്ഛന്മാർ പാവങ്ങളായിരിക്കും എന്നാണ് AKG യുടെ നിരീക്ഷണം
പൊതുവെ പറഞ്ഞാൽ അത് അങ്ങനെയാണെന്നാണ് അനുഭവവും
:അയ്യോ എനിക്ക് രണ്ട് പെണ്ണല്ലേ, എന്തെല്ലം നോക്കണപ്പാ "എന്ന് ഇന്നത്തെ രക്ഷിതാക്കൾ പോലും പയ്യാരപ്പെടുന്നത് എത്രയോ തവണ കേട്ടിരിക്കുന്നു.
ഞാൻ പറഞ്ഞു വരുന്നത് എൻ്റെ അച്ഛനെക്കുറിച്ചാണ് ഞങ്ങൾ - മൂന്നു പെണ്ണും രണ്ട് ആണും - അഞ്ച് മക്കളാണ്
മേൽ പറഞ്ഞ അച്ഛന്മാരിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു എൻ്റെ അച്ഛൻ
എൻ്റെ പെൺമക്കൾ എൻ്റെ ശക്തിയാണ് എന്നായിരുന്നു അച്ഛൻ്റെ മതം
സാമാന്യം ഭേദപ്പെട്ട സമ്പത്തും പാരമ്പര്യവും പ്രതാപവും ഉള്ള ഒരു തറവാട്ടിലെ മൂത്ത മരുമകൻ (മരുമക്കത്തായം) ആയാണ് അച്ഛൻ ജനിച്ചത്
മരുമക്കത്തായം അവസാനിക്കുകയും മക്കത്തായം വേണ്ടത്ര പുഷ്ടിപ്പെടുകയും ചെയ്യാത്ത കാലത്ത് തറവാടു ഭാഗിച്ചു. അത് കൊണ്ട് തന്നെഅമ്മാവന്മാരുടെ കുംടുംബത്തിനുള്ള തു പോലെ സ്വത്തും സമ്പത്തും അച്ഛൻ്റെ അമ്മയ്ക്കു ലഭിച്ചില്ല
പക്ഷെ പ്രതാപത്തിനു കുറവും വന്നില്ല.
തറവാട്ടിൽ എല്ലാവരും വിദ്യാഭ്യാസമുള്ളവരായിരുന്നു.
അച്ഛൻ കൂടാളി ഹൈസ്കൂളിൽ നിന്നാണ് ഇ എസ് എൽ സി പാസായത് (എസ് എസ് എൽ സി ക്കു തുല്യം ) പിന്നീട് പഠിക്കാനായില്ല
ആ സമയത്ത് രാഷ്ട്രീയത്തിൽ പിച്ചവെക്കാൻ തുടങ്ങിഅച്ഛൻ
കാര്യത്തിലേക്കു വരാം
എൻ്റെ വല്യേച്ചി 1979ൽ SSLC പാസായത് 600ൽ 400 മാർക്കു വാങ്ങിയാണ്
തികച്ചും കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന ഞങ്ങൾക്ക് എന്നും പിടിപ്പത് പണിയുണ്ടായിരുന്നു. കണ്ടത്തിലെ പണി തീരുമ്പം പറമ്പത്ത്, പറമ്പത്തെ തീരുമ്പം അണ്ടി പെറുക്കൽ, മൂന്നോ നാലോ പശുക്കൾ
എല്ലാ പണിക്കും പുറത്ത് നിന്നാൾക്കാർ ഉണ്ടെങ്കിലും കുട്ടികളായ ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പണിയുടെ ചുമതല ഉണ്ടായിരുന്നു.
"പണിയെടുത്തിറ്റ് പഠിച്ചാ മതി"ന്നായിരുന്നു അമ്മേൻ്റെ ഒരിത്
ഈ സാഹചര്യത്തിലാണ് ഏച്ചി ഇത്രേം മാർക്ക് വാങ്ങിയത്
ഞങ്ങളുടെ ഭാഗത്ത് പത്താം ക്ലാസിൽ ഇത്ര മാർക്ക് ആദ്യായിറ്റായിരുന്നു.
" പെമ്പിള്ളർക്ക് മാർക്ക് കിട്ടീറ്റെന്നാ കൈക്കോറെ കാര്യം?"
നാട്ടുപയമക്കിടയിൽ ആരോ ചോദിച്ചു.
" പെമ്പിള്ളറെ മാർക്കിനാ വെല, എന്തെല്ലാം പണിയെടുത്തിറ്റാ ൻ്റ മോക്ക് ഇത്ര മാർക്ക് കിട്ടിയെ
iഓളെ ടീച്ചറാക്കണം
കണ്ണൂർ ടി.ടി.ഐയിൽ നിന്ന് ടി ടി സി പാസായി 18 വയസിൽ ജോലിയിൽ കയറി
അച്ഛന് അഭിമാനം.( നാട്ടുകാർക്കും)
ഇതിനിടയിൽ രസകരമായ പലതും പറയാനുണ്ട്
വിസ്താര ഭയം വിലക്കുന്നു പിന്നൊരിക്കലാകാം
കുഞ്ഞേച്ചിക്ക് പത്താം ക്ലാസിൽ മാർക്ക് കുറവായിരുന്നു'
പ്രീഡിഗ്രി കഴിയട്ടെ - അച്ഛൻ പറഞ്ഞു.
പ്രീഡിഗ്രി ഫസ്റ്റ് ചാൻസിൽ പാസായെങ്കിലും ടി ടി സിക്ക് കിട്ടേണ്ട മാർക്കില്ല
നേഴ്സിങ്ങിന് പോയാലോ?
" അയ്നാക്കാട്ടെം നല്ലത് തോലിന് പോകുന്നതാ" - അച്ഛൻ്റെ കാഴ്ചപ്പാട്.
ആ സമയത്ത് ഒരു പാട് കല്യാണാലോചനകൾ വന്നെങ്കിലും അച്ഛൻ സമ്മതിച്ചില്ല.
ഒടുവിൽ എറണാകുളത്തെ ഒരു സ്വകാര്യ ടി ടി ഐ യിൽ അന്നത്തെക്കാലത്ത് ഒരു വലിയ തുക നൽകി അവളെ അവിടെ ചേർത്തു.
ഇതറിഞ്ഞ അച്ഛൻ്റെ ചില അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചോദിച്ചു.
"അല്ല, സി.എ.നിങ്ങള് ചെക്കനെ പഠിക്കാനയക്കാണ്ട് ഈ പെണ്ണിന് ഇത്ര പ യിശ മൊടക്കിപ്പഠിപ്പിക്ക്ന്ന്?'
(ഏട്ടൻ SSLC ക്കു ശേഷം അച്ഛൻ്റെ FACTവളം ഡിപ്പോയിൽ സഹായത്തിനു നിന്നു. പഠിക്കാൻ പോയില്ലാ)
അച്ഛൻ്റെ മാസ് മറുപടി ഇങ്ങനെ
"എൻ്റെ മോന് കയിയാനുള്ളത് ഇവിടെയുണ്ട്
എൻ്റെ പെമ്മക്കള് ആരാൻ്റെ അടുക്കളെലേ വെപ്പുപണിക്കാരത്തികളാവേണ്ടവരല്ല."
സത്യം പറഞ്ഞാൽ അന്ന് പത്തിലായിരുന്ന എനിക്ക് രോമാഞ്ചമുണ്ടായി.
ഞാൻ SSLC മാർക്കിൽ പാസായി
പ്രീഡിഗ്രി കഴിഞ്ഞയുടൻ അച്ഛൻ ടി ടി സി ക്കപേക്ഷ അയച്ചു.
എനിക്ക് പഠിക്കണംLLB ക്ക് പോകണംന്നായിരുന്നു ആശ
" അച്ഛനു വയസായി, ടി ടി സി കഴിഞ്ഞാലും പഠിക്കാലോ " എന്നച്ഛൻ
(ടി ടി സി കഴിഞ്ഞ് ഒരു പാട് പഠിച്ചു.
LLB എന്ന മോഹം ബാക്കി)
മൂത്തവരുടെ രണ്ടു പേരുടെയും കല്യാണം കഴിഞ്ഞു. ഏട്ടൻ പുതിയ ബിസിനസുകൾ തുടങ്ങി
എനിക്ക് തുടരെ ആലോചനകൾ വരാൻ തുടങ്ങി
ഒരു പാർട്ടി വന്നു. നല്ല സാമ്പത്തികം, നല്ല ജോലി
കൊണ്ടുവന്ന ആൾ പറഞ്ഞു
അവരിക്ക് പെണ്ണിനെ പിടിച്ചിന്, പക്കെ വീട് പിടിച്ചില്ല, കുറച്ച് മാറ്റിയാല് :..
അയാളെ പറഞ്ഞ് തീർക്കാൻ വിടാണ്ട് അച്ഛൻ പറഞ്ഞു.
" ഞാൻ വീട് അവൾക്ക് കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല, അവരോട് പോകാൻ പറ,
എൻ്റെ മോള് മിടുക്കിയാണ്
ആരെയും ഓശാരം അനക്ക് വേണ്ട"
"തലയുയർത്തി നടക്കണം, കണ്ണിൽ നോക്കി സംസാരിക്കണം, സ്വന്തം അഭിപ്രായം എവിടെയും പറയണം"
പെണ്മക്കളോട് നാൽപതു വർഷം മുമ്പ് ഇങ്ങനെ ഉപദേശിച്ച അച്ഛനാണ് ഞങ്ങളുടെ ശക്തി
പെണ്മക്കളുടെ അച്ഛൻ മാര് ഇത് വായിക്കണം
അവരോട് ഇതാണ് എനിക്കും പറയാൻ ഉള്ളത്
നിങ്ങളുടെ മക്കളാണ് നിങ്ങളുടെ ശക്തി.
സരസ്വതി കെ.എം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക