എന്റെ
ഉമ്മ
ാക്ക് കോവിഡ് ആയിരുന്നു. കൃത്യമായി പറഞ്ഞാൽ നവംബർ 1 നാണു ഉമ്മയെ മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്.
ഇടക്കിടെ വരുന്ന വയറു വേദനയും പനിയും തളർച്ചയും കൊണ്ടാണ് കൊണ്ടോട്ടി ഹോസ്പിറ്റലിൽ പോയത്. അവിടുത്തെ ഡോക്ടർ മഞ്ചേരിയിലേക്ക് കൊറോണ ചെക്ക് ചെയ്യാൻ അയച്ചു. മാനു മെമ്മോറിയൽ ഹോസ്പിറ്റലിൽ വെച്ചു നടത്തിയ ടെസ്റ്റിൽ പോസിറ്റീവായി. അങ്ങനെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയത്.
കോവിഡ് കേരളത്തിൽ സംഹാര താണ്ഡവമാടിയ സമയമാണ്. 108 ആംബുലൻസുകൾ തലങ്ങും വിലങ്ങും ചീറി പായുന്ന ദിന രാത്രങ്ങൾ.
കാഷ്വാലിറ്റിയിൽ നിന്നും ഉമ്മയെ നേരെ വെന്റിലേറ്ററിലേക്ക് മാറ്റി. അപകടകരമായ രീതിയിൽ ഓക്സിജൻ അളവ് കുറയുകയായിരുന്നു പ്രശ്നം.
സത്യം പറഞ്ഞാൽ പേടിയായിരുന്നു. പത്തു ബെഡുകൾ ആയിരുന്നു ആ വാർഡിൽ. മരണത്തോട് അടുക്കുന്ന രോഗികൾക്ക് അവസാനമായി ആശ്രയമാവുന്ന പത്തു ബെഡുകൾ.
ഓരോ ദിവസവും മരണത്തിന്റെ മാലാഖ ആ വാർഡിലൂടെയും കയറി ഇറങ്ങും. പോവുമ്പോൾ ഏതെങ്കിലുമൊരു ആത്മാവ് കൂടെ കാണും.
അവരുടെ അവസാന നിമിഷങ്ങളിൽ ഡോക്ടരും നഴ്സുമാരും കഴിവിന്റെ പരമാവധി ആ ജീവൻ പിടിച്ചു നിർത്താൻ ശ്രമിക്കും.
ആ നേരത്ത് മരണപ്പെടുന്നവർ വലിയ ശബ്ദത്തിൽ ശ്വാസമെടുക്കും. ചിലർ പേടിപ്പെടുത്തുന്ന രീതിയിൽ അമറും. അവരുടെ മരണവെപ്രാളം
ഉമ്മ
കാണാതിരിക്കാൻ ഞാൻ ഉമ്മ
ാക്ക് അഭിമുഖമായി പ്ലാസ്റ്റിക് സ്റ്റൂളിൽ ഇരിക്കും. ഉമ്മയുടെ മുഖത്ത് ഓക്സിജൻ മാസ്ക് ഉണ്ടായിരിക്കും. കൈ തണ്ടയിലെ പാതി മരവിച്ച ഞരമ്പുകളിലേക്ക് ഗ്ലൂക്കോസിൽ ചേർത്ത മരുന്നുകൾ തുള്ളി തുള്ളിയായി അലിഞ്ഞു ചേരുന്നുണ്ടാവും.
ആ കയ്യിൽ തലോടി കൊണ്ട് ഞാൻ മോനിറ്ററിൽ നോക്കും. ഇടക്കിടെ ഒക്സിജന്റെ അളവ് 85 ലും കുറയും. ഹൃദയമിടിപ്പ് വല്ലാതെ കുറയും. അപ്പൊ വെന്റിലേറ്ററിലെ അലാറം അടിക്കാൻ തുടങ്ങും.
ഉറങ്ങാതെ കാവലിരിക്കുന്ന കാവൽ മാലാഖകൾ ഓടി വന്നു ഒക്സിജന്റെ അളവ് കൂട്ടി കൊടുക്കും. ചിലപ്പോൾ ഇൻജെക്ഷൻ എടുക്കും.
ഉമ്മ
ാ എന്ന് അവരുടെ സ്നേഹമൂറുന്ന ഒരു വിളിയുണ്ട്. ബോധത്തിന്റെയും അബോധത്തിന്റെയും ഇടയിൽ എവിടെയോ ഇരുന്നു ഉമ്മ
പതുക്കെ ഒന്ന് മൂളി ആ വിളി കേൾക്കും. അപ്പോഴേക്കും തൊട്ടടുത്ത ബെഡുകളിലെ രോഗികൾ അത്യാസന്ന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടാവും. ഉടനെ നഴ്സുമാർ അവരുടെ അടുത്തേക്കോടും. അങ്ങനെ ജോലി സമയം മുഴുവൻ ആവി നിറഞ്ഞു വെന്തുരുകുന്ന ആ പിപിഇ കിറ്റും ഇട്ട് യഥാർത്ഥ മാലാഖമാരെ പോലെ അവർ ജോലിയെടുക്കും.
എത്ര നോക്കിയിട്ടും കൈവിരലുകൾക്കുള്ളിലൂടെ ഊർന്നു പോവുന്ന ജീവനുകൾ കാണുമ്പോൾ ആരും കാണാതെ അവർ ചുമരിനോട് ചേർന്നു ശബ്ദമില്ലാതെ വിതുമ്പും. അപ്പോഴേക്കും അടുത്ത ആൾ. എല്ലാ സങ്കടങ്ങളും മാറ്റി വെച്ചു അവർ ഓടിച്ചെന്നു പിന്നെയും വിളിക്കും.
ഉപ്പാ,
ഉമ്മ
ാ, അച്ഛാ, അമ്മേ, ചേട്ടാ.അപ്പോഴൊക്കെ അവരുടെ ശബ്ദത്തിൽ നേരിയ ഒരു ഇടർച്ച ഉണ്ടാവും.
മരിച്ചു കഴിഞ്ഞാൽ മൃതദേഹം തുടർനടപടികൾക്കായി കുറെ സമയം ആ ബെഡിൽ തന്നെ പുതച്ചു മൂടി കിടക്കും.
ആ നേരമൊക്കെയും ഞാൻ
ഉമ്മ
അതൊന്നും കാണാതിരിക്കാൻ ഉമ്മ
ാക്ക് മറഞ്ഞു നിൽക്കും. ഉമ്മ
ാക്ക് വലിയ പേടി ആയിരുന്നു. എട്ട് ദിവസം കഴിഞ്ഞപ്പോൾ ഉമ്മയെ പെണ്ണുങ്ങളുടെ വാർഡിലേക്ക് മാറ്റി. അവിടെ കുറച്ചൂടെ നല്ല അവസ്ഥയായിരുന്നു.
ഒരു കുടുംബം പോലെ ഇരുപതോളം രോഗികൾ. അവരുടെ കൂടെ അതിലേറെ കൂട്ടിരിപ്പുകാർ.
ഐസിയൂവിൽ ഇടക്കിടെ നമ്മളെ പുറത്താക്കും. വാർഡിൽ ആ പ്രശ്നമില്ല. മുഴുവൻ സമയവും നമുക്ക് രോഗിയുടെ കൂടെ നിൽക്കാം.
അവിടെ എത്തി അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ടെസ്റ്റ് നടത്തി. റിസൾട്ട് നെഗറ്റീവായിരുന്നു. പക്ഷെ അപ്പോഴും ശ്വാസകോശം ആവശ്യത്തിന് പ്രവർത്തനം നടത്താത്തത് കൊണ്ട് ഓക്സിജൻ കൊടുക്കുകയായിരുന്നു.
കൃത്യം ഇരുപതാം ദിവസം ഡോക്ടറോട് സംസാരിച്ചു വീട്ടിൽ വെച്ചു ഓക്സിജൻ കൊടുക്കാം എന്ന ഉറപ്പിൽ ഡിസ്ചാർജ് ചെയ്തു.
ഒരു മാസം കൂടെ വീട്ടിൽ വെച്ചു ഓക്സിജൻ നൽകി. ഇപ്പോൾ നോർമലായി.
അൽഹംദുലില്ലാഹ്.
കോവിഡിന് മുൻപേ വലിയ തിരക്കായിരുന്നു എല്ലാർക്കും. പക്ഷെ കോവിഡ് വന്നതോടെ ആർക്കും തിരക്കില്ലാതെയായി.
ജീവിക്കാൻ കുറെ പൈസ വേണ്ടെന്നായി. കഴിക്കാൻ ഫാസ്റ്റ് ഫുഡും ഇറച്ചിയും മീനും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന സ്ഥിതിയായി. റേഷൻ അരിക്ക് ജനപ്രീതി വർധിച്ചു.
ഹോസ്പിറ്റലിൽ രോഗിക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ഫ്രീ ആണ്. ചികിത്സക്കും ഒരു രൂപ ചിലവില്ല. രാവിലെ ചായയും ഇഡലിയും അല്ലെങ്കിൽ ഇടിയപ്പം. പത്തു മണിക്ക് കഞ്ഞി. ഉച്ചക്ക് ചോറ്. വൈകിട്ട് ചായയും ബിസ്കറ്റും. രാത്രി ചപ്പാത്തിയും കറിയും.
സർക്കാർ ഹോസ്പിറ്റലിൽ ഇന്നെ വരെ പോവാത്ത പലരും അവസാന ആശ്രയമെന്ന നിലക്ക് അവിടെ ചികിത്സ തേടി വന്നു.
അതിന്റെ ഒക്കെ അപ്പുറത്ത് ഞാൻ കണ്ട സ്നേഹം നഴ്സുമാരുടെ ആയിരുന്നു.
മൂന്നാം കിട തറ കോമഡികളിലെ വളിപ്പുകളായി ചിത്രീകരിക്കപ്പെടുന്ന നഴ്സുമാർ.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഉറക്കപ്പിച്ചോടെ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ പോക്ക് കേസെന്ന് കമന്റ് കേൾക്കുന്നവർ.
നഴ്സ് ജോലി ചെയ്യുന്നത് കൊണ്ട് മാത്രം സമൂഹത്തിലെ ചില മാന്യന്മാർ സ്വഭാവ ദൂഷ്യം അടിച്ചേൽപ്പിക്കുന്നവർ. വിവാഹ കമ്പോളത്തിലെ ബലി മൃഗങ്ങൾ.
അവരുടെ സ്നേഹം കാണണമെങ്കിൽ ഹോസ്പിറ്റലിൽ തന്നെ പോവണം.
നമ്മുടെയൊക്കെ ഭാര്യമാർ ലേബർ റൂമിൽ കിടക്കുമ്പോൾ അവരുടെ രഹസ്യ ഭാഗങ്ങൾ ഷേവ് ചെയ്യാൻ അവർ മാത്രമേ കാണൂ.
നമ്മുടെ കുഞ്ഞുങ്ങളെ ഒക്കെ മുക്കി മൂളി പ്രസവിക്കുമ്പോൾ മലവും മൂത്രവും ചോരയും ഒക്കെ കൂടെയിങ്ങ് പോരും. അതും ഒരു മടിയും കൂടാതെ വൃത്തിയാക്കാൻ അവരെ കാണൂ.
ഐസിയുവിലൊക്കെ നമ്മുടെ വേണ്ടപ്പെട്ടവർ മരണത്തോട് മല്ലടിച്ചു കിടക്കുമ്പോൾ ഒരു മകളെ പോലെ കൂടെ നിന്നു ശ്രുശ്രൂഷിക്കാൻ അവരെ കാണൂ.
മഞ്ചേരി മെഡിക്കൽ കോളേജിലെ കോവിഡ് ഐസിയൂവിൽ അത് വരെ പരിചരിച്ച രോഗികൾ ആരെങ്കിലും മരണപ്പെട്ടാൽ അവർ സങ്കടം അടക്കി പിടിച്ചു മനസ്സിൽ കരഞ്ഞു കൊണ്ട് നോക്കി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ വിയർത്തൊലിച്ചു നെറ്റിയിലെ വിയർപ്പ് പോലും തുടക്കാൻ കഴിയാതെ നിസ്സഹായരായി തളർന്നു നിൽക്കും അവർ.
അപ്പോഴാവും ആരെങ്കിലും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് അവർ കാണുന്നത്. സ്വന്തം ബുദ്ധിമുട്ടുകൾ മറന്നു അവർ ഓടി വരും.
ഉമ്മ
ാ ന്നു അവരുടെ ഒരു വിളിയുണ്ട്. ആ വിളിയിൽ എല്ലാമുണ്ട്. ഒരു മകളുടെ സ്നേഹമുണ്ട്. ഒരമ്മയുടെ കരുതലുണ്ട്. പറിഞ്ഞു പോവാൻ തുടങ്ങുന്ന ജീവനെ പിടിച്ചു നിർത്താൻ വെമ്പുന്ന ഒരു സ്നേഹമുള്ള ഹൃദയമുണ്ട്.
എന്നിട്ടും നമ്മളൊക്കെ അവർക്ക് തിരിച്ച് കൊടുക്കുന്നത് എന്താണ്?.
നമ്മുടെ കൊച്ചു കേരളത്തിലെ എല്ലാ ആരോഗ്യ പ്രവർത്തകരോടും എന്റെ നന്ദി അറിയിക്കട്ടെ.
മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഓരോരോ സ്റ്റാഫിനോടും. ഡോക്ടർമാരോടും പ്രിയ നഴ്സുമാരോടും.
നിങ്ങളാണ് ശരിക്കും എന്റെ ഹീറോസ്. എന്റെ മാത്രമല്ല ഈ ലോകത്തിന്റെ മുഴുവൻ.
എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഈ സഹോദരന്റെ സ്നേഹാദരങ്ങൾ.
ആദരവോടെ,
ഹക്കീം മൊറയൂർ.
25 - 12- 2020
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക