Slider

ഒളിഞ്ഞു നോട്ടം,

0

 ''രാവിലെ മുറ്റം തൂത്തുവാരി കൊണ്ടിരുന്ന ഭാര്യ , പെട്ടന്ന് ചൂല് മുറ്റത്തിട്ട് റൂമിലേക്ക് ഓടി കയറി വന്നു,....!

''ഇളം വെയിൽ ദാനമായി നല്കിയ വിറ്റാമിൻ D അവളുടെ കവിളുകളിലും,
കഴുത്തിലും ചിതറി കിടപ്പുണ്ടായിരുന്നു,...

''മുറ്റമടിച്ചാൽ ഗുണം രണ്ടാ,..മുറ്റവും വ്യത്തിയാകും, വൈറ്റമിൻ D ഫ്രീയായി നിനക്ക് കിട്ടുകയും ചെയ്യും,..'' ഭർത്താവ് പറഞ്ഞു,...!

''എന്നാൽ നാളെ മുതൽ മുറ്റമടി നിങ്ങൾ ഏറ്റെടുത്തോ ...''

''എനിക്ക് മുറ്റമടി ശീലമില്ല... വെളളമടി വേണമെങ്കിൽ നോക്കാം,...' അല്ല നിന്റെ മുഖമെന്താ
വല്ലാണ്ടിരിക്കുന്നത് ...?

'' അപ്പുറത്ത് വാടകയ്ക്ക് താമസിക്കാൻ വന്ന വീട്ടിലെ ആ കിളവൻ ഒരു വായ്നോക്കിയാ,...ജനലിന്റെ കർട്ടൻ മാറ്റി ഇങ്ങോട്ടും നോക്കിയിരുപ്പാ അങ്ങേര്,.....!! മുറ്റമടിക്കാനും വയ്യ, മുൻ വശത്തേക്ക് ഇറങ്ങാനും വയ്യ, സദാസമയവും ജനലിന്റെ അടുത്ത് അയാളുണ്ട് ...''

''ങാഹാ ....അതുശരി ഇതങ്ങനെ വിടാൻ പറ്റില്ല .... ചോദിച്ചിട്ട് തന്നെ കാര്യം...''

ഭർത്താവ് മുണ്ട് മടക്കി കുത്തി, ഷർട്ടിന്റെ കൈ രണ്ടും ചുരുട്ടി കൂട്ടി മുകളിലേക്ക് വച്ചു, മീശ പിരിച്ചു,....!!

''വേണ്ട ചേട്ടാ..... അയാള് റിട്ടേഡ് പോലീസുകാരനാ,..''

''റീട്ടൈലായാലും ഹോൾസെയിലായാലും വിടില്ല അവനെ.....

''എന്റെ രക്തം തിളച്ച് മറിയുകയാ....!

',രക്തം തിളയ്ക്കാൻ നിങ്ങടെ മൂട്ടിലെന്താ സ്റ്റൗ കത്തിച്ചു വെച്ചേക്കുവാണോ,..?
''
അതല്ലെടി ...എന്റെ ഭാര്യയുടെ അംഗനവാടി ലാവണ്യം ....

''അംഗനവാടിയല്ല അംഗലാവണ്യം ...''

''അതെ അങ്ങനെയുളള ലാവണ്യം ഒളിഞ്ഞു നോക്കുന്നവൻ സാമൂഹ്യ ദ്രോഹിയാണ് .... അവന്റെ കണ്ണ് കുത്തിപ്പൊട്ടിക്കണം ...!

''നിങ്ങളൊന്ന് അടങ്ങ് മനുഷ്യാ ..''

'' നീ ഇന്നുമുതൽ കുനിഞ്ഞു കൊണ്ട് മുറ്റമടിക്കണ്ട .....!

''കുനിയാതെ എങ്ങനെയാ മുറ്റമടിക്കുക,....ഒരു കാര്യം ചെയ്യ്,...

''എന്താ ...?

'' നാളെ മുതൽ ചേട്ടൻ മുറ്റമടിച്ചാൽ മതി,...ചേട്ടൻ ഒരാണല്ലേ .... ആണുങ്ങൾ ആരുടെ മുന്നിലും കുനിയൂലല്ലോ തന്റേടത്തോടെ തല ഉയർത്തി പിടിച്ച് ചേട്ടന് മുറ്റമടിക്കാം,.....എന്താ സമ്മതമല്ലേ...''

'അല്ല ....അങ്ങനെ അല്ല.....

''എന്താ വിക്കുന്നത് ...

''എടി ...അതല്ല ...നമ്മൾ എല്ലാ കാര്യവും നെഗറ്റീവായി ചിന്തിക്കരുത്
കൊറോണയൊഴികെയുളള കാര്യങ്ങൾ പോസിറ്റീവാകണം .....
അയാള് ഒളിഞ്ഞു നോക്കുന്നതിൽ നമുക്ക് ഗുണമുണ്ടെടി...!

''ഭാര്യയ്ക്ക് അത്ഭുതം....

''എന്തു ഗുണം ..?

''നിനക്കറിയോ അയാളുടെ ഒളിഞ്ഞു നോട്ടം കൊണ്ട് രൂപ പതിനായിരമാണ്
നമുക്കു ലാഭം ...!

''അതെങ്ങനെ ...?

''എടി എന്റെ കൂട്ടുകാരന്റെ വീട്ടിൽ സാമൂഹിക ദ്രോഹികളുടെ ശല്ല്യം കാരണം സീ സീ ടി വി ക്യാമറ വച്ചതിന് ചിലവ് പതിനായിരമായി .....

ദൈവം സഹായിച്ച് ഈ കിളവനുളളപ്പോൾ പ്രത്യേകിച്ച് നമുക്കു സീ സീ ടിവിയുടെ ആവശ്യമില്ല ....സദാസമയവും അയാളുടെ നോട്ടം ഇങ്ങോട്ടല്ലേ ....!!

''അച്ചോടാ മനമേ ശരിയാണല്ലോ ...!
ഞാനത്രയും ചിന്തിച്ചില്ല കേട്ടോ....
എന്നാൽ ഞാൻ പോയി മുറ്റമടിക്കട്ടെ ....

ഭാര്യ മുറ്റമടിക്കാൻ പോയി,

അന്നു വൈകുന്നേരം

ഷോപ്പിങ്ങിനു പോയി വന്ന ഭാര്യയെ കണ്ട് ഭർത്താവ്,

''നീ എവിടെ പോയതാടി,...

''ചേട്ടന് ലാഭം കിട്ടിയ ആ പതിനായിരം രൂപയ്ക്ക് ഞാൻ പോയി ഒരു ചെയിൻ വാങ്ങി ....

''എന്റെ കടവുളെ.... !! ഭർത്താവ് നെഞ്ചിൽ കൈവച്ചു കൊണ്ടിരുന്നപ്പോൾ ,മകൾ ഓടി വന്നു പറഞ്ഞു,

''അമ്മേ ...അപ്പുറത്തെ വീട്ടിലെ ആ അപ്പൂപ്പൻ ബാത്ത് റൂമിൽ തെന്നി വീണു ....അപ്പൂപ്പന് കണ്ണ് കാണത്തില്ലായിരുന്നത്രേ,...

എന്റെ ദൈവമേ രൂപ പതിനായിരം ..... ഭർത്താവ് ബോധം കെട്ട് വീണു,...

=======
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo