നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മായിയമ്മയാകാനുള്ള പക്വത


 ’അതേയ് .. ചേട്ടാ ...ഇന്നൊരു സംഭവം ഉണ്ടായി കേട്ടോ ...'ജോലി കഴിഞ്ഞ് വീടിന്റെ സിറ്റൗട്ടിൽ കയറിയപ്പോൾ തന്നെ ഭാര്യ മണിക്കുട്ടിയുടെ വിശേഷം പറച്ചിൽ ..

'ഞാനീ മാസ്ക്കൊന്ന് കഴുകിയിട്ട് കേട്ടാൽ മതിയല്ലോ അല്ലേ..'ഞാൻ വെറുതെ ഒന്നു ഞോണ്ടി..
'ഓ.... ഞാനെന്തു പറഞ്ഞാലും ഇങ്ങനെയാ ...' അവൾ മുഖം കൂർപ്പിച്ചു.
'അല്ലെടി ഭാര്യേ ..നിന്റെ വിശേഷങ്ങൾ
കേൾക്കാനല്ലേ ഓഫീസു വിട്ട് ഞാൻ നേരേ ഇങ്ങോട്ടു തന്നെ വരുന്നെ .. '
ഒള്ളതു പറയാലോ.. അയലോക്കത്തെ വിശേഷങ്ങളും ബന്ധുക്കളുടെ വിശേഷങ്ങളും എന്തിന് ഈ പഞ്ചായത്തിലെന്തൊക്കെ നടന്നു എന്നുവരെ നല്ല എരിവും പുളിയും ചേർത്തു വിളമ്പാൻ എന്റെ ഭാര്യ മണിക്കുട്ടിക്കു നല്ല വിരുതാ..!!
"ങാ..കേക്കട്ടെ.. ഇന്നെന്താ ഉണ്ടായെ " . ചൂടു ചായ മൊത്തിക്കുടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
"അതേയ്... ഒരു കല്യാണാലോചന.."
മണിക്കുട്ടി ശബ്ദം താഴ്ത്തി അപ്പുറത്തെ മുറിയിലേക്ക് എത്തിനോക്കി. മൂത്തമകൾ ബി.എ ക്കാരി ഓൺലൈൻ ക്ലാസ്സ് അറ്റൻഡ് ചെയ്യുന്നു. എന്നാലും അമ്മ അച്ഛനോടു കുശുകുശുക്കുന്നത് കേൾക്കാൻ ചെവിവട്ടം പിടിച്ചിരിക്കും.
'ആർക്ക് ...ജാനി മോൾക്കോ .." .
"പിന്നെ അപ്പുറത്തെ അവറാച്ചന്റെ മോടെ കാര്യം ഞാനെന്നേത്തിനാ മനുഷ്യാ നിങ്ങളോടു പറയുന്നെ.." അവൾ വീണ്ടും മുഖം കൂർപ്പിച്ചു.
"ങാ..കേൾക്കട്ടെ .."
ഞാനും ഒന്നിളകിയിരുന്നു.
"വടക്കേലെ ജാനകിയേച്ചി ഇന്നിവിടെ വന്നിരുന്നു.." അവൾ ശബ്ദം താഴ്ത്തി വീണ്ടും.
"ഈ കൊറോണയായിട്ടോ ...? ഞാൻ ഇടയിൽക്കേറി വീണ്ടും .
" ദേ ... മനുഷ്യാ.. നിങ്ങക്ക് വേണോങ്കിൽ കേട്ടാ മതി .." അവൾക്ക് ദേഷ്യം വന്നു തുടങ്ങി.
"ആ... ജാനകിയേച്ചീടെ അകന്ന ബന്ധത്തിലൊരു പയ്യനുണ്ടത്രെ.. അങ്ങ് ഗൾഫിലാ..നല്ല ജോലിയാന്നാ പറഞ്ഞെ .. നമുക്കൊന്നാലോചിച്ചാലോ ദിനേശേട്ടാ .."
"എടീ... അതിനവളു പഠിക്ക്യല്ലേ... ഒരു ജോലിയൊക്കെയാകാതെ ഇന്നത്തെക്കാലത്ത് കെട്ടിച്ചു വിടാൻ പറ്റ്വോ.. മൊബൈൽ ചാർജ് ചെയ്യണം, ബ്യൂട്ടി പാർലറിൽ പോകണം, ഫ്ലിപ്കാർട്ടിലും മിന്ത്രയിലുമൊക്കെ കാണുന്ന ഡ്രെസ്സുകളും ജൂവലറികളും വാങ്ങിക്കൂട്ടണം .. സ്വന്തമായി വരുമാനമില്ലെങ്കിലേ മോളു പാടുപെടും.." ഞാനെന്റെ നിലപാടു വ്യക്തമാക്കി.
" പിള്ളേരേം നോക്കി വീട്ടിലിരുന്നാ മതീന്നു നിങ്ങളു പറഞ്ഞിട്ടല്ലേ മനുഷ്യാ ഞാൻ ജോലിക്കു പോകാത്തത്. നിങ്ങടെ മനസ്സിലിരിപ്പ് ഇതായിരുന്നല്ലേ.. അതാ ഞാനൊന്നു ഫേഷ്യൽ ചെയ്യാൻ പൊക്കോട്ടേന്നു ചോദിക്കുമ്പം നിങ്ങളു നിന്നു താളം ചവിട്ടുന്നതല്ലേ .. ? അവൾ വാക്പയറ്റ് തുടങ്ങിക്കഴിഞ്ഞു.
ഈശ്വരാ .. ചക്കിനു വച്ചതു കൊക്കിനു കൊണ്ടു എന്നു പറഞ്ഞപോലായി.. മുഖത്തിന്റെ മുക്കാൽ ഭാഗോം മാസ്ക്ക് കൊണ്ടു പോകും. പിന്നെ ആരെ കാണിക്കാനാ എന്നു ചോദിക്കാതെ നിരുപാധികം നിലപാടു പിൻവലിച്ച് തടിയൂരി ഞാൻ . അപ്പോഴാണ് മറ്റൊരു ചിന്ത അയലോക്കത്തു കൂടി പോയത്.
"എടീ... അവൾക്ക് വല്ല ചമ്മന്തി അരയ്ക്കാനെങ്കിലും അറിയാമോ..? പണ്ട് അടുക്കള മുഴുവൻ ദോശ പ്രളയമുണ്ടാക്കിയവളല്ലേ നീ ..? അവള് കൈകഴുകി ഡൈനിംഗ് ടേബിളിനു മുന്നിലിരിക്കുന്നതേ ഞാൻ കണ്ടിട്ടുള്ളു ... "
" അച്ഛാ... എനിക്കു ചിക്കൻ പൊരിയ്ക്കാനറിയാം..പിന്നെ, യു - ട്യൂബുണ്ടല്ലോ. എന്തിനു പേടിക്കണം .. ആദ്യം അമ്മ നല്ല പോലെ വയ്ക്കാൻ പഠിക്കട്ടെ ..!! " ജാനിമോള് ഓൺലൈൻ ക്ലാസ്സ് കട്ട് ചെയ്ത് സ്വന്തം നിലപാടുമായി വന്നു.
" നാലുനേരം ഞാനുണ്ടാക്കിത്തരുന്നതും കഴിച്ചേച്ച് എന്നെ കുറ്റം പറയുന്നോടീ ...." മണിക്കുട്ടി വിട്ടില്ല ..
"അമ്മേ... അമ്മയ്ക്ക് അൽഫാം, ഷവായ്, ചീസ് കേക്ക്, റെഡ് വെൽവെറ്റ് ... ഇതൊക്കെയുണ്ടാക്കാനറിയാമോ.. ? എന്റെ ചെക്കന് ഇതൊക്കെ ഇഷ്ടമാണെങ്കിൽ ഒരമ്മായിയമ്മ എന്ന നിലയിൽ ഇതൊക്കെ ഉണ്ടാക്കിക്കൊടുക്കേണ്ടേ ..അല്ലെങ്കിൽ നാണക്കേടല്ലേ ..?
എന്നോ വരാൻ പോകുന്ന ചെക്കനെക്കുറിച്ചുള്ള മകളുടെ കരുതൽ കേട്ട് പകച്ചുപോയി എന്റെ പിതൃത്വം . കുനിഞ്ഞൊരു പ്ലാവില എടുക്കാത്തവള് ഫോർമാലിറ്റി ക്കെങ്കിലും എനിക്കിപ്പം കല്യാണമൊന്നും വേണ്ടച്ഛാ എന്നു പറയുമെന്നാ കരുതിയെ..
" ശരിയാ .. മോളു പറഞ്ഞെ, കരിഞ്ഞതും മൊരിഞ്ഞതും ഒരക്ഷരം ഉരിയാടാതെ കഴിക്കുന്ന ഈയുള്ളവന്റെ ഗതികേട് എന്റെ മോളെങ്കിലും മനസ്സിലാക്കിയല്ലോ.. അതുകൊണ്ട് നാളെ മുതൽ രാവിലെ എഴുന്നേറ്റ് അടുക്കളേൽ കയറണേ മോളേ .." പുത്രീവാത്സല്യം എന്നിൽ കരകവിഞ്ഞൊഴുകി.
"ഹേയ്, അതൊന്നും ശരിയാകത്തില്ല. എനിക്കു നേരത്തെ എഴുന്നേൽക്കാനൊന്നും വയ്യ. ഞാനെന്റെ നിലപാടു പിൻവലിച്ചിരിക്കുന്നു. അമ്മേടെ പാചകം കിടുവാണച്ഛാ ... !!
എത്ര പെട്ടെന്നാ നിലപാടുകൾ മാറി മറിയുന്നത്..
"പക്ഷേ, ഈ അമ്മയ്ക്ക് അമ്മായിയമ്മയാകാനുള്ള പക്വതയൊന്നുമില്ല.. അമ്മായിയമ്മ എന്നു പറഞ്ഞാൽ നല്ല ഗെറ്റപ്പൊക്കെ വേണം.. ഇതെന്നാ, പലാസോ പാന്റുമിട്ട് ഹെയർ കളറും ഫെദർ കട്ടുമൊക്കെ ചെയ്തു നടക്കുന്ന അമ്മായിയമ്മ.. ഒരു .. ഒരു .. ഗുമ്മില്ല..അല്ലേ അച്ഛാ .." അന്തരീക്ഷത്തിലൂടെ പറന്നു വരുന്ന ഒരു വലിയ സവാളയെ ഏറ്റുവാങ്ങാൻ എന്റെ നെഞ്ചിനെ വിട്ടുകൊടുത്ത് മകൾ എന്റെ പിന്നിലൊളിച്ചു.
" അപ്പോൾ നീ പറഞ്ഞോണ്ടു വരുന്നതെന്നതാടീ മോളേ .. ഈ പ്രായത്തിലിനി ഗുമ്മുള്ള ആളെ എനിക്കെവിടുന്നു കിട്ടാനാ... എന്നാലും ഞാൻ റെഡിയാ .."വെറുതെയാണെങ്കിലും ഒരു കുളിരുകോരൽ എവിടുന്നൊക്കെയോ പൊങ്ങി.
"പത്തുനാല്പത്തഞ്ചു വയസ്സു കഴിഞ്ഞാൽ ഭാര്യയ്ക്കു ഗുമ്മില്ല എന്നൊക്കെ തോന്നും. പഴയ കൂട്ടുകാരുമായി ചാറ്റുന്നതു കണ്ടപ്പോഴേ എനിക്കു സംശയം തോന്നീതാ ..നിങ്ങളെ .കുറെ സുന്ദരിക്കോതകള് നേരം വെളുക്കുമ്പം മുതല് ഗുഡ് മോണിംഗും കൊണ്ടിറങ്ങും. എനിക്കുമുണ്ടേ കൂട്ടുകാരും വാട്സാപ്പുമൊക്കെ ..ഞാനങ്ങു തുനിഞ്ഞിറങ്ങിയാലുണ്ടല്ലോ... നിങ്ങളു സമയത്ത് കഞ്ഞി കുടിക്കില്ല...അത്ര തന്നെ. ങാ.. അപ്പനും മോളും കൂടി എന്നെക്കൊണ്ടതു ചെയ്യിക്കല്ല്... " വെട്ടിത്തുറന്ന് നിലപാടു വ്യക്തമാക്കിയിട്ട് അവൾ ചാടിത്തുള്ളി അടുക്കളേലേക്ക് പോയി .
"ഛെ ..ഛെ ... ഛെ ... ഛെ ... അമ്മായിയമ്മയാകാനുള്ള ലുക്കില്ല എന്നു പറഞ്ഞത് അമ്മയൊരു സന്തൂർ സുന്ദരിയാണെന്ന അർത്ഥത്തിലാന്നേ ..!! " വീട്ടുജോലീന്നു പറഞ്ഞാൽ ജാനി മോള് എന്തഡ്ജസ്റ്റ്മെന്റിനും തയ്യാറാകും. അമ്മേടെ കവിളത്ത് ഒരുമ്മ കൊടുത്ത് അവളു തടിതപ്പി.
എന്റെ ഗുഡ് മോണിംഗ് ഫ്രണ്ട്സിനെ അവളു ബ്ലോക്കുചെയ്യുമെന്ന ഉൾവിളിയുണ്ടായതിനാൽ ഹൃദയം മലർക്കെ തുറന്നിട്ട് നിറയെ ഉമ്മകൾ ഫിറ്റു ചെയ്ത ചുണ്ടും നീട്ടിപ്പിടിച്ച് ഇത്തിരി പക്വത പകർന്നു കൊടുക്കാനായി ഞാനും വാമഭാഗത്തിന്റെ പിന്നാലെ പോയി.
ശേഷം .........
സ്വസ്ഥം ,സുഖം, കുടുംബജീവിതം ..
രതിമോൾ ജിനി.
19/12/2020
വക്കം.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot