Slider

വിവാഹം സ്വർഗ്ഗത്തിൽ ഡോട്ട്കോം .

0

ഒരോഫീസിൻ്റെ യാതൊരുവിധ
അടയാളങ്ങളുമില്ലാത്ത ആ മുറിയ്ക്ക് മുമ്പിൽ അയാൾ തെല്ലൊരു ശങ്കയോടെ നിന്നു .ഇതിനോടകം ഒട്ടനവധി മാര്യേജ് ബ്യൂറോകളിൽ കയറിയിറങ്ങിയതിൻ്റെ സുദീർഘ പരിചയമുള്ളതിനാലും ഇതിൻ്റെ രീതികളിലെ വ്യത്യസ്തതയും അയാളെ ആ രീതിയിൽ ചിന്തിപ്പിച്ചു എന്നതാണ് വാസ്തവം.
കഴിഞ്ഞയാഴ്ച ഫേസ്ബുക്കിൽ വന്നൊരു കൗതുക വാർത്തയിലാണ് അയാൾ വിവാഹം സ്വർഗ്ഗത്തിൽ ഡോട്ട് കോം എന്നയീ സംരംഭത്തെക്കുറിച്ചറിയുന്നത്. ഒരു വ്യാഴവട്ടക്കാലത്തെ പെണ്ണന്വേഷണത്തിൽ തോറ്റ് തൊപ്പിയിട്ട് ദാമ്പത്യ സ്വപ്നങ്ങളെ മനസ്സിൻ്റെ തെക്കേപ്പറമ്പിൽ കുഴിച്ചുമൂടി നാൽപ്പതിൻ്റെ പക്വതയിൽ അഭിരമിച്ചുകൊണ്ടിരുന്നപ്പോഴാണ് ഏകാശ്രയമായ അമ്മ കുളിമുറിയിൽ തെന്നി വീണത്....,
ശേഷം ചിന്ത്യം....!
അയാൾ തൻ്റെ ഫേസ്ബുക്കിൽ സേവ് ചെയ്തു വെച്ച ആ വാർത്ത ഒരാവർത്തി കൂടെ വായിച്ചു.... അതിപ്രകാരമായിരുന്നു.
പെണ്ണന്വേഷിച്ചു വന്ന യുവാവ് ഗൃഹനാഥനെ മർദിച്ചവശനാക്കി ...!
കല്ല്യാണാലോചനയുമായി വന്ന സജീവൻ എന്ന യുവാവ് (42) റിട്ട. അദ്ധ്യാപകനായ സോമശേഖരനെ മർദ്ദിച്ചവശനാക്കി .സോമശേഖരൻ്റെ മകളെ വിവാഹം ആലോചിച്ചാണ് സജീവൻ വന്നത്. സോമശേഖരന് പന്ത്രണ്ട് വയസ്സുള്ള ഒരു മകൻ മാത്രമാണുള്ളത് .തുടർന്ന് നടന്ന വാഗ്വാദമാണ് അടിപിടിയിൽ കലാശിച്ചത്. സോമശേഖരൻ്റെ പരാതി പ്രകാരം പോലീസ് കേസെടുത്തു.തുടർന്നുള്ള അന്വേഷണത്തിലാണ് വിവാഹം സ്വർഗത്തിൽ ഡോട്ട് കോം ഉടമ പാപ്പൻ പൊറ്റമ്മലിനെ ചോദ്യം ചെയ്യുന്നത്.
"ആരാ ..?" അയാളൊന്നു ഞെട്ടി .
തൻ്റെ മുന്നിലുള്ള കതക് തുറന്ന്,
ആജാനബാഹുവായൊരു മനുഷ്യൻ നിൽക്കുന്നു. നെഞ്ചിൽ തൊടുന്ന പഞ്ഞിത്താടിയും തലയിലൊരു യൊ..യൊ കെട്ടും.
"ഞാൻ ദയാശീലൻ .. "
പാപ്പൻ്റെ സംശയം കണ്ടിട്ടാവണം , അയാളൊന്നു തിരുത്തി .
"പേരാണ്.... ! കാര്യങ്ങൾ ഒന്നറിയണമെന്നുണ്ട്. "
"വരൂ. ... "
അവരാ കുടുസ്സുമുറിയിൽ ഒതുങ്ങിയിരുന്നു .അവരെ കൂടാതെ അവരിരിക്കുന്ന കസേരകളും ഒരു മേശയും അതിനു മുകളിൽ ഒരു കമ്പ്യൂട്ടറും മാത്രമാണ് അവിടെയുള്ളത്.
"ഫോട്ടോ ഉണ്ടോ ..?" അയാൾ തൻ്റെ ഫോണിലുള്ള ജിയോടാഗ്ഡ് ഫോട്ടോ പാപ്പന് നേരെ നീട്ടി. അതിലുള്ള ഡീറ്റെയലുകൾ തൻ്റെ കമ്പ്യൂട്ടറിലേക്ക് പകർത്തി പാപ്പൻ അയാളോടായിപ്പറഞ്ഞു.
"ഞാൻ ചെയ്യുന്നത് ഒരു സോഫ്റ്റ് വേർ ബെയ്സ്ഡ് സർവ്വീസ് ആണ് , തികച്ചും സൗജന്യം. നിങ്ങളുടെ ഭാര്യ ...., അതായത് സ്വർഗ്ഗത്തിൽ വെച്ചു നടന്നു കഴിഞ്ഞ നിങ്ങളുടെ വിവാഹത്തിലെ ഭാര്യ ഈ ജന്മത്തിൽ ഉണ്ടാവാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളുടെ ജിയോടാഗ്ഡ് വിവരങ്ങൾ നിങ്ങൾക്ക് തരും.തുടർന്നുള്ള കാര്യങ്ങൾ നിങ്ങളുടെ ഭാഗ്യം പോലെയിരിക്കും .മുൻപ് ഞാൻ ഓൺലൈനായി ഈ സർവ്വീസ് ചെയ്തിരുന്നു. പക്ഷെ പലരും സ്ക്രീൻ ഷോട്ടുകൾ കൊണ്ടെനിക്ക് പണി തരാൻ തുടങ്ങിയതോടെ അതു നിർത്തി. "
അപ്പോഴേക്കും അയാൾക്കുള്ള സൂചനകൾ പാപ്പൻ എഴുതി നൽകി. "സാദ്ധ്യതകൾ മാത്രമാണ് ,ചിലപ്പോൾ ശരിയായേക്കാം ."
തൊഴുകൈയ്യോടെ അയാളിറങ്ങി .പാപ്പൻ തൻ്റെ വിരലുകൾ കീബോർഡിൽ ചലിപ്പിച്ചു..., ശേഷം ചിന്തയിലാണ്ടു.
"സാർ ..."
പാപ്പൻ മുഖമുയർത്താതെ മൂളി .
"ഞാനാണ് ...., വീണ്ടും ദയാശീലൻ ."
എന്തു പറ്റി ശീലാ... ,
"അതേയ് ... നിങ്ങൾ എഴുതി തന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല. ഫോട്ടൊ തന്നെ അടുത്ത വീട്ടിലെ ചെക്കൻ എടുത്തു തന്നതാ .ഇത് കണ്ടിട്ട് അവൻ്റെ കയ്യിൽ നിൽക്കുമെന്ന് തോന്നുന്നില്ല. ഇതൊന്നു മലയാളത്തിൽ പറഞ്ഞു തരാമോ ? "
"ശീലൻ വരൂ ... നമുക്ക് ശരിയാക്കാം ."
പാപ്പൻ ദയാശീലൻ്റെ കൈയ്യിൽ നിന്നും കടലാസ് വാങ്ങി .
"ഒരു നിശ്ചിതസ്ഥലത്ത്‌ ഭൂമിയോട്‌ സ്‌പര്ശതലീയമായിട്ടുള്ള പ്രതലത്തിനു മുകളിലായി ഖഗോളധ്രുവത്തിന്റെ കോണീയ ഉയര്ച്ചയെ ആധാരമാക്കിയുള്ളസമാന്തര രേഖകള് ഉണ്ടാവും അതാണിത്,
പേപ്പറിൽ എഴുതിയിടത്ത് വിരൽ ചൂണ്ടി പാപ്പൻ പറഞ്ഞു. "
"അപ്പോളിതോ .... "
സ്ഥലങ്ങളുടെ സ്ഥാനം സൂചിപ്പിക്കുന്നതിന്‌ ഉപയോഗിക്കുന്ന നിർദ്ദേശാങ്കവ്യവസ്ഥയാണിത്.
ഖഗോളനിർദ്ദേശാങ്കവ്യവസ്ഥകളിലെ ഒരു ഉപവിഭാഗം. ഒരു ത്രിമാന ഗോളീയ ഉപരിതലമാണ്‌ ഇതിൽ ഉപയോഗപ്പെടുത്തുന്നത്.
"നിങ്ങൾ പാപ്പനല്ല ... കോപ്പനാണ് കോപ്പൻ ...! ഇത് വല്ലതും മനുഷ്യൻമാർക്ക് മനസ്സിലാവുന്ന കാര്യമാണോ ?"
"ശീലൻറ വികാരമെനിക്ക് മനസ്സിലാവും. ഇതൊക്കെയാണ് പച്ച മലയാളത്തിൽ ഇതിനുള്ള നിർവ്വചനം .സംശയമുണ്ടെങ്കിൽഫോണിൽ നോക്കിയാൽ കാണാം ,
ഏറ്റവും ചുരുക്കി അക്ഷാംശം, രേഖാംശം
എന്നൊക്കെപ്പറയും "
"എല്ലാം മറന്നേക്കൂ ,കല്യാണം നടക്കാൻ വല്ല സാധ്യതയും ഉണ്ടോ ?" ദയാശീലൻ കൈകൾ കൂപ്പി .
ഒന്നടങ്ങന്റെ ശീലാ... ഞാനൊന്നു നോക്കട്ടെ.
പാപ്പൻ ഡീറ്റൈൽസ് ഫോണിൽ ടൈപ്പ് ചെയ്തു.
ദയാശീലൻ പ്രതീക്ഷയോടെ
ഏന്തിവലിഞ്ഞു നോക്കി .
"ഭാഗ്യം ... മുപ്പത് കിലോമീറ്ററേ ഉള്ളൂ .കടുങ്ങോഞ്ചിറ ക്ഷേത്രത്തിന് സമീപമാണ് ലൊക്കേഷൻ .വേഗം വിട്ടോ ,എല്ലാ വിധ മംഗളാശംസകളും .ഒരു കാര്യം കൂടെ ...., അവിടെച്ചെന്ന് അലമ്പാക്കി അടി വാങ്ങിച്ചിട്ട് അവസാനം എൻ്റെ പേര് പറയുരത് .പ്ലീസ് .."
"പാപ്പൻ സാറേ , നന്ദി . എങ്കിലും എന്നോട് നിങ്ങൾക്ക് ഇപ്പോഴൊരു ഇത് തോന്നുന്നില്ലേ ... ? ഞാൻ പാവമാണ് ..., പേരുപോലെ നിഷ്ങ്കളങ്കൻ .അങ്ങിനെയുള്ള ഞാൻ ഒറ്റയ്ക്ക് പെണ്ണന്വേഷിച്ച് എങ്ങിനെ പോവും ...? അവര് വല്ലതുമൊക്കെ പറഞ്ഞാൽ ചിലപ്പോൾ ഞാൻ കരയും .നാട്ടുകാരും വീട്ടുകാരും കൈവിട്ട എന്നെ പാപ്പനൊരു മകനെപ്പോലെ കണ്ടൂടെ. എൻ്റെ കാരണവരായി നിന്ന് ഇത് ശരിയാക്കിത്തരണം . "
പറഞ്ഞു കഴിഞ്ഞതും ദയാശീലൻ പാപ്പൻ്റെ കാലിൽ പിടുത്തമിട്ടു.
"ഇതൊരു പ്രശ്നമായെല്ലോ ...? "
പാപ്പൻ താടിയുഴിഞ്ഞു .രണ്ടുമൂന്നു വട്ടം സ്മൂത്തായി താഴെ വരെയെത്തിയ വലതു കൈയ്യുടെ ചൂണ്ടുവിരിൽ തുടർന്നുള്ള നീക്കത്തിൽ പഞ്ഞിത്താടിയുടെ നീരാളിപ്പിടുത്തത്തിൽ എവിടെയോ ഉടക്കി .ഏറെ പണിപ്പെട്ട് അതൂരിയെടുക്കുമ്പോഴേക്കും പാപ്പൻ്റെ ചിന്തകളിൽ ദയ നിറഞ്ഞിരുന്നു....!
പാപ്പനല്ലെങ്കിലും അങ്ങിനെയാണ് .ഒരാളെ ഇഷ്ടമായാൽ അയാളെ മൊത്തമായെങ്ങടുക്കും .പിന്നെ പാപ്പനുണ്ടാവും അവനൊപ്പം ഏത് നരകത്തിൽപ്പോവാനും .
"വാ പോവാം ... "
പാപ്പൻ്റെ ഒമ്നി വാനിൽ വിവാഹസുരഭില സുന്ദര സ്വപ്നങ്ങളുമായി ദയാശീലൻ ഞെളിഞ്ഞിരുന്നു.
"പാപ്പോയ്.... ശരിക്കും ഇങ്ങിനെ അരുടെയെങ്കിലും കല്യാണം നടന്നിട്ടുണ്ടോ ..?"
പാപ്പൻ രൂക്ഷമായൊന്നു നോക്കി ."നീ മലയാളി തന്നെടെ എന്ന് മനസ്സിൽപ്പറഞ്ഞു.
"ഞാൻ തുടർന്ന് അന്വേഷിക്കാറില്ലെടോ.. ഇത്രയും കാലത്തിനുള്ളിൽ രണ്ടു പേര് മാത്രമാണ് വീണ്ടും വന്ന് കണ്ടത് ."
"അതാരാ .. ആ ഭാഗ്യവാൻമാർ .?"
"ഒന്ന് സാജു .അവന് പറഞ്ഞുകൊടുത്ത ലൊക്കേഷൻ ഒരു ഡി വൈ എസ് പിയുടെ വീടായിരുന്നു .അവൻ പോയി മുട്ടി, അവന് നല്ലോണം കിട്ടി... !
പക്ഷെ അവൻ വിട്ടില്ല .ഉള്ള നാടൻ പണിയ്ക്ക് അവധി കൊടുത്ത് തുനിഞ്ഞിറങ്ങി .മൂന്ന് മാസം തികയും മുമ്പേ ഡി വൈ എസ് പിയുടെ മകളേയും കൊണ്ട് നാടുവിട്ടു.. പോകുന്ന പോക്കിൽ എന്നെ വന്നു കണ്ടിരുന്നു.
രണ്ടാമത്തെ സംഭവം വൈറൽ ആയതാണ് ,പക്ഷെ എന്നെ കാണാൻ വന്നത് സജീവനല്ല .. ആ മാഷാണ് ,അദ്ദേഹം കുറേ കരഞ്ഞു. അയാളും ഭാര്യയും വിവാഹത്തിൻ്റെ ആദ്യമാസത്തിൽ കൈവന്ന മഹാഭാഗ്യം വേണ്ടെന്ന് വച്ചിരുന്നു പോലും .അതിനെ തേടിയാവും സജീവൻ ചെന്നത് .ശേഷമേറെ വൈകിയാണ് അവർക്ക്
സന്താനസൗഭാഗ്യമുണ്ടായത് ."
"അപ്പോൾ പാപ്പൻ പറഞ്ഞു വരുന്നത് ...? "
"എടാ പ്രകൃതിയ്ക്കൊരു താളമുണ്ട്. നീ കേട്ടിട്ടില്ലേ ഒരാൾ ജനിക്കുമ്പോൾ അവനുള്ള ഇണയും കൂടെ ജനിയ്ക്കും . നമ്മൾ മനുഷ്യരാണ് ആ താളം തെറ്റിക്കുന്നത് .പണ്ടൊക്കെ ഒരാൾക്ക് പത്തും പന്ത്രണ്ടും കുട്ടികളുണ്ടാവുമായിരുന്നു .ഇന്നോ ...? അതിൻ്റെ കൂടെയാണ് അനാവശ്യമായ ഗർഭഛിദ്രവും .നിർഭാഗ്യവശാൽ ആ രീതിയിൽ അസ്തമിക്കുന്നത് അധികവും പെൺകുട്ടികളാണ് .ഇന്നിപ്പോൾ നിയമം കർശനമായതോടെ അത് ഏറെക്കുറേ നിലച്ചു. "
"ദയാശീലൻ തൻ്റെ കണ്ണുകൾ അമർത്തി തുടച്ചു. ."
പാപ്പൻ്റെ ഫോണിൽ നിന്നും സ്ഥലമെത്തിയതിൻ്റെ കാഹളം മുഴങ്ങി .
ഡോർ തുറക്കാൻ ശ്രമിച്ച ദയാശീലനെ പാപ്പൻ വിലക്കി
"ഒരു കാര്യം കൂടെ .. നീ ഒരക്ഷരം മിണ്ടരുത് ഞാൻ തഞ്ചവും താളവും നോക്കി കൈകാര്യം ചെയ്യാം ."
പതിയെ ഡോർ തുറന്ന് അവരിറങ്ങി. ക്ഷേത്രത്തിന് വടക്കുവശമാണ് ലൊക്കേഷൻ .ആ ഭാഗത്ത് പാടമാണ് .അവിടെ ആകെ ഒരു വീടേ കാണുന്നുള്ളൂ .പക്ഷെ ആ വീട്ടിൽ ചെറിയൊരാൾക്കൂട്ടം കണ്ട പാപ്പൻ ഒന്നൊതുങ്ങി .ദയാശീലനെ ഇടതു കൈ കൊണ്ട് തടഞ്ഞ് പാപ്പൻ തൊട്ടടുത്തുള്ള പെട്ടിക്കടയിൽ കയറി .
"സിഗരറ്റുണ്ടോ ചേട്ടാ . ഒരെണ്ണം വേണം "
കടക്കാരൻ ഭവ്യതയോടെ ഒരു ഫുൾ പാക്കറ്റ് നൽകി. പാപ്പൻ കൂട് തുറന്ന് രണ്ടെണ്ണമെടുത്ത് പണം നൽകി .
''എന്താ ചേട്ടാ ആ വീട്ടിലൊരാൾക്കൂട്ടം ..?"
"അതോ ... ആ വീട്ടിലെ പെങ്കൊച്ചിനെ ഇന്നലെ മുതൽ കാണാനില്ല ."
"അയ്യോ ... കൊച്ചു കുട്ടിയാണോ ?"
"ഏയ് പത്ത് മുപ്പത് വയസ്സുള്ളതാ .അതിൻ്റെ കെട്ട് കഴിഞ്ഞ് നാലാം മാസം കെട്ടിയോൻ മരിച്ചതാ .കുറേക്കാലമായി ,
രണ്ടാം കെട്ടിന് കുറേപ്പേര് വന്നു .ഒന്നും നടക്കുന്നില്ല. അവള് കാരണം അനിയത്തിമാർക്ക് നല്ല ആലോചന വരാത്തതിൻ്റെ വിഷമമുണ്ടായിരുന്നു. നല്ല കാര്യ വിവരമുള്ളതോണ്ട് ചാവാൻ തുനിഞ്ഞില്ല .എവിടെ പോയോ ആവോ ?"
"ഇനി വല്ല അത്യാഹിതവും സംഭവിച്ചു കാണുമോ ?"
"അതും നോക്കുന്നുണ്ട് ... "
പാപ്പൻ സിഗരറ്റ് പോക്കറ്റിലിട് തിരിച്ചു നടന്നു.
"ശീലാ നിൻ്റെ സമയമാവുന്നേ ഉള്ളൂ .. വെയ്റ്റ് ..! "
സമാശ്വാസങ്ങളും നെടുവീർപ്പുകളും പുറന്തള്ളി ഒമ്നി വന്നവഴി വീണ്ടും താണ്ടി .
ടൗണിൽ എത്തിയതോടെ ദയാശീലൻ പാപ്പൻ്റെ കാൽതൊട്ട് വന്ദിച്ച് വണ്ടിയിൽ നിന്നിറങ്ങി.
ശീലൻ നടന്നകലുന്നതും നോക്കി
പാപ്പനിരുന്നു. അവിവാഹിതരായ യുവാക്കളുടെ നീണ്ട നിരയിലേക്ക് ദയാശീലൻ നടന്നു കയറി, തനിക്കായി പിറന്ന തൻ്റെ ഇണയെത്തേടി.
ആശംസകളോടെ......
✍️ശ്രീധർ.ആർ.എൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo