Slider

കീറ്റോ

1


ഒരാഴ്ച്ചയായി കീറ്റോ ഡയറ്റിലാണ്. എതാണ്ട് ഒരു മാസമെടുത്ത് ചോറ് ,ചപ്പാത്തി, ബിരിയാണി, മന്തി, പൊറൊട്ട ഇത്യാദി ദേശീയ ഭക്ഷണങ്ങൾ
അൽപാൽപമായി കുറച്ചും മുട്ട, മട്ടൻ, ബീഫ്, മീന്, കീറ്റോ ഡയറ്റുകാർക്ക് കഴിക്കാവുന്ന പച്ചക്കറികൾ തുടങ്ങിയവ അൽപാൽപം വർദ്ധിപ്പിച്ചുമാണ് സമ്പൂർണ കീറ്റോ ഡയറ്റിലേക്ക് ഏതാണ്ട് ഒരാഴ്ച്ച മുന്നെ മാറിയത്. സംഗതി അടിപൊളിയാണ്. മൊത്തത്തിൽ ശരീരത്തിന് ഭാരക്കുറവ് ഫീൽ ചെയ്യുന്നുണ്ട്. ഗ്യാസ് ട്രബിൾ ( Both ) തീരെയില്ല. കൂർക്കം വലി കുറഞ്ഞത് കൊണ്ട് വാമഭാഗത്തിനു നന്നായി ഉറങ്ങാനും കഴിയുന്നുണ്ടത്രെ.

അങ്ങിനെ കീറ്റോമയവും സുന്ദരവുമായ കുറച്ചു ദിവസങ്ങൾക്കു ശേഷം ദേ ഇന്ന് , സന്ധ്യ കഴിഞ്ഞ് ഒരു കല്യാണത്തിനു പോയി. ഞങ്ങളുടെ ആലുവാ പ്രദേശത്തൊക്കെ കല്യാണ തലേന്നത്തെ മെനു മിക്കവാറും നല്ല ചൂടൻ നെയ്ച്ചോറും ഒട്ടും ഗ്രേവി ഇല്ലാതെ വരട്ടിയെടുത്ത ബീഫും അച്ചാറും കച്ചംബറും ( സള്ളാസ് ) ആയിരിക്കും. കീറ്റോ പ്രമാണിച്ച് ബീഫു മാത്രം കഴിച്ചു പോന്നേക്കാം എന്നൊക്കെ കരുതി കൈകഴുകി ഇരുന്ന എൻ്റെ പ്ലേറ്റിലേക്ക് മാസ്ക് മാറ്റുന്ന ഗ്യാപ്പിൽ വന്നു വീണത് ആവി പറക്കുന്ന ഒരു ലോഡ് നെയ് ചോറ്. പിറകെ നിസാൻ വണ്ടിയിൽ നിന്നു മെറ്റൽ ഇറക്കീതു പോലെ അരയിഞ്ചു വലിപ്പത്തിലുള്ള ഒരു ലോഡ് ബീഫും. ഹൊ, നല്ല ഗമഗമ മണമുള്ള നെയ്ചോറിൻ്റെ അവിടേം ഇവിടേം ഒക്കെ ആയി അഞ്ചെട്ടു കശുവണ്ടി ചേച്ചിമാരും മുന്തിരി കുമാരിമാരും മൊരിയിച്ച സവാള പെണ്ണുങ്ങളും എന്നെ നോക്കി ഒരു വശപ്പിശക് ചിരി ചിരിച്ചു. പെണ്ണുങ്ങളെ ചിരിയാണല്ലോ നമ്മൾ ആണുങ്ങളുടെ ഒരു വീക്ക്നെസ്. മാത്രമല്ല കീറ്റോയിൽ കശുവണ്ടി ചേച്ചിയെ കഴിക്കാം അതിനു കുഴപ്പമില്ല. ബീഫു പിന്നെ കുഴപ്പമേ അല്ലാത്തത് കൊണ്ട് ബീഫും കശുവണ്ടിയും മുന്തിരിയും ശറപറേന്ന് കഴിച്ചു കീറ്റോ ദൈവങ്ങളെ തൃപ്തിയാക്കി.

അപ്പോഴതാ പ്ലേറ്റിലെ നെയ് ചോറ് സങ്കടത്തോടെ എന്നെ നോക്കുന്നു. ഭക്ഷണം കളയാൻ പാടില്ലാത്തത് കൊണ്ടും കളഞ്ഞാൽ ദൈവം കോപിക്കുമെന്നതു കൊണ്ടും നെയ് ചോറിനെ അവിടെ ഉപേക്ഷിക്കാൻ തോന്നിയില്ല. അങ്ങിനെ ദൈവകോപം കിട്ടാതിരിക്കാൻ നെയ് ചോറും കഴിച്ചു കീറ്റോ ദൈവങ്ങളോടു മനസിൽ മാപ്പു പറഞ്ഞു എണീറ്റു പോയി കൈ കഴുകി. സാനിസൈറിൽ മുക്കി ടിഷ്യുവിൽ തുടച്ചു കല്യാണപെണ്ണിൻ്റെ അച്ഛനെ കണ്ടു യാത്രയും പറഞ്ഞു കാറിനടുത്തെത്തിയപ്പോഴാണ് ഒന്നാം കീറ്റോ ദൈവം എന്നോടു കെറുവിച്ചത്.

കോപം വയറിൻ്റെയും അടിവയറിൻ്റെയും ഇടയിലെവിടെയോ സ്പാർക് ചെയ്യുന്നത് മനസിലായെങ്കിലും ദൈവത്തോടു പോയി പണി നോക്കാൻ പറഞ്ഞിട്ടു മൈൻഡു ചെയ്യാതെ ഞാൻ വണ്ടിയെടുത്തു. അര കിലോമീറ്ററിനുള്ളിൽ രണ്ടാമത്തെയും മൂന്നാമത്തെയും കീറ്റോ ദൈവങ്ങൾ കോപിക്കുകയും തൽഫലമായി അടിവയറിൻ്റെ അഗാധതകളിൽ ഒരു സുനാമി രൂപപ്പെടുകയും ചെയ്തു. പിന്നെയങ്ങോട്ട് വീട് വരെയുള്ള അഞ്ചര കിലോമീറ്റർ ദൂരം ആലുവ പറവൂർ സ്റ്റേറ്റു ഹൈവേയിൽ ഷൂമാക്കറിൻ്റെ കാർ റേസിംഗിനെ വെല്ലുന്ന പ്രകടനങ്ങളാണ് അരങ്ങേറിയത്. നാലാം കീറ്റോ ദൈവത്തിൻ്റെ കോപഫലമായി സുനാമി, വയറിനുള്ളിൽ ഒരു കൂറ്റൻ തിരമാലയായി ആഞ്ഞടിക്കാൻ തുടങ്ങിയത് യു സി കോളജ് കവലയിൽ എത്താറായപ്പോഴാണ്. മുൻപിൽ ഇഴഞ്ഞിഴഞ്ഞ് പോകുന്ന ഒരു ആനവണ്ടിയെ ഹോണടിച്ചു പേടിപ്പിക്കാൻ നോക്കിയെങ്കിലും അപ്പോഴേക്ക് അഞ്ചാം കീറ്റോ ദൈവം കോപിക്കുകയും അതിൻ്റെ സമ്മർദ്ദം എയർ കണ്ടീഷണറിൻ്റെ തണുപ്പിനുള്ളിലും എൻ്റെ നെറ്റിയിൽ വിയർപ്പു ചാലുകൾ തീർക്കുകയും ചെയ്തു. ഇനിയും വൈകിയാൽ കാർ വാഷ് സർവ്വീസുകാരു പോലും കാറ് കഴുകി തരികേല എന്നു മനസിലാക്കിയ എന്നിലെ ഷുമാക്കർ ഉണർന്നു.

എന്തും നേരിടാൻ തയ്യാറായി ഒരു കൈയിൽ സ്റ്റിയറിംഗ് പിടിച്ച് മറുകൈ കൊണ്ട് ജീൻസിൻ്റെ ബെൽറ്റ് അഴിച്ചു ഞാൻ ഇടത്തേ സീറ്റിലേക്കിട്ടു. അങ്ങിനെ കോപാകുലരായ കീറ്റോ ദൈവങ്ങളെ ബെൽറ്റിൻ്റെ ഇറുക്കത്തിൽ നിന്നു ഞാൻ മോചിപ്പിച്ചു. സാധാരണ ലേസ് ഇല്ലാത്ത ഷൂ ധരിക്കുന്ന ഞാൻ ഇന്ന് കഷ്ടകാലത്തിന് ലേസു കെട്ടുന്ന ഷൂ ആണ് ഇട്ടിരുന്നത്. ജീവൻ പണയം വെച്ചു ഇടതു കൈ കൊണ്ട് ഇടത്തേ കാലിലൈ ഷൂസിൻ്റെ ലേസ് ഇളക്കി ഷൂവും സോക്സും ഊരി മാറ്റുകയും അതേ സമയം ആനവണ്ടിയെ ഓവർടേക്ക് ചെയ്യുകയും ചെയ്തു. ഊരിയ ഷൂ ഇടത്തേ വശത്തേക്കിട്ടപ്പോഴേക്ക് ബെൽറ്റിൻ്റെ പിടുത്തത്തിൽ നിന്നു ഫ്രീ ആയ വയറിൽ ആറാം ദൈവം ഊക്കനൊരു ഇടി തന്നിരുന്നു. അപ്പോഴേക്ക് വണ്ടി സെറ്റിൽമെൻ്റ് സ്കൂൾ കഴിഞ്ഞു മറിയപ്പടി സ്റ്റോപ് എത്തി. അതിവേഗതയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു ഇന്നോവയെ വലതുകാലിലെ ഷൂ ഊരിക്കൊണ്ടു മറികടന്ന ഞാൻ ഫോണെടുത്തു ശ്രീമതി പെണ്ണുമ്പിള്ളയെ വിളിച്ചു വീടിൻ്റെ ഗേറ്റു തുറന്നിടാൻ പറഞ്ഞു (ഗേറ്റിൽ ചെന്നു ഇറങ്ങി തളളി തുറക്കാൻ ഉള്ള ഗ്യാപ് ഇല്ല ). അടുത്ത ഒന്നര മിനിട്ടിനുള്ളിൽ വീട്ടിലെത്തിയ എന്നെ നോക്കി പൂമുഖവാതിൽക്കൽ പൂന്തിങ്കൾ പോലെ കണ്ണും തള്ളി നിൽക്കുന്ന ഭാര്യയുടെ കയ്യിൽ ജീൻസ് ഏൽപ്പിച്ചു ഞാൻ ഓടി ബാത്റൂമിൽ കയറി വാതിലടച്ചു. ഇനിയൊരു ദൈവകോപം ഉണ്ടാകുന്നതിന് മുന്നേ എനിക്ക്....


By: Muhammed Subair

1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo