നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ധീരരെ വാഴ്ത്തുക

 


സൂരരൈ പോട്രു (ധീരരെ വാഴ്ത്തുക) എന്നത് അടുത്ത് ഇറങ്ങിയ ഒരു തമിഴ് ചലച്ചിത്രം ആണ്. ഈ ചിത്രത്തെ കുറിച്ചുള്ള നിരൂപണം അല്ല ഈ എഴുത്ത്. അതിലെ ഒരു ഭാഗം എന്റെ മനസിലെ ഓർമ്മച്ചെപ്പ് തുറന്നു തന്നു. അതിനെ കുറിച്ച് ഒരു ചെറിയ കുറിപ്പ്..

ഈ ചലച്ചിത്രത്തിൽ അസുഖം ബാധിച്ചു കിടക്കുന്ന, സ്കൂൾ വാധ്യാർ ആയിരുന്ന ആൾ. തന്റെ മകനെ കുറിച്ച് തുണ്ട് കടലാസിൽ പലതും കുറിച്ചു വയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മകനെ കുറിച്ചുള്ള കാഴ്പ്പാട്, തുടരെ തുടരെ എഴുതി വയ്ക്കുന്നു. കിടപ്പിലായിരുന്നെങ്കിലും എഴുത്ത് തുടർന്നു.

പക്ഷെ രോഗം മൂർച്ഛിച്ചു മരണാസന്നനായി കിടക്കുന്ന സമയത്ത് അദ്ദേഹം എഴുതണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. കൈയിൽ കൊടുത്ത പേന കൊണ്ട് അദ്ദേഹം കടലാസിൽ എഴുതാൻ ശ്രമിക്കുകയും അത് പക്ഷെ അക്ഷരങ്ങൾ രൂപപ്പെടാതെ, കോറി വരച്ചത് പോലെ ആയി തീരുന്നു.

സിനിമയിലെ ഈ ഭാഗം കണ്ടപ്പോൾ, നെഞ്ചിനകത്ത് ചില്ലിട്ടു വച്ച എന്റെ ഓർമ്മകൾ പതിയെ ഹൃദയം മുറിച്ചു പുറത്തു വന്നു. ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത ദിവസം, ഒരിക്കലും മറക്കാനും പറ്റാത്ത ദിവസം...

അന്നൊരു ഞായറാഴ്ച്ചയായിരുന്നു, നാട്ടിലെ ഒരു കല്യാണത്തിന് കൂടാൻ അച്ഛൻ എന്നെ പറഞ്ഞു വിട്ടു. രോഗം മൂർച്ഛിച്ചിരിക്കുന്ന അമ്മയ്ക്ക് ഇടയ്ക്കിടെ എന്നെയേയും ചേച്ചിയെയും കണ്ടു കൊണ്ടിരിക്കണം. വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം ഞാൻ അമ്മയുടെ അടുത്ത് ചെന്ന് പറഞ്ഞു
" കല്യാണത്തിന് പോയിട്ട് പെട്ടന്ന് വരാം... " എന്ന്.
അമ്മ എന്റെ രണ്ടു കൈയും കൂട്ടി പിടിച്ചു, പിന്നെ കണ്ണുകളിലേക്ക് നോക്കി.

എനിക്ക് മൂന്ന് വയസുള്ളപ്പോൾ ഇത് പോലെ എന്റെ കൈ കൂട്ടി പിടിച്ചിട്ടുണ്ട് എന്ന് അമ്മ പറഞ്ഞു അറിയാം. വളരെ വികൃതി ആയിരുന്ന എന്നെ ശ്രദ്ധിക്കാൻ അമ്മ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. കണ്ണ് തെറ്റിയാൽ വീടിന് മുന്നിലെ റോഡിലേക്ക് ഓടി പോവും. അടുക്കളയിൽ ഒരു ജോലി ചെയ്യാൻ സമ്മതിക്കില്ല.
ഒടുവിൽ എന്റെ വികൃതി സഹിക്കാൻ പറ്റാതെ രണ്ട് കൈയും കൂട്ടി കെട്ടി വീടിന്റെ വാതിലിൽ കെട്ടിയിടേണ്ടിപോലും വന്നിട്ടുണ്ട് എന്ന് അമ്മ പലപ്പോഴും ചിരിച്ചു കൊണ്ട് പറയും.

വർഷങ്ങൾ കഴിഞ്ഞിട്ടും ആരോഗ്യം തളർത്തിയിട്ടും അമ്മയുടെ കൈയ്യിലെ സുരക്ഷിതത്വത്തിന് ഒരു കുറവും വന്നിട്ടില്ല. കൈ കൂട്ടിപിടിച്ചപ്പോൾ എന്റെ കുഞ്ഞു നാളിൽ എത്ര കരുതലോടെ യാണോ പിടിച്ചത് അത് പോലെ തന്നെ എനിക്ക് തോന്നി.
കൂട്ടിപിടിച്ച കൈ പതുക്കെ വിടുവിച്ചു ഞാൻ പുറത്തിറങ്ങി, കല്യാണ വീട് ലക്ഷ്യമാക്കി നടന്നു.

കല്യാണത്തിന് പങ്ക് കൊണ്ട് ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചു വീട്ടിലേക്ക് നടന്നു. വീട് അടുക്കാറായപ്പോൾ തന്നെ അമ്മയുടെ ശബ്ദം കേട്ടു തുടങ്ങി. കുറച്ചു കൂടെ അടുത്ത് എത്തിയപ്പോൾ ശബ്ദം ഒന്നു കൂടെ വ്യക്തമായി കേട്ടു, എന്നെ വിളിക്കുകയാണ്. "മകനേ നീ എവിടെ പോയി" എന്ന് പറഞ്ഞു കരയുന്നു.
ഞാൻ ഒന്ന് കൂടെ വേഗം നടന്നു.
ഞാൻ ചെല്ലുമ്പോൾ അമ്മയുടെ ഒട്ടിയ കവിളിലൂടെ കണ്ണുനീർ ചാലു കീറിയിരുന്നു.

നീല നിറമുള്ള സോഫയിൽ ഒരേ ഇരുപ്പിൽ ആയിരുന്നു അമ്മയുടെ അവസാന നാൾ. കാരണം അർബുദം കാർന്ന് തിന്നു തുടങ്ങിയ അന്ന് മുതൽ കിടക്കാൻ പറ്റുമായിരുന്നില്ല. കിടന്നാൽ ശ്വാസം കിട്ടാതെ പിടയും. അത് കൊണ്ട് രാവും പകലും ഇരുപ്പ് തന്നെ.

ഞാൻ ഓടി ചെന്ന് അമ്മയുടെ അരികിലായി ഇരുന്നു. എന്റെ തോളിൽ തല ചായ്ച്ചു അമ്മ ഒന്ന് മയങ്ങി. കുറെ നേരം ഞാൻ ആ ഇരുപ്പ് തുടർന്നു. പിന്നെ പതിയെ എന്റെ കൈകൾ മാറ്റി ഞാൻ എഴുന്നേറ്റു. അമ്മ അപ്പോഴും ഉറക്കത്തിൽ തന്നെ.

ഞാൻ വസ്ത്രം മാറി പുറത്ത് ചെന്നു. തൊഴുത്തിൽ നിന്ന് പശുക്കൾ 'മ്മ്ഹേ...... 'എന്ന് നീട്ടി വിളിക്കുന്നു. ഞാൻ ഒരു ബക്കറ്റ് എടുത്തു കിണറ്റിൻ കരയിലേക്ക് നടന്നു.
പശുക്കൾക്ക് വൈക്കോലും വെള്ളവും കൊടുത്തു. നേരം തെറ്റിയത് കൊണ്ടാണ് എന്ന് തോന്നുന്നു. അവറ്റകൾ നിമിഷ നേരം കൊണ്ട് പാത്രങ്ങൾ കാലിയാക്കി. പിന്നെ നന്ദി സൂചകമായി എന്നെ നോക്കി തല കുലുക്കി.

പെട്ടന്ന് വീടിന് അകത്തു നിന്നും അമ്മയുടെ ശബ്ദം കേട്ടു. ഞാൻ അതിവേഗം മുറിയിലേക്കു ഓടി.
ചെന്നപ്പോൾ കണ്ടു അച്ഛൻ കസേരയിൽ ഇരിക്കുന്നു , ചേച്ചി കണ്ണ് കലങ്ങി നില്കുന്നു, ഞാൻ സോഫയിലേക്ക് നോക്കി. അവിടെ അമ്മ പുറത്തേക്ക് വിരൽ ചൂണ്ടി എന്തോ പറയുന്നു, പക്ഷെ അത് എന്താണ് എന്ന് വ്യക്തമാവുന്നില്ല.

അമ്മ വിരൽ ചൂണ്ടിയിരിക്കുന്നത് വീടിന് മുൻപിലെ റോഡരികിൽ ഉള്ള കൂറ്റൻ മരത്തിലേക്കാണ്.
ആ മരത്തിൽ ആരോ ഉണ്ട് എന്ന് അവ്യക്തമായി അമ്മ പറയുന്നത് പോലെ തോന്നി. ചേച്ചി അമ്മയുടെ അടുത്ത് ഇരുന്ന് ആശ്വസിപ്പിക്കുന്നു.
അച്ഛനും എന്തൊക്കെയോ പറയുന്നു.
ഞാൻ തരിച്ചു നിന്ന് പോയി.

ഉച്ചക്ക് രണ്ടു മണി വരെ എന്നോടും ചേച്ചിയോടും സംസാരിച്ചിരുന്ന അമ്മയ്ക്കു നിമിഷ നേരം കൊണ്ട് മിണ്ടാൻ ആവുന്നില്ല.

സമയം കടന്നു പോവുന്നു, അമ്മയുടെ സ്‌ഥിതി അനുനിമിഷം വഷളായി കൊണ്ടിരിക്കുന്നു. എങ്കിലും എന്നെയേയും ചേച്ചിയെയും അച്ഛനെയും നോക്കി എന്തൊക്കെയോ പുലമ്പുന്നുണ്ട്, പക്ഷെ ഒന്നും മനസിലാവുന്നില്ല. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നു .
ഇതിനോടകം വിവരം അറിഞ്ഞു ബന്ധുക്കളും നാട്ടുകാരും വീട്ടിൽ എത്തിയിരുന്നു.
അവരിൽ ആരോ പറഞ്ഞു "അമ്മയുടെ മുന്നിൽ ഇരുന്ന് കരയണ്ട, അവർക്ക് എല്ലാം മനസിലാവും..."എന്ന്.

കരച്ചിൽ നിർത്താൻ പാടുപെടുന്ന ചേച്ചിയെ അടുത്തുള്ള മുറിയിലാക്കി.
അപ്പോഴും അമ്മ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നു. ആർക്കും ഒന്നും മനസിലാവുന്നില്ല. പലരും പലതും അമ്മയോട് ചോദിക്കുന്നു. വെള്ളം വേണോ അതോ ആരെയെങ്കിലും കാണണോ എന്നൊക്കെ. അതിനെല്ലാം മറുപടി പറയുന്നുണ്ട്, പക്ഷെ വാക്കുകൾ പുറത്തു വരുന്നില്ല. ചില നേർത്ത ശബ്ദം മാത്രം. ഇടയ്ക്കിടെ നിസഹായതയോടെ നിറഞ്ഞ കണ്ണുമായി അമ്മ ചുറ്റുപാടും നോക്കും.

ഇത് കണ്ടു സഹിക്കാൻ കഴിയാതെ ആരോ ഒരു പേപ്പറും പേനയും അമ്മയുടെ കൈയിൽ കൊടുത്തു.
അമ്മ ആവേശത്തോടെ അതിൽ എഴുതി. പക്ഷെ ആ എഴുത്ത് രണ്ടു മൂന്ന് വരകളായും വൃത്തങ്ങളായും അവസാനിച്ചു.
അമ്മ തുടരെ തുടരെ എഴുതാൻ ശ്രമിച്ചു പക്ഷെ ഫലം ആദ്യത്തേത് തന്നെ.

ഞാൻ അമ്മയുടെ കൈയിലേക്കും മുഖത്തേക്കും മാറി മാറി നോക്കി. സ്കൂളിൽ നിന്നും കിട്ടുന്ന പ്രോഗ്രസ് റിപ്പോർട്ടിലും എന്റെ ഉത്തര കടലാസിലും എത്ര വട്ടം 'പാർവതി കെ' എന്ന് ഭംഗിയിൽ എഴുതി ഒപ്പിട്ടു തന്നിരിക്കുന്നു. എനിക്ക് സങ്കടം നിയന്ത്രിക്കാൻ ആവുന്നില്ല,
ഞാൻ കണ്ണുകൾ ഇറുക്കെ ചിമ്മി അങ്ങിനെ ഇരുന്നു.

അല്പസമയം കഴിഞ്ഞപ്പോൾ അമ്മയുടെ കൈയിൽ നിന്ന് പേന ഊർന്ന് വീണു. നേർത്ത ശ്വാസം മാത്രം ബാക്കിയുള്ളപ്പോഴും അമ്മയുടെ കണ്ണുകൾ ഞങ്ങളെ പരതികൊണ്ടിരുന്നു.

നേരം രാത്രി ഒരുമണിയോട് അടുത്തു. അപ്പോഴും വീട്ടിലെ ബൾബുകൾ എരിയുന്നുണ്ടായിരുന്നു,
പക്ഷെ അതിനിടയിൽ അവസാനമായി ഒരു വാക്ക് പറയാനോ എഴുതാനോ പറ്റാതെ എന്റെ വീട്ടിലെ കെടാവിളക്ക് അണഞ്ഞു...

അമ്മ എഴുതിയ കടലാസു കഷ്ണങ്ങൾ വീടിന്റെ ഒരു മൂലയിൽ വിശ്രമിച്ചു.
ഒരു ദിവസം ഞാൻ ആ കടലാസ് കഷ്ണങ്ങൾ എടുത്തു മറിച്ചു നോക്കി, അങ്ങിങ്ങ് കോറി വരച്ചിരിക്കുന്നു. ഒന്ന് കൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ രണ്ട് പേരുകൾ കണ്ടു...

'ബിന്ദു.... ബിജു... '

പലതും എഴുതാൻ നോക്കി പറ്റിയില്ലെങ്കിലും വളരെ നേരം പരിശ്രമിച്ചു കൊണ്ട് അമ്മ എന്റെയും ചേച്ചിയുടെയും പേര് അവ്യക്തമായി എഴുതിയിരിക്കുന്നു.
എന്റെ കൈയിൽ ഇരുന്ന് ആ കടലാസ് കഷ്ണങ്ങൾ വിറച്ചു.... കണ്ണുനീർ എന്റെ കാഴ്ചയെ മറച്ചു. ഇമ ചിമ്മിയപ്പോൾ ഒന്ന് രണ്ടു തുള്ളികൾ അടർന്നു ആ കടലാസ് കഷ്ണങ്ങളിൽ പതിച്ചു.


By: Binu C

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot