നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബിരിയാണി

 


ഇന്ന് വെള്ളിയാഴ്ച.ഒരൊഴിവു ദിവസത്തിൻ്റെ ആലസ്യവുമായി കടന്നു വരുന്ന വെളളിയാഴ്ച്ചകളെ ഇവിടെ എല്ലാവരും കാത്തിരിയ്ക്കാറാണ് പതിവ്..പുറത്ത് കറങ്ങാൻ പോകാൻ ,താനൊഴികെ. കഴിഞ്ഞ പതിനൊന്നു വർഷമായി തൻ്റെ കൺമുന്നിൽ വളർന്ന ദുബായ് ഇനി എന്തു കാണാൻ? പിന്നെ പുറത്തിറങ്ങിയാൽ അതുണ്ടാക്കുന്ന പാഴ് ചിലവ്.അതു കൊണ്ടു തന്നെ പുറത്ത് പോകാതെ മുറിയിൽ ഒതുങ്ങിക്കൂടാനാണ് എനിക്കിഷ്ടം. പുറത്ത് വഴികളും വ്യാപാരശാലകളും എല്ലാം തിങ്ങിനിറഞ്ഞ് വാഹനങ്ങളും ജനങ്ങളുമുണ്ടാകും.

ഇവിടെ തന്നെ ഈ മുറിയിൽ ഒന്നിനു മുകളിൽ ഒന്നായി അഞ്ചിടത്ത് അടുക്കി വച്ച പത്തു കട്ടിലുകളിൽ ഒൻപതിലെയും സഹവാസികളിൽ പലരും വൈകിയാണെഴുന്നേറ്റതെങ്കിലും പ്രഭാത ഭക്ഷണത്തിനു ശേഷം പല ആവശ്യങ്ങളുടെയും പേരു പറഞ്ഞ് മുറിയിൽ നിന്നിറങ്ങിക്കഴിഞ്ഞു.ഇനി വൈകുന്നേരമാകും എല്ലാവരും തിരിച്ചെത്താൻ. ഇന്നലെ വരെ പത്തിലൊരാൾ, സൈനു എന്ന സൈനുദ്ദീൻ നാട്ടിലായിരുന്നു.. ഏക സഹോദരിയുടെ വിവാഹം പ്രമാണിച്ച് .കോവിഡ് ഒരു കാര്യത്തിൽ അവനോടു കരുണ കാണിച്ചു - നിബന്ധനകൾ കാരണം നിക്കാഹ് വലിയ ആഡംബരം കൂടാതെ നടത്താൻ പറ്റി. ഇന്നലെ വൈകുന്നേരമാണവൻ നാട്ടിൽ നിന്നെത്തിയത്. ക്ഷീണമാണെങ്കിലും പല കൂട്ടുകാർക്കും നാട്ടിലെ അവരുടെ വീട്ടിൽ നിന്ന് സൈനുവിൻ്റെ കയ്യിൽ കൊടുത്തു വിട്ട സാധനങ്ങൾ കൊടുത്ത്ഏൽപ്പിയ്ക്കാൻ വേണ്ടി രാവിലെ ഇറങ്ങി.
തനിയ്ക്കും കിട്ടി .. വീട്ടിൽ നിന്ന് താഹിറ സ്നേഹപൂർവ്വം കൊടുത്തു വിട്ട പലഹാരപ്പൊതി, അരിപ്പൊടി, പീസ്പരിപ്പ്. തൻ്റെ താഹിറയെയും റിസ് വാനേയും റഷീദയേയും സൈനു വീട്ടിൽ ചെന്നുകണ്ട കാര്യം പറഞ്ഞപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു, രണ്ടു വർഷവും എട്ടു മാസവും ഇരുപത്തിയൊന്നു ദിവസവും കഴിയുന്നു എല്ലാവരേയും കണ്ടിട്ട്. അതിനിടെ റഷീദ വലിയ കുട്ടിയായി എന്ന് താഹിറ പറഞ്ഞതനുസരിച്ച് സൈനുവിൻ്റെ കയ്യിൽ അവൾക്കൊരു സമ്മാനം കൊടുത്തുവിട്ടിരുന്നു. താൻ നാട്ടിൽ നിന്ന് ആദ്യമായി ഇവിടേയ്ക്കു ജോലിയ്ക്കായി വരുമ്പോൾ അവൾക്ക് ഒരു വയസ്സ് .....പതിയെ പതിയെ നടന്നു തുടങ്ങുന്ന പ്രായം.അവളുടെ മനസ്സിലിപ്പോൾ ഉപ്പയെന്നത്, ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി പൈസയുണ്ടാക്കുന്ന ഒരാൾ എന്നതിനപ്പുറം മറ്റൊന്നുമാകില്ല. ഒരു പക്ഷേ മകനും. ഒരു പക്ഷേഎല്ലാ പ്രവാസികളും തന്നെ ഇക്കാര്യത്തിൽ ഒരേ പോലെ ദൗർഭാഗ്യമുള്ളവരാണ്. വാർദ്ധക്യത്തിൽ വീട്ടിലുള്ളവർക്ക് അന്യരായിത്തീരുന്നവർ..... മനസ്സുകൊണ്ട് മാറ്റി നിർത്തപ്പെടുന്നവർ!
മൊബൈലിൽ സമയം നോക്കി. പതിനൊന്നരയാകുന്നു, ഉച്ചഭക്ഷണത്തിന് എന്തെങ്കിലുമൊരുക്കണം.... തനിയ്ക്കു മാത്രമായി. വെള്ളിയാഴ്ചകളിൽ ബാക്കി എല്ലാവരും ഉച്ചഭക്ഷണം പുറത്തു നിന്നാണ് കഴിയ്ക്കാറ്.
ഇന്ന് എന്തോ ചോറും മീൻ കറിയും കഴിക്കാൻ തോന്നുന്നു. പക്ഷേ പുറത്ത് പോയി സാധനങ്ങൾ വാങ്ങിക്കൊണ്ടുവരാൻ വല്ലാത്ത മടി.പച്ചക്കറികൾ വയ്ക്കുന്ന പാത്രത്തിൽ ഒരു സവാളയും രണ്ടു ഉരുളക്കിഴങ്ങും മൂന്നു നാലു പച്ച മുളകുംമാത്രം ബാക്കിയുണ്ട്. പരിപ്പ്, പയർ, കടല എന്നിവയിരിപ്പുണ്ട്. പക്ഷേ അത് പാകം ചെയ്തെടുക്കാനും തോന്നുന്നില്ല.
ചപ്പാത്തിയുണ്ടാക്കാം എന്ന ചിന്തയോടെ ഗോതമ്പുപൊടി പാത്രത്തിലിടുമ്പോൾ ബാല്യകാല ചിന്തകൾ മനസ്സിലെത്തി നോക്കിയതുകൊണ്ടാകാം വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടു വരുമ്പോൾ ഉമ്മയുണ്ടാക്കി തരുന്നതുപോലെ പച്ചമുളകും ഇഞ്ചിയും സവാളയും നുറുക്കിയിട്ട് ഇരുമ്പു ചട്ടിയിൽ ചുട്ടെടുത്ത ഗോതമ്പ് അടയായി അത് രൂപാന്തരം പ്രാപിച്ചത്.
അട പ്ലേറ്റിലെടുത്ത് ,അച്ചാർക്കുപ്പിയുടെ അടിയിൽ അവശേഷിച്ച കഷണങ്ങളെ സ്പൂൺ കൊണ്ട് തോണ്ടിയെടുക്കുമ്പോൾ മൊബെലിൽ താഹിറയുടെ പേര് തെളിഞ്ഞു.
"ഇക്കാ, നിങ്ങളവിടെ എന്തെടുക്കണ്?
" ഉച്ചഭക്ഷണം കഴിക്കാനെടുത്തു വച്ചു.കഴിക്കാൻ പോണ്. നിങ്ങളോ?"
"മീൻ കറിയും കപ്പയും കഴിച്ചതോണ്ട് പിള്ളേർക്ക് രണ്ട് പേർക്കും ചോറ് വേണ്ടാന്ന് പറയണ്. ഇക്കായ്ക്ക്അവിടെ എന്താ ഭക്ഷണം?"
"ഇവിടെ ബിരിയാണി... നല്ല മണം.പാചകം കഴിഞ്ഞപ്പോൾ ഇന്നത്തേതിന് നല്ല സ്വാദുണ്ടെന്ന് തോന്നുന്നു.കൂട്ടുകാരൊക്കെ പുറത്ത് പോയതോണ്ട് ഞാൻ ഇന്ന് ഒറ്റയ്ക്ക് കഴിയ്ക്കണം. "
" എന്നാൽ ഞാൻ പിന്നെ വിളിക്കാം. ഇക്ക കഴിച്ചോളൂ''
ഫോൺ കട്ട് ചെയ്യുമ്പോൾ,താഹിറയുടെ മുന്നിൽ ഗോതമ്പടയെ ബിരിയാണിയാക്കി മാറ്റിയ തൻ്റെ മാജിക് ഓർത്തു ചിരി വന്നു. പിന്നെ കരുതി, താൻ ഇവിടെ സുഖ സമൃദ്ധിയിലാണ് ജീവിക്കുന്നതെന്ന് അവൾ കരുതിക്കോട്ടെ, ആശ്വസിച്ചോട്ടെയെന്ന്.
പ്ലേറ്റ് അരികിലേക്ക് നീക്കിവച്ച് അട കഴിക്കാനെടുക്കുമ്പോൾ വാതിൽ തുറന്ന് കടന്നു വന്ന സൈനുവിൻ്റെ കൈ തൻ്റെ നേരേ നീണ്ടു.
"ഇക്കായ്ക്ക് ഒരു വീഡിയോ കാൾ ഉണ്ട്. ആൾ ആരാണെന്നു നോക്കിയേ "- സൈനുവിൻ്റെ നീട്ടിയ കയ്യിൽ നിന്ന് ഫോൺ വാങ്ങി..... കണ്ണുകളിൽ നിറഞ്ഞ സന്തോഷവുമായി, അത്ഭുതഭാവത്തോടെ താഹിറ .
"എന്തേ ഇങ്ങനെയൊരു വിളി.?ഇപ്പോൾ തന്നെ എൻ്റെ ഫോണിൽ വിളിച്ചു വച്ചതല്ലേയുള്ളു.സൈനുവിൻ്റെ ഫോണിൽ വിളിച്ച് അവനെ ബുദ്ധിമുട്ടിക്കരുതെന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലേ?"
" മറന്നോ, ഇന്ന് ഇക്കയുടെ പിറന്നാളാണ്. ഒന്നു കണ്ട്ആശംസ പറഞ്ഞോട്ടെ എൻ്റെ പൊന്നേ.ഹാപ്പി ബർത്ത് ഡേ വിഷസ് ഒന്ന് നേരിട്ടുകണ്ടു തന്നെ പറയാംന്ന് കരുതി. കാണാതിരുന്ന്എന്നെ കണ്ടിട്ടും സന്തോഷമില്ലേ.? എത്ര നാളായി ഒന്നു കണ്ടിട്ട്.? സാരമില്ല,സൈനു ഒരു വീഡിയോ കാളിൻ്റെ ബുദ്ധിമുട്ട് സഹിച്ചോട്ടെ. അല്ലാ,അതിന് ബുദ്ധിമുട്ടിയ്ക്കാതിരിയ്ക്കാൻ, ഇക്കയുടെ പഴയ തരംഫോണിൽ ഈ സംവിധാനം വല്ലതും വേണ്ടേ"
ഇപ്പോൾ താഹിറയുടെ ഇരുവശത്തും പുഞ്ചിരി പൊഴിക്കുന്ന രണ്ടു മുഖങ്ങളുണ്ട്, റഷീദയും റിസ് വാനും , ആശംസകളുമായി,കാണാതിരുന്നു കണ്ടതിൻ്റെ ആവേശത്തോടെ, അത്യാ ഹ്ലാദത്തോടെ.... വിശേഷങ്ങളുടെ ഭാണ്ഡക്കെട്ടഴിച്ചുവിട്ടു കൊണ്ട്.
സന്തോഷം വന്നാലും വാക്കുകൾ തൊണ്ടയിൽ കുടുങ്ങുമെന്നറിഞ്ഞു..... പറയാനുള്ളതെല്ലാം മറന്ന പോലെ.
സൈനു, എല്ലാം നോക്കി നിൽപ്പാണ്. അതു കണ്ടിട്ടാകണം താഹിറ അവനോട് പറഞ്ഞു - " സൈനു ...എന്നാലിനി ഞങ്ങൾ വാങ്ങിയ പിറന്നാൾ സമ്മാനം ഇക്കയ്ക്ക്കൊടുത്താട്ടെ. ഇവിടെയിരുന്നു കാണാല്ലോ മുഖഭാവം"
പൊതി തുറന്നു നോക്കാതെയറിഞ്ഞു, മൊബൈൽ ഫോണാണെന്ന്. അവരുടെ നിർബ്ബന്ധത്തിനു വഴങ്ങി പാക്കറ്റ് തുറന്നപ്പോൾ വില കൂടിയ മൊബൈൽ കണ്ട് മങ്ങിയ തൻ്റെ മുഖം കണ്ടിട്ടാകും, താഹിറയുടെ ശബ്ദമുയർന്നു.
" വില കൂടിയ മൊബെൽ കണ്ട് ഇക്ക അവിടെ കഷ്ടപ്പെട്ടുണ്ടാക്കി ഇവിടേയ്ക്കയച്ച പണം ഞാൻ വെറുതെ ആഡംബരത്തിന്നായി കളയുന്നു എന്നൊന്നും കരുതേണ്ട. അതെല്ലാം ഇക്ക പറഞ്ഞതുപോലെ തന്നെ ചെയ്തിട്ടുണ്ട്. പിന്നെ ഇതിൽ ഇക്ക വീട്ടു ചെലവിനു തന്നതിൽ നിന്ന് പിശുക്കിപ്പിശുക്കി മിച്ചം പിടിച്ചതുണ്ട്... ആഴ്ചയിലെ മൂന്നു വട്ടമുള്ള മീൻ കറി രണ്ടായി ചുരുക്കിയതടക്കം. കോഴിമുട്ട വിറ്റ കാശുണ്ട്. ഉറക്കം നിന്ന് നൈറ്റി തയ്ച്ചു കൊടുത്തു കിട്ടിയ പണമുണ്ട്., എന്നെ കാണാൻ വന്നപ്പോൾ ഉമ്മ എൻ്റെ കൈപ്പത്തിയിൽ അമർത്തിവച്ചു തന്നു പോയ രൂപയുണ്ട്.
ഇക്ക പറയാറില്ലേ, സത്യമുള്ള പണം നഷ്ടപ്പെടില്ലയെന്ന്. പണ്ട് ഞാനടച്ച ചിട്ടിപ്പണവും കൊണ്ട് നാടുവിട്ട വിദ്വാൻ തിരിച്ചെത്തിയിട്ടുണ്ട്. ഇപ്പോൾ നല്ല കാലമാണത്രേ.കഴിഞ്ഞയാഴ്ച വീട്ടിൽ വന്നു തിരിച്ചു തന്നു, തരാനുള്ളഏഴായിരം രൂപ .നഷ്ടപ്പെട്ടു എന്നു കരുതി വിഷമത്തോടെയാണെങ്കിലും മനസ്സിൽ എഴുതിത്തള്ളിയതാണ് ഞാൻ. അതും ബാക്കി എല്ലാം കൂടി ചേർത്താണ് ഈ മൊബൈൽ വാങ്ങിയത്.
ഞങ്ങൾക്കു വേണ്ടി ജീവിയ്ക്കുമ്പോൾ സ്വന്തം കാര്യം ഇക്ക മറക്കുമെന്നറിയാം. ഇനി എന്നും ഇക്കയെഞങ്ങൾക്ക് കാണാല്ലോ വിളിയ്ക്കുന്ന നേരം. അതിനു വേണ്ടി ഇത്തിരി രൂപ കളഞ്ഞാലും നഷ്ടമില്ല."
"പിന്നെയൊരു കാര്യം. അവിടെയുണ്ടാക്കിയ ബിരിയാണി കാണിച്ചു തന്നോളൂ, തിന്നില്ലെങ്കിലും കണ്ടറിയാമല്ലോ അതിൻ്റെ വിശേഷം "
അവളുടെ നിർബ്ബന്ധത്തിനു വഴങ്ങി നിവൃത്തിയില്ലാതെ പ്ലേറ്റിലെ ഗോതമ്പടയ്ക്കു നേരേമൊബൈൽ ക്യാമറ തിരിക്കുമ്പോൾ താഹിറയുടെ കണ്ണുകൾ നിറയുന്നതു കണ്ടു, ശബ്ദമിടറുന്നതും.
" കണ്ടില്ലേ മക്കളെ, നിങ്ങൾടെ ബാപ്പ കഴിക്കണ ബിരിയാണി.ഗോതമ്പടയ്ക്ക് കൂട്ട് ചെറിയ രണ്ട് അച്ചാർ കഷണങ്ങൾ.നമ്മളിവിടെ നല്ല കറിയും കൂട്ടി ചോറുണ്ണുമ്പോൾ ഉപ്പയെക്കുറിച്ചോർത്ത് ആഹാരം ഇറങ്ങണില്ല എന്നു ഞാൻ പറഞ്ഞപ്പോഴൊക്കെ നിങ്ങൾ പറയാറില്ലെ, ഉപ്പ ബിരിയാണി കഴിച്ചുവെന്നു പറഞ്ഞത് കേട്ടില്ലേ എന്ന്. എനിയ്ക്ക് ഊഹിക്കാൻ കഴിയും ഉപ്പയുടെ കഷ്ടപ്പാടിൻ്റെ തീവ്രത .ഉമ്മ നിങ്ങളോട് ഉപ്പയുടെ ജീവിത സാഹചര്യങ്ങളെപ്പറ്റി, കഷ്ടപ്പാടിനെപ്പറ്റി പറഞ്ഞത് സത്യമാണെന്നറിയാൻ ഈ മോബൈൽ കാഴ്ചയിൽ കുടുസുമുറിയുടെ അകം ഒന്ന് കണ്ടാൽ മതിയാകും."
"ഈ ഉമ്മ രാപകലില്ലാതെ, വിശ്രമമില്ലാതെ കഷ്ടപ്പെടുന്നത് കണ്ട് റെസ്റ്റെടുക്കാൻ ഞാൻ നിർബ്ബന്ധിയ്ക്കുമ്പോൾ ഉമ്മ പറയും, എന്നെക്കാൾ നമ്മുടെ കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്നയാൾ അങ്ങു ദൂരെ ഏകനാണെന്ന്. എനിയ്ക്കു തോന്നും നിങ്ങൾ രണ്ടും മത്സരിച്ചു പരസ്പരം സ്നേഹിക്കയാണെന്ന്. ഞാനും റഷീദയും ഭാഗ്യം ചെയ്തവരാണ് - നിങ്ങളുടെ മക്കളായി പിറന്നതിൽ "-റിസ് വാൻ്റെ വാക്കുകൾ പക്വതയാർന്ന്, കുട്ടിത്തം നഷ്ടപ്പെട്ട പോലെ.
"എന്തിനാ താഹിറാ ,നീ കുഞ്ഞുങ്ങളെ ഓരോന്നു പറഞ്ഞ് വിഷമിപ്പിയ്ക്കുന്നത്..? മതി, മതി പറഞ്ഞത് "
"അല്ല ഇക്കാ, അവർ എല്ലാം കേൾക്കണം, എല്ലാം കാണണം അറിയണം, അവരുടെ ഉപ്പ ആരാണെന്ന്. ജീവിതത്തിൻ്റെ യൗവ്വനവുംനല്ല കാലങ്ങളുമെല്ലാം മരുഭൂമിയിൽ മറ്റുള്ളവർക്കു വേണ്ടി ഒറ്റയ്ക്ക് ജീവിച്ചുതീർത്ത് അവസാനം നാട്ടിൽ തിരിച്ചെത്തുമ്പോൾ സ്നേഹത്തോടെ ഉപ്പയെന്നു വിളിച്ച് നെഞ്ചിൽ ചേർത്തു നിർത്താൻ അവർക്കു തോന്നണമെങ്കിൽ ഈ കഷ്ടപ്പാടുകൾ അവരറിയണം. അവസാനം അനാരോഗ്യവും അസുഖങ്ങളുമായി വീട്ടിൽ തിരിച്ചെത്തുന്ന - അവർക്കു വേണ്ടി ജീവിതം മുഴുവൻ കഷ്ടപ്പെട്ടവരെ - തള്ളിപ്പറയുന്നവരെപ്പോലെ,മൂഢസ്വർഗ്ഗത്തിൽ കഴിയുന്നവരാകരുത് നമ്മുടെ മക്കൾ."
താഹിറയുടെ വാക്കുകളിൽ സ്വയം നഷ്ടപ്പെട്ട് നിൽക്കുമ്പോൾ അവൾ വീണ്ടും " എന്നാലിനി പിറന്നാൾ ബിരിയാണി വിളമ്പ് "
"നീയതിനിയും വിട്ടില്ലേ.?കളിയാക്കാതെ താഹിറാ "
" കളിയാക്കിയതല്ല. എല്ലാവർക്കും വേണ്ട ബിരിയാണി വാങ്ങാനുള്ള രൂപ ഞാൻ സൈനുവിൻ്റെ കയ്യിൽ കൊടുത്തുവിട്ടിരുന്നു, രണ്ടെണ്ണം കൂടുതലും, കഴിയ്ക്കാൻ നേരം ഒരാൾ കൂടുതലായി വന്നാലോഅല്ലെങ്കിൽ എല്ലാർക്കും വിളമ്പി വിളമ്പി നൽകിയതിനാലോ പിറന്നാളുകാരന് ബിരിയാണി കിട്ടാതെയായാലോ?"
പണ്ടത്തെ ഒന്നുമറിയാത്ത പാവം താഹിറയിൽ നിന്ന് ഇപ്പോഴുള്ള താഹിറയിലേയ്ക്ക് എത്ര ദൂരം എന്ന് മനസ്സിലോർക്കുമ്പോൾ അവളുടെ സ്വരം വീണ്ടുമുയർന്നു" സൈനൂ, ഞാനുണ്ടാക്കി കൊടുത്തു വിട്ട ബർത്ത് ഡേ കേക്കിൻ്റെ കാര്യം മറക്കണ്ട."
"ഇക്കയോട് ഞാനൊരു കാര്യം മറച്ചു വച്ചിരുന്നു ,തുടങ്ങി വച്ചെങ്കിലും,ഒന്ന് പച്ച പിടിച്ചിട്ടു പറയാം എന്നു കരുതി. നമ്മുടെ വീടിപ്പോൾ ഒരു ബേക്കറി കൂടിയാണ് കേട്ടോ.- മതിലിൻ്റെ വടക്കേയറ്റത്ത് ഒരു കറുത്ത ബോർഡുണ്ട്. മഞ്ഞയക്ഷരത്തിൽ അതിൽ എഴുതിയിട്ടുണ്ട് - "-ഓർഡർ അനുസരിച്ച് കേക്കും പലഹാരങ്ങളും തയ്യാർ ചെയ്ത് കൊടുക്കപ്പെടും. ഈ കേക്ക് ഇക്കയ്ക്കു വേണ്ടി സ്പെഷ്യലായി ഞാനുണ്ടാക്കിയതാണ്.ഇക്ക എല്ലാം മതിയാക്കി ഇങ്ങോട്ടു വന്നാലും നമുക്ക് ജീവിയ്ക്കാൻ ഇത്രയും മതി. "
താഹിറയും മക്കളും കൈ വീശി യാത്ര പറഞ്ഞ്, മൊബൈൽ ഫോണിലെ വെളിച്ചം കെട്ടു പോകുമ്പോൾ എൻ്റെ മനസ്സുനിറഞ്ഞിരുന്നു..... ബിരിയാണി കഴിയ്ക്കാനാകാത്ത വിധം തൃപ്തി കൊണ്ടെൻ്റെ വയറും..... ഈ ഓർമ്മകളും മരിയ്ക്കുവോളം മനസ്സിൽ നിന്നു മാഞ്ഞു പോകില്ല. ....ഇതാണ് ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ, മുൻപൊരിക്കലും അനുഭവിച്ചറിഞ്ഞിട്ടാത്ത ഒരു പിറന്നാളാഘോഷത്തിൻ്റെ സ്നേഹ സ്മരണകൾ.
അതെന്നെ ഓർമ്മപ്പെടുത്തി, മരുഭൂമിയിലെ വരണ്ട മണൽക്കാറ്റിനിടയിലുമുണ്ട്, ജീവിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്ന സ്നേഹത്തെന്നലിൻ്റെ സുഖശീതളിമ!
ഡോ. വീനസ് .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot