മിനിക്കഥ:
"ചേട്ടാ ഇയാളെ കൊണ്ടു വല്യ ശല്യമായ് ചേട്ടാ.. മെസഞ്ചറിൽ വന്ന് എപ്പോഴും ചോദിക്ക്യാ. എന്താ ഫ്രണ്ട് റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്യാത്തേന്ന്.. "
ടി വി യിൽ കോമഡി ഷോ
കാണുന്നതിനിടയിൽ ഭർത്താവിനോട് അവൾ മൊബൈൽ എടുത്ത് ഫേസ്ബുക്ക് തുറന്നു വച്ച് ഒരാളുടെ പ്രോഫൈൽ പിക്ചർ കാണിച്ച് പരാതിപ്പെട്ടു.
അയാൾ പറഞ്ഞു.
"നീ സുന്ദരിയായതോണ്ടാ റിക്വസ്റ്റൊക്കെ വരണത്..സാരല്യ
കാണാൻ ചുള്ളനാണല്ലോ.ആക്സപ്റ്റ് ചെയ്തോണ്ട് ഒന്നും സംഭവിക്കാൻ പോണില്ല.. "
"
"അതല്ല ചേട്ടാ അയാളുടെ മുഖത്തൊരു കള്ള ലക്ഷണമില്ലേ. ഒരു പെൺകോന്തൻ ലുക്ക്.. "
"പോട്ടം കണ്ടിട്ട് ഒരാളെ വിലയിരുത്താനൊന്നും പറ്റില്ല. നിനക്ക് ഇഷ്ടമായില്ലെങ്കിൽ റിക്വസ്റ്റ് റീമൂവ് ചെയ്യ്.
ഇതൊക്കെ ഓരോരുത്തരുടെയും യുക്തിയാണ്.. "
"ചേട്ടന് വിരോധമൊന്നുമില്ലെങ്കിൽ ഞാൻ ആക്സപ്റ്റ് ചെയ്യട്ടെ..കുറെ നാളായ് കെഞ്ചണതല്ലേ.. "
അയാൾ പറഞ്ഞൊഴിഞ്ഞു.
"നീ ചെയ്യേ ചെയ്യാണ്ടിരിക്കേ എന്ത് കോപ്പെങ്കിലും കാണിക്ക്. ഇതൊക്കെ ഓരോരുത്തരുടെയും യുക്തിയാണ്.. "
പിറ്റേ ദിവസം കാലത്ത് അയാൾ ജോലിക്കു പോകുമ്പോൾ അവൾ പറഞ്ഞു.
"ചേട്ടാ ഇന്നലെ റിക്വസ്റ്റ് ആക്സ്പ്റ്റ് ചെയ്ത ആളുണ്ടല്ലോ ദേ നോക്കിക്കേ ഗുഡ് മോർണിംഗ് അയച്ചിരിക്കണ്.
ഞാനും തിരിച്ച് അയക്കണോ ചേട്ടാ.. "
അയാൾ പറഞ്ഞൊഴിഞ്ഞു.
നീ അയക്കേ അയക്കാണ്ടിരിക്കെ എന്ത് കോപ്പെങ്കിലും കാണിക്ക്. ഇതൊക്കെ ഓരോരുത്തരുടെയും യുക്തിയാണ്.. "
അന്നു രാത്രി അയാളുടെ ചാരത്ത് ചേർന്നു കിടക്കുമ്പോഴും അവൾ പറഞ്ഞു.
ചേട്ടാ ആ ആളുണ്ടല്ലോ ഗുഡ് നൈറ്റ് പറഞ്ഞേക്കണ്.പിന്നെ സ്വീറ്റ് ഡ്രീംസും.
ഞാനും തിരിച്ച് പറയണോ ചേട്ടാ.. "
"ഒരു ഗുഡ് നൈറ്റ് പറഞ്ഞാലെന്താ പറ്റാൻ പോണ്.. ഫ്രണ്ടല്ലേ..
ഇതൊക്കെ ഓരോരുത്തരുടെയും യുക്തിയാണ്.. "
അതും പറഞ്ഞ് അയാൾ തിരിഞ്ഞു കിടന്നു.അവൾ പിന്നെയും മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നു.
നേരം പുലർന്നിട്ടും എണീക്കാതിരിക്കണ ഭാര്യയെ വിളിച്ചുണർത്തി അയാൾ പറഞ്ഞു. "എന്തുട്ട് കെടപ്പാ നീ കെടക്കണ് എനിക്ക് ജോലിക്ക് പോകാനുള്ളതാ. അടുക്കളേല് ഒന്നു കയറിയിട്ട് പിന്നെ വന്നു കിടന്നൂടെ.."
അതേ ചേട്ടാ രാത്രി ഒരു പോള പോലും ഞാൻ കണ്ണടച്ചിട്ടില്ല. ഇച്ചിരി നേരം കൂടി കെടക്കട്ടെ.എന്റെ പൊന്നുച്ചേട്ടനല്ലേ അടുക്കളേലൊന്നു കയറിയാട്ടെ .."
"അല്ല എന്ത്യേ രാത്രി ഉറങ്ങാതിരുന്നേ.. വയ്യായ്മ വല്ലതും തോന്നിയാ. എന്നെ വിളിക്കാർന്നില്ലേ മുത്തേ.. "
"അതേയ്, ആ ആളുണ്ടല്ലോ ഗുഡ് നൈറ്റ് പറഞ്ഞത്, ചാറ്റാൻ വന്നേക്കണ്..
ഞാനും ചാറ്റി ചേട്ടാ. ചാറ്റി ചാറ്റി നേരം പോയതറിഞ്ഞില്ല .നല്ല ഫ്രണ്ടാ.."
അയാൾക്കാകെ ചൊറിഞ്ഞുക്കേറി.
"ഓഹോ രാത്രി മുഴുവൻ ഇതായിരുന്നല്ലേ പരുവാടി. നിന്റെയൊരു ഫേസ് ബുക്കും ഫ്രണ്ട് റിക്വസ്റ്റും.. "
"അയിനെന്താ ചേട്ടാ ചൂടാവണ്.
ചാറ്റിയാലും ചാറ്റിയില്ലേലും എന്തുട്ട് കോപ്പ് കാണിച്ചാലും ഇതൊക്കെ ഓരോരുത്തരുടെയും യുക്തിയാണ്.. "
ഇത്രയും പറഞ്ഞ് അവൾ മൊബൈലെടുത്ത് ഗുഡ് മോർണിങ്ങും ടൈപ്പ് ചെയ്ത് വീണ്ടും ചുരുണ്ടുക്കൂടി കിടന്നു.
- പോളി പായമ്മൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക