നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അഗപ്പേ (ചെറുകഥ )

 


ജോൺ ഇന്ന് നിശ്ശബ്ദനാണ് പതിവ് പോലെ അവൻ വാട്ടർ ടാങ്കിനു സമീപം കാത്തു നിൽപ്പുണ്ട്.അതി രാവിലെ ഉണർന്നു കഴിഞ്ഞാൽ പിന്നീടങ്ങോട്ട് അഴിമുറി വിട്ട് പുറത്തിറങ്ങാനുള്ള ആവേശമാണ് അവന്. രാവിലെ കിട്ടാറുള്ള ചായയും കുടിച്ച്  അവൻ അഴിയിൽ പിടിച്ചു നിൽക്കും.ഒൻപതാം  വാർഡിലേക്കാണ് അവന്റെ നോട്ടം. ഇവിടെ വന്നതിനു ശേഷം അവന്റെ തകർന്നടിഞ്ഞ മനസ്സിനിടയിലെ  ഓർമ്മകളിൽ   നില നിർത്താൻ കഴിയുന്ന ഒരു ചിന്ത ഉണ്ടെങ്കിൽ അത് വേണു ചേട്ടനെ കുറിച്ചാണ്. ചിതലരിച്ച ചിന്തകളും മുടി നീട്ടി വളർത്തിയും, മൊട്ടയടിച്ചും  ഉറക്കെ അലറി വിളിച്ചും നിശബ്ദനായി തളർന്നുറങ്ങിയും  വരാന്തകൾ എപ്പോഴും  തിരക്കിലാകും. മരച്ചില്ലകളിൽ ഹിമ കണികകൾ സൂര്യപ്രകാശത്തിൽ തിളങ്ങി  തുടങ്ങിയിരിക്കുന്നു. പതിവ്   മുരൾച്ചയുമായി മാടപ്രാവുകൾ വരാന്തകളിൽ തിടുക്കം  കൂട്ടുന്നുണ്ട്. വിശപ്പ് എന്തെന്നറിയാതെ മയക്കത്തിലാകുന്നവർക്കിടയിൽ  അവ എപ്പോഴും കൊത്തിപ്പെറുക്കി തിണ്ണമേൽ   എച്ചിൽ കോലങ്ങൾ വരച്ചു പറന്നു പോകും.                     

                    പച്ച പിടിപ്പിച്ച നടുമുറ്റം കടന്നുചെന്നാൽ വാട്ടർ ടാങ്കിന്റെ സമീപത്തു      എത്താം.മുറ്റത്തെ മാവിലെ പഴുത്തിലകൾ ഞെട്ടറ്റുവീണ വഴിയിലൂടെ ജോൺ ആ മധ്യ വയസ്കനെയും പിടിച്ചു നടക്കും. ഏന്തി ഏന്തി വരുന്ന അയാളുടെ കൈകൾ വിറയ്ക്കുന്നുണ്ട്. ആരോ സമ്മാനിച്ച കുർത്തയും മുണ്ടുമാണ് വേഷം. കുട്ടിത്തം തുളുമ്പി നിൽക്കുന്ന വട്ട മുഖം,  ഉരുളൻ കണ്ണുകൾ, പ്രകാശം പരത്തി തിളങ്ങി നിൽക്കുന്ന കൺ പീലികൾ. പ്രായമായെങ്കിലും ലേശം പോലും കേടുവരാത്ത പല്ലുകൾ ഇവയെല്ലാം തന്നെ രാവിലെയുള്ള ആ മനുഷ്യന്റെ കടന്നുവരലിനെ മനോഹരമാക്കുന്നുണ്ട്,  ഒപ്പം കൈപിടിച്ച് ജോണും. യൗവനവും വാർദ്ധക്യവും തമ്മിലെ പോരാട്ടമെന്നു തോന്നാൻ കഴിയാത്തവണ്ണം ക്ഷീണിതരാണവർ.ചൂടുപിടിച്ച ചിന്തകൾക്കുമേൽ അവർ വാട്ടർ ടാങ്കിലെ വെള്ളം ഒഴിച്ച് തണുപ്പിക്കും. തണുത്ത വെള്ളം ഞരമ്പുകളെ ഉന്മാദത്തിലാക്കുന്നതിനാലാകണം അവർ ആ നിമിഷത്തെ അങ്ങേയറ്റം ആസ്വദിക്കുന്നത്. വേണു ചേട്ടൻ കുളികഴിഞ്ഞിറങ്ങുമ്പോഴേക്കും കുട്ടയിൽ അടുക്കിവെച്ച അലക്കിയ വസ്ത്രങ്ങളിൽ നിന്നും നിറമുള്ള ഒന്നിനെ കൈക്കലാക്കി  ജോൺ കാത്തുനിൽക്കും. താൻ എപ്പോഴും സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന ജീവിതം നശിപ്പിക്കാനുള്ള ചിന്തകൾ കടന്നുവരാത്തതിനാലാകണം ഒരു വെള്ള മുണ്ട് അദ്ദേഹത്തിനായി എപ്പോഴും മാറ്റി വച്ചിട്ടുണ്ടാകും. മുണ്ടും ജൂബയും അണിഞ്ഞു മുറ്റത്തെ മാഞ്ചുവട്ടിൽ അവർ ഇരിക്കും.മുറി കണ്ണാടി കാട്ടി മുഖം മിനുക്കി കൊടുക്കുന്നതും ജൂബയുടെ ബട്ടൺ ഇട്ട് കൊടുക്കുന്നതും എല്ലാം ജോണാണ്.
                                  
                 പണ്ടെങ്ങോ ഓർമ്മകൾ നഷ്ടപ്പെടുന്നതിനു മുൻപ് കണ്ട മുഖം മാത്രമാണ് ജോണിന് അവന്റെ അച്ഛന്റേതു. പുസ്തകങ്ങൾ വാരിക്കൂട്ടിയിട്ട അമ്മയുടെ കിടപ്പുമുറിയിലെ കഥാപുസ്തകങ്ങൾക്കു ഒപ്പമായിരുന്നു അച്ഛന്റെ സ്ഥാനം . അക്ഷരങ്ങളെ പ്രണയിച്ച അമ്മയുടെ ചിന്തകളിൽ കുടുംബ ബന്ധത്തിന് അത്രമേൽ ആയുസ് ഉണ്ടായിരുന്നില്ല. നിറവയറിൽ തന്നെ ഒറ്റയ്ക്കാക്കി നടന്നകന്ന ആ പൗരുഷത്തോട് അവർക്കു എന്നും ബഹുമാനം മാത്രമായിരുന്നു. കലാലയ  ലൈബ്രറികളിൽ തളം കെട്ടി നിന്ന പ്രണയം അറിഞ്ഞിട്ടും അറിയാതെ നടന്നകന്നവൾ, ലിസി ജോസഫ്. പാലായിലെ ഒന്നാന്തരം അച്ചായൻ ജോസഫ് എബ്രഹാമിന്റെ ഏക മകൾ. അധ്യാപകർ വാത്സല്യത്തോടെ കൊണ്ട് നടന്ന ലിസിമോൾ. കലോത്സവങ്ങളിലെ  നിറ സാനിധ്യം,  വെള്ള ചുരിദാറുമണിഞ്ഞു കാതിൽ കുഞ്ഞു കടുക്കനും കഴുത്തിൽ തൂക്കിയിട്ട കൊന്തയും അഴിച്ചിട്ട നീളൻ മുടിയുമായി കടന്നുവരുന്ന ലിസിയുടെ മുഖം ഏവർക്കും സുപരിചിതമാണ്. അവസാനവർഷ ബി എ മലയാളം ക്ലാസ്സിലെ വ്യാകരണ കോലാഹലങ്ങൾ നിറഞ്ഞ ക്ലാസുകൾ കഴിഞ്ഞാലുടൻ കരിങ്കല്ലുകൾ പാകിയ വരാന്തയിലൂടെയുള്ള അവളുടെ നടത്തം ലൈബ്രറിയിലേക്കാണ്. പൊടിപിടിച്ചിരിക്കുന്ന പുസ്തകങ്ങൾക്കിടയിൽ.. അവൾക്കായി മാറ്റി വയ്ക്കപ്പെട്ട ഒരു പുസ്തകൾ എന്നും ഉണ്ടാകും. ആവേശത്തോടെ അവൾ അതിനെ വായിച്ചു തുടങ്ങും. തനിക്കായി ആരോ സ്ഥിരം മാറ്റിവയ്ക്കപ്പെട്ട പുസ്തകമാണ് അത് എന്ന് അവൾക്കറിയാമായിരുന്നിട്ടും, അക്ഷരങ്ങൾ മൂടിപിടിപ്പിച്ച അവളുടെ ചിന്തകൾക്കുമേൽ അയാളെ തേടിയുള്ള യാത്ര അപ്രാപ്യമായിരുന്നു. അല്ലെങ്കിൽ തന്നെ വാത്സല്യത്തോടെ കാണുന്ന അധ്യാപകർക്കുമുന്നിൽ ഒരു ചോദ്യചിഹ്നം ആകുമോ എന്നുള്ള ഭയമാകണം അവളെ പുറകിലേക്ക് നയിച്ചത്. ആഴ്ചകളും മാസങ്ങളും കഴിഞ്ഞു പോകുംതോറും അവൾക്കായി മാറ്റിവച്ച പുസ്തകം തേടിയുള്ള യാത്ര തുടർന്നുകൊണ്ടേ യിരുന്നു.

                       ലൈബ്രറിയിലേക്ക് കടന്നുവരുമ്പോഴെല്ലാം റീഡിങ് റൂമിൽ പുസ്തകവുമായിരിക്കുന്ന ഒരു ചെറുപ്പക്കാരനെ അവൾ ശ്രദ്ധിക്കാറുണ്ടായിരുന്നു. വട്ട മുഖമാണ് ചന്ദന കുറി എപ്പോഴും അയാളുടെ നെറ്റിയിൽ കാണാമായിരുന്നു.വായനയിൽ മുഴുകി അപ്പുറത്തെ ബെഞ്ചിൽ സ്ഥാനം പിടിച്ചിരിക്കുന്ന അയാളെ അവൾ ഇടയ്ക്കിടെ എത്തി നോക്കുന്നുണ്ടായിരുന്നു, തിരിച്ചുഅയാളും.  കണ്ണുകൾ ഉടക്കാതെ ഇടയ്ക്കിടെ ഒരു  കള്ളനോട്ടം പാസ്സാക്കും. നാട്ടിലും വീട്ടിലും കലാലയത്തിലും നേരത്തെ തന്നെ ചാർതിക്കിട്ടിയ ജോസഫ് എബ്രഹാമിന്റെ മകൾ എന്ന ലേബൽ അണിഞ്ഞത് കൊണ്ടാകണം അയാൾ സമ്മാനിക്കുന്ന പുസ്തകങ്ങളിലെ അക്ഷരങ്ങളെ മാത്രംഅവൾ  പ്രണയിച്ചു തുടങ്ങിയത്.അന്നൊരു വെള്ളിയാഴ്ചയായിരുന്നു... ആവേശത്തോടെ ലൈബ്രറിയിലേക്ക് ചെന്നെത്തിയ അവളെ കാത്തിരുന്നത് പുസ്തകത്തോടൊപ്പം മുപ്പത്തി അഞ്ചാം അധ്യായത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന ഒരു കടലാസ് തുണ്ടായിരുന്നു. ആവേശത്തോടെ വിറങ്ങലിച്ച മുഖവുമായി അവൾ അത് നിവർത്തി നോക്കി "ഇഷ്ടമാണ് ഒരുപാട്  "എന്ന് മാത്രമാണ് അതിൽ ഉണ്ടായിരുന്നത്. പുസ്തകത്തിനകത്തു തന്നെ ആ വെള്ള പേപ്പർ തിരുകി ആരും കാണാതെ നെഞ്ചോടു ചേർത്ത് അവൾ താഴെ റീഡിങ് റൂമിലേയ്ക്ക് ഓടിയിറങ്ങി. ഇന്ന് അയാളെ കാണാനില്ല. ടേബിളിലെ വായിച്ചു പകുതിയാക്കിയ പുസ്തകം ജനാലയിലൂടെയുള്ള ഇളം കാറ്റേറ്റ് ഇളകി മറിയുന്നുണ്ട്. അവൾ പതുക്കെ അങ്ങോട്ടേയ്ക്ക് നടന്നു. പാതി തുറന്നിട്ട ജനൽ പാളിക്കരികിൽ നിന്ന് കണ്ണെത്താവുന്ന ദൂരത്തേയ്ക്കു അവൾ നോക്കി, പുറത്തെ മറച്ചുവടുകളിൽ ഒന്നും തന്നെ അയാളെ  കണ്ടില്ല.ജനൽ കമ്പികളിൽ മുറുകെ പിടിച്ച കൈ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.നെല്ലി മരത്തിൽ നിന്നും വീശിയടിച്ച കാറ്റു അവളുടെ മുടിയിഴകളെ കളിപ്പിച്ചുകൊണ്ടിരുന്നു. മനസ്സിൽ എവിടെയൊക്കെയോ കാഴ്ചയോടു പ്രണയം തോന്നി തുടങ്ങിയിരിക്കുന്നു, അൽപ നേരം നിശബ്ദയായി അവൾ. പിറകിൽ ആരോ വിളിക്കുന്നപോലെ അവൾ തിരിഞ്ഞു നോക്കി ഹൃദയമിടുപ്പിന്റെ വേഗത പതിന്മടങ്ങു വർധിച്ചപോലെ. എന്ത് ചെയ്യണം എന്ന്  അറിയാതെ വിറങ്ങലിച്ച ചുണ്ടുമായി നിന്ന അവളോട്‌ "ലിസി നല്ലപോലെ ആലോചിച്ചു മറുപടി നൽകിയാൽ മതി "എന്ന് മാത്രമാണ് അയാൾ പറഞ്ഞത്. നിമിഷങ്ങൾക്ക് മുന്നേ തന്നെ ഹൃദയങ്ങൾ തമ്മിലെ  പ്രണയം അവർ  അറിയാതെ അറിഞ്ഞതാണ്. ലിസി ചെറു പുഞ്ചിയുമായി മുന്നോട്ട് നീങ്ങി, ബെഞ്ചിനരികിലേയ്ക്ക് ഒതുങ്ങിനിന്ന്  അയാൾ തെളിച്ചുകൊടുത്ത വഴിയിലൂടെ അവൾ നടന്നു നീങ്ങി.

                    കലാലയത്തിലെ  വസന്ത              കാലത്തിന്റെ അവസാനാളുകളായിരുന്നു അത്. പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ചുവച്ച പേപ്പർ കഷണങ്ങളിലൂടെ അവരുടെ പ്രണയം പുഞ്ചിരിച്ചുകൊണ്ടിരുന്നു. ഹൃദയം കൊണ്ട് അവർ ഒരുപാടു സ്നേഹം പരസ്പരം പങ്കിടുന്നുണ്ട് എന്ന് ഉറപ്പായിരുന്നു. ലൈബ്രറിതിണ്ണ വിട്ടിറങ്ങിയാൽ നെല്ലിമരത്തിന്റെ ചുവട്ടിലെത്താം, പ്രണയ സംവാദങ്ങൾ നടക്കുന്ന അവിടെപോലും അവർ ഒരുമിച്ചിരുന്നിട്ടില്ല ഭൗതികമായ എന്തിനേക്കാളും വലുപ്പമുള്ള മനസ്സായിരുന്നു  അവരുടേത്. അവൾ കടന്നുപോകാറുള്ള വഴികളിലെല്ലാം അവൻ പതിവുതെറ്റാതെ കാത്തുനിൽക്കും. അന്ന് ഡിസംബർ മാസത്തിലെ അവസാന വെള്ളിയാഴ്ചയായിരുന്നു രണ്ടു ദിവസമായി ലിസിയുടെ അഭാവം അവനെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു.കലാലയമുറ്റത് അവൾ സ്ഥിരം പോകാറു ള്ളിടത്തെല്ലാം അവൻ ലിസിയെ തിരക്കിനടന്നു. ഒടുവിൽ അവസാന വർഷ മലയാളം ക്ലാസ്സിലെ തന്റെ സൗഹൃദക്കൂട്ടത്തിൽനിന്നും അറിയാൻ കഴിഞ്ഞത് അവളുടെ അപ്പന്റെ ബിസ്സിനെസ്സ് തകർച്ചയിലായി അവൾ ക്ലാസ്സിൽ വരാറില്ല എന്ന് മാത്രമാണ്. സമ്പന്നതയിൽ നിന്നും ജോസഫ് എബ്രഹാമിന്റെ താഴോട്ടുള്ള വീഴ്ച തികച്ചും അപ്രതീക്ഷിതമായിരുന്നു. അവൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു, അവളെ ഒന്നടുത്തറിഞ്ഞു തുടങ്ങിയതേയുള്ളായിരുന്നു  . ഇങ്ങോട്ടു പോണം എവിടെ ചെന്ന് അന്വേഷിക്കണം എന്ന തത്രപ്പാടിലായിരുന്നു അവൻ. ആഴ്ചകളുടെ ഇടവേളകളിൽ കോട്ടയം നഗരം ചുറ്റി തിരിഞ്ഞു നടന്നു. ഒടുവിൽ അവളെ തിരഞ്ഞുള്ള യാത്രചെന്നെത്തിയത്. അവളുടെ വിവാഹ പന്തലിലായിരുന്നു. തന്റെ ബിസ്സിനെസ്സ് തകർച്ചക്കിടയിൽ പിടിച്ചുനിൽക്കാൻ സമ്പന്നമായ ആ കുടുംബബന്ധം അനിവാര്യമാണെന്ന് അവളുടെ അപ്പന് തോന്നിക്കാണണം. അവിടെ നിന്നുള്ള അവന്റെ തിരിച്ചുവരവ് ബുദ്ധിമുട്ടേറിയതായിരുന്നു. ബസ്സിന്റെ ജനാലയിലൂടെ കാണുന്ന പുറം കാഴ്ചകളിലെല്ലാം അവളുടെ മുഖം തെളിഞ്ഞു നിന്നു. മിന്നി മായുന്ന അക്ഷരങ്ങൾ,.  അവ ചേർത്ത് വച്ചിട്ടും അർഥവ്യത്യാസം വന്നുപോയ വാക്കുകൾ ബാക്കിയാക്കി അവന്റെ മടക്കം. 

               ഓഫീസ് വരാന്തയിൽ ഒട്ടിച്ചിരുന്ന ജനുവരി മാസത്തിലെ റിലീസിംഗ് ലിസ്റ്റ് ജോണിനെ വല്ലാതെ വേദനിപ്പിച്ചു. കുളി മുറ്റത്തു നര ബാധിച്ചുതുടങ്ങിയ ആ മനുഷ്യന്റെ നഗ്നത മറയ്ക്കാൻ കഴിയില്ലല്ലോ എന്നുള്ള ചിന്തകൾ അമ്മയോടൊപ്പമുള്ള അവന്റെ മടക്കയാത്ര എന്ന സ്വപ്നത്തിന്റെ സൗന്ദര്യം നഷ്ടമാക്കി. കഞ്ഞി പത്രത്തിൽ നിന്നും പയറുമണികൾ കൊത്തിപ്പെറുക്കി പ്രാവുകൾ രാവിലെ തന്നെ വരാന്തയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. കുളി കഴിഞ്ഞു പുത്തനുടുപ്പിട്ടു മാവിൻ ചുവട്ടിൽ തന്നെ ഇരിപ്പുണ്ടവർ. തിരിച്ചു പിടിച്ച ഓർമക്കൂട്ടിൽ താൻ പ്രതിഷ്ഠിച്ച ആ മനുഷ്യനോടൊപ്പം ജോൺ. ഏകദേശം പതിനൊന്നു മണി ആയിക്കാണണം നീണ്ട മണിമുഴക്കം കേട്ടു വാർഡൻ ഓടിയെത്തി ഗേറ്റ് തുറന്നു. ഏകദേശം നാല്പത്തഞ്ചു വയസു തോന്നിപ്പിക്കുന്ന ഒരു സ്ത്രീ അകത്തേക്ക് കടന്നുവന്നു. മാഞ്ചുവട്ടിൽ സൊറപറഞ്ഞിരുന്ന ജോൺ വേഗത്തിൽ എഴുനേറ്റു ഗേറ്റിനരികിലേയ്ക്ക് നടന്നു. അമ്മ റിലീസിംഗ് ഓർഡറുമായി വന്നതാണ്, വെച്ച് വെച്ച് ഗേറ്റിനരികിലേക്കു എത്തിയപ്പോഴേക്കും ആ സ്ത്രീയുടെ കണ്ണുനിറഞ്ഞു കവിയുന്നുണ്ടായിരുന്നു. അവർ ഓടിയെത്തി അവനെ വാരി പുണർന്നു, ധാരയായി താഴേക്കു പതിച്ചുകൊണ്ടിരുന്ന കണ്ണുനീർത്തുള്ളി തുടച്ചു മാറ്റുന്നതിനിടയിൽ അവർ പെട്ടെന്ന് ജോണിനെ അരികിലേക്ക് മാറ്റിനിർത്തി പുറകിലേക്ക് നോക്കി  സ്തബ്ധയായി നിന്നു.ആ നിമിഷം  കാലചക്രത്തിന്റെ പിന്നിലേയ്ക്കുള്ള നിലയ്ക്കാത്ത  ഓട്ടമായിരുന്നു . അക്ഷരങ്ങളെ പ്രണയിക്കാൻ പഠിപ്പിച്ച, കടലാസുകഷണങ്ങൾ ചേർത്തുവച്ചു പ്രണയം പങ്കിടാൻ പഠിപ്പിച്ച, നെല്ലിമരത്തണലിൽ പ്രണയച്ചൂടറിയാൻ കാത്തുനിൽക്കവേ കാലം തന്നിൽനിന്നും തട്ടിയെടുത്ത വേണുവേട്ടൻ. ആർക്കോ വേണ്ടി ആരെയൊ ജീവിതത്തിലേയ്ക്ക് സ്വീകരിച്ചപ്പോൾ തഴയപ്പെട്ട മുഖം വേണു.  
             നട വഴിയിലൂടെ ജോണിനെ ലക്ഷ്യമാക്കി നടന്നു വന്ന വേണുവിന്റെ മുഖം നഷ്ടപ്പെട്ടുപോയ ഓർമകളിലെ  കോളേജ് വിദ്യാർഥിയുടേതായി തിരിച്ചു വന്നു .അയാൾ ഏറ്റവും കൂടുതൽ കാണണം എന്നാഗ്രഹിച്ച സ്വന്തം ലിസി. ആ സ്നേഹം കണ്ടെത്താനുള്ള യാത്രയ്‌ക്കൊടുവിൽ മനസസിന്റെ താളം നഷ്ട്ടപ്പെട്ട് ചെന്നെത്തിയ ഇരുമ്പഴിക്കുള്ളിലേയ്ക്ക് പോയ്മറഞ്ഞ ഇരുപതു വർഷത്തിനിടയിൽ എത്തിനോക്കിയവരിൽ തന്റേതു എന്ന് തോന്നിയ ഏക മുഖം, ഇരുട്ട് ബാധിച്ച ചിന്തകളിലെ പ്രണയ ചിത്രം  ലിസി ജോസഫ്.അവർ പരസ്പരം മുഖത്തോടു മുഖം നോക്കി നിന്നു. വാക്കുകൾ പെറുക്കിയെടുക്കാൻ ശ്രമിച്ച വേണുവിന്റെ ശബ്ദമിടറി ആരോ ഇട്ടുപഴകിയ ജൂബയിലെ ചുളിവുകൾ പൊടുന്നനെ നിവർത്തി മുണ്ടിന്റെ കര പുറത്തു കാണിച്ചു നിഷ്ക്കളങ്കമായ ചെറു ചിരിയോടെ അവൻ നിന്നു. തന്റെ ഉള്ളിലെ ഇഷ്ടം മൂടിവയ്ക്കാൻ നിര്ബന്ധിതയായി നഷ്ട്ടപ്പെടുത്തിയ ഒരുമിച്ചുള്ള ജീവിതം, തന്നെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ ഇവിടെ എത്തപ്പെട്ട വേണുവേട്ടൻ. രണ്ടാളുടെയും രക്തമായി മാറേണ്ടി വന്ന മകൻ ദൈവത്തിന്റെ കൽപ്പനയെന്നോണം ആ മനുഷ്യന്റെ എല്ലാമെല്ലാമായി മാറിയിരിക്കുന്നു. 

             നൊമ്പരക്കാഴ്ചകൾക്കിടയിൽ എവിടെയോ പ്രതീക്ഷ മുളപൊട്ടുന്നു.പരസ്പരം കൈപിടിച്ചുനിന്ന വേണുവേട്ടനെയും  മകനെയും തിരിഞ്ഞു നോക്കിക്കൊണ്ട് അവൾ ഓഫിസ് കെട്ടിടം ലക്ഷ്യമാക്കി നടന്നു. മകന്റെ റിലീസിംഗ് ഓർഡറിൽ ഒപ്പുവയ്ക്കുന്നതിനു തൊട്ട് മുൻപ് ഏറ്റെടുക്കാൻ ആളില്ലാത്തവരുടെ ലിസ്റ്റിലെ ആദ്യത്തെ പേര് വായിച്ചു,. വേണു. പൊടിപിടിച്ച ഓർമ്മകൾ മാത്രമായി മുന്നോട്ടുപോയ ജീവിതത്തിൽ ജീവിതം ഇനിയാണ് എന്നുള്ള തോന്നൽ അവളെ കൂടുതൽ കരുത്തുറ്റവളാക്കിമാറ്റി. സുപ്രേണ്ടിനോട് വിശദമായി സംസാരിക്കുന്നതിനിടയിൽ തന്നെ അറ്റൻഡർ ചിതലരിക്കാൻ തയ്യാറായി നിന്ന ചുവപ്പുനാടയിൽ പൊതിഞ്ഞ ഫയലുകളുമായി അവളുടെ മുന്നിലേക്കെത്തി. സൂപ്രണ്ട് തന്റെ മുന്നിലേയ്ക്ക് നീട്ടിയ ഫയലിലെ പേജുകൾ ഓരോന്നായി മറിച്ചു.അവൾക്കു നഷപ്പെട്ട കഴിഞ്ഞ ഇരുപതു വർഷത്തെ ജീവിതമുണ്ടായിരുന്നു ആ ഫയലുകൾക്കു  സമ്മാനിക്കാൻ.ഒരുപാടു ഇഷ്ടമാണ് എന്നെഴുതിയ കടലാസ് തുണ്ടിനു മറുപടി കുറിക്കാൻ ദൈവം കാത്തുവച്ച നിമിഷം ഇതാവണം. ലിസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി  ഇറ്റുവീണ കണ്ണുനീർത്തുള്ളി തുടച്ചു മാറ്റി അവൾ മറുപടി എഴുതി,  'ഏറ്റെടുക്കുന്നു,  ഒപ്പ്. '

       സന്ദർശകരുടെ സമയം അവസാനിച്ചു, ജീവിതത്തിൽ ഏതോ വലിയ ലക്ഷ്യം സഭലമാക്കിയ കരുത്തോടെ അവൾ ഓഫിസിനു പുറത്തിറങ്ങി. വരാന്തയ്ക്കു സമീപം തന്നെ കാത്തുനിന്ന രണ്ടു ജീവനുകളെ ഇരു കൈകളിൽ മുറുകെ പിടിച്ച് ഇടനാഴിയിലൂടെ അവൾ നടന്നു. പയറുമണികൾ കൊത്തിപ്പെറുക്കിയ മാടപ്രാവുകൾ പരസ്പരം കൊക്കുരുമ്മി ചിരിച്ചു. ഭ്രാന്തമായി ശബ്‌ദിച്ചുകൊണ്ടിരുന്ന ഇരുമ്പഴികൾ നിശബ്ദമായി. ക്ഷണ നേരത്തിൽ കാഴ്ചകൾ നശിച്ചുപോകുന്ന അവിടുത്തെ  ജീവനുകൾക്കു ഇ കാഴ്ച പ്രതീക്ഷയുടേതായിരുന്നു. അവർ  കൈകൾ പുറത്തേയ്ക്കു വീശി സന്തോഷമറിയിച്ചു, നിശബ്ദമായ അവരുടെ പുഞ്ചിരി ആ നിമിഷത്തെ പ്രകാശപൂരിതമാക്കി. വാർഡൻ ഗേറ്റിനരികിലെ ചെറിയ വാതിൽ  തുറന്നു.ലിസി ഇരു വശങ്ങളിലുമായി അവരെ ചേർത്തുപിടിച്ചുകൊണ്ട്  ആശുപത്രി കോംബൗണ്ടിനു പുറത്തേയ്ക്കു നടന്നു നീങ്ങി.കണ്ണുനീരണിഞ്ഞു ഒപ്പം നടന്നു നീങ്ങിയ  വേണുവിന്റ മുഷിഞ്ഞ ജൂബയിലെ കീറിയ പോക്കറ്റിൽ നിന്നും കടലാസുകഷണങ്ങൾ വഴിയിൽ വീണുകൊണ്ടേയിരുന്നു, അതിൽ നിറയെ ഇങ്ങനെ എഴുതിയിരുന്നു            

 "ഇഷ്ടമാണ് ഒരുപാട് " 
                   
  അഖിൽരാജ് വി ആർ

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot