Showing posts with label JeenaRajeesh. Show all posts
Showing posts with label JeenaRajeesh. Show all posts

നർമ്മകഥ..


നർമ്മകഥ..
മിക്കവാറും ബാങ്കുകളിലെല്ലാം കാന്റീൻ നിലവിലുണ്ട്. ഞങ്ങളുടെ ബ്രാഞ്ചിൽ ഈ മാസമാണ് കാന്റീൻ തുടങ്ങിയത്. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ജോളിച്ചേട്ടൻ പറഞ്ഞു "കാന്റീൻ തുടങ്ങിയ കാരണം രാവിലെ ഇത്തിരി വൈകി എണീറ്റാൽ മതി. Breakfast മാത്രം ഉണ്ടാക്കിയാൽ മതിയല്ലോ." പുതിയതായി ട്രാൻസ്ഫർ ആയി വന്ന ശ്രുതിയും പറഞ്ഞു ഞാനിപ്പോൾ വീട്ടിൽ breakfast മാത്രമേ ഉണ്ടാക്കൂ എന്ന്‌. "പക്ഷെ എന്റെ ജോലിക്ക് ഒരു കുറവുമില്ല. എനിക്ക് ഇപ്പോഴും ചോറും കറിയും ഉണ്ടാക്കണം." ഞാനിത്തിരി വിഷമത്തോടെ പറഞ്ഞു. അപ്പോൾ ശ്രുതി ചോദിച്ചു "സ്കൂളിലേക്ക് ചോറ് കൊണ്ടോണം ല്ലേ...എത്ര കുട്ടികളാ..?" ശ്രുതി ജോയിൻ ചെയ്തിട്ടു രണ്ടാഴ്ച ആയി. ഞങ്ങൾ തമ്മിൽ നന്നായി സംസാരിക്കുമെങ്കിലും personel കാര്യങ്ങൾ ഒന്നും ചോദിച്ചിരുന്നില്ല. ഞാൻ പറഞ്ഞു. "രണ്ടു പേർ". "രണ്ടാളും സ്കൂളിൽ പോണുണ്ടോ.. ?" അടുത്ത ചോദ്യം. "ആ...പോകുന്നുണ്ട്.." ഞാൻ പറഞ്ഞു. "എത്രാം ക്ലാസ്സിലൊക്കെയാ...?" പിന്നേം ശ്രുതി. "എട്ടാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും.. " ഞാൻ പറഞ്ഞു. ശ്രുതിയുടെ മുഖത്തു ആകെ ഒരു അമ്പരപ്പ്..😲 "എട്ടാം ക്ലാസിലോ...!! എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുണ്ടെന്നു കണ്ടാൽ പറയില്ല ട്ടോ...!!
ഹോ... ദൈവമേ..ദേഹം മുഴുവൻ ഒരു കോരിത്തരിപ്പ്...!! ഞാൻ ചുറ്റും നോക്കി. കൃഷ്ണകുമാറും സോണിയും ജോളി ചേട്ടനും തല കുമ്പിട്ടിരുന്നു ചിരിക്കുന്നു. ഗിരിജേച്ചി മുഖം പൊത്തി പിടിച്ചു ചിരിക്കുന്നു. സവിത ആർത്തട്ടഹസിച്ചു ചിരിക്കുന്നു. സ്വതവേ ഗൗരവക്കാരിയായ അക്കൗണ്ടന്റ് ഷംലമാഡം മാത്രം ഞാനീ നാട്ടുകാരിയല്ല എന്ന മട്ടിൽ ഭക്ഷണം കഴിക്കുന്നു. ഷംലമാഡത്തിനോട് എനിക്ക് ബഹുമാനം തോന്നി. അല്ലെങ്കിലും ഒരാൾ ഒരു സത്യം പറയുമ്പോൾ ഇങ്ങനെ ചിരിക്കേണ്ട കാര്യമെന്താ...?😠 ഞാൻ മുഖത്തെ expression ഒക്കെ ഒന്നു മാറ്റി പരമാവധി ഭവ്യതയോട് കൂടി ശ്രുതിയോട് പറഞ്ഞു.
"എല്ലാവരും പറയാറുണ്ട്..."😊..
"എന്നാലും ഇതെങ്ങനെയാ...? നേരത്തേ കല്യാണം കഴിച്ചു കാണും ല്ലേ.. ?" അടുത്ത ഇടിവെട്ട് ചോദ്യം. കെട്ടിയോനെ മനസ്സിൽ ഓർത്തു. എന്നാലും ചേട്ടാ.. എന്നോടിത് വേണ്ടായിരുന്നു. ഇതിനിപ്പോ എന്താ മറുപടി പറയ്യാ... 🤔!!
"അങ്ങനെയൊന്നും ഇല്ല്യ..." ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. എന്നിട്ട് എല്ലാവരെയും ഒന്നു നോക്കി. കൃഷ്ണകുമാറും സോണിയും ജോളി ചേട്ടനും ചോറിൽ കമിഴ്ന്നു കിടന്ന് ചിരിക്കുന്നു. ചിരിച്ചു ചിരിച്ചു ഗിരിജേച്ചിയുടെ കണ്ണീന്നൊക്കെ വെള്ളം വരുന്നുണ്ട്. സവിതയെ കാണാനേയില്ല..താഴെ വീണുകിടന്നു ചിരിക്കുന്നുണ്ട്... ഷംലമാഡവും ചോറുണ്ണൽ നിർത്തി ചിരിക്കുന്നുണ്ട്. എനിക്കാണെങ്കിൽ ശ്രുതിയെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ കൈ തരിച്ചിട്ടു വയ്യ. എന്റെ വയറ് നിറഞ്ഞു. ഇനി ഒരു മാസത്തേക്ക് ഭക്ഷണം ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല. എണീറ്റ് കൈ കഴുകി. ഇനി കൗണ്ടറിൽ പോയി കസ്റ്റമേഴ്സ് നൊക്കെ ഗംഭീര സർവീസ് കൊടുക്കണം. ഇപ്പോഴാ ഒരു ആവേശം കിട്ടിയത്.😍😎
ജീന രാജേഷ്.

ഒരു കോഴിക്കഥ

Image may contain: 1 person, standing, tree, plant, outdoor and nature

ഏകദേശം മൂന്ന് വർഷങ്ങൾക്കു മുൻപാണ്. അന്ന് ബാങ്കുകൾക്ക് 2 & 4 ശനിയാഴ്ച അവധി ആയിട്ടില്ല. ശനിയാഴ്ച ഉച്ചക്ക് ജോലി കഴിഞ്ഞെത്തിയാൽ ഞാനാകെ ഒരു relaxed mood ൽ ആയിരിക്കും. അങ്ങനെ T V യും കണ്ടു ഇരിക്കുമ്പോഴാണ് മുറ്റത്തൊരു ബഹളം. നോക്കുമ്പോൾ ഭർത്താവ് കാറിന്റെ ഡിക്കി തുറന്നു ഒരു ചെറിയ കൂട് പുറത്തെടുക്കുന്നു. കുട്ടികൾ രണ്ടും ചുറ്റും നിന്നു തുള്ളിച്ചാടുന്നുണ്ട്. കൂടെ കീയോ..കീയോ.. എന്നു കലപില ശബ്ദവും. അതെനിക്കുള്ള പണിയാണെന്നു എന്റെ ആറാമിന്ദ്രിയം പറഞ്ഞു. എട്ട് കോഴികുഞ്ഞുങ്ങൾ..പിന്നെ രണ്ടു ഗിനി കോഴികളും. എന്റെ മുഖഭാവം കണ്ടപ്പോഴേ ചേട്ടൻ പറഞ്ഞു " ജീനു കഷ്ടപ്പെടേണ്ട. ഇതിനെയൊക്കെ ഇവര് വളർത്തിക്കോളും." അപ്പോഴേക്കും അവിടെ ഉടമസ്ഥാവകാശതർക്കം തുടങ്ങികഴിഞ്ഞിരുന്നു. കോഴികുഞ്ഞുങ്ങൾ ചേട്ടനും ഗിനികോഴികൾ അനിയത്തിക്കും. പക്ഷെ ഒരു പട്ടിയുള്ളതിനെ ചേട്ടൻ കൈവശപ്പെടുത്തിയതിനാൽ മുഴുവൻ കോഴികുഞ്ഞിനെയും കൊടുക്കാൻ പറ്റില്ലെന്ന് അനിയത്തി. Compensation ആയി മുയലിനെ വാങ്ങിത്തരാമെന്ന ഉറപ്പിൽ ആ തർക്കം പരിഹരിക്കപ്പെട്ടു. പട്ടിയെ കുടിയൊഴിപ്പിച്ചു കോഴികളെ എല്ലാം പട്ടിക്കൂടിനകത്താക്കി. പിന്നെ തീറ്റ കൊടുക്കലും വെള്ളം കൊടുക്കലും തലോടലും ഒക്കെയായി ഗംഭീര പരിചരണമായിരുന്നു. "ആരംഭശൂരത്വം ഞാനെത്ര കണ്ടതാ" എന്ന മട്ടിലുള്ള എന്റെ നിൽപ്പ് കണ്ടപ്പോൾ മോൻ പറഞ്ഞു. "എന്റെ പട്ടിക്കും കോഴിക്കും ഞാൻ തീറ്റകൊടുത്തോളാം. ഗിനി കോഴികളെ മോളു നോക്കിക്കോളും.". "അച്ഛനും മക്കളും എന്താന്നു വെച്ചാ ചെയ്തോ. ഞാൻ തിരിഞ്ഞു നോക്കില്ല."ഞാനെന്റെ നയം വ്യക്തമാക്കി. പിറ്റേദിവസവും പരിചരണം ഗംഭീരം തന്നെയായിരുന്നു. സ്കൂൾ ഉള്ളതിനാൽ തിങ്കളാഴ്ച മുതൽ മക്കൾ കോഴികളെ തിരിഞ്ഞു നോക്കിയില്ല. പിന്നെ അച്ഛന്റെ ഊഴമായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അതും നിന്നു. അങ്ങനെ പക്ഷിമൃഗപരിപാലനം എന്റെ തലയിലായി. തന്റെ കൂടു കൈയ്യേറിയതിന്റെ അമർഷം പട്ടി രണ്ട്‌ പ്രാവശ്യം പ്രകടിപ്പിച്ചു. രണ്ടു കോഴികുഞ്ഞുങ്ങൾക്കു ജീവൻ നഷ്ടമായി.
ആ ആഴ്ച തന്നെ നല്ലൊരു കോഴിക്കൂടും പണിതു കോഴികളെയെല്ലാം അങ്ങോട്ടു മാറ്റി. രാവിലെ തീറ്റകൊടുക്കാൻ കൂട് തുറക്കുമ്പോഴേ എല്ലാം കൂടി പുറത്തേക്കു ചാടും. അതിനെയൊക്കെ പെറുക്കി കൂട്ടിനകത്താക്കിയിട്ടു വേണം എനിക്ക് ജോലിക്ക് പോകാൻ. അങ്ങനെ എന്റെ ശാപ വചനങ്ങൾ കേട്ടു അവർ വളർന്നു. ഒരേ കൂട്ടിലാണെങ്കിലും ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുളള കടുത്ത മത്സരം അവിടെ നിലനിന്നിരുന്നു. അവിടെ കൂട്ടിൽ തല്ലു നടക്കുമ്പോൾ ഇവിടെ വീട്ടിലും തല്ലു പതിവായിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് മറ്റൊരു പ്രശ്നം തലപൊക്കിയത്. "എല്ലാ കോഴികളും പിടകോഴികളാണ്...!!". അച്ഛനും മക്കളും പ്രശ്നം ഗൗരവമായി ചർച്ച നടത്തി, കുടുംബത്തിനു യോജിച്ച ഒരു പൂവൻ കോഴിയെ കൊണ്ടുവരാൻ തീരുമാനമായി. ആറു പെണ്മക്കലുള്ള ഒരു അച്ഛന്റെ ആധി എനിക്ക് മനസ്സിലായി. അങ്ങനെ ഒരു കോഴി ഫാമിൽ പോയി നല്ല ഒരു പൂവൻ കോഴിയെ വാങ്ങി. വീട്ടിൽ വന്നിറങ്ങിയപാടെ പൂവന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. ഒന്നിനോടൊന്നു മെച്ചമായ ആറു പിടക്കോഴികൾ. തങ്ങൾ പിന്നെയും ന്യൂനപക്ഷമായെന്ന തിരിച്ചറിവിൽ തലതാഴ്ത്തി നിൽക്കുന്ന ഗിനി കോഴികൾ. പെണ്ണുങ്ങളുടെ മുൻപിൽ ആളാകാനുള്ള പുരുഷസഹജമായ അഭിവാഞ്ജയിൽ അവൻ ഗിനികോഴികളെ ലക്ഷ്യമാക്കി പാഞ്ഞു. പിന്നെയവിടെ നടന്നത് ഒരു യുദ്ധമായിരുന്നു. അത്‌ കണ്ടതും മോൾ "എന്റെ ഗിനികോഴികളെ ചേട്ടന്റെ പൂവൻകോഴി കൊല്ലും.."എന്നു പറഞ്ഞു നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി. അങ്ങനെ അടുത്ത ആഭ്യന്തര കലാപവും തുടങ്ങി.
പിറ്റേദിവസം ഞാൻ കണ്ടത് തലയിൽ നിന്നു ചോര ഒലിപ്പിച്ചു കൊണ്ട് നിൽക്കുന്ന ഗിനികോഴികളെയാണ്. പൂവനെ പേടിച്ചു അവ പിന്നെ കൂട്ടിൽ കേറാതെയായി. പക്ഷെ തന്റെ പിടകളുടെ മുൻപിൽ ആളാവാനുള്ള ഒരു അവസരവും അവൻ വെറുതെ കളഞ്ഞില്ല. ഗിനികോഴികൾ പൂവനെ കാണുമ്പോൾ തീറ്റ പോലും കഴിക്കാതെയായി. എന്റെ കുടുംബപ്രാരാബ്ധങ്ങൾക്കിടയിലും ഗിനി കോഴികൾക്കുള്ള തീറ്റ ഞാൻ വേറെ ഇട്ടു കൊടുക്കുമായിരുന്നു. എന്തു ചെയ്യാൻ..!ഞാനൊരു ലോലഹൃദയിയായി പോയില്ലേ....പക്ഷെ പൂവൻ കോഴിയുടെ ഉപദ്രവം വളരെ ഭയാനകമായിരുന്നു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ രണ്ട് ഗിനികോഴികളും ചത്തു പോയി.മോൾക്ക് അതു സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. എനിക്കെന്റെ ഗിനികോഴികളെ കാണണം എന്ന് പറഞ്ഞു അവൾ കരച്ചിലോട് കരച്ചിൽ തന്നെ. കാര്യം തല്ലുകൂടുമെങ്കിലും അവൾ കരഞ്ഞാൽ മോന് വലിയ വിഷമമാണ്. മോൾടെ ഗിനികോഴികൾ വേറെ ഏതെങ്കിലും ജീവിയായി രണ്ടാമത് ജനിക്കുമെന്ന് പറഞ്ഞു അവൻ അവളെ ആശ്വസിപ്പിച്ചു. പിന്നെ കുറേ നാൾ ഏത്‌ പൂച്ചയെയും പൂമ്പാറ്റയെയും കണ്ടാൽ അവൾ ചോദിക്കും "അതെന്റെ ഗിനികോഴി ആയിരിക്കോ..?"
അങ്ങനെയിരിക്കെ ഒരു ദിവസം ചാലക്കുടിയിൽ ഒരു കുതിര പ്രസവിച്ചതായി പത്രത്തിൽ വാർത്ത വന്നു. അപ്പോഴും അവൾ ചോദിച്ചു "അതെന്റെ ഗിനികോഴി രണ്ടാമത് ജനിച്ചതായിരിക്കോ..? അച്ഛാ,നമുക്കാ കുതിരകുട്ടിയെ വാങ്ങിച്ചാലോ...?" "ശരി നോക്കാം."അച്ഛനും സമ്മതം. "അമ്മേ..ഞങ്ങൾ കുതിരകുട്ടിയെ വാങ്ങിച്ചോണ്ടു വരാം." അവൾ എന്നോട് പറഞ്ഞു. "എന്തായാലും പോവുകല്ലേ എനിക്ക് പറ്റിയ ഒരു ഹോസ്റ്റൽ ഉണ്ടോന്ന് കൂടി അന്വേഷിച്ചേക്ക്... ചേട്ടനവൾക്കു വെറുതെ ആശ കൊടുക്കുന്നതെന്തിനാ...?" ഞാൻ ചോദിച്ചു. പക്ഷെ നമ്മളു പറയുന്നത് ശ്രദ്ധിക്കുന്ന സ്വഭാവം പണ്ടേ ഇല്ലല്ലോ.. ! ഇനി തിരിച്ചു വരുമ്പോൾ ഇവിടെ ഭൂകമ്പം നടക്കും . ഞാൻ ഉറപ്പിച്ചു. പക്ഷെ ഞാൻ പ്രതീക്ഷിച്ച പോലെ ഒന്നും നടന്നില്ല. അവൾ വളരെ സന്തോഷത്തോടെയാണ്‌ തിരിച്ചു വന്നത്. "എന്താ കുതിരയെ വാങ്ങിച്ചില്ലേ...?". ഞാൻ ചോദിച്ചു. "അമ്മേ... ആ കുതിരകുട്ടി തീരെ ചെറുതാ... ഇപ്പൊ നമ്മൾ ഇങ്ങോട്ട് കൊണ്ടുവന്നാൽ അതിനതിന്റെ അമ്മയെ കാണാതെ സങ്കടാവും. പിന്നെ അതിനു പാല് കുടിക്കണ്ടേ..?അത് വലുതാവുമ്പോൾ ആ കുതിരക്കാരൻ അച്ഛനെ വിളിച്ചു പറയും. അപ്പൊ നമുക്ക് ഇങ്ങോട്ട് കൊണ്ടുവരാം." അവളുടെ നിഷ്കളങ്കമായ മറുപടി കേട്ട് ഇതിനെല്ലാം കാരണഭൂതൻ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും വാഗ്ദാനം നൽകി പറ്റിക്കുന്ന കാര്യത്തിൽ മ്മടെ കേട്ട്യോനെക്കാളും കേമൻ വേറെ ഉണ്ടോ...?
Jeena Rajesh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo