അവളുടെരാവുകൾ


****************
"ഏയ്‌ ഗായത്രി ഇതുവരെ റെഡിയായില്ലേ .?"
'സുഭദ്രാമ്മയുടെ' വിളി കേട്ടുകൊണ്ടാണ് ഗായത്രി ഉറക്കത്തിൽനിന്നും ഉണർന്നത് .അവൾ ചുമരിലെ ക്ലോക്കിലേക്ക് നോക്കി .സമയം ആറുമണി .ഇന്ന് മാസാവസാന ശനിയാഴ്ച ,ജോലിക്കാർക്കൊക്കെ ശമ്പളം കിട്ടുന്ന ദിവസം .അതുകൊണ്ടുതന്നെ ഏറ്റവുംകൂടുതൽ ആളുകൾ സന്ദർശനത്തിന് എത്തുന്ന ദിവസവുമാണ് .
കസ്റ്റമേഴ്സ്റ്റിനെ സ്വീകരിക്കാനുള്ള വിളിയാണ് .ഉച്ചക്കുശേഷം കുളിയും ,ഭക്ഷണവും കഴിഞ്ഞു വെറുതേ കിടന്നതാണ് .തലേരാത്രിയിലെ ഉറക്കശീണവും മറ്റും കൊണ്ട് സമയം കടന്നുപോയതറിഞ്ഞില്ല .അവൾ ഉടൻതന്നെ എഴുന്നേറ്റു ഡ്രസ്സുമാറി റെഡിയായി .
ഇന്നത്തെ തന്റെ അവസ്ഥ പരിതാപകരം തന്നെ .ഇന്നത്തെദിവസം
മാസാവസാന ശനിയാഴ്ച .
ഇനി പുലരിവരെ തനികുറക്കമില്ല .ഇന്ന് പുലർച്ചവരേയും തന്നെക്കാണാനെത്തുന്നവരുടെ തിരക്കുതന്നെ .വിവിധദേശക്കാർ ,ഭാഷക്കാർ .അവൾക്കെല്ലാം വേണ്ടുന്നത് തന്റെ ശരീരവും .സുഭദ്രേച്ചിയുടെ കീഴിൽ വേറെയും പെകുട്ടികളുണ്ടെങ്കിലും പുതുതായി എത്തിയ ,പ്രായത്തിൽകുറഞ്ഞ തന്നെയാണ് എല്ലാവർക്കും രാത്രി പങ്കിടാൻ വേണ്ടത് .അതിനായി സുഭദ്രേച്ചിക്ക് എത്രരൂപവേണമെങ്കിലും നൽകാൻ അവർ തയ്യാറാണ് .
ഒരാൾ എപ്പോൾ മരിക്കുമെന്ന് ആർക്കുമറിയില്ല
പക്ഷേ തനിക്കറിയാം ...ഇന്ന്
തന്റെ മരണമാണ് .
ഇവിടെ ബോംബെയിലെ ,വേശ്യാലയത്തിൽ രാത്രിസുഖം തേടിയെത്തുന്നവർ അവരുടെ രതിക്രീഡകളിലൂടെ തന്നെ കൊല്ലാതെ കൊല്ലും .കഴിഞ്ഞ മാസാവസാനദിവസം താനത് അനുഭവിച്ചറിഞ്ഞതാണ് .
കാമുകനെ വിശ്വസിച്ചു വീട്ടുകാരേയും ,നാട്ടുകാരേയും വിട്ടുകൊണ്ട് ഒളിച്ചോടിപ്പോന്ന തന്റെ അവസ്ഥ ... ഓർത്തപ്പോൾ അവളുടെ മനസ്സ് മരവിച്ചുപോയി .
തന്റെ അച്ഛനും ,അമ്മയും ഇപ്പോൾ എന്തെടുക്കുകയാവും .അവർ തന്നെയോർത്ത് എത്രമാത്രം സങ്കടപ്പെടുന്നുണ്ടാവും .തന്റെ സഹോദരിയിപ്പോൾ എന്തെടുക്കുകയാവും .അവളിപ്പോഴും കോളേജിൽപോകുന്നുണ്ടോ .വിധവയായ ചേച്ചിയും മോനും ഇപ്പോൾ എന്തെടുക്കുകയാവും .മോനിപ്പോൾ തന്റെ പേരുപറഞ്ഞു കരയുന്നുണ്ടാവുമോ .
കുടുംബാംഗങ്ങളുടെ മുഖം മനസ്സിൽ നിറയുന്നു അവരറിഞ്ഞിട്ടുണ്ടാവുമോ ഇന്ന് താൻ ,ഒരു പാട് സ്വപ്നങ്ങളുമായി വീട്ടിൽനിന്നും നെഞ്ചുപൊട്ടുന്ന വേദനയോടെ നല്ലൊരു ജീവിതം മുന്നിൽക്കണ്ടുകൊണ്ട് കാമുകനൊപ്പം യാത്ര പുറപ്പെട്ട ...തന്റെ അവസ്ഥ ഇതാണെന്ന് .തന്നെ കാമുകൻ വേശ്യാലയത്തിൽ വിലപേശി വിറ്റെന്ന് .
ബോംബെയിലെത്തി രണ്ടാംനാൾ ഭർത്താവ് തന്നെയുംകൂട്ടി സുഭദ്രേച്ചിയുടെ വീട്ടിലെത്തി .എന്നിട്ട് അവരെചൂണ്ടി തന്നോട് പറഞ്ഞു .
"ഇതാണ് ഇനിമുതൽ നിന്റെ വാസസ്ഥലം ,ജോലിസ്ഥലവും. ഈ സുഭദ്രേച്ചി നിനക്ക് വേണ്ടുന്നതൊക്കെ ചെയ്തുതരും .നിന്നെപ്പോലെ ഒരുപാട് പെൺകുട്ടികളെ രക്ഷപ്പെടുത്തിയിട്ടുള്ള ആളാണ്‌ സുഭദ്രേച്ചി .നോക്കിയുംകണ്ടുമൊക്കെ നിന്നാൽ നിനക്ക് നന്നായി കഴിയാം ."അന്നുപോയതാണ് അയാളെ പിന്നീട് കണ്ടിട്ടില്ല .
തന്റെ ഇന്നത്തെ അവസ്ഥയൊന്നും കുടുംബത്തിലാരും അറിഞ്ഞിട്ടില്ല .അറിഞ്ഞാൽ അവർ ഹൃദയംപൊട്ടി മരിക്കും .അവരുടെ മനസ്സിൽ താനിന്നും കാമുകനുമൊത്ത് ബോംബെയിലെ കമ്പനിയിൽ ജോലിചെയ്തു സന്തോഷത്തോടെ ജീവിക്കുകയാണ് .
ഈശ്വരാ ,ഈ അഴുക്കുചാലിലെ ജീവിതത്തിൽപ്പെട്ടു മരിക്കുന്നതിനുമുന്നെ ഒരിക്കൽക്കൂടി തന്റെ കുടുംബാംഗങ്ങളുടെ മുഖമൊന്ന് അവസാനമായി കാണാൻ കഴിഞ്ഞെങ്കിൽ ...
അവരെ ഞാൻ നിന്നെ ഏൽപ്പിക്കുന്നു അവർക്കിത് താങ്ങാനുളള സഹനശക്തി കൊടുക്കണെ ഈശ്വരാ .
കണ്ണുകൾനിറഞ്ഞു കാഴ്ച്ചമങ്ങി
വീഴാൻപോയ അവൾ ചുമരിൽചാരി താഴേയ്ക്കിരുന്നു .
"ഗായത്രി നീ ഇതുവരേയും റെഡിയായില്ലേ .?ആളുകൾ വന്നുതുടങ്ങി .എല്ലാവർക്കും വേണ്ടത് നിന്നെയാണ് .ഇന്ന് മാസാവസാനം ആണെന്ന് അറിയില്ലേ .?"സുഭദ്രേച്ചിയുടെ ദേഷ്യംകലർന്ന വാക്കുകൾ .ഒപ്പം വാതിലിൽ തുടരെത്തുടരെയുള്ള മുട്ടലുകളും .ഗായത്രി മുഖം കഴുകിയിട്ടു ചെന്ന് വാതിൽതുറന്നു .
"ഉം .?തുറക്കാനെന്താണ് ഇത്ര താമസം .?"സുഭദ്ര ഗൗരവത്തിൽ അവളെനോക്കി .
"സുഭദ്രേച്ചി ,ഒരുപാട് ആളുകളെ എന്റെ മുറിയിലേയ്ക്ക് അയയ്ക്കരുതേ .എല്ലാംകൂടി എനിക്കുവയ്യ .ഞാൻ മരിച്ചുപോകും ."അവൾ കൈകൂപ്പിക്കൊണ്ട് പറഞ്ഞു .
"നീ പറഞ്ഞതൊക്കെ ശരിതന്നെ .പക്ഷേ ,എന്തുചെയ്യാം വരുന്നവർക്കൊക്കെ പുതിയപെൺകുട്ടിയെ മതി .അപ്പോൾ പിന്നെ .?ഒരുനിമിഷം നിർത്തിയിട്ടു സുഭദ്ര അർത്ഥഗർഭമായി ചിരിച്ചു .അല്ലെങ്കിൽത്തന്നെ പറ്റില്ലെന്നുപറഞ്ഞാൽ എങ്ങനെയാ .?നിന്റെ ഭർത്താവാണെന്നും പറഞ്ഞുകൊണ്ട് നിന്നെ ഇവിടെക്കൊണ്ടുവന്നാക്കിയവൻ ,രൂപ ഒന്നുംരണ്ടുമല്ല നിന്റെപേരിൽ വാങ്ങിക്കൊണ്ടുപോയത് .ഒരുലക്ഷമാണ് .അതെങ്കിലും മുതലാകണ്ടേ .?എന്തായാലും പുതിയൊരുവൾ വരുന്നതുവരെ കുറച്ചു സഹിച്ചേപറ്റൂ ."പറഞ്ഞിട്ട് സുഭദ്ര മുറിവിട്ടിറങ്ങിപ്പോകാനൊരുങ്ങി .
"ചേച്ചി ,എന്നെ ഇവിടെനിന്നും വിട്ടയക്കാമോ .?ഞാൻ പാവമാണ് .എന്നെ എന്റെ ഭർത്താവെന്നു പറയുന്നയാൾ ചതിച്ചതാ
എന്നെ രക്ഷിക്കാമോ .?വീട്ടില് എല്ലാവരും എന്റെ വിവരം അറിയാതെ വിഷമിക്കുകയാവും"സുഭദ്രയുടെ കരംകവർന്നുകൊണ്ട്‌ അവൾ തേങ്ങി .
സുഭദ്ര നിസ്സഹായയായി ഗായത്രിയുടെ കരംപിടിച്ചുകൊണ്ട് കണ്ണുകളിലേക്ക് നോക്കി ഏതാനുംനിമിഷം നിന്നു .
"ഇവിടെത്തിച്ചേരുന്ന എല്ലാപെൺകുട്ടികളുടേയും അവസ്ഥ ഇങ്ങനൊക്കെയാണ് .അവർക്കെല്ലാം പറയാനുള്ളത് ഇതൊക്കെത്തന്നെയാണ് .പക്ഷേ ,എന്തുചെയ്യാംസഹിച്ചേപറ്റൂ .നിന്നെപ്പോലെതന്നെ ഒരുനാൾ കാമുകന്റെ ചതിയിൽപ്പെട്ടുകൊണ്ട് ഈ അഴുക്കുചാലിൽ എത്തിപ്പെട്ടതാണ് ഞാനും .?"പറഞ്ഞിട്ട് ഒരു ദീർഘനിശ്വാസത്തോടെ അവർ തിരിഞ്ഞുനടന്നു .
ഇവിടെനിന്നും തനിക്ക് തൽക്കാലം മോചനമില്ല .ഇവിടെത്തിപ്പെട്ട ആർക്കും .മനസ്സിൽ ചിന്തിച്ചുകൊണ്ടവൾ കസ്റ്റമേഴ്സ്റ്റിനെ സ്വീകരിക്കുന്ന മുറിയിലേയ്ക്ക് നടന്നു .ഒച്ചിഴയുന്നത് പോലാണ് സമയം നീങ്ങുന്നത് .ഇതൊന്ന് കഴിഞ്ഞ് കിട്ടിയിരുന്നെങ്കിൽ ,ഇന്നത്തെരാത്രിയൊന്നു പുലർന്നുകിട്ടിയെങ്കിൽ ...
"ഈശ്വരാ ,എന്റെ ഗതി നീ മറ്റൊരു പെൺകുട്ടിക്കും വരുത്തല്ലേ ."അവൾ മനസ്സിൽ പറഞ്ഞു .
ഏതാനും സമയം കഴിഞ്ഞപ്പോൾ തടിച്ചുകറുത്ത കുടവയറനായ ഒരു മാർവാടി , മുറിയിലേയ്ക്ക് കടന്നുവന്നു .തന്റെ ഇന്നത്തെ ആദ്യഅതിഥി .ഇനി പുലരുന്നതുവരെ ഇങ്ങനെയെത്രയോപേർ .ഗായത്രിയുടെ മിഴികൾ അറിയാതെ നിറഞ്ഞുതൂവി .
തന്റെ പിൻ കഴുത്തിൽ ചുണ്ടു പതിയുമ്പോഴും ,കരവലയത്തിലൊതുങ്ങിക്കൊണ്ട് ബെഡ്‌ഡിലേക്ക് മറിഞ്ഞുവീഴുമ്പോഴും ,ആ അവസ്ഥയിൽ കിടന്നു നീറിപ്പിടയുമ്പോഴും നാട്ടില് ഇനിയും തന്റെ ഓർമ്മകളുമായി കാത്തിരിക്കുന്ന ആറു മനുഷ്യരൂപങ്ങളുടെ മുഖമായിരുന്നു അവളുടെ മനസ്സുനിറച്ചും .
ഈ സമയം തന്റെ വലയിലകപ്പെട്ട മറ്റൊരുപെൺകുട്ടിയേയും കൊണ്ട് ...മറ്റൊരു ഇരയേയുംകൊണ്ട് നാട്ടിൽനിന്നും ബോംബെയ്ക്ക് യാത്ര തിരിക്കുകയായിരുന്നു അവളുടെ കാമുകൻ .
---------------------------------------
രചന -അബ്ബാസ് ഇടമറുക്

നിഴലായ്‌ മാത്രം. - Part 30


അധ്യായം-30
.ഹോമത്തട്ടാകെ ചുറ്റി തലയുയര്‍ത്തി ചീറ്റുന്ന കരിനാഗങ്ങള്‍
്അവയുടെ പിളര്‍ന്ന നാവ് തീനാളം പോലെ പുറത്തേക്ക് വന്നു
അന്തരീക്ഷത്തില്‍ എവിടെ നിന്നോ കൂട്ടമണികളുണര്‍ന്നു
നിലവറ സംരക്ഷിക്കുന്ന നിഗൂഢ രക്ഷകര്‍
വലിയമ്മാമ്മയ്ക്കും ദത്തേട്ടനും മാത്രമറിയുന്ന കാവല്‍ക്കാര്‍
ദുര്‍ഗയുടെ ശരീരം വിറച്ചു.
അടുത്ത നിമിഷം ദുര്‍ഗ വലതുകൈ മുഷ്ടി ചുരുട്ടി നെഞ്ചോടു ചേര്‍ത്തു
കണ്ണുകളടച്ചു
' ഓം.. സര്‍പ്പഭ്യോ നമ
ഓം സര്‍പ്പഭ്യോ നമ
ഓം സര്‍പ്പഭ്യോ നമ
ഓം പരദേവതായ നമ'
അവളുടെ ചുണ്ടുകള്‍ ചലിച്ചു.
' മച്ചകത്ത് വെളിച്ചം നല്‍കുന്ന അനന്തശക്തിപ്രദായനീ ദേവകളേ .. നീയേ തുണ'
അതൊരു തിരിച്ചറിവ് അടയാളമാണ്.
വലിയേടത്തെ കുട്ടിയെന്ന തിരിച്ചറിവ്.
ക്രമേണ നിലവറയില്‍ ഇരച്ചിരമ്പിയ മണിനാദം നിലച്ചു.
സര്‍പ്പങ്ങള്‍ ദുര്‍ഗയുടെ കാല്‍ക്കല്‍ നമസ്‌കരിക്കുന്നത് പോലെ ശിരസ് അര്‍പ്പിച്ചു.
അനുഗ്രഹിക്കുന്നത് പോലെ ദുര്‍ഗ വലതുകൈ അവര്‍ക്കു നേരെ ഉയര്‍ത്തിപ്പിടിച്ചു.
സര്‍പ്പങ്ങള്‍ വിനീത വിധേയരായി.
പിന്നീടവ ഹോമത്തട്ടിന് താഴെ കാവല്‍ നിന്നു.
ദുര്‍ഗയുടെ ശരീരം വിയര്‍ത്തൊഴുകി.
നെറ്റിയില്‍ നിന്നും പിറവിയെടുത്ത വിയര്‍പ്പു കണികകള്‍ നീണ്ട നാസികയിലൂടെ ഒഴുകിയിറങ്ങി നെഞ്ചിലേക്കിറ്റു വീണു.
ദുര്‍ഗ ചമ്രം പടഞ്ഞ് ഹോമത്തട്ടിലിരുന്നു.
മുന്നില്‍ പരന്ന സ്വര്‍ണ തളിക.
അതില്‍ നീലാകാശം പോലെ തെളിഞ്ഞ ജലം
ചങ്ങലവട്ടയുടെ വെളിച്ചം പോരെന്നു തോന്നി.
ദുര്‍ഗ ഹോമത്തട്ട് ചുറ്റി കാണപ്പെട്ട നിലവിളക്കുകള്‍ തെളിച്ചു
നിലവറയാകെ സ്വര്‍ണ വെളിച്ചം പരന്നു.
ഒരു ചെറിയ തടുക്കില്‍ അപ്പോള്‍ പൊട്ടിച്ചു വെച്ചതു പോലെ വലിയ തളിര്‍ വെറ്റിലകള്‍ കണ്ടു.
ദുര്‍ഗ പ്രമാണ ഗ്രന്ഥമെടുത്തു തുറന്നു.
മഷിനോട്ടം
കര്‍മ്മക്രിയാദികള്‍ വിവരിച്ച താളുകളില്‍ കണ്ണുടക്കി.
പരദേവതാ പ്രീതി പ്രാര്‍ഥനയോടെ ഒരു തളിര്‍വെറ്റില എടുത്ത് തളികയിലെ വെള്ളത്തിന് മീതെ വെച്ചു.
എങ്ങുനിന്നെന്നില്ലാതെ വെള്ളത്തില്‍ മഷി പടര്‍ന്നു.
കൈകള്‍കൂപ്പി ഉപാസനാമൂര്‍ത്തികളെ സ്മരിച്ചു
കണ്ണുതുറക്കുമ്പോള്‍ വെറ്റിലയില്‍ കാഴ്ചകള്‍ തെളിയുന്നു.
തെക്കേത്ത് മന
'കര്‍മ്മങ്ങള്‍ തുടങ്ങ്യായീ'
കാര്‍മ്മികന്‍ അറിയിക്കുന്നു
ധ്വനിയുടെ വിറങ്ങലിച്ച ശരീരത്തിന് മീതെ വീണ് ആര്‍ത്തലച്ചു കരയുന്ന ഊര്‍മിളാന്റി.
ദത്തേട്ടന്റെ ചുമലിലേക്ക് വീണ് കരയുന്ന രവിയങ്കിള്‍
അവര്‍ക്കരികില്‍ വലിയമ്മാമ്മയും രുദ്രയും
രുദ്രയുടെ അരികില്‍ വിതുമ്പലോടെ നില്‍ക്കുന്ന പവിത്ര.
മൗനസാക്ഷിയായി ചെറിയമ്മാമ്മ.
ദുര്‍ഗയുടെ മനസ് വിറച്ചു.
സമയം ഏറെയില്ല
വലിയമ്മാമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
പല മാന്ത്രികരും ചില ആത്മാക്കളെ ഭൂമി വിട്ടു പോകാന്‍ അനുവദിക്കാതെ കൂടെ കൂട്ടാറുണ്ട്.
അവര്‍ പിന്നീട് മാന്ത്രികന്റെ ആജ്ഞാനുവര്‍ത്തികളായി തുടരും
കേരളത്തിലെ വിരലിലെണ്ണാവുന്ന മഹാ മാന്ത്രികര്‍ക്കു മാത്രമറിയാവുന്ന രഹസ്യം.
തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കാതെ തന്നെ ആ രഹസ്യമറിയുന്നവര്‍ പലരും മണ്‍മറഞ്ഞു
ഇപ്പോള്‍ അതറിയാവുന്നത് വലിയമ്മാമ്മയെ പോലെയും കിഴക്കേടത്തിനെ പോലെയും അപൂര്‍വം പേര്‍ക്ക് മാത്രം.
അതും അതിനിഗൂഢമായ പൂജാദി കര്‍മ്മങ്ങള്‍ ആരുടെയും നിലവറ വിട്ട് പുറത്ത് പോകില്ല.
താളിയോലകളില്‍ നിന്നും പകര്‍ത്തി ഗ്രന്ഥങ്ങളാക്കി സൂക്ഷിക്കുന്ന മഹാമാന്ത്രികര്‍
ദുര്‍ഗ പ്രമാണ ഗ്രന്ഥമെടുത്തു തുറന്നു
അവളുടെ കൈകള്‍ വിറച്ച് പുസ്തകം ഉലഞ്ഞു.
ആദ്യതാളില്‍ തന്നെ പുസ്തകത്തിന്റെ ഉള്ളടക്കം എഴുതിയിട്ട്.
നൂറ്റി പന്ത്രണ്ടാമത്തെ പേജ്
മരിച്ചവരുടെ ആത്മാവിനെ ഭൂമിയില്‍ നിലനിര്‍ത്തേണ്ട മന്ത്രം.
പ്രാണ ആവാഹനം
ദുഷ്‌കര്‍മ്മം
താഴേക്ക് ഓരോന്നും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകള്‍ക്കൊപ്പം തന്നെ പ്രാണ ആവാഹനവും നടക്കണം.
ഓരോ കര്‍മ്മങ്ങള്‍ക്കും എതിര്‍ കര്‍മ്മം.
ഒടുവില്‍ ഭൂമി വിട്ട് പോകുന്ന പ്രാണനെ ആവാഹിച്ച് ഏലസിലെ തകിടില്‍ കുരുക്കിയിടണം.
ദുര്‍ഗയുടെ ശരീരം കുളിര്‍ന്നു.
അവള്‍ വെറ്റിലയിലേക്ക് നോക്കി.
കാര്‍മ്മികന്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുകയാണ്.
എള്ളും പൂവും പവിത്രമോതിരവുമെടുത്തു ദുര്‍ഗ.
ഓരോന്നിനും എതിര്..
എങ്ങനെ ചെയ്യണമെന്ന് ഗ്രന്ഥം വെളിപ്പെടുത്തുന്നു.
ഓരോന്നായി ചെയ്തു.
ബോഡി കത്തിക്കരുതെന്ന് പോലീസ് നിര്‍ദ്ദേശിച്ചിരുന്നതിനാല്‍ തെക്കേത്ത്മനയില്‍ അടക്കം ചെയ്യുകയാണ്.
മൃതദേഹം കുഴിയില്‍ വെക്കുന്നതിന് മുന്‍പ് ചെയ്യേണ്ടതെല്ലാം മനസിരുത്തി വായിച്ചു
ഒരിക്കലും കെടാത്ത ഹോമകുണ്ഡത്തില്‍ ഹവിസും നെയ്യും എരിഞ്ഞു.
കനത്ത ചൂട് ദുര്‍ഗയുടെ മുഖത്തേക്കടിച്ചു
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൂടി വരുന്നത് പോലെ
കൊടും കര്‍മ്മമാണ് ചെയ്യുന്നത്.
മാന്ത്രികന് താങ്ങാനാകുന്നതിലുമധികം കൊടും കര്‍മ്മം
ദുര്‍ഗ വിയര്‍ത്തു
ഹൃദയം പറിഞ്ഞു താഴെ വീഴുമെന്ന തോന്നി.
വയ്യ.
തളിര്‍വെറ്റിലയില്‍ ഒ!രു സിനിമയിലെന്ന പോലെ തെക്കേത്തെ രംഗങ്ങള്‍ മിന്നിമായുന്നു.
ഊര്‍മിളയുടെ കരച്ചിലിന്റെ ശബ്ദമുയരുന്നു.
രവിമേനോന്‍ കസേരയിലിരുന്ന് തേങ്ങിക്കരയുന്നു.
ശവശരീരം കുഴിയിലേക്ക് എടുക്കാനുള്ള സമയമായി
കൂട്ടക്കരച്ചില്‍
പക്ഷേ അതൊന്നും കേള്‍ക്കാനോ ശ്രദ്ധിക്കാനോ നിന്നില്ല ദുര്‍ഗ
ഒരു പര്‍വതമൊട്ടാകെ ശിരസിലേറ്റിയത് പോലെ ആയാസപ്പെട്ട് ഓരോ ക്രിയകളും തെറ്റാതെ ചെയ്തു അവള്‍
ഒടുവില്‍ ധ്വനിയെ മണ്ണിലേക്കെടുത്തു.
നിലവിളികളുടെ അകമ്പടിയോടെ കുഴിയിലേക്കിറക്കിവെച്ചു.
പെട്ടിയിലേക്ക് വന്നു വീഴുന്ന ആദ്യത്തെ പിടി മണ്ണിന്റെ ശബ്ദം കേട്ടു ദുര്‍ഗ
ഇനിയാണ് അടുത്ത കര്‍മ്മം.
ചുടുചോര.
പീഠത്തിന് മീതെയിരുന്ന വായ്ത്തല മിന്നുന്ന കത്തി ദുര്‍ഗ എടുത്തു.
എന്റെ രക്തത്തിന്റെ ഓരോഹരി നിനക്ക് തരുന്നു
ധ്വനി നീയെനിക്കുവേണ്ടി നിലനില്‍ക്കുക
മുഷ്ടി ചുരുട്ടിപ്പിടിച്ച ഇടം കൈയ്യിന്റെ മണിബന്ധം ഒഴിവാക്കി ഒരൊറ്റ വരച്ചില്‍
പൂളിക്കൊണ്ട് കത്തി ഇറച്ചിയിലേക്കിറങ്ങുന്നത് ദുര്‍ഗ അറിഞ്ഞു
വേദനകൊണ്ട് പിടഞ്ഞു പോയി അവള്‍
ഹോമകുണ്ഢത്തിലേക്ക് മനുഷ്യ രക്തമിറ്റുവീണു
പീഠത്തില്‍ നിവര്‍ത്തി വെച്ച ചുവന്നപട്ടിന്‍മേലെ അനേകം ചരടുകള്‍ വെച്ചിരിക്കുന്നത് ദുര്‍ഗ കണ്ടു
അതിലൊന്നെടുത്തു.
അതിലേക്ക് അവളുടെ രക്തമിറ്റിറ്റു വീണു.
മൂന്ന് കെട്ടിട്ട് കൈമുട്ടിന് മീതെ മുറുക്കി കെട്ടുക.
നിന്നോട് നിന്റെ രക്തത്തോട് നിന്റെ ദേഹിയോട് ചേര്‍ന്ന് ആ ആത്മാവ് നിലകൊള്ളട്ടെ.
ദുര്‍ഗ ഗ്രന്ഥത്തില്‍ നിന്നും കണ്ണെടുത്തു.
വലതു കൈകൊണ്ട് ഇടതു കൈത്തണ്ടയുടെ മുട്ടിന് മീതെ മാംസളമായ ഭാഗത്ത് അത് മുറുക്കി കെട്ടി.
പൊടുന്നനെ നിലവറയില്‍ ഒരു മണി മുഴക്കം കേട്ടു.
ചങ്ങല വിളക്കുകള്‍ ആടിയുലഞ്ഞു.
ആളിപ്പടര്‍ന്ന ഹോമകുണ്ഢം ക്രമേണ മങ്ങി പഴയ പടിയായി
പരദേവതയെ സ്മരിച്ച് ഹോമകുണ്ഢത്തിന് മുന്നില്‍ കൈകൂപ്പി സാഷ്ടാംഗം പ്രണമിച്ച് കിടന്നു ദുര്‍ഗ.
ശ്വാസമെടുക്കാന്‍ വയ്യാതെ അവള്‍ കിതച്ചു
അതിഘോരമായ ഒരു കര്‍മ്മം താന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു.
ആ കിടപ്പില്‍ ഒരു തണുത്ത കാറ്റില്‍ ദുര്‍ഗയുടെ മുടിയുലഞ്ഞു
ദേഹം കുളിര്‍ന്നു.
നിലവറയിലേക്ക് പ്രവേശി്ക്കാന്‍ മാത്രം ശക്തിയില്ലാത്തൊരു ആത്മാവ് പുറത്തെവിടെയോ തന്നെ കാണാന്‍ കലമ്പല്‍ കൂട്ടുന്നത് ദുര്‍ഗ അറിഞ്ഞു
ഉഗ്രമൂര്‍ത്തികളേ മാപ്പു തരണം.
കണ്ണീരോടെ ദുര്‍ഗ നിലത്തേക്ക് മുഖമണച്ച് കിടന്ന് തേങ്ങി.
വലിയമ്മാമ്മ
ദത്തേട്ടന്‍
ഒടുവില്‍ കണ്ടപ്പോഴും മുന്നറിയിപ്പു തന്ന വേദവ്യാസ്.
ചതിയാണെങ്കില്‍ ക്ഷമിക്കണം.
ചവിട്ടാന്‍ പാടില്ലാത്ത നിലവറയിലേക്ക് നിയമം തെ്റ്റിച്ച് ദുര്‍ഗ കടന്നു വന്നത് അവളുടെ കൂട്ടുകാരിയ്ക്ക് വേണ്ടിയാണ്.
മാപ്പാക്കണം.
കണ്ണീരു വീണ് നിലത്ത് വിരിച്ച പട്ടുവിരിപ്പ് നനഞ്ഞു.
എത്രനേരം ആ കിടപ്പ് കിടന്നെന്നറിയില്ല.
കരിനാഗങ്ങലിലൊന്ന് കാല്‍ക്കല്‍ ഉരസിയപ്പോഴാണ് കണ്ണുതുറന്നത്.
ദുര്‍ഗയില്‍ ഒരു മരവിപ്പ് കടന്നു പോയി.
ഇല്ല
ദംശിച്ചതല്ല
വിളിച്ചുണര്‍ത്തിയതാണ്.
ദുര്‍ഗ ഒരിക്കല്‍ കൂടി ദേവകളെ നമസ്‌കരിച്ചു.
ഹോമത്തട്ട് വിട്ടിറങ്ങിയപ്പോള്‍ വിഷം ചീറ്റാന്‍ ആഞ്ഞു നിന്നിരുന്ന കരിനാഗങ്ങള്‍ കാഴ്ചയ്ക്ക് മറഞ്ഞിരുന്നു.
ദുര്‍ഗ തിരിഞ്ഞു നോക്കി
എല്ലാം പഴയപടിയായിരിക്കുന്നു.
ആരോ പഴയത് പോലെ എല്ലാം അടുക്കി വെച്ചിരിക്കുന്നു.
തളര്‍ന്ന കാല്‍പാദങ്ങളുമായി ദുര്‍ഗ പടികള്‍ കയറിച്ചെന്നു
നിലവറവാതില്‍ ഭദ്രമായി ചേര്‍ത്തടയ്ക്കുമ്പോള്‍ പടിപ്പുരയില്‍ ഓട്ടുമണിയുടെ മുഴക്കം കേട്ടു
ഈശ്വരാ..
ദുര്‍ഗ നെഞ്ചില്‍ കൈചേര്‍ത്തു.
വലിയമ്മാമ്മ തിരിച്ചു വന്നതാണോ
അതോ..
വേപഥുവോടെ ദുര്‍ഗ അകത്തളത്തിലൂടെ ഓടി ഇടനാഴികള്‍ കടന്ന് പുറത്ത് ചുറ്റുവരാന്തയിലെത്തി.
കാര്യസ്ഥന്‍ തുറന്നു കൊടുത്ത പടിപ്പുരവാതില്‍ കടന്ന് വരുന്നു വേദവ്യാസ്.
തീപിടിച്ച വരവായിരുന്നു അത്.
ദുര്‍ഗ ചലിക്കാനാവാതെ ഭയന്നു നിന്നു
വേദവ്യാസ് ഒരു കാറ്റു പോലെ അടുത്തെത്തി.
അപ്പോഴും രക്തം പൊടിഞ്ഞു കൊണ്ടിരിക്കുന്ന അവളുടെ കൈത്തണ്ടയില്‍ വേദവ്യാസിന്റെ കണ്ണുകളുടക്കി.
ദുര്‍ഗ സ്വയമറിയാതെ കൈ പിന്നിലേക്കൊളിപ്പിച്ചു
്അവളുടെ ചുവന്ന ചേലയിലും ശിരസിലാകെ തങ്ങിയ കുങ്കുമതരികളും വേദവ്യാസ് കണ്ടു
അയാളുടെ ദേഹം വിറച്ചു.
കണ്ണുകള്‍ ജ്വലിച്ചു
ചതി.
വേദവ്യാസ് പല്ലുഞെരിച്ചു.
അടുത്തക്ഷണം അയാളുടെ കൈവീശിയുള്ള അടി ദുര്‍ഗയുടെ മുഖത്തേറ്റു
ഒരു നിലവിളിയോടെ പിന്നിലേക്ക് വേച്ചുപോയി ദുര്‍ഗ തൂണില്‍ തട്ടി നിന്നു.
' രക്തബന്ധത്തേക്കാള്‍ വലിയൊരു ബന്ധമില്ല.'
കൈചൂണ്ടി നിന്ന് വേദവ്യാസ് കിതച്ചു
' നീയത് മറന്നു.. വലിയേടത്തെ പോലൊരു മാന്ത്രികനെ കബളിപ്പിക്കാന്‍ മാത്രം വളര്‍ന്നു നീ.. അല്ലേ'
അയാള്‍ അലറി
' വ്യാസേട്ടാ..' ഒന്നും പറയാനാവാതെ ദുര്‍ഗ നിന്നു വിങ്ങി.
' സിദ്ധികളെല്ലാം തിരിച്ചു കിട്ടുമ്പോള്‍ വലിയേടത്തും ദേവനും നീ ചെയ്ത ചതി തിരിച്ചറിയും. അവര്‍ നിന്നോട് ക്ഷമിക്കുമായിരിക്കും ദുര്‍ഗാ.. പക്ഷേ.. അന്ന് അവരോട് ക്ഷമ യാചിക്കാന്‍ അന്നു നീ അവശേഷിക്കുമെങ്കില്‍ മാത്രം.'
വെട്ടിത്തിരിഞ്ഞ് വേദവ്യാസ് പുറത്തേക്ക് നടന്നു.
അത്രനേരവും ഉള്ളിലടക്കിയ മനസ്‌തോഭങ്ങള്‍ അത്രയും ദുര്‍ഗയില്‍ തികട്ടി വന്നു.
പൊട്ടിക്കരഞ്ഞു കൊണ്ട് ദുര്‍ഗ അകത്തേക്കോടി.
............. ................. ..............
തെക്കേത്ത് മന നിശബ്ദമായിരുന്നു.
ഒരു സൂചി വീണാല്‍ പോലും കേള്‍ക്കാവുന്ന നിശബ്ദത
ഊര്‍മിളയ്ക്കും രവിയങ്കിളിനുമുള്ള ഭക്ഷണം എടുത്തുവെച്ചതിന് ശേഷം ജാസ്മിന്‍ അവരുടെ അറയിലേക്ക് ചെന്നു.
കിടക്കയില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു ഊര്‍മിള.
' ആന്റീ' ജാസ്മിന്‍ ചെന്ന് അവരെ തൊട്ടു വിളിച്ചു.
' വന്നേ..കഞ്ഞി കുടിച്ചിട്ട് കിടക്കാം'
ഊര്‍മിള മുഖം ചെരിച്ച് അവളെ നോക്കി.
ഒരു തേങ്ങല്‍ അവരില്‍ നിന്നുയര്‍ന്നു.
' വാ..ആന്റീ.. പ്ലീസ്.. ആന്റി് വല്ലതും കഴിച്ചാലേ അങ്കിളും കഴിക്കൂ.. അങ്കിളിന് ഗുളിക കഴിക്കാനുള്ളതല്ലേ.'
ആ വാക്കുകള്‍ അവരെ സ്പര്‍ശിച്ചെന്നു തോന്നി.
നിരാശയില്‍ മങ്ങിപ്പോയ കണ്ണുകള്‍ അമര്‍ത്തിത്തുടച്ച് ഊര്‍മിള എഴുന്നേറ്റു.
' അങ്കിളെവിടെ മോളേ' അവര്‍ പതറിയ ശബ്ദത്തില്‍ ചോദിച്ചു.
' നേരം വെളുത്തത് മുതല്‍ സിറ്റൗട്ടില്‍ ചെന്നിരിക്കുന്നതാ.. ചായ കൊടുത്തിട്ടും കുടിച്ചി്ട്ടില്ല.. ഇനിയിങ്ങനെ സങ്കടപ്പെട്ടിരുന്നിട്ടെന്തിനാ ആന്റീ.. ആന്റി വേണം അങ്കിളിനെ സമാധാനിപ്പിക്കാന്‍.. ഹാര്‍ട്ട് പേഷ്യന്റല്ലേ രവിയങ്കിള്‍'
ഊര്‍മിളയില്‍ എന്തെങ്കിലും ചലനമുണ്ടാക്കാന്‍ മനപ്പൂര്‍വമായിരുന്നു ജാസ്മിന്റെ സംസാരം.
ഊര്‍മിള ദുര്‍ബലയായി ജാസ്മിനെ നോക്കി.
ജാസ്മിന്‍ ്‌വരുടെ കൈയ്യില്‍ പിടിച്ച് മെല്ലെ എഴുന്നേല്‍പിച്ചു
അഴിഞ്ഞുലഞ്ഞ സാരി നേരെയിടാന്‍ മറന്ന് ഊര്‍മിള എഴുന്നേറ്റ് വന്നു.
സിറ്റൗട്ടില്‍ രവിമേനോന് സമീപമായിരുന്നു നേഹയും സ്വാതിയും.
' എനിക്ക് വേണ്ട മക്കളേ.. വിശപ്പില്ല'
രവിമേനോന്‍ അവരെ എതിര്‍ത്തു കൊണ്ടിരുന്നു.
' അങ്കിള്‍ പ്ലീസ്.. ' സ്വാതി കെഞ്ചി.
വാതിലിനടുത്തേക്ക് നടന്നു വരുന്ന ഊര്‍മിളയെ കണ്ട് രവിമേനോന്‍ എഴുന്നേറ്റു.
ഒരൊറ്റ പകലും രാത്രിയും കൊണ്ട് ഊര്‍മിളയുടെ മുടിയിഴകള്‍ നരച്ചതും അവര്‍ ഒരു വൃദ്ധയേ പോലെ അവശയായി തീര്‍ന്നതും അയാള്‍ കണ്ടു
അയാളുടെ കണ്ണില്‍ നീര്‍ പൊടിഞ്ഞു.
' എന്താ രവിയേട്ടാ കുട്ട്യോളോട് വാശി പിടിക്കണേ'
അടുത്ത് വന്ന് ഊര്‍മിള അയാളെ ശാസിച്ചു
' മരുന്ന് കഴിക്കണ്ടേ.. വേണ്ടേ.. '
' ഉമേ'
രവിമേനോന്‍ വിങ്ങി.
' ഇനിയാരെ നോക്കി നില്‍ക്വാ ഈ സിറ്റൗട്ടില്.. നോക്കണ്ട അവളിനി വരില്ല.'
ഊര്‍മിള ഏങ്ങലടിച്ച് കരഞ്ഞു പോയി
' ഉമേ..' രവിമേനോന്‍ ്അവരെ താങ്ങി.
അയാളുടെ ചുമലിലേക്ക് മുഖമമര്‍ത്തി ഊര്‍മിള വിങ്ങി
' ഒന്നരവര്‍ഷം കാത്തിരുന്നു.. ഇല്ലേ.. ദേഷ്യവും വെറുപ്പും കാണിക്കുമ്പോഴും അവള് വരുമെന്ന് കരുതി ഓരോ രാവും പകലും നമ്മള്‍ കാത്തിരുന്നു.. എന്നിട്ട് വന്നത് കണ്ടില്ലേ...'
' നല്ലയാളാ' ജാസ്മിന്‍ ഊര്‍മിളയെ പിടിച്ചു മാറ്റി.
' ധ്വനിയ്ക്കു പകരം ഇപ്പോ ഞങ്ങള്‍ നാലുമക്കളില്ലേ അങ്കിളിനും ആന്റിയ്ക്കും.. ഞാനും സ്വാതീം നേഹേം പിന്നെ ദുര്‍ഗയും.. ഞങ്ങള്‍ക്കു വേണം നിങ്ങളെ'
ജാസ്മിന്‍ കരഞ്ഞു കൊണ്ട് രവിമേനോന്റെ കൈ പിടിച്ചു
' നിങ്ങളിങ്ങനെ സങ്കടപ്പെടരുത്.. ഇവിടുത്തെ ഒരു മൊട്ടുസൂചി പോലും ഞങ്ങള്‍ക്ക് വേണ്ട.. പക്ഷേ ഞങ്ങള്‍ക്ക് ഒരു അച്ഛനും അമ്മയും കൂടി ഇന്നുമുതല്‍ ഉണ്ടെന്ന് കരുതുകയാ.. ഒരിക്കലും അറ്റു പോകില്ല ഈ ബന്ധം... ഈ നാലുമക്കളും നിങ്ങളെ തനിച്ചാക്കില്ല.. പോരേ'
' മോളേ' ഊര്‍മിള വിതുമ്പി.
' ഈശ്വരന്‍ ഒരാള്‍ക്ക് പകരം നാലുപേരെ തന്നെന്ന് കരുതണം ഉമാന്റീ' നേഹ പറഞ്ഞു.
' അച്ഛനും അമ്മയും ഇനി ഞങ്ങളെ വിഷമിപ്പിക്കരുത്.'
ആ യാചന അവരെ സ്പര്‍ശിച്ചു
്അവര്‍ക്കു പിന്നാലെ നടക്കുമ്പോള്‍ രവിമേനോന്‍ കണ്ണുതുടച്ചു
' ദുര്‍ഗയ്ുടെ സുഖമില്ലായ്മ എങ്ങനെയുണ്ട് മോളേ.. നിങ്ങള്‍ അവളെ വിളിച്ചോ'
അയാള്‍ തിരക്കി
' അവളെ ചികിത്സിപ്പിക്കണം രവിയങ്കിള്‍.. അവള്‍ക്ക് മനസിനെന്തോ സുഖമില്ലെന്നാ എനിക്കു തോന്നുന്നത്'
ജാസ്മിന്‍ പഴുതുകളൊന്നും നല്‍കാതെ പറഞ്ഞു.
' മോളേ...' ഊണ്‍മുറിയിലേക്ക് നടക്കുന്നതിനിടെ ഊര്‍മിള അവളുടെ കൈപിടിച്ചു
' നീ പറഞ്ഞത് ശരിയാണോ.. ഞങ്ങള്‍ക്കിനി മക്കളായി നിങ്ങള്‍ നാലുപേരും കൂടെ ഉണ്ടാകുമോ.. നിങ്ങള്‍ക്കുണ്ടാകുന്ന കുട്ടികള്‍ ഞങ്ങളെ മുത്തച്ഛാ..മുത്തശ്ശീ എന്നും വിളിച്ച് ഈ പടികടന്നു വരുമോ'
ജാസ്മിനും നേഹയും സ്വാതിയും നിറഞ്ഞ കണ്ണുകളോടെ അവരെ നോക്കി സമ്മതം എന്നര്‍ഥത്തില്‍ തലയാട്ടി
അപ്പോള്‍ അവര്‍ക്കരികില്‍ അരൂപിയായി നിന്ന് ധ്വനിയും കരഞ്ഞു.
............. ............. ............................
'തങ്കത്തിന്റെ മുഖത്തെന്തേ ഒരു തെളിച്ചവുമില്ലല്ലോ'
ചാരുകസേരയില്‍ കിടന്ന് പത്മനാഭന്‍ ഭട്ടതിരി കൗതുകത്തോടെ അടുത്തു നിന്ന ദുര്‍ഗയെ നോക്കി.
അയാള്‍ക്ക് ഉച്ചയ്ക്ക് പതിവുള്ള സംഭാരവുമായി വന്നതായിരുന്നു ദുര്‍ഗ
്അവള്‍ വലിയമ്മാമ്മയെ നോക്കി വിളറി ചിരിച്ചു.
' എന്തോ കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ട്'
ദേവദത്തന്‍ ആ ഭാവം കണ്ട് ചിരിച്ചു.
ദുര്‍ഗ മന്ദഹസിക്കാന്‍ ശ്രമിച്ചു.
' നിന്റെ ഊര്‍മിളാന്റീടെ കാര്യം ഓര്‍ത്തിട്ടാവും ല്ലേ വ്യസനം.. എന്തു ചെയ്യാനാണ് തങ്കം ഈശ്വരേച്ഛ തടയാന്‍ ആര്‍ക്ക് സാധിക്കും'
അയാള്‍ ഒരു നിശ്വാസത്തോടെ ചാരുകസേരയിലേക്ക് പതിഞ്ഞ് കിടന്നു.
സംഭാരം പകര്‍ന്ന മൊന്തയുമായി ദുര്‍ഗ തിരിച്ചു നടന്നു
അവളുടെ മനസിൽ കുറ്റബോധം വിങ്ങി.
പക്ഷേ ഊർമിളാന്റിയുടെയും രവിയങ്കിളിന്റെയും പിന്നെ തന്റെയും മരണം വരെയെങ്കിലും ധ്വനി കൂടെ വേണം
അവൾ ആഗ്രഹിക്കുന്ന നാൾ വരെ എങ്കിലും.
ഇനിയെല്ലാം മറന്ന് ശാന്തമായി ജീവിക്കണം ജാസ്ന്മിനും നേഹയ്ക്കും സ്വാതിയ്ക്കും ഒപ്പം ധ്വനിയുടെ കൂടി സൗഹൃദം
മഹിയേട്ടന്റെ കൂടെയുള്ള മനോഹരമായ ജീവിതം
അതിന്റെ മഴവില്ലഴക്
എല്ലാം തനിക്കു വേണം.
ആ ഓർമയിൽ ദുർഗയുടെ മുഖമൊന്ന് പ്രകാശിച്ചു.
പത്മനാഭൻ ഭട്ടതിരി അവളുടെ പോക്ക് നോക്കിയിരിക്കുകയായിരുന്നു
' അവള്‍ക്ക് നല്ല സങ്കടംണ്ട്.. പ്രസരിപ്പൊക്കെ പോയി.. എപ്പോഴും മുഖത്തൊരു വാട്ടം'
വലിയേടത്ത് അതു പറഞ്ഞപ്പോഴാണ് പടിപ്പുരയില്‍ മണി മുഴങ്ങിയത്.
ഏതാനും നിമിഷങ്ങള്‍ക്കകം വേദവ്യാസ് പടികടന്നു വരുന്നത് കണ്ടു
' ആഹാ.. വിളിപ്പിക്കണംന്ന് നിരീച്ചിരുന്നു.. തന്നെ'
വേദവ്യാസ് അടുത്തുവന്നപ്പോള്‍ വലിയേടത്ത് താത്പര്യത്തോടെ പറഞ്ഞു
വേദവ്യാസ് അയാളുടെ കാലടികളില്‍ നമസ്‌കരിച്ചു.
' ഇരിക്യാ'
വലിയേടത്ത് പറഞ്ഞു.
ദേവദത്തനരികിലായി വേദവ്യാസ് ഇരുന്നു.
' എന്തോ അനിഷ്ടം നടന്നിട്ടുണ്ട ഇവിടെ... പരദേവകളുടെ മുഖത്ത് കരിനിഴല്‍ വീണു കിടക്കുന്നു. കെടാവിളക്കിന്റെ ജ്വാലകള്‍ മങ്ങിയിരിക്കണു'
വലിയേടത്ത് വേദവ്യാസിനോടായി പറഞ്ഞു.
വേദവ്യാസിന്റെ മനസില്‍ പ്രതീക്ഷകള്‍ നാമ്പിട്ടു
ശുഭ സൂചനയാണ്.
ഭാഗികമായെങ്കിലും സിദ്ധികള്‍ അദ്ദേഹത്തിലേക്ക് തിരിച്ചു വരുന്നു.
' വലിയമ്മാമ്മ പറഞ്ഞത് ശരിയാണ് വ്യാസ്.. നിലവറയിലെ മണികള്‍ക്കു പോലും ഒ രു ചിലമ്പല്‍'
ദേവദത്തന്‍ ആശങ്കയോടെ പറഞ്ഞു.
' ഉണ്ട്.. വലിയൊരു പ്രതിസന്ധി' വേദവ്യാസ് പറഞ്ഞു.
' അതു മറികടന്നേ തീരൂ.. വലിയേടത്തെ ആര്‍ക്കും ദോഷം വന്നുകൂടാ.. '
' വേദവ്യാസ് എന്താണ് പറഞ്ഞു വരുന്നത്'
വലിയേടത്ത് ജാഗ്രതയോടെ അവനെ നോക്കി.
' അനര്‍ഥങ്ങള്‍ പലതുമുണ്ട്.. അതിനെ നേരിട്ടേ മതിയാകൂ.. അതിന് എത്രയും വേഗം വലിയേടത്ത് സിദ്ധി വീണ്ടെടുത്തേ പറ്റൂ'
ദേവദത്തന്‍ വേദവ്യാസില്‍ കണ്ണു നട്ടു.
' മഹാദേവതാ പ്രീതി യജ്ഞം.. അതെത്രയും പെട്ടന്ന് നടത്തണം.. എല്ലാ ദോഷങ്ങളും പരിഹാരക്രിയയിലൂടെ അകറ്റണം.. പിന്നെ എത്രയും വേഗം ഉഗ്രമൂര്‍ത്തികളെ പ്രസാദിപ്പിക്കണം.. അച്ഛന്‍ എല്ലാത്തിനും വിശദമായ കുറിപ്പെഴുതി തന്നിട്ടുണ്ട്'
വേദവ്യാസ്ിന്റെ ശബ്ദം ഉറച്ചിരുന്നു.
' ദുര്‍ഗയുടെ ജാതകദോഷം അതിന്റെ ഉച്ചസ്ഥായിയിലാണ്.. അവളെ തിരിച്ചു കിട്ടാന്‍ വലിയേടത്തും ദത്തനും സിദ്ധികള്‍ വീണ്ടെടുത്തേ പറ്റൂ'
ദേവദത്തന്‍ അതു പറഞ്ഞതും പടിപ്പുരയില്‍ ഓട്ടുമണികള്‍ നിര്‍ത്താതെ ചിലമ്പി.
വലിയൊരു കാറ്റില്‍ മുറ്റത്തെ മാവും തെങ്ങുകളും നിലം പൊത്തുമെന്ന് തോന്നി.
' കലി' വേദവ്യാസ് ആത്മഗതം ചെയ്തു.
അയാള്‍ വലതു കൈ മുഷ്ടി ചുരുട്ടി നെഞ്ചില്‍ ചേര്‍ത്ത് എന്തോ ഉരുവിട്ടു.
പ്രകൃതി പെട്ടന്നടങ്ങി
അപ്പോള്‍ വലിയേടത്തെ മുറ്റത്തേക്ക് ഒരു പോലീസ് ജീപ്പ് ഇരച്ചെത്തി വന്നു നിന്നു
..... ......... തുടരും ....
Written by 
Shyni John

☆ കൈ നീട്ടം ☆

Image may contain: 1 person, selfie and closeup
മുറ്റത്ത് ഒരു കാറുകൂടി വന്നു നിന്നു. അയാൾ പുതപ്പിനുള്ളിലേയ്ക്ക് ഒന്നു കൂടി നൂണ്ടു കയറി. തണുപ്പ് അസഹ്യമാവുന്നു .ഓർമ്മകൾ
ക്കാവട്ടെ ഒരു തരം മരവിപ്പ്. ...
ചൂടിനോടും തണുപ്പിനോടും
പടവെട്ടി കരുപിടിപ്പിച്ച ഒരു
ജീവിതം അയാളുടെ ഓർമ്മയി
ലുണ്ട്.
തന്റെ ജീവിതം.....
തന്റേയും സീതാലക്ഷ്മിയുടേയും ജീവിതം....
തങ്ങൾക്കുണ്ടായ മൂന്നു പൂന്നാര
മക്കളോടൊന്നിച്ചുള്ള സുവർണ്ണ
കാലഘട്ടം...
ഹൈറേഞ്ചിന്റെ തണുപ്പിനെ
വകവെയ്ക്കാതെ മണ്ണിനോടു
മല്ലിട്ട എത്ര നാളുകൾ.....
പ്രതാപത്തോടെ ഒരു രാജാവിനെ പോലെ എത്ര കാലം വാണൂ...
സഹായം ചോദിച്ചു വന്ന എത്ര പേരേ കയ്യയച്ചു സഹായിച്ചു.
ഒടുവിൽ........?
എവിടെ വച്ചാണ് തന്റെ പതനം
ആരംഭിച്ചത് ......?
സീതാലക്ഷ്മിയുടെ മരണത്തോടു കൂടിയാവാം....
അവളായിരുന്നല്ലൊ തന്റെ
എല്ലാ ഭാഗ്യത്തിന്റേയും തുടക്കം.
നേടിയതൊക്കെ ഒന്നൊന്നായി
പോയി കൊണ്ടിരുന്നു.
അഭിമാനം മാത്രം പണയം വെക്കാനൊരിക്കലും തോന്നിയില്ല...
ഒടുവിൽ താമസിച്ചു കൊണ്ടിരു
ന്ന അഞ്ചേക്കർ തെങ്ങും തോപ്പും കൂടി വിറ്റപ്പോൾ ജീവിതത്തിലാദ്യമായ് തോററു
പോയി.
സീതാലക്ഷ്മി ഉറങ്ങുന്ന മണ്ണ്.
മക്കളെല്ലാം കര പറ്റിയതിനാൽ
അവരുടെ ജോലി സ്ഥലത്തേക്ക്
മാറി മാറി സഞ്ചരിച്ചു.
ആരോഗ്യം നഷ്ടപ്പെട്ട, ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു
വൃദ്ധന്റെ പലായനം...
പത്തു വർഷമായി മക്കളുടെ കൂടെ മാറി മാറി താമസിക്കുന്നു.
തന്റെ മുറിക്ക് പുറത്ത് ആരുടേയൊക്കെയൊ കാലൊച്ചകൾ ......
" അച്ഛൻ ഉറക്കമാണെന്നാണ്
തോന്നുന്നത് "
ആ ശബ്ദം തന്റെ മൂത്ത മകൻ
ജയദേവന്റെയല്ലേ .....?
" ഈ വയസ്സുക്കാലത്ത് അച്ഛൻ
പിന്നെ എന്തു ചെയ്യാനാണ് ....? "
ആ ശബ്ദം അവന്റെ ഭാര്യ ജയശ്രീയുടേതാണ്.....
" എന്തായാലും ഇന്നത്തോടുകൂടി നമ്മൾ ഒരു തീരുമാനം എടുക്കണം "
ആ ശബ്ദം ശ്രീദേവിയുടേതാണ്.
തന്റെ ഒരെയൊരു മകൾ.
" അതെ .... അതാണു ശരി. എത്ര
നാളെന്നു വച്ചാണ് നമ്മളിത് സഹിക്കുന്നത്....? ഞങ്ങൾക്കാണെങ്കിൽ കാനഡയിലേക്ക് വിസ ശരിയായിരിക്കുവാണ് ...
കമ്പനി എപ്പോഴാണ് വിളിക്കുക
എന്നറിയില്ല... "
വൃദ്ധൻ കാതോർത്തു.
അത് ശ്രീദേവിയുടെ ഭർത്താവ്
അശോകന്റേതാണ്...
" അല്ല ശ്രിക്കുട്ടൻ മാത്രം ഒന്നും
പറയാത്തത് "
ജയദേവൻ ചോദിക്കുന്നു .
" ഞാനെന്താണ് ജയേട്ടാ പറയുന്നത്.....?
വല്ല വൃദ്ധമന്ദിരത്തിലോ,
അഗതിമന്ദിരത്തിലോ മറ്റൊ
ആക്കാം... നമ്മുടെ സ്റ്റാറ്റസിന്
യോജിച്ച അനേകം വൃദ്ധമന്ദിര
ങ്ങൾ ഇവിടുണ്ടല്ലൊ.....!!! "
" കൂടെ കൂടെ നമ്മൾ അന്വേഷിച്ചു കൊണ്ടിരുന്നാൽ
മതില്ലോ..."
ശ്രിക്കുട്ടന്റെ ഭാര്യ ലക്ഷ്മിയാണത്.
" അച്ഛനെഴുന്നേൽക്കുമ്പോൾ
നമ്മൾക്കു പറയാം "
ആരോ പറയുന്നു.
കാലടി ശബ്ദങ്ങൾ അകന്നകന്നു
പോയപ്പോൾ അയാളുടെ
കണ്ണുകൾ നിറഞ്ഞു കഴിഞ്ഞിരുന്നു.
തിരിച്ചറിവിന്റെ കണ്ണീർ...
അതു കണ്ണുനീറ്റിക്കുന്നു...
താൻ ഒരധികപറ്റായി മാറുന്നു.
താനേറെ സ്നേഹിച്ചിരുന്ന
തന്റെ പൊന്നുമക്കൾ....
അയാൾ ഏങ്ങിയേങ്ങി കരഞ്ഞു.
വൈകുന്നേരം വീണ്ടും എല്ലാവരും ഒത്തുചേർന്നു.
അയാൾക്കരുകിൽ ഭയഭക്തി
ബഹുമാനങ്ങളോടെ അവർ നിന്നു.
" അച്ഛാ ഞങ്ങൾക്ക് കാനഡയിൽ ജോലി ശരിയായി.
ഈ ആഴ്ച മിക്കവാറും പോവണം...... പിന്നെ ശ്രി ദേവിക്കും അശോകനും ഡൽഹിയിലേക്ക് സ്ഥലംമാറ്റം.
ശ്രിക്കുട്ടനാണെങ്കിൽ വിദേശത്ത്
ജോലിക്കു ശ്രമിക്കുകയാണ്.. .
അച്ഛൻ മറ്റൊന്നും വിചാരിക്കരുത്... ഇതിനിടയ്ക്ക്
അച്ഛന്റെ ഒരു കാര്യവും നേരാംവണ്ണം ശ്രദ്ധിക്കാൻ
ഞങ്ങൾക്കാവില്ലല്ലൊ ....!!!
ഇവിടെയടുത്ത് അച്ഛനു താമസി
ക്കാൻ നല്ലൊരു സ്ഥലം ഞങ്ങൾ
ഏർപ്പാടാക്കിയിട്ടുണ്ട്. സൗകര്യം പോലെ അച്ഛനങ്ങോട്ട്
മാറണം. എന്താവശ്യം വന്നാലും ഒരു ഫോൺ കോളിന്റെ മുടക്കെയുള്ളൂ.
ഞങ്ങളിങ്ങ് പറന്നെത്തില്ലേ..? "
തന്റെ മക്കൾ എത്ര ഭംഗിയായ്
കാര്യങ്ങൾ അവതരിപ്പിക്കുന്നു.
" അച്ഛനെന്താണ് ഒന്നും പറയാത്തത് ....? "
ശ്രിക്കുട്ടനാണ് ചോദിക്കുന്നത്.
" ഞാനെന്താണ് പറയേണ്ടത്..?
എന്റെ മക്കൾ പറയുന്നു. അനു
സരിക്കാൻ മാത്രമെ ഇനിയീ
വൃദ്ധനു കഴിയൂ... കാരണം
ജനിച്ചു പോയില്ലേ...? "
അയാളുടെ കണ്ണിൽ നീർക്കുമിള
കൾ ഉരുണ്ടു കൂടി.
" വൃദ്ധസദനത്തിനെന്താണു
കുഴപ്പം ..? അച്ഛനു കാര്യങ്ങൾ
മനസ്സിലാക്കാൻ കഴിയുന്നില്ലേ.....? '
ശ്രിക്കുട്ടൻ പൊട്ടിതെറിക്കുന്നു .
" അച്ഛന് എല്ലാം മനസ്സിലാവുന്നു
മക്കളെ .... എന്റെ മക്കൾക്ക്
എന്നാണെന്നെ അവിടെയെത്തി
ക്കാനാവുക. ഏതു നിമിഷവും
സന്തോഷത്തോടെ ഞാൻ വരാം..... "
അയാളുടെ മുഖത്ത് ഒരു ദൃഡനി
ശ്ചയം ഉടലെടുത്തു.
" അപ്പോൾ ആക്കാര്യം ഓകെയായില്ലേ....!
ശ്രിക്കുട്ടാ ഞങ്ങൾക്കു തീരെ സമയമില്ല. ഞങ്ങളിറങ്ങുവാണ് .
ക്യാഷ് നിന്റെ അക്കൗണ്ടിൽ
അയച്ചേക്കാം.. "
രണ്ടു മക്കളും രണ്ടു മരുമക്കളും
അയാളോട് യാത്ര പറഞ്ഞിറങ്ങി.
ശിക്കുട്ടനും അവന്റെ ഭാര്യയും
അയാളെ തുറിച്ചു നോക്കി.
" ഇനി എന്തിനാണച്ഛാ താമസിക്കുന്നത് .....?
ഇപ്പോളിറങ്ങിയാൽ നേരം വെളുക്കുമ്പോഴേയ്ക്കും
നമ്മളവിടെത്തും .പോരാത്തതിന് നാളെ വിഷുവുമാണ്.മറ്റെന്നാൾ
എനിക്ക് ജോലിക്കും പോവേണ്ട
താണ്.. "
അയാൾ ഒന്നും മിണ്ടിയില്ല. ഒരു
ഭീതി അയാളെ വലയം ചെയ്തു
കഴിഞ്ഞിരുന്നു.
,.................................................
കാർ ഓടി കൊണ്ടിരിക്കുകയാണ്.
അയാൾക്കു ചിരി വന്നു.
തന്നെ ഒഴിവാക്കാനാണ് ശ്രിക്കുട്ടന്റേയീ പാച്ചിൽ .
കൂട്ടിന് അവന്റെ ഭാര്യയും.
മക്കളിൽ താൻ ഏറെ സ്നേഹിച്ചിരുന്ന , ഇഷ്ടപ്പെട്ടിരുന്നവനാണിവൻ.
ശ്രിക്കുട്ടനെ പറ്റി പറയുമ്പോൾ,
സീതാലക്ഷ്മിക്ക് നൂറു നാവായി
രുന്നു.കരുണയുള്ളവൻ, സ്നേഹ
മുള്ളവൻ..... അങ്ങനെ എന്തൊക്കെ വിശേഷണങ്ങളാണ്
സീതാലക്ഷ്മി അവന്റെ മേലേ
ചാർത്തിയത്...
അയാളുടെ കടക്കണ്ണിലൂടെ
ഒരു നിർത്തുള്ളി മടിയിലേക്കു
വീണു.
അയാൾ കണ്ണുകൾ ഇറുകെയടച്ചു. പിന്നെയെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്തു.
നേരിയ പ്രഭാതത്തിലേക്ക് വീണ്ടും അയാൾ കണ്ണു തുറന്നു.
കാർ അതിന്റെ ലക്ഷ്യ സ്ഥാനത്തെത്തിയിരിക്കുന്നു.
തന്നെയുപേക്ഷിക്കാൻ വ്യഗ്രത
പൂണ്ട തന്റെ മകനെവിടെ ..?
" അച്ഛാ.. . ഇറങ്ങ് "
കാറിന്റെ ഡോർ തുറന്നു കൊണ്ട് ശ്രിക്കുട്ടൻ പറയുന്നു.
" ഇതാണിനി അച്ഛൻ താമസിക്കാൻ പോവുന്ന ഭവനം... ".
അയാളാ കൂറ്റൻ ഭവനത്തിലേക്ക്
നോക്കി.
ആ ഭവനം തന്നെ മാടി വിളിക്കു ന്നുവോ ....!!
ഇവിടെ അന്തെവാസികളാരും
തന്നെയില്ലെ...?
" അച്ഛനോർമ്മയുണ്ടൊ ഈ
സ്ഥലം ....? "
അയാൾക്കാവട്ടെ ഓർമ്മ കിട്ടുന്നതെയില്ല......
അച്ഛനോർമയുള്ള ഒരു സ്ഥലം
ഞാൻ കാണിക്കാം' "
ശ്രിക്കുട്ടൻ അച്ഛന്റെ കൈ പതിയെ പിടിച്ചു.. തണുത്തുറഞ്ഞ ആ കയ്യിൽ
ഒരു ജീവിതത്തിന്റെ സായന്തനം
കുരുങ്ങി കിടക്കുന്നത് ശ്രിക്കുട്ടൻ
തിരിച്ചറിഞ്ഞു.
" ദാ നോക്കൂ.... അച്ഛാ... "
ശ്രിക്കുട്ടൻ ചൂണ്ടിക്കാണിച്ചിട
ത്തേക്ക് അയാൾ ആയാസപ്പെട്ടു
നോക്കി .'
ദൈവമേ......!!!!!!
നെഞ്ചിൽ ഒരു വിലക്കം..
തന്റെ .......
തന്റെ സീതാലക്ഷ്മിയുടെ
മണ്ണ്....
ആറടി മണ്ണ്....
അതിനു മീതെ നക്ഷത്ര ശോഭയോടെ കത്തിനിൽക്കുന്ന
നിലവിളക്ക് ......
അയാൾ ഉച്ചത്തിൽ കരഞ്ഞു.
ശ്രിക്കുട്ടൻ അയാളെ ഇറുകെ
പുണർന്നു.
" അച്ഛാ ഇത്രനാളും ഞാൻ
കാത്തിരുന്നത് ഈയൊരു സുദിനത്തിന് വേണ്ടിയായിരുന്നു.എന്റെ
നെഞ്ചിലെ നെരിപ്പോടായി
ഈ മണ്ണുണ്ടായിരുന്നു. അച്ഛനു
നഷ്ടപ്പെട്ട ഈ മണ്ണ് .... എന്റെ
അമ്മയുറങ്ങുന്ന ഈ മണ്ണ് തിരികെ പിടിക്കാൻ ഒരു വാശിയായിരുന്നു. പക ഷേ
എന്റെ കൂടെ പിറപ്പുകൾ
ഒരിക്കലും എനിക്കൊപ്പം
നിന്നിട്ടില്ല. പിന്നെ ആരോടും
ഒന്നുമറിയിക്കാതെ ഞാൻ
കരുക്കൾ നീക്കി.. ഇവിടെ
എന്റെ അച്ഛൻ രാജാവായി കഴിയണം..."
ശ്രിക്കുട്ടന്റെ കണ്ഠമിടറിയിരുന്നു.
" അച്ഛാ വാ..."
കത്തിച്ച നിലവിളക്കുമായ്
ലക്ഷ്മി അച്ഛനെ വിളിച്ചു '..
"മുത്തശ്ശാ..... "
പേരക്കുട്ടികൾ രണ്ടു പേരോടി വന്നയാളെ കെട്ടിപിടിച്ചു. 
ലക്ഷ്മി തെളിച്ച പ്രകാശത്തിനൊപ്പം ആ വിഷു
പുലർക്കാലത്തിൽ മകന്റെ
വലതുകരം പിടിച്ച് അയാൾ
ആ വീട്ടിലേക്ക് കയറി....

By: 

കരൾയുദ്ധങ്ങൾ

Image may contain: 1 person, eyeglasses, beard and closeup
*************************
പമ്മി പമ്മി നൈസ് ആയി വന്നു തുണി കൂട്ടി പിടിച്ചു അടപ്പ് തുറന്നു നോക്കി... കള കള മേളത്തിന്റെ അകമ്പടിയോടെ പുറത്തേക്കു കുതിച്ചുയർന്ന ആവിയുടെ കൂടെ വന്ന കോഴിക്കറിയുടെ മണം എന്റെ വായിൽ തിരമാലകളുയർത്തി... ഉദ്യമം ഇപ്പോൾ വേറെയാണ്, കോഴിക്കറി കുത്തിക്കേറ്റാൻ ഇനിയും സമയമുണ്ട്. അമ്മ അപ്പുറത്തു മറ്റെന്തോ പണിയിൽ മുഴുകി ഇരിക്കുകയാണ്. അമ്മ ഈ കള്ളകളി കണ്ടു പിടിക്കുമോ എന്നുള്ളതല്ല എന്റെ പേടി. അവള് കാണാതെ അടിച്ചു മാറ്റി കഴിക്കണം! അതെ, അവള് കണ്ടാൽ പിന്നെ അടി ആകും. പിന്നെ പങ്ക് വെക്കാനൊക്കെ നിക്കണം. അവൾ എന്ന എന്റെ പ്രധാന എതിരാളി മറ്റാരുമല്ല സുഹൃത്തുക്കളെ എന്റെ സ്വന്തം അനിയത്തി ആണ്. അതിഭീകരയാണവൾ! കോഴിയുടെ കരളിന് വേണ്ടി ഞങ്ങൾ രണ്ടു പേരും ഒരു വിട്ടുവീഴ്ചയുമില്ല. കരളിന് വേണ്ടി കൂടിയ അടികൾ അതിഭീകരമായിരുന്നു. കുരുക്ഷേത്രയുദ്ധം വരെ നാണിച്ചുപോകുമാറ് ഞങ്ങൾ അടി കൂടുമായിരുന്നു കോഴിയുടെ കരളിന് വേണ്ടി.....
തവി എടുത്തു കുത്തിയിളക്കി പരിശോധന തുടങ്ങി. അതാ, അത് തന്നെ. ഇടം വലം നോക്കി തവി കൊണ്ട് കരൾ അതിൽ എടുത്തു, ഊതിയൂതി വായിലേക്ക് ഒറ്റ ഇടൽ! ഒരു ചെറിയ പീസ് കൂടി അതിൽ ഉണ്ട്. അത് എടുത്താൽ കളി മാറും. അതിനു വേറെ ഐഡിയ ഉണ്ട്. വായിൽ ഇട്ടു പെട്ടന്ന് ചട്ടിയെല്ലാം മൂടി തവി ഇരുന്നിടത്തു തന്നെ വച്ച് ഞാൻ തിരിഞ്ഞു നടന്നു. ചൂടോടെ വായിലേക്ക് വന്ന നല്ല വെന്ത കരള് എന്റെ നാവിനോട് ഉപ്പും എരിവും മസാലകഥകളും പറയുന്നതിനോടൊപ്പം നാവിന്റെ തൊലി ഇളക്കിയത് ഞാൻ മനപ്പൂർവം മറന്നു. കരൾ ചവച്ചു പെട്ടന്ന് ഇറക്കിയെങ്കിലും നാവിന്റെ വേദന എന്റെ കണ്ണിൽ കണ്ണീർ നിറച്ചു. കൈ കൊണ്ട് തുടച്ചു നോക്കിയതും പെങ്ങളുടെ മുഖത്തേക്ക്! മഴവില്ലിൻ അഴകായിരുന്നു അവളുടെ മുഖത്തു. നിറങ്ങൾക്ക് പകരം ഭാവങ്ങൾ ആയിരുന്നു. സംശയം, ദേഷ്യം,വ്യഗ്രത, എന്ന് വേണ്ട എല്ലാ ഭാവങ്ങളും ആ മുഖത്തു നിറഞ്ഞാടി.
"ആയിട്ടില്ലെടി, ഞാൻ നോക്കി. ഭയങ്കര പോക. കണ്ണ് നീറി എന്റെ..." ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ തടി തപ്പാൻ ഞാൻ അടവിറക്കി.
എന്നെ നല്ല വിശ്വാസമുള്ളതുകൊണ്ടു അവള് ഉറഞ്ഞുത്തുള്ളി നേരെ പോയി അടുപ്പിന്റെ അടുത്തേക്ക്.
"അമ്മെ ... ഇവൻ കരളെടുത്താ....?" എന്നോടുള്ള ബഹുമാനം പ്രകടമാക്കി അവൾ അമ്മയോട് ചോദിച്ചു.
"തൊടങ്ങി രണ്ടും... ഒന്ന് പോയെ രണ്ടും അങ്ങട്.... അത് ഒന്ന് വേവട്ടെ....ഈ നിലക്ക് ഇവടെ ആരെങ്കിലും കാവല് നിക്കാ നല്ലതു!" അമർഷം മറച്ചു വയ്ക്കാതെ അമ്മ ആക്രോശിച്ചു.
ഒന്നും ഉരിയാടാതെ മുഖത്തോട് മുഖം നോക്കി ഞങ്ങൾ അടുക്കള വിട്ടു. രണ്ടു പേരും കണ്ണ് എത്തുന്ന രീതിയിൽ ആണ് നിന്നിരുന്നതും മറ്റും. ആരെങ്കിലും അടുക്കളയിൽ പോകുന്നുണ്ടോ എന്ന് ഉറപ്പിക്കാനായിരുന്നു അത്. ഉച്ചയൂണ് റെഡി ആക്കി വിളിക്കാൻ വേണ്ടി അക്ഷമരായി കാത്തു നിന്നു ഞങ്ങൾ രണ്ടു പേരും.
"രാജിവെ..... ശിഖേ......" ചോറ് റെഡിയാക്കി അമ്മ വിളിച്ചതും ഒരു ഫെരാരി കാറിന്റെ വേഗതയോടെ പാഞ്ഞു ഞങ്ങൾ ടേബിളിൽ റെഡി.
രണ്ടു പേർക്കും ചോറ് ഇട്ടു കോഴിക്കറി വിളമ്പി. എന്റെയും പെങ്ങളുടെയും മുഖത്തു ആകാംഷയാണ്. എന്റെ മുഖത്തെ ആകാംഷ ഞാൻ മനപ്പൂർവം ഉണ്ടാക്കിയതാണെന്ന് എനിക്ക് മാത്രമല്ലേ അറിയുള്ളു.
"കരള് ഉടഞ്ഞു പോയാ? കാണാനില്ലല്ലോ..." തവി ഇട്ടു ചട്ടിയിൽ ചികഞ്ഞു നോക്കിന്നതിനിടെ അമ്മ പറഞ്ഞു.
"ഈ പിശാശ് തിന്നു. ഞാൻ കണ്ടതാ ഇവൻ അടുക്കളെന്നു തിന്നു വരണത്... "കരച്ചിലും ദേഷ്യവും വെറുപ്പുമൊക്കെ പല്ല് ഞെരിക്കലിൽ ഒതുക്കി അവള് പറഞ്ഞു.
"ഏയ്.... ഞാനൊന്നും തിന്നില്ല.. ഞാൻ വന്ന് നോക്കിത് വെന്തൊന്ന് അറിയാനാ...അപ്പൊ അതില് ഞാൻ കരള് കണ്ടിരുന്നു ..."നിഷ്കളങ്കനായി ഞാൻ പറഞ്ഞു.
എവടെ? അവള് വിശ്വസിച്ചിട്ടില്ല. എന്റെ കരള് കറി വെച്ച് കൊടുത്താൽ തിന്നാനുള്ള ദേഷ്യം അപ്പോളവൾക്ക് ഉണ്ട്. എങ്കിലും നമ്മള് വിട്ടു കൊടുക്കാൻ പാടില്ലല്ലോ.
"ആ ദേനാ .... ഒരു പീസ് കിട്ടി...."അതും പറഞ്ഞു അമ്മ തവിയിൽ ചെറിയ പീസ് കരളെടുത്തു അവളുടെ പ്ലേറ്റിൽ ഇട്ടു.
"അതെന്തുറ്റാ അവൾക്ക്. എനിക്ക് വേണം. എനിക്ക് വേണം...." ഞാൻ ആരാ മോൻ, അടുത്ത നമ്പർ ഇറക്കി.
"നോക്കട്ടെ ചെക്കാ ... മിണ്ടാണ്ട് നിക്ക്. എന്തുട്ട് പിള്ളേരാ ഇത്. ..." ചട്ടിയിൽ തിരച്ചിലിനിടയിൽ അമ്മ പറഞ്ഞു.
അപകടസൂചന മനസ്സിലാക്കി അവൾ അവൾക്കു കിട്ടിയ പീസ് എടുത്തു ഒറ്റ വിഴുങ്ങൽ.
"നോക്കിയേ അമ്മെ അവളതു മുഴുവൻ തിന്നു... എനിക്ക് കരള് വേണം....അല്ലെങ്കി എനിക്ക് ചോറ് വേണ്ട...." നിശ്ചയിച്ചു ഉറപ്പിച്ചു ഞാൻ പറഞ്ഞു.
ഒരു പ്രൊഫെഷണൽ ഇടനിലക്കാരന്റെ വേഷമണിഞ്ഞു അമ്മ. സന്ദർഭം ശാന്തമാക്കി, മക്കൾ തല്ലുകൂടാതെ, ഭക്ഷണം കഴിപ്പിക്കുക എന്ന അതികഠിനമായ ദൗത്യം ആയിരുന്നു അമ്മക്ക് മുന്നിലുണ്ടായിരുന്നത്. പോരാത്തതിന് സംഘർഷഭരിതമാക്കാൻ ആകെ ഉണ്ടായിരുന്ന കരൾ അവളെടുത്തു വിഴുങ്ങി കളഞ്ഞു!
"ചെക്കാ വേഷംകെട്ട് എടുക്കാണ്ട് ചോറ് തിന്നേ..." ഭീഷിണി മുഴക്കി അമ്മ.
"ഞാൻ ചോറ് തിന്നണമെങ്കിൽ എനിക്ക് രണ്ടു കാല് പീസും വേണം.... അവള് കരള് എനിക്ക് താരാണ്ട് തിന്നില്ലേ...." എന്റെ നിലപാട് ഉറപ്പിച്ചു ഞാൻ പറഞ്ഞു.
ഡിഫെൻസ് ഇടാൻ കയ്യിൽ ഒന്നും ഇല്ലാത്തതിനാൽ അവൾ ഒന്നും മിണ്ടിയില്ല. പക്ഷെ മുഖത്തു ഇരുണ്ടു കൂടിയ കാർമേഘങ്ങൾ അവൾക്കു എന്നോട് ഉണ്ടായിരുന്ന ദേഷ്യം എന്തായാലൂം കുറഞ്ഞട്ടില്ല എന്ന് മനസ്സിലായി. എന്റെ കുശാഗ്രബുദ്ധി വച്ച് പകുതി കരളും രണ്ടു കാല് പീസ് കിട്ടിയതിന്റെ സന്തോഷം മറച്ചു പിടിക്കാൻ ഞാൻ ചിക്കൻ കാലു കടിച്ചു വലിച്ചു തിന്നു.
കാലം ഒരുപാട് മുന്നോട്ടു പോയി... എനിക്കും അവൾക്കും മക്കളായി. ഒരിക്കൽ അടുക്കളയിൽ ഗൾഫ് നാട്ടിലെ വിശേഷങ്ങളും നാട്ടിലെ പരദൂഷണങ്ങളും മറ്റുമായി ഞാനും പെണ്ണും അമ്മയും സംസാരിച്ചു ഇരിക്കുകയാണ്. ചിക്കൻ അടുപ്പത്ത് ഉണ്ട്... പെങ്ങള് വന്നു ഒരു പ്ലേറ്റ് എടുത്തു ചോറ് വിളമ്പി... ചിക്കൻകറിയുടെ മൂടി തുറന്നു അവൾ ചികയാൻ തുടങ്ങി. കാലമിത്ര ആയിട്ടും ഇവള് ഇപ്പോഴും ഇങ്ങനെ ആണോ എന്ന് ഞാൻ വെറുതെ മനസ്സിൽ ആലോചിച്ചു ചിരിച്ചു... കറിയിൽ മുങ്ങി കിടന്നിരുന്ന 2 കരളു പീസും കുറച്ചു കറിയും എടുത്തു അവൾ പോയി. ഒരൽപം കഴിഞ്ഞു ഞാൻ ഉമ്മറത്തേക്ക് പോയി. ഉമ്മറപ്പടിയിൽ ഇരുന്നു കരളും കൂട്ടി എന്റെ മോൾക്കും അവളുടെ മോനും ചോറ് വാരി കൊടുക്കുകയാണ് അവൾ. തലമുറ തലമുറയായി കൈ മാറി വരുന്ന ഒരു കലാരൂപമാണോ ഇതെന്ന് ഞാൻ സംശയിച്ചു.
"അപ്പച്ചി കരള് താ...." കൊതിയോടെ എന്റെ മോൾ പറഞ്ഞപ്പോൾ 'എനിക്കും താ അമ്മെ' എന്ന് അവളുടെ മകനും. കരൾ യുദ്ധങ്ങൾ അവസാനിക്കുന്നില്ല....
**************
പ്രസൂൺ ചിന്നങ്ങത്ത്

മാറ്റിവെക്കപ്പെടുന്ന ആത്മഹത്യകൾ

 .Depression, Mental Health, Sadness, Mental, Health..
കഴിഞ്ഞാഴ്ചയാവാം എന്ന് കരുതിയതാണ്
നടന്നില്ല.
കത്തിയും ബ്ലേഡും മൂർച്ചയോടെ
കരുതിവെച്ചതാണ് .
പനിക്കിടക്കയിൽ മകൻ
പൊള്ളുമ്പോൾ എങ്ങനെ?
കഴിഞ്ഞ മാസത്തിലൊരു
കയർക്കുരുക്ക് വളച്ചു വെച്ചിരുന്നു.
അച്ചനുമമ്മയും അന്നാ
വിരുന്നെത്തിയത്
പിന്നെങ്ങനെ?
ഞായറാഴ്ച നല്ലൊരുക്കം
നടത്തി കാത്ത് നിന്നതാണ്
മൂക്കിലടിച്ചു കേറിയ നാറ്റമുള്ളൊരു
മരുന്ന് .
പായസം വെച്ചിരുന്നതിലാവാമെന്ന്
മധുരിച്ചു .
അവനുമവളും അത്
കുടിച്ചു തീർത്തെന്നാൽ
പിന്നെങ്ങനെ?
കുളിച്ചൊരുങ്ങിയിരുന്നാൽ
നേരെയങ്ങ് പോകാം
വീടിനടുത്ത് പുകയാവാതെ
ചൂളയിലെ നാക്കിനു നക്കാൻ
കൊടുക്കലാവും
നല്ലത് .
ചുവന്ന ചാന്തിൽ ഒരുങ്ങിയതാണ്
അന്നപ്പോൾ
തുറന്ന വാതിലിൽ
ഇഷ്ട നിറത്തിലെ പട്ടുമായി
കെട്ടിയ ആൾ .
പിന്നെയാവാമെന്ന്
ഉള്ളിലാരോ പറഞ്ഞു.
ഇനിയുമുണ്ടല്ലോ
ഞായറും തിങ്കളും .
മാർക്കിട്ട ഉത്തരക്കടലാസുകൾ
തിരിച്ചു കൊടുത്തിട്ടാവാമിനി.
ആരുമൊരിക്കലും
ചെയ്തു തീർക്കാൻ ഇത്തിരി
ബാക്കി വെച്ചിട്ടു പോയെന്ന്
പറയരുത് .
സമയമുണ്ടല്ലോ .....
Sreelekha
2019/9/22

മക്കൾ

Image may contain: 1 person, smiling, closeup
ഗുരുമാർഗത്തിൽ ജീവിക്കുന്ന
ഒരു വീട്ടമ്മ കഴിഞ്ഞദിവസം അവളുടെ ജീവിതത്തിൽ നടന്ന ഒരു സംഭവം വളരെ വേദനയോടെ പങ്കുവെയ്ക്കുകയുണ്ടായി.
അവളുടെ വിവാഹം കഴിഞ്ഞതാണ്.
കുട്ടികൾ ആയിട്ടില്ല. ഭർത്താവ് ജോലിക്ക് പോകുന്നുണ്ട്. അവൾ നല്ലൊരു വീട്ടമ്മയായി ജീവിക്കുന്നു.
അടുത്ത വീട്ടിൽ താമസിക്കുന്നത് ജോലിക്കാരായ ഭർത്താവും ഭാര്യയും
രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബമാണ്.
ഭർത്താവും ഭാര്യയും അധ്യാപകരുമാണ്.
അവരുടെ മൂത്തകുട്ടിക്ക് അഞ്ച് വയസ്സാണ്.
അവൻ കൂടുതൽ സമയവും അടുത്ത വീടുകളിലായിരിക്കും. വളരെ വികൃതിയാണെങ്കിലും എല്ലാവർക്കും
വളരെ ഇഷ്ടമാണ്. അവൻ മിക്കവാറും
എല്ലാ വീടുകളിൽ നിന്നും ഭക്ഷണം
കഴിക്കും, ടി വി കാണും, കളിക്കും,
എല്ലാം ചെയ്യും.
കഴിഞ്ഞയാഴ്ച അവൻ അവളുടെ
വീട്ടിൽ വന്നപ്പോഴാണ് അവിചാരിതമായി
ഞെട്ടിക്കുന്ന ആ സംഭവം ഉണ്ടായത്.
അവൾ വീട്ടുജോലി ചെയ്യുന്ന സമയത്താണ്
അവൻ വന്നത്. അവൻ ടി.വി. ഓൺചെയ്ത് കണ്ടുകൊണ്ടിരുന്നു. സാധാരണ അവന്റെ പ്രവൃത്തികളെ അധികം ശ്രദ്ധിക്കാറില്ല. കാരണം അവൻ ഇടയ്ക്കൊക്കയെ വരാറുള്ളൂ. പക്ഷെ, അന്ന് വളരെ അവിചാരിതമായാണ് അത് ശ്രദ്ധിച്ചത്.
അന്ന് അവൻ കണ്ടുകൊണ്ടിരുന്നത് കൊച്ചുകുട്ടികൾ കാണാൻ പാടില്ലാത്ത
ചില കേളീരംഗങ്ങളാണ്.
അവളത് കണ്ട് ഞെട്ടിപ്പോയി. കാരണം
കണ്ടുകൊണ്ടിരുന്ന അവനത് അത്രകണ്ട് ആസ്വദിക്കുന്നുണ്ടായിരുന്നു. അവളുടൻ
അടുത്തുചെന്ന് അവനെ വഴക്ക് പറഞ്ഞു,
'ഇതൊക്കെയാണോടാ നീ കാണുന്നത് '
എന്ന് ചോദിച്ചപ്പോൾ അവൻ വളരെ നാണത്തോടെ അസ്ഥാനത്തൊക്കെ
കേറിപ്പിടിച്ചത്രേ.
ആ കൊച്ചുകുട്ടിയിൽ നിന്ന് അങ്ങനൊരു പ്രവൃത്തി അവൾക്ക് വിശ്വസിക്കാനാവാതെ വളരെ വിഷമത്തോടെ അവനെ ചേർത്ത് പിടിച്ച്, 'നീ എന്തിനാ മോനേ, ഇങ്ങനൊക്കെ
കാണിക്കുന്നത് 'എന്ന് ചോദിച്ചപ്പോൾ
അവൻ പറഞ്ഞു, 'അച്ഛനും അമ്മയും ദിവസവും വീട്ടിൽ ഇതല്ലേ കാണിക്കുന്നത്. പിന്നെ എനിക്കെന്താ കാണിച്ചാൽ ?
അപ്പോഴാണ് അവൾക്ക് മനസ്സിലായത്,
ആ കുട്ടി അച്ഛനമ്മമാരോടൊപ്പം ഒരു
മുറിയിലാണ് കിടക്കുന്നതെന്നും അവൻ ഉറങ്ങിയെന്ന് കരുതി, അവർ രാത്രി ചെയ്യുന്നതെല്ലാം കണ്ടിട്ടാണ് അവനിൽ
ഇങ്ങനെയൊരു സ്വഭാവം വന്നതെന്നും.
പിറ്റേ ദിവസം സ്കൂൾ ടീച്ചറായ അവന്റെ
അമ്മയെ കാണാനിടയായപ്പോൾ അവൾ
തലേദിവസം നടന്ന കാര്യം സൂചിപ്പിച്ചു.
ആ അമ്മ ആകെ തകർന്നതുപോലെയായി.
പിന്നീടറിയാൻ കഴിഞ്ഞു, അവൻ
പോകുന്ന വീടുകളിലെല്ലാം ഇതുപോലെ കാണിക്കാറുണ്ടത്രേ. പക്ഷെ, അവൻ
കൊച്ചുകുട്ടിയല്ലേയെന്ന് കരുതി ആരും
ഒന്നും പറയാതിരുന്നാതാണത്രേ.
ആ കുട്ടിയുടെ അച്ഛനുമമ്മയും
ഇപ്പോൾ എന്തുചെയ്യണമെന്ന്
അറിയാത്ത അവസ്ഥയിലാണ്. കാരണം
അവനിൽ വളരെ തീവ്രമായി ഈ സ്വഭാവം വളരുകയും ചെയ്തു. എന്നാൽ പറഞ്ഞ് മനസ്സിലാക്കാൻ പറ്റാത്ത പ്രായവും.
ഇത് ഇന്ന് പല കുടുംബങ്ങളിലും
സംഭവിച്ചുകൊണ്ടിരിക്കുന്ന കേട്ടാൽ
ഞെട്ടുന്ന സംഭവങ്ങളിൽ ഒന്നുമാത്രം.
എല്ലാവരും ഇന്ന് വളരെ തിരക്കിലാണ്.
അവശ്യമായ ഒന്നിനും സമയമില്ല. എന്നാൽ അനാവശ്യമായ പലതിനും നമുക്ക് സമയമുണ്ടുതാനും.
വിദ്യാഭ്യാസമാണ് ജീവിതത്തിൽ അഭിമാനത്തിന്റെ മാനദണ്ഡം എന്നുകരുതി,
വിവാഹശേഷവും കുട്ടികളുണ്ടായതിന്
ശേഷവും പഠിച്ചുകൊണ്ടിരിക്കുന്ന
അച്ഛനമ്മമാർ.
മക്കൾക്ക് നല്ല ഭൗതിക സൗകര്യങ്ങൾ
ഒരുക്കാനായി, പണം സമ്പാദിക്കാനായി
രാവും പകലും ജോലിയെടുക്കുന്ന
മാതാപിതാക്കൾ.
ഭൗതികമായി നമ്മൾ എല്ലാ സൗകര്യങ്ങളും
കുട്ടികൾക്ക് നൽകാനായുള്ള ഓട്ടപ്പാച്ചിലിനിടയിൽ അവരുടെ മാനസിക വ്യാപാരങ്ങളെ ശ്രദ്ധിക്കാൻ നമുക്ക് പലപ്പോഴും കഴിയാറില്ല.
വളർന്നുവരുംതോറും ഈ മക്കൾ
പഠിപ്പും പത്രാസും മാത്രമുള്ള ,സ്വാർത്ഥരായ,
സുഖലോലുപരായ, നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ശീലക്കേടുള്ളവരും
സ്വന്തം മാതാപിതാക്കുടെയും സമൂഹത്തിന്റെയും തന്നെ ഏറ്റവും വലിയ ശത്രുക്കളുമായി മാറുന്നു.
അതുകൊണ്ട് സമയം അതിക്രമിച്ചുകൊണ്ടിരിക്കുന്നു.
പണത്തിന്റെയും സൗകര്യങ്ങളുടെയും
സ്ഥാനമാനങ്ങളുടെയും പുറകേയുള്ള
ഓട്ടം മതിയാക്കി, സ്വന്തം ജീവിതത്തിലേക്ക്, വീട്ടിലേക്ക് ,കുഞ്ഞുങ്ങളിലേക്ക് ശ്രദ്ധിക്കാൻ സമയം കണ്ടെത്തുക. അല്ലെങ്കിൽ പിന്നീട്
വേദനിച്ച് തലതല്ലിക്കരയേണ്ടി വരും.
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.
എല്ലാം നേടിയാലും ആത്മാവ്
നഷ്ടപ്പെട്ടാൽ പിന്നെന്ത് കാര്യം ?
..... സ്വാമി ചന്ദ്രദീപ്തൻ.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo