നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു ഇഷ്ടം

Image may contain: 1 person
========
തയ്യൽ ക്ലാസ്സിൽ പോണതൊക്കെ കൊള്ളാം. അടങ്ങിയും ഒതുങ്ങിയും നടന്നോണം അപ്പന്റെ സ്വഭാവം അറിയാല്ലോ..
ഏത് പുതിയ സ്ഥലത്തു ചെന്നാലും അമ്മച്ചി ഇത് ഓർമ്മിപ്പിക്കും.. ആ ദോശ തിന്നേച്ചും പോകാൻ നോക്ക്.
ഇതാണ് എന്റെ അമ്മച്ചി.. ഒരു കോട്ടയംകാരി നസ്രാണിച്ചി.. പറഞ്ഞിട്ടെന്താ അപ്പൻ ഇല്ലെങ്കിൽ നല്ല ധൈര്യം ആണ്. നാലുകാലിൽ കള്ളും കുടിച്ചു അപ്പനെ കണ്ടാൽ ഈ ധൈര്യം ചോർന്നുപോകും എന്റെ അമ്മച്ചിക്ക്..
ഇലക്ട്രിസിറ്റി ബോർഡിലാണ് അപ്പന് ജോലി അതുകൊണ്ട് തന്നെ സ്ഥിരമായി ഒരു വീടില്ല. അപ്പന്റെ കയ്യിലിരുപ്പ് കൊണ്ടു എപ്പോഴും സ്ഥലം മാറ്റം..
പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോഴേ പഠിത്തം നിർത്തി. മടിയായിട്ടല്ല. പെങ്കൊച്ചുങ്ങള് ഇത്രയും പഠിച്ചാൽ മതി. ഇനി വീട്ടുജോലി പഠിക്കു. അതാണ് അപ്പന്റെ ഭാഗം.. ഒന്നും മിണ്ടാറില്ല. പറയുന്നത് അനുസരിക്കും.
തയ്യൽ പഠിക്കാൻ വല്ലാത്ത ഇഷ്ടം ആയിരുന്നു. അമ്മച്ചിയെ കൊണ്ടു അപ്പന്റെ കാല് പിടിച്ചു സമ്മതിപ്പിച്ചു.
അയ്യൊ മുഴുവൻ ചെളിവെള്ളം തെറിച്ചു.. ഉടുപ്പ് മൊത്തത്തിൽ നനഞ്ഞു.. ഓരോന്ന് ആലോചിച്ചു നടന്നപ്പോൾ ശ്രദ്ധിച്ചില്ല..
ഒരു ബുള്ളറ്റ് ആണ്. അയാൾ വണ്ടി നിർത്തി. എവിടെ നോക്കിയാടി നടക്കണത്.. നിങ്ങളല്ലേ എന്റെ മേത്തോട്ടു ചെളി തെറിപ്പിച്ചത്..
കൊള്ളാം നീ സ്കൂളിൽ പഠിച്ചിട്ടില്ലേ കാൽനടയാത്രക്കാർ ഏതു സൈഡിൽ നടക്കാനൊന്നു. നിയമം തെറ്റിച്ചിട്ടു... ഓഹോ ഇയാൾ എന്താ പോലീസുകാരൻ ആണോ നിയമം പഠിപ്പിക്കാൻ..
ഒന്ന് പോയെ മനുഷ്യാ.. എന്നും പറഞ്ഞു വാ നിറയെ അയാളെ ചീത്ത പറഞ്ഞോണ്ട് ക്ലാസ്സിൽ പോയി. മുഴുവൻ കഴുകി.. അന്ന് മുഴുവൻ അയാളോട് ദേഷ്യം ആയിരുന്നു.. വീട്ടിൽ വന്നു അമ്മച്ചിയോടും പറഞ്ഞു..
രാത്രിയിലെ പ്രാർത്ഥന കഴിഞ്ഞു അത്താഴവും കഴിച്ചു അപ്പൻ വരുന്നതിനു മുന്നേ കയറികിടക്കും. അല്ലെങ്കിൽ അമ്മച്ചിയുടെ മേത്തുള്ള തെറിപറച്ചിലും ഉപദ്രവവും കഴിഞ്ഞാൽ അപ്പൻ തന്റെ മേത്തൊട്ടാകും അതുകൊണ്ട് അമ്മച്ചി പറഞ്ഞിട്ടുണ്ട് കിടന്നോളാണൊന്നു..
കൊച്ചെ കതക് തുറക്കെടീ.. അപ്പൻ ഇത് വരെ വന്നിട്ടില്ല. പോസ്റ്റ്‌ കാലുമ്മേൽ കേറണ മനുഷ്യൻ ആണ് കർത്താവെ കാത്തോളണേ.. എന്നാത്തിനാ വന്നിട്ട് അമ്മച്ചിക്ക് തല്ലുകൊള്ളാനോ.. വരാതിരിക്കട്ടെ ഇന്നെങ്കിലും..
ദേ കൊച്ചേ ദൈവ ദോഷം പറയാതെടീ. അമ്മച്ചി കഴുത്തിലെ കൊന്തയിൽ പിടിച്ചു പ്രാർത്ഥന തുടങ്ങി.. അമ്മച്ചിയുടെ മടിയിൽ കിടന്നു
. ഇങ്ങനെ ഒരു രാത്രിയിൽ വരാതിരുന്നതാ ചേട്ടായി. ചെയ്യാത്ത കുറ്റത്തിന് അപ്പന്റെ കയ്യിൽ നിന്നു തല്ലു മേടിച്ചു അപ്പൻ ഇറങ്ങിക്കോളാൻ പറഞ്ഞപ്പോൾ അമ്മച്ചി കാലുപിടിച്ചു പറഞ്ഞതാ പോകല്ലേടാ എന്ന്
പിറ്റേന്ന് ആരോ പറഞ്ഞു റെയിൽവേ പാളത്തിൽ ചതഞ്ഞരഞ്ഞു കിടക്കുന്നുണ്ടെന്ന്. അത് ഓർത്തപ്പോൾ അമ്മച്ചിയെ ചേർത്തു പിടിച്ചു. അന്ന് തൊട്ടു ഇന്ന് വരെ അപ്പനോട് നേരെ ചൊവ്വേ മിണ്ടീട്ടില്ല.. അമ്മച്ചി പ്രാർത്ഥന ആണ്. എപ്പോഴോ ഉറങ്ങി.
രാവിലെ അമ്മച്ചി വിളിച്ചു കൊച്ചെ വാ നമ്മുക്ക് ഒന്ന് പോലീസ് സ്റ്റേഷനിൽ പോയേച്ചും വരാം അപ്പൻ വന്നിട്ടില്ല ഇത് വരെ. എനിക്കെങ്ങും മേല.. നീ വരുന്നുണ്ടോ. അമ്മച്ചി ഒരുങ്ങി ഇറങ്ങി. മടിയോടാണെലും കൂടെ ചെന്നു.
സ്റ്റേഷനിൽ ചെന്നു അമ്മച്ചി കാര്യം പറഞ്ഞു. അപ്പോൾ ആ പോലീസ്‌കാരൻ അകത്തേക്ക് വിളിച്ചു എന്നിട്ട് മൂലയിലേക്ക് ചൂണ്ടി കാണിച്ചു ഇതാണോ ആള്. ഇന്നലെ രാത്രിയിൽ അടിച്ചു കോണും തെറ്റി റോഡിൽ വച്ചു ബഹളം ഉണ്ടാക്കിയതിന് s i സർ പിടിച്ചു കൊണ്ട് വന്നതാ. ഇപ്പോൾ സർ വരും എന്നിട്ട് എന്താന്ന് വച്ചാൽ ചെയ്യാം. നിങ്ങൾ ഇവിടെ ഇരിക്ക്
വല്ലാത്ത ദേഷ്യം തോന്നി.. ഇയാൾ അപ്പനാണോ കഷ്ടം. കിടപ്പു നോക്കിക്കേ അമ്മച്ചി ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ട്. കണ്ണും പൂട്ടി ഇരുന്നു ഇങ്ങനെ ഇരുന്നാൽ ആരെയും കാണണ്ടല്ലോ..
സർ വന്നു അകത്തേക്ക് വാ.. അയാളുടെ പുറകെ ചെന്നു..
ഓഹോ നിന്റെ അപ്പൻ ആയിരുന്നോ?? അപ്പനും മോളും നിയമം തെറ്റിക്കാൻ ഇറങ്ങിയേക്കുവാണോ കർത്താവെ ഇയാള് s i ആയിരുന്നോ..
അമ്മച്ചി തൊഴുത്തോണ്ടു നിന്നു എന്തൊക്കെയോ പറഞ്ഞു. ഒന്നും മിണ്ടാൻ പോയില്ല. അമ്മച്ചീ മകൾക്കു നല്ല നാക്കാണല്ലോ ഇപ്പോൾ എന്തെ മിണ്ടാത്തെ.. സാറേ അവള് പേടിച്ചിട്ടാണ്..
മം. കൊണ്ട് പൊക്കോ .. അപ്പനെയും കൊണ്ട് പുറത്തേക്കു ഇറങ്ങി.
പെട്ടെന്ന് പറഞ്ഞു നിനക്ക് ഫോണുണ്ടെൽ നമ്പർ തന്നേച്ചും പോ. ഇനിയും ആവശ്യം ഉണ്ടായാലോ.. നമ്പർ കൊടുത്തു.. സ്റ്റേഷൻ ആണെന്ന് നോക്കാതെ അപ്പൻ ഞങ്ങളെ തെറി പറയുന്നുണ്ടായിരുന്നു
രാത്രിയിൽ അപ്പന്റെ കലാപരിപാടികൾ തുടങ്ങുന്നതിനു മുന്നേ കതകടച്ചു കിടക്കാൻ തുടങ്ങിയപ്പോൾ ആണ് ഫോൺ അടിച്ചത്. അറിയാത്ത നമ്പർ എടുത്തില്ല പിന്നേയും അടിച്ചു എടുത്തു
എടീ ഇന്ന് അപ്പൻ വീട്ടിൽ ഉണ്ടോ.. മം.. ആരാന്നു മനസ്സിലായോ. മം. S i സർ.. ശരി നീ ഫോൺ വച്ചോ..
ഇയാൾക്ക് എന്തു പറ്റി.
തയ്യൽ ക്ലാസ്സിൽ പോകുമ്പോൾ അറിയാതെ സ്റ്റേഷനിലേക്ക് നോക്കി അവിടെ നിൽപ്പുണ്ട് നോട്ടം പെട്ടെന്ന് മാറ്റി..
രാത്രിയിൽ ഫോൺ വന്നു അപ്പനെകുറിച്ചു അന്വേഷിച്ചു.. അത് പതിവായി.. ഈ നോക്കി നിൽപ്പും ഫോൺ വിളിയും.
എന്തോ അത് വഴി പോകുമ്പോൾ അവിടെ കണ്ടില്ലേൽ വല്ലാത്ത വിഷമം. ഫോൺ വരാൻ താമസിച്ചാൽ ഒരു തരം ശ്വാസം മുട്ടൽ
ഒരു രാത്രിയിൽ വിളിച്ചു അപ്പനെ കുറിച്ച് ചോദിച്ചു ഫോൺ വെക്കുന്നതിനു മുന്നേ എടീ.. ഇനി രണ്ടു ദിവസം ഞാൻ വിളിക്കില്ല..
അതെന്താ പെട്ടന്ന് ചോദിച്ചു.. അതെ രണ്ടു ദിവസം ഒഫീഷ്യൽ ട്രെയിനിങ്.
. അതിനു ഫോൺ വിളിച്ചാൽ എന്താ ..
എടീ പൊട്ടി.. ട്രെയിനിങ് ടൈമിൽ ഫോൺ പറ്റില്ല.. രണ്ടു ദിവസം കഴിഞ്ഞ് ഞാൻ വരും. നീ ഫോൺ വച്ചോ..
അയ്യൊ ഉറക്കം വരുന്നില്ല.. ഈ മനുഷ്യൻ കുറച്ചു ദിവസം കൊണ്ട് ആരൊക്കെയോ ആയി മാറി. കർത്താവെ വേണ്ടാത്ത ചിന്ത മനസ്സിൽ വരുത്തല്ലേ. അമ്മച്ചി പറയുംപോലെ ആരെയും വിശ്വസിക്കരുത്.. സൂക്ഷിക്കണം. നൂറു തവണ നന്മ നിറഞ്ഞ മറിയം ചൊല്ലി എങ്ങനെയോ നേരം വെളുപ്പിച്ചു..
തയ്യൽ ക്ലാസ്സിൽ പോകാൻ തോന്നിയില്ല.. അല്ലെങ്കിൽ ഓടി പോകുന്നതാണ് ആ നോട്ടത്തിനു വേണ്ടി പോകും പോലെ.. ചെന്നിട്ടും തയ്‌ക്കാൻ തോന്നിയില്ല.. എന്തെക്കെയോ ചെയ്തു..
രണ്ടു ദിവസം തള്ളി നീക്കാനായിരുന്നു പാട്.. അത്താഴം കഴിഞ്ഞു ഫോണും കൊണ്ടു ഇരുപ്പായി. വിളിക്കുന്നില്ല.. വെറുതെ പറഞ്ഞതാവും. ഒഴിവാക്കാൻ.. അങ്ങോട്ട്‌ വിളിച്ചാലോ. വേണ്ടാ.. കർത്താവെ പരീക്ഷിക്കരുതേ. പ്രാർത്ഥിച്ചു. കിടന്നു..
പെട്ടെന്ന് ഫോൺ അടിച്ചു ചാടി എടുത്തു. നീ ഫോണും പിടിച്ചോണ്ടിരിക്കുവായിരുന്നോ.. ആ.. അല്ല..
മം..
എടീ രണ്ടു ദിവസം നിന്നെ വിളിക്കാതിരുന്നപ്പോൾ കാണാതിരുന്നപ്പോൾ എന്റെ നെഞ്ച് പൊട്ടും പോലെ തോന്നി എനിക്ക്. അറിയില്ലെടി എനിക്ക് നിന്നോട് വല്ലാത്ത ഒരു ഇഷ്ട്ടം ഉണ്ട്. നാളെ ഞാൻ അമ്മയും കൂട്ടി വരും പെണ്ണ് ചോദിക്കാൻ...
മം.. മൂളി.. നാളെ ഞായറാഴ്ച പള്ളീൽ പോകണ്ടേ നിങ്ങൾക്ക്.. രാവിലത്തെ കുർബാനക്കാണ് പോണേ. 10മണിയാകുമ്പോൾ ഇവിടെ ഉണ്ടാകും ഞങ്ങൾ.. നാളെ വരാം നീ ഫോൺ വച്ചോ.
കർത്താവെ.. എന്താ ഇത് അയാൾ പറഞ്ഞത് പേരോ നാടോ ഒന്നും അറിയില്ല .. പക്ഷെ ഇന്ന് അയാൾ എനിക്ക് ആരൊക്കെയോ ആണ്.ഒരു സ്വപ്നവും ഇല്ലാത്ത എന്റെ മനസ്സിലെ സ്വപ്നം ആണ് അയാൾ. സന്തോഷം ആണോ സങ്കടം ആണോ എന്നറിയില്ല... മുട്ടിപ്പായി പ്രാർത്ഥിച്ചു..
രാവിലത്തെ കുർബാന യിലും കർത്താവിനോട് മനസ്സറിഞ്ഞു പ്രാർത്ഥിച്ചു. കർത്താവെ അയാളെ തന്നേക്കണേ.. തിരിച്ചു പോരും വഴി അമ്മച്ചി ചോദിച്ചു എന്താണ് പെണ്ണിന്റെ മുഖത്തു ഒരു തിളക്കം.. ഒന്നുമില്ലേ..
പിന്നെ കാത്തിരിപ്പായി. ഓരോ വണ്ടിയുടെ ശബ്ദം കേട്ടാലും ജനാലക്കൽ ചെന്നു നോക്കും..
അവസാനം ഒരു ബുള്ളറ്റിൽ എത്തി. അമ്മയും മോനും.ഐശ്വര്യം ഉള്ള ഒരു അമ്മ. സെറ്റും മുണ്ടും വേഷം അകത്തേക്ക് വന്നു. അപ്പൻ ആരാ എന്താന്ന് ചോദിച്ചു. ശബ്ദം കെട്ടു അമ്മച്ചിയും ചെന്നു. മോളെ ഒന്ന് വിളിക്ക് അമ്മയാണ്..
നാൻസി കൊച്ചെ അമ്മച്ചി വിളിച്ചു. ചെന്നു.
നാൻസി എന്നാണോ മോളുടെ പേര്. ഈ ചെറുക്കന് അത് പോലും അറിയില്ല. ഒരു പെങ്കൊച്ചിനെ കണ്ടു ഇഷ്ടായി. അമ്മ വന്നു കണ്ടു പെണ്ണ് ചോദിക്കാൻ പറഞ്ഞു ഇവൻ..
നിങ്ങൾ ആരാ.. ഇങ്ങനെ വന്നു പറയാൻ.. ഇവൾക്ക് രക്ഷിതാക്കൾ ഉണ്ട്.. അപ്പൻ അവരോടു തട്ടിക്കയറി.. ക്ഷമിക്കണം പെട്ടന്ന് മോളെ കണ്ടപ്പോൾ.. എന്റെ പേര് സാവിത്രി ഇത് മോൻ കൃഷ്ണപ്രസാദ്‌.. ഇവിടുത്തെ s i ആണ്. സർ നെ കണ്ടിട്ടുണ്ട്. അമ്മച്ചി പെട്ടന്ന് പറഞ്ഞു.
നീ അകത്തേക്ക് പോടീ പെണ്ണിനേയും വിളിച്ചോjbണ്ട്.. പിന്നേ നിങ്ങൾക്ക് പോകാം. പള്ളീം പട്ടക്കാരും ഒക്കെ ഉള്ളവരാണ് ഞങ്ങൾ. ഞങ്ങക്ക് ഒരു ഹിന്ദുന് പെണ്ണിനെ പിടിച്ചു കൊടുക്കേണ്ട കാര്യം ഇല്ല. ആരായാലും ഇറങ്ങിക്കോണം ഇവിടുന്നു.. അപ്പൻ എണീറ്റു. പെണ്ണ് ചോദിക്കാൻ വന്നിരിക്കുന്നു നാണം കെട്ടവര്.
. തലയും താഴ്ത്തി അമ്മയുടെ കയ്യും പിടിച്ചു ആ മനുഷ്യൻ ഇറങ്ങി പെട്ടെന്ന് തിരിഞ്ഞു അപ്പനോട് പറഞ്ഞു അകത്തു നിൽക്കുന്ന അവൾക്ക് എന്നോട് ഒരു ഇഷ്ട്ടം ഉണ്ടേൽ ഈ പ്രസാദ് അവളെ തന്നെ കെട്ടും
ഇറങ്ങി പോടാ. അപ്പൻ വാതിൽ അടച്ചു. പിന്നേ ആ ദിവസം അമ്മച്ചിക്കും എനിക്കും പട്ടിണിയും ഉപദ്രവവും ആയിരുന്നു. തയ്യൽ പഠിത്തം അവസാനിപ്പിച്ചു.. വീടിന് വെളിയിൽ ഇറങ്ങരുതെന്നു ശാസന.
ഫോൺ വിളിച്ചില്ല രണ്ടു ദിവസം. അമ്മച്ചി കൂടെ വന്നു കിടന്നു. അങ്ങനെ കിടന്നപ്പോൾ ആണ് ഫോൺ അടിച്ചത് അമ്മച്ചി എടുത്തു.സ്‌പീക്കറിൽ ഇട്ടു എടീ നീ ഇല്ലാതെ എനിക്ക് പറ്റില്ലെടി... നിന്നെ കണ്ട അന്ന് മുതൽ തുടങ്ങീതാ ഈ നെഞ്ചിനകത്തു നിന്നോടുള്ള ഒരു ഇഷ്ട്ടം. അത് മാറണോങ്കിൽ ഞാൻ മരിക്കണം.
. ഞാൻ ആണ് അവളുടെ അമ്മച്ചി. അങ്ങനൊരു ഇഷ്ട്ടം നിന്റെ മനസ്സിൽ ഉണ്ടേൽ നാളെ വാ. രജിസ്റ്റർ ആഫീസിൽ ഒരു ഒപ്പ് ഇടീച്ച താലി കെട്ടി കൂടെ കൊണ്ട് പോയി പൊറുപ്പിക്കു.. അമ്മച്ചീ ഞാൻ വരും നാളെ..അവളെ എന്റെ കൂടെ വിടണം.നല്ല കോട്ടയം കാരി നസ്രാണിച്ചി ആണ് ഞാൻ. വാക്ക് മറ്റുകേല.. നീ ഫോൺ വച്ചോ..
അമ്മച്ചീ.. നീ ഒന്നും പറയണ്ട കൊച്ചേ എനിക്ക് അറിയാം എന്റെ കൊച്ചിനെ. നിനക്ക് അവനെ ഇഷ്ടം ആണ്. അവൻ നല്ലവൻ ആണ്. ആ അമ്മയും..
രാവിലെ അപ്പൻ പോയതിന്റെ പുറകെ അമ്മച്ചി ഒരു പുതിയ സാരി ഉടുപ്പിച്ചു. എനിക്കായി സൂക്ഷിച്ച അമ്മച്ചിയുടെ പാലക്കാമല ഇടിച്ചു. കർത്താവിന്റെ മുന്നിൽ പ്രാർത്ഥിച്ചു.
ആ ബുള്ളറ്റിന്റ പുറകിൽ കയറ്റി ഇരുത്തി. അമ്മച്ചി വാ ഞങ്ങളുടെ കൂടെ. കരഞ്ഞുകൊണ്ട് വിളിച്ചു.. വേണ്ട കൊച്ചെ. കൊള്ളുകേലത്തവനാണേലും എന്റെ കഴുത്തിൽ നിന്റെ അപ്പൻ കെട്ടിയ മിന്നാണ് ഇത്. മരണം വരെ ഇതും ഇത് കെട്ടിയവനും എന്റെ കൂടെ വേണം. പിന്നേ നാളെ നിന്റെ അപ്പൻ നിന്നെ തിരക്കു അപ്പോൾ ഞാൻ പറഞ്ഞോളാടീ അതിനുള്ള ധൈര്യം നിന്റെ അമ്മച്ചിക്കുണ്ട്. ഇത് നേരത്തെ കാണിച്ചിരുന്നേൽ എന്റെ മോൻ... പോയേച്ചും വാ. നല്ല കാര്യത്തിന് ഇറങ്ങുമ്പോൾ കണ്ണ് നിറക്കണ്ട..
ഇതാണ് എന്റെ അമ്മച്ചി.കണ്ണ് നീരിനിടയിലും ചിരിച്ചോണ്ട് കൈ വീശി യാത്രയാക്കി അമ്മച്ചി
രെജിസ്റ്ററിൽ ഒപ്പിട്ടു ഒരു താലി കെട്ടി അമ്മ തന്ന നിലവിളക്ക് പിടിച്ചു ആ വീട്ടിലേക്കു കയറുമ്പോൾ പുതിയ ജീവിതം.. ഒന്നും അറിയില്ല.. എല്ലാം പുതിയത്.
രാത്രിയിൽ വെറുതെ ജനലരികിൽ പുറത്തേക്കും നോക്കി നിന്നു പെട്ടന്ന് പുറകിലൂടെ വന്നു ചുറ്റിപ്പിടിച്ചു കഴുത്തിൽ തല ചേർത്ത് വച്ചു ചോദിച്ചു.. എന്താണ് എന്റെ നസ്രാണി കൊച്ചു ആലോചിക്കുന്നേ..
ഒന്നൂല്ല....
തിരിച്ചു നിർത്തി
പറയെടീ.... ഇനിയെങ്കിലും എല്ലാം..
ചോദിക്കട്ടെ ഞാൻ.
ചോദിക്ക്.
രണ്ടു ചോദ്യം.. ഓഹോ ചോദിക്ക്..
എനിക്ക് നിങ്ങളോട് ഒരു ഇഷ്ട്ടം ഉണ്ടെന്നു നിങ്ങൾക്ക് എങ്ങനെ മനസ്സിലായി.
അത് ഞാൻ ഒരു പോലീസ്‌കാരൻ അല്ലെടീ. ഞാൻ അന്വേഷിച്ചു കണ്ടെത്തി. ഇനി രണ്ടാമത്തെ ചോദിക്ക്..
ഇത് ചോദ്യം അല്ല ആവശ്യം ആണ്.. നിങ്ങള് നമ്മുടെ കുഞ്ഞുങ്ങൾക്ക് ഒരു അപ്പന്റെ സ്നേഹം എങ്ങനാണു എന്ന് കാണിച്ചു കൊടുക്കണം അത് എനിക്ക് കാണണം.
അത്രേയുള്ളൂ നിന്റെ ആവശ്യം.....
എടീ പൊട്ടി അതിന് മക്കൾക്ക് കൊടുക്കുന്നതിനു മുന്നേ നിനക്ക് ഞാൻ തരും അപ്പന്റെ സ്നേഹം ഭർത്താവിന്റെ സംരക്ഷണം എല്ലാം. പിന്നേ കൊച്ചുങ്ങൾക്കു ഉടനെ കൊടുത്തു നിനക്ക് കാണണോങ്കിൽ ഇങ്ങനെ നിന്നാൽ പറ്റില്ല പെട്ടെന്ന് പണി തുടങ്ങണം..
അതും പറഞ്ഞു രണ്ടു കൈയ്യാൽ കോരി എടുത്തു നടക്കുമ്പോൾ ഞാൻ കണ്ടു പുറത്തു നല്ല നിലാവ് ഞങ്ങളുടെ കിടപ്പറയിലേക്ക് ഒഴുകുന്നത്.. ഇപ്പോൾ എന്റെ അമ്മച്ചിയുടെ മുഖത്തും ഈ നിലാവ് ഉണ്ടാകും.. ശാന്തമായി ഉറങ്ങുന്നുണ്ടാവും അമ്മച്ചി...

By Jaya Narayanan


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot