നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 18


തെക്കേത്ത് മനയുടെ മുറ്റത്തേക്ക് കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ട് ദുര്‍ഗ ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ കൊണ്ട് മുഖം അമര്‍ത്തിത്തുടച്ചു.
മുടി ഒന്നു കോതിവെച്ചപ്പോഴേക്കും കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടു.
ദുര്‍ഗ തൊട്ടടുത്തു നിന്ന ധ്വനിയെ നോക്കി.
അവളുടെ കണ്ണില്‍ പകയാളുന്നു
ആ തീ തന്റെ കണ്ണിലേക്കും കത്തിപ്പടരുന്നതായി അവള്‍ക്കു തോന്നി.
ഒരു പെണ്ണിനും സംഭവിക്കാന്‍ പാടില്ലാത്തതാണ് ധ്വനിയ്ക്ക് സംഭവിച്ചത്.
നൂറുനൂറു സ്വപ്‌നങ്ങളുടെ മടിത്തട്ടില്‍ ഉല്ലസിക്കുമ്പോള്‍ അതിക്രൂരമായ മരണം അവളെ തട്ടിയെടുത്തു കളഞ്ഞു.
മന;സാക്ഷി പോലും മരവിക്കുന്ന ആ പ്രവൃത്തി ചെയ്തവന്‍ ഒന്നും സംഭവിക്കാത്തതു പോലെ അവളുടെ വീട്ടില്‍ കയറിയിറങ്ങുന്നു.
ദുര്‍ഗ വാതില്‍ തുറക്കാനായി ഒന്നു രണ്ടു സ്റ്റെപ്പുകള്‍ ഇറങ്ങി
പിന്നെ പെട്ടന്നോര്‍ത്തത് പോലെ തിരിഞ്ഞ് ധ്വനിയെ നോക്കി
' ഇവന്‍ മാത്രമല്ലല്ലോ നിന്റെ മരണത്തിന് പിന്നില്‍.. ക്രൂരമായി ഉപദ്രവിച്ച മറ്റ് രണ്ടുപേരില്ലേ .. അവരോടില്ലേ നിന്റെ പ്രതികാരം' ദുർഗ ചോദിച്ചു.
ധ്വനിയുടെ മുഖത്തൊരു ക്രൂരമായ ചിരി വിടര്‍ന്നു
' അവരൊക്കെ ആയിടെ തന്നെ കൊല്ലപ്പെട്ടു
ദുര്‍ഗാ..വിഷ്ണുവിനെ കടലില്‍ കുളിക്കുന്നതിനിടെ കാണാതായി. തിരിച്ച് കിട്ടിയത് മൂന്നു കഷ്ണം ശരീരഭാഗങ്ങളാണ്. ഉടല്‍ വേറെ.. തലവേറെ.. കാലുകള്‍ വേറെ... സ്രാവ് ആക്രമിച്ചതാണത്രേ. പിന്നെ..
ഷറഫ്.. അവനെ ഒരു ഒഴിഞ്ഞ സ്ഥലത്തുവെച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എല്ലും പല്ലും തോലും മാത്രമായിരുന്നു ്അവശേഷിച്ചത്. ഷറഫിന് എന്തു സംഭവിച്ചെന്ന് ഇന്നും വൈദ്യശാസ്ത്രമോ പോലീസോ മനസിലാക്കിയിട്ടില്ല'
ധ്വനിയുടെ കണ്ണിലെ തിളക്കം ദുര്‍ഗയുടെ മുഖം പ്രസന്നമാക്കി.
വീണ്ടും കോളിംഗ് ബൈല്‍ മുഴങ്ങി
' ദുര്‍ഗ ചെന്ന് വാതില്‍ തുറക്ക്.. ഇനി പിന്നീട് സംസാരിക്കാം'
പുകമഞ്ഞു പോലെ ധ്വനി മാഞ്ഞു പോയി
ഇത്തവണ ദുര്‍ഗയ്ക്ക് ഒരുഭയവും തോന്നിയില്ല
അസാധാരണയായ ഒരു കൂട്ടുകാരി തനിക്കുണ്ട്. അത്രമാത്രം.
ഭയത്തിലും നിഗൂഢതയിലും അപ്പുറമായി അവളുടെ സൗഹൃദം താന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയെന്ന് അത്ഭുതത്തോടെ അവള്‍ തിരിച്ചറിഞ്ഞു.
അവള്‍ ചെന്നു വാതില്‍ തുറന്നു
പുറത്ത് അക്ഷമരായി ഊര്‍മിളയും രവിമേനോനും അഭിഷേകും ജാസ്മിനും നേഹയും സ്വാതിയും നില്‍പ്പുണ്ടായിരുന്നു.
അവരെ നോക്കിയപ്പോള്‍ ദുര്‍ഗയ്ക്ക് ഒരു ഉള്‍ക്കിടിലം അനുഭവപ്പെട്ടു.
ഇത്രനാള്‍ കണ്ടതു പോലെയല്ല
അൽപ്പ നാളിലേക്കെങ്കിലും മഹിയേട്ടന്റെ ആരൊക്കെയോ ആയിരുന്നവര്‍
എല്ലാം തന്നില്‍ നിന്നൊളിപ്പിച്ച സൂത്രക്കാരാണ് മുന്നില്‍ നില്‍ക്കുന്നത്.
' എന്താ തങ്കം വാതില്‍ തുറക്കാന്‍ താമസിച്ചത്.. ഉറങ്ങിപ്പോയോ'
ഊര്‍മിള വാത്സല്യത്തോടെ അവളെ നോക്കി
അവളുടെ കരഞ്ഞു തിണര്‍ത്ത മുഖം അവരെ അന്ധാളിപ്പിച്ചു
' എന്താ മോളേ.. കരഞ്ഞോ നീ'
ഊര്‍മിള അവളുടെ മുഖം തനിക്ക് നേരെ പിടിച്ച് പരിശോധിച്ചു കൊണ്ട് ചോദിച്ചു.
' ഒന്നുമില്ല.. ഞാന്‍ പറഞ്ഞില്ലേ വല്ലാത്ത തലവേദനയായിരുന്നു'
ദുര്‍ഗ പറഞ്ഞൊഴിഞ്ഞു.
' എന്താടീ പറ്റിയേ'
സ്വാതി മുന്നോട്ട് വന്നു അവളുടെ കൈപിടിച്ചു.
ആ കൈ തട്ടിതെറിപ്പിക്കാനുള്ള ത്വര ദുര്‍ഗ പണിപ്പെട്ട് അടക്കി.
' കുട്ടിയെ എല്ലാവരും കൂടി ബുദ്ധിമുട്ടിക്കേണ്ട.. എന്റെടുത്തുണ്ട് തലവേദനയുടെ ഗുളിക.. അതുതരാം.. എന്നിട്ടും മാറിയില്ലെങ്കില്‍ ഹോസ്പിറ്റലില്‍ പോകാം'
രവിമേനോന്‍ അവളെ ആശ്വസിപ്പിച്ചു
ദുര്‍ഗ തലയാട്ടി.
അഭിഷേകിന്റെ നോട്ടം തനിക്കു നേരെ നീളുന്നത് ദുര്‍ഗ കാണുന്നുണ്ടായിരുന്നു.
വല്ലാത്തൊരു ആര്‍ത്തി പിടിച്ച നോട്ടം.
ദുര്‍ഗ മുഖം കുനിച്ചു
ഉലഞ്ഞു നില്‍ക്കുന്ന അവളുടെ സൗന്ദര്യത്തിന് മാറ്റുകൂടിയെന്ന് അവന് തോന്നി.
ഈയിടെ എങ്ങും ഇത്രയ്ക്ക് സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടിട്ടില്ല.
കണ്ടപ്പോള്‍ തന്നെ ആഗ്രഹിച്ചു പോയതാണ്.
പക്ഷെ സ്വാതിയും ജാസ്മിനും നേഹയും തരുന്ന പരിഗണന അവളുടെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടായില്ല.
ആ നോട്ടത്തില്‍ നിന്നും രക്ഷപെടാനെന്ന മട്ടില്‍ ദുര്‍ഗ ഒരു നീങ്ങി നിന്നു
' ഞങ്ങള്‍ പുറത്തു നിന്ന് കഴിച്ചിട്ട് വന്നതാണ് മോളേ.. നിനക്കുള്ള ഫുഡ് പാര്‍സലായി കൊണ്ടു വന്നിട്ടുണ്ട്.. കഴിച്ചിട്ടേ കിടക്കാവൂ'
ഊര്‍മിള പറഞ്ഞു.
ദുര്‍ഗ തലയാട്ടി
തത്ക്കാലം ഇവരെ അനുസരിച്ചേ മതിയാകൂ. എല്ലാം അറിയണം.
മഹിയേട്ടനും ധ്വനിയുമായുള്ള ബന്ധം ഇവരെന്തിന് ഒളിച്ചുവെച്ചു എന്നറിയണം.
രണ്ടാമതായി ധ്വനിയ്ക്ക് കൊടുത്ത വാക്കു പാലിക്കണം
ഒരാളെ കൊല്ലാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നോര്‍ത്തപ്പോള്‍ ദുര്‍ഗയുടെ ശരീരത്തിലൂടെ ഒരു വിറയല്‍ പാഞ്ഞു പോയി.
പക്ഷേ കൊല്ലണം.
ഒരു പാവം പെണ്‍കുട്ടിയെ വിശ്വസിച്ചു പോയി എന്ന തെറ്റിന് ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയതാണ് അയാള്‍.
അയാള്‍ക്ക് മാപ്പില്ല.
ധ്വനി തന്നില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്തോ അത് താന്‍ അവള്‍ക്ക് നല്‍കും.
അവളുടെ ചിന്തകള്‍ ഉറച്ചു.
ഊര്‍മിള വിളമ്പിയ ഫ്രൈഡ്‌റൈസും ചിക്കനും കഴിച്ചുവെന്ന് വരുത്തി . യഥാർഥ മായും തലവേദന അനുഭവപ്പെട്ടതുകൊണ്ട് അവള്‍ രവി മേനോൻ നൽകിയ ഗുളികയും കഴിച്ച് ഹാളിലേക്ക് ചെന്നു.
അവള്‍ പ്രതീക്ഷിച്ചത് പോലെ അഭിഷേകിനോട് സിനിമയുടെ കഥ ചര്‍ച്ച ചെയ്ത് ജാസ്മിനും നേഹയും അവിടെ ഇരിപ്പുണ്ടായിരുന്നു.
' ദുര്‍ഗ വന്ന് ഇവിടെയിരിക്കൂ.. മൈന്‍ഡ് ഫ്രീയായാല്‍ തലവേദന പമ്പകടക്കും'
അഭിഷേക് സോഫയില്‍ നിന്നും നീങ്ങിയിരുന്ന് സ്ഥലമുണ്ടാക്കി അവളെ ക്ഷണിച്ചു.
' നോ താങ്ക്‌സ്..'
കടുപ്പിച്ച് പറഞ്ഞിട്ട് ദുര്‍ഗ സ്റ്റെയര്‍കേസ് കയറിപ്പോയി
"ഒരു ഗുഡ് നൈറ്റ് എങ്കിലും പറയെടോ ". അഭിഷേക് വിളിച്ചു പറഞ്ഞു. ദുർഗ അത് കേട്ടതായി നടിച്ചില്ല.
അവള്‍ ചെല്ലുമ്പോള്‍ മുറിയില്‍ സ്വാതി തനിച്ചിരിപ്പുണ്ടായിരുന്നു.
എന്തോ അരുതാത്തത് സംഭവിച്ചത് പോലെ വിളറിപ്പോയ മുഖം.
ദുര്‍ഗ അവളെ മൈന്‍ഡ് ചെയ്യാതെ ചെന്ന് സ്റ്റഡി ടേബിളിനരികെ കിടന്ന മേശയിലിരുന്നു.
സ്വാതി കുറ്റവാളിയേ പോലെ അവളെ നോക്കി.
ദുര്‍ഗയുടെ മനസില്‍ വെറുപ്പ് അരിച്ചു കയറുന്നുണ്ടായിരുന്നു.
എല്ലാം മറച്ചുവെച്ച് കൂട്ടുകാരി ചമഞ്ഞ് നടക്കുകയാണ് അവള്‍.
ദുര്‍ഗയുടെ നിശബ്ദത കണ്ടാവാം സ്വാതി മുഖം ചെരിച്ച് അവളെ നോക്കി
്അവളുടെ മുഖത്തെ കല്ലിച്ച ഭാവം കണ്ട് ഇത്തിരിനേരം കൂടി അവള്‍ മിണ്ടാതെയിരുന്നു.
പിന്നെ എഴുന്നേറ്റ് ചെന്ന് അവളുടെ ചുമലില്‍ കൈവെച്ചു.
' ദുര്‍ഗാ.. സോറിടാ.. എന്നോട് ക്ഷമിക്ക്..'
കണ്ണീരില്‍ നനഞ്ഞ ശബ്ദമായിരുന്നു അത്.
ദുര്‍ഗ അമ്പരന്നു പോയി
അവള്‍ ഒന്നും മനസിലാകാതെ സ്വാതിയെ നോക്കി.
' നീയൊന്നു പുറത്തേക്ക് വാ.. എനിക്ക് സംസാരിക്കാനുണ്ട്'
സ്വാതി കെഞ്ചി.
' നിന്നോട് പറഞ്ഞിട്ട് വേണം എനിക്കൊരു ഡിസിഷനെടുക്കാന്‍.. ഇവിടെയിരുന്നാല്‍ അവര്‍ വന്നാല്‍ കേള്‍ക്കും'
എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ ദുര്‍ഗ എഴുന്നേറ്റ് അവള്‍ക്കൊപ്പം ചെന്നു.
രണ്ടുപേരും ബാല്‍ക്കണിയുടെ അരികെ ചെന്നു നിന്നു.
' ദുര്‍ഗ.. നീ പറഞ്ഞത് ശരിയാ.. ആ അഭിഷേക്.. അവന്‍ ശരിയല്ല'
പെട്ടന്ന് കരഞ്ഞു കൊണ്ട് സ്വാതി അവളുടെ കൈപിടിച്ചു.
' തീയറ്ററില്‍ അവന്റെ അടുത്തിരുന്നത് ഞാനാണ്.. അവന്‍ എന്റെ ദേഹത്തൊക്കെ ടച്ച് ചെയ്യാന്‍ ശ്രമിച്ചു. '
കരഞ്ഞു കൊണ്ടാണ് സ്വാതി പറഞ്ഞത്.
ദുര്‍ഗയ്ക്ക് അതില്‍ ഒരു അത്ഭുതവും തോന്നിയില്ല.
' ഞാന്‍ അവന്റെ കൈ തട്ടിമാറ്റാന്‍ നോക്കുമ്പോള്‍ പിന്നേം പിന്നേം.. അങ്കിളും ആന്റീം പ്രതിക്കൂട്ടിലാകുമല്ലോ എന്നോര്‍ത്ത് ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി. ഒന്നിനു ധൈര്യം വന്നില്ലെടാ... പരമാവധി അവന്റെ കൈയ്യില്‍ നി്ന്നും ഒഴിഞ്ഞു മാറി നീങ്ങിയിരുന്നു. ജാസും നേഹയും അറിയുമെന്ന് കരുതിയിട്ടാവാം അവന്‍ അല്‍പ്പം അടങ്ങി'
' നീയതിന് കരയുന്നതെന്തിനാ..'
ദുര്‍ഗയുടെ ചോദ്യം അപരിചിതയായ ഒരുത്തിയേ പോലെ വികാര രഹിതമായിരുന്നു.
സ്വാതി പകച്ച് അവളെ നോക്കി.
' നിന്നെ അവന്‍ ഭീഷണിപ്പെടുത്തിയോ.. ' ദുര്‍ഗയുടെ ചോദ്യം കേട്ട് സ്വാതി മുഖം കുനിച്ചു.
'പറയ് സ്വാതീ'
ദുര്‍ഗ ശബ്ദമുയര്‍ത്തി.
' അവന്റെ കൂടെ ചെല്ലണമെന്ന് പറഞ്ഞു. ഒരു ദിവസമെങ്കിലും'
' നീ പോകുന്നില്ല.. പിന്നെന്തിനാ കരയുന്നത്..'
' എനിക്കു പേടിയാകുന്നു ദുര്‍ഗാ..'
' അതുവിട്.. നിനക്കറിയുമോ ധ്വനിയെ ആരാ മാരേജ് ചെയ്യാനിരുന്നതെന്ന്'
വളരെ സ്വാഭാവികമായിരുന്നു ദുര്‍ഗയുടെ ചോദ്യം.
സ്വാതി ഞെട്ടിപ്പോയി.
ഓർക്കാപ്പുറത്ത് ഒരു വലിയ മല ശിരസിലേക്ക് ഇടിഞ്ഞു വീണത് പോലെ അവള്‍ പകച്ചു പോയി.
ഹൃദയം വിറപൂണ്ടു.
' ചോദിച്ചതിന് ആന്‍സര്‍ പറയ് സ്വാതീ'
കര്‍ക്കശമായിരുന്നു ദുര്‍ഗയുടെ ഭാവം.
സ്വാതി സ്തബ്ധയായി നിന്നു.
' എനിക്കറിയില്ല.. ഇല്ല..' സ്വാതി തലവെട്ടിച്ചു
അടുത്ത നിമിഷം സ്വാതിയുടെ വലതു കവിളില്‍ ദുര്‍ഗയുടെ അടി വീണു.
അപ്രതീക്ഷിതമായ ആ പ്രവൃത്തിയുടെ ആഘാതത്തില്‍ സ്വാതി വേച്ചു പോയി ഭിത്തിയിലിടിച്ചു നിന്നു.
അടിയുടെ ശക്തിയില്‍ ദുര്‍ഗയുടെ കൈ മരവിച്ചു പോയി.
വേദനയോടെ അവള്‍ കൈകുടഞ്ഞു കൊണ്ട് സ്വാതിയെ സമീപിച്ചു.
' ഇനി നിനക്ക് അറിയില്ലെന്ന് പറഞ്ഞാല്‍ കൊന്നു കളയും നിന്നെ ഞാന്‍'
ദുര്‍ഗ കൈ ചൂണ്ടി.
എല്ലാവരും എന്നെ ചതിച്ചു. പ്രിയപ്പെട്ട കൂട്ടുകാരിയായ നീ.. ജീവനെ പോലെ സ്‌നേഹിച്ച നിന്റെ ഏട്ടന്‍.. സ്വന്തമെന്ന് കരുതിയ ഊര്‍മിളാന്റി.. രവിയങ്കിള്‍.. എന്തിന്.. എനിക്കത് അറിഞ്ഞാല്‍ മതി.'
ദുര്‍ഗയുടെ ജ്വലിക്കുന്ന മുഖത്തേക്ക് നോക്കാന്‍ ധൈര്യം വരാതെ സ്വാതി മുഖംപൊത്തി നിന്നു
' മറുപടി പറഞ്ഞില്ലെങ്കില്‍ എന്നെ ചതിച്ച ഓരോരുത്തരുടെയും പേരെഴുതി വച്ച് ചത്തുകളയും ഞാന്‍'
അതു പറഞ്ഞപ്പോള്‍ ദുര്‍ഗയുടെ സ്വരമിടറി.
ഒരു ഏങ്ങല്‍ കേട്ടാണ് സ്വാതി കണ്ണു തുറന്നത്.
ബാല്‍ക്കണിയിലെ ഉരുളന്‍ തൂണിലേക്ക് ചാരി നിന്ന് വിതുമ്പി കരയുകയായിരുന്നു ദുര്‍ഗ.ഇത്രയും നേരം അടക്കി വെച്ച നൊമ്പരം പെയ്തു.
സ്വാതിയുടെ മനസു പിടഞ്ഞു.
' മോളേ.. തങ്കം' സ്വാതി ഓടി അവളുടെ അടുത്തെത്തി.
' എന്തിനാ സ്വാതീ.. എല്ലാവരും എന്നോടിങ്ങനെ.. എന്തു തെറ്റാടീ ഞാന്‍ നിങ്ങളോടെല്ലാം ചെയ്തത്.'
വിങ്ങിപ്പൊട്ടിക്കൊണ്ടായിരുന്നു ചോദ്യം.
' ദുര്‍ഗ..തങ്കം.. പ്ലീ്‌സ്'
സ്വാതി അവളെ കെട്ടിപ്പിടിച്ചു
' കരയല്ലേടാ.. ഞാന്‍ പറയാം.. എല്ലാം പറയാം.. പ്ലീസ്..'
സ്വാതിയും കരഞ്ഞു.
ദുര്‍ഗ കണ്ണുകള്‍ തുടച്ചു.
സംഭവിച്ചതെന്താണെന്നറിയാന്‍ വല്ലാത്തൊരു ആകാംക്ഷ അവളില്‍ നുരകുത്തി.
' നീ എങ്ങനെ അറിഞ്ഞെന്ന് എനിക്കറിയില്ല തങ്കം.. എന്നാലും പറയ്യാ.. നീയറിഞ്ഞത് സത്യാണ്... മഹിയേട്ടനായിരുന്നു ധ്വനിയെ വിവാഹം കഴിക്കേണ്ടിയിരുന്നത്'
ദുര്‍ഗ മരവിപ്പോടെ അവളെ നോക്കി നിന്നു.
' നീയൊന്ന് ചിന്തിച്ച് നോക്ക് എന്റേട്ടന്റെ അവസ്ഥ.. ആദ്യം കണ്ടപ്പോള്‍ മുതല്‍ പ്രാണനെ പോലെയാ ഏട്ടന്‍ അവളെ സ്‌നേഹിച്ചത്.
്ധ്വനിയും അതുപോലെ സ്നേഹം അഭിനയിച്ചു. അവള്‍ വീട്ടിലേക്ക് വലതുകാല്‍ വെച്ചു കയറി വരുന്നത് പ്രതീക്ഷിച്ചിരുന്ന ഏട്ടന്‍ കേട്ടത് അവള്‍ ആരുടെയോ കൂടെ ഇറങ്ങിപ്പോയെന്ന വാര്‍ത്ത.. നിനക്ക് ഊഹിക്കാന്‍ കഴിയുമോ ആ വേദന'
സ്വാതിയുടെ സ്വരമിടറി.
' മഹിയേട്ടന്‍ അനുഭവിച്ച സങ്കടം എന്താണെന്ന് കണ്ടു നിന്നവളാണ് ഞാന്‍.. ഒരു ഡോക്ടറായിട്ടും ഏട്ടനത് താങ്ങാന്‍ കഴിഞ്ഞില്ല. സൈക്യാട്രിയിലെ വിദ്ഗധ ഡോക്ടര്‍മാര്‍ ഏട്ടന് വേണ്ട കൗണ്‍സലിംഗ് നല്‍കി. ഉപദേശിച്ചു. എല്ലാവരും താങ്ങും തണലുമായി നിന്നു. എന്നിട്ടും ഏട്ടന് അവളെ മറക്കാൻ കഴിഞ്ഞില്ല.'
ദുര്‍ഗയുടെ മനസ് നീറി. സ്വാതിയുടെ വാക്കുകള്‍ തന്റെ ഹൃദയത്തെ കൊളുത്തിക്കീറുന്നു. മഹിയേട്ടന്‍ തന്നെ അല്ലാതെ മറ്റാരെയും സ്‌നേഹിക്കുന്നത് സഹിക്കാന്‍ വയ്യ. കേൾക്കാൻ പോലും വയ്യ. ധ്വനിയിൽ നിന്നും ആ സത്യമറിഞ്ഞപ്പോൾ അനുഭവിച്ച അതേ വേദന അവളെ ചൂഴ്ന്നു.
' ഒടുവില്‍ ആ സ്‌നേഹം വലിയൊരു വെറുപ്പായി മാറി. ധ്വനി എന്നോ തെക്കേത്ത് മന എന്നോ കേള്‍ക്കാന്‍ വയ്യാത്തത്ര വെറുപ്പ്. ഒരു സ്ത്രീകളുമായും അടുപ്പമില്ലാത്ത അവസ്ഥ. ഏട്ടന്റെ പ്രൊഫഷനെ പോലും അത് ബാധിച്ചു തുടങ്ങി. മറ്റൊരു വിവാഹം കഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചെങ്കിലും ഏട്ടന്‍ അതിന് തയാറല്ലായിരുന്നു. ആകെയുള്ള മകന്‍ വിവാഹം കഴിക്കാതെ ജീവിതം നശിപ്പിക്കുമെന്ന് അമ്മയും അച്ഛനും ഞാനും പേടിച്ചു. '
സ്വാതി ഒന്നു നിര്‍ത്തി.
ദുര്‍ഗ അവളുടെ വാക്കുകള്‍ക്കായി കാതോര്‍ത്തു.
' അതിന് ഒരു മറുമരുന്നായി നിന്നെ ഏട്ടന് കാണിച്ചു കൊടുത്തത് ഞാനാ. സൂത്രശാലിയായിരുന്നു ഞാന്‍.എനിക്കേറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരിയും എന്റെ ഏട്ടനും തമ്മില്‍ ഒന്നിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. നിന്നെപോലെ ഒരു പെണ്ണിന് എന്റെ ഏട്ടനെ ചതിക്കാനാവില്ല. ആദ്യമൊക്കെ നിന്നെപ്പറ്റി ഓരോ വിശേഷങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കും. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ ഏട്ടന് അത് താ്ത്പര്യമായി.നിന്നോട് ഒരിഷ്ടം ആ മനസില്‍ കടത്തിവിടുന്നതില്‍ ഞാന്‍ വിജയിച്ചു. പിന്നെ നിങ്ങളെ തമ്മില്‍ അടുപ്പിക്കാന്‍ ഞാന്‍ മുന്‍കൈയെടുത്തു. ധ്വനി ചതിച്ചിട്ടും അതുമറന്ന് നിന്നെ ഏട്ടന്‍ സ്‌നേഹിച്ചു.'
ദുര്‍ഗ അതോരോന്നും മനസില്‍ കാണുകയായിരുന്നു.
' പാതി മരിച്ച എന്റെ മഹിയേട്ടന് കിട്ടിയ മൃതസഞ്ജീവനിയായിരുന്നു നീ.. എന്നിട്ടും നിന്നെ സ്‌നേഹിക്കാന്‍ ഏട്ടന്‍ ഭയന്നു. വലിയേടത്തു നിന്ന് അനുവാദം കിട്ടിയാല്‍ മാത്രം പ്രണയം എ്ന്ന നിന്റെ വാക്കുകള്‍ക്ക് ഏട്ടന്‍ വില കല്‍പിച്ചത് അതുകൊണ്ടാണ്. നഷ്ടപ്പെട്ടാല്‍ താങ്ങാനുള്ള മന; ശക്തി ഉണ്ടാവണമെന്ന് ഞാനും ഏട്ടനോട് പറഞ്ഞിരുന്നു.'
' ഇതൊന്നും മഹിയേട്ടന്‍ ധ്വനിയെ പറ്റി എന്നോട് പറയാതിരുന്നതിന്റെ സാധൂകരണമല്ല സ്വാതീ' വാക്കുകള്‍ ഇടറിയിട്ടും ദുര്‍ഗ പറഞ്ഞു.
" എല്ലാം നിന്നോട് പറയാനിരുന്നതാണ് ഏട്ടൻ. പക്ഷേ നിന്റെ തീരുമാനം അറിഞ്ഞിട്ട് മതി പറയുന്നതെന്ന് ഞാനാണ് തീരുമാനിച്ചത്.ഒരു പക്ഷേ വീട്ടുകാർക്കു വേണ്ടി നീ മഹിയേട്ടന് മുമ്പിൽ നിന്നും പിൻമാറിയാൽ എന്തിന് ഏട്ടൻ കഴിഞ്ഞു പോയതൊക്കെ വിവരിച്ച് വീണ്ടും വേദനിക്കണം. എനിക്കറിയാം ആ ഓർമകൾ പോലും ഏട്ടനെ ഇല്ലാതെയാക്കും. പഴയതുപോലെ വിഷാദം ബാധിച്ച ഒരാളാക്കി മാറ്റും. ഞാനത് പേടിച്ചു.പിന്നെ ധ്വനി എന്ന പേരു പോലും ഉച്ചരിക്കാൻ മഹിയേട്ടൻ ആഗ്രഹിക്കുന്നില്ല. ഒരാളെ മനസിൽ വെച്ചു കൊണ്ട് എത്ര സ്നേഹത്തോടെയാ അവൾ ഏട്ടനോട് പെരുമാറിയതെന്നറിയ്യോ.
ഏട്ടനവളെ ഉമ്മ വെച്ചിട്ടുണ്ട്, തൊട്ടിട്ടുണ്ട്. അവർ തമ്മിൽ - ...''
ദുർഗയുടെ മിഴി നിറഞ്ഞ് കവിളിലേക്ക് കണ്ണുനീർ കവിഞ്ഞൊഴുകുന്നത് കണ്ട് വല്ലായ്മയോടെ സ്വാതി നോക്കി നിന്നു.
"നീ പറയ് സ്വാതി .. എനിക്ക് കേൾക്കണം" ദുർബലമായ ശബ്ദത്തിൽ ദുർഗ പറഞ്ഞു.
സ്വാതി വീണ്ടും പറഞ്ഞു തുടങ്ങി.
" അത്രയ്ക്കും ചീത്തപ്പെണ്ണായിരുന്നു അവൾ. എന്നിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കാമുകന്റെ കൂടെ .."
ധ്വനിയെ കുറിച്ചാണ് അവൾ പറയുന്നതെന്നോർത്ത് ദുർഗയുടെ ഹൃദയം നൊന്തു .
"ദത്തേട്ടൻ നിങ്ങളുടെ ബന്ധം എതിർത്തത് മുതൽ നീ എങ്ങനെയാ മഹിയേട്ടനോട് പെരുമാറിയത്. പിന്നെ നിങ്ങൾ തമ്മിൽ രണ്ടു കൂടിക്കാഴ്ചകളേ ഉണ്ടായിട്ടുള്ളൂ. ഓർമയില്ലേ.. ഒന്ന് ക്യാംപസിൽ വെച്ച് ..അന്ന് നിന്നോടുള്ള ഇഷ്ടം മറന്നു കളയാൻ പറഞ്ഞ് നീ ഏട്ടനെ സംസാരിക്കാൻ അനുവദിക്കാതെ പോന്നു. പിന്നീട് എന്റെ വീട്ടിൽ വെച്ച് .. അപ്പോഴും ഏട്ടന് പ്രതീക്ഷയുണ്ടായിരുന്നു നിനക്ക് ഏട്ടനെ തള്ളിപ്പറയാൻ കഴിയില്ലെന്ന് - "
ഹൃദയത്തിനുള്ളിലൊരു കുത്തേറ്റത് പോലെ ദുർഗ പിടഞ്ഞു പോയി.
" നിന്നോട് സംസാരിച്ച് തീരുന്നതിന് മുമ്പ് അന്ന് ദത്തേട്ടൻ വിളിച്ചു. ഇല്ലേ... മഹിയേട്ടന് ഒന്നും പറയാൻ കഴിഞ്ഞില്ല. പിന്നെ ഇന്ന് ഈ സമയം വരെ ഏട്ടന്റെ ഫോൺ കോൾ നീ എടുത്തിട്ടില്ല .. ശരിയല്ലേ ".
ദുർഗ മിണ്ടിയില്ല.
"പിന്നെ പൊന്നേത്ത് തെക്കേ മനയിലേക്കാണ് ദത്തേട്ടൻ നമ്മെ കൊണ്ടുവരുന്നത് എന്നേ മഹിയേട്ടനറിയാമായിരുന്നുള്ളു. അതൊരിക്കലും രവിയങ്കിളിന്റെ വീട്ടിലേക്കാണെന്ന് ഞാനും മഹിയേട്ടനും പ്രതീക്ഷിച്ചില്ല. കാരണം അന്ന് ആമ്പല്ലൂരായിരുന്നല്ലോ ധ്വനിയുടെ വീട്, പൂങ്കുന്നത്തേക്ക് അവർ മാറിയതൊന്നും ഞങ്ങൾ അറിഞ്ഞില്ല. കൂടി വന്നാൽ ധ്വനിയുടെ ബന്ധുക്കളെങ്ങാനും ആയിരിക്കുമെന്ന് ഏട്ടൻ പറഞ്ഞു. അവർക്കൊന്നും എന്നെ അറിയില്ലല്ലോ എന്നായിരുന്നു ആശ്വാസം .ആ സാഹചര്യത്തിൽ നിങ്ങൾക്കൊപ്പം നിൽക്കുക എന്നതായിരുന്നു എന്റെ മുന്നിലുള്ള വഴി.പിന്നെ വിവാഹ നിശ്ചയ ചടങ്ങിലൊന്നും പങ്കെടുക്കാത്ത എന്നെ അവരൊന്നും തിരിച്ചറിയില്ലെന്ന് ഉറപ്പിച്ചു മഹിയേട്ടനോട് ആ പടി കടക്കരുതെന്ന് ദത്തേട്ടൻ ആവശ്യപ്പെട്ടത് ഒരു അർഥത്തിൽ അനുഗ്രഹമായിട്ടാണ് തോന്നിയത്. പക്ഷേ ഞാനോ ഏട്ടനോ ഒരിക്കലും അറിഞ്ഞില്ല ധ്വനിയുടെ വീട്ടിലേക്കാണ് എത്തിപ്പെടുക എന്ന് .ഒന്നര വർഷത്തെ അകലം കൊണ്ട് ഊർമിളാന്റിയും രവിയങ്കിളും ആദ്യമെന്നെ തിരിച്ചറിഞ്ഞില്ല. നമ്മൾ തെക്കേത്ത് എത്തിയ അന്നു രാത്രി ഞാൻ തനിച്ച് അവരുടെ അടുത്തേക്ക് ചെന്നു. അവരും അപ്പോഴേക്കും എന്നെ തിരിച്ചറിഞ്ഞിരുന്നു."
ദുർഗ ആ വാക്കുകൾ ചിത്രങ്ങളായി മനസിലുറപ്പിച്ച് കൊണ്ട് കേട്ടു.
"ഈ നശിച്ച വീട്ടിലേക്കാണെന്നറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും വരില്ലായിരുന്നു എന്ന് ഞാൻ അവരോട് പൊട്ടിത്തെറിച്ചു.നേരം പുലർന്നാലുടൻ ഞാനീ പടികടക്കുമെന്നും .പക്ഷേ അപ്പോഴാണ് ഞാനറിഞ്ഞത് ഒരു പാവം അച്ഛന്റെയും അമ്മയുടെയും വിഷമം.. സങ്കടം.. ധ്വനി ആ പിശാചിന്റെ ചതിയിൽ അവരും പാടേ തകർന്നിരിക്കുകയായിരുന്നു."
കാറ്റിൽ ചെമ്പക മണം രൂക്ഷമായത് ദുർഗ അറിഞ്ഞു.
ധ്വനി കേൾക്കുന്നുണ്ട് എല്ലാം . ആ സാന്നിധ്യം അവൾക്ക് അനുഭവപ്പെട്ടു.സ്വാതിയെ അവൾ ഉപദ്രവിച്ചേക്കുമോ എന്ന ഭയം ഒരു നൊടി ദുർഗയെ പൊതിഞ്ഞു
"പേടിക്കണ്ട.. ഞാനും കേൾക്കുകയാണ് "ആ നിമിഷം കാതോരം ശൂന്യതയിൽ നിന്നെന്ന പോലെ ഒരു മന്ത്രണം കേട്ടു .
ധ്വനി,
ദുർഗ ആശ്വാസത്തോടെ സ്വതിയെ നോക്കി.
"എന്റെ മുന്നിൽ കരയുന്ന രവിയങ്കിളിനെയും ഊർമിളാന്റിയെയും എനിക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ഒന്നര വർഷമായി ഞാനും എന്റെ കുടുംബവും അനുഭവിക്കുന്ന അതേ വേദന. ഒരിക്കലും ഇതൊന്നും നിങ്ങൾ അറിയരുതെന്ന് അവരോട് കെഞ്ചിയത് ഞാനാണ്. നീ അറിയുമെന്ന് പേടിച്ചിട്ടല്ല. ഒന്നും എല്ലാ കാലവും മറച്ചുവെക്കുകയുമില്ലായിരുന്നു.
നിന്നോടിത് പറഞ്ഞ് നീ നൽക്കുന്ന ശിക്ഷ ഏറ്റുവാങ്ങാനാണ് മഹിയേട്ടൻ നിന്നെ വിളിച്ചുകൊണ്ടിരുന്നത്. "
സ്വാതി ഒന്നു നിശ്വസിച്ചു.
"ധ്വനിയും മഹിയേട്ടനും തമ്മിലുള്ള ബന്ധം മഹിയേട്ടൻ പറഞ്ഞിട്ട് നീയും ജാസും നേഹയും അറിഞ്ഞാൽ മതി എന്നാണ് ഞാൻ കരുതിയത്. അതു വരെയെങ്കിലും എന്റേട്ടനെ ആരും തെറ്റിദ്ധരിക്കില്ലല്ലോന്ന് മാത്രമേ ഞാൻ ചിന്തിച്ചുള്ളു തങ്കം.. "
സ്വാതി വിങ്ങിക്കരഞ്ഞു.
ദുർഗ ഒരു പാവയെ പോലെ ചലിക്കാനാവാതെ അതു നോക്കി നിന്നു.
"നിനക്കറിയുമോ ദുർഗാ .. വലിയേടത്തെ ആളുകൾക്ക് മാത്രമേ നീ വില കൽപ്പിച്ചിട്ടുള്ളു. എന്റേട്ടനെ നിനക്കിഷ്ടമായിരുന്നില്ലേടി ... ഞാൻ പറയുന്നതിനും മുമ്പേ നീയാ ഇഷ്ടം മനസിൽ കൊണ്ടു നടന്നിട്ടില്ലേ. എന്നിട്ട് സ്വയം വഞ്ചിച്ച് കൊണ്ട് നീയെന്റെ മഹിയേട്ടനെ വേണ്ടന്ന് വെച്ചു. ധ്വനിയെന്ന നീതികേടിനോടുള്ള വെറുപ്പിന് മുകളിൽ ഏട്ടൻ നിനക്ക് വേണ്ടി പണിതത് നൂറിരട്ടി സ്നേഹം കൊണ്ട് നിർമിച്ച ഒരു താജ്മഹലായിരുന്നു.
എന്റെ ഏട്ടന്റെ ദേവതയും റാണിയുമായിരുന്നു നീ .എന്നിട്ടും സ്വന്തം കുടുംബത്തിനോട് ചേർന്നു നിൽക്കാൻ നീ ശ്രമിച്ചപ്പോൾ ഏട്ടൻ പറഞ്ഞത് എന്താണെന്ന് നിനക്കറിയോ.. അതാണ് എന്റെ തങ്കം.. മൂല്യമുള്ള പെണ്ണ് എന്ന്. നിന്നോടുള്ള ആ ബഹുമാനം കൊണ്ടാണ് ഒരു ശല്യമായി ഒരിക്കലും ഏട്ടൻ നിന്നെ പിന്തുടരാതിരുന്നത് "
അന്തരീക്ഷത്തിൽ മനംമടുപ്പിക്കുന്ന രക്തഗന്ധം പടർന്നു.
നിറഞ്ഞ കണ്ണുകൾ തുടയ്ക്കുന്നതിനിടെ ദുർഗ കണ്ടു ധ്വനി.
തൊട്ടരികെ.
അവളുടെ കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന ചോരച്ചാലുകൾ
തന്റെ വേദനയെക്കാൾ എത്രയോ വലുതാണ് അവൾ നേരിടുന്നത്.
മരിച്ചിട്ടും മരിക്കാതെ ശാപവാക്കുകളും പ്രാക്കുകളും പേറി...
സ്വാതി മൂക്കുവിടർത്തി അപരിചിതമായ ഗന്ധത്തിൽ അമ്പരക്കുന്നത് ദുർഗ കണ്ടു.
"നിനക്കറിയ്യോ അന്ന് നീ റൂമിൽ ധ്വനിയെ കണ്ടു എന്നു പറഞ്ഞ ദിവസം .. അന്ന് അവളെ തപ്പി ഞാൻ റൂമിലും ടെറസിലും വരെ ഓടിനടന്ന് നോക്കിയത് ഓർമയുണ്ടോ. അവൾ എന്റെ മുന്നിൽ വന്നു പെടണമെന്ന് ഞാനത്രയ്ക്ക് മോഹിക്കുന്നുണ്ട്. കൊല്ലും ഞാനവളെ "
സ്വാതി കിതച്ചു കൊണ്ട് ഭിത്തിയിലേക്ക് ചാരി .
അവളുടെ കവിളിൽ അടിയേറ്റു തിണർത്ത പാടുകൾ വീങ്ങിക്കിടപ്പുണ്ടായിരുന്നു
ദുർഗ വലംകൈ നീട്ടി അതിനു മീതെ തലോടി.
"സാരല്ലടാ.. ക്ഷമിക്ക് .. " അവളുടെ സ്വരം നേർത്തു.
"എനിക്കെല്ലാം മനസിലായി. നമ്മൾ തമ്മിൽ ക്ഷമിക്കാൻ വയ്യാത്തതായി എന്താടാ ഉള്ളത്. മറന്നേക്ക്. എല്ലാം "
"ദുർഗാ .." ഒരു കരച്ചിലോടെ സ്വാതി അവളെ വട്ടംചുറ്റിപ്പിടിച്ചു.
ആലിംഗനബദ്ധരായി അവർ ഏതാനും നിമിഷം നിന്നു. പിന്നെ സമനില വീണ്ടെടുത്ത് അകന്നു മാറി.
"എന്താ ഇവിടെ രണ്ടിനും കൂടി പരിപാടി "
സംസാരം കേട്ട് നേഹയും ജാസ്മിനും അവിടേക്ക് വന്നു.
"എന്താടാ .. രണ്ടും കരഞ്ഞിട്ടുണ്ടല്ലോ.. എന്താ പ്രശ്നം ".നേഹ അന്തം വിട്ട് അവരെ നോക്കി.
" പ്രശ്നമൊന്നുമില്ല.. ചില തുറന്ന് പറച്ചിലുകൾ "
ദുർഗ അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
"ഉറ്റ കൂട്ടുകാർ തമ്മിൽ ഒന്നും മറച്ചുവെക്കരുതെന്നാണ്. അതു കൊണ്ട് പറയുകയാ അഭിഷേക് ആള് ശരിയല്ല. തീയേറ്ററിൽ വെച്ച് അവൻ ഇവളെ ഉപദ്രവിച്ചു "
ജാസ്മിനും നേഹയും വിള റിപ്പോയി.
വിശ്വാസം വരാതെ അവർ സ്വാതിയെ നോക്കി.
അവളുടെ മുഖം കണ്ടപ്പോൾ തന്നെ ദുർഗ പറഞ്ഞത് ശരിയാണെന്ന് രണ്ടു പേരും തിരിച്ചറിഞ്ഞു. എന്തു പറയണമെന്നറിയാതെ അവർ നിന്നു.
"ഇനി രണ്ടാമത്തെ കാര്യം .. നിങ്ങൾക്കറിയ്യോ.. രവിയങ്കിളിന്റെ കാണാതായ ആ മകളില്ലേ. ധ്വനി.. അവളുടെ എൻഗേജ്മെന്റ് നടന്നത് ആരുമായിട്ടാണെന്നറിയ്യോ... മഹിയേട്ടനുമായിട്ട് ..."
ഒറ്റ ശ്വാസത്തിൽ ദുർഗ പറഞ്ഞത് വ്യക്തമാക്കാതെ ജാസ്മിനും നേഹയും സ്തബ്ധരായി നിന്നു.
"നിനക്കെന്താ ദുർഗേ ഭ്രാന്ത് പിടിച്ചോ "
അമ്പരപ്പ് വിട്ടു മാറിയപ്പോൾ ജാസ്മിൻ തിരക്കി.
"ഭ്രാന്തല്ല.സത്യം .. അല്ലെങ്കിൽ ഊർമിളാൻറിയോടോ രവിയങ്കിളിനോടോ ചോദിച്ച് നോക്കിക്കേ. വല്ല ആൽബമോ സി.ഡി യോ ഒക്കെ കാണും ഇവിടെ ".
ദുർഗയുടെ നീക്കം എന്താണെന്നറിയാതെ തരിച്ച് നിൽക്കുകയായിരുന്നു സ്വാതി.
ദുർഗ അവളെ നോക്കി മന്ദഹസിച്ചു.
" നമ്മൾ തമ്മിൽ ഇനി രഹസ്യമൊന്നും വേണ്ടെടാ.. എന്തിനാ പരസ്പരം അകലം ഉണ്ടാക്കുന്നത്. പറയാനുള്ളതെല്ലാം നമുക്ക്
തുറന്ന് പറഞ്ഞൂടേ ".
അതു പറഞ്ഞപ്പോൾ ധ്വനിയുടെ കാര്യം ദുർഗയ്ക്ക് ഓർമ വന്നു.
പക്ഷേ പാടില്ല .ആർക്കും വിശ്വസിക്കാനാവാത്ത, യുക്തിയ്ക്ക് നിരക്കാത്ത അക്കാര്യം മാത്രം പങ്കുവെക്കരുത്.
ദുർഗ സ്വാതിയുടെ ചുമലിൽ കൈവെച്ചു.
" മതി കരഞ്ഞത്... നിന്നെ ഞാൻ തെറ്റിദ്ധരിച്ചു. പക്ഷേ നിന്റെ മനസിന്റെ നേരും നന്മയും അറിയാതെയായിരുന്നു ആ തെറ്റിദ്ധാരണ. നിന്നെ മാത്രമല്ല മഹിയേട്ടനേം ആന്റിയേം അങ്കിളിനെയുമൊക്കെ ... എല്ലാത്തിനും പുറകിൽ ഒരു കാരണം കൂടിയുണ്ടാകും .. ധ്വനിയെ ഇനി നമുക്കാർക്കും കുറ്റം പറയാതിരിക്കാൻ ശ്രമിച്ചൂടേ. അവളുടെ തിരോധാനത്തിന് പിന്നിലും അവളുടേതായ കാരണമുണ്ടെന്ന് വരില്ലേ " ആരും ശബ്ദിച്ചില്ല.
" മതി .. നാടകം.. വന്ന് വല്ലതും പഠിക്ക് .. മഞ്ഞപ്പിത്തം മൂലം മാറ്റി വെച്ച എക്സാം ഏതു നിമിഷവും നടക്കാൻ ചാൻസുണ്ട്"
നേഹ പറഞ്ഞു.
"ഇനി എപ്പോ പഠിക്കാനാ-സമയം പന്ത്രണ്ടാകാറായി.. സിനിമ കണ്ട് തലവേദനയും വന്നു. പോയി കിടന്നൊന്ന് ഉറങ്ങിയാൽ മതി".
ജാസ്മിൻ ആവലാതിപ്പെട്ട് റൂമിലേക്ക് പോയി. പുറകെ പെൺകുട്ടികളും നടന്നു. ഉറങ്ങാൻ കിടന്നതിന് ശേഷമാണ് ജാസ്മിനും നേഹയും മഹേഷ് ബാലനെ കുറിച്ച് കുത്തിക്കുത്തി ചോദിച്ചു തുടങ്ങിയത്.
സ്വാതിയും ദുർഗയും അവരുടെ സംശയങ്ങൾക്കെല്ലാം മറുപടി നൽകി.
"എന്നാലും മഹിയേട്ടൻ...ഇത്രയും നാൾ ഇതൊന്നും പറയാതെ " ജാസ്മിന് അത്ഭുതം തീരുന്നുണ്ടായിരുന്നില്ല
അവൾ അത് പറഞ്ഞതിന് പിന്നാലെ മേശപ്പുറത്തിരുന്ന ദുർഗയുടെ ഫോൺ റിംഗ് ചെയ്തു തുടങ്ങി.
കട്ടിലിന് അരികിൽ കിടന്ന നേഹ കൈ നീട്ടി അതെടുത്തു.
മഹിയേട്ടൻ കോളിംഗ്.
തെല്ല് പരിഭ്രാന്തിയോടെ നേഹ ഫോൺ ദുർഗയ്ക്ക് നീട്ടി.
കിടക്കയിൽ എഴുന്നേറ്റ് ചടഞ്ഞിരുന്നാണ് ദുർഗ ഫോൺ വാങ്ങിയത്.
ശാന്തമായിരുന്നു അവളുടെ ഭാവം.
അവൾ എന്താണ് പറയുക എന്ന ആകാംക്ഷയോടെ കൂട്ടുകാരികൾ അവളെ ഉറ്റുനോക്കി കിടന്നു.
"ഹലോ ". പച്ച ബട്ടണിൽ തൊട്ടതോടെ മഹേഷിന്റെ ശബ്ദം കേട്ടു .
"ഹലോ ". ദുർഗയും ശബ്ദിച്ചു.
"ദുർഗ .. എനിക്കൊരൽപ്പം സമയം വേണം... ഒരു കാര്യം മാത്രം പറഞ്ഞ് ഈ ശല്യവും ഞാൻ അവസാനിപ്പിച്ചോളാം".
മഹേഷ് ബാലന്റെ വിഷാദസ്വരം ദുർഗ കേട്ടു .
" പറയാനുള്ളത് ഞാനിപ്പോൾ കേട്ടു കഴിഞ്ഞു മഹിയേട്ടാ.." .
ദുർഗ പറഞ്ഞു.
"ഇനി എനിക്ക് മറുപടി പറയാനേയുള്ളു. വലിയേടത്തെ ആളുകളല്ല ഈ ലോകം മുഴുവൻ എതിർത്താലും ദുർഗ മഹിയേട്ടന്റെ പെണ്ണായിരിക്കും. ഒന്നിച്ച് ജീവിക്കാനേ എനിക്ക് വലിയേടത്തെ അനുവാദം വേണ്ടു.. അതിനവർ സമ്മതിക്കുന്നത് വരെ ഞാൻ എന്റെ മഹിയേട്ടനെ സ്നേഹിച്ച് സ്നേഹിച്ച് കാത്തിരിക്കും. കാഞ്ചന മാല മൊയ്തീനെ കാത്തിരുന്നത് പോലെ. തിരിച്ച് എന്നെയും അതുപോലെ സ്നേഹിക്കാനും കാത്തിരിക്കാനും മഹിയേട്ടൻ തയാറാണെങ്കിൽ അതിപ്പോൾ പറയണം"
പറച്ചിലിനൊപ്പം ദുർഗയുടെ വാക്കുകൾ കരച്ചിലിൽ മുങ്ങി.
വിങ്ങി കരയുകയായിരുന്നു അവൾ.
കൂട്ടുകാരികൾ അത്ഭുതത്തോടെ ആശങ്കയോടെ അവളെ കണ്ണിമയ്ക്കാതെ നോക്കി കിടന്നു.
...: ..... ... തുടരും. .... ...
എല്ലാ ചാപ്റ്ററുകളും വായിക്കാം താഴെയുള്ള ലിങ്കിൽ
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot