Slider

നാവിന്റെ ശക്തി

0

"ന്യായീകരണങ്ങളൊന്നും എനിക്കു കേൾക്കേണ്ട പ്രീതേച്ചി... എല്ലാവരുടെയും സൗകര്യം നോക്കിയാ ഞങ്ങള് കിച്ചൂന്റെ പിറന്നാൾ ആഘോഷം സൺ‌ഡേ ആക്കിയത്. എന്നിട്ട്.. പ്രീതേച്ചി ഫോൺ വെക്കാൻ നോക്ക്. ഇപ്പൊ സംസാരിച്ചാൽ ശെരിയാകില്ല. " മോന്റെ പിറന്നാളിന് വരാത്തതിലുള്ള എന്റെ പരിഭവം തീർക്കാൻ വിളിച്ചതായിരുന്നു ശ്രീയേട്ടന്റെ വല്യച്ഛന്റെ മകൾ പ്രീത.. പ്രീതേച്ചി.
"വയ്യാഞ്ഞിട്ടല്ലേ അനു. മഹിയേട്ടനും മക്കളും വന്നിരുന്നല്ലോ. പിന്നെന്താ പരിഭവിക്കാൻ.. അല്ല, കിച്ചുനിഷ്ടയോ ഞാൻ കൊടുത്തയച്ച ഡ്രസ്സ്‌. " പ്രീതേച്ചി എന്നെ മയപ്പെടുത്താൻ ശ്രമിച്ചു.
"അവനു ഇഷ്ടായോന്നൊക്കെ അമ്മായി തന്നെ നേരിട്ട് ചോദിച്ചാ മതി. അല്ല എന്താ പ്രീതേച്ചിക്കിത്ര വയ്യായ്ക. " തെല്ലൊരു കളിയാക്കലോടെ ഞാൻ ചോദിച്ചു
"
അതുപിന്നെ.. തലവേദന.. ചെന്നികുത്താണ്.." തപ്പി തടഞ്ഞു പുള്ളിക്കാരി പറഞ്ഞൊപ്പിച്ചു.
"ഓ.. ശെരി.. ഞാൻ വിശ്വസിച്ചു.." പറഞ്ഞത് പച്ചക്കള്ളമാണെന്ന് എനിക്കു മനസ്സിലായെന്ന രീതിയിൽ ഒന്നമർത്തി മൂളികൊണ്ടു ഞാൻ പറഞ്ഞു..
"എന്താ നിനക്കു വിശ്വാസം വരാത്തതുപോലെ.." പ്രീതേച്ചി നിന്നൊന്നു പരുങ്ങി.
"വിശ്വാസം ആകാത്തത് കൊണ്ടു തന്നെ.. സത്യം പറ പ്രീതേച്ചി . എന്തെങ്കിലും പ്രശ്നണ്ടോ.. ഇപ്പൊ നമ്മുടെ ഫാമിലി ഫങ്ക്ഷൻസിൽ അപൂർവ്വമായേ പ്രീതേച്ചിയെ കാണാറുള്ളു. എന്താകാര്യം? " ഞാൻ ചോദിച്ചു.
"അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല അനു.. "പ്രീതേച്ചി പറഞ്ഞു..
"ഇങ്ങനെ പുറത്തിറങ്ങാതെ മടിപിടിച്ചിരുന്നാലേ ഇനിയും വീർത്തു വരും..ഇപ്പൊ തന്നെ ഗുണ്ടുമുളകാണ്. " എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് പ്രീതേച്ചിയുടെ അടുത്തെന്ന വിശ്വാസത്തിൽ ഞാനൊന്നു കളിയാക്കി പറഞ്ഞു..
മറുപുറം നിശബ്ദം..
പ്രീതേച്ചി ഞാൻ പതുക്കെ വിളിച്ചു..
"മം... "ഒരു മൂളൽ മാത്രം..
"ഞാൻ പറഞ്ഞത് വിഷമായോ പ്രീതേച്ചിക്കു... ഞാൻ വെറുതെ തമാശക്ക്... " വാക്കുകൾക്കായി ഞാൻ പരാതി..
"പറയുന്നവർക്കും, കേൾക്കുന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായാലേ അത് തമാശയാകു അനു.. അല്ലെങ്കിൽ അതു കളിയാക്കൽ ആണ്. മനസ്സ് കുത്തി നോവിക്കുന്ന കളിയാക്കൽ.. "
ആ മറുപടി കേട്ടപ്പോൾ ഞാനെന്തോ വല്ലാതായി.
"സോറി ചേച്ചി ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല... എനിക്ക് പ്രീതേച്ചിയോടുള്ള അടുപ്പത്തിന്റെയും സ്വതന്ത്രത്തിന്റെയും പുറത്തു..." എന്റെ സ്വരം പെട്ടന്ന് ഇടറിപോയി
മോളെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.. എല്ലാ തമാശകളും നമുക്ക് എപ്പോഴും ആസ്വാദ്യകരമായെന്നു വരില്ല കുട്ടി.. പ്രത്യേകിച്ച് ബോഡിഷെമിങ്‌ എല്ലാം.... ചിലപ്പോൾ നമ്മളത് തമാശ ആയി എടുക്കും... പക്ഷെ ചില മാനസികാവസ്ഥയിൽ അങ്ങനെയുള്ള ഒരൊറ്റ വാക്ക് മതി.. നമ്മുടെ മാനസിക നില ആകെ തകരാൻ...
നീയിപ്പോ ചോദിച്ചില്ലേ എന്നെയെന്താ ഇപ്പൊ ഫങ്ക്ഷൻസിലൊന്നും അങ്ങനെ കാണാത്തത് എന്നു.. സത്യത്തിൽ ഇതുപോലുള്ള സ്നേഹാന്വേഷങ്ങൾ പേടിച്ചാണ് പലതും ഒഴിവാക്കുന്നത്.. നമ്മളൊന്ന് സന്തോഷത്തോടെ ഒരുങ്ങി ഇറങ്ങി ഒരു പ്രോഗ്രാമിനെത്തുമ്പോൾ അവിടെ ഉണ്ടാകും ഇതുപോലുള്ള ചിലർ.. കാണുമ്പോഴേ തുടങ്ങും.. "
"എന്റെ... പ്രീതേ.. നീയാകെ തടിച്ചല്ലോ... ഇങ്ങനെ പോയ രണ്ടു വർഷത്തിനുള്ളിൽ നൂറു കിലോ ആകുമല്ലോ.... മഹി ഇപ്പോഴും ചെറിയ ചെക്കൻ.. നീ വയസത്തി.. വയറൊക്കെ ചാടി എന്താ പ്രീതേ... എങ്ങനെ ഇരുന്നതാ കല്യാണം കഴിഞ്ഞു വന്നപ്പോ... ഇപ്പൊ... അയ്യോ പ്രീതേ മുടിയൊക്കെ കൊഴിഞ്ഞു പോയല്ലോ... മുട്ടൊപ്പം ഉണ്ടായിരുന്ന മുടിയല്ലേ.. അങ്ങനെ നമ്മുടെ മനഃസമാധാനം മൊത്തം കളയും ഇതുപോലുള്ള കീടങ്ങൾ... കല്യാണം കഴിഞ്ഞപ്പോൾ ഉള്ള പ്രായം അല്ല എനിക്കിപ്പോ എന്നറിയാത്തവർ ഒന്നുമല്ലല്ലോ ഈ കമന്റ്‌ പാസ്സ് ആക്കുന്നത്.. വെറുതെ എന്തെങ്കിലും പറഞ്ഞു മനസമാധാനം കളയണം അത്ര തന്നെ.. എന്തിനാ വെറുതെ ഇതൊക്കെ കേൾക്കാൻ കെട്ടിയൊരുങ്ങി വരുന്നത്.. "പ്രീതേച്ചി പറഞ്ഞു നിർത്തി.
പറയുന്നവരു അങ്ങ് പറയട്ടെ ചേച്ചി... ഇതിപ്പോ എലിയെ പേടിച്ചു ഇല്ലം ചുടുക എന്നു പറയണപോലെ.. ആരെങ്കിലും എന്തെങ്കിലും പറഞുന്നു വെച്ച് സ്വന്തം സന്തോഷങ്ങൾ വേണ്ടാന്ന് വെയ്ക്കുന്നത് ഭീരുത്വവും, മണ്ടത്തരവും ആണെന്നെ ഞാൻ പറയു. ആവശ്യല്ലാത്തതു ഒരു ചെവിയിൽ കൂടെ കേട്ടു മറു ചെവിയിലൂടെ കളയുക.. അല്ലെങ്കിൽ നല്ല ചുട്ട മറുപടി പറയുക.. അല്ലാതെ ഒളിച്ചോടരുത്.. ഞാൻ നന്നായൊന്നു ഉപദേശിച്ചു ..
ഉപദേശിക്കാൻ എളുപ്പാണ് കുട്ടി... പക്ഷെ എല്ലാവർക്കും ഇതൊന്നും അങ്ങനെ സിമ്പിൾ ആയി എടുക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. പലരും ഒറ്റ വാക്കിലൊരു കമന്റ്‌ പറഞ്ഞു അവരുടെ വഴിക്കങ്ങു പോകും... പറയുന്നവരുടെ മനസ്സിൽ പിന്നീടത് ഉണ്ടാവുക പോലും ഇല്ല. പക്ഷെ കേൾക്കുന്നവർക്ക് അതു പലപ്പോഴും അങ്ങനെയാകില്ല. ആ ഒരൊറ്റ വാക്ക് മതി അന്നത്തെ ദിവസം കളയാൻ...
എനിക്കോർമ്മ വന്നത് ഫേസ്ബുക്കിൽ ഒരു സുഹൃത്തിന്റെ പോസ്റ്റാണ് "സ്നേഹത്തോടെയുള്ള കുറ്റപ്പെടുത്തലുകളാണ് പലപ്പോഴും സഹിക്കാൻ കഴിയാത്തത്... വണ്ണം വെച്ചല്ലോ, കറുത്തല്ലോ, ശോഷിച്ചല്ലോ തുടങ്ങിയ നിസ്സാരമായ കുശലാന്വേഷണങ്ങൾ എല്ലാം ചിലപ്പോൾ മനസ്സിനെ മുറിപ്പെടുത്തും ".. അന്നത് വായിച്ചു വിട്ടെങ്കിലും ഇന്നത് മനസ്സിൽ എവിടെയൊക്കെയോ കൊളുത്തി വലിക്കുന്നത് പോലെ...
"നീ കേൾക്കുന്നുണ്ടോ.." പ്രീതേച്ചി ചോദിച്ചപ്പോഴാണ് ചിന്തകൾ വിട്ടു പോയത്..
ആ ചേച്ചി.. പറയു..
ചിലരിതൊക്കെ പറയുന്നത് വേറൊന്നും വിചാരിച്ചു കൊണ്ടാകില്ല വെറുമൊരു സ്നേഹാന്വേഷണം.. പക്ഷെ ഇതുപോലുള്ള ചിലരുടെ സ്നേഹാന്വേഷണങ്ങൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല..
മഹിയേട്ടനൊരു ഫ്രണ്ട് ഉണ്ട് അരുൺ.. അരുണിന്റെ വൈഫ്‌ നാല് വർഷം മുൻപ് ക്യാൻസർ വന്നു മരിച്ചു.. അവർക്കു രണ്ടു പെൺകുട്ടികളും ഉണ്ട്. പെൺകുട്ടികൾക്ക് അമ്മ ആവശ്യം ആണെന്ന തിരിച്ചറിവിൽ 2 വർഷം കഴിഞ്ഞപ്പോൾ അരുൺ വീണ്ടും വിവാഹിതനായി. ആ കുട്ടിയുടെ സെക്കന്റ്‌ മാര്യേജ് ആയിരുന്നു പക്ഷെ മക്കളില്ല. വിവാഹം കഴിഞ്ഞു അധികം വൈകാതെ ഭർത്താവ് മരിച്ചൊരു കുട്ടി.. അങ്ങനെ അവര് വളരെ സന്തോഷകരമായൊരു ജീവിതം നയിക്കായിരുന്നു. ഇനിയൊരു കുഞ്ഞിന് കൂടി നോക്കുന്നുണ്ടായിരുന്നു അവർ... അരുണിന്റെ മക്കളെ അവൾ സ്വന്തമായി കാണുന്നുണ്ടെങ്കിലും പ്രസവിക്കുക എന്ന അവളുടെ അവകാശം വേറാരെക്കാളും അവൻ മനസിലാക്കിയിരുന്നു...
ആ കുട്ടി പ്രെഗ്നന്റ് ആകാൻ വൈകി... ഇതിനിടക്ക്‌ നമ്മുടെ അഭ്യൂതയകാംക്ഷികൾ വർക്ക്‌ തുടങ്ങി .. "ഇനി നിങ്ങക്കൊരു കുട്ടി കൂടെ ഉണ്ടായാൽ അരുണിന്റെ മക്കളോട് നിനക്കുള്ള സ്നേഹം കുറയുമെന്ന് പേടിച്ചു അവൻ കുട്ടികളയുണ്ടാകാതിരിക്കാൻ മനഃപൂർവം എന്തെങ്കിലും ചെയ്യുന്നുണ്ടാകും എന്ന കമന്റ്‌ തമാശ പോലെ പലപ്പോഴായി ചിലരൊക്കെ പാസ്സ് ആക്കിയപ്പോൾ അതു അവരുടെ ജീവിതത്തെ തന്നെ ബാധിച്ചു... പിന്നീടത് മാറിയെങ്കിലും കുറേകാലം ആ പ്രശ്നം അവരുടെ മനസമാധാനം കളഞ്ഞിരുന്നു... "
"അതുപോലെ ചിലരുടെ വിനോദമാണ് വയ്യാതെ കിടക്കുന്നവരുടെ അടുത്തു ചെന്നു സഹതപിക്കുക, കരയുക, നെടുവീർപ്പിടുക, പിന്നെ ആ രോഗം വന്നു മരിച്ചവരെ പറ്റി പൊലിപ്പിച്ചു പറയുക.... ഈ സന്ദരർഭങ്ങളിലൊന്നും കേൾക്കുന്നതു സില്ലി ആയിട്ടെടുക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അപ്പോൾ അനാവശ്യ അന്വേഷണങ്ങളും, അഭിപ്രായ പ്രകടനങ്ങളും ഒഴിവാക്കുക എന്നതാണ് ഉചിതം..
"കേട്ടിട്ടില്ലേ നാവെന്നത് ഇരുതല മൂർച്ചയുള്ള വാളാണ്.. ഒരേ സമയം ആശ്വാസമാകാനും, അതുപോലെ തന്നെ കുത്തി നോവിക്കാനും കഴിവുള്ള ഒരു ആയുധം... അതുകൊണ്ട് ആരെയും സഹായിക്കാൻ സാധിച്ചില്ലെങ്കിലും ഉപദ്രവം ആകാതിരിക്കാൻ നമുക്ക് സാധിക്കുമല്ലോ. "
പ്രീതേച്ചിയോടു സംസാരം അവസാനിപ്പിച്ചു ഫോൺ വെക്കുമ്പോൾ എന്റെ മനസ്സ് നിറയെ സ്കൂളിൽ ഒപ്പം പഠിച്ചിരുന്ന ശ്രീജ രാധാകൃഷ്ണൻ ആയിരുന്നു... ഒരുവിധം വണ്ണം ഉണ്ടായിരുന്ന അവളെ പലതും വിളിച്ചിരുന്നു ഞങ്ങൾ കളിയാക്കുമായിരുന്നു... പിന്നീട് വലുതാകും തോറും സ്വതവേ വായാടി ആയിരുന്നവർ സൈലന്റ് ആയി വന്നു... ആരോടും മിണ്ടാതെ ഒട്ടും ആത്മവിശ്വാസം ഇല്ലാതെ..
സ്കൂൾ കാലഘട്ടം കഴിഞ്ഞു വർഷങ്ങൾക്കു ശേഷം ഒരു സുഹൃത്തിനെ കണ്ടപ്പോഴാണ് ശ്രീജ മരിച്ചുവെന്ന വാർത്ത അറിയുന്നത്. വിശ്വസിക്കാനാകാതെ തരിച്ചു നിന്നപ്പോഴാണ് അവൾ പറയുന്നത് ചെറുപ്പം തൊട്ടേ അവൾ രോഗിയാണ്. കരൾ രോഗം ആയിരുന്നു. കഴിക്കുന്ന മരുന്നുകളുടെ കൂടെ സൈഡ് എഫ്ഫെക്ട്സ് കൊണ്ടാണ് അങ്ങനെയവള് തടിച്ചിരുന്നത്.. അതൊന്നുമറിയാതെയാണ് ഞങ്ങൾ ആ പാവത്തെ കളിയാക്കിയിരുന്നത്.
അന്നത് കേട്ടപ്പോഴൊരു വിഷമം തോന്നിയിരുന്നുവെങ്കിലും ശെരിക്കൊരു കുറ്റബോധമായി മനസ്സ് നീറിയതു ഇന്ന് പ്രീതേച്ചി പലതും പറഞ്ഞപ്പോഴാണ്... തിരിച്ചറിവാകാത്ത പ്രായമായിരുന്നെങ്കിൽ പോലും ഞങ്ങളുടെ കളിയാക്കലുകൾ ആ പാവത്തിനെ എത്ര സങ്കടപ്പെടുത്തിയിരിക്കും... ഓരോ അവസ്ഥകൾക്കു പിന്നിൽ എന്തൊക്കെ കാരണങ്ങൾ ഉണ്ടാകാം... അതൊന്നും തിരിച്ചറിയാതെ അഭിപ്രായപ്രകടനങ്ങൾ നടത്തി പോകുന്നവർക്കറിയില്ലല്ലോ അതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ...
പ്രീതേച്ചി പറഞ്ഞപോലെ പറയുന്നവർക്കും, കേൾക്കുന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയാൽ മാത്രമേ വാക്കുകൾ തമാശയാകു.. അല്ലെങ്കിൽ അതു വെറും കളിയാക്കലുകൾ മാത്രമാണ്.. കുത്തിനോവിക്കുന്ന ക്രൂരത.
"ആശ്വാസമാകാനും, അസ്വസ്ഥത സൃഷ്ടിക്കാനും നമ്മുടെ നാവിനു സാധിക്കും.. നമുക്ക് ആശ്വാസം ആകാൻ സാധിച്ചില്ല എങ്കിലും ആരെയും അസ്വസ്ഥതപ്പെടുത്തി വേദനിപ്പിക്കാതിരിക്കാൻ സാധിക്കുമല്ലോ... "
നാം നിസ്സാരമായി പറഞ്ഞു തള്ളുന്ന പല വാക്കുകളും ചിലപ്പോളെങ്കിലും ചിലരുടെയെങ്കിലും ജീവിതത്തെ എത്ര മോശമായി ബാധിക്കുന്നു എന്നു പലരും തിരിച്ചറിയാതെ പോകുന്നു... ഒരു വാക്കോ നോട്ടമോ മതി ഒരാൾക്ക് ആശ്വാസമേകാൻ... അതുപോലെ തന്നെ ഒരാളെ തകർക്കാനും വാക്കിനും, നോട്ടത്തിനുമൊക്കെ സാധിക്കും എന്നതും സത്യം..
രചന : Aswathy Joy Arakkal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo