Slider

അപ്പൻ

0
Image may contain: 1 person, smiling, selfie and closeup
"അപ്പാ.....അപ്പൻ ഫിറ്റാണോ അപ്പാ...?!"
"ഏയ്...അല്ലെടാ...മോനെ....!
അപ്പൻ ഇങ്ങനെ വെറുതെ ആകാശത്ത് നോക്കികിടക്കുമ്പോൾ പണ്ട് ഞാനും,നിന്റെ അമ്മച്ചിയും കൂടി നെന്മാറ വേലയ്ക്ക് പോയ കാര്യം ഓര്മവന്നു...!
പകൽ വെടിക്കെട്ട് കഴിഞ്ഞ് അന്ത്യായാവുമ്പോൾ വഴിവാണിഭ കടകളിൽ നിന്നും കരിവളയും,ചാന്തും,കണ്മഷിയും വാങ്ങും.എന്നിട്ട് ആ കനാലിന്റെ അരികിലുള്ള തട്ട് കടയിൽ നിന്ന് ചൂടുള്ള മൊരിഞ്ഞദോശയും,ചമ്മന്തിയും വാങ്ങി മത്സരിച്ച് അകത്താക്കി,ഓരോ പുൽപായ കൂടി വാങ്ങും.അതിലിരുന്ന് ഞാനവളുടെ കൈകളിൽ കരിവള അണിയിക്കും,
കണ്ണുകളിൽ കരിമഷിയെഴുതും,നെറ്റിയിൽ ചുവന്ന ശിങ്കാർ പൊട്ട് തൊടുവിക്കും,
കവിളിൽ കണ്ണുപറ്റാതിരിക്കാൻ ഒരു സൗന്ദര്യ പൊട്ടും ചാർത്തും.അന്നേരം അവളുടെ മുഖം നാണത്താൽ
പൂവാക പൂത്തതുപോലെയാവും.
അവൾ ഒരു കൊച്ചുകുഞ്ഞിനെപോലെ എല്ലാം അനുസരിച്ച് അപ്പന്റെ മടിയിലിരിക്കും.
അപ്പന് പെണ്കുട്ടികളെ...വല്ല്യ ഇഷ്ടമായിരുന്നു.അവൾക്കാണെങ്കിലോ ആണ്കുട്ടികളും പിന്നെ ഈ....കാണുന്ന ആകാശത്തിലെ നക്ഷത്രങ്ങളെണ്ണി പുലർച്ചെ വെടിക്കെട്ടിന്റെ സമയം വരെ നെല്ലിക്കുളങ്ങര ഭഗവതിയുടെ കടാക്ഷമുള്ള ആ...വയലിൽ ഇങ്ങനെയങ്‌ മുകളിലേക്ക് നോക്കി കിടക്കും.അതൊക്കെയൊരു കാലം...! അവള് നിന്നെ കൈയിലേല്പിച്ച് പോയെപ്പിന്നെ എന്ത് വേല,എന്ത് പള്ളിപെരുന്നാള്,എല്ലാം കഴിഞ്ഞില്ലേ?!
ഡോക്ടർമാർ പല തവണ പറഞ്ഞതായിരുന്നു 'മേരി... നിനക്ക് പ്രായം കൂടുതലാണ്.മാത്രമല്ല നിന്റെ ഹൃദയത്തിലുള്ള കുഞ്ഞു ദ്വാരം അല്പംകൂടി വികസിച്ചിരിക്കുന്ന ഈ സമയത്ത് ഒരു പ്രസവം ബുദ്ധിമുട്ടാവുമെന്ന്'പക്ഷേ അവൾ കേട്ടില്ല. അപ്പനും അവളെ നിർബന്ധിക്കാൻപോയില്ല.
അല്ല...അപ്പൻ പറഞ്ഞാലും അവൾ കേൾക്കില്ല കാരണം അത്രയ്ക്ക് വലുതായിരുന്നു അവൾക്ക് അമ്മയാവാനുള്ള ആഗ്രഹം...!"
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി
അവൻ അയാളുടെ നെറ്റിയിലൊരു മുത്തം നൽകിക്കൊണ്ട് പറഞ്ഞു.
"ഹേ....ഹേ....അപ്പൻ ഗംഭീര സെന്റിയായല്ലോ?!പോട്ടെ അപ്പാ....ഞാൻ ചുമ്മാ പറഞ്ഞതല്ലേ.അപ്പോഴേക്കും...! ഈ...അപ്പൻ എന്നെ കൂടി കരയിക്കും.
എന്നാലും അപ്പാ..ഈ കാണുന്ന നക്ഷത്രത്തിൽ ഏതാണ് എന്റെ അമ്മ?"
അയാൾ കൈകൾ മുകളിലേക്ക് ഉയർത്തി തെക്ക് ഭാഗത്തേക്ക് ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു...
"ദാ.... ദാ... ആ ഒറ്റയ്ക്ക് നിൽക്കുന്നതും ഏറ്റവും കൂടുതൽ തിളങ്ങുന്നതും,
മുഴുത്തതുമായ നക്ഷത്രം കണ്ടോ...
അതാണ് നിന്റെ 'അമ്മ... ന്റെ..മേരി...!"
അവൻ ആ നക്ഷത്രത്തെ സസൂക്ഷ്മം വീക്ഷിച്ചു...
"എന്നാലും അപ്പാ....അപ്പനെങ്ങിനെ ഇത്രയും നക്ഷത്രങ്ങളുടെ ഇടയിൽ നിന്ന് അമ്മച്ചിയെ തിരിച്ചറിയാൻ കഴിഞ്ഞു...?"
അയാൾ വിറച്ചു,വിറച്ചു പറഞ്ഞു....
"നിന്നെ പ്രസവിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് അവളുടെ ശരീരഭാരം നൂറ്റിയേഴു കിലോ ആയിരുന്നു,അതിൽ മൂന്ന് കിലോ എണ്ണൂറ് ഗ്രാം കിഴിച്ചാൽ പിന്നെ അവളായി...!
അത്ര മുഴുത്തതും,തിളക്കമുള്ളതുമായ വേറെയൊരു നക്ഷത്രവും ഈ ആകാശത്ത് അപ്പൻ ഇതുവരെ കണ്ടിട്ടില്ല."
അവൻ ആ നക്ഷത്രത്തെ നോക്കി പതിയെ വിളിച്ചു
'അമ്മ....!'അമ്മ....!
അതേ സമയം ആ നക്ഷത്രത്തിനരുകിലായി മറ്റൊരു പുതിയ നക്ഷത്രം കൂടി ഉദിച്ചിരുന്നു.
ഏകദേശം പഴയ നക്ഷത്രത്തിന്റെ മുക്കാൽ ഭാഗത്തോളം വലിപ്പമുള്ള ഒരു നക്ഷത്രം.
അവ രണ്ടും ഒരുമിച്ച് പുൽപായയിലിരിക്കുന്നതുപോലെ
അവന് തോന്നി...!
അവൻ അല്പം ഉച്ചത്തിൽ വിളിച്ചു.
"അപ്പാ.........ന്റെ....പ്പാ.....!"
അവസാനിച്ചു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo