Slider

സപത്നി

0
Image may contain: 1 person, smiling, closeup
ഉറക്കമുണർന്നിട്ടും അവധി ആയതിനാൽ ഗിരി കട്ടിലിൽ തന്നെ കിടക്കുവായിരുന്നു. മോൻ കട്ടിലിൽ തള്ള വിരൽ വായിലിട്ട് കമിഴ്ന്നു കിടന്നു ഉറങ്ങുന്നു. അടുക്കളയിൽ നിന്നും ശാലിനിയുടെ അമ്മേയെന്നുള്ള വിളികേട്ടാണ് ഗിരി കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റത്. തറയിൽ തലപൊട്ടി ചോരയൊഴുകി ബോധമില്ലാതെ കിടക്കുന്ന ശാലിനിയെയാണ് കണ്ടത്. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം തറഞ്ഞു നിന്നുപോയി. പെട്ടെന്ന് അടുത്ത ഫ്ലാറ്റിൽ താസിക്കുന്ന കൂട്ടുകാരനെ വിളിച്ചു വേഗം വണ്ടിയുമായി വരാൻ പറഞ്ഞു. കൂട്ടുകാരനും ഭാര്യയും കൂടെ ഓടിയെത്തി. രണ്ടുപേരും കൂടെ ശാലിനിയെ എടുത്തു കാറിൽ കയറ്റി അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോകാനായി. അപ്പോഴാണ് ഗിരി കുഞ്ഞിന്റെ കാര്യം ഓർത്തത്. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷം. ഗിരിയുടെ ഭാവമാറ്റം കണ്ട കൂട്ടുകാരൻ ചോദിച്ചു.
എന്താടാ...
കുഞ്ഞ്.. ഉറങ്ങുവാ.. അതോർത്തു നീ വിഷമിക്കേണ്ട.. അവൾ നോക്കിക്കൊള്ളും..
ഇന്നേക്ക് പതിനാറു ദിവസമായി ശാലിനി ഈ കിടപ്പ് തുടങ്ങിയിട്ട്. വീഴ്ചയിൽ തലച്ചോറിനേറ്റ ക്ഷതം അവളുടെ ചലന ശേഷിയും സംസാരശേഷിയും നഷ്ടപെടുത്തിയിരുന്നു. കൂട്ടുകാരനും ഭാര്യയും ഉള്ളത് കൊണ്ടു മോന്റെ കാര്യത്തിൽ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല.
എന്നാൽ ഇന്ന് അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂട്ടുവരുന്നു എന്നറിഞ്ഞതിൽ പിന്നെ മോനെ അവരുടെ അടുത്ത് ഏൽപ്പിക്കാൻ ഗിരി മടിച്ചു. മോന്റെ കൂടെ ഓടിച്ചാടി കളിക്കാനും അവന്റെ കാര്യങ്ങൾ നോക്കാനും പറ്റില്ലെന്ന് അറിയാം. ആദ്യത്തെ നാല് മാസം ഡോക്ടർ റസ്റ്റ്‌ പറഞ്ഞിരിക്കുവയാണ്.
കുഞ്ഞിന്റെയും ശാലിനിയുടെയും കാര്യങ്ങളും ഓഫിസിലെ ജോലിയും കൂടെ ഒന്നിച്ചു പറ്റാതായി..എന്തായാലും ഒരു തീരുമാനം എടുത്തേ പറ്റൂ. ഗിരി മോനേയും എടുത്തു ഡോക്ടറെ കാണാൻ ചെന്നു. ഡോക്ടർ അവരെ അകത്തേക്ക് വിളിച്ചു ഇരിക്കാൻ പറഞ്ഞു. ഗിരി കാര്യങ്ങൾ എല്ലാം പറഞ്ഞു.
എല്ലാം കൂടെ ഇവിടെ പറ്റുന്നില്ല. നാട്ടിലേക്ക് പോയാലോ എന്നാണ് ആലോചിക്കുന്നത്.
ഡോക്ടർ പറഞ്ഞു. ശാലിനിയുടെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി അനുസരിച്ചു ഒരു ദീർഘദൂര യാത്ര പ്രയാസമാണ്. വീട്ടിൽ പോയാൽ തന്നെ നല്ലപരിചരണം വേണം. അതുകൊണ്ട് റിസ്ക് എടുക്കാതെ നാട്ടിൽ നിന്നും ആരെയെങ്കിലും കൊണ്ടുവരാൻ പറ്റുമോ എന്ന് നോക്ക്..
പ്രായമായ അച്ഛനും അമ്മയ്ക്കും ഇത്രയും ദൂരം യാത്ര ചെയ്യാൻ പറ്റില്ല. പിന്നെ കുഞ്ഞിന്റെ കാര്യവും കൂടെ...
കാര്യങ്ങൾ എല്ലാം ഗിരി കൂട്ടുകാരനുമായി സംസാരിച്ചു...
നീ വിഷമിക്കേണ്ട.. എന്തെങ്കിലും വഴി നോക്കാം..
ദിവസങ്ങൾ കടന്നുപോയ്കൊണ്ടിരുന്നു. ഓഫിസിൽ പോകാതെ ഉള്ള ലീവ് ഒക്കെ തീർന്നു. മോന്റെയും ശാലിനിയുടെയും കാര്യങ്ങൾ ഒന്നും ഒറ്റക്ക് ചെയ്യാൻ പറ്റാതായി..കൂട്ടുകാരനോട് ഹോം നഴ്‌സിനെ കിട്ടുമോ എന്ന് അന്വേഷിക്കാൻ പറഞ്ഞു.
എന്ത് ധൈര്യത്തിലാണ് ആളുകളെ വിശ്വസിച്ചു ഏൽപ്പിക്കുക. ഇവിടെ നിന്നും വേണ്ടാ നാട്ടിൽ നിന്നും ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കാം. ഉമയുടെ വീട്ടിൽ നിന്നും അവളുടെ അച്ഛനും അമ്മയും സഹോദരനും വരുന്നുണ്ട്. ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ കൂടെ കൊണ്ടുവരാൻ പറയാം..
ഗിരീ... ഗിരീ... ദീപുവിന്റെ വിളികേട്ടു ഗിരി കുഞ്ഞിനേയും എടുത്തു പുറത്തേക്ക് വന്നു.
എന്താടാ...
നാളെ ഉമയുടെ അമ്മയും അച്ഛനും വരുന്നുണ്ട്. ഉമക്കു സഹായത്തിനായി ഒരു സ്ത്രീയും ഉണ്ട്. ഞാൻ നിന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ അമ്മയും അച്ഛനും സമ്മതിച്ചു. കൂട്ടത്തിൽ ഉമക്കും ഒരു സഹായം ആവുമല്ലോ..
എന്റെ ലീവ് ഒക്കെ തീർന്നു. ശാലിനിയുടെയും മോന്റെയും കാര്യങ്ങൾ നോക്കാൻ പറ്റുന്ന സ്ത്രീയാണെങ്കിൽ എനിക്ക് ഓഫീസിൽ പോയി തുടങ്ങാമായിരുന്നു. അടുത്ത് തന്നെ ഉമയും ഉണ്ടല്ലോ..യാത്ര പറഞ്ഞു ദീപു പോയി.
ഗിരി ശാലുവിന്റെ അടുത്ത് കട്ടിലിൽ ഇരുന്നു. അവളുടെ മുടിയിൽ തഴുകികൊണ്ട് പറഞ്ഞു നാളെ ഒരു സ്ത്രീ നാട്ടിൽ നിന്നും വരുന്നുണ്ട്. നിന്റെയും മോന്റെയും കാര്യം നന്നായി നോക്കാൻ പറ്റുന്നവരാണെങ്കിൽ മതിയായിരുന്നു. അവൾക്കെന്തൊക്കെയോ അവനോട് പറയണമെന്ന് ഉണ്ടായിരുന്നു. ഗിരിക്ക് അത് മനസ്സിലായി. അവർ വരട്ടെ. എന്നിട്ട് തീരുമാനിക്കാം. അവൾ ഒന്നും പറയാതെ കണ്ണടച്ച് കിടന്നു..
പിറ്റേന്ന് തന്നെ ഉമയുടെ അച്ഛനും അമ്മയും വന്നു. കൂടെ ഒരു ചെറുപ്പക്കാരിയും. അവർ ഉമയേയും കൂട്ടി ഗിരിയുടെ അടുത്തേക്ക് വന്നു..
കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് ഗിരി വാതിൽ തുറന്നു. ഉമയും അച്ഛനും അമ്മയും. അവരുടെ പുറകിൽ നിൽക്കുന്ന സ്ത്രീയെ കണ്ടു ഗിരി അന്തം വിട്ടു..ദേവിക.. വർഷങ്ങൾക്ക് മുൻപ് തന്റേതുമാത്രമായിരുന്ന ദേവു. എല്ലാവരും അകത്തേക്ക് കയറി. ഗിരിയെ കണ്ട ദേവികയും ഒന്ന് പകച്ചു. അകത്തേക്ക് കയറാതെ തറഞ്ഞു നിൽക്കുന്ന ദേവികയെ കണ്ട ഗിരി പറഞ്ഞു.
കേറിവാ..
അവൾ അവരുടെ പുറകിലായി അകത്തേക്ക് വന്നു..ഗിരി അവരുടെ മുന്നിൽ ദേവുവിനെ പരിജയം ഉള്ളതായി ഭാവിച്ചില്ല. ഉമയുടെ അച്ഛനും അമ്മയും ശാലിനി കിടക്കുന്ന മുറിയിലേക്ക് പോയി. അപ്പോഴേക്കും മോൻ ഉണർന്നു കരയാൻ തുടങ്ങി. ഗിരി കുഞ്ഞിനെയെടുത്തു ഉമയുടെ അടുത്ത് പോയി. ഉമയെ കണ്ടപ്പോൾ അവന്റെ കരച്ചിൽ മാറി. അവൾ ദേവുവിനെയും വിളിച്ചു മോനെയും എടുത്തു അടുക്കളയിൽ കയറി. പാൽ ഉണ്ടായിരുന്നത് എടുത്തു അടുപ്പത്തു വെച്ചു..ഉമയുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന് നേരെ ദേവു കൈനീട്ടി. അവൻ ചിരിച്ചുകൊണ്ട് അവളുടെ നേരെ ചാടിവീണു. അവളുടെ മുഖത്ത് നോക്കി അവൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഉമ പാൽ തിളപ്പിച്ച് ആറ്റി കുഞ്ഞിന് കൊടുക്കാറാവുമ്പോഴേക്കും ദേവുവും കുഞ്ഞും നല്ല കൂട്ടായിക്കഴിഞ്ഞിരുന്നു.
ഉമ ദേവുവിനെയും വിളിച്ചു ശാലിനി കിടക്കുന്നിടത്തേക്ക് ചെന്നു. ശാലിനി കണ്ണടച്ച് കിടക്കുവായിരുന്നു. ഉമ ശാലിനിയെ വിളിച്ചു...
ചേച്ചീ..
ശാലിനി പതിയെ കണ്ണ് തുറന്നു ഉമയെ നോക്കി.. ഇതാണ് നാട്ടിൽ നിന്നും വന്ന ചേച്ചീ..
അവളുടെ നോട്ടം മോനെയും എടുത്തു നിൽക്കുന്ന ദേവുവിലേക്ക് ആയി. ദേവുവിന്റെ കൈയിൽ ഇരുന്ന് വികൃതി കാട്ടുവായിരുന്നു മോൻ. ശാലിനിയുടെ കണ്ണുകൾ തിളങ്ങി..
അപ്പോഴേക്കും സംസാരിച്ചുകൊണ്ടിരുന്ന ഉമയുടെ അച്ഛനും അമ്മയും ഗിരിയും കൂടെ അകത്തേക്ക് കേറി വന്നു.
ആഹാ.. മോൻ ഇപ്പോഴേ കൂട്ടായല്ലോ.. ഉമയുടെ അമ്മ പറഞ്ഞു..
അവർ യാത്ര പറഞ്ഞു പോകാനായി ഇറങ്ങി. ദേവു കുഞ്ഞിനെ ഗിരിയയുടെ കൈയിൽ കൊടുത്തെങ്കിലും അവൻ പോവാതെ ദേവുവിന്റെ മേലെ പിടിച്ചിരുന്നു... ഗിരി അവളുടെ മുഖത്തേക്ക് നോക്കി...പോകാതിരുന്നുകൂടെ എന്ന അവന്റെ കണ്ണുകളിലെ യാചന അവൾ കണ്ടു.... അവൾ വേഗം മുഖം കുനിച്ചു...അവളുടെ മനസ്സ് അല്പനേരത്തേക്കു പഴയ കാലത്തിലേക്ക് പോയി..
എത്രയോ നേരം പരസ്പരം രണ്ടുപേരും കണ്ണിൽ കണ്ണിൽ നോക്കിയിരുന്നിട്ടുണ്ട്. കണ്ണുകൾ കൊണ്ടു സംസാരിച്ചിട്ടുണ്ട്... പെട്ടെന്നവൾ ഒരു പിടച്ചിലോടെ ഓർമ്മകൾക്ക് വിരാമമിട്ട് തിരിച്ചു വന്നു...
അവൾ പതിയെ പറഞ്ഞു... ഡ്രസ്സ്‌ ഒക്കെ ഉമയുടെ അടുത്താണ്. എടുത്തിട്ട് വരാം...
അത് ഞാൻ കൊടുത്തുവിടാം ചേച്ചീ.. ഉമ പറഞ്ഞു. എല്ലാവരും യാത്ര പറഞ്ഞിറങ്ങി.. മോനെയും എടുത്തു എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന ദേവുവിനെ നോക്കി ഗിരി പറഞ്ഞു..വരൂ.. അവൻ അവളെയും വിളിച്ചു ശാലിനി കിടക്കുന്നിടത്തേക്ക് നടന്നു. ശാലിനി കണ്ണടച്ച് കിടക്കുവായിരുന്നു. അവൻ അവളുടെ കട്ടിലിൽ ഇരുന്നു അവളുടെ മുടിയിൽ തലോടി. അവൾ പതിയെ കണ്ണുതുറന്നു നോക്കി. അവൻ പതിയെ പറഞ്ഞു ഇന്ന് മുതൽ നിന്റെയും മോന്റെയും കാര്യങ്ങൾ നോക്കാൻ ദേവു ഉണ്ട്. നാളെ മുതൽ എനിക്ക് ഓഫീസിൽ പോകാമല്ലോ. ശാലിനി പതിയെ പുഞ്ചിരിച്ചു.. ദേവു കുഞ്ഞിനെ ഗിരിയുടെ കൈയിൽ കൊടുത്തു പതിയെ പുറത്തു കടന്നു.
അവൾ വീടൊക്കെ നടന്നു നോക്കി. ആൾ താമസം ഉണ്ടെങ്കിലും ഒക്കെ മാറാല കെട്ടി കിടക്കുന്നു. അവൾ പതിയെ അടുക്കളയിൽ കയറി. എല്ലാം വാരി വലിച്ചിട്ടിരിക്കുന്നു. അവൾ പതിയെ ഓരോന്നായി എടുത്തു ഒതുക്കി വെച്ചു എല്ലാം തൂത്ത് തുടച്ചു തൽക്കാലത്തേക്ക് വൃത്തിയാക്കി. എന്നിട്ട് ചായ ഇട്ട് ഗിരിക്കും ശാലുവിനും കൊടുത്തു.ദേവു പുറത്തിറങ്ങി.
ഗിരി ചായ കുടിച്ചു കൊണ്ട് ശാലിനിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. ശാലിനിക്ക് ദേവുവിനെ മനസ്സിലായോ.. ഇല്ലെന്ന് അവൾ കണ്ണടച്ചു കാണിച്ചു. കുറച്ചു സമയം മൗനമായിരുന്നിട്ട് അവൻ തുടർന്നു. കല്യാണം കഴിഞ്ഞ അന്ന് രാത്രി ഞാൻ ഒരു ദേവുവിനെ കുറിച്ച് പറഞ്ഞിരുന്നില്ലേ.. എന്റെ കളികൂട്ടുകാരിയും എന്റെ മനസ്സിലെ രാജകുമാരിയേയും കുറിച്ച്. അവൾ ആണ് ഈ ദേവൂ..
ശാലിനിയുടെ കണ്ണുകളിലെ പിടച്ചിൽ മനസ്സിലാക്കിയ ഗിരി പറഞ്ഞു. നിനക്ക് ഇഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യില്ല. താല്പര്യം ഇല്ലെങ്കിൽ പറഞ്ഞു വിടാം..
അവൾ ഒന്നും മിണ്ടാതെ കണ്ണടച്ചു കിടന്നു. അവളുടെ മനസ്സിൽ അപ്പോൾ എന്തൊക്കെയോ ആലോചനയിൽ ആയിരുന്നു. എത്ര നാൾ ഈ കിടപ്പ് കിടക്കുമെന്നറിയില്ല. അതിനിടയിൽ ഗിരിയേട്ടന്റെ ഓഫിസിൽ പോക്ക്.. തന്റെയും മോന്റെയും കാര്യങ്ങൾ. ഒക്കെ നോക്കാൻ ഒരാൾ കൂടിയേ പറ്റൂ.. ദേവു ആണെങ്കിൽ ഗിരിയേട്ടന് അറിയാവുന്ന ആളും. ഇപ്പോൾ തന്നെ എന്റെയും മോന്റെയും കാര്യങ്ങളും ഓഫിസുമൊക്കെയായി ഗിരിയേട്ടൻ നല്ലോണം ബുദ്ധിമുട്ടുകയാണെന്ന് അറിയാം... അവൾ മനസ്സ് കൊണ്ട് ഒരു തീരുമാനത്തിൽ എത്തി ചേർന്നു.അവൾ പതിയെ കണ്ണുതുറന്നു ഗിരിയുടെ മുഖത്തേക്ക് നോക്കി.. അവൻ അവളുടെ മുഖത്ത് വിരിയുന്ന വിവിധ ഭാവങ്ങൾ നോക്കിയിരിക്കുകയായിരുന്നു. അവളുടെ കണ്ണുകളിലെ നിശ്ചയദാർഢ്യവും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും അവൻ കണ്ടു. അവൾ അവന്റെ കണ്ണുകളിൽ നോക്കി സമ്മതം അറിയിച്ചു....ഗിരി പതിയെ കുനിഞ്ഞു അവളുടെ നെറ്റിയിൽ ചുണ്ടമർത്തി...
ദേവു അടുക്കള വരാന്തയിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു. അവൻ അവളുടെ അടുത്ത് ചെന്നു നിന്നു. അവൾ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് എന്തോ അനക്കം കേട്ടു തിരിഞ്ഞു നോക്കിയ അവൾ കണ്ടു. അവളെ തന്നെ നോക്കി നിൽക്കുന്ന ഗിരിയെ. അവന്റെ മുഖത്തേക്ക് നോക്കിയ അവൾ കണ്ടു അവന്റെ കണ്ണിലെ തിളക്കം. അവളുടെ ആ പഴയ കളിക്കൂട്ടുകാരനെ.. അവളുടെ പ്രിയപെട്ടവനെ... ഒരു നിമിഷത്തേക്ക് അവൾ പരിസരം മറന്നെങ്കിലും പെട്ടന്ന് അവൾ നോട്ടം പിൻവലിച്ചു.
അവൻ പതിയെ വിളിച്ചു.. ദേവൂ..ദേവു ഇതുവരെ എവിടെയായിരുന്നു. ഞാൻ എവിടെയൊക്കെ അന്വേഷിച്ചെന്നറിയാമോ...
അവൾ മുഖം ഉയർത്തി അവനെ നോക്കി.....അവൾ പതിയെ പറഞ്ഞു. അച്ഛന്റെ ആകസ്മിക മരണം അമ്മയുടെ സമനില തെറ്റിച്ചു. സ്നേഹിച്ചവന്റെ കൂടെ ഇറങ്ങി പോയതിനാൽ അമ്മയുടെ വീട്ടുകാർ ആരും തിരിഞ്ഞു നോക്കിയില്ല. എനിക്ക് താഴെ രണ്ടു അനുജത്തിമാർ ആണെന്ന് അറിയാലോ. കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവനും എന്റെ ചുമലിൽ ആയി. തയ്യൽ അറിയാവുന്നത് കൊണ്ട് അത്യാവശ്യം പട്ടിണിയില്ലാതെ കഴിയാമെന്നായി..അനുജത്തിമാരുടെ പഠിത്തവും അമ്മക്കുവേണ്ടുന്ന മരുന്നും വീടിന്റെ വാടകയും ഒക്കെ കൂടെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. വാടക കൊടുക്കാത്തത് കാരണം വീട്ടുടമ ഇറക്കിവിട്ടു. വല്ലപ്പോഴും വന്നു കാര്യങ്ങൾ അന്വേഷിക്കുന്ന വകയിലുള്ള ഒരമ്മാവൻ ഉണ്ടായിരുന്നു. അദ്ദേഹം കാര്യങ്ങൾ അറിഞ്ഞു ഞങ്ങളെ അവിടേക്കു കൊണ്ടുപോയി..എന്തൊക്കെയോ ജോലികൾ ചെയ്തു. അനുജത്തിമാരുടെ പഠിത്തം. കല്യാണം. അതിനിടയിൽ അമ്മയുടെ മരണം. ഒക്കെയും കഴിഞ്ഞപ്പോൾ തന്റെ കാര്യം മറന്നു. ഓർമ്മിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല എന്നതാണ് കാര്യം. അവസാനം എത്തിച്ചേർന്നത് അമ്മുവിന്റെ വീടിന്റടുത്ത് ആണ്. അവർക്ക് എല്ലാ കാര്യങ്ങളും അറിയാവുന്നത് കൊണ്ടാണ് ഇങ്ങനെയൊരു കാര്യം പറഞ്ഞപ്പോൾ ഞാൻ തയ്യാറായത്. ഇവിടെ എത്തിയപ്പോൾ ആണ് ഗിരിയുടെ അടുത്താണ് എന്ന് അറിയുന്നത്. വീണ്ടും ഒരു കണ്ടുമുട്ടൽ ഉണ്ടാകുമെന്ന് കരുതിയില്ല. തിരിച്ചു പോകാമെന്നു കരുതിയതാണ്. പിന്നെ പോയിട്ട് എന്തു ചെയ്യാനാണ്. സ്വന്തം മാനം പോകാതിരിക്കാൻ വെട്ടു കത്തിയും പിടിച്ചു രാത്രി മുഴുവൻ ഉറങ്ങാതെയിരിക്കണം. അതിനേക്കാൾ സുരക്ഷ ഇവിടെ കിട്ടുമെന്ന് കരുതി..ഒക്കെയും പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..
എല്ലാം കേട്ടു ഗിരി തരിച്ചിരുന്നു. ഒരിക്കൽ കളിച്ചു ചിരിച്ചു തന്റെ നിഴലായ് കൂടെയുണ്ടായിരുന്ന ദേവൂട്ടി.. എന്തൊക്ക കഷ്ടപ്പാടുകൾ അനുഭവിച്ചു. കാലം അവളെ വീണ്ടും എനിക്ക് തന്നിരിക്കുവാ. ഒരു തുള്ളി കണ്ണീരു വീഴാതെ ഞാൻ കാത്തുകൊള്ളാം എന്റെ ദേവൂട്ടിയെ.. അവൻ അവളുടെ നിറഞ്ഞ കണ്ണുകൾ തുടക്കാൻ കൈ ഉയർത്തി.
അവൾ പെട്ടെന്ന് പിന്നോട്ട് മാറി.. പാടില്ല. പാടില്ല.. ഗിരിക്ക് ഇന്ന് ഭാര്യയും കുഞ്ഞും ഉണ്ട്. അതിനിടയിൽ ഞാൻ ഒരു കരട് ആവരുത്.... അവൻ കൈകൾ താഴ്ത്തി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
അവൾ ആ വീടിന്റെ ഒരു ഭാഗമാവുകയായിരുന്നു.. ഗിരി ഓഫിസിൽ പോയി തുടങ്ങി.. ഗിരി പോകുന്നതിനു മുൻപ് ദേവു അടുക്കള ജോലികളും ശാലിനിയുടെ കാര്യങ്ങളും ചെയ്തു തീർക്കും. മോൻ എഴുന്നേറ്റാൽ ഒന്നും ചെയ്യാൻ സമ്മതിക്കില്ല. മോൻ പൂർണ്ണമായും ദേവുവുമായി ഇണങ്ങി. ശാലിനിയിലും ഒരു ഉണർവ് വന്നു..... ഉച്ചയാവുമ്പോൾ മോൻ ഉറങ്ങുന്ന സമയത്താണ് ദേവു കുളിക്കാറുള്ളത്. പതിവുപോലെ അവൾ മോനെ ശാലിനിയുടെ അരികിൽ ഉറക്കി കിടത്തി കുളിക്കാൻ പോയി.
പതിവില്ലാതെ അന്ന് അവൻ വേഗം ഉറക്കമുണർന്നു കരയാൻ തുടങ്ങി. ശാലിനി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. മോൻ എഴുനേറ്റ് ശാലിനിയുടെ മുകളിലൂടെ കയറി കട്ടിലിന്റെ ഓരത്തേക്ക് പോകുന്നത് ശാലിനി കാണുന്നുണ്ടായിരുന്നു. കുഞ്ഞു ഊർന്ന് താഴേക്ക് വീഴാൻ പോയപ്പോളാണ് അത് സംഭവിച്ചത്. ശാലിനിയുടെ മോനെയെന്ന വിളിയോടൊപ്പം അവനെ ഒരു കൈകൊണ്ടു ചേർത്തു പിടിച്ചു.. മോന്റെ കരച്ചിൽ കേട്ടു ഓടിവന്ന ദേവു അത് കണ്ടു അമ്പരന്നു. ഒപ്പം സന്തോഷവും. അവൾ ഓടിച്ചെന്നു മോനേ എടുത്തു എന്നിട്ട് ശാലിനിയെ നോക്കി വിളിച്ചു.
ശാലു.....ശാലുവിനും ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല.
ദേവൂ.. അവൾ സന്തോഷത്തോടെ ദേവൂന്റെ ന്റെ കൈ പിടിച്ചു. സന്തോഷം കൊണ്ട് രണ്ട് പേരുടെയും കണ്ണ് നിറഞ്ഞു.
ദേവൂ വേഗം ഗിരിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അവൻ ഓടിയെത്തി..
ദിവസങ്ങൾ സന്തോഷത്തോടെ കടന്നു പോയി കൊണ്ടിരുന്നു.. ശാലിനിക്ക് സംസാരിക്കാനും കൈകൾ ചലിപ്പിക്കാനും കഴിയുമെന്നായി. എങ്കിലും മറ്റുള്ളവർക്ക് ഭാരമായി ശരീരം അനക്കാൻ വയ്യാതെ എത്ര നാൾ.. ഇപ്പോഴാണെങ്കിൽ മോന്റെ കാര്യവും ഗിരിയേട്ടന്റെ കാര്യവും നോക്കാൻ ദേവു ഉണ്ട്..ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
പഴയ ഓർമ്മകൾ രണ്ടു പേരിലും ഉണ്ടെങ്കിലും ഒരു അകലം സൂക്ഷിച്ചു നിന്നിരുന്നു രണ്ടു പേരും..
ഇതൊക്കെ കാണുന്ന ശാലിനി മനസ്സ് കൊണ്ട് ഒരു തീരുമാനം എടുത്തു. ഞാൻ എത്ര നാൾ അനങ്ങാതെയുള്ള ഈ കിടപ്പ് കിടക്കുമെന്ന് അറിയില്ല. രണ്ടു പേരേയും ഒന്നിപ്പിക്കണം.. ഗിരി വന്നപ്പോൾ ശാലിനി കാര്യം പറഞ്ഞു.
അതു വേണ്ട.. ഇപ്പോൾ വയ്യെങ്കിലും നീയെന്റെ ഭാര്യ ആണ്. നീയും മോനും അടങ്ങിയ ഒരു ജീവിതം മതിയെനിക്ക്. അത്രയും പറഞ്ഞു ഗിരി പുറത്തേക്ക് പോയി..
അവൾ പിന്മാറാൻ തയ്യാറല്ലായിരുന്നു. എങ്ങിനെയെങ്കിലും രണ്ടുപേരെയും കൊണ്ട് സമ്മതിപ്പിച്ചേ പറ്റൂ. ഗിരി ചെറുപ്പമാണ്. ഒരു ഭാര്യയുടെ സ്നേഹമോ പരിചരണമോ കൊടുക്കാൻ എനിക്ക് പറ്റില്ല. രാത്രി മരുന്നോ ഭക്ഷണമോ കഴിക്കാൻ അവൾ തയ്യാറായില്ല. അവൾ ഒരു തീരുമാനം എടുത്തു. എങ്ങിനെയെങ്കിലും ജീവിതം അവസാനിപ്പിക്കുക. അവൾക്ക് കഴിക്കാൻ ഉണ്ടായിരുന്ന ഗുളികയെല്ലാം കിടന്നിടത്തുനിന്നും കൈയ്യെത്തിച്ചെടുത്തു എല്ലാം കൂടെ ഒരുമിച്ചെടുത്ത് കഴിച്ചു. തിരികെ വെള്ളത്തിന്റെ പാത്രം വെക്കുന്നതിനിടയിൽ കൈ തട്ടി നിലത്തു വീണു. ഒച്ച കേട്ട് ഓടിയെത്തിയ ദേവു കാണുന്നത് വെള്ളത്തിന്റെ പത്രം നിലത്തു മറിഞ്ഞു കിടക്കുന്നു കൂടെ ഗുളികളുടെയെല്ലാം കവറും...
അപ്പോഴേക്കും ശാലിനിനിയുട കണ്ണുകൾ അടയാൻ തുടങ്ങി...
ദേവു വേഗം ഗിരിയെ വിളിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ചിട്ട് പറഞ്ഞു ഒന്നും പറയാറായിട്ടില്ല. പ്രാർത്ഥിക്കുക. എന്നെ കൊണ്ട് കഴിയുന്നത് ഞാൻ ചെയ്യാം. ബാക്കി ദൈവത്തിന്റെ കൈയിൽ....
അച്ഛാ..... അച്ഛാ.. എന്തോരു ഇരിപ്പാണ് ഇത്.. നേരം എത്രയായി.. മോളുടെ വിളി കേട്ടാണ് ഗിരി ചിന്തയിൽ നിന്നും ഉണർന്നത്...ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിച്ചത്... ശാലിനിയുടെ അപകടം. ദേവുമായിട്ടുള്ള കല്യാണം.... മകളുടെ ജനനം..... വർഷങ്ങൾക്ക് ശേഷം ഇന്ന് ഈ നഗരത്തോട് യാത്ര പറയുകയാണ്... സ്വന്തം നാട്ടിലേക്ക്.. ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ലെന്നറിയാം.... ജോലിയിൽ നിന്നും വിരമിച്ചിട്ടും മക്കളുടെ പഠിത്തം കഴിയാനായി ഇവിടെതന്നെ കഴിയുകയായിരുന്നു.... അടുത്ത മാസം തന്റെ കൂട്ടുകാരനും സഹപ്രവർത്തകനുമായ ദീപുവിന്റെ മകൻ തന്റെ മകളുടെ കഴുത്തിൽ മിന്നു കെട്ടുകയാണ്....
അച്ഛാ.. ഒന്നെഴുനേറ്റു വരുന്നുണ്ടോ... ട്രെയിൻ സമയം ആവറായി... സ്റ്റേഷനിലേക്കുള്ള വണ്ടി ഇപ്പോൾ വരും.. ഗിരി ഇരുന്നിടത്തുനിന്നും എഴുനേറ്റു..
മോളേ.. ചേട്ടൻ എവിടെ....
എന്താ അച്ഛാ.. ഞാൻ ഇവിടെയുണ്ട്.....
ഗിരി അവനെയൊന്ന് നോക്കി..അവൻ വളർന്നു ചുറുചുറുക്കുള്ള യുവാവായി മാറിയിരിക്കുന്നു...
ഒക്കെ റെഡിയല്ലേ മോനേ... റെഡിയാണ്... അച്ഛൻ വേഗം വരൂ..
ഗിരി പെട്ടെന്നു തന്നെ വന്നു. സ്റ്റേഷനിലേക്ക് പോകാനുള്ള വണ്ടിയിൽ ബാഗുകളൊക്കെ എടുത്തുവെക്കാൻ മക്കൾ രണ്ടുപേരും അച്ഛനെ സഹായിച്ചു.
ദേവൂ... ഗിരി അകത്തേക്ക് നോക്കി വിളിച്ചു.. ഇറങ്ങാറായില്ലേ...
ദാ.....വരുന്നൂ.. അവർ പതിയെ പുറത്തേക്ക് വന്നു. കൂടെ വീൽ ചെയറിൽ ശാലുവും.. ഗിരി ഒരു നിമിഷം രണ്ടുപേരെയും നോക്കി നിന്നു.. പിന്നെ പതിയെ മുന്നോട്ട് പോയി വീൽചെയർ വാങ്ങി ഒരു കൈയിൽ വീൽചെയറും മറുകൈയിൽ ദേവുവിനെയും ചേർത്ത് നിറുത്തി പടികൾ ഇറങ്ങി... തന്റെ കുറവുകൾ മനസ്സിലാക്കി ശാലുവും.. ഇത് തന്റെ കടമായാണെന്ന് പറഞ്ഞു എല്ലാം ഏറ്റെടുത്തു നടത്തുന്ന ദേവുവും.. ഒരു പരാതിയോ പരിഭവമോ ഇല്ലാതെ ഭംഗിയായി കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക്‌ ശക്തിപകരുന്ന രണ്ടു കരങ്ങൾ..... എന്റെ പുണ്യം...
വത്സല രാജൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo