നർമ്മം | ഗിരി ബി. വാരിയർ
****
എടോ തോമേ, താൻ ഇന്ന് കാലത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല്യേ നമ്മടെ സർക്കിൾ അദ്ദ്യേം വന്ന് എല്ലാവരേം വിരട്ടിയപ്പോൾ..."
"ഇല്ല, കാലത്ത് ആ കള്ളൻ മാധവനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയിരുന്നു. ..എന്ത് പറ്റി ?"
"പുത്യേ വാഹനനിയമം വന്നേന് ശേഷം മറ്റ് സംസ്ഥാനങ്ങളിൽ ഒക്കെ ഒടുക്കത്തെ കൊയ്ത്താണത്രെ .. ഇരുപത്തയ്യായിരവും, ലക്ഷവും ഒക്കെ തുക പിഴ ഈടാക്കുന്ന വാർത്തകൾ കാണിച്ച് എല്ലാവരെയും തലങ്ങും വിലങ്ങും പറഞ്ഞു. നാളെയെങ്കിലും നല്ലൊരു കോള് തടഞ്ഞില്ലെങ്കിൽ ഹേഡ് അച്ചുസാറ് എടുത്തിട്ട് കുടയും... ഇരുത്തിപ്പൊറുപ്പിക്കില്ല.."
"എടോ ഗോപ്യേ , എനിക്ക് മനസ്സിലാവാത്തത്, ഇൻഷുറൻസും, പൊലൂഷൻ സെർട്ടിഫിക്കറ്റും, ലൈസൻസും കാണിച്ചാലെ പെട്രോൾ കിട്ടൂ എന്ന് പെട്രോൾ പമ്പുകാർ പറഞ്ഞാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു, പെട്രോൾ ഒഴിക്കാതെ ഒരു വണ്ടിയും ഓടിക്കാനും കഴിയില്ല. എന്തെങ്കിലും ആവട്ടെ, താൻ സമാധാനമായി ഇരിക്ക്, നമുക്കുള്ളത് നമ്മളെ തേടി വരും."
പനങ്കള്ള് വലിച്ചുമോന്തി മീൻ ചാറ് തൊട്ടുനക്കിക്കൊണ്ട് തോമയിലെ തത്ത്വജ്ഞാനി ഗോപിയെ ആശ്വസിപ്പിച്ചു
രാത്രി പത്തുമണിയായപ്പോൾ കോൺസ്റ്റബിൾമാരായ ഗോപിയും തോമയും കള്ളുഷാപ്പ് നിലയത്തിലെ പ്രക്ഷേപണം മതിയാക്കി പുറത്തിറങ്ങി. അപ്പോഴേക്കും കള്ള് അകത്ത് ചെന്നതിന്റെ പരിണിതഫലമായി തോമയുടെ ഉള്ളിൽ നിന്നും പഴയ ഗാനങ്ങളുടെ ഡൽഹി റിലേ തുടങ്ങിയിട്ടുണ്ടായിരുന്നു, അതിന്റെ ഈണത്തിലും താളത്തിലും ചവിട്ടി ആടിയാടി വീട് ലക്ഷ്യമാക്കി നടന്നു.
****
"ഹലോ അച്ചുസാറല്ലേ, ഞാനാ കോൺസ്റ്റബിൾ തോമ.... "
"ങ്ങാ... പറ തോമേ. എന്തുപറ്റി ഈ നട്ടപ്പാതിരക്ക്.."
"ഡ്യൂട്ടി കഴിഞ് പോകുമ്പോ എനിക്കും കിട്ടി സാറേ ഒരു ലോട്ടറി "
"ലോട്ടറിയോ.. ഈ പാതിരായ്‌ക്കോ ..താൻ തെളിച്ച് പറയടോ"
"ഒരുത്തനെ പിടിച്ച് നിർത്തിയിട്ടുണ്ട്. നമ്മടെ ഒരു ഫുൾ ചലാൻ പാഡ് മതിയാവില്ല, അത്രയധികം പെറ്റിയടിക്കാനുണ്ട്."
'എന്താ സംഭവം.."
"സാറെ, എന്റെ വീട്ടിലോട്ടുള്ള വഴിയിൽ എംഎൽഎ വാരിജാക്ഷൻ പിള്ളയുടെ വീടിന്റെ മതിലിന് മുൻപിൽ ഈ കക്ഷി ചുറ്റിപ്പറ്റി നിൽക്കുന്നത് കണ്ടു. കഴുത്തിൽ വലിയ കട്ടിയുള്ള സ്വർണ്ണമാല, കയ്യിൽ തങ്കത്തിന്റെ തള, തലയിൽ രത്നം പതിച്ച സ്വർണ്ണകിരീടം.. എന്തോ പന്തികേടുണ്ട്.. കണ്ടിട്ട് പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിയിൽ തലകുത്തിവീണതുപോലെ. എങ്ങോട്ടാ പോകുന്നതെന്ന് ചോദിച്ചപ്പോൾ പറയുന്നു, എംഎൽഎ യെ കൊണ്ടുപോകാൻ വന്നതാണത്രെ.."
"തോമേ, താൻ ആള് കൊള്ളാമല്ലോ. കുറേ തടയുമല്ലോ.. മോഷണം, കിഡ്‌നാപ്പിംഗ് , വധശ്രമം...ദൈവമേ ഇന്നലെ രാത്രി ആരെ കണികണ്ടാവോ ഡ്യൂട്ടിക്ക് വന്നത്."
"സാറേ , ഇതൊന്നും പോരാതെ കക്ഷി വന്നിരിക്കുന്നത് ഒരു പോത്തിന്റെ പുറത്ത്, കയ്യിൽ ഒരു കുന്തം, തോളത്ത് ഒരു വടക്കയർ, കയ്യിൽ ഒരു വാൾ, മാത്രമല്ല പോത്ത് അങ്ങേരുടെ വാഹനമാണെന്നാണ് പറയുന്നത്. പക്ഷെ, പേപ്പർ ഒന്നും ഇല്ല്യ"
"ഹോ. ദൈവമേ.. അപ്പൊ മൃഗസംരക്ഷണ നിയമം ലംഘിച്ചതിന്റെ പേരിൽ ഒരു പെറ്റി .. പൊല്യുഷൻ സർട്ടിഫിക്കറ്റും ഇൻഷുറൻസും ഇല്ലാത്തതിന്റെ വകുപ്പുകൾ വേറെ, പിന്നെ ഡ്രൈവിംഗ് ലൈസൻസ് ഇല്ല, സീറ്റ് ബെൽറ്റിടാതെ വാഹനം ഓടിക്കൽ, ഇതൊരുമാതിരി ചാകരയാണല്ലോ തോമേ. ?"
"എന്തൊക്കെയായാലും സാറേ, കക്ഷിയുടെ പോത്ത് തന്നെയാ നമ്മുടെ നാട്ടിലെ വഴികൾക്ക് പറ്റിയത്. മെർസിഡീസും ഓഡിയും ഒക്കെ നടുവൊടിഞ്ഞു ചാവും. മാരുതി കുണ്ടിൽ പോയാൽ മഷിയിട്ട് നോക്കിയാലും കാണില്ല. പിന്നെ സാറേ, കക്ഷി ഇവിടുത്തുകാരൻ അല്ലത്രേ, പുറത്തേതോ നാട്ടിൽ നിന്നും വന്നതാണത്രേ.. കണ്ടാൽ ഗുണ്ടാ ലുക്ക് ഉണ്ട് ."
"അപ്പൊ കൊട്ടേഷൻ , തീവ്രവാദം, ഗുണ്ടാനിയമം പിന്നെ വേണേൽ അവയവ മാഫിയ കൂടി എഴുതിച്ചേർക്കാം. അല്ല കക്ഷിയുടെ പേരെന്തെന്നാ പറഞ്ഞത്...തിരിച്ചറിയൽ കാർഡ് കാർഡുണ്ടോ..."
"സാറേ അത് മാത്രം ചോദിക്കല്ലേ, ഞാൻ ചിരിച്ചുചിരിച്ച് ചത്തു. ആള് പറയാണ് ഏതോ രാജ്യത്തെ രാജാവാണെന്ന്, യമരാജാവെന്നോ മറ്റോ. ടാറിന്റെ പാട്ടയിൽ വീണ പോലെ കറുത്ത്, കൂടെ നടക്കാൻ ആ പോത്തിന് പോലും ലജ്ജയാണ്, എന്നിട്ടാണ് കക്ഷി പറയണത് രാജാവാന്ന് .. " തോമയ്ക്ക് ചിരി നിയന്ത്രിക്കാനായില്ല.
"തോമേ, ഒക്കെ തട്ടിപ്പാ, താൻ ആ പോത്തിനെ പിടിച്ച് കെട്ടിയിട്, അയാളെ പോകാൻ സമ്മതിക്കരുത്, ഞാൻ ഇപ്പോ കൂടുതൽ ടീമിനെ വിടാം."
പോത്തിനെ പിടിക്കാൻ കയ്യോങ്ങുമ്പോഴേക്കും ചവിട്ടുകൊണ്ട് തോമ താഴെ വീണു.. അവിടെ കിടന്ന് തോമ അലമുറയിട്ടു..
"അയ്യോ സാറേ. ഈ പോത്തെന്നെ ചവിട്ടി കൊന്നേ..."
"പോത്ത് നിങ്ങടെ അപ്പനാ...." ചാള മറിയത്തിന്റെ ശബ്ദത്തിൽ ഭാര്യയുടെ അശരീരി കേട്ടപ്പൊഴാണ് തോമയ്ക്ക് മനസ്സിലായത് പോത്ത് ചവിട്ടിയതല്ല കൂടെക്കിടക്കുന്ന എരുമ തൊഴിച്ചതാണെന്ന്.
"കർത്താവ് രക്ഷിച്ചു, ഞാൻ പോത്തിന്റെ ചവിട്ട് കൊണ്ട് ചത്തൂന്നാ വിചാരിച്ചേ .. .." അനന്തശയനം പോസിൽ കിടന്നുതന്നെ തോമ ഒരു ദീർഘനിശ്വാസം ഇട്ടുകൊണ്ട് പറഞ്ഞു.
"പോത്തല്ല , ഞാനാ നിങ്ങളെ കൊല്ലാൻ പോണേ .. കിട്ടിയ കാശിന് മുഴുവൻ കള്ള് വലിച്ചുമോന്തി മറ്റുള്ളോർടെ ഒറക്കം കളയാതെ കെടന്ന് ഒറങ്ങ് മനുഷ്യാ.." ചാള മറിയയിൽ നിന്നും ഫിലോമിനയിലേക്ക് കയറിക്കൂടി ഭാര്യ പിറുപിറുത്തു.
മരം നിറച്ച ലോറി കയറ്റം കയറുന്നപോലെ കൂർക്കം വലിക്കുന്ന ഭാര്യയേ നോക്കി ഒരു ദീർഘനിശ്വാസമിട്ടുകൊണ്ട് കട്ടിലിന്റെ ഒരു മൂലയിൽ അഭയാർഥിക്യാമ്പിലെ പട്ടിയെപ്പോലെ തോമ ചുരുണ്ടുകൂടി കിടന്നു
അടുത്ത ദിവസം ചവിട്ടുകൊണ്ട തുടയിൽ മെല്ലെ തടവി ഞൊണ്ടി ഞൊണ്ടി ഡ്യൂട്ടിക്ക് പോകുമ്പോൾ, ഒരു ആമ്പുലൻസ് എംഎൽഎ യുടെ വീടിന്റെ പടികടന്ന് അകത്തേക്ക് പോകുന്നുണ്ടായിരുന്നു.
*****
ഗിരി ബി. വാരിയർ
27 സെപ്റ്റംബർ 2019
©copyrights protected
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക