Slider

നിഴലായ്‌ മാത്രം. - Part 14

0

മഹേഷ് ബാലന്‍
ദുര്‍ഗ അതികഠിനമായി ഞെട്ടി ധ്വനിയെ നോക്കി.
വിശ്വസിക്കാന്‍ വയ്യാതെ മിഴിഞ്ഞ കണ്ണുകളോടെ.
ധ്വനി എന്താണ് പറഞ്ഞത്.
തന്റെ മഹിയേട്ടനോ.
ഈശ്വരാ.
ആ ഭാവമാറ്റം കണ്ട് ധ്വനി ചിരിച്ചു.
' ദുര്‍ഗ താന്‍ ചിന്തിക്കുന്നത് ശരിയാണ്.. ഞാന്‍ പറഞ്ഞത് ഇപ്പോള്‍ ദുര്‍ഗയുടെ മഹേഷ്ബാലനെ കുറിച്ചു തന്നെ.'
ദുര്‍ഗയുടെ കണ്ണുകള്‍ പെട്ടന്നു നിറഞ്ഞു
ഹൃദയം പറിഞ്ഞ് വേര്‍പെടുകയാണെന്ന് അവള്‍ക്കു തോന്നി.
മഹിയേട്ടന്‍ തന്നോടിത് മറച്ചുവെച്ചെന്നോ.
എന്തിന്.
ഇത്തിരിക്കാലത്തെ പ്രണയ ബന്ധത്തില്‍ ഇതുവരെ ദുര്‍ഗ ഒന്നും മറച്ചു വെച്ചിട്ടില്ല.
എന്നിട്ട് മഹിയേട്ടന്‍..
മഹിയേട്ടന്‍ മാത്രമോ
സ്വാതി..
അവള്‍.
ഇതുവരെ ഊര്‍മിളാന്റിയേയോ രവിയങ്കിളിനെയോ അറിയില്ലെന്ന അവളുടെ നാട്യം.
' സ്വാതി.. സ്വാതി ഉണ്ടായിരുന്നോ പെണ്ണുകാണാന്‍ വന്നവരുടെ കൂടെ'
വിതുമ്പലടക്കിയാണ് ദുര്‍ഗ ചോദിച്ചത്.
' പറയാം.. ദുര്‍ഗ.. വിഷമിക്കരുത്.. എല്ലാം കേട്ടുകഴിയുമ്പോള്‍ തനിക്കെല്ലാം മനസിലാകും'
അവിടെ നിന്നെഴുന്നേറ്റ് ഓടിപ്പോയി കിടക്കയില്‍ വീണ് ഉറക്കെ കരയാനുള്ള വെമ്പല്‍ ദുര്‍ഗ ശ്രമപ്പെട്ട് അടക്കി.
മനസില്‍ പരദേവതമാരെ സങ്കല്‍പിച്ചു
വലിയേടത്തെ പെണ്‍കുട്ടി ഇങ്ങനെ പതറിക്കൂടാ.
എന്നിട്ടും കണ്ണുകള്‍ നിറഞ്ഞൊഴുകി.
'കരയരുത്.. ദുര്‍ഗ എല്ലാമൊന്ന് കേള്‍ക്കൂ'
ധ്വനിയുടെ സ്വരം ശാന്തമായിരുന്നു.
പൊന്നേത്ത് തെക്കേമനയില്‍ അതിഥികളെ സ്വീകരിക്കാന്‍ എല്ലാവരുമുണ്ടായിരുന്നു
രവിമേനോന്‍
ഊര്‍മിള
വിനയകുമാര്‍
രശ്മി
അഭിഷേക് പുറത്ത് പോയിട്ട് തിരിച്ചു വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും അവന്‍ എത്തിയിരുന്നില്ല.
' വഴി ഒരല്പം തെറ്റി.. പൊന്നേത്ത് തെക്കേമനയെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. തെക്കേത്ത് മനയാണോ എന്ന് ചോദിച്ചപ്പോഴാണ് കാര്യം മനസിലായത്.." ബാലചന്ദ്രന്‍ രവിമേനോന്റെ ഹസ്തദാനത്തില്‍ നിന്നും മോചിതനായ ശേഷം സോഫയിലേക്കിരിക്കുന്നതിനിടെ പറഞ്ഞു
' അതുശരിയാ.. തെക്കേത്ത് മന എന്നാണ് പണ്ടേ അറിയപ്പെടുന്നത്. ' രവിമേനോന്‍ അതിഥികള്‍ക്ക് അഭിമുഖമായി ഇരുന്നു.കൂടെ വിനയകുമാറും.
' ഇതെന്റെ സുഹൃത്ത് വിനയകുമാര്‍. കെ.എസ്.ഇ.ബിയില്‍ ജോലി ചെയ്യുന്നു'
രവിമേനോന്‍ വിനയനെ അവര്‍ക്ക് പരിചയപ്പെടുത്തി.
' ആ നില്‍ക്കുന്നതാണ് വിനയന്റെ വാമഭാഗം. പേര് രശ്മി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ്. അവര്‍ക്കൊരു മകന്‍.. എന്റെ മോളുടെ വലിയ ഫ്രണ്ടാണ്.. ഇവിടില്ല. ഉണ്ടായിരുന്നെങ്കില്‍ അവന്‍ എല്ലാത്തിനും ഉത്സാഹിച്ചേനേ. പിന്നെ ഊര്‍മിളയെ മനസിലായല്ലോ അല്ലേ.. എന്റെ വൈഫ്..'
ബാലചന്ദ്രന്‍ നായരും കുടുംബവും ഊര്‍മിളയെ നോക്കി പുഞ്ചിരിച്ചു
ഊര്‍മിള നേര്‍ത്തചിരിയോടെ നിന്നു.
' എന്റെ കുടുംബത്തെ ഇനി പരിചയപ്പെടുത്തേണ്ടതുണ്ടോ.. എല്ലാവര്‍ക്കും മനസിലായി കാണുമല്ലോ.. ഇതെന്റെ ഭാര്യ. ഇന്ദിരാദേവി. വലിയ പഠിപ്പൊക്കെയുണ്ടെങ്കിലും വീട്ടമ്മയായി ചടഞ്ഞു കൂടാനാണ് ഇഷ്ടം. പാചകമാണ് ഹോബി. പിന്നെ ഇത് മകള്‍ സ്വാതി. ഇവിടെ ഗവ എഞ്ചിനീയറിംഗ് കോളജില്‍ ചേര്‍ന്നിട്ടുണ്ട്. ഇതാണ് നമ്മുടെ കല്യാണചെക്കന്‍.. മഹേഷ്.. '
എല്ലാവരുടെയും കൗതുകത്തോടെയുള്ള നോട്ടം തന്നിലേക്കാണെന്ന് മഹേഷ് ബാലന് മനസിലായി.
്അവന്‍ അവരെ നോക്കി മന്ദഹസിച്ചു
കാഴ്ചയില്‍ സ്മാര്‍ട്ടും സുമുഖനുമായ ഒരു യുവാവ്.
ധ്വനിയ്ക്ക് അവന്‍ നന്നായി ചേരുമെന്ന് ഓരോരുത്തരും മനസില്‍ കുറിച്ചു.
അതിന്റെ സന്തോഷം എല്ലാ മുഖങ്ങളിലും പ്രകടമായി.
രവിമേനോനും ബാലചന്ദ്രനും കൂടി തങ്ങളുടെ പഠനകാലത്തെ രാഷ്ട്രീയ സംഘട്ടനങ്ങളെ കുറിച്ചൊക്കെ കുറച്ചുനേരം ഓര്‍മ പങ്കിട്ടു.
ഓരോ അനുഭവവും കേള്‍വിക്കാരെ ചിരിപ്പിച്ചു കൊണ്ടിരുന്നു.
' ഇനി മതി.. ഇത്രയും നേരത്തെ ഏകാന്തത സഹിച്ച് അകത്തൊരു ഭദ്രകാളി ഇരിപ്പുണ്ട്... ഇനിയും വൈകിയാല്‍ അവളിങ്ങോട്ട് ഇറങ്ങിവരും.'
രവിമേനോന്‍ ചിരിച്ചു.
' ഒന്നല്ലേയുള്ളു .. കുറുമ്പിയാ.. ഇങ്ങോട്ടു വിളിക്കാം.. ഉമേ ..പോയി മോളെ കൊണ്ടുവരൂ'
രവിമേനോന്‍ പറഞ്ഞു
ഊര്‍മിളയും രശ്മിയും കൂടിയാണ് അകത്തേക്ക് ചെന്നത്.
രശ്മി നേരത്തെ തന്നെ ധ്വനിയെ ഒരുക്കി നിര്‍ത്തിയിരുന്നു.
ദാവണിചുറ്റി തനി മലയാളിപ്പെണ്ണായിട്ടായിരുന്നു ഒരുക്കം.
'മോളേ.. വരൂ.. അവരു വിളിക്കുന്നുണ്ട്'
രശ്മി ചെന്ന് അവളെ വിളിച്ചു
'ആന്റീ എന്റെ ചെക്കനെങ്ങനെയുണ്ട്.. കൊള്ളാമോ'
ധ്വനിയ്ക്ക് അതറിയാനായിരുന്നു ആകാംക്ഷ.
'പിന്നെയല്ലാതെ.. എന്തായാലും രവിയേട്ടന്റെ സെലക്ഷന്‍ ഒട്ടും തെറ്റിയിട്ടില്ല. നീ വാ'
രശ്മി അവളുടെ കൈപിടിച്ചു
അപ്പോഴേക്കും ട്രേ നിറയെ ചില്ലു ബൗളുകളില്‍ പായസവുമെടുത്ത് ഊര്‍മിളയുമെത്തി.
രണ്ടുപേര്‍ക്കും പിന്നിലായെത്തിയ ധ്വനിയെ കൗതുകത്തോടെയാണ് മഹേഷ്ബാലനും സ്വാതിയും നോക്കിയത്.
ശ്രീത്വം വിളങ്ങുന്ന രൂപമായിരുന്നു അവള്‍ക്ക്.
സ്വാതി തിരിഞ്ഞ് അച്ഛനെയും അമ്മയേയും നോക്കി.
്അവരുടെ മുഖവും പ്രസന്നമായിരുന്നു.
എല്ലാവര്‍ക്കും എന്തുകൊണ്ടും ഇഷ്ടപ്പെട്ടത് കൊണ്ടുതന്നെ ഊര്‍മിള കൊണ്ടുവന്ന പാല്‍പായസത്തിന് ഇരട്ടിമധുരമുണ്ടെന്ന് തോന്നി.
താഴത്തെ നിലയിലെ ഗസ്റ്റ് റൂമിലായിരുന്നു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.
എത്രയൊക്കെ മോഡേണായി ചിന്തിച്ചിട്ടും തന്റെ കൈയ്യും കാലും വിറയ്ക്കുന്നുണ്ടെന്ന് ധ്വനിയ്ക്ക് തോന്നി.
ഡ്രെസിംഗ് ടേബിളില്‍ ചാരി നില്‍ക്കുമ്പോഴാണ് മഹേഷ് ബാലന്‍ അകത്തേക്ക് വന്നത്.
' പേരും വീടും മറ്റു വിവരങ്ങളുമൊക്കെ കിട്ടി.. ഇനി എനിക്കറിയേണ്ടത് ധ്വനിയ്ക്ക് എന്തെങ്കിലും പ്രണയബന്ധം ഉണ്ടോന്നാണ്. ഉണ്ടെങ്കില്‍ പറയണം.. ഞാനെന്തെങ്കിലും പറഞ്ഞ് വേണ്ടാന്ന് വെച്ചോളാം'
മഹേഷിന്റെ ആദ്യത്തെ ചോദ്യം തന്നെ ധ്വനിയെ ചിരിപ്പിച്ചു
' അങ്ങനെ ഒന്നൂല്ല മാഷേ.. ഉണ്ടെങ്കില്‍ എന്റെ അച്ഛനോട് പറയാനുള്ള ധൈര്യവും എനിക്കുണ്ട്‌ട്ടോ'
' മാഷല്ല.. ഡോക്ടര്‍.. ഡോക്ടര്‍..'
മഹേഷ് തിരുത്തി
' ആ.. ഡോക്ടറേ.. ' ധ്വനിയുടെ ചിരി മഹേഷ് കണ്‍നിറയെ നോക്കി നിന്നു.
അവളെ ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാവില്ല.
' എന്താ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നേ'
എത്ര പെട്ടന്നാണ് തങ്ങള്‍ക്കിടയിലെ അപരിചിതത്വം മാഞ്ഞു പോയതെന്ന് ഓര്‍ത്തുകൊണ്ടാണ് ധ്വനി ചോദിച്ചത്.
' കാര്‍ഡിയോളജിസ്റ്റ്..'
' അതുശരി.. ചങ്ക് തുരപ്പന്‍ അല്ലേ..'
അവളുടെ ചോദ്യം മഹേഷിനെയും ചിരിപ്പിച്ചു
'എന്നാല്‍ പറയ്.. എന്റെ നെഞ്ചിലിപ്പോള്‍ എന്താണ്.. എന്തായിരിക്കും എന്റെ ആന്‍സര്‍.. യേസ് എന്നോ.. നോ എന്നോ'
തന്റെ കണ്ണുകളുമായി കോര്‍ത്ത അവളുടെ നോട്ടത്തില്‍ നക്ഷത്രങ്ങള്‍ മിന്നുന്നത് മഹേഷ് ബാലന്‍ കണ്ടു
' അതിനിപ്പോള്‍ ഹാര്‍ട്ട് ഓപ്പറേഷനൊന്നും വേണ്ട.. ഈ കണ്ണിലുണ്ടല്ലോ എനിക്കുള്ള ആന്‍സര്‍'
ധ്വനിയുടെ മുഖത്ത് ലജ്ജ പ്രകടമായി.
' ഇപ്പോഴൊന്നും മാരേജ് വേണ്ടെന്നാ ഞാന്‍ കരുതിയിരുന്നത്. സ്വാതീടെ പഠിപ്പും മാരേജും കഴിഞ്ഞിട്ടുമതി എന്ന്.. പക്ഷെ ധ്വനിയെ കണ്ടപ്പോള്‍ ഇനി വൈകുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നുന്നു'
അല്‍പം തമാശമട്ടില്‍ നില്‍ക്കുന്ന മഹേഷിന്റെ മുഖത്തേക്ക് ധ്വനി ഒന്നു പാളിനോക്കി
' കഴിഞ്ഞോ വാചകമടി'
അപ്പോഴേക്കും സ്വാതി അകത്തേക്ക് കയറി വന്നു
ധ്വനി അവളെ സാകൂതം നോക്കി.
മെലിഞ്ഞ് നീണ്ട ഒരു നീളന്‍ മുടിക്കാരി.
നാത്തൂന്‍ സുന്ദരിയാണെന്ന് അവള്‍ മനസില്‍ കരുതി.
' സ്വര്‍ഗത്തില്‍ കട്ടുറുമ്പായെങ്കില്‍ ക്ഷമിക്കണം..' സ്വാതി ചിരിച്ചു.
' എനിക്കെന്റെ ഏട്ടത്തിയെ കാണാന്‍ കൊതിയായിട്ടു വന്നതാ'
ധ്വനി അവളെ നോക്കി ചമ്മലോടെ ചിരിച്ചു
' എനിക്കിഷ്ടായി.. കണ്ടപ്പോഴേ ഇഷ്ടായി... ഇനിയിപ്പോ ഏട്ടന് ഇഷ്ടപ്പെട്ടില്ലെങ്കിലും വേണ്ടില്ല.. വേഗം കല്യാണം നടന്നാല്‍ മതി'
അവളുടെ സംസാരം കേട്ട് ധ്വനിയ്ക്ക് ചിരിവന്നു.
' ഞാന്‍ തമാശ പറഞ്ഞതല്ലാട്ടോ.. അവിടെ ചര്‍ച്ച നടക്കുന്നുണ്ട്. അടുത്തമാസം നിശ്ചയം.. അതു കഴിഞ്ഞാല്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ വിവാഹം.. മഹിയേട്ടനെ പൂട്ടാന്‍ തന്നെയാ തീരുമാനം.'
ധ്വനിയുടെ മുഖം ചുവന്നു
ഏട്ടനെയും അനിയത്തിയേയും അവള്‍ക്കൊരുപാട് ഇഷ്ടപ്പെട്ടു.
രശ്മിയാന്റി പറഞ്ഞത് പോലെ അച്ഛന്റെ സെലക്ഷന്‍ തെറ്റിയില്ല. അവൾ അതോർത്ത് മന്ദഹസിച്ചു
പെണ്ണുകാണല്‍ ചടങ്ങ് ഒരു ഹെവി ഭക്ഷണത്തോടെയാണ് അവസാനിച്ചത്.
രണ്ടുമാസത്തിനുള്ളില്‍ വിവാഹം എന്ന തീരുമാനത്തോടെ ബാലചന്ദ്രന്‍നായരും കുടുംബവും യാത്രപറഞ്ഞു.
കാറില്‍ മടങ്ങുമ്പോഴും മഹേഷിന്റെ കണ്ണുകള്‍ ധ്വനിയെ തേടി.
' നല്ലൊരു പെണ്‍കുട്ടി.. ആ വീട്ടുകാരുടെ സ്വഭാവവും നന്ന്.. സ്വാതിയ്ക്ക് കൂടി ഇങ്ങനെ നല്ലൊരിടത്തൂന്ന് ആലോചന വന്നാല്‍ മതിയായിരുന്നു' ഇന്ദിരാദേവി പറഞ്ഞു.
' ഞാനെന്തായാലും എഞ്ചിനീയറായിട്ടേ വിവാഹം കഴിയ്ക്കൂ.. പിന്നെ ഇങ്ങനെ അറേഞ്ച്ഡ് മാര്യേജും വേണ്ട.. പക്കാ ലവ് മാരേജായിരിക്കും എന്റേത്.'
സ്വാതി പ്രഖ്യാപിച്ചു
' ആരെയെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടോ മോളേ'
ബാലചന്ദ്രന്‍ നായര്‍ മുന്‍സീറ്റില്‍ നിന്നും തലചെരിച്ച് പിന്നിലേക്ക് നോക്കി.
' ഇല്ല.. സമയം വരട്ടെ'
സ്വാതി ചിരിച്ചു.
ധ്വനി അവളുടെ റൂമില്‍ മഹേഷിനെ തന്നെ ഓര്‍ത്തു കിടക്കുകയായിരുന്നു.
ഇന്ദിരാദേവി നല്‍കിയ മഹേഷിന്റെ ഫോട്ടോയിലേക്ക് അവള്‍ കൂടെക്കൂടെ നോക്കി.
ഇത്ര സുമുഖനും ചെറുപ്പക്കാരനുമായ ഒരാളെ തനിക്ക് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
മഹേഷിന്റെ ഭാര്യയായി അഗ്നിയ്ക്ക് വലംവെക്കുന്നതു വരെ ചിന്തകളെത്തി.
ധ്വനിയുടെ കവിളുകളില്‍ ലജ്ജ പൂത്തു.
അപ്പോൾ ജോയ്സിലെ ബാറിലിരുന്ന് ആറാമത്തെ പെഗും ഒറ്റ വലിക്ക് കുടിക്കുകയായിരുന്നു അഭിഷേക് .
കണ്ണിന് മുമ്പിൽ ധ്വനിയുടെ മുഖം മാത്രം.
രവിയങ്കിൾ ചോദിച്ചതാണ് തന്നോടവൾക്ക് താത്പര്യമുണ്ടോ എന്ന്.
അവളുടെ യേസ് എന്ന ഒരൊറ്റ സമ്മതത്തിന് തന്റെ ജീവിതം മാറ്റിമറിക്കാൻ കഴിയുമായിരുന്നു.
കൈപ്പിടിയിൽ നിന്ന് ഒരിക്കലും വഴുതിപ്പോകില്ലെന്ന് കരുതിയ വിലപിടിപ്പുള്ള രത്നമാണ് വിരലുകൾക്കിടയിലൂടെ ചോർന്നു പോയത്.
കുട്ടിക്കാലം മുതൽ താനല്ലാതെ മറ്റൊരു ലോകമില്ലായിരുന്നു അവൾക്ക്.
നല്ലൊരു കൂട്ടുകാരി പോലും
താനില്ലാത്തൊരു ലോകത്തെ കുറിച്ച് അവൾക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് തോന്നി.
എന്നിട്ടും അവൾ പോയി.
ആണല്ലാഞ്ഞിട്ടല്ല അവളെ തൊട്ടു നോക്കാൻ പോലും ശ്രമിക്കാതിരുന്നത്.
അവൾ അറിയാത്ത തന്റെ ലോകത്ത് സ്വന്തം കിടക്കയിൽ നിന്ന് സംതൃപ്തിയോടെ എഴുന്നേറ്റ് പോയ എത്രയോ സ്ത്രീകൾ...
എന്നിട്ടും രാവും പകലും ഒരു നഖപ്പാടു പോലും വരുത്താതിരുന്നത് അവളെ ഒരിക്കലും പിണക്കരുതെന്ന് ബോധ്യമുണ്ടായിരുന്നത് കൊണ്ടാണ് .
എല്ലാ വാശികൾക്കും വഴങ്ങിയത് അതുകൊണ്ടാണ്. അവൾ ഇങ്ങോട്ടു വരുന്നതുവരെ കാത്തു നിന്നത്.വന്നില്ലെന്ന് മാത്രമല്ല തക്ക സമയം വന്നപ്പോൾ പറന്ന് പോകുകയും ചെയ്യുന്നു.
മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ട് അവൻ ജീൻസിന്റെ പോക്കറ്റിൽ നിന്നും അതെടുത്ത് നോക്കി.
സുനിലാണ്.
"നീ എന്താടാ അഭീ വിളിച്ചിട്ട് ഫോണെടുക്കാത്തത്.. എവിടെയാ നീ ".
സുനിൽ മാത്യുവിന്റെ ശകാരം കേട്ടു .
" ഞാൻ ജോയ്സിലുണ്ട്.. നിനക്കെന്താ വേണ്ടത്.. അതു പറ"
അടുത്ത പെഗ് ഗ്ലാസിലേക്കൊഴിക്കുന്നതിനിടെ അഭിഷേക് കലമ്പി.
"എടാ ആ മുംബൈക്കാരൻ രാം നായിക്ക് നാളെ കേരളത്തിലെത്തും. നീ അയച്ച പ്രോജക്ടിൽ അയാൾ സാറ്റിസ്ഫൈഡാണ്. ആദ്യം നീ കമ്പനി സക്സസാക്കി കാണിക്ക്. പിന്നെ എത്ര പണം വേണേലും മുടക്കാൻ മൂപ്പര് റെഡി. നാളെ നിന്നോടൊന്ന് ചെന്ന് കാണാൻ പറഞ്ഞു. "
" കോപ്പിലെ പ്രോജക്ട്, .നാശം പിടിക്കട്ടെ. നാളെ കണ്ടിട്ട് കാര്യമില്ല സുനിലേ.
ഇരുന്നൂറു കോടി സ്വന്തം കൈയ്യീന്നിടാൻ എനിക്കിപ്പോ കഴിവില്ല "
അഭിഷേക് കാൾ കട്ട് ചെയ്തു.
സുനിൽ മാത്യു പിന്നെയും വിളിച്ചെങ്കിലും അവൻ കോൾ കട്ട് ചെയ്തു കളഞ്ഞു.
ആ മുംബൈക്കാരൻ ഇൻറെസ്റ്റ്ഡാണെങ്കിൽ ധ്വനിയെക്കുറിച്ച് രവിയങ്കിളിനോട് സംസാരിക്കാമെന്നാണ് കരുതിയത്.
ആരെയും വീഴ്ത്താൻ മാത്രം സെന്റിമെന്റ്സ് ഉണ്ട് തന്റെ കൈയ്യിൽ.
അങ്കിളും ഉമാന്റിയും മൂക്കും കുത്തി വീണേനെ.
മരുമകന്റെ സ്വപ്നങ്ങൾ രവിയങ്കിൾ പൂർണ മനസോടെ ഏറ്റെടുത്തേനെ.
പക്ഷേ അപ്പോഴും പ്രതീക്ഷിച്ചത് ധ്വനി തന്നെ തള്ളിപ്പറയില്ലെന്നാണ്.
അഭിഷേകിന്റെ ചിന്തകൾക്ക് തീപിടിച്ചു.
ആടിയാടി അവൻ എഴുന്നേറ്റു.
"സർ.. സൂക്ഷിച്ച് "
മാനേജർ ഒന്നോർമ്മപ്പെടുത്തി
"മദ്യപിക്കുന്നത് ആദ്യമായിട്ടല്ല.. മദ്യപിച്ച് വണ്ടിയോടിക്കുന്നതും ആദ്യമല്ല "
വഴുക്കുന്ന ശബ്ദത്തിൽ പുച്ഛിച്ചു കൊണ്ട് അഭിഷേക് ബുള്ളറ്റിൻ ചെന്നു കയറി.സ്റ്റാർട്ടാക്കാനുള്ള ബുദ്ധിമുട്ടേയുള്ളു. പിന്നെ പറന്നോളും .നാഷണൽ അവാർഡ് പലതും കൈ നീട്ടി വാങ്ങിയ റേയ്സറാണ് താൻ.
ബുള്ളറ്റ് നേരെ ചെന്നു നിന്നത് തെക്കേത്ത് വീടിന്റെ മുറ്റത്താണ്.
ഊർമിളയും രവി മേനോനും ധ്വനിയുടെ വിവാഹക്കാര്യം സംസാരിച്ചുകൊണ്ട് ഹാളിലിരിപ്പുണ്ടായിരുന്നു.
"ധ്വനിയെവിടെ "
ഹാളിലേക്ക് കയറിച്ചെന്ന ഉടൻ അവൻ തിരക്കി
"റൂമിലുണ്ട്.. നീയെവിടെയായിരുന്നു അഭീ "
രവി മേനോൻ ചോദിച്ചു.
" ഒരു ബിസിയിൽ ചെന്നു പെട്ടു പോയി. ഞാൻ ധ്വനിയെ ഒന്നു കണ്ടിട്ട് വരട്ടെ"
താൻ മദ്യപിച്ചുവെന്ന് അവർ അറിയരുതെന്ന തിടുക്കത്തോടെ അഭിഷേക് സ്റ്റെയർകേസ് കയറിത്തുടങ്ങി.
"എന്താ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് " ആ പോക്കു നോക്കി രവി മേനോൻ അത്ഭുതപ്പെട്ടു.
"കള്ളുകുടിച്ചോന്നൊരു സംശയം ണ്ട് " ഊർമിളയുടെ സംശയം ശരി വെക്കുന്നത് പോലെ രവി മേനോൻ അവനെ നോക്കിയിരുന്നു.
"അവനെന്തോ ധ്വനിയുടെ ഫ്രണ്ട്ഷിപ് നഷ്ടപ്പെടുന്നതിൽ വിഷമുണ്ടെന്ന് തോന്നുന്നു. കുഞ്ഞിലേ കൂട്ടുകൂടി നടന്നതല്ലേ. പെട്ടന്ന് ഒരാൾ കൂടെ ഇല്ലാതാകുമ്പോൾ ആർക്കായാലും സങ്കടം വരും".
രവി മേനോൻ സഹതപിച്ചു.
ഓരോ സ്റ്റെപ്പും വെക്കുമ്പോൾ അഭിഷേകിന്റെ മനസിടറി.
ധ്വനിയോട് പറഞ്ഞു നോക്കാം
അവളെ മറക്കാൻ പറ്റില്ലെന്നോ അവളില്ലാതെ ജീവിക്കാൻ വയ്യെന്നോ കാലു പിടിച്ച് പറയാം.
ഇത്ര നാൾ ഒന്നിച്ച് നടന്ന തന്നെ വേണ്ടെന്ന് വെക്കാൻ അവൾക്ക് കഴിയില്ല.
ഇന്നു കണ്ട ഒരുത്തൻ അവളുടെ മനസിൽ കടന്നു കയറിക്കാണില്ല.
അവൻ അവളുടെ റൂമിന്റെ ചാരിയിട്ടിരുന്ന ഡോറിൽ തട്ടി.
' ധ്വനി'
മുറിയ്ക്ക് പുറത്ത് നിന്നും അവൾ അഭിഷേകിന്റെ വിളി കേട്ടു.
"ഓ.. വന്നല്ലോ വനമാല"
ധ്വനി എഴുന്നേറ്റത് അല്‍പ്പം പരിഭവത്തോടെയാണ്. മുഖം വീർപ്പിച്ച് കൊണ്ട് അവൾ വാതിൽ മലർക്കെ തുറന്ന് അവന്റെ അടുത്തേക്ക് ചെന്നു
"ധ്വനി " നിസഹായത നിറഞ്ഞ ശബ്ദത്തിൽ അഭിഷേക് അവളെ വിളിച്ചു.
' പോ അവിടുന്ന് മിണ്ടണ്ട.. എന്റെ ചെക്കന്‍ വന്നപ്പോ നീയെവിടെയായിരുന്നു അഭീ'
അവള്‍ മുഖം വീര്‍പ്പിച്ചു
അഭിഷേക് ഞെട്ടിപ്പോയി
പിണങ്ങിയ നാട്യ മാണെങ്കിലും പൂത്തിരി കത്തുന്ന ഭാവമായിരുന്നു ആ മുഖത്ത്.
' നിന്റെ ചെക്കനോ..'
അഭിഷേകിന്റെ മുഖം വിവര്‍ണമായി
' ഇനി എന്റേതാകാന്‍ അധികം ദിവസമില്ലല്ലോ.. ഞാന്‍ എണ്ണി നോക്കി കൃത്യം അമ്പത്തിനാല് ദിവസം. '
വിളക്കണയുന്നത് പോലെ അവന്റെ മുഖത്തെ പ്രകാശമണഞ്ഞു.
"സത്യം പറഞ്ഞാൽ അഭീ കഴിഞ്ഞ ജന്മത്തിലും മഹിയേട്ടൻ തന്നെയായിരുന്നു എന്റെ ഭർത്താവ് എന്നു തോന്നുന്നു. എന്താണെന്നറിയില്ല. കണ്ടപ്പോഴേ എനിക്ക് ഒരു പാട് സ്നേഹം തോന്നിപ്പോയി. ഇനി മറക്കാൻ പറ്റില്ല.മഹിയേട്ടനെ കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യാനും ഞാൻ തയാറാണ്".
പാതി കളിതമാശയായിട്ടാണ് അവൾ പറയുന്നതെങ്കിലും തന്റെ മനസിൽ കരുതിയ ചോദ്യങ്ങൾക്കും അപേക്ഷകൾക്കുമുള്ള മറുപടിയാണ് അതെന്ന് അഭിഷേകിന് തോന്നിപ്പോയി.
ധ്വനി അവന്റെ മുഖത്തെ ഭാവമാറ്റം കണ്ടു.
"നിനക്കെന്താടാ ചക്കരേ ഭയങ്കര വിഷമം. അതൊന്നും വേണ്ട.. ഞാനിങ്ങ് ഓടി വരില്ലേ നിന്നെ കാണാൻ ".
ധ്വനി അവന്റെ കൈ പിടിച്ചു
അഭിഷേക് ആ കൈ കുടഞ്ഞ് തെറിപ്പിച്ചു.
ധ്വനി അത് തമാശയായിട്ടാണെടുത്തത്.
"നീയെന്തിനാ എന്നോട് ഗുസ്തിക്ക് വരണേ.എന്നായാലും കല്യാണം കഴിക്കണ്ടേ ടാ.
ഇനി നിനക്കും വേണ്ടേ അഭീ മാരേജ്.. പഠിത്തം കഴിഞ്ഞ് നീയിങ്ങനെ തെക്കുവടക്ക് നടന്നോട്ടോ.. നീയെന്നോട് ഒരു ബിസിനസ് പ്ലാനിനെ പറ്റി പറഞ്ഞില്ലേ.. നൂറുശതമാനം വിജയിക്കുന്ന പ്രോജക്ടാണത്.. അതെങ്ങനെയെങ്കിലും നടത്താന്‍ നോക്ക് അഭീ'
അതേ പറ്റി ഓർത്തതും അഭിഷേകിന് തല പെരുത്തു. മുഖത്തേക്ക് കോപം ഇരച്ചുകയറി.
' മൈൻഡ് യുവർ വേർഡ്സ്.. അതു നടക്കണമെങ്കില്‍ ഒന്നും രണ്ടുമല്ല ഇരുന്നൂറ് കോടി രൂപ വേണം..ഇരുന്നൂറ് കോടി.. അത്രയൊന്നും പണം എന്റെ ഡാഡീടെ കൈയ്യിലില്ല തരാന്‍.. നിന്നെപ്പോലെ ശതകോടീശ്വര സന്തതിയല്ല ഞാൻ'
അഭിഷേകിന്റെ മുഖം ക്ഷോഭം കൊണ്ട് ചുവന്നത് നോക്കി ധ്വനി അന്തം വിട്ട് നിന്നു.
' എന്റെ ഡ്രീം ഞാന്‍ സക്‌സസാക്കിക്കോളാം.. നീയതില്‍ വറീഡാകണ്ട ധ്വനീ.. നീയെന്താ എന്നെ ഉപദേശിക്കാന്‍ വരുന്നോ.. അതോ മാരേജ് ഫിക്‌സ് ചെയ്തപ്പോഴേക്കും നീ വളരെ മെച്വേര്‍ഡായിപ്പോയോ.. ആളുകളെ ഇന്‍സല്‍ട്ട് ചെയ്ത് സംസാരിക്കാന്‍ നീയെവിടുന്നാ പഠിച്ചത് ധ്വനി.. എനിക്കിതില്‍ താത്പര്യമില്ല.. ഞാന്‍ പോകുന്നു. ബൈ'
അഭിഷേക് ദേഷ്യപ്പെട്ടു കൊണ്ട് പിന്തിരിഞ്ഞു
ഇത്രയധികം കോപിക്കാന്‍ താനെന്ത് തെറ്റ് ചെയ്‌തെന്ന് അമ്പരന്ന് ധ്വനി രണ്ടു നിമിഷം നിന്നു.
പിന്നെ ഓടിച്ചെന്ന് മഹേഷിന്റെ ഫോട്ടോയുമെടുത്ത് അവന്റെ പിന്നാലെ ചെന്നു
' അഭീ.. സോറിഡാ.. നീയിത് നോക്ക്.. കണ്ടോ.. ഇതാണ് എന്നെ പെണ്ണു കാണാന്‍ വന്ന ചെക്കന്‍'
അഭി തിരിഞ്ഞു നോക്കാതെ സ്‌റ്റെയര്‍കേസ് ഇറങ്ങിപ്പോയി
അവന്റെ ബുള്ളറ്റ് പോര്‍ച്ചില്‍ വന്നു നി്ന്നപ്പോള്‍ രശ്മി പുറത്തേക്ക് ഇറങ്ങി വന്നു
തെക്കേത്തു നിന്നും വന്നവഴിയായിരുന്നു അവര്‍.
' നീയെന്താടാ ധ്വനീടെ വീട്ടുകാര്‍ വന്നപ്പോള്‍ മുങ്ങിക്കളഞ്ഞത്'
അവന്‍ ഹാളിലേക്ക് കയറി വന്നപ്പോള്‍ രശ്മി തിരക്കി
ടിവി കാണുകയായിരുന്ന വിനയകുമാറും മകനെ വീക്ഷിച്ചു
' ധ്വനീടെ വീട്ടുകാരോ' അഭിഷേക് മുഖം ചുളിച്ചു
' ആ.. കല്യാണം ഉറപ്പിച്ചില്ലേ.. ഇനിയിപ്പോ അവരല്ലേ അവളുടെ വീട്ടുകാര്‍'
അഭിഷേക് ഒന്നും മിണ്ടിയില്ല.
മദ്യത്തിന്റെ ഗന്ധം അവനു ചുറ്റും പ്രസരിക്കുന്നുണ്ടായിരുന്നു.
' നീയിങ്ങനെ കുടിച്ചു നടന്നോ.. ധ്വനിയുടെ കൂടെയുള്ള നിന്റെ കൂട്ടുകെട്ടും തെണ്ടലും ഒക്കെ കണ്ടപ്പോള്‍ ഞാനൊത്തിരി ആശിച്ചതാ അവളെ എന്റെ മരുമോളായിട്ട് കിട്ടുമെന്ന്.. അത്ര നല്ലൊരു കുട്ടിയായിരുന്നു അവള്‍..അപ്പോ മുടിഞ്ഞ ഫ്രണ്ട്ഷിപ്പ് മാത്രമാണത്രേ.. ശരിക്കും നിരാശ തോന്നുകയാ എനിക്ക്' രശ്മി വിലപിച്ചു.
അഭിഷേക് അവരെ കടന്ന് തന്റെ റൂമിയിലേക്ക് നീങ്ങി.
' പെണ്‍കുട്ടീടെ കാര്യം വിട്.. ധ്വനിയെ നമുക്ക് കിട്ടിയാല്‍ ഇവന്‍ എത്ര കോടി സ്വത്തിന്റെ ഉടമയാകുമെന്ന് വല്ല ചിന്തയുമുണ്ടോ.. ഇവന്റെ കമ്പനി സ്വപ്‌നമൊക്കെ പുല്ലുപോലെ സാധിച്ചേനെ.. ആ.. നമുക്ക് തോന്നിയിട്ട് കാര്യമില്ലല്ലോ രശ്മി.. അവനും ധ്വനിയ്ക്കും തോന്നിയില്ലല്ലോ.. ഇനിയിപ്പോ ഇവനും നല്ലൊരു ബന്ധം കണ്ടെത്തണം'
വിനയകുമാറിന്റെ വാക്കുകള്‍ അഭിഷേകിന്റെ കാതുകളെ പൊള്ളിച്ചു.
' എനിക്ക് വേറെയാരെയും വേണ്ട.. അവളെ മതി..ധ്വനിയെ.. വിട്ടുകളഞ്ഞാല്‍ ചീട്ടുകൊട്ടാരം പോലെ തകരുന്നത് എന്റെ സ്വപ്‌നങ്ങളായിരിക്കും'
അഭിഷേക് പല്ലുഞെരിച്ച് വാക്കുകള്‍ കടിച്ചമര്‍ത്തി.
............തുടരും................
Written by 
Shyni John

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo