°°°°°°°°°°°°°°°°°
" സുജൻ... ഇന്ന് ഒരു രാത്രിയേ നിന്റെ മുമ്പിലുള്ളൂ. നിനക്ക് കഴിവുണ്ടോ എന്നത് നീ തെളിയിക്കണം "
ആ ഒരു വാചകത്തോടെ മറുതലയ്ക്കൽ ഫോൺ വെച്ചിട്ടും കുറച്ചുനേരം കൂടി സുജൻ റിസീവർ ചെവിയോട് ചേർത്തു തന്നെ പിടിച്ചു. പിന്നെ മെല്ലെ അത് ഫോണിലേക്ക് വെച്ചു സീറ്റിലേക്ക് ചാഞ്ഞു.
" എന്താടോ... എന്ത് പറ്റി ? ആരായിരുന്നു ഫോണിൽ ? " തൊട്ടടുത്തെ സീറ്റിലിരുന്ന ലിസി സുജന്റെ ഭാവമാറ്റം കണ്ട് ഉത്കണ്ഠയോടെ ചോദിച്ചു.
" ഏയ്... ഒന്നുമില്ല. " അത് പറഞ്ഞു മുമ്പിലെ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് കണ്ണുകൾ ഉറപ്പിക്കുമ്പോഴും അവന്റെ മനസ്സിൽ മുഴങ്ങിയത് നേരത്തെ കേട്ട ആ സ്ത്രീശബ്ദം ആയിരുന്നു.
" അബോർഷൻ എങ്ങിനെയാണ് തെറ്റാവുന്നത് സുജൻ !? സമൂഹത്തിന്റെ കണ്ണുകളിലാണ് നമ്മുടെ ജീവിതം തന്നെ. ആ കണ്ണുകളെ തൃപ്തിപ്പെടുത്തുവാൻ എങ്കിലും അത് ചെയ്തേ മതിയാവൂ. ചിലപ്പോൾ ആദ്യത്തെ അനുഭവം ആയതുകൊണ്ടാവണം തനിക്കിത് ബുദ്ധിമുട്ട് ആയി തോന്നുന്നത്. എനിക്കിത് ആദ്യത്തെ അനുഭവം ഒന്നുമല്ല. അതുകൊണ്ട് തന്നെ എനിക്കൊരു പുതുമയും തോന്നുന്നില്ല. തന്റെ വാദം തന്നെ വിചിത്രമായാണ് എനിക്ക് തോന്നുന്നത്. കുറച്ചൊക്കെ തന്റേടത്തോടെ പെരുമാറു സുജൻ. ഇത്രയ്ക്ക് മനക്കട്ടി ഇല്ലാതെ എങ്ങിനെയാണ് ഇന്നത്തെ കാലത്ത് ജീവിക്കുവാൻ സാധിക്കുക. ഒന്നുമില്ലെങ്കിലും താങ്കൾ ഒരാണല്ലേ ?"
അവസാനവാചകം ഓർമ്മയിൽ വന്നതും അയാൾ കടുത്ത അസഹ്യതയിൽ ഷിറ്റ് എന്ന വാചകത്തോടെ മുഖം ഇരുവശത്തേക്കും വെട്ടിക്കുകയും കൈ ചുരുട്ടി മേശയിൽ ഇടിക്കുകയും ചെയ്തു. അടുത്തിരുന്ന ലിസിയിലേക്ക് മിഴി പാറിയപ്പോൾ അവൾ തന്നെ അമ്പരപ്പോടെ നോക്കുന്നത് അയാൾ കണ്ടു.
" സോറി... സോറി. ഞാൻ വേറേതോ ചിന്തയിൽ... സോറി " ലിസിയോട് അങ്ങിനെ പറഞ്ഞപ്പോൾ അവൾ തലയാട്ടി എങ്കിലും അവളുടെ കണ്ണിലെ അമ്പരപ്പ് മാറിയില്ല എന്നത് അയാൾ മനസ്സിലാക്കി. സുജന് നേരിയ ജാള്യം തോന്നി. വീണ്ടും കണ്ണുകൾ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് ചെന്നെങ്കിലും അവിടെ അക്ഷരങ്ങൾ പിടി തരാതെ ഓടിക്കളിക്കുന്നത് പോലെയാണ് അയാൾക്ക് തോന്നിയത്. ഒടുവിൽ ആ അക്ഷരങ്ങൾ എല്ലാം ഒരുമിച്ചു ചേർന്നു സ്ക്രീനിൽ ഒരു മുഖമായി തെളിയുന്നത് അയാൾ കണ്ടു. അവളുടെ പുഞ്ചിരിക്കുന്ന മുഖം !
അവൾ...!? ഇത്തിരി മുമ്പ് ഫോണിൽ സംസാരിച്ചവൾ... ' നിഷിത '... ഇവിടുത്തെ തന്റെ മേലുദ്യോഗസ്ഥ... കോളേജിൽ സീനിയർ ആയിരുന്നവൾ. അവൾ സ്ക്രീനിൽ ഇരുന്ന് തന്നെ കളിയാക്കുന്നതായി അയാൾക്ക് തോന്നി. താനൊരു ആണാണോ എന്ന് വരെ ചോദിച്ചിരിക്കുന്നു. അതിനുംവേണ്ടി എന്ത് തെറ്റാണ് താൻ ചെയ്തത് !?
പഠനകാലത്തെ സൗഹൃദം പിന്നീട് പരിധികൾ ലംഘിച്ചു പ്രണയത്തിലേക്ക് മാറിയതും. അവൾ തന്നേക്കാൾ മുതിർന്നത് ആണ് എന്ന ഒറ്റക്കാരണം കൊണ്ട് ഇരുവീട്ടുകാരും സമ്മതിക്കില്ല എന്നത് മനസ്സിലായപ്പോൾ രണ്ടുവഴി പിരിഞ്ഞതുമായിരുന്നു. പിന്നീട് യാദൃശ്‌ചികമായാണ് ഈ കണ്ടുമുട്ടൽ.
വിവാഹം എന്നത് വേണ്ട എന്നുറപ്പിച്ചു ഏകാന്ത ജീവിതം നയിക്കുകയായിരുന്നു. വീണ്ടും കണ്ടുമുട്ടിയപ്പോൾ അവളും തന്റെ അതേ പാതയിൽ തന്നെയാണ് എന്നറിഞ്ഞപ്പോൾ മനസ്സ് ഒന്ന് കുതികുത്തി. ഉള്ളിൽ ആ പഴയ പ്രണയം ഇപ്പോഴും സൂക്ഷിക്കുന്നു എന്ന തിരിച്ചറിവ് ! അതാണ് ചെയ്തുകൊണ്ടിരുന്ന ജോലി രാജിവെച്ചു അവളുടെ ഓഫീസിൽ അവൾ ഓഫർ ചെയ്ത ജോലി സ്വീകരിച്ച് അവളുടെ കീഴുദ്യോഗസ്ഥനായത്. ഒരുമിച്ചു ഒരേ ഫ്ലാറ്റിൽ താമസവും തുടങ്ങി. പക്ഷേ !?
പക്ഷേ, ' ജനനം എന്നതുണ്ടായാലെ വളർച്ച എന്നതുണ്ടാവൂ ' എന്ന തന്റെ വാദത്തെയാണ് ' വളർന്നതിന്റെ കാര്യം മാത്രം നോക്കിയാൽ മതി ' എന്ന എതിർവാദത്തോടെ അവൾ ഖണ്ഡിച്ചു താഴെയിട്ടത്. ഇക്കാര്യത്തിൽ താൻ പുതിയതാണ് പോലും. അവൾക്ക് ഒരുപാട് മുൻപരിചയം ഉണ്ടത്രേ. ഇതിൽ പുതിയത്, പഴയത് എന്നത് എന്തിരിക്കുന്നു. എത്ര മുൻപരിചയം ഉണ്ടെങ്കിലും ചെയ്യുന്നത് പൊറുക്കുവാൻ കഴിയാത്ത തെറ്റല്ലേ എന്നതായിരുന്നു തന്റെ വാദം. അതിനുള്ള മറുപടിയാണ് കുറച്ചുമുമ്പേ ഫോണിലൂടെ വിളിച്ചു പറഞ്ഞത്. സമൂഹത്തിന്റെ കണ്ണിനെക്കുറിച്ച് ചിന്തിക്കണം പോലും ! അതുകൊണ്ട് മാത്രം ജന്മം നിഷേധിക്കപ്പെടുന്ന കുഞ്ഞുങ്ങൾ !
ഓഫീസ് കാര്യം സാധാരണ വീട്ടിലേക്ക് കയറ്റാറില്ല. പക്ഷേ ഇന്നലെ രാത്രി മുഴുവൻ ഒരുമിച്ചു കെട്ടിപ്പിടിച്ചാണ് കിടന്നതെങ്കിലും നാക്കുകൾ പരസ്പരം തർക്കിക്കുകയായിരുന്നു. ഓഫീസിൽ അവൾ ഉയർന്ന ഉദ്യോഗസ്ഥയാണ്. അവളുടെ നിർദ്ദേശം എതിർത്തൊന്നും പറയാതെ അനുസരിക്കേണ്ടതുമാണ്. ഒരുപക്ഷേ അവളുടെ നിർദ്ദേശത്തെ എതിർത്തു സംസാരിച്ചിട്ടും ഇപ്പോഴും ജോലിയിൽ തുടരാൻ സാധിക്കുന്നത് താൻ അവളുടെ പ്രിയപ്പെട്ടവൻ ആയത്കൊണ്ട് മാത്രമാവണം. ഇന്നലെയാണ് പുതിയ ജോലി അവൾ ഏൽപ്പിച്ചത്. ഈ വർഷത്തെ വാർഷികപ്പതിപ്പിലേക്കുള്ള കഥകളും കവിതകളും തിരഞ്ഞെടുക്കുക. ഉള്ളിലിത്തിരി സാഹിത്യവാസന ഉണ്ടായത് കൊണ്ടും ജോലിക്ക് കയറിയിട്ട് ആദ്യം കിട്ടുന്ന പ്രധാന ജോലി ആയതുകൊണ്ടും മെയിലിൽ വന്ന എല്ലാ കഥകളും കവിതകളും കുത്തിയിരുന്ന് വായിച്ചു നല്ലതെന്ന് തോന്നിയത് സെലക്ട് ചെയ്ത് കൊടുത്തപ്പോഴാണ് അവൾ അതെല്ലാം നിഷ്കരുണം തള്ളിക്കളഞ്ഞത്. കാരണം പറഞ്ഞത് അതൊന്നും പ്രശസ്തരുടെ രചനകൾ അല്ല എന്നതാണ്. അപ്പോഴാണ് താൻ ചോദിച്ചത് ' നമ്മൾ അവസരം കൊടുത്താൽ മാത്രമല്ലേ ജനം വായിക്കൂ എന്നാലല്ലേ പ്രശസ്തർ ആവാനുള്ള അവസരം അവർക്ക് കിട്ടൂ ' എന്ന്. എന്തോ കേൾക്കാൻ പാടില്ലാത്തത് പോലെ അവൾ തന്നെയൊന്ന് നോക്കി. പിന്നീട് പറഞ്ഞ ന്യായീകരണമാണ് ' പ്രശസ്തരുടെ എഴുത്ത് മാത്രമേ ജനങ്ങൾ വായിക്കൂ, എന്നാലേ വാരിക വാങ്ങൂ ' എന്ന്. അവൾ സീനിയർ എഡിറ്ററും താൻ വെറും എഡിറ്ററും. എങ്കിലും എതിർത്തു വാദിച്ചു. ജനനവും അബോർഷനും എന്ന വിഷയത്തിൽ ഒരുപാട് ചർച്ചകൾ നടത്തി നോക്കി. ഒടുവിൽ ഇപ്പോൾ അന്ത്യശാസനം നൽകിയിരിക്കുന്നു. അവളെയും പറഞ്ഞിട്ട് കാര്യമില്ല ഒരുപക്ഷേ മുകളിൽ നിന്ന് അത്ര സമ്മർദ്ദം അവൾക്കും കിട്ടുന്നുണ്ടാകും.
ചിന്ത അത്രയുമായപ്പോഴാണ് ഫോൺ വീണ്ടും ബെല്ലടിച്ചത്.
" ഞാൻ നിന്റെ വാദം മാനേജ്മെന്റ് ലെവലിൽ അറിയിച്ചു. പുതുമുഖങ്ങളെ ഉൾപ്പെടുത്താൻ അവർ സമ്മതിക്കുന്നില്ല. നമുക്കൊന്നും ചെയ്യാൻ സാധിക്കില്ല സുജൻ. കാരണം ഞാനും നീയും ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരാണ്. ധീരമായ നിലപാട് എടുത്ത് വേണമെങ്കിൽ പുറത്ത് പോകാം. പക്ഷേ വീട്ടുചിലവ്, വാടക, മറ്റാവശ്യങ്ങൾ...!? "
മറുപടി ഒന്നും പറഞ്ഞില്ല. പകരം കഴ്‌സർ എന്ന കത്തിയെടുത്ത് നിഷ്കരുണം അബോർഷൻ നടത്തി. പ്രശസ്തരല്ലാത്ത ഒരുപാട് പ്രതിഭകളുടെ കുഞ്ഞുങ്ങൾ നിഷ്കരുണം കൊല ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ജനനം കഴിഞ്ഞാൽ മാത്രം പേര് വിളിക്കുവാൻ അറിയുന്ന ജനം ഇതൊന്നുമറിയുന്നുണ്ടായിരുന്നില്ല. കത്തിയും കത്രികയുമില്ലാതെ നടക്കുന്ന അബോർഷൻ !
സ്വന്തം കുഞ്ഞ് ജനനത്തിന് മുമ്പേ അബോർഷൻ ചെയ്യപ്പെടുന്നത് അറിയാതെ, തന്റെ കുഞ്ഞ് ജനിക്കുന്നതും കാത്ത് കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്ന അച്ഛന്മാരുടെയും അമ്മമാരുടെയും കണ്ണുകളിൽ അപ്പോഴും പ്രതീക്ഷയുടെ മിന്നലാട്ടം ഉണ്ടായിരുന്നു.
പ്രശസ്തരുടെ കുഞ്ഞ് അല്ല എന്ന കാരണം കൊണ്ട് അബോർഷൻ നേരിടേണ്ടി വന്ന കുഞ്ഞുങ്ങളുടെ അച്ഛനമ്മമാർക്ക് സമർപ്പിക്കുന്നു.
✍ :- ജയ്സൻ ജോർജ്ജ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക