Slider

കുഞ്ഞിക്കാദറിന്റെ ലോകം.

0
Image may contain: ഹക്കീം മൊറയൂർ, beard and closeup
ചെറുകഥ.
ഹക്കീം മൊറയൂർ.
===============.
ആരോട് പറയാനാ. ഉരുൾ പൊട്ടിയപ്പോ ആദ്യം പോയത് പള്ളീം അമ്പലവുമാ. പിന്നെ ആരോട് പറയാനാ.
താൽക്കാലികമായി കെട്ടി ഉണ്ടാക്കിയ ഓലഷെഡിലെ ചായ മക്കാനിയിലെ ആടുന്ന ബെഞ്ചിലിരുന്നു കുഞ്ഞിക്കാദർ ആരോടെന്നില്ലാതെ പറഞ്ഞു.
അയാളുടെ ഞരമ്പ് ചത്തു പൊങ്ങിയ കയ്യിലെ ചുള്ളിക്കൊമ്പ് പോലത്തെ വിരലുകൾ ഒരു നീരാളിയെ പോലെ ചായ ഗ്ലാസ്‌ ചുറ്റി വരിഞ്ഞിരുന്നു. ഇടക്കിടെ അയാൾ പഴയ തീവണ്ടി എൻജിൻ പോലെ ആഞ്ഞു ചുമച്ചു. പലപ്പോഴും ചുമച്ചു ചുമച്ചു തളർന്നു ഒടുവിൽ പുറത്ത് പോയി വായിൽ നിറഞ്ഞ കഫം ഒരു ദാക്ഷിണ്യവുമില്ലാതെ പശപ്പ് നിറഞ്ഞ ചുവന്ന മണ്ണിലേക്ക് നീട്ടി തുപ്പി.
കുഞ്ഞിക്കാദറിന് ഏകദേശം ഒരു എഴുപത്തഞ്ചു വയസ്സ് പ്രായം കാണും. തന്റെ പതിനഞ്ചാമത്തെ വയസ്സിൽ മലപ്പുറത്ത്‌ നിന്നും ചുരം കയറി വയനാട്ടിലേക്ക് വന്നതാണ് അയാൾ.
ഒരു വലിയ സംഘത്തിനോടൊപ്പം ആണ് കുഞ്ഞിക്കാദർ വന്നതെങ്കിലും കാല ക്രമേണെ ഓരോരോ അസുഖങ്ങൾ ബാധിച്ചു ഓരോരുത്തരായി മണ്ണടിഞ്ഞു പോയി.
അന്നത്തെ മലമ്പനി എല്ലാരേം കൊണ്ട് പോയി. എന്നേം ദാസനെയും മാത്രം കൊണ്ട് പോവാൻ ആ പന്നിക്കും കഴിഞ്ഞില്ല.
ഇടക്കിടെ കുഞ്ഞിക്കാദർ പറയുന്ന കാര്യം ആണത്.
കടുത്ത മലമ്പനി ബാധിച്ചു കൂടെയുള്ളവരൊക്കെ ചത്തൊടുങ്ങിയിട്ടും മോഹൻദാസും കുഞ്ഞിക്കാദറും പാറപ്പുറത്തു പൊട്ടി മുളച്ച ആൽമരം പോലെ പടർന്നു പന്തലിച്ചു.
ഒരു തികഞ്ഞ ഗാന്ധിയൻ ആയിരുന്ന മോഹൻദാസിന്റെ അച്ഛൻ ഗാന്ധിജിയോടുള്ള ബഹുമാനം കൊണ്ടാണ് മകന് മോഹൻദാസ് എന്നു നാമകരണം ചെയ്തത്. പക്ഷെ ഇടക്കെപ്പോഴോ മോഹൻദാസ് ഗാന്ധിസം വിട്ടു എന്നും വൈകിട്ട് അടിച്ചു കോൺ തെറ്റി നാലു കാലിൽ ഇഴഞ്ഞു വീട്ടിലെത്താൻ തുടങ്ങി. അതൊന്നും കാണാൻ മോഹൻദാസിന്റെ അച്ഛൻ ഉണ്ടായില്ല. അതിനു മുൻപത്തെ കൊല്ലം വന്ന മലമ്പനി മൂപ്പരെ കൊണ്ട് പോയിരുന്നു.
കാലാകാലങ്ങളായി കൃഷി ആയിരുന്നു കുഞ്ഞിക്കാദറിനും മോഹൻദാസിനും പണി. വയനാടിന്റെ വളക്കൂറിൽ അവർ കുറെ കാലം പാട്ടത്തിനു വിത്തെറിഞ്ഞു. പിന്നെ പണം കൂട്ടി വെച്ചു അവർ കുറച്ചു നീർവാർച്ചയുള്ള വയൽ വാങ്ങിച്ചു.
അതിനിടെ മോഹൻദാസ് പണിക്കു വന്ന ചേറിൻറെ മണമുള്ള ഒരു മലയത്തി പെണ്ണിനെ കൂടെ പൊറുപ്പിച്ചു. പുറത്ത് വലിയ കൂനുള്ള കറുകറുത്ത കുഞ്ഞിക്കാദറിന്റെ കൂടെ പൊറുക്കാൻ പെണ്ണായി പിറന്ന ആരും വരാത്തത് കൊണ്ട് അയാൾ ഒറ്റത്തടിയായി തോട്ടിലെ നീർക്കോലിയെ പോലെ പുളച്ചു നടന്നു.
പെണ്ണിനേക്കാൾ കുഞ്ഞിക്കാദറിന് പ്രിയം മണ്ണായിരുന്നു. നഗ്നപാദനായി അവളുടെ മേനിയിൽ ഇക്കിളി കൂട്ടി അയാൾ നടന്നു. വിശക്കുമ്പോൾ അവളുടെ വിയർപ്പ് പുരണ്ട കയ്യ് കൊണ്ട് അയാൾ വാരിത്തിന്നു. രാത്രിയിൽ അവളുടെ മാറിൽ തല ചായ്ച്ചുറങ്ങി. കുഞ്ഞിക്കാദറിന് മണ്ണായിരുന്നു എല്ലാം. ആദ്യത്തെ കാമുകിയും ഭാര്യയും മകളും കുടുംബവും എല്ലാം.
മോഹൻദാസ് അതിനിടക്ക് ഒരു ചെറിയ കൂര വെച്ചു. ഏറെ വൈകിയാണെങ്കിലും അയാൾക്ക് രണ്ട് പെണ്മക്കൾ ഉണ്ടായി. കാലക്രമത്തിൽ അവർ വളർന്നു പുരനിറഞ്ഞു അയാളുടെ നെഞ്ചിൽ തീ നിറച്ചു. ചത്തു പോയ കെട്യോളെ പതം പറഞ്ഞു അയാൾ അവർക്കു ചുറ്റും ഒരു കാവൽ നായയെ പോലെ ഉറക്കമില്ലാതെ നടന്നു.
ഇക്കൊല്ലത്തെ അയ്യായിരം വാഴയും പത്തേക്കർ നെൽകൃഷിയും ആയിരുന്നു അവരുടെ പ്രതീക്ഷ. സാധാരണ അവർ ആയിരം വാഴയും ഒരേക്കർ നെല്ലുമായിരുന്നു നടാറുള്ളത്. ഇത്തവണ ബാക്കി നിലം പാട്ടത്തിനെടുത്തു ആധാരം പണയം വെച്ചു കടവും കള്ളിയുമായി രണ്ടും കല്പ്പിച്ചു കൃഷി ഇറക്കുകയായിരുന്നു.
വയനാട്ടിൽ സാധാരണ ഓണക്കാലം വെട്ടാനുള്ള നിലക്കാണ് വാഴക്കന്നു നടാറുള്ളത്. ഏകദേശം ഒരു വാഴക്ക് നൂറ്റി ഇരുപതോളം രൂപ ചെലവ് വരും. ശരാശരി എട്ടു കിലോ തൂക്കമുള്ള കുല ലഭിച്ചാൽ ഓരോ വാഴക്കും ചിലവായ തുകയുടെ ഇരട്ടി ലഭിക്കും.
ഇക്കൊല്ലം പക്ഷെ പത്തു കിലോക്കധികം വരുന്ന കുലകൾ കുഞ്ഞിക്കാദറിനേയും മോഹൻ ദാസിനെയും ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. വണ്ണം വെച്ചു വരുന്ന വലിയ ഏത്തക്കുലയിൽ മുപ്പത്തഞ്ചു കഴിഞ്ഞ പെണ്മക്കളുടെ ഭാവി കാണുകയായിരുന്നു മോഹൻദാസ്.
ചെറിയ കണ്ടത്തിലെ ഒരടിയോളം പൊക്കം വെച്ച ഞാറു കെട്ടുകളാക്കി പരന്നു കിടക്കുന്ന പാടത്തു നടുമ്പോൾ പണ്ടത്തെ പോലെ ഞാറ്റു പാട്ട് ആരും കേട്ടില്ല. എല്ലാം കുടകിൽ നിന്നും വന്ന പണിക്കാർ ആയിരുന്നു. പാൽ വെച്ച ഇളം കതിരുകൾ തത്ത ഒടിച്ചു പോവാതെ കാട്ടു പന്നി ചവിട്ടി മെതിക്കാതെ കണ്ണിലെ കൃഷ്ണമണി പോലെ അവർ കാത്തു വെച്ചു.
ഒടുക്കം ആ ദിവസമെത്തി.
പുലർച്ചെ രണ്ടു മണിക്ക് പതിവ് പോലെ കുഞ്ഞി കാദർ ഏറുമാടത്തിൽ നിന്നും എണീൽക്കുമ്പോ മഴ കുറച്ചു കുറഞ്ഞിരുന്നു. പാടത്തെ കലങ്ങിയ ചെറിയ കുളത്തിൽ മുങ്ങി കുളിച്ചു പള്ളിയിലേക്ക് പോവുമ്പോഴാണ് മുകളിൽ മല കരയുന്ന ഒച്ച അയാൾ കേട്ടത്.
മുഖാമുഖം നിൽക്കുന്ന പള്ളിയുടെയും അമ്പലത്തിന്റെയും ഇടയിലൂടെ മലവെള്ളം ആർത്തട്ടഹസിച്ചു കുതിച്ചു വന്നത് അപ്പോഴാണ്.
നേർത്ത ഇരുട്ടിൽ ആദ്യം കുത്തി ഒലിച്ചത് അമ്പലവും പള്ളിയുമായിരുന്നു. മലഞ്ചെരിവിലുള്ള ഓരോരോ വീടുകളും തകർന്നു തരിപ്പണമായപ്പോൾ മോഹൻദാസും കുടുംബവും ഉരുളൻ കല്ലുകൾ നിറഞ്ഞ മലയുടെ ഛർദിൽ പോലുള്ള ചെളിയിൽ പുതഞ്ഞു പോയി.
കുഞ്ഞി കാദറിന്റെ കണ്മുന്നിലൂടെ കുട്ടിക്കാലത്ത് ഓടി കയറിയ കുന്നു ഇടിഞ്ഞു പൊളിഞ്ഞു ഒഴുകി പോയി. വാഴത്തോട്ടവും നെല്പാടവും എല്ലാം മലവെള്ളം നക്കി തുടച്ചു.
കുഞ്ഞിക്കാദറിന്റെ ഇരുൾ മൂടിയ കുണ്ടൻ കണ്ണുകളിലെ മഞ്ഞ പീളക്കുള്ളിലൂടെ കണ്ണീരും ചോരയും പൊടിഞ്ഞു വന്നു. ഗ്ലാസിലെ അവസാനത്തെ തുള്ളി ചായയും അയാൾ ഊറ്റി കുടിച്ചു. പിന്നെ തൊണ്ടയോളം എത്തിയ കഫം വിഴുങ്ങിക്കളഞ്ഞു.
അല്ല. ഇങ്ങക്ക് നഷ്ടപരിഹാരം ഒന്നും കിട്ടിയില്ലേ?.
അപ്പുറത്ത് മൊബൈലിൽ തോണ്ടി ഇരുന്ന ഒരാൾ അയാളോട് ചോദിച്ചു.
കുഞ്ഞിക്കാദർ ഒന്നും മിണ്ടാതെ ശ്‌മശാനം പോലെ ഇരുന്ന വാഴത്തോട്ടത്തിലേക്ക് നോക്കി കൊണ്ടിരുന്നു.
അല്ല. വെള്ളം കയറിയാൽ തന്നെ പത്തായിരം ഉറുപ്യ കിട്ടും. കാദർക്കക്കെന്താ പൈസ പുളിക്കോ? .
കുഞ്ഞിക്കാദറിന്റെ കണ്ണിൽ ആരോടോ ഉള്ള വെറുപ്പ് നിറഞ്ഞു. ഇനിയും കാണാത്ത മോഹൻദാസിന്റെ ഓർമ്മകൾ അയാളിൽ മതിഭ്രമം സൃഷ്ടിച്ചു.
ആർക്കു മാണം ഇങ്ങളെ കായി.
കുഞ്ഞിക്കാദർ പതുക്കെ എഴുന്നേറ്റ് നിലത്തു വെച്ചിരുന്ന പഴയ തുണിസഞ്ചി എടുത്തു.
എന്താത്.?.
സഞ്ചി കണ്ടു ആരോ അയാളോട് തിരക്കി. ചെള്ളി പെണ്ണിന്റെ മാറു പോലെ ഞാന്നു കിടന്ന സഞ്ചിയുടെ താഴെ എന്തോ നിറഞ്ഞു നിന്നിരുന്നു.
അത്‌ കുറച്ചു നെല്ലാണ്. മൂന്ന് പൂവ് ഇല്ലേലും ഒറ്റ പൂവെങ്കിലും ഇട്ടില്ലേൽ മണ്ണ് പിണങ്ങും.
ഇങ്ങക്ക് വട്ടാണോ?. ഇത്രയൊക്കെ പോയിട്ടും ഇനിയും നെല്ല് വിതക്കാൻ പോവാണോ.?. ആ നേരത്ത് വേറെ വല്ല പണിക്കും പൊയ്ക്കൂടേ?.
അതന്നെ ഞാനും പറയണത്. ഇന്നത്തെ കാലത്ത് കൃഷി ചെയ്യുന്നേലും നല്ലത് വേറെ വല്ല പണിക്കും പോണതാ.
അഭിപ്രായങ്ങൾ ഓരോന്നായി കുഞ്ഞിക്കാദറിന്റെ ചെവിക്കുള്ളിൽ വണ്ടിനെ പോലെ മൂളിക്കളിച്ചു. അയാളുടെ മെലിഞ്ഞുണങ്ങിയ ദേഹത്തെ ചത്ത ഞരമ്പുകൾ വീർത്തു വന്നു.
മലപ്പുറത്തുന്നു ചുരം കയറി വരുമ്പോ ഇവിടെ മൊത്തം കാടായിരുന്നു. പൊന്നു കായ്ക്കണ മണ്ണാണ് വയനാട്. ലാഭായാലും നഷ്ടയാലും ഞമ്മള് ഇഞ്ഞും നെല്ല് നടും. വാഴീം വെക്കും.
അല്ല കാക്ക ഇങ്ങള് ചൂടാവാൻ പറഞ്ഞതല്ല.
ദേഷ്യം വന്നാൽ പിന്നെ കുഞ്ഞിക്കാദർ തനി നാടൻ മലപ്പുറം കാക്കയായി മാറും.
അയിനി ഇപ്പൊ ആര് ചൂടായി. ആരും മണ്ണില് വിത്തെറിഞ്ഞില്ലെങ്കിൽ പിന്നെ ഇജ്ജ് ഒക്കെ പച്ചമണ്ണ് വാരി തിന്നോ ഹമുക്കേ.?.
മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന് പറഞ്ഞ പോലെ ആ ചോദ്യം അവരുടെ ഉള്ളിലേക്ക് തറച്ചു കയറി.
ശരിയാണ്.
ഓരോ പ്രളയവും കൊണ്ട് പോണത് പച്ച മനുഷ്യരുടെ കിനാവുകൾ മാത്രമല്ല നമ്മൾ വാരി തിന്നുമായിരുന്ന അന്നം കൂടെയാണ്.
കാർഷികവൃത്തി ഓരോ നാളിലും നഷ്ടങ്ങളിൽ നിന്നും നഷ്ടങ്ങളിലേക്കു കൂപ്പു കുത്തുകയാണ്. നഷ്ടമുള്ള കച്ചോടം ആരേലും ചെയ്യുമോ?.
നഷ്ടം പേടിച്ചു മണ്ണിൽ വിത്തെറിയുന്നവരൊക്കെ വേറെ പണിക്കു പോയാൽ മണ്ണ് കോപിക്കും. നിലം തരിശാകും.
അതിനുമൊക്കെ അപ്പുറത്ത് തലയിൽ നിറയെ ഹുങ്കും ദുരഭിമാനവും ഹൃദയം നിറയെ അസൂയയും വിദ്വേഷവുമൊക്കെ കൊണ്ട് നടക്കുന്ന നാമൊക്കെ എന്തെടുത്തു തിന്നും.
പട്ടിണി കിടന്നു ചാവുമായിരിക്കും അല്ലേ?.
കാരണം നമുക്കൊക്കെ മണ്ണ് അലർജിയും കൃഷിക്കാർ തൊട്ടു കൂടാത്തവരും ആണല്ലോ.
നമ്മളൊക്കെ പഴയ നാട്ടു രാജാക്കന്മാരും.

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo