Slider

എന്റെ പ്രണയ ദോഷങ്ങൾ

0
Image may contain: Lincy Varkey, smiling, closeup
*****************
കഥ
രചന: ലിൻസി വർക്കി
നെറുകയിൽനിന്നും രണ്ടായി പകുത്തു ചീകിയ കോലൻമുടി അങ്ങിങ്ങു നരച്ചുതുടങ്ങിയിരുന്നെങ്കിലും ഡോക്ടർ സന്ദീപ് വർമ്മ ആളൊരു സുന്ദരനായിരുന്നു. ഗില്ലറ്റ് ബ്ലേഡിന്റെ പരസ്യത്തിൽ കാണുന്നതുപോലെ, വൃത്തിയായി ക്ലീൻഷേവ് ചെയ്ത മുഖത്ത്, ദൃഢമായ പേശികൾ ഷേവിങ്ങ് ലോഷന്റെ സ്നിഗ്ധതയിൽ തിളങ്ങിനിന്നു. കറുപ്പുകലർന്ന തവിട്ടു നിറമുള്ള കണ്ണുകളിൽ ഉദയസൂര്യൻ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
"വുഡ് യു മൈൻഡ് ഇഫ് ഐ ലീവ് ദി വിൻഡോസ് ഓപ്പൺ?"
അധികാരത്തോടെ അകത്തുകയറി ഇരിപ്പുറപ്പിച്ച എന്നെ നോക്കി സ്വതസിദ്ധമായ പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചു. ഒൻപതു മണിയായിട്ടും പ്രകൃതി കോടമഞ്ഞിന്റെ പുതപ്പ് മാറ്റിയിരുന്നില്ല. സൂര്യൻ വൈകിയെണീറ്റ വീട്ടമ്മയെപ്പോലെ വെളിച്ചത്തെ വാരി വിതറിക്കൊണ്ടിരുന്നു. കാറ്റിന്റെ തോളിലേറി പേടിച്ചോടിയ കുഞ്ഞു മഞ്ഞുകണങ്ങൾക്ക് കുളിരു കൂടുതലായിരുന്നെങ്കിലും, ആ കണ്ണുകളിലെ സൂര്യൻമാർ മറയുമെന്നതിനാൽ മാത്രം ഞാൻ 'നോ' പറഞ്ഞു. അവ എന്നെ അത്രയേറെ പ്രലോഭിപ്പിച്ചിരുന്നു.
രണ്ടു പാളികളുള്ള ബ്ലൈൻഡ് മാറ്റിയിട്ട ജനാലക്കപ്പുറം ഒരു കുഞ്ഞു പൂന്തോട്ടമായിരുന്നു. കൂസലില്ലാതെ നിൽക്കുന്ന കടുംചുവപ്പു നിറമുള്ള ആന്തൂറിയത്തിനെ കണ്ടാവണം രാത്രിമഴ നനഞ്ഞ് ഈറൻ മാറാത്ത പനിനീർപ്പൂക്കൾ നാണത്താൽ മെല്ലെയുലഞ്ഞു.
"എനി ചെയ്ഞ്ചസ്?" അൽപ്പം മുന്നോട്ടാഞ്ഞ് എന്റെ കണ്ണുകളിലേക്കുറ്റു നോക്കി ഡോക്ടർ വീണ്ടും ചോദിച്ചു.
ഷേവിങ് ലോഷന്റെ ത്രസിപ്പിക്കുന്ന ഗന്ധം എന്റെ ഞരമ്പുകളെ ചൂടുപിടിപ്പിച്ചു. ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ ഞാൻ ആ കണ്ണുകളിലെ കിരണങ്ങൾ എണ്ണിത്തുടങ്ങി. ഇരുപതുവരെ എത്തിയപ്പോഴേക്കും ശരീരത്തിന്റെ ഭാരം കുറയുകയും കാലിൽ നിന്നും ഒരു വിറയൽ മുകളിലേക്കുയരുകയുചെയ്തു. കൊതിപ്പിച്ച് ജ്വലിക്കുന്ന ആ സൂര്യന്മാരെ സ്വന്തമാക്കാനായി വിറപൂണ്ട ചുണ്ടുകളുമായി ഞാൻ മുന്നോട്ടാഞ്ഞു.
"വലിയ മാറ്റമില്ല അല്ലേ? ലെറ്റസ്‌ ഡിക്രീസ് ദി ഡോസ് എഗൈൻ " ഡോക്ടർ വേഗം കംപ്യൂട്ടറിലേയ്ക്ക് ഊളിയിട്ടു. ഞാൻ കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ നിരാശയോടെ തലകുനിച്ചിരുന്നു.
മരുന്നെഴുതിയ പ്രിസ്ക്രിപ്ഷൻ കൈയിൽത്തന്ന് ചുമലിൽ മെല്ലെത്തട്ടി ചിരിമായാത്ത മുഖത്തോടെ അദ്ദേഹം വാതിൽക്കലേക്കു കൈനീട്ടി. അധിക്ഷേപിക്കപ്പെട്ടു എന്ന തോന്നലിൽ വാതിൽ ഉച്ചത്തിൽ വലിച്ചടച്ച് ഞാൻ അവിടെ നിന്നും ഇറങ്ങിനടന്നു.
വരാന്തയിൽ ഇരുന്ന പലരും എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. മധ്യവയസ്കയായ സ്ത്രീയുടെ ഒപ്പമിരുന്ന് മൊബൈലിൽ ക്യാൻഡിക്രാഷ് കളിച്ചുകൊണ്ടിരുന്ന ടീ ഷർട്ട് ഇട്ട യുവാവിന്റെ ബോഡി സ്പ്രേ എന്നെ സന്ദീപ് വർമ്മയിൽ നിന്നും തിരികെ വിളിച്ചു. ആ ഗന്ധം ആവോളം ആസ്വദിക്കാനായി പാദങ്ങളെ പതിയെയാക്കി.
ഓർമ്മിക്കാനിഷ്ടമില്ലാത്ത ബാല്യം സമ്മാനിച്ച , ഇമോഷണൽ ഡിപ്രിവിയേഷൻ ഡിസോർഡർ അഥവാ EPD എന്ന അവസ്ഥയെ, നാളുകളായി ചികിൽസിക്കുന്ന മനോരോഗ വിദഗ്ധനെ കാണാനെത്തിയതായിരുന്നു ഞാൻ. ആരെയും സ്നേഹിക്കാനാവാത്ത, ആരിലും ഉറച്ചു നിൽക്കാനാവാത്ത മാനസികാവസ്ഥയായിരുന്നു അത്.
വീട്ടിലും നാട്ടിലും തന്റേടിയായി, കൂട്ടുകാരികളുടെ സംസാരങ്ങളിൽ ഹൃദയശൂന്യയായി, ആൺകുട്ടികളുടെ വിളികളിൽ കരിങ്കല്ലായി മാറിയ ബാല്യവും കൗമാരവും.
കോളേജിൽ കൂടെ പഠിച്ച ചെറുപ്പക്കാരൻ തിരസ്ക്കരണത്തിൽ മനംനൊന്ത് 'നീ അല്ലെങ്കിൽ മരണം' എന്നു വെല്ലുവിളിച്ചപ്പോഴാണ് സ്നേഹിക്കണം എന്ന തോന്നൽ ശക്തമായിത്തുടങ്ങിയത്. അതിനുവേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാറായിരുന്നു.
" അലീനാ മാത്യു അല്ലേ? ഹൌ ക്യാൻ ഐ ഹെല്പ് യു?" നാട്ടിലെ പ്രശസ്തനായ കാർഡിയോളജിസ്റ്റ് എന്നെ നോക്കി ചിരിച്ചു. ഹൃദയത്തെ ചികിത്സിക്കുന്ന ആളായതുകൊണ്ടാവാം ആ കണ്ണുകൾ ആർദ്രമായിരുന്നു. അവയിലേക്കു നോക്കിയപ്പോൾ വീട്ടിലെ സ്വീകരണമുറിയിൽ ഷോകേസിലിരിക്കുന്ന ഈശോയുടെ കണ്ണുകളാണ് എനിക്കോർമ്മ വന്നത്.
"എനിക്ക് ഒരു പുതിയ ഹൃദയം വേണം." ഞാൻ മുഖവുരയൊന്നും കൂടാതെ പറഞ്ഞു. ഡോക്ടറിന്റെ മുഖം വിവർണ്ണമാകുന്നതും കണ്ണുകളിൽ സഹതാപം നിറയുന്നതും ഞാൻ കണ്ടു. ഇടറിയ സ്വരത്തോടെ അദ്ദേഹം പതിയെ ചോദിച്ചു.
"എവിടെയാണ് ഹാർട്ട് ഫെയ്‌ലർ ഡയഗ്നോസ് ചെയ്തത്? ഹാവ് യു ഗോട്ട് എനി മെഡിക്കൽ നോട്സ് ഓർ ലെറ്റേഴ്സ്? റെസ്പോൺസിബിൾ അഡൾട്ട്സ് ആരും കൂടെ വന്നിട്ടില്ലേ?"
ഒന്നും മനസ്സിലാകാതെ നിന്ന പത്തൊൻപതുകാരിയോട് വളരെ ക്ഷമയോടെ അദ്ദേഹം എല്ലാം ചോദിച്ചു മനസ്സിലാക്കി. ഒരു സൈക്കാട്രിസ്റ്റിനു മാത്രമേ എന്നെ സഹായിക്കാനാവൂ എന്നു പറഞ്ഞ് സന്ദീപ് വർമ്മയ്ക്ക് റെഫർ ചെയ്തു.
അന്നു രാത്രി ഞാൻ ഒരു സ്വപ്നം കണ്ടു. നെതർലാൻഡിലെ ഒരു ആശുപത്രിയുടെ കോറിഡോറിലൂടെ തലയ്ക്കു ചുറ്റും പ്രകാശവലയമുള്ള ഒരു മനുഷ്യന്റെ കൂടെ തിരക്കിട്ടു നടന്നു പൊയ്ക്കൊണ്ടിരുന്ന അമ്പതു വയസ്സോളം പ്രായമുള്ള ലേഡിഡോക്ടറിന് എന്റെ മുഖഛായയായിരുന്നു. പൊടുന്നനെ ആ സ്ത്രീ പ്രായം കുറഞ്ഞ് ഞാനായി മാറി.
ആ സ്വപ്നം മറന്നു പോയിരുന്നു; എന്റെ രോഗത്തെക്കുറിച്ച് കണ്ടുപിടിച്ചതാരാണെന്ന് സന്ദീപ് വർമ്മയിൽ നിന്ന് അറിയുന്നതു വരെ. പിന്നീടെപ്പോഴും ആ സ്വപ്നം എന്നെ അലട്ടിക്കൊണ്ടേയിരുന്നു.
EPD യുള്ള രോഗികൾ താരതമ്യേന കുറവായതുകൊണ്ടും ആ മേഖലയിൽ ഒരുപാടു പഠനങ്ങൾ നടക്കേണ്ടതുള്ളതുകൊണ്ടും സന്ദീപ് വർമ്മ എന്നെ ഒരു മെഡിക്കൽ ട്രയലിന്റെ ഭാഗമാക്കി. വിലകൂടിയ മരുന്നുകൾ ഫ്രീയായി തന്നുതുടങ്ങി.
എത്രയും വേഗം സ്നേഹമുള്ളവളായിത്തീരാനുള്ള അമിതമായ ആഗ്രഹത്തോടെ ദിവസവും ഡോക്ടർ നിർദ്ദേശിച്ചതിലും കൂടുതൽ ഗുളികകൾ ഞാൻ കഴിച്ചു കൊണ്ടിരുന്നു. മരുന്ന് ഫ്രീയായി ഫാർമസിയിൽ നിന്നും കിട്ടിയിരുന്നതുകൊണ്ട് ഡോക്ടർ അതൊന്നും അറിഞ്ഞതുമില്ല.
ക്രമേണ എന്നിൽ സ്നേഹത്തിന്റെ ഹോർമോൺസ് റിലീസ് ആയിത്തുടങ്ങി . പൂക്കളെയും പൂമ്പാറ്റകളെയും ഞാൻ സ്നേഹിച്ചു. അറപ്പുളവാക്കിയിരുന്ന പുഴുവിനെയും, കണ്ടാൽ അലറിക്കരഞ്ഞിരുന്ന പാറ്റയെയും കൂട്ടുകാരായിക്കണ്ടു.
വീട്ടിൽ അലീന അല്ലുവായിച്ചുരുങ്ങി. അയല്പക്കങ്ങളിൽ മോളായി മാറി. പള്ളിയിലെ സിസ്റ്റേഴ്‌സ് അലീനയെ റോൾ മോഡലാക്കാൻ കുട്ടികളെ ഉപദേശിച്ചു.
മാറ്റങ്ങൾ നടന്നുകൊണ്ടിരുന്നു. വഴികളിൽ കാത്തുനിന്നവർ എന്റെ മിഴിമുനയേറ്റു പിടഞ്ഞു. എന്റെ നിലാപ്പുഞ്ചിരിയിൽ അലിഞ്ഞു. ആരെയും നിരാശപ്പെടുത്താൻ ഞാൻ ഇഷ്ടപ്പെട്ടില്ല.
കാമുകന്മാർ എണ്ണാവുന്നതിലധികമായിത്തീർന്നു. അവരെയെല്ലാം സോഷ്യൽ മീഡിയകളിലൂടെയും നേരിട്ടും സ്നേഹിക്കാൻ സമയം തികയാതെയായി.
എന്റെ മാറ്റങ്ങൾ സന്ദീപ് വർമ്മയെ സന്തോഷിപ്പിച്ചു കൊണ്ടേയിരുന്നു; ഒരുനാൾ ഞാൻ അദ്ദേഹത്തെയും പ്രണയിച്ചു തുടങ്ങുന്നതു വരെ.
സന്ദീപ് വർമ്മയുടെ ഭാര്യ മീരയും അവിടെത്തന്നെ ജോലി ചെയ്യുന്നതു കൊണ്ടാണോ എന്നറിയില്ല, ഹൃദയത്തിൽ നിറഞ്ഞു കവിയുന്ന സ്നേഹത്തിന്റെ അളവു കുറയ്ക്കാനുള്ള ട്രീട്മെന്റിലാണ് ഞാനിപ്പോൾ. ഹോർമോൺസ് നോർമലാകാൻ ഇനിയും വർഷങ്ങൾ എടുക്കും.
ഇല്ലാത്ത സ്നേഹം ഉണ്ടെന്നും ഉള്ള സ്നേഹം ഇല്ലെന്നും അഭിനയിച്ചു ഫലിപ്പിക്കാനുള്ള ട്രീട്മെന്റു കൂടി കഴിയണമത്രേ ഞാനൊരു യഥാർത്ഥ മനുഷ്യനാകാൻ!
(അവസാനിച്ചു)
ലിൻസി വർക്കി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo