ആയിരത്തി തൊള്ളായിരത്തി എൺപത്തിയെട്ടു ഒക്ടോബർ മാസം പത്തൊൻപതാം തീയതി, ഉച്ച തിരിഞ്ഞുള്ള ഒരു പകൽ നേരമാണ് ഞാൻ എന്റെ സിന്ദൂനെ ആദ്യമായി കാണുന്നത്.
മെല്ലെ കണ്ണ് തുറന്ന് ഞാൻ നോക്കും നേരം സിന്ദു നല്ല മയക്കത്തിലിരുന്നു,അല്ല ആയിരിക്കണം.
എന്നെ കണ്ട ഭാവം പോലും നടിക്കുന്നില്ല, എന്തിനേറെ ഇങ്ങനെ ഒരുവൻ ഭൂജാതനായ കാര്യം പോലും അറിഞ്ഞ മട്ടില്ല.
ആഹാ, അങ്ങനെ വിടാൻ പറ്റില്ലല്ലോ,ഞാൻ എത്തിയ കാര്യം ഒന്നറിയിക്കേണ്ടേ, ആവുന്നത്ര ഉച്ചത്തിൽ,ആശുപത്രിയും ഡോക്ടർമാരും നഴ്‌സുമാരുമൊക്കെ ഞെട്ടുന്ന വിധത്തിൽ രണ്ടു കിയോ കിയോ വിളി വച്ചങ്ങലക്കി.
ആ വിളി ഏറ്റെന്നാ തോന്നുന്നത്, മയങ്ങിക്കിടന്ന സിന്ധുവും,ദൂരെ നിന്ന ഡോക്ടറും, തൊട്ടപ്പുറത്തെ കട്ടിലിൽ എന്നെപോലെ ഒരു കുഞ്ഞാവയെ പ്രതീക്ഷിച്ചു കിടന്ന മറ്റൊരു മമ്മിയും തുടങ്ങി വിളി കേട്ടവരെല്ലാം ഓടിക്കൂടി 😀.
വിളിയുടെ ശക്തി കൂടിപ്പോയത് കൊണ്ടാണോ എന്തോ, ഇപ്പൊ സമയമായില്ല, അല്പം കൂടി കഴിഞ്ഞേ പ്രസവം നടക്കു എന്നു പറഞ്ഞ് മാറ്റിക്കിടത്തിയിരുന്ന, സിന്ധുന്റെ ഹോസിപ്റ്റൽ മേറ്റ്സ് ആയ രണ്ടു കൂട്ടുകാരികൾ അപ്പൊ തന്നെ പ്രസവിച്ചു.
പിന്നല്ല, അന്നുമുതൽക്കെ കരയാൻ (അമ്മേടെ ഭാഷയിൽ പറഞ്ഞാൽ കീറാൻ ) എന്നെ കഴിഞ്ഞേ വേറെ ആളുള്ളൂ...
ഇനി കഥയിലേക്ക് വരാം. നിങ്ങൾ ഇത്രയും സമയം ചിന്തിച്ചില്ലേ,സിന്ദു ആരാണെന്നു, അത് മറ്റാരുമല്ല നോമിന്റെ സ്വന്തം മാതാശ്രീ ആണ്. പേര് രമാദേവി എന്നാണെങ്കിലും കണ്ട നാൾ മുതൽ ഞാൻ സിന്ദു എന്നെ വിളിക്കു.
ആദ്യമാദ്യമുള്ള കരച്ചിൽ പതിയെപ്പതിയെ കുറഞ്ഞു വന്നോളും എന്നു കരുതിയ അമ്മയെ ഞെട്ടിച്ചുകൊണ്ട്, ദിഗന്തങ്ങൾ പിളക്കുമാറ്, ഉച്ചത്തിലുച്ചത്തിൽ രാപ്പകൽ വ്യത്യാസമേതുമില്ലാതെ അലറി അലറി കരഞ്ഞു കൊണ്ടിരുന്നു ഞാൻ എന്ന കുഞ്ഞാവ.പക്ഷെ കരച്ചിൽ ആയിരുന്നില്ല അമ്മയ്ക്ക് മുന്നിലുള്ള യഥാർത്ഥ പ്രതിസന്ധി, അതിനിയും വരാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു...
*പ്രസവ സമയത്ത് തന്നെ ഡോക്ടർ അമ്മയോട് ചോദിച്ചത്രേ, ഭർത്താവിന് നിറം കുറവാണോ എന്ന്* .
കാരണം മറ്റൊന്നുമല്ല, നല്ല വെളുത്ത് തുടുത്തു മൊഞ്ചത്തിയായി കിടക്കുന്ന ആളുടെ അടുത്തു നിന്നും ഡോക്ടറിന് കിട്ടിയ പ്രോഡക്റ്റ്, വെളുപ്പാണ് സർവ്വവും എന്ന് കരുതി ജീവിക്കുന്നവരുടെ കണ്ണിലൂടെ നോക്കിയപ്പോൾ അത്ര മികച്ചതായി തോന്നിയിരിക്കില്ല.
നമ്മുടെ അമ്മമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ഏലികുഞ്ഞ്,വലിപ്പം കൊണ്ടും നിറം കൊണ്ടും എല്ലാം ശെരിയായ നിരീക്ഷണം, കണ്ടവരൊക്കെയും ഏറ്റു പറഞ്ഞു.എന്നാലും ഇങ്ങനെയും കറുക്കുമോ, അന്ന് എന്നെ ആദ്യമായി കണ്ടപ്പോ തുടങ്ങിയ അവരിൽ പലരുടെയും സംശയം ഇപ്പോഴും വിട്ടു മാറീട്ടില്ല.. 😀
ചുരുക്കിപ്പറഞ്ഞാൽ, പെറ്റുവീണ അന്ന് മുതൽ കേട്ടു തുടങ്ങിയ നിറത്തിന്റെ പേരിലുള്ള കളിയാക്കലുകളും കുത്തുവാക്കുകളും ഇന്നീ ദിവസം വരെയും അനർഗളം നിർഗ്ഗളമായി പലരിൽ നിന്നുമായി കേട്ടുപോരുന്നു.
പരിഹാസം കൂടി നമ്മൾ എന്തെങ്കിലും പറഞ്ഞു പോയാലോ, അത് പോലൊരു കുറ്റം ലോകത്തിലാരും ചെയ്തിട്ടില്ല എന്ന മട്ടിൽ ആക്കിക്കളയും ഇവർ. കൂടെ ആംഗലേയത്തിൽ സുന്ദരമായ ഒരു പദം കൂടി നമുക്കീക്കൂട്ടർ ചാർത്തി തരും.
*നിനക്ക് ഇൻഫീരിയോരിട്ടി കോംപ്ലക്സ് ആണെന്ന് *
ആദ്യമാദ്യം ഒരുപാട് വിഷമം തോന്നിയിരുന്നുവെങ്കിലും,പതിയെപ്പതിയെ സിന്ദു എന്നെ പറഞ്ഞു മനസ്സിലാക്കി, മക്കളേ നിറം കുറവാണെന്നുള്ളത് ഒരു വൈകല്യമല്ല, നിന്നെ കളിയാക്കുന്നവന്മാരുടെ മനസ്സിലാണ് വൈകല്യമെന്ന്..
സംഗതി അന്ന് എലിക്കുഞ്ഞിനെപ്പോലെ എന്നൊക്കെ പറഞ്ഞു കൂടി നിന്നവർ കളിയാക്കി ചിരിച്ചെങ്കിലും, എനിക്കറിയാമായിരുന്നു എന്റെ അമ്മേടെ കണ്ണിൽ ലോകത്തിലെ ഏറ്റവും വലിയ സുന്ദരൻ ഞാൻ ആയിരിക്കുമെന്ന്. കുഞ്ഞാവ ആയിരുന്നെങ്കിലും അന്ന് മുതൽക്കേ അമ്മയുടെ മനസ്സ് കാണാൻ എനിക്ക് കഴിയുമായിരുന്നു 😊😊
വളർന്നു വലുതായ ശേഷം പല കാര്യങ്ങളിലും അമ്മ എന്നോട് ചോദിച്ചിട്ടുണ്ട്, നിനക്കെങ്ങനെ എന്റെ ഉള്ളിലിരുപ്പ് അറിയാമെന്ന്,അപ്പോഴൊക്കെയും ഞാൻ പറയാറുണ്ട്, അമ്മാ,അമ്മേടെ വെറും ഇരുപത്തിമൂന്നു വയസ്സുമുതലാ എന്നെ കണ്ടു തുടങ്ങിയത്, പക്ഷെ ഈ ഞാനോ ജനിച്ച അന്ന് മുതൽ കാണുന്നതല്ലേ, അപ്പൊ പിന്നെ ഞാൻ അല്ലാതെ മറ്റാരാ അമ്മേ മനസിലാക്കുക..
ഇത് കേൾക്കുമ്പോൾ അമ്മേടെ കണ്ണ് നിറയും എന്ന് വിചാരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി, സിനിമാ ഡയലോഗ് പറയുന്നതിന് നല്ല പച്ച തെറിയാണ് കിട്ടുക 😀
അങ്ങനെയിരിക്കെ ഒരുനാൾ ഞാൻ അമ്മയോട്, അമ്മ മറന്നു തുടങ്ങിയ ആ ചോദ്യം ചോദിച്ചു,മുഴുവനായിട്ട് അല്ലെങ്കിലും ഒരു പൊടിക്കെങ്കിലും നിറം എനിക്ക് കൂടി തന്നുകൂടായിരുന്നോയെന്ന്.
ജീനും ഹോര്മോണും ജനിതക ഘടകങ്ങളും തുടങ്ങി,ശാസ്ത്രത്തിനു ഇനിയും കണ്ടെത്താൻ കഴിയാത്ത പല വിധ കാരണങ്ങൾ കൊണ്ടാണ് കുട്ടി വെളുത്തതോ കറുത്തതോ ഒക്കെ ആയിപ്പോകുന്നത്, എന്നൊക്കെ എന്നെ പറഞ്ഞു മനസിലാക്കുന്നതിനേക്കാൾ എളുപ്പത്തിൽ അമ്മ എന്റെ ചോദ്യത്തിനുള്ള ഉത്തരം പറഞു തന്നു,എങ്ങനെയെന്നല്ലേ....
എന്റെ ഈ ചോദ്യം വരുമ്പോ തന്നെ അമ്മ അച്ഛനെ പിടിച്ചു മുന്നിൽ നിർത്തും, കണ്ടോ അച്ഛന്റെ അതേ നിറമല്ലേ മക്കൾക്കുമെന്നു😀😀
എന്നാലും എന്റെ അടുത്ത് നിൽക്കുബോൾ അച്ഛന് എന്നേക്കാൾ നിറം കൂടുതൽ ഉള്ളതു പോലെ എനിക്ക് തോന്നും.
അമ്മ പറഞ്ഞതുപോലെ വീട്ടുകാരും,കൂട്ടുകാരും നാട്ടുകാരും തുടങ്ങി മാനസിക വൈകല്യമുള്ളവർ അത്രയേറെ പരിഹാസം നിറത്തിന്റെ പേരിൽ അപ്പോഴേയ്ക്കും എന്റെ മസ്സിൽ അടിച്ചേൽപ്പിച്ചു കഴിഞ്ഞിരുന്നു.
നിറത്തിന്റെ പേരിൽ ഞാൻ സങ്കടപ്പെടുമ്പോഴൊക്കെയും,എന്റെ സങ്കടം മാറ്റാനായി, കുഞ്ഞാവ ആയിരുന്ന എന്നേം വയറ്റിലിട്ട്, എട്ടാം മാസം വരെയും നിറവയറുമായി ദിവസവും കിലോമീറ്ററുകൾ നടന്നു ജോലിക്ക് പോകുമായിരുന്ന കഥകൾ പറഞ്ഞു തരുമായിരുന്നു എന്റെ സിന്ദു. ആ സമയത്ത് അവർ പെട്ട കഷ്ടപ്പാടുകൾ എന്തായിരുന്നുവെന്ന് അറിയണമെങ്കിൽ വെറുതെ അമ്മയുടെ കണ്ണുകളിലേയ്ക്ക് ഒന്നു നോക്കിയാൽ മതി,നമ്മുടെ അതുവരെയുള്ള സങ്കടമെല്ലാം താനേ പമ്പ കടന്നോളും... പിന്നീടൊരിക്കലും ഇതിന്റെ പേരിൽ ചോദ്യങ്ങൾ കൊണ്ടു ഞാൻ അമ്മെക്കൂടി വിഷമിപ്പിച്ചിട്ടില്ല.
വെളുത്ത ശരീരത്തിനുള്ളിൽ വൈകല്യമുള്ള മനസ്സും പേറി നടക്കുന്ന കറുത്ത സമൂഹമേ, ഇനിയെന്നാണ് നിനക്ക് സ്വബോധം ഉണ്ടാകുക..????
BY Vivek VenuGopal
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക