*************************
പമ്മി പമ്മി നൈസ് ആയി വന്നു തുണി കൂട്ടി പിടിച്ചു അടപ്പ് തുറന്നു നോക്കി... കള കള മേളത്തിന്റെ അകമ്പടിയോടെ പുറത്തേക്കു കുതിച്ചുയർന്ന ആവിയുടെ കൂടെ വന്ന കോഴിക്കറിയുടെ മണം എന്റെ വായിൽ തിരമാലകളുയർത്തി... ഉദ്യമം ഇപ്പോൾ വേറെയാണ്, കോഴിക്കറി കുത്തിക്കേറ്റാൻ ഇനിയും സമയമുണ്ട്. അമ്മ അപ്പുറത്തു മറ്റെന്തോ പണിയിൽ മുഴുകി ഇരിക്കുകയാണ്. അമ്മ ഈ കള്ളകളി കണ്ടു പിടിക്കുമോ എന്നുള്ളതല്ല എന്റെ പേടി. അവള് കാണാതെ അടിച്ചു മാറ്റി കഴിക്കണം! അതെ, അവള് കണ്ടാൽ പിന്നെ അടി ആകും. പിന്നെ പങ്ക് വെക്കാനൊക്കെ നിക്കണം. അവൾ എന്ന എന്റെ പ്രധാന എതിരാളി മറ്റാരുമല്ല സുഹൃത്തുക്കളെ എന്റെ സ്വന്തം അനിയത്തി ആണ്. അതിഭീകരയാണവൾ! കോഴിയുടെ കരളിന് വേണ്ടി ഞങ്ങൾ രണ്ടു പേരും ഒരു വിട്ടുവീഴ്ചയുമില്ല. കരളിന് വേണ്ടി കൂടിയ അടികൾ അതിഭീകരമായിരുന്നു. കുരുക്ഷേത്രയുദ്ധം വരെ നാണിച്ചുപോകുമാറ് ഞങ്ങൾ അടി കൂടുമായിരുന്നു കോഴിയുടെ കരളിന് വേണ്ടി.....
തവി എടുത്തു കുത്തിയിളക്കി പരിശോധന തുടങ്ങി. അതാ, അത് തന്നെ. ഇടം വലം നോക്കി തവി കൊണ്ട് കരൾ അതിൽ എടുത്തു, ഊതിയൂതി വായിലേക്ക് ഒറ്റ ഇടൽ! ഒരു ചെറിയ പീസ് കൂടി അതിൽ ഉണ്ട്. അത് എടുത്താൽ കളി മാറും. അതിനു വേറെ ഐഡിയ ഉണ്ട്. വായിൽ ഇട്ടു പെട്ടന്ന് ചട്ടിയെല്ലാം മൂടി തവി ഇരുന്നിടത്തു തന്നെ വച്ച് ഞാൻ തിരിഞ്ഞു നടന്നു. ചൂടോടെ വായിലേക്ക് വന്ന നല്ല വെന്ത കരള് എന്റെ നാവിനോട് ഉപ്പും എരിവും മസാലകഥകളും പറയുന്നതിനോടൊപ്പം നാവിന്റെ തൊലി ഇളക്കിയത് ഞാൻ മനപ്പൂർവം മറന്നു. കരൾ ചവച്ചു പെട്ടന്ന് ഇറക്കിയെങ്കിലും നാവിന്റെ വേദന എന്റെ കണ്ണിൽ കണ്ണീർ നിറച്ചു. കൈ കൊണ്ട് തുടച്ചു നോക്കിയതും പെങ്ങളുടെ മുഖത്തേക്ക്! മഴവില്ലിൻ അഴകായിരുന്നു അവളുടെ മുഖത്തു. നിറങ്ങൾക്ക് പകരം ഭാവങ്ങൾ ആയിരുന്നു. സംശയം, ദേഷ്യം,വ്യഗ്രത, എന്ന് വേണ്ട എല്ലാ ഭാവങ്ങളും ആ മുഖത്തു നിറഞ്ഞാടി.
"ആയിട്ടില്ലെടി, ഞാൻ നോക്കി. ഭയങ്കര പോക. കണ്ണ് നീറി എന്റെ..." ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ തടി തപ്പാൻ ഞാൻ അടവിറക്കി.
എന്നെ നല്ല വിശ്വാസമുള്ളതുകൊണ്ടു അവള് ഉറഞ്ഞുത്തുള്ളി നേരെ പോയി അടുപ്പിന്റെ അടുത്തേക്ക്.
"അമ്മെ ... ഇവൻ കരളെടുത്താ....?" എന്നോടുള്ള ബഹുമാനം പ്രകടമാക്കി അവൾ അമ്മയോട് ചോദിച്ചു.
"അമ്മെ ... ഇവൻ കരളെടുത്താ....?" എന്നോടുള്ള ബഹുമാനം പ്രകടമാക്കി അവൾ അമ്മയോട് ചോദിച്ചു.
"തൊടങ്ങി രണ്ടും... ഒന്ന് പോയെ രണ്ടും അങ്ങട്.... അത് ഒന്ന് വേവട്ടെ....ഈ നിലക്ക് ഇവടെ ആരെങ്കിലും കാവല് നിക്കാ നല്ലതു!" അമർഷം മറച്ചു വയ്ക്കാതെ അമ്മ ആക്രോശിച്ചു.
ഒന്നും ഉരിയാടാതെ മുഖത്തോട് മുഖം നോക്കി ഞങ്ങൾ അടുക്കള വിട്ടു. രണ്ടു പേരും കണ്ണ് എത്തുന്ന രീതിയിൽ ആണ് നിന്നിരുന്നതും മറ്റും. ആരെങ്കിലും അടുക്കളയിൽ പോകുന്നുണ്ടോ എന്ന് ഉറപ്പിക്കാനായിരുന്നു അത്. ഉച്ചയൂണ് റെഡി ആക്കി വിളിക്കാൻ വേണ്ടി അക്ഷമരായി കാത്തു നിന്നു ഞങ്ങൾ രണ്ടു പേരും.
"രാജിവെ..... ശിഖേ......" ചോറ് റെഡിയാക്കി അമ്മ വിളിച്ചതും ഒരു ഫെരാരി കാറിന്റെ വേഗതയോടെ പാഞ്ഞു ഞങ്ങൾ ടേബിളിൽ റെഡി.
രണ്ടു പേർക്കും ചോറ് ഇട്ടു കോഴിക്കറി വിളമ്പി. എന്റെയും പെങ്ങളുടെയും മുഖത്തു ആകാംഷയാണ്. എന്റെ മുഖത്തെ ആകാംഷ ഞാൻ മനപ്പൂർവം ഉണ്ടാക്കിയതാണെന്ന് എനിക്ക് മാത്രമല്ലേ അറിയുള്ളു.
"കരള് ഉടഞ്ഞു പോയാ? കാണാനില്ലല്ലോ..." തവി ഇട്ടു ചട്ടിയിൽ ചികഞ്ഞു നോക്കിന്നതിനിടെ അമ്മ പറഞ്ഞു.
"ഈ പിശാശ് തിന്നു. ഞാൻ കണ്ടതാ ഇവൻ അടുക്കളെന്നു തിന്നു വരണത്... "കരച്ചിലും ദേഷ്യവും വെറുപ്പുമൊക്കെ പല്ല് ഞെരിക്കലിൽ ഒതുക്കി അവള് പറഞ്ഞു.
"ഏയ്.... ഞാനൊന്നും തിന്നില്ല.. ഞാൻ വന്ന് നോക്കിത് വെന്തൊന്ന് അറിയാനാ...അപ്പൊ അതില് ഞാൻ കരള് കണ്ടിരുന്നു ..."നിഷ്കളങ്കനായി ഞാൻ പറഞ്ഞു.
എവടെ? അവള് വിശ്വസിച്ചിട്ടില്ല. എന്റെ കരള് കറി വെച്ച് കൊടുത്താൽ തിന്നാനുള്ള ദേഷ്യം അപ്പോളവൾക്ക് ഉണ്ട്. എങ്കിലും നമ്മള് വിട്ടു കൊടുക്കാൻ പാടില്ലല്ലോ.
"ആ ദേനാ .... ഒരു പീസ് കിട്ടി...."അതും പറഞ്ഞു അമ്മ തവിയിൽ ചെറിയ പീസ് കരളെടുത്തു അവളുടെ പ്ലേറ്റിൽ ഇട്ടു.
"അതെന്തുറ്റാ അവൾക്ക്. എനിക്ക് വേണം. എനിക്ക് വേണം...." ഞാൻ ആരാ മോൻ, അടുത്ത നമ്പർ ഇറക്കി.
"നോക്കട്ടെ ചെക്കാ ... മിണ്ടാണ്ട് നിക്ക്. എന്തുട്ട് പിള്ളേരാ ഇത്. ..." ചട്ടിയിൽ തിരച്ചിലിനിടയിൽ അമ്മ പറഞ്ഞു.
അപകടസൂചന മനസ്സിലാക്കി അവൾ അവൾക്കു കിട്ടിയ പീസ് എടുത്തു ഒറ്റ വിഴുങ്ങൽ.
"നോക്കിയേ അമ്മെ അവളതു മുഴുവൻ തിന്നു... എനിക്ക് കരള് വേണം....അല്ലെങ്കി എനിക്ക് ചോറ് വേണ്ട...." നിശ്ചയിച്ചു ഉറപ്പിച്ചു ഞാൻ പറഞ്ഞു.
ഒരു പ്രൊഫെഷണൽ ഇടനിലക്കാരന്റെ വേഷമണിഞ്ഞു അമ്മ. സന്ദർഭം ശാന്തമാക്കി, മക്കൾ തല്ലുകൂടാതെ, ഭക്ഷണം കഴിപ്പിക്കുക എന്ന അതികഠിനമായ ദൗത്യം ആയിരുന്നു അമ്മക്ക് മുന്നിലുണ്ടായിരുന്നത്. പോരാത്തതിന് സംഘർഷഭരിതമാക്കാൻ ആകെ ഉണ്ടായിരുന്ന കരൾ അവളെടുത്തു വിഴുങ്ങി കളഞ്ഞു!
"ചെക്കാ വേഷംകെട്ട് എടുക്കാണ്ട് ചോറ് തിന്നേ..." ഭീഷിണി മുഴക്കി അമ്മ.
"ഞാൻ ചോറ് തിന്നണമെങ്കിൽ എനിക്ക് രണ്ടു കാല് പീസും വേണം.... അവള് കരള് എനിക്ക് താരാണ്ട് തിന്നില്ലേ...." എന്റെ നിലപാട് ഉറപ്പിച്ചു ഞാൻ പറഞ്ഞു.
ഡിഫെൻസ് ഇടാൻ കയ്യിൽ ഒന്നും ഇല്ലാത്തതിനാൽ അവൾ ഒന്നും മിണ്ടിയില്ല. പക്ഷെ മുഖത്തു ഇരുണ്ടു കൂടിയ കാർമേഘങ്ങൾ അവൾക്കു എന്നോട് ഉണ്ടായിരുന്ന ദേഷ്യം എന്തായാലൂം കുറഞ്ഞട്ടില്ല എന്ന് മനസ്സിലായി. എന്റെ കുശാഗ്രബുദ്ധി വച്ച് പകുതി കരളും രണ്ടു കാല് പീസ് കിട്ടിയതിന്റെ സന്തോഷം മറച്ചു പിടിക്കാൻ ഞാൻ ചിക്കൻ കാലു കടിച്ചു വലിച്ചു തിന്നു.
കാലം ഒരുപാട് മുന്നോട്ടു പോയി... എനിക്കും അവൾക്കും മക്കളായി. ഒരിക്കൽ അടുക്കളയിൽ ഗൾഫ് നാട്ടിലെ വിശേഷങ്ങളും നാട്ടിലെ പരദൂഷണങ്ങളും മറ്റുമായി ഞാനും പെണ്ണും അമ്മയും സംസാരിച്ചു ഇരിക്കുകയാണ്. ചിക്കൻ അടുപ്പത്ത് ഉണ്ട്... പെങ്ങള് വന്നു ഒരു പ്ലേറ്റ് എടുത്തു ചോറ് വിളമ്പി... ചിക്കൻകറിയുടെ മൂടി തുറന്നു അവൾ ചികയാൻ തുടങ്ങി. കാലമിത്ര ആയിട്ടും ഇവള് ഇപ്പോഴും ഇങ്ങനെ ആണോ എന്ന് ഞാൻ വെറുതെ മനസ്സിൽ ആലോചിച്ചു ചിരിച്ചു... കറിയിൽ മുങ്ങി കിടന്നിരുന്ന 2 കരളു പീസും കുറച്ചു കറിയും എടുത്തു അവൾ പോയി. ഒരൽപം കഴിഞ്ഞു ഞാൻ ഉമ്മറത്തേക്ക് പോയി. ഉമ്മറപ്പടിയിൽ ഇരുന്നു കരളും കൂട്ടി എന്റെ മോൾക്കും അവളുടെ മോനും ചോറ് വാരി കൊടുക്കുകയാണ് അവൾ. തലമുറ തലമുറയായി കൈ മാറി വരുന്ന ഒരു കലാരൂപമാണോ ഇതെന്ന് ഞാൻ സംശയിച്ചു.
"അപ്പച്ചി കരള് താ...." കൊതിയോടെ എന്റെ മോൾ പറഞ്ഞപ്പോൾ 'എനിക്കും താ അമ്മെ' എന്ന് അവളുടെ മകനും. കരൾ യുദ്ധങ്ങൾ അവസാനിക്കുന്നില്ല....
**************
പ്രസൂൺ ചിന്നങ്ങത്ത്
പ്രസൂൺ ചിന്നങ്ങത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക