Slider

ഏഴാം പ്രമാണം (കഥ)

0
Image may contain: Benny TJ, suit
ആയാങ്കുടി എന്ന കുടിയേറ്റ ഗ്രാമത്തിലെ ആസ്ഥാന കുടിയനും സർവ്വോപരി പരമഭക്തനുമാണ് കുറ്റ്യാടൻ മത്തായിച്ചൻ.ദിവസവും പണിക്കു പോയില്ലെങ്കിലും എല്ലാ ദിവസവും വൈകുന്നേരം സന്ധ്യയ്ക്കു പള്ളിയിൽ കുരിശ്ശുമണിയടിക്കുമ്പോൾ ഇടവകപ്പള്ളിയായ ഇൻഫന്റ് ജീസസ് ചർച്ചിലെ ഉണ്ണീശോയുടെ കുരിശ്ശടിയിലെത്തി പ്രാർത്ഥിക്കാൻ അയാൾ മറക്കാറില്ല.സാമാന്യം നന്നായി മദ്യപിക്കുമെങ്കിലും ശരാശരി കുടിയന്മാരേപ്പോലേ കുടുംബത്തുചെന്നു കയറിയാൽ അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന പഴഞ്ചൊല്ലുപോലേ വഴക്കും വക്കാണവുമൊന്നുമില്ല. അതിനും കാരണമുണ്ട് പത്തു പതിനഞ്ചു വർഷംമുമ്പുവരെ മത്തായിച്ചൻ ദിവസവും കള്ളുകുടിച്ച് ഉന്മത്തനായി കുഞ്ഞന്നാമ്മയെയും മക്കളെയും തല്ലിച്ചതയ്ക്കുമായിരുന്നു. സഹികെട്ടപ്പോൾ കുഞ്ഞന്നാമ്മ തന്റെ ആങ്ങളമാരെക്കണ്ട് സങ്കടം പറഞ്ഞു. നാലു പേരുണ്ടായിരുന്നു ആങ്ങളമാരായി കുഞ്ഞന്നാമ്മയ്ക്ക്.
കാര്യത്തിന്റെ ഗൗരവം മനസ്സിലായപ്പോൾ ഒരു ദിവസം പെൺമക്കളെല്ലാം സ്ക്കൂളിൽപോയ നേരത്ത് മത്തായിച്ചനറിയാതെ അളിയന്മാർ നാലു പേരും വീട്ടിലെത്തി അയാളെ കാത്തിരുന്നു. ഇതൊന്നുമറിയാതെ വൈകുന്നേരം പതിവു കലാപരിപാടികൾ തുടങ്ങിയ മത്തായിച്ചനെ അളിയന്മാർ ചേർന്നു പിടിച്ചു വായമൂടിക്കെട്ടി അയാളുടെ ദേഹത്ത് നല്ല ഒന്നാന്തരം പിഴിച്ചിലും ഉഴിച്ചിലും ചവിട്ടിത്തിരുമലും കൈത്തരിപ്പു തീരുന്നതുവരെ നടത്തി. മത്തായിച്ചന്റെ വായ മൂടിക്കെട്ടിയിരുന്നതുകൊണ്ട് വിഷയം അയൽപക്കത്തുള്ളവർ ആരുമറിഞ്ഞില്ല സ്വന്തം മക്കളുപോലും ഇന്നും ഇത് രഹസ്യമായി കുഞ്ഞന്നാമ്മയും ആങ്ങളമാരും സൂക്ഷിക്കുന്നു. അളിയന്മാരുടെ കൈയിൽ നിന്നും തനിക്ക് തല്ലുകിട്ടിയെന്ന് നാണക്കേടോർത്ത് മത്തായിച്ചനും ആരോടും പറഞ്ഞില്ല. അന്നത്തോടെ ആണ്ടിലൊ സംക്രാന്തിക്കോ അവരുടെ ഇടവക പള്ളിയിലെ പെരുന്നാളിനും വീടുകളിലെ വിശേഷങ്ങൾക്കും മറ്റും അളിയന്മാരുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നതും,
മദ്യപിച്ച് വഴിയരുകിൽ കിടക്കുക, ബന്ധുക്കാരെയും നാട്ടുകരെയും വീട്ടുകാരെയും ഉറക്കം വരുന്നതുവരെ തെറിവിളിക്കുക തുടങ്ങിയ കലാപരിപാടികൾ മത്തായിച്ചൻ നിറുത്തി.എങ്കിലും കള്ളുകുടിയുടെ കാര്യത്തിൽ അയാൾ യാതൊരു വിട്ടുവീഴ്ച്ചയും നടത്തിയില്ല അവരോടുള്ള വാശിയിൽ കൂടുതൽ കുടിച്ചു.
എന്നിരുന്നാലും ഞായറാഴ്ചകളിലും കടപ്പെട്ട ദിവസങ്ങളിലും പള്ളിയിൽ കുർബ്ബാനയ്ക്കു മുൻനിരയിൽ തന്നെയുണ്ടാകും മത്തായിച്ചൻ.കൈകൾ വിരിച്ചുപിടച്ചു ഉറക്കെ പ്രാർത്ഥനകൾ ചൊല്ലുന്ന ഇത്രയ്ക്കും നല്ല വിശ്വാസിയായ അയാളെ മദ്യപാനാസക്തിയിൽ നിന്നും വിമുക്തനാക്കി ഉത്തമനായ കുഞ്ഞാടാക്കി മാറ്റാൻ ഇടവകയിൽ കാലാ,കാലങ്ങളിൽ മാറി വരുന്ന വികാരിയച്ചന്മാർ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടും മത്തായിച്ചന്റെ മുന്നിൽ മാത്രം പരാജയപ്പെട്ട ചരിത്രമാണുള്ളത്. വികാരിയച്ചന്മാർ മത്തായിച്ചനെ ഉപദേശിക്കാൻ പറയുന്നത് ഓരേ കാര്യമാണ്.മൂന്നു വർഷം കഴിയുമ്പോൾ പഴയ വികാരിയച്ചൻ മാറി പുതിയ വികാരിയച്ചൻ വരും അപ്പോഴും അവരുടെ ഉപദേശത്തിനും ഒരുമാറ്റവുമില്ല.
"എന്തിനാ മാത്തായീ നീയിങ്ങനെ പണിയെടുത്തു കിട്ടുന്ന കാശിനു കള്ളുകുടിച്ചു നടക്കുന്നത്,ആ കാശുങ്കൂടി ചേർത്ത് നിനക്ക് നിന്റെ കുടുംബത്തിൽ ചെലവഴിക്കരുതോ..?"
"നാലു പെണ്മക്കളല്ലേ നിനക്ക്.?"
ഈ ചോദ്യത്തിന് മത്തായിച്ചന് പറയാൻ മറുപടിയുണ്ട്.
"എന്റെയച്ചോ.... എന്നാപറയാന നേരം വെളുക്കുമ്പോ എന്റെ കൈക്കും കാലിനുമൊക്കെ വല്ലാത്തയൊരു തരി തരിപ്പാ രണ്ടെണ്ണം ഉള്ളിച്ചെന്നാലതങ്ങ് പോകും. കുർബ്ബാനേം ചൊല്ലി വീഞ്ഞും കുടിച്ച് എടവക ഭരണോം,ഭവന സന്ദർശനോം നടത്തി പള്ളിമേടയിലിരിക്കുന്ന, തൂമ്പാ പിടിച്ചു കെളയ്ക്കാനറിയാത്ത അച്ചനോടിതെക്കെ പറഞ്ഞാ മനസ്സിലാക്വോ..?"
"എല്ലുമുറിയെ പണിയെടുക്കണെങ്കില് നല്ല ഉഷാറു വേണ്ടേ അപ്പോ പിന്നെ രണ്ടെണ്ണം കഴിക്കുന്നതിലെന്താ ഇത്രവല്യ തെറ്റ്..?"
"നമ്മടെ കർത്താവുപോലും ആദ്യം നടത്തിയ അത്ഭുത പ്രവർത്തനമെന്താേന്നാ കാനായിലെ കല്യാണ വീട്ടിൽ വെച്ച് പച്ചവെള്ളം വീഞ്ഞാക്കിയതല്ലേ..?"
"വീഞ്ഞെന്നു പറഞ്ഞാലെന്തുവാ.. നല്ലൊന്നാന്തരം മുന്തിരിക്കള്ള്
എന്തിനായിരുന്നൂ അത് വിരുന്നുകാരെ പൂസാക്കാനല്ലേ..?"
"അപ്പോൾ കർത്താവൊണ്ടാക്കിയത് വിശ്വാസികളായ നമ്മക്കു കുടിക്കാമ്പറ്റൂലേ... അതങ്ങെനെ ശരിയാവും..?"
"ഏതായാലും ഞാനദ്ധ്വാനിച്ചൊണ്ടാക്കുന്ന കാശു കൊടുത്തൊന്നും ഈ മത്തായിച്ചൻ കള്ളുകുടിക്കിയേല അതിനൊള്ള കാശൊക്കെ എനിക്കീ ഉണ്ണീശോ തരും.."
താൻ മദ്യപിക്കുന്നതിലെ യുക്തിയേക്കുറിച്ച് മത്തായിച്ചന്റെ ഗിരിപ്രഭാഷണം കഴിയുമ്പോഴേയ്ക്കും അതു കേട്ട് തലയ്ക്കു ഭ്രാന്തു പിടിക്കുന്ന വികാരിയച്ചൻ
"സാത്താനേ, നീ ദൂരെപ്പോകൂ.."
എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പള്ളിമേടയിലെത്തിയിരിക്കും.
എന്തെക്കെയായാലും ക്രിസ്തുമസ് രാത്രിയിൽ കരോളിനു പോകുമ്പോൾ ആരോടുവഴക്കുണ്ടാക്കിയിട്ടാണെങ്കിലും ഉണ്ണിയേശുവിന്റെ രൂപം കിടത്തിയിരിക്കുന്ന താലം പിടിക്കാൻ വേറെയാരേം മത്തായിച്ചൻ അനുവദിക്കാറില്ല.ദു:ഖവെള്ളിയാഴ്ചയിലെ കുരിശ്ശിന്റെ വഴിയിൽ ഭാരമുള്ള മരകുരിശ്ശു ചുമക്കാനും മത്തായിച്ചനുണ്ടായിരിക്കും ഏറ്റവും മുന്നിൽ.
"ദേ... കുരിശ്ശും കഴുത്തിലിട്ടുകൊണ്ടാരു സാത്താൻ കുരിശ്ശു ചുമക്കുന്നതു കണ്ടോ..? "
എന്നാണ് കുരിശ്ശിന്റെ വഴിക്കെത്തുന്ന ഇടവകക്കാരുടെ അടക്കംപറച്ചിൽ. പള്ളിയിലെ അന്നത്തെ പരിപാടികളും കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ വാതിലുകൾക്കടുത്ത് നിന്ന് പള്ളിയിലെ കൈക്കാരന്മാരോ, അൾത്താര ബാലന്മാരോ ഒഴിച്ചു കൊടുക്കുന്ന കയ്പ്പുനീരും കുടിച്ചു പള്ളിമുറ്റത്തിനു പുറത്തിറങ്ങിയിട്ടാണ് മത്തായിച്ചൻ തന്നേക്കുറിച്ചുള്ള ആ ആക്ഷേപത്തിനും മറുപടി പറയുന്നത്.
" അതിപ്പം... ലോകത്തിന്റെ പാപം പോക്കാൻ പണ്ടു കർത്താവു കുരിശ്ശു ചൊമന്നു, കഴിഞ്ഞവർഷം ഞാൻ ചെയ്ത പാപത്തിനൊക്കെയൊരു പരിഹാരമായിക്കോട്ടേന്നോർത്താണിന്ന് ഞാനീ കുരിശ്ശു ചൊമന്നത്. പിന്നെ നീതിമാന്മാരെ തേടിയൊന്നുമല്ലല്ലോ കർത്താവീശോമിശികയീ ബൂമീലേക്കു വന്നത്..?" "എന്നേക്കൊണ്ടിത്ര്യൊക്കേ പറ്റൂ കർത്താവിനിഷ്ടമൊണ്ടെങ്കില് ക്ഷമിച്ചാമതീന്നേ അല്ല പിന്നെ."
എന്നാലും വിശേഷ ദിവസങ്ങളിൽ കുർബ്ബാന കഴിയുമ്പോൾ വേഗം പള്ളിക്കു പുറത്തിറങ്ങി പള്ളി ഗേറ്റിലുള്ള ഉണ്ണിശോയുടെ കുരിശ്ശടിയിൽ വന്നിരുന്ന്
നോവേനയും ചെല്ലി രാവിലെ പളളിയിൽ വന്നവരിൽ ഭൂരിഭാഗവും പോയിക്കഴിഞ്ഞേ മത്തായിച്ചൻ വീട്ടിൽ പോകൂ.
ആയാങ്കുടിയിലെ ചാച്ചിക്കവലയിൽ അരയേക്കർ സ്ഥലവും, ഓടിട്ട പഴയൊരു വീടുമാണ് അയാളുടെ ഏക സമ്പാദ്യം. ഭാര്യ കുഞ്ഞന്നാമ്മയും നാലു പെൺമക്കളും ഉൾപ്പെടുന്നതാണ് അയാളുടെ കുടുംബം. മൂത്ത മകൾ സൂസി ആയാങ്കുടിയിലെ ഒരു പ്രെെവറ്റ് ആസ്പത്രിയിൽ നേഴ്സാണ് ഇരുപത്താറു വയസ്സു കഴിഞ്ഞ അവൾ അവിവാഹിതയാണ്. ഒരുപാട് ആലോചനകൾ വരുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞ് വരുന്നത് മുടങ്ങും അല്ലെങ്കിൽ ആരെങ്കിലും മുടക്കും. അവൾക്കിളയവൾ ലില്ലി ദൂരെയൊരു കന്യാസ്ത്രീ മഠത്തിൽ അടുക്കളപ്പണിക്കു നില്ക്കുന്നു. അവൾക്കിളയവരായ അൽഫോൻസയും വെറോണിക്കയും എറണാകുളത്ത് കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്യുന്നു.ഇവരെല്ലാവരും തമ്മിൽ ഈരണ്ടു വയസ്സിനിളപ്പവുമുണ്ട്. ഭർത്താവിന്റെ മദ്യപാനത്തിനെതിരെ കുഞ്ഞന്നാമ്മ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അതിനും മത്തായിച്ചനു മറുപടിയുണ്ട്.
" വയസ്സാങ്കാലത്ത് നമ്മക്കൊരിറ്റു വെള്ളന്തരാൻ
ഒരാങ്കൊച്ചിനെ പെറാൻ നാലുപെറ്റിട്ടും
നിനക്കു കഴിഞ്ഞില്ലല്ലോട്യേ കുഞ്ഞന്നാമ്മേ ..?" "അതിന്റെ വെഷമത്തിലാട്യേ.. ഞാങ്കുടിക്കുന്നേ.. പിന്നെ ഇത്രയുങ്കാലത്തിനെടയ്ക്ക് നെനക്കും മക്കക്കും ഞാനെന്തേലുമൊരു കൊറവു വരുത്തീട്ടൊണ്ടോട്യേ..?" "പാൽപ്പായസമില്ലേലും...ദിവസ്സോം മൂന്നു നേരം വയറുനെറച്ച് തിന്നാനൊള്ള വകയ്ക്ക് എന്തേലും മുട്ടു വരുത്തീട്ടൊണ്ടോട്യേ.. ഞാനിതുവരെ…?" "ഒണ്ടോന്ന്... ഒണ്ടെങ്കിനീയൊന്നു പറഞ്ഞേ എന്നാന്ന് ഒന്നുപറങ്ങേ.. പറഞ്ഞേ
ഞാങ്കേക്കട്ടേ..?"
സംഗതി സത്യമായതുകൊണ്ട് കുഞ്ഞന്നാമ്മ പിന്നെയൊന്നും മിണ്ടില്ല. ഇനി മക്കളാണു ചോദിക്കുന്നതെങ്കിൽ അതിനും മത്തായിച്ചനു മറുപടിയുണ്ട്.
"എന്റെ മക്കളെ നിങ്ങളിങ്ങനെ ഒരു പന്തലിലെറക്കിവിടാൻ കണക്കിനു വളരുന്നതു കാണുമ്പോഴൊള്ള ആദികൊണ്ടാടീ അപ്പച്ചൻ ഇച്ചിരീച്ചേ കുടിക്കുന്നത്.എന്റെ മക്കക്കിഷ്ടമില്ലേല് ഈ അപ്പച്ചൻ ഇന്നത്തെകൊണ്ടീ കുടി നിറുത്തും എന്റെ മക്കള് നോക്കിക്കോ...?"
പക്ഷേ ഇതിങ്ങനെ പറയുമെന്നല്ലാതെ മത്തായിച്ചൻ കുടിക്കുന്നതിന്റെ അളവ് കൂട്ടിയതല്ലാതെ കുറച്ചില്ല.പറഞ്ഞു പറഞ്ഞു മടുത്ത മക്കൾ അപ്പച്ചനോട് പറയുന്നതു തന്നെ നിറുത്തി.
മത്തായിച്ചന്റെ ജീവിതം ഇങ്ങനെയൊക്കെ മുന്നോട്ടു പോകുന്നതിനിടയിലാണ് ഇടവക പള്ളിയിൽ പെരുന്നാളു വന്നത്. പാട്ടുകുർബ്ബാനയും ലദീഞ്ഞും, നൊവേനയും ധ്യാനവുമൊക്കെയായി ഒരാഴ്ച്ച ഇടവകയിൽ ഭയങ്കര ആഘോമായിരുന്നു. തൊട്ടടുത്ത ഇടവകകളിൽ നിന്നും വിശ്വാസികൾ പെരുന്നാളിൽ പങ്കെടുത്ത് നേർച്ച കാഴ്ച്ച വഴിപാടുകളൊക്കെ നടത്തിയിരുന്നു അങ്ങനെ പെരുന്നാളു കഴിഞ്ഞ് രണ്ടു മാസമായപ്പോഴാണ് പള്ളിക്കമ്മറ്റിക്കാർ ഉണ്ണിയേശുവിന്റെ കുരിശടിയിലെ നേർച്ചപ്പെട്ടി തുറന്നത്. സാധാരണ പെരുന്നാളു കഴിഞ്ഞു നേർച്ചപ്പെട്ടി തുറക്കുമ്പോൾ ധാരാളം പണം കാണേണ്ടതാണ് ഇതിപ്പോൾ അൻപത്, ഇരുപത്, പത്ത്, അഞ്ചു രൂപാനോട്ടുകളും, കൂടെ ചില്ലറകളും മാത്രം അതിനു മുകളിലേക്കുള്ള ഒരൊറ്റ നോട്ടുകളുമില്ല. കമ്മറ്റിക്കാർ ഞെട്ടിപ്പോയി.
നടത്തിപ്പു കൈക്കാരൻ പൈലിച്ചേട്ടൻ അടുത്തിരുന്ന കമ്മറ്റിക്കാരനായ തോമസ്സിനോടു പറഞ്ഞു:
"ശ്ശെടാ... അല്ല തോമാച്ചാ..,ഒരു നൂറു രൂപേടെ നോട്ടുപോലും ഉണ്ണീശോയ്ക്ക് നേർച്ചയിടാൻ കഴിയത്തത്രയും വലിയ പിശുക്കന്മാരായോ നമ്മടെ എടവകക്കാർ..?"
"ഹേയ്.. നമ്മടെ എടവക്കാരെ അത്രയ്ക്കങ്ങോട്ട് താത്തിക്കെട്ടല്ലേ പൈലിച്ചേട്ട, എല്ലാ ഞായറാഴ്ച്ചകളിലും
സ്തോത്രക്കാഴ്ചയ്ക്ക് നല്ലൊരു തൊക
പിരിഞ്ഞു കിട്ടുന്നതല്ലേ എടവകക്കാരു പിശുക്കന്മാരാണെങ്കിക്കിട്ട്വോ അത്രോം രൂപ..?
"ഇനിയെങ്ങാനും വികാരിയച്ചന്റെ അറുബോറൻ പ്രസംഗം കേട്ടിട്ട് ഇഷ്ടപ്പെടാത്തവർ
മനപ്പൂർവ്വം നേർച്ച ഇടാതിരുന്നതാണെങ്കിലോ..?"
"ഏതായാലും ഇതച്ചനോട് പറഞ്ഞേക്കാമല്ലേ തോമാച്ചോ.?"
"അച്ചനല്ല മെത്രാനച്ചൻ വന്നു നോക്കിയിട്ടും ഒരുകാര്യോല്ല, ഇല്ലാത്ത നോട്ടുകളൊണ്ടാക്കാൻ നമ്മടച്ചൻ കടമറ്റത്തു കത്തനാരാെന്നുമല്ലല്ലോ..?" "പെരുന്നാളിനു വന്നവർ നേർച്ചയിട്ടുകാണില്ല ഇനിയിപ്പോ ഇത് ഉണ്ണീശോയല്ലേ ഉണ്ണീശോക്ക് ചെറിയ നോട്ടുകൾ മതിയെന്നു വിശ്വാസികൾ തീരുമാനിച്ചാൽ നമ്മക്കെന്നാ ചെയ്യാമ്പറ്റും.. അല്ലേ പൈലിച്ചേട്ടാ..?"
" ഇനിയിപ്പോ അച്ചനോടു പറഞ്ഞില്ലെന്ന പരാതി വേണ്ട ചേട്ടമ്പോയി പറഞ്ഞിട്ടു വാ..."
തോമാച്ചൻ പൈലിച്ചേട്ടനോടു പറഞ്ഞു.
അയാൾ അച്ചനെ അറിയിക്കാൻ പള്ളിമുറിയിലേക്കു പോയി.
വിവരം അറിഞ്ഞപ്പോൾ വികാരിയച്ചനായ ഫാദർ ജോസഫ് ചാത്തനാടൻ ഞെട്ടിപ്പോയി. ഇടവകക്കാർ അദ്ദേഹത്തെ സ്നേഹപൂർവ്വം ചാത്തനാട്ടച്ചൻ എന്നാണു വിളിക്കുന്നത്.
"എന്റെയുണ്ണീശ്ശോയേ.. ചതിച്ചോ..?"
" എന്തോരം സ്വപ്നംങ്കണ്ടതാ.. പോരാത്തതിന് പെരുന്നാളും കഴിഞ്ഞതല്ലേ...?"
"ഭണ്ഡാരക്കുറ്റീല് നല്ലൊരു തൊകയാെണ്ടാകുമെന്നാ ഞാനോർത്തേ. ഇനിയിപ്പോ അരമനയ്ക്കു കൊടുക്കാനൊള്ള എടവക വിഹിതം ഞാനെവിടെന്നെടുത്തുകൊടുമെന്റുണ്ണീശോയേ...?"
ചാത്തനാട്ടച്ചൻ വേഗം ഭണ്ഡാരക്കുറ്റിയിലെ പണം എണ്ണുന്നിടത്തേക്കു ചെന്നു. കമ്മറ്റിക്കാർ നേർച്ചപ്പണം എണ്ണിത്തിട്ടപ്പെടുത്തി പള്ളി രജിസ്റ്ററിൽ എഴുതിച്ചേർത്തു. എല്ലാം കൂടി നാലായിരത്തി ഇരുന്നൂറു രൂപ.
അങ്ങനെ മാസങ്ങൾ കടന്നുപോയി. കുരിശ്ശടിയിലുള്ള മത്തായിച്ചന്റെ പ്രാർത്ഥനകളും തുടർന്നു.ആറുമാസം കൂടുമ്പോഴാണ് പള്ളികളിലെ നേർച്ചപ്പെട്ടികൾ തുറക്കുന്നത്. ഇപ്രാവശ്യവും ആയാങ്കുടിപ്പള്ളിയിലെ നേർച്ചപ്പെട്ടി തുറന്നു അപ്പോഴും അതിൽ അമ്പതിന്റെയൊ,നൂറിന്റെയൊ അതിനു മുകളിലേക്കും താഴോട്ടുമുള്ള ഒരൊറ്റ നോട്ടുകൾപോലും ഉണ്ടായിരുന്നില്ല. വെറും ചില്ലറകൾ മാത്രം എല്ലാം കൂടി എണ്ണി തിട്ടപ്പെടുത്തിയപ്പോൾ ആയിരത്തി അഞ്ഞൂറു രൂപ ഉണ്ടായിരുന്നു. പതിവിനു വിപരീതമായി വികാരിയച്ചൻ ആരും കാണാതെ നൂറു രൂപയുടെ രണ്ടു നോട്ടുകൾ ഇട്ടിട്ടാണ് ഭണ്ഡാരം അടച്ചു പൂട്ടിയത്. നാലു മാസം കഴിഞ്ഞപ്പോൾ അച്ചൻ കൈക്കാരൻമാരുടെയും കമ്മറ്റിക്കാരുടെയും ഒരു യോഗം വിളിച്ചു ചേർത്തിട്ടു പറഞ്ഞു.
"ഈ വർഷത്തെ പെരുന്നാളിങ്ങടുത്തു വരികയല്ലേ..?"
"മഴയൊക്കെ പെയ്തതുകൊണ്ടു പള്ളിയുടെ നേർച്ചപ്പെട്ടികളുടെ പൂട്ടുകൾ മുഴുവൻ തുരുമ്പിച്ചിരിക്കുന്നത് നിങ്ങളെല്ലാവരും കണ്ടു കാണുമല്ലോ..?"
" നമുക്കാ നേർച്ചപ്പെട്ടികൾ തുറന്ന് അതിലുള്ള പണമൊക്കെയെടുക്കണം എന്നിട്ട് നേർച്ചപ്പെട്ടിയുടെ അകത്തും പുറത്തും തുരുമ്പുപിടിക്കാതിരിക്കാൻ പെയ്ന്റടിക്കണം ഇപ്പോഴുള്ളത് പഴയ പൂട്ടല്ലേ അതു മാറ്റി പുതിയ താഴും താക്കോലും വാങ്ങാം ഇതിനേക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം..?"
അച്ചന്റെ അഭിപ്രായം ന്യായമായതുകൊണ്ട് ഏകസ്വരത്തിൽ എല്ലാവരും അത് അംഗീകരിച്ചു.അങ്ങനെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ നേർച്ചപ്പെട്ടികൾ തുറന്നു. പള്ളി ഗേറ്റിനരുകിലെ ഉണ്ണീശോയുടെ കുരിശ്ശടിയിലുള്ള ഭണ്ഡാരപ്പെട്ടി തുറക്കാൻ നേരം അച്ചനും വന്നു. കമ്മറ്റിക്കാർ അതിനുള്ളിൽ നിന്നും പണം വാരിയെടുക്കുന്നത് ശ്രദ്ധാപൂർവ്വം നോക്കി നിന്നു അതിനുള്ളിൽ ആരും കാണാതെ അച്ചനിട്ട നൂറുരൂപാ നോട്ടുകൾ ഇല്ലെന്നു കണ്ടപ്പോൾ അദ്ദേഹം ഒന്നും പറയാതെ പള്ളിമുറിയിലേക്കു പോയി. അതിൽ അസ്വഭാവികതയുള്ളതായി ആർക്കും തോന്നിയില്ല.പക്ഷേ അച്ചന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. പള്ളിയുടെ ഭണ്ഡാരത്തിൽ നിന്നും നേർച്ചപ്പണം ആരോ മോഷ്ടിക്കുന്നുണ്ടാകുമെന്നൊരു സംശയം അദ്ദേഹത്തിനു നേരത്തെ ഉണ്ടായിരുന്നു.അത് ഉറപ്പാക്കാനാണ് അച്ചൻ ആരും അറിയാതെ ഇരുന്നൂറു രൂപ ഭണ്ഡാരത്തിലിട്ടത്.അങ്ങനെ അന്നു മുതൽ അച്ചൻ രഹസ്യമായി ഭണ്ഡാരപ്പെട്ടികൾ നിരീക്ഷിക്കുവാൻ തുടങ്ങി. പതിവുപോലേ സന്ധ്യയ്ക്കെന്നും മത്തായിച്ചന്റെ പ്രാർത്ഥനയും തുടർന്നു.
മത്തായിച്ചനല്ലാതെ വേറെയാരും കുരിശ്ശടിയിൽ പ്രാർത്ഥിക്കാൻ വരാറില്ലെന്ന് അച്ചനറിയാമായിരുന്നു. എങ്കിലും അയാളെ സംശയിക്കാൻ ഒരു കാരണവുമില്ലായിരുന്നു. എങ്കിലും കുന്തം പോയാൽ കുടത്തിലും തപ്പണമല്ലോ.? എന്ന ചിന്തയിൽ അച്ചൻ മത്തായിച്ചനെയും നിരീക്ഷിക്കാൻ തീരുമാനിച്ചു. ഒരു ദിവസം വികാരിയച്ചൻ മത്തായിച്ചൻ പ്രാർത്ഥിക്കാൻ വരുന്ന സമയം നോക്കി അതിനു മുമ്പേതന്നെ കുരിശ്ശടിയിലെത്തി ഉണ്ണീശോയുടെ രൂപത്തിന്റെ അടിയിലുള്ള ഭൂഗോളത്തിന്റെ ചുവട്ടിൽ ഒളിച്ചിരുന്നു.
പതിവുപോലേ കുരിശ്ശടിയിലെത്തിയ മത്തായിച്ചൻ പ്രാർത്ഥനയാരംഭിച്ചു. നെറ്റിയിൽ കുരിശ്ശുവരച്ചു ത്രിത്വസ്തുതി ചൊല്ലിക്കൊണ്ടിരുന്ന പാവം മത്തായിച്ചനെ സംശയിച്ചതിൽ മനസ്താപപ്പെട്ട് ഭൂഗോളത്തിന്റെ ചുവട്ടിൽ നിന്നും മെല്ലേ എഴുന്നേറ്റപ്പോഴാണ് മത്തായിച്ചന്റെ പ്രാർത്ഥനയുടെ രീതി മാറിയത് അച്ചൻ ശ്രദ്ധിച്ചത്. അതു കേട്ടപ്പോൾ പോകാനെഴുന്നേറ്റ അച്ചൻ അവിടെത്തന്നെ ഇരുന്നു മത്തായിച്ചന്റെ പ്രാർത്ഥനകേട്ടു.
"എന്റെ ഉണ്ണീശ്ശോയേ, പാപിയായ എന്നോടു നീ കൊറച്ചൂടി കരുണ കാണിക്കേണമേ, കാലത്തും,വൈകിട്ടും ഈ മത്തായിച്ചനല്പം കുടിക്കണമെന്ന് നിനക്കറിയാമല്ലോ.?" "അതോണ്ടാണേ ഞാനീപ്പണി ചെയ്യുന്നത് ..?" "വേറൊരു നിവൃത്തീമൊണ്ടായിരുന്നേൽ മത്തായിച്ചനിതു ചെയ്യൂലെന്നും ഉണ്ണീശ്ശോയേ നിനക്കറിയാമല്ലോ..?"
"അതുകൊണ്ട് ഇന്നും നീയെന്നോട് ക്ഷമിക്കുമെന്നും എനിക്കറിയാം അല്ല ദൈവമായ നിനക്കീ പൈസേടെയൊക്കെ ഒരാവിശവുമില്ലല്ലോ.?"
" അതെല്ലാം മനുഷന്മാരായ ഞങ്ങക്കല്ലേ അതോണ്ട് ഇന്നത്തേക്കൊള്ളതും ഞാനിങ്ങെടുക്കുന്നു നീയെന്നോട് പൊറുത്തേക്കണം.."
പ്രാർത്ഥന നിറുത്തിയിട്ട് ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്നുറപ്പുവരുത്താൻ തലപൊക്കി നാലുപാടും വീക്ഷിച്ചതിനു ശേഷം വളരെ തന്റെ അണ്ടർവെയറിന്റെ കീശയിൽ കരുതിയിരുന്ന ഫെവിക്കോളിന്റെ ഡെപ്പി തുറന്ന് ഉടുമുണ്ടിന്റെ ഇടയിൽ ഒളിപ്പിച്ചുവെച്ച നീളമുള്ള ഒരു ഈർക്കിലി പുറത്തെടുത്ത് അതിന്റെ തുമ്പത്ത് ഫെവിക്കോൾ തേച്ചു ഭണ്ഡാരപ്പെട്ടിയുടെ പണമിടാനുള്ള ദ്വാരത്തിലൂടെ അകത്തേയ്ക്കിട്ടു ഒന്നു ചുറ്റിച്ച ശേഷം വളരെ ശ്രദ്ധയോടെ പതിയെ പുറത്തേക്കു പൊക്കിയെടുത്ത് അതിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന നോട്ടുകൾ എടുക്കാൻ തുടങ്ങി. അതോടെ കാര്യങ്ങളെല്ലാം അച്ചനു മനസ്സിലായി ഉടനെ തന്നെ അച്ചൻ ശബ്ദം മാറ്റി കുട്ടികളുടെ ശബ്ദത്തിൽ മത്തായിച്ചനെ വിളിച്ചു.
" മത്തായീ..?"
ഞെട്ടിപ്പോയ മത്തായിച്ചൻ ചുറ്റിലും നോക്കി ആരേയും കാണുന്നില്ല തലപൊക്കി നോക്കിയപ്പോൾ ഉണ്ണീശോയുടെ രൂപവും മുകളിൽ ആകാശവും മാത്രം. ഒരു നിമിഷം പതറി നിന്ന ശേഷം ഭണ്ഡാരത്തിലിട്ട ഈർക്കിലി വേഗത്തിൽ പൊക്കിയെടുക്കാൻ തുടങ്ങി അപ്പോൾ വീണ്ടും അശരീരി കേട്ടു .
"നീയീചെയ്യുന്നതെല്ലാം തെറ്റല്ലേ മത്തായി..?"
ചുറ്റിലും നോക്കിയ മത്തായിച്ചന് ഉണ്ണിയേശുവിന്റെ രൂപമല്ലാതെ വേറെ ആരെയും കാണാൻ കഴിഞ്ഞില്ല ഒളിച്ചിരുന്നു ആരെങ്കിലും തന്നെ പറ്റിക്കുന്നതാണെന്നു തോന്നിയ മത്തായിച്ചൻ കുരിശ്ശടിയുടെ ചുറ്റും നടന്നു നോക്കിയിട്ടും ആരെയും കണ്ടില്ല. മത്തായിച്ചൻ വരുന്നതു കണ്ട വികാരിയച്ചൻ അയാൾ കാണാതാരിക്കാൻ മറുവശത്തേക്കു നീങ്ങി നിന്നായിരുന്നു.
അയാളുടെ ഉള്ളിൽ ഭയം നിറഞ്ഞു ശരീരം വിറയ്ക്കാൻ തുടങ്ങി. ഇടറിയ ശബ്ദത്തിൽ മത്തായിച്ചൻ ചോദിച്ചു:
"ആരാണ്... നിങ്ങളാരാണ്...?"
"ഞാനാണ് മത്തായി, ഉണ്ണീശ്ശോ.. "
രൂപത്തിന്റെ പുറകിൽ നിന്നും അച്ചൻ വിളിച്ചു പറഞ്ഞു.
"ഓ.. ഉണ്ണീശ്ശോയാണോ…?"
"പിള്ളേർക്കെന്നായിവിടെക്കാര്യം വല്യ വല്യ കാര്യങ്ങളിലെടപെടാതെ പിള്ളേര് പിള്ളേരുടെ പണിനോക്ക്..?"
ഉള്ളിൽ ഭയമുണ്ടെങ്കിലും അയാൾ ധൈര്യം സംഭരിച്ചു പറഞ്ഞു. അതു കേട്ടപ്പോൾ പൊട്ടിച്ചിരിക്കാൻ തോന്നിയെങ്കിലും അച്ചൻ അതടക്കിക്കൊണ്ട് തലപൊക്കി അയാളെ നോക്കി. ഉടുമുണ്ട് അഴിച്ചു മുറിക്കിക്കുത്തുന്ന മത്തയിച്ചനെക്കണ്ടപ്പോൾ അയാൾ അവിടുന്ന് ഓടാനുള്ള തയ്യാറെടുപ്പാണെന്ന് അച്ചനു മനസ്സിലായി ഉടനെ അച്ചൻ പറഞ്ഞു:
"എന്തിനാണു മത്തായി നീ എന്റെ മുന്നിൽ നിന്നും ഓടിപ്പോകാൻ നോക്കുന്നത്..?"
" എത്ര ദൂരം ഓടിയാലും എന്റെ കണ്മുന്നിൽ നിന്നും മാറി നില്ക്കാൻ നിനക്കു കഴിയുമോ..?" "ഇത്രയും കാലം നീ ചെയ്ത എല്ലാ തെറ്റുകളും, ചെയ്ത പാപങ്ങളും ഏറ്റുപറഞ്ഞു മാപ്പിരുന്നാൽ നിന്നോടു ഞാൻ ക്ഷമിക്കും. അതുകൊണ്ട് നീ ഓടാൻ ശ്രമിക്കണ്ട നിന്നെ ശിക്ഷിക്കാനല്ല രക്ഷിക്കാനാണ് ഞാൻ വന്നത്..?"
" എന്റെ മുന്നിൽ നിന്നും ഓടിയൊളിച്ചാൽ നിനക്കുള്ള ശിക്ഷയും അതികഠിനമായിരിക്കും. ഫലംതരാത്ത അത്തി വൃക്ഷം കണക്കെ നിന്നെ ഞാൻ വെട്ടിയരിഞ്ഞ് അഗ്നിയിൽ എറിയും...അതുകൊണ്ട് ആരെങ്കിലും വരുന്നതിനു മുന്നേ വേഗം നിന്റെ പാപങ്ങൾ എന്നോട് ഏറ്റുപറഞ്ഞു മാപ്പിരിക്കുക. നിനക്കറിയില്ലേ ദൈവത്തിന് അസാദ്ധ്യമായത് ഒന്നുമില്ലെന്ന്...?"
അച്ചന്റെ വാക്കുകൾ കേട്ടപ്പോൾ തനിക്കിനി രക്ഷയില്ലെന്ന് ഉറപ്പായ മത്തായിച്ചൻ
കാറ്റുപോയ ബലൂണിന്റെ അവസ്ഥയിലെത്തി. നാലുപാടും ഒന്നു കൂടി നോക്കി അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം തന്റെ പാപങ്ങൾ ഉണ്ണീശോയാേട് ഏറ്റുപറയാൻ തുടങ്ങി.
കുമ്പസാരത്തിനിടയിൽ പറയുന്ന അല്ലറ ചില്ലറ പാപങ്ങൾ കേട്ടപ്പോൾ അച്ചൻ പറഞ്ഞു:
" മത്തായീ.., ഇതെക്കെ എല്ലാ കുമ്പസാരങ്ങൾക്കും നീ പറയുന്നത് ഒരുപാടു തവണ കേട്ടിട്ടുണ്ട് ഞാൻ. ഇതല്ലാതെയുള്ള പാപങ്ങൾ പറയുക. നീ ലംഘിച്ച ഏഴാം പ്രമാണവും, എട്ടാം പ്രമാണവും,പത്താം പ്രമാണവും എന്നോട് ഏറ്റുപറയുക.."
ഇങ്ങനെ പറഞ്ഞതിനു ശേഷം മത്തായിച്ചൻ തന്റെ പാപങ്ങൾ പറയുന്നതു കേൾക്കാൻ അച്ചൻ കാതുകൾ കൂർപ്പിച്ചു.
തന്റെ മോഷണങ്ങൾ ഇനി ഉണ്ണിയേശുവിൽ നിന്നും ഒളിച്ചു വയ്ക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ അയാൾ പാപങ്ങൾ ഓരോന്നായി ഏറ്റുപറയാൻ തുടങ്ങി.
"എന്റെ പൊന്നൂണ്ണീശോയേ, പാപിയായ എന്നോടു നീ ഷെമിക്കണം എല്ലാവർഷവും ക്രിസ്തുമസ് കരോളിനു പോകുമ്പോൾ ഓരോ വീടുകളിൽ നിന്നും ഉണ്ണിക്കു നേർച്ചയിടുന്നതിൽ നിന്നും കുറേശ്ശേ പൈസ എടുക്കാനാണ് ഞാൻ കരോളിന് ഉണ്ണിയെ പിടിക്കുന്നത് എടുക്കുന്ന പൈസ
തിരക്കിനിടയ്ക്ക് ആരും അറിയാതെ ഞാൻ എന്റെ നിക്കറിനുള്ളിൽ തിരുകിവയ്ക്കുമായിരുന്നു ഉണ്ണീശോയേ.."
"പിന്നെയൊ…?"
അശരീരി വീണ്ടും കേട്ടപ്പോൾ മത്തായിച്ചൻ പറയാൻ തുടങ്ങി.
" പള്ളിവക തോട്ടത്തിൽ വീഴുന്ന അടയ്ക്കായും തേങ്ങായും ഞാൻ പെറുക്കാറുണ്ട് ഉണ്ണീശോയേ, ആരും കാണാതിരിക്കാൻ പര,പരാവെളുപ്പിനു വന്നാണ് പെറുക്കുന്നത്. പിന്നെ റബ്ബർ തോട്ടത്തിൽ നിന്നും ഒട്ടുപാലും, പൊകപ്പെരേന്നു റബ്ബർഷീറ്റും എടുക്കാറൊണ്ട്.."
അതുകേട്ടപ്പോൾ അച്ചനൊന്നു ഞെട്ടി ഇതുവരെ ആരും അറിയാത്ത കാര്യം ഡാ... മഹാപാപി.., എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ചോദിച്ചു:
"അതെന്തിനാണു മത്തായീ നീ പുകപ്പുരയിൽ കയറി റബ്ബർഷീറ്റ് എടുക്കുന്നത്..?"
തന്റെ തല ചൊറിഞ്ഞു കൊണ്ട് മത്തായിച്ചൻ പറഞ്ഞു:
"പൊകപ്പൊരയില് കേറ്റുമ്പോൾ ഷീറ്റുകൾ എണ്ണിയാണ് കേറ്റുന്നത് എറക്കുമ്പോ ആരും ഷീറ്റെണ്ണാറില്ല ഉണ്ണീശോയേ, മാത്രമല്ല ഷീറ്റുകൾ തരം തിരിക്കുമ്പോ എണ്ണത്തിലുള്ള വ്യത്യസോം അറിയില്ല.."
ഇപ്പോഴാണ് അച്ചൻ ശരിക്കും ഞെട്ടിയത്
ഷീറ്റിന്റെ കുറവുകൾ മൂലം മൂന്നു തവണയാണ് റബ്ബർ ടാപിംഗുകാരെ മാറ്റിയത്.. അപ്പോൾ ഇവനായിരുന്നു എല്ലാത്തിനും കാരണം ഇവനെയിന്നു ശരിയാക്കുന്നുണ്ടു ഞാൻ അച്ചൻ മനസ്സിൽ ഉറപ്പിച്ചു.
" അപ്പോൾ നീ കുരിശ്ശടിയിലെ ഭണ്ഡാരത്തിൽ നിന്നും മോഷ്ടിക്കുന്നത് എന്തിനാണ് മത്തായി..?"
"അതു ദിവസവും കള്ളുകുടിക്കാനും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനുമാണേ.."
"ഇതെല്ലാം നീ കുമ്പസാരത്തിനിടയിൽ വികാരിയച്ചനോടു പറയാതിരുന്നതെന്താണു മത്തായീ..? "
അച്ചന്റെ ചോദ്യം കേട്ട മത്തായിച്ചൻ മെല്ലെപ്പറഞ്ഞു:
"ഇപ്പോഴത്തെ വികാരിയച്ചന്റടുത്ത് ഇതെക്കെപ്പറഞ്ഞു കുമ്പസാരിച്ചാൽ പിന്നെയെനിക്ക് പള്ളിവക തോട്ടത്തിൽ കേറാമ്പറ്റ്വോ ഉണ്ണീശോയേ..?"
" ആ ചാത്തനാട്ടച്ചനെന്തെങ്കിലും പോമ്പഴി കണ്ടാപ്പിന്നെ എന്റെ കാര്യം നടക്കില്ലല്ലോ അതുകൊണ്ടാണേ.. "
ഇവിടുന്നെടുക്കുന്ന പണത്തിന്റെ പകുതിയും തന്റെ പെൺമക്കൾക്കു കല്യാണത്തിനു
സ്ത്രീധനം കൊടുക്കാൻ വേണ്ടി സഹകരണ ബാങ്കിൽ ദിവസവും അടയ്ക്കാറുണ്ടെന്ന കാര്യം പറയണമോ വേണ്ടയോ എന്ന സംശയത്തിൽ മത്തായിച്ചൻ ഒരു നിമിഷം കണ്ണടച്ച് ആലോചിച്ചു ഒടുവിൽ അതും പറഞ്ഞേക്കാമെന്നു കരുതി കണ്ണു തുറന്ന മത്തായിച്ചൻ ഞെട്ടിത്തരിച്ചുപോയി തന്റെ മുന്നിൽ വികാരിയച്ചൻ പുഞ്ചിരിച്ചുകൊണ്ട് നില്ക്കുന്നു. അപ്പോൾ ഇത്രയും നേരം താൻ പറഞ്ഞതെല്ലാം വികാരിയച്ചനോടാണെന്നോർത്തപ്പോൾ മത്തായിച്ചനു തലകറക്കംവന്നു. താഴെ വീഴാൻ തുടങ്ങിയ അയാളെ അച്ചൻ താങ്ങിപ്പിടിച്ചു കുരിശ്ശടിയിൽ ഇരുത്തി.
എന്നിട്ടു പറയാൻ തുടങ്ങി.
"നീയിപ്പോൾ പറഞ്ഞതു മുഴുവൻ സത്യമാണെന്ന് എനിക്കറിയാം ഞാനിപ്പോൾ പോലീസിനെ വിളിച്ചാൽ അവർ വന്നു നിന്നെ കൊണ്ടുപോകും അങ്ങനെയാണ് ചെയ്യേണ്ടത് പക്ഷേ, ഞാനതു ചെയ്യുന്നില്ല.. നിന്നെയോർത്തിട്ടല്ല നിന്റെ പെൺമക്കളുടെ ഭാവിയോർത്തിട്ടാണ് നിന്നെ പോലീസ്സുപിടിച്ചാൽ
കള്ളനായ ഒരാളാണ് തങ്ങളുടെ അപ്പൻ എന്നാപിള്ളേരെങ്ങാനും അറിഞ്ഞാൽ, ദേ,കള്ളന്റെ മക്കളു പോണേ എന്നാരെങ്കിലും വിളിച്ചു പറയുന്നത് നിന്റെ മക്കളെങ്ങാനും കേൾക്കാനിടയായാൽ വിവാഹപ്രായം കഴിഞ്ഞു പുരനിറഞ്ഞു നില്ക്കുന്ന നിന്റെ നാലുപെൺമക്കളും, കൂടെ നിന്റെ ഭാര്യയുംകൂടി കൂട്ട ആത്മഹത്യ ചെയ്യും പിന്നെ അവർക്കുള്ള അന്ത്യകൂദാശയും ഒപ്പീസും ഞാൻ തന്നെ ചൊല്ലേണ്ടിവരും. അതുകൊണ്ട് ഈ വിവരം ഞാൻ പോലീസിലറിയിക്കുന്നില്ല, കൂട്ടമണിയടിച്ച് ഇടവകക്കാരെയും വിളിച്ചുകൂട്ടി അറിയിക്കുന്നില്ല അവരെങ്ങാനും ഇതറിഞ്ഞാലുള്ള പുകില് നിനക്കറിയാലോ…?"
" നിന്നെ ഈ കുരിശ്ശടിയിലിട്ടു ചവിട്ടിക്കൂട്ടി നീ ചത്താലും ചത്തില്ലെങ്കിലും മരിച്ചവർക്കുള്ള ഒപ്പീസും ചൊല്ലിയിട്ടേ അവരടങ്ങൂ. അതുകൊണ്ട് ഈ നിമിഷം മുതൽ നീ നിന്റെ മദ്യപാനം നിറുത്തിക്കോ..?"
"ഇനിയെങ്ങാനും കള്ളുകുടിച്ചു നിന്നെക്കണ്ടാൽ, അതല്ല നീ ഒളിച്ചും പാത്തും ഞാനറിയാതെ കള്ളുകുടിച്ചെന്നെങ്ങാനും ഞാനറിഞ്ഞാൽ അന്നു നീ പോലീസിന്റെ കസ്റ്റടിയിലായിരിക്കും.. ഇനി ഞാനിവിടെ അടുത്ത ഒന്നര വർഷം മാത്രമേ വികാരിയച്ചനായിക്കാണൂ എന്നോർത്ത് മത്തായിച്ചൻ സന്തോഷിക്കേണ്ട മാറിപ്പോകുന്നതിനു മുമ്പേ പുതിയതായി വരുന്ന വികാരിയച്ചനോടെല്ലാം പറഞ്ഞിട്ടേ ഞാനി ഇടവകേന്നു പോകൂ."
അച്ചൻ പറഞ്ഞതെല്ലാം സംഭവിച്ചാൽ എങ്ങനെയിരിക്കുമെന്ന് ഒരു നിമിഷം ചിന്തിച്ചപ്പോൾ ഇളം കാറ്റുവീശുന്ന ആ സന്ധ്യയ്ക്കും അയാളുടെ ശരീരം വിയർത്തു കുളിച്ചു. കുരിശ്ശിൽ കിടക്കുന്ന തന്റെ ശരീരത്തിൽ അവസാനത്തെ ആണിയാണ് വികാരിയച്ചൻ ഇപ്പോൾ അടിച്ചു കയറ്റിയതെന്നറിഞ്ഞപ്പോൾ അയാളുടെ തൊണ്ട വരണ്ടു പിന്നെയൊട്ടും മടിക്കാതെ ഒരു യോദ്ധാവു തന്റെ അവസാനത്തെ ആയുധം പ്രയോഗിക്കുന്നതുപോലേ മത്തായിച്ചൻ വികാരിയച്ചന്റെ കാല്ച്ചുവട്ടിലേക്ക് കമഴ്ന്നുവീണുകെട്ടിപ്പിടിച്ച് എല്ലാത്തിനും ക്ഷമ പറഞ്ഞു.
"ഏതായാലും മത്തായിക്കിപ്പോൾ കാര്യങ്ങളെല്ലാം മനസ്സിലായിക്കാണുമല്ലോ..?" "ഇനിയേതായാലും മത്തായി കുരിശ്ശടിയിൽ വന്നു പ്രാർത്ഥിക്കേണ്ട, നല്ല മനസ്സോടെ വീട്ടിലിരുന്നു പ്രാർത്ഥിച്ചാലും കർത്താവു കേൾക്കും.. മത്തായിയുടെ മാനസാന്തരം ഉണ്ണീശോയുടെ ഏറ്റവും വലിയ അത്ഭുത പ്രവൃത്തിയായി ഈ ഇടവകയിൽ നിലനിൽക്കട്ടേ. പിന്നെ പതിവുപോലേ ഞായറാഴ്ച്ചകളിലും കടപ്പെട്ട ദിവസങ്ങളിലും എല്ലാവരേയുംപോലേ പള്ളിയിൽ വരിക, പ്രാർത്ഥിക്കുക. അതു മതി ഞാൻ പറഞ്ഞതു മനസ്സിലായെങ്കിൽ മത്തായി എഴുന്നേറ്റു വീട്ടിൽ പൊയ്ക്കോ.."
മത്തായിച്ചൻ ഒന്നും പറയാതെ നടന്നു പോയി.
രണ്ടുമാസത്തിനു ശേഷം ആ വർഷത്തെ പള്ളിപ്പെരുന്നാളും കഴിഞ്ഞു. വീണ്ടും രണ്ടു മാസത്തിനു ശേഷമാണ് ഭണ്ഡാരപ്പെട്ടി തുറക്കാൻ തീരുമാനിക്കുന്നത്. അന്ന് അച്ചൻ മത്തായിച്ചനെയും വിളിച്ചിരുന്നു.
ഇത്തവണ ഭണ്ഡാരപ്പെട്ടി തുറന്നപ്പോൾ പുതിയ രണ്ടായിരത്തിന്റെയും അതിനു താഴോട്ടുള്ള പുതിയ നോട്ടുകൾക്കൊപ്പം നൂറിന്റെയും അമ്പതിന്റയും ഇരുപത്, പത്ത്, അഞ്ച് തുടങ്ങിയ പഴയ നോട്ടുകളും ചില്ലറകളും മൊത്തത്തിൽ ഒരു ലക്ഷത്തിനു മുകളിലുണ്ടായിരുന്നു നേർച്ചപ്പണം അതെണ്ണിക്കഴിഞ്ഞ ശേഷം പുതിയ കമ്മറ്റിക്കാരൻ ജോർജ്ജ് വിളിച്ചു പറഞ്ഞു:
" അച്ചോ കഴിഞ്ഞ വർഷത്തേക്കാളും എരട്ടിക്കെരട്ടിയൊണ്ടല്ലോ ഈ വർഷത്തെ നേർച്ചപ്പണം.. കണ്ടില്ലേ ഉണ്ണീശോയുടെ വലിയ അത്ഭുതം.."
"ശരിയാണ്.... ജോർജ്ജേ.. നടന്നിരിക്കുന്നത് ഉണ്ണീശോയുടെ അത്ഭുതം തന്നെയാണ്.. "
തന്റെ അടുത്തു നിന്ന മത്തായിച്ചനെ നോക്കി മന്ദഹസിച്ചു കൊണ്ടാണ് അച്ചൻ പറഞ്ഞത്. വിവരമറിയുന്ന മത്തായിച്ചൻ അച്ചനെ നോക്കി ആരോടും ഒന്നും പറയല്ലേ എന്ന ഭാവത്തിൽ കൈകൾ കൂപ്പി. അന്നത്തെ അദ്ദേഹത്തിന്റെ ഭീക്ഷിണിമൂലം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മത്തായിച്ചൻ തന്റെ
മദ്യപാനവും പുകവലിയും മറ്റെല്ലാ ദു:ശ്ശീലങ്ങളും ഉപേക്ഷിച്ചിരുന്നു. മാത്രമല്ല അയാളുടെ മൂത്ത മകൾ സൂസിയുടെ വിവാഹവും കഴിഞ്ഞിരുന്നു.
അയാൾ ഉണ്ണീശോയിൽ വിശ്വസിച്ച് മാനസാന്തരപ്പെട്ടെന്ന് ഇടവകക്കാരും, തനിക്ക് മാനസാന്തരമല്ല വികാരിച്ചൻ മൂലമുള്ള പേടിസാന്തരമാണ് സംഭവിച്ചതെന്നും മത്തായിച്ചനും വിശ്വസിച്ചു. മാത്രമല്ല ബുദ്ധിയുള്ള വികാരിയച്ചനെ പേടിക്കണമെന്ന പുതിയ പാഠവും മത്തായിച്ചൻ പഠിച്ചു. (ശുഭം)
ബെന്നി ടി.ജെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo