നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വീണ്ടും ചില വീട്ടുകാര്യങ്ങൾ

"ഇതാണോ സാമ്പാർ "?
ഇഡ്ലിയുടെ മുകളിലെ ജലാശയത്തിൽ വിരലിട്ടിളക്കി ഞാൻ അവളുട മുഖത്തേക്കു നോക്കി
"അതെ .നല്ല അടിപൊളി സാമ്പാർ ല്ലേ ചേട്ടാ? "യുദ്ധം ജയിച്ച യോദ്ധാവിനെ പോലുണ്ട് അവളുടെ മോന്ത
"ഇത് സാമ്പാർ ..ഇത് ..എടി ചെളിവെള്ളം പോലിരിക്കുന്ന ഇതിനെയാണ് നീ സാമ്പാർ എന്ന് പറയുന്നേ .? .വല്ല മീനും ഓടിക്കളിക്കുന്നുണ്ടോന്നു നോക്കട്ട് "
"ദേ മനുഷ്യ എന്ത് ചെയ്താലും കുറ്റം മാത്രം പറയുന്ന നിങ്ങളെ എനിക്കിപ്പോ പിടിക്കുന്നില്ല കേട്ടോ ..എന്റെ ആത്മവിശ്വാസം കളയാൻ കച്ചകെട്ടി ഇറങ്ങിയേക്കുവാ ,ഇത് പോലെ ചെയ്താ ഓരോരുത്തര് പഠിക്കുന്നെ അല്ലാതെ ജനിക്കുമ്പോൾ ഇതൊക്കെ പഠിച്ചോണ്ട് വരുവല്ല "
"പക്ഷെ എത്ര ചെയ്തിട്ടും നീ പഠിക്കുന്നില്ലല്ലോ? ചെയ്ത്ത് മാത്രമല്ലെ ഉള്ളു ?ഇന്നലെ ഒരു സാധനം വെച്ചല്ലോ എന്താ അത് .."
"എരിശ്ശേരി "അവൾ ചമ്മലോടെ
"ആ അതാരുന്നു അതിന്റ പേരല്ലേ ?കഴിച്ചു കഴിഞ്ഞപ്പോളുണ്ടല്ലോടി മരിച്ച മതി എന്ന് തോന്നിപ്പോയി "
"അതിച്ചിരി കരിഞ്ഞു പോയി "
"കഴിച്ചപ്പോ ഞാൻ കരഞ്ഞും പോയെടി,എനിക്കിപ്പോ ഉറപ്പായി എന്റെ അന്ത്യം നിന്റെ കൈ കൊണ്ട ..എന്നും ദോശ സാമ്പാർ , ഇഡലി സാമ്പാർ , പുട്ട് സാമ്പാർ ..വേറെയും കറികളുണ്ട് മോളെ ഭൂമിയില് ...ഞാൻ ഈ സാമ്പാർ കഴിച്ചു ചാവുകേയുള്ളു ""എന്റെ ഓഫീസിലുള്ള പെണ്ണുങ്ങളും ആണുങ്ങളൂം കൊണ്ട് വരുന്ന കറികളൊക്കെ ഒന്ന് കാണണം ..ഭാഗ്യം വേണം ഭാഗ്യം അല്ലെങ്കിലും എനിക്കൊന്നിനും ഭാഗ്യമില്ലല്ലോ "
"ഇത് കുഞ്ഞുങ്ങളുണ്ടാകാത്തതിന് നിങ്ങളെന്നെ കുത്തിയതല്ലേ ?എന്റെ കുറ്റം കൊണ്ടാണോ കുഞ്ഞുണ്ടാകാത്ത?"
ഞാൻ മനസാ വച്ച കർമണാ ചിന്തിക്കാത്ത പോയിന്റിൽ കൊണ്ട് വന്നു ലാൻഡ് ചെയ്തു മൂക്ക് പിഴിയുകയാണ് കക്ഷി
"നിങ്ങൾക്കിപ്പോ വേറെ കല്യാണം കഴിക്കണം എന്ന് തോന്നുന്നായിരിക്കും. ഞാൻ പോയേക്കാം "ഏങ്ങലടിയുടെ ബിജിഎം. ഇതൊക്കെ ഈ പെണ്ണുങ്ങൾ ക്കു ഇത്രയും പെട്ടെന്ന് എവിടുന്നു വരുന്നു ദൈവമേ.
"എടി നീ ഈ പോകും പോകും ന്നു പറഞ്ഞു ആശിപ്പിക്കാതെ... "
"അയ്യടാ അങ്ങനയിപ്പോ ഞാൻ പോയിട്ട് നിങ്ങള്
സുഖിക്കണ്ട "കരച്ചിൽ സഡൻ ബ്രേക്ക്‌ ഇട്ടു ചീറുന്ന പൂച്ചയായ് അവൾ "പറയാനാണെങ്കിൽ എനിക്കും പറയാനുണ്ട് എന്റെ അമ്മാവന്റെ മോൻ അച്ചുവേട്ടൻ എന്നെ കെട്ടാൻ എത്ര പുറകെ നടന്നതാ"
"ഇത് കുറെ കേട്ടിട്ടുണ്ട് "
"കാണാൻ എന്ന ഭംഗിയാ ..മമ്മൂട്ടിയുടെ പോലെത്തെ നല്ല നീണ്ട മൂക്ക് .നിങ്ങളുടെ പോലെത്തെ ചപ്പി വലിഞ്ഞ മൂക്കല്ല ,,നിറമാണെങ്കിലോ പൊന്നിന്റെ നിറം .ഇതൊരു മാതിരി ഉണക്ക മുന്തിരി വെള്ളതിലിട്ട് കുതിർത്ത
പോലെ "
വൈരാഗ്യം വന്നാൽ ഈ പെണ്ണുങ്ങളുണ്ടല്ലോ നമ്മളെ ജീവനോടെ തൊലി ഉരിച്ച് മുളക് പുരട്ടി ഫ്രൈ ചെയ്ത് കളയും. പക്ഷെ നമ്മൾ തോറ്റു കൊടുക്കരുത്
"എടി ലൂക്കിലല്ല കാര്യം കഴിവില കഴിവിൽ "
"നിങ്ങൾക്കെന്ന കഴിവ? അച്ചുവേട്ടനുണ്ടല്ലോ ഞാൻ കുഞ്ഞായിരുന്ന സമയത്ത് എനിക്ക് മാങ്ങാ പറിക്കാനായി മാവിന്റ തുഞ്ചത്തു വരെ കേറി പോവും എന്ന ധൈര്യമെന്നറിയാമോ പട്ടാളക്കാരനല്ലേ അതാ ..നിങ്ങളോടൊരു മാങ്ങാ പറിക്കാൻ പറഞ്ഞപ്പോ ദേ കിടക്കുന്നു താഴെ കൈയും കാലും വിറച്ചു പൊത്തോന്ന്‌?
'അത് ഉറുമ്പു കടിച്ചപ്പോ കൈ വിട്ടതാ "ഞാൻ വിക്കി
"ഏതു സമയത്താണോ ഈ മനുഷ്യനെ കെട്ടാൻ എനിക്ക് തോന്നിയെ ..എപ്പോളും കുറ്റം എന്തിനും കുറ്റം എനിക്ക് മടുത്തു ഞാൻ പോവാ "
അവൾ ദേ പോണു
'എടി പോകല്ലേ "
സത്യമായിട്ടും അവൾ കരയുവാ കേട്ടോ ..
"വന്നു വന്നു ഇപ്പൊ എന്നെ ഇഷ്ടം ല്ല എനിക്കറിയാം "
"അങ്ങനെ പറയല്ലേ പൊന്നെ ..ഇഷ്ടം കൂടിട്ട.."
"ആണോ ?"
"ഉം 'കണ്ണീരിൽ കുതിർന്ന ചിരി കാണാൻ ഹോ എന്താ ഭംഗി.
"ഇനിയെന്റെ സാമ്പാറിനെ വല്ലോം പറയുവോ? "
"എവിടുന്ന് ?സാമ്പാറുണ്ടാക്കാൻ വേണ്ടി മാത്രം ജനിച്ചതല്ലേ എന്റെ പോന്നു... എനിക്കെന്നും ഇത് മതി ..ഇനി നിന്റെ മുറച്ചെറുക്കൻ തെണ്ടിയെ കുറിച്ച് മിണ്ടുമോ ?"
"ഇല്ല "അവൾ ചിരിക്കുന്നു
"എന്റെ മൂക്ക് എങ്ങനാന്നാ പറഞ്ഞെ ?"
"ലാലേട്ടന്റെ പോലെ പതിഞ്ഞത്. എനിക്ക് ലാലേട്ടനെ അല്ലെ ഇഷ്ടം ?'
"അമ്പടി..ഉണക്ക മുന്തിരിങ്ങയുടെ കാര്യം ഏതാണ്ട് ..."
"മുന്തിരി രക്തമുണ്ടാക്കും. രക്തമില്ലെങ്കിൽ നമുക്കു ജീവിക്കാൻ പറ്റുമോ ?എനിക്ക് അത് പോലെയാ ചേട്ടൻ "
ഹോ സമ്മയിക്കണം ഇങ്ങനത്തെ വേറെ കാണുമോ?
ഇവളുടെ കാര്യം ...അടി
"എന്റെ ചക്കര ചേട്ടന് ഒരു ഉമ്മ തന്നെ "ഞാൻ മുഖം അടുപ്പിച്ചു
"ഉമ്മ്മമ്മ "
"എടാ പോത്തേ "
ചന്തിക്കു തവികൊണ്ട് ഒരു അടി
'അമ്മ !
"മുറിയിൽ പോടാ ....."
"അമ്മയെപ്പോ വന്നു .? ."ഈശ്വര ഇതേതിലെ കൂടെ വന്നു
"ഞാൻ വന്നിട്ട് കുറെ
കാലമായി.. നാണോം മാനോം ഇല്ലാത്ത ചെക്കൻ.. "
" ഞാൻ ഇപ്പൊ വരാമേ "അവൾ ഏതോ വഴി പോയി... ഇനി നിൽക്കുന്നത് പന്തിയല്ല..
ഞാൻ അവളെ പോയി നോക്കട്ടെ ...
ഇന്ന് ലീവ് എടുത്താലോ? മനസ്സിൽ ചിന്തിച്ചേയുള്ളു
"വേഗം ഓഫീസിൽ പോകാൻ നോക്കെടാ "
ഈ അമ്മ..
ഞാൻ എന്നാലങ്ങോട്ട്..

BY:- Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot