അധ്യായം-30
.ഹോമത്തട്ടാകെ ചുറ്റി തലയുയര്‍ത്തി ചീറ്റുന്ന കരിനാഗങ്ങള്‍
്അവയുടെ പിളര്‍ന്ന നാവ് തീനാളം പോലെ പുറത്തേക്ക് വന്നു
അന്തരീക്ഷത്തില്‍ എവിടെ നിന്നോ കൂട്ടമണികളുണര്‍ന്നു
നിലവറ സംരക്ഷിക്കുന്ന നിഗൂഢ രക്ഷകര്‍
വലിയമ്മാമ്മയ്ക്കും ദത്തേട്ടനും മാത്രമറിയുന്ന കാവല്‍ക്കാര്‍
ദുര്‍ഗയുടെ ശരീരം വിറച്ചു.
അടുത്ത നിമിഷം ദുര്‍ഗ വലതുകൈ മുഷ്ടി ചുരുട്ടി നെഞ്ചോടു ചേര്‍ത്തു
കണ്ണുകളടച്ചു
' ഓം.. സര്‍പ്പഭ്യോ നമ
ഓം സര്‍പ്പഭ്യോ നമ
ഓം സര്‍പ്പഭ്യോ നമ
ഓം പരദേവതായ നമ'
അവളുടെ ചുണ്ടുകള്‍ ചലിച്ചു.
' മച്ചകത്ത് വെളിച്ചം നല്‍കുന്ന അനന്തശക്തിപ്രദായനീ ദേവകളേ .. നീയേ തുണ'
അതൊരു തിരിച്ചറിവ് അടയാളമാണ്.
വലിയേടത്തെ കുട്ടിയെന്ന തിരിച്ചറിവ്.
ക്രമേണ നിലവറയില്‍ ഇരച്ചിരമ്പിയ മണിനാദം നിലച്ചു.
സര്‍പ്പങ്ങള്‍ ദുര്‍ഗയുടെ കാല്‍ക്കല്‍ നമസ്‌കരിക്കുന്നത് പോലെ ശിരസ് അര്‍പ്പിച്ചു.
അനുഗ്രഹിക്കുന്നത് പോലെ ദുര്‍ഗ വലതുകൈ അവര്‍ക്കു നേരെ ഉയര്‍ത്തിപ്പിടിച്ചു.
സര്‍പ്പങ്ങള്‍ വിനീത വിധേയരായി.
പിന്നീടവ ഹോമത്തട്ടിന് താഴെ കാവല്‍ നിന്നു.
ദുര്‍ഗയുടെ ശരീരം വിയര്‍ത്തൊഴുകി.
നെറ്റിയില്‍ നിന്നും പിറവിയെടുത്ത വിയര്‍പ്പു കണികകള്‍ നീണ്ട നാസികയിലൂടെ ഒഴുകിയിറങ്ങി നെഞ്ചിലേക്കിറ്റു വീണു.
ദുര്‍ഗ ചമ്രം പടഞ്ഞ് ഹോമത്തട്ടിലിരുന്നു.
മുന്നില്‍ പരന്ന സ്വര്‍ണ തളിക.
അതില്‍ നീലാകാശം പോലെ തെളിഞ്ഞ ജലം
ചങ്ങലവട്ടയുടെ വെളിച്ചം പോരെന്നു തോന്നി.
ദുര്‍ഗ ഹോമത്തട്ട് ചുറ്റി കാണപ്പെട്ട നിലവിളക്കുകള്‍ തെളിച്ചു
നിലവറയാകെ സ്വര്‍ണ വെളിച്ചം പരന്നു.
ഒരു ചെറിയ തടുക്കില്‍ അപ്പോള്‍ പൊട്ടിച്ചു വെച്ചതു പോലെ വലിയ തളിര്‍ വെറ്റിലകള്‍ കണ്ടു.
ദുര്‍ഗ പ്രമാണ ഗ്രന്ഥമെടുത്തു തുറന്നു.
മഷിനോട്ടം
കര്‍മ്മക്രിയാദികള്‍ വിവരിച്ച താളുകളില്‍ കണ്ണുടക്കി.
പരദേവതാ പ്രീതി പ്രാര്‍ഥനയോടെ ഒരു തളിര്‍വെറ്റില എടുത്ത് തളികയിലെ വെള്ളത്തിന് മീതെ വെച്ചു.
എങ്ങുനിന്നെന്നില്ലാതെ വെള്ളത്തില്‍ മഷി പടര്‍ന്നു.
കൈകള്‍കൂപ്പി ഉപാസനാമൂര്‍ത്തികളെ സ്മരിച്ചു
കണ്ണുതുറക്കുമ്പോള്‍ വെറ്റിലയില്‍ കാഴ്ചകള്‍ തെളിയുന്നു.
തെക്കേത്ത് മന
'കര്‍മ്മങ്ങള്‍ തുടങ്ങ്യായീ'
കാര്‍മ്മികന്‍ അറിയിക്കുന്നു
ധ്വനിയുടെ വിറങ്ങലിച്ച ശരീരത്തിന് മീതെ വീണ് ആര്‍ത്തലച്ചു കരയുന്ന ഊര്‍മിളാന്റി.
ദത്തേട്ടന്റെ ചുമലിലേക്ക് വീണ് കരയുന്ന രവിയങ്കിള്‍
അവര്‍ക്കരികില്‍ വലിയമ്മാമ്മയും രുദ്രയും
രുദ്രയുടെ അരികില്‍ വിതുമ്പലോടെ നില്‍ക്കുന്ന പവിത്ര.
മൗനസാക്ഷിയായി ചെറിയമ്മാമ്മ.
ദുര്‍ഗയുടെ മനസ് വിറച്ചു.
സമയം ഏറെയില്ല
വലിയമ്മാമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
പല മാന്ത്രികരും ചില ആത്മാക്കളെ ഭൂമി വിട്ടു പോകാന്‍ അനുവദിക്കാതെ കൂടെ കൂട്ടാറുണ്ട്.
അവര്‍ പിന്നീട് മാന്ത്രികന്റെ ആജ്ഞാനുവര്‍ത്തികളായി തുടരും
കേരളത്തിലെ വിരലിലെണ്ണാവുന്ന മഹാ മാന്ത്രികര്‍ക്കു മാത്രമറിയാവുന്ന രഹസ്യം.
തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കാതെ തന്നെ ആ രഹസ്യമറിയുന്നവര്‍ പലരും മണ്‍മറഞ്ഞു
ഇപ്പോള്‍ അതറിയാവുന്നത് വലിയമ്മാമ്മയെ പോലെയും കിഴക്കേടത്തിനെ പോലെയും അപൂര്‍വം പേര്‍ക്ക് മാത്രം.
അതും അതിനിഗൂഢമായ പൂജാദി കര്‍മ്മങ്ങള്‍ ആരുടെയും നിലവറ വിട്ട് പുറത്ത് പോകില്ല.
താളിയോലകളില്‍ നിന്നും പകര്‍ത്തി ഗ്രന്ഥങ്ങളാക്കി സൂക്ഷിക്കുന്ന മഹാമാന്ത്രികര്‍
ദുര്‍ഗ പ്രമാണ ഗ്രന്ഥമെടുത്തു തുറന്നു
അവളുടെ കൈകള്‍ വിറച്ച് പുസ്തകം ഉലഞ്ഞു.
ആദ്യതാളില്‍ തന്നെ പുസ്തകത്തിന്റെ ഉള്ളടക്കം എഴുതിയിട്ട്.
നൂറ്റി പന്ത്രണ്ടാമത്തെ പേജ്
മരിച്ചവരുടെ ആത്മാവിനെ ഭൂമിയില്‍ നിലനിര്‍ത്തേണ്ട മന്ത്രം.
പ്രാണ ആവാഹനം
ദുഷ്‌കര്‍മ്മം
താഴേക്ക് ഓരോന്നും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകള്‍ക്കൊപ്പം തന്നെ പ്രാണ ആവാഹനവും നടക്കണം.
ഓരോ കര്‍മ്മങ്ങള്‍ക്കും എതിര്‍ കര്‍മ്മം.
ഒടുവില്‍ ഭൂമി വിട്ട് പോകുന്ന പ്രാണനെ ആവാഹിച്ച് ഏലസിലെ തകിടില്‍ കുരുക്കിയിടണം.
ദുര്‍ഗയുടെ ശരീരം കുളിര്‍ന്നു.
അവള്‍ വെറ്റിലയിലേക്ക് നോക്കി.
കാര്‍മ്മികന്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുകയാണ്.
എള്ളും പൂവും പവിത്രമോതിരവുമെടുത്തു ദുര്‍ഗ.
ഓരോന്നിനും എതിര്..
എങ്ങനെ ചെയ്യണമെന്ന് ഗ്രന്ഥം വെളിപ്പെടുത്തുന്നു.
ഓരോന്നായി ചെയ്തു.
ബോഡി കത്തിക്കരുതെന്ന് പോലീസ് നിര്‍ദ്ദേശിച്ചിരുന്നതിനാല്‍ തെക്കേത്ത്മനയില്‍ അടക്കം ചെയ്യുകയാണ്.
മൃതദേഹം കുഴിയില്‍ വെക്കുന്നതിന് മുന്‍പ് ചെയ്യേണ്ടതെല്ലാം മനസിരുത്തി വായിച്ചു
ഒരിക്കലും കെടാത്ത ഹോമകുണ്ഡത്തില്‍ ഹവിസും നെയ്യും എരിഞ്ഞു.
കനത്ത ചൂട് ദുര്‍ഗയുടെ മുഖത്തേക്കടിച്ചു
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൂടി വരുന്നത് പോലെ
കൊടും കര്‍മ്മമാണ് ചെയ്യുന്നത്.
മാന്ത്രികന് താങ്ങാനാകുന്നതിലുമധികം കൊടും കര്‍മ്മം
ദുര്‍ഗ വിയര്‍ത്തു
ഹൃദയം പറിഞ്ഞു താഴെ വീഴുമെന്ന തോന്നി.
വയ്യ.
തളിര്‍വെറ്റിലയില്‍ ഒ!രു സിനിമയിലെന്ന പോലെ തെക്കേത്തെ രംഗങ്ങള്‍ മിന്നിമായുന്നു.
ഊര്‍മിളയുടെ കരച്ചിലിന്റെ ശബ്ദമുയരുന്നു.
രവിമേനോന്‍ കസേരയിലിരുന്ന് തേങ്ങിക്കരയുന്നു.
ശവശരീരം കുഴിയിലേക്ക് എടുക്കാനുള്ള സമയമായി
കൂട്ടക്കരച്ചില്‍
പക്ഷേ അതൊന്നും കേള്‍ക്കാനോ ശ്രദ്ധിക്കാനോ നിന്നില്ല ദുര്‍ഗ
ഒരു പര്‍വതമൊട്ടാകെ ശിരസിലേറ്റിയത് പോലെ ആയാസപ്പെട്ട് ഓരോ ക്രിയകളും തെറ്റാതെ ചെയ്തു അവള്‍
ഒടുവില്‍ ധ്വനിയെ മണ്ണിലേക്കെടുത്തു.
നിലവിളികളുടെ അകമ്പടിയോടെ കുഴിയിലേക്കിറക്കിവെച്ചു.
പെട്ടിയിലേക്ക് വന്നു വീഴുന്ന ആദ്യത്തെ പിടി മണ്ണിന്റെ ശബ്ദം കേട്ടു ദുര്‍ഗ
ഇനിയാണ് അടുത്ത കര്‍മ്മം.
ചുടുചോര.
പീഠത്തിന് മീതെയിരുന്ന വായ്ത്തല മിന്നുന്ന കത്തി ദുര്‍ഗ എടുത്തു.
എന്റെ രക്തത്തിന്റെ ഓരോഹരി നിനക്ക് തരുന്നു
ധ്വനി നീയെനിക്കുവേണ്ടി നിലനില്‍ക്കുക
മുഷ്ടി ചുരുട്ടിപ്പിടിച്ച ഇടം കൈയ്യിന്റെ മണിബന്ധം ഒഴിവാക്കി ഒരൊറ്റ വരച്ചില്‍
പൂളിക്കൊണ്ട് കത്തി ഇറച്ചിയിലേക്കിറങ്ങുന്നത് ദുര്‍ഗ അറിഞ്ഞു
വേദനകൊണ്ട് പിടഞ്ഞു പോയി അവള്‍
ഹോമകുണ്ഢത്തിലേക്ക് മനുഷ്യ രക്തമിറ്റുവീണു
പീഠത്തില്‍ നിവര്‍ത്തി വെച്ച ചുവന്നപട്ടിന്‍മേലെ അനേകം ചരടുകള്‍ വെച്ചിരിക്കുന്നത് ദുര്‍ഗ കണ്ടു
അതിലൊന്നെടുത്തു.
അതിലേക്ക് അവളുടെ രക്തമിറ്റിറ്റു വീണു.
മൂന്ന് കെട്ടിട്ട് കൈമുട്ടിന് മീതെ മുറുക്കി കെട്ടുക.
നിന്നോട് നിന്റെ രക്തത്തോട് നിന്റെ ദേഹിയോട് ചേര്‍ന്ന് ആ ആത്മാവ് നിലകൊള്ളട്ടെ.
ദുര്‍ഗ ഗ്രന്ഥത്തില്‍ നിന്നും കണ്ണെടുത്തു.
വലതു കൈകൊണ്ട് ഇടതു കൈത്തണ്ടയുടെ മുട്ടിന് മീതെ മാംസളമായ ഭാഗത്ത് അത് മുറുക്കി കെട്ടി.
പൊടുന്നനെ നിലവറയില്‍ ഒരു മണി മുഴക്കം കേട്ടു.
ചങ്ങല വിളക്കുകള്‍ ആടിയുലഞ്ഞു.
ആളിപ്പടര്‍ന്ന ഹോമകുണ്ഢം ക്രമേണ മങ്ങി പഴയ പടിയായി
പരദേവതയെ സ്മരിച്ച് ഹോമകുണ്ഢത്തിന് മുന്നില്‍ കൈകൂപ്പി സാഷ്ടാംഗം പ്രണമിച്ച് കിടന്നു ദുര്‍ഗ.
ശ്വാസമെടുക്കാന്‍ വയ്യാതെ അവള്‍ കിതച്ചു
അതിഘോരമായ ഒരു കര്‍മ്മം താന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു.
ആ കിടപ്പില്‍ ഒരു തണുത്ത കാറ്റില്‍ ദുര്‍ഗയുടെ മുടിയുലഞ്ഞു
ദേഹം കുളിര്‍ന്നു.
നിലവറയിലേക്ക് പ്രവേശി്ക്കാന്‍ മാത്രം ശക്തിയില്ലാത്തൊരു ആത്മാവ് പുറത്തെവിടെയോ തന്നെ കാണാന്‍ കലമ്പല്‍ കൂട്ടുന്നത് ദുര്‍ഗ അറിഞ്ഞു
ഉഗ്രമൂര്‍ത്തികളേ മാപ്പു തരണം.
കണ്ണീരോടെ ദുര്‍ഗ നിലത്തേക്ക് മുഖമണച്ച് കിടന്ന് തേങ്ങി.
വലിയമ്മാമ്മ
ദത്തേട്ടന്‍
ഒടുവില്‍ കണ്ടപ്പോഴും മുന്നറിയിപ്പു തന്ന വേദവ്യാസ്.
ചതിയാണെങ്കില്‍ ക്ഷമിക്കണം.
ചവിട്ടാന്‍ പാടില്ലാത്ത നിലവറയിലേക്ക് നിയമം തെ്റ്റിച്ച് ദുര്‍ഗ കടന്നു വന്നത് അവളുടെ കൂട്ടുകാരിയ്ക്ക് വേണ്ടിയാണ്.
മാപ്പാക്കണം.
കണ്ണീരു വീണ് നിലത്ത് വിരിച്ച പട്ടുവിരിപ്പ് നനഞ്ഞു.
എത്രനേരം ആ കിടപ്പ് കിടന്നെന്നറിയില്ല.
കരിനാഗങ്ങലിലൊന്ന് കാല്‍ക്കല്‍ ഉരസിയപ്പോഴാണ് കണ്ണുതുറന്നത്.
ദുര്‍ഗയില്‍ ഒരു മരവിപ്പ് കടന്നു പോയി.
ഇല്ല
ദംശിച്ചതല്ല
വിളിച്ചുണര്‍ത്തിയതാണ്.
ദുര്‍ഗ ഒരിക്കല്‍ കൂടി ദേവകളെ നമസ്‌കരിച്ചു.
ഹോമത്തട്ട് വിട്ടിറങ്ങിയപ്പോള്‍ വിഷം ചീറ്റാന്‍ ആഞ്ഞു നിന്നിരുന്ന കരിനാഗങ്ങള്‍ കാഴ്ചയ്ക്ക് മറഞ്ഞിരുന്നു.
ദുര്‍ഗ തിരിഞ്ഞു നോക്കി
എല്ലാം പഴയപടിയായിരിക്കുന്നു.
ആരോ പഴയത് പോലെ എല്ലാം അടുക്കി വെച്ചിരിക്കുന്നു.
തളര്‍ന്ന കാല്‍പാദങ്ങളുമായി ദുര്‍ഗ പടികള്‍ കയറിച്ചെന്നു
നിലവറവാതില്‍ ഭദ്രമായി ചേര്‍ത്തടയ്ക്കുമ്പോള്‍ പടിപ്പുരയില്‍ ഓട്ടുമണിയുടെ മുഴക്കം കേട്ടു
ഈശ്വരാ..
ദുര്‍ഗ നെഞ്ചില്‍ കൈചേര്‍ത്തു.
വലിയമ്മാമ്മ തിരിച്ചു വന്നതാണോ
അതോ..
വേപഥുവോടെ ദുര്‍ഗ അകത്തളത്തിലൂടെ ഓടി ഇടനാഴികള്‍ കടന്ന് പുറത്ത് ചുറ്റുവരാന്തയിലെത്തി.
കാര്യസ്ഥന്‍ തുറന്നു കൊടുത്ത പടിപ്പുരവാതില്‍ കടന്ന് വരുന്നു വേദവ്യാസ്.
തീപിടിച്ച വരവായിരുന്നു അത്.
ദുര്‍ഗ ചലിക്കാനാവാതെ ഭയന്നു നിന്നു
വേദവ്യാസ് ഒരു കാറ്റു പോലെ അടുത്തെത്തി.
അപ്പോഴും രക്തം പൊടിഞ്ഞു കൊണ്ടിരിക്കുന്ന അവളുടെ കൈത്തണ്ടയില്‍ വേദവ്യാസിന്റെ കണ്ണുകളുടക്കി.
ദുര്‍ഗ സ്വയമറിയാതെ കൈ പിന്നിലേക്കൊളിപ്പിച്ചു
്അവളുടെ ചുവന്ന ചേലയിലും ശിരസിലാകെ തങ്ങിയ കുങ്കുമതരികളും വേദവ്യാസ് കണ്ടു
അയാളുടെ ദേഹം വിറച്ചു.
കണ്ണുകള്‍ ജ്വലിച്ചു
ചതി.
വേദവ്യാസ് പല്ലുഞെരിച്ചു.
അടുത്തക്ഷണം അയാളുടെ കൈവീശിയുള്ള അടി ദുര്‍ഗയുടെ മുഖത്തേറ്റു
ഒരു നിലവിളിയോടെ പിന്നിലേക്ക് വേച്ചുപോയി ദുര്‍ഗ തൂണില്‍ തട്ടി നിന്നു.
' രക്തബന്ധത്തേക്കാള്‍ വലിയൊരു ബന്ധമില്ല.'
കൈചൂണ്ടി നിന്ന് വേദവ്യാസ് കിതച്ചു
' നീയത് മറന്നു.. വലിയേടത്തെ പോലൊരു മാന്ത്രികനെ കബളിപ്പിക്കാന്‍ മാത്രം വളര്‍ന്നു നീ.. അല്ലേ'
അയാള്‍ അലറി
' വ്യാസേട്ടാ..' ഒന്നും പറയാനാവാതെ ദുര്‍ഗ നിന്നു വിങ്ങി.
' സിദ്ധികളെല്ലാം തിരിച്ചു കിട്ടുമ്പോള്‍ വലിയേടത്തും ദേവനും നീ ചെയ്ത ചതി തിരിച്ചറിയും. അവര്‍ നിന്നോട് ക്ഷമിക്കുമായിരിക്കും ദുര്‍ഗാ.. പക്ഷേ.. അന്ന് അവരോട് ക്ഷമ യാചിക്കാന്‍ അന്നു നീ അവശേഷിക്കുമെങ്കില്‍ മാത്രം.'
വെട്ടിത്തിരിഞ്ഞ് വേദവ്യാസ് പുറത്തേക്ക് നടന്നു.
അത്രനേരവും ഉള്ളിലടക്കിയ മനസ്‌തോഭങ്ങള്‍ അത്രയും ദുര്‍ഗയില്‍ തികട്ടി വന്നു.
പൊട്ടിക്കരഞ്ഞു കൊണ്ട് ദുര്‍ഗ അകത്തേക്കോടി.
............. ................. ..............
തെക്കേത്ത് മന നിശബ്ദമായിരുന്നു.
ഒരു സൂചി വീണാല്‍ പോലും കേള്‍ക്കാവുന്ന നിശബ്ദത
ഊര്‍മിളയ്ക്കും രവിയങ്കിളിനുമുള്ള ഭക്ഷണം എടുത്തുവെച്ചതിന് ശേഷം ജാസ്മിന്‍ അവരുടെ അറയിലേക്ക് ചെന്നു.
കിടക്കയില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു ഊര്‍മിള.
' ആന്റീ' ജാസ്മിന്‍ ചെന്ന് അവരെ തൊട്ടു വിളിച്ചു.
' വന്നേ..കഞ്ഞി കുടിച്ചിട്ട് കിടക്കാം'
ഊര്‍മിള മുഖം ചെരിച്ച് അവളെ നോക്കി.
ഒരു തേങ്ങല്‍ അവരില്‍ നിന്നുയര്‍ന്നു.
' വാ..ആന്റീ.. പ്ലീസ്.. ആന്റി് വല്ലതും കഴിച്ചാലേ അങ്കിളും കഴിക്കൂ.. അങ്കിളിന് ഗുളിക കഴിക്കാനുള്ളതല്ലേ.'
ആ വാക്കുകള്‍ അവരെ സ്പര്‍ശിച്ചെന്നു തോന്നി.
നിരാശയില്‍ മങ്ങിപ്പോയ കണ്ണുകള്‍ അമര്‍ത്തിത്തുടച്ച് ഊര്‍മിള എഴുന്നേറ്റു.
' അങ്കിളെവിടെ മോളേ' അവര്‍ പതറിയ ശബ്ദത്തില്‍ ചോദിച്ചു.
' നേരം വെളുത്തത് മുതല്‍ സിറ്റൗട്ടില്‍ ചെന്നിരിക്കുന്നതാ.. ചായ കൊടുത്തിട്ടും കുടിച്ചി്ട്ടില്ല.. ഇനിയിങ്ങനെ സങ്കടപ്പെട്ടിരുന്നിട്ടെന്തിനാ ആന്റീ.. ആന്റി വേണം അങ്കിളിനെ സമാധാനിപ്പിക്കാന്‍.. ഹാര്‍ട്ട് പേഷ്യന്റല്ലേ രവിയങ്കിള്‍'
ഊര്‍മിളയില്‍ എന്തെങ്കിലും ചലനമുണ്ടാക്കാന്‍ മനപ്പൂര്‍വമായിരുന്നു ജാസ്മിന്റെ സംസാരം.
ഊര്‍മിള ദുര്‍ബലയായി ജാസ്മിനെ നോക്കി.
ജാസ്മിന്‍ ്‌വരുടെ കൈയ്യില്‍ പിടിച്ച് മെല്ലെ എഴുന്നേല്‍പിച്ചു
അഴിഞ്ഞുലഞ്ഞ സാരി നേരെയിടാന്‍ മറന്ന് ഊര്‍മിള എഴുന്നേറ്റ് വന്നു.
സിറ്റൗട്ടില്‍ രവിമേനോന് സമീപമായിരുന്നു നേഹയും സ്വാതിയും.
' എനിക്ക് വേണ്ട മക്കളേ.. വിശപ്പില്ല'
രവിമേനോന്‍ അവരെ എതിര്‍ത്തു കൊണ്ടിരുന്നു.
' അങ്കിള്‍ പ്ലീസ്.. ' സ്വാതി കെഞ്ചി.
വാതിലിനടുത്തേക്ക് നടന്നു വരുന്ന ഊര്‍മിളയെ കണ്ട് രവിമേനോന്‍ എഴുന്നേറ്റു.
ഒരൊറ്റ പകലും രാത്രിയും കൊണ്ട് ഊര്‍മിളയുടെ മുടിയിഴകള്‍ നരച്ചതും അവര്‍ ഒരു വൃദ്ധയേ പോലെ അവശയായി തീര്‍ന്നതും അയാള്‍ കണ്ടു
അയാളുടെ കണ്ണില്‍ നീര്‍ പൊടിഞ്ഞു.
' എന്താ രവിയേട്ടാ കുട്ട്യോളോട് വാശി പിടിക്കണേ'
അടുത്ത് വന്ന് ഊര്‍മിള അയാളെ ശാസിച്ചു
' മരുന്ന് കഴിക്കണ്ടേ.. വേണ്ടേ.. '
' ഉമേ'
രവിമേനോന്‍ വിങ്ങി.
' ഇനിയാരെ നോക്കി നില്‍ക്വാ ഈ സിറ്റൗട്ടില്.. നോക്കണ്ട അവളിനി വരില്ല.'
ഊര്‍മിള ഏങ്ങലടിച്ച് കരഞ്ഞു പോയി
' ഉമേ..' രവിമേനോന്‍ ്അവരെ താങ്ങി.
അയാളുടെ ചുമലിലേക്ക് മുഖമമര്‍ത്തി ഊര്‍മിള വിങ്ങി
' ഒന്നരവര്‍ഷം കാത്തിരുന്നു.. ഇല്ലേ.. ദേഷ്യവും വെറുപ്പും കാണിക്കുമ്പോഴും അവള് വരുമെന്ന് കരുതി ഓരോ രാവും പകലും നമ്മള്‍ കാത്തിരുന്നു.. എന്നിട്ട് വന്നത് കണ്ടില്ലേ...'
' നല്ലയാളാ' ജാസ്മിന്‍ ഊര്‍മിളയെ പിടിച്ചു മാറ്റി.
' ധ്വനിയ്ക്കു പകരം ഇപ്പോ ഞങ്ങള്‍ നാലുമക്കളില്ലേ അങ്കിളിനും ആന്റിയ്ക്കും.. ഞാനും സ്വാതീം നേഹേം പിന്നെ ദുര്‍ഗയും.. ഞങ്ങള്‍ക്കു വേണം നിങ്ങളെ'
ജാസ്മിന്‍ കരഞ്ഞു കൊണ്ട് രവിമേനോന്റെ കൈ പിടിച്ചു
' നിങ്ങളിങ്ങനെ സങ്കടപ്പെടരുത്.. ഇവിടുത്തെ ഒരു മൊട്ടുസൂചി പോലും ഞങ്ങള്‍ക്ക് വേണ്ട.. പക്ഷേ ഞങ്ങള്‍ക്ക് ഒരു അച്ഛനും അമ്മയും കൂടി ഇന്നുമുതല്‍ ഉണ്ടെന്ന് കരുതുകയാ.. ഒരിക്കലും അറ്റു പോകില്ല ഈ ബന്ധം... ഈ നാലുമക്കളും നിങ്ങളെ തനിച്ചാക്കില്ല.. പോരേ'
' മോളേ' ഊര്‍മിള വിതുമ്പി.
' ഈശ്വരന്‍ ഒരാള്‍ക്ക് പകരം നാലുപേരെ തന്നെന്ന് കരുതണം ഉമാന്റീ' നേഹ പറഞ്ഞു.
' അച്ഛനും അമ്മയും ഇനി ഞങ്ങളെ വിഷമിപ്പിക്കരുത്.'
ആ യാചന അവരെ സ്പര്‍ശിച്ചു
്അവര്‍ക്കു പിന്നാലെ നടക്കുമ്പോള്‍ രവിമേനോന്‍ കണ്ണുതുടച്ചു
' ദുര്‍ഗയ്ുടെ സുഖമില്ലായ്മ എങ്ങനെയുണ്ട് മോളേ.. നിങ്ങള്‍ അവളെ വിളിച്ചോ'
അയാള്‍ തിരക്കി
' അവളെ ചികിത്സിപ്പിക്കണം രവിയങ്കിള്‍.. അവള്‍ക്ക് മനസിനെന്തോ സുഖമില്ലെന്നാ എനിക്കു തോന്നുന്നത്'
ജാസ്മിന്‍ പഴുതുകളൊന്നും നല്‍കാതെ പറഞ്ഞു.
' മോളേ...' ഊണ്‍മുറിയിലേക്ക് നടക്കുന്നതിനിടെ ഊര്‍മിള അവളുടെ കൈപിടിച്ചു
' നീ പറഞ്ഞത് ശരിയാണോ.. ഞങ്ങള്‍ക്കിനി മക്കളായി നിങ്ങള്‍ നാലുപേരും കൂടെ ഉണ്ടാകുമോ.. നിങ്ങള്‍ക്കുണ്ടാകുന്ന കുട്ടികള്‍ ഞങ്ങളെ മുത്തച്ഛാ..മുത്തശ്ശീ എന്നും വിളിച്ച് ഈ പടികടന്നു വരുമോ'
ജാസ്മിനും നേഹയും സ്വാതിയും നിറഞ്ഞ കണ്ണുകളോടെ അവരെ നോക്കി സമ്മതം എന്നര്‍ഥത്തില്‍ തലയാട്ടി
അപ്പോള്‍ അവര്‍ക്കരികില്‍ അരൂപിയായി നിന്ന് ധ്വനിയും കരഞ്ഞു.
............. ............. ............................
'തങ്കത്തിന്റെ മുഖത്തെന്തേ ഒരു തെളിച്ചവുമില്ലല്ലോ'
ചാരുകസേരയില്‍ കിടന്ന് പത്മനാഭന്‍ ഭട്ടതിരി കൗതുകത്തോടെ അടുത്തു നിന്ന ദുര്‍ഗയെ നോക്കി.
അയാള്‍ക്ക് ഉച്ചയ്ക്ക് പതിവുള്ള സംഭാരവുമായി വന്നതായിരുന്നു ദുര്‍ഗ
്അവള്‍ വലിയമ്മാമ്മയെ നോക്കി വിളറി ചിരിച്ചു.
' എന്തോ കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ട്'
ദേവദത്തന്‍ ആ ഭാവം കണ്ട് ചിരിച്ചു.
ദുര്‍ഗ മന്ദഹസിക്കാന്‍ ശ്രമിച്ചു.
' നിന്റെ ഊര്‍മിളാന്റീടെ കാര്യം ഓര്‍ത്തിട്ടാവും ല്ലേ വ്യസനം.. എന്തു ചെയ്യാനാണ് തങ്കം ഈശ്വരേച്ഛ തടയാന്‍ ആര്‍ക്ക് സാധിക്കും'
അയാള്‍ ഒരു നിശ്വാസത്തോടെ ചാരുകസേരയിലേക്ക് പതിഞ്ഞ് കിടന്നു.
സംഭാരം പകര്‍ന്ന മൊന്തയുമായി ദുര്‍ഗ തിരിച്ചു നടന്നു
അവളുടെ മനസിൽ കുറ്റബോധം വിങ്ങി.
പക്ഷേ ഊർമിളാന്റിയുടെയും രവിയങ്കിളിന്റെയും പിന്നെ തന്റെയും മരണം വരെയെങ്കിലും ധ്വനി കൂടെ വേണം
അവൾ ആഗ്രഹിക്കുന്ന നാൾ വരെ എങ്കിലും.
ഇനിയെല്ലാം മറന്ന് ശാന്തമായി ജീവിക്കണം ജാസ്ന്മിനും നേഹയ്ക്കും സ്വാതിയ്ക്കും ഒപ്പം ധ്വനിയുടെ കൂടി സൗഹൃദം
മഹിയേട്ടന്റെ കൂടെയുള്ള മനോഹരമായ ജീവിതം
അതിന്റെ മഴവില്ലഴക്
എല്ലാം തനിക്കു വേണം.
ആ ഓർമയിൽ ദുർഗയുടെ മുഖമൊന്ന് പ്രകാശിച്ചു.
പത്മനാഭൻ ഭട്ടതിരി അവളുടെ പോക്ക് നോക്കിയിരിക്കുകയായിരുന്നു
അവളുടെ മനസിൽ കുറ്റബോധം വിങ്ങി.
പക്ഷേ ഊർമിളാന്റിയുടെയും രവിയങ്കിളിന്റെയും പിന്നെ തന്റെയും മരണം വരെയെങ്കിലും ധ്വനി കൂടെ വേണം
അവൾ ആഗ്രഹിക്കുന്ന നാൾ വരെ എങ്കിലും.
ഇനിയെല്ലാം മറന്ന് ശാന്തമായി ജീവിക്കണം ജാസ്ന്മിനും നേഹയ്ക്കും സ്വാതിയ്ക്കും ഒപ്പം ധ്വനിയുടെ കൂടി സൗഹൃദം
മഹിയേട്ടന്റെ കൂടെയുള്ള മനോഹരമായ ജീവിതം
അതിന്റെ മഴവില്ലഴക്
എല്ലാം തനിക്കു വേണം.
ആ ഓർമയിൽ ദുർഗയുടെ മുഖമൊന്ന് പ്രകാശിച്ചു.
പത്മനാഭൻ ഭട്ടതിരി അവളുടെ പോക്ക് നോക്കിയിരിക്കുകയായിരുന്നു
' അവള്‍ക്ക് നല്ല സങ്കടംണ്ട്.. പ്രസരിപ്പൊക്കെ പോയി.. എപ്പോഴും മുഖത്തൊരു വാട്ടം'
വലിയേടത്ത് അതു പറഞ്ഞപ്പോഴാണ് പടിപ്പുരയില്‍ മണി മുഴങ്ങിയത്.
ഏതാനും നിമിഷങ്ങള്‍ക്കകം വേദവ്യാസ് പടികടന്നു വരുന്നത് കണ്ടു
' ആഹാ.. വിളിപ്പിക്കണംന്ന് നിരീച്ചിരുന്നു.. തന്നെ'
വേദവ്യാസ് അടുത്തുവന്നപ്പോള്‍ വലിയേടത്ത് താത്പര്യത്തോടെ പറഞ്ഞു
വേദവ്യാസ് അയാളുടെ കാലടികളില്‍ നമസ്‌കരിച്ചു.
' ഇരിക്യാ'
വലിയേടത്ത് പറഞ്ഞു.
ദേവദത്തനരികിലായി വേദവ്യാസ് ഇരുന്നു.
' എന്തോ അനിഷ്ടം നടന്നിട്ടുണ്ട ഇവിടെ... പരദേവകളുടെ മുഖത്ത് കരിനിഴല്‍ വീണു കിടക്കുന്നു. കെടാവിളക്കിന്റെ ജ്വാലകള്‍ മങ്ങിയിരിക്കണു'
വലിയേടത്ത് വേദവ്യാസിനോടായി പറഞ്ഞു.
വേദവ്യാസിന്റെ മനസില്‍ പ്രതീക്ഷകള്‍ നാമ്പിട്ടു
ശുഭ സൂചനയാണ്.
ഭാഗികമായെങ്കിലും സിദ്ധികള്‍ അദ്ദേഹത്തിലേക്ക് തിരിച്ചു വരുന്നു.
' വലിയമ്മാമ്മ പറഞ്ഞത് ശരിയാണ് വ്യാസ്.. നിലവറയിലെ മണികള്‍ക്കു പോലും ഒ രു ചിലമ്പല്‍'
ദേവദത്തന്‍ ആശങ്കയോടെ പറഞ്ഞു.
' ഉണ്ട്.. വലിയൊരു പ്രതിസന്ധി' വേദവ്യാസ് പറഞ്ഞു.
' അതു മറികടന്നേ തീരൂ.. വലിയേടത്തെ ആര്‍ക്കും ദോഷം വന്നുകൂടാ.. '
' വേദവ്യാസ് എന്താണ് പറഞ്ഞു വരുന്നത്'
വലിയേടത്ത് ജാഗ്രതയോടെ അവനെ നോക്കി.
' അനര്‍ഥങ്ങള്‍ പലതുമുണ്ട്.. അതിനെ നേരിട്ടേ മതിയാകൂ.. അതിന് എത്രയും വേഗം വലിയേടത്ത് സിദ്ധി വീണ്ടെടുത്തേ പറ്റൂ'
ദേവദത്തന്‍ വേദവ്യാസില്‍ കണ്ണു നട്ടു.
' മഹാദേവതാ പ്രീതി യജ്ഞം.. അതെത്രയും പെട്ടന്ന് നടത്തണം.. എല്ലാ ദോഷങ്ങളും പരിഹാരക്രിയയിലൂടെ അകറ്റണം.. പിന്നെ എത്രയും വേഗം ഉഗ്രമൂര്‍ത്തികളെ പ്രസാദിപ്പിക്കണം.. അച്ഛന്‍ എല്ലാത്തിനും വിശദമായ കുറിപ്പെഴുതി തന്നിട്ടുണ്ട്'
വേദവ്യാസ്ിന്റെ ശബ്ദം ഉറച്ചിരുന്നു.
' ദുര്‍ഗയുടെ ജാതകദോഷം അതിന്റെ ഉച്ചസ്ഥായിയിലാണ്.. അവളെ തിരിച്ചു കിട്ടാന്‍ വലിയേടത്തും ദത്തനും സിദ്ധികള്‍ വീണ്ടെടുത്തേ പറ്റൂ'
ദേവദത്തന്‍ അതു പറഞ്ഞതും പടിപ്പുരയില്‍ ഓട്ടുമണികള്‍ നിര്‍ത്താതെ ചിലമ്പി.
വലിയൊരു കാറ്റില്‍ മുറ്റത്തെ മാവും തെങ്ങുകളും നിലം പൊത്തുമെന്ന് തോന്നി.
' കലി' വേദവ്യാസ് ആത്മഗതം ചെയ്തു.
അയാള്‍ വലതു കൈ മുഷ്ടി ചുരുട്ടി നെഞ്ചില്‍ ചേര്‍ത്ത് എന്തോ ഉരുവിട്ടു.
പ്രകൃതി പെട്ടന്നടങ്ങി
അപ്പോള്‍ വലിയേടത്തെ മുറ്റത്തേക്ക് ഒരു പോലീസ് ജീപ്പ് ഇരച്ചെത്തി വന്നു നിന്നു
..... ......... തുടരും ....
Written by
Shyni John
Read published parts:-
https://www.nallezhuth.com/search/label/NizhalayMathram
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക