നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചില വിമർശകർ

....
"ഡാ... അളിയാ, നീ ആ പോകുന്നവളെ കണ്ടില്ലേ. മേപ്പാടത്തെ അശോകന്റെ ഭാര്യയാ. മേഘ. "Megha's World " എന്നു പറഞ്ഞൊരു യൂട്യൂബ് ചാനലൊക്കെ ഉള്ള ഫെമിനിച്ചി. പോക്ക് കേസാ. കെട്ട്യോനൊരു പെങ്കോന്തൻ ആയതു കൊണ്ടു ഇവളുടെ കളിയൊക്കെ നടക്കുന്നു. "
സിനിമക്കു പോകാൻ എന്നെ കൂട്ടാൻ വന്ന സുഹൃത്ത്‌ ഷിബിൻ റോഡിലൂടെ സ്കൂട്ടിയിൽ പോയ സ്ത്രീയെ പറ്റി എന്നോട് പറയുന്നത് കേട്ടുകൊണ്ടാണ് എന്റെ ചേച്ചി സരയു ഞങ്ങളുടെ അടുത്തേക്ക് വന്നത്.
"മേഘ പോക്ക് കേസ് ആണെന്ന് ഷിബിൻ പറയുന്നത് കേട്ടല്ലോ.. ഷിബിനെങ്ങനെ അറിയാം അത്.. "സരയുവേച്ചി ചോദിച്ചു.
"അതുപിന്നെ ചേച്ചി... " അവൻ നിന്നൊന്നു പരുങ്ങി.
"പറയു. ഒരാളെ പറ്റി കുറ്റം പറഞ്ഞു പരത്തുമ്പോൾ അതിനുള്ള കാരണവും പറയാൻ ബാധ്യസ്ഥനാണ് നീ... അതുകൊണ്ട് പറയ്." ചേച്ചി നിർബന്ധിച്ചു.
"അത് ചേച്ചി. ചേച്ചിയോട് പറയാൻ മടി ഉണ്ട്. എന്നാലും.. അവരുടെ യൂട്യൂബ് ചാനലിന്റെ വീഡിയോസ് ഫേസ്ബുക്കിലൊക്കെ ഷെയർ ചെയ്തു കാണാറുണ്ട്.. മിക്കവാറും വീഡിയോസ് മെൻസ്ട്രുൾ കപ്പും, സാനിറ്ററി പാഡും പിന്നെ ഇന്നർ വെയർനെ പറ്റിയും.. അങ്ങനെ കുടുംബത്തിൽപിറന്നവർക്കു കാണാൻ പറ്റുന്ന തരത്തിലുള്ളതു അല്ല ഒന്നും. " അവൻ തപ്പിത്തടഞ്ഞു പറഞ്ഞു.
ഷിബിൻ അതൊക്കെ കാണാറുണ്ടോ? ചേച്ചി ചോദിച്ചു.
ഇല്ല.. തംബ്നെയിൽ കാണുമ്പോ തന്നെ ഞാനത് സ്ക്രോൾ ചെയ്തു വിടും. ഞാനാ ടൈപ്പ് അല്ല. അവൻ ഡീസന്റ് കുമാരനായി..
ഞങ്ങൾ ഏതു സിനിമയ്ക്കാണ് പോകുന്നത് എന്നോർത്തപ്പോൾ എന്റെ ഉള്ളിൽ ചെറിയൊരു ചിരി പടർന്നു.
ഓഹോ.. അത്ര മാന്യൻ ആയതു കൊണ്ടാണോ അവരുടെ വീഡിയോക്കു ചുവട്ടിൽ കേട്ടാൽ അറക്കുന്ന വാക്കുകൾ നീ കമന്റ്‌ ആയി എഴുതുന്നത്. നിന്റെ വിചാരെന്താ ഷിബി.. പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലെ ഇതൊന്നും ആരും കാണുന്നില്ലെന്നോ..
പിന്നെ നീയെന്താ പറഞ്ഞെ കുടുംബത്തിൽ പിറന്നോർക്കു കാണാൻ പറ്റിയതാണോ ഈ വീഡിയോ ഒക്കെ എന്നു അല്ലേ. കുടുംബത്തിൽ പിറന്ന ആരും ഉപയോഗിക്കുന്നില്ലേ മേല്പറഞ്ഞ വസ്തുക്കളൊന്നും. ഞാനും, നിന്റെ അമ്മയും, പെങ്ങളും ഉൾപ്പെടുന്ന സകല സ്ത്രീകളും ഉപയോഗിക്കുന്നതാണ് ഇതൊക്കെ. പലർക്കും പറ്റുന്ന പല അബദ്ധങ്ങളും അവർ ചൂണ്ടി കാണിക്കാറുണ്ട്.. ടീച്ചറായ ഞാൻ പോലും അതിൽ നിന്നും പല ടിപ്സും സ്വീകരിക്കാറുണ്ട്.
പല അറിവുകളും തെറ്റാണെന്നു മനസ്സിലാകുന്നത് തന്നെ അറിവുള്ളവരുടെ പല വിഡിയോസും കാണുമ്പോഴാണ്.. എന്നുവെച്ചു നൂറു ശതമാനവും ഫോളോ ചെയ്യണം എന്നല്ല.. എല്ലായിടത്തെയും പോലെ നല്ലതും ചീത്തയും അവിടെയും ഉണ്ട്. അതും തിരിച്ചറിയണം.
പക്ഷെ.. നീയൊക്കെ എന്താ ചെയ്യുന്നത്..
ഒരു വീഡിയോ പോലും മനസ്സിലാക്കി കാണാതെ അശ്ലീല കമന്റും ഇട്ടു നടന്നിട്ട് അപവാദം പറഞ്ഞു പരത്തുന്നു. ഇന്നർ വെയറിന്റെ വീഡിയോക്കു താഴെ... " ചേച്ചി അത് ഇട്ടു കാണിക്കുമെന്ന് വിചാരിച്ചു വെറുതെ വീഡിയോ മുഴുവൻ കണ്ടു നിരാശനായി "എന്ന കമന്റ്‌ ഇട്ടതു പ്രശ്നമായപ്പോ നീ ഡിലീറ്റ് ആക്കിയെങ്കിലും അത് വായിച്ച ഞാനടക്കം ഉള്ള പലർക്കും മനസ്സിലായി ആരാ കുടുംബത്തിൽ പിറക്കാത്തതു എന്നു കേട്ടോ.
എന്തിനും ഏതിനും ഫെമിനിച്ചി എന്ന വാക്കും... എന്താണ് ശെരിക്കുള്ള ഫെമിനിസം എന്ന വാക്കിന്റെ അർത്ഥം എന്നു അറിഞ്ഞു വെച്ചിട്ടാണോ സ്ഥാനത്തും, അസ്ഥാനത്തും ആ വാക്കു ഉപയോഗിക്കുന്നത്..? ദുർവ്യാഖ്യാനം നടത്തി ആ ആശയത്തെ കൊന്നു കൊല വിളിക്കുന്നത്‌..?
നാക്കു കൊണ്ടു അപവാദം പറയാനും, കൈ കൊണ്ടു തോന്നിവാസം എഴുതാനും ആർക്കും ടാക്സ് ഒന്നും കൊടുക്കണ്ടല്ലോ അല്ലേ.
വിമർശിക്കാനും, അപവാദം പറഞ്ഞു പരത്താനും ഒക്കെ എളുപ്പാ.. ഈ പറയുന്ന നിന്നെപ്പോലെ പലരുടെയും തനി സ്വഭാവം അറിയാണെങ്കില്....
പിന്നെ മേഘയുടെ ഭർത്താവ് പെങ്കോന്തൻ ആയതുകൊണ്ടല്ല മറ്റുള്ളവരെ മനസ്സിലാക്കാനും, ഭാര്യയുടെ കഴിവിന് റെസ്‌പെക്ട് കൊടുക്കാനും ഉള്ള നല്ല മനസ്സ് അയാൾക്കുണ്ട്...അതാണ് അന്തസ്സ്... അദ്ദേഹത്തെ വിമർശിക്കാതെ ആദ്യം സ്വയം നന്നാവാൻ നോക്ക്...
തെറ്റുകൾ പറയാം, ചൂണ്ടിക്കാട്ടാം പക്ഷെ അത് ഒരിക്കലും ഒരാളെ മനഃപൂർവം അപമാനിക്കാൻ വേണ്ടി മാത്രം ആകരുത്..
സരയുവേച്ചി അതും പറഞ്ഞു അകത്തേക്ക് പോയപ്പോൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കാനേ അവനായുള്ളു... ഒപ്പം എനിക്കും..
രചന : Aswathy Joy Arakkal

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot