നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാഴ്ചകളിൽ പുതുമ നിറയുമ്പോൾ

Image may contain: 3 people, selfie and closeup
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കർട്ടൻ വകഞ്ഞു മാറ്റി ജനലിലൂടെ പുറം കാഴ്ച്ചകളിലേയ്ക്ക് നോക്കി നഗരത്തിൻ്റെ തിരക്ക് ആസ്വദിക്കുന്നതാണ് ഇഷ്ട ഹോബി.ഭാര്യ ജോലി ചെയ്യുന്നത് കുറച്ചിലായ് കാണുന്ന ഒരു ഭർത്താവ് അതാണ് അരവിന്ദ്. പലരുടെയും ജീവിതം നോക്കി കാണുബോൾ ഉള്ളിൽ അമർഷം തിരയടിക്കും. ബാങ്ക് മാനേജർ ശിവദാസും, ഭാര്യ കാർത്തികയും അവരുടെ കാറിൽ മധുവിധുവിന്റെ പുറംമോടി ആഘോഷിച്ചുല്ലസിച്ച് പോവുന്നത് ഇപ്പോൾ സ്ഥിരം പ്രണയ കാഴ്ചയാണ്.
പിന്നെ പോലീസുകാരൻ ഫിലിപ്പ്‌ കുര്യൻ ഒന്നു പുഞ്ചിരിച്ചു കണ്ടിട്ടില്ല. എപ്പോഴും മുഖത്ത് ഗൗരവം മാത്രം, ഭാര്യ സീന ഏതു നേരവും പുഞ്ചിരിയും ആരെ കണ്ടാലും സ്വന്തക്കാരെ പോലെ മിണ്ടുകയും ചെയ്യും. ഇവിടെ വന്ന് ആദ്യമായി പരിചയപ്പെട്ടത്
അവരായിരുന്നു. രണ്ടു മക്കളാണ്‌ അവർക്ക് സിമി ഫിലിപ്പും,സാം ഫിലിപ്പും. രണ്ടുപേരും അവധി ദിനങ്ങളിൽ വരും. ഒരുപാട് നേരം ചിലവഴിച്ചു മടങ്ങും. കുട്ടികൾ ഇല്ല എന്ന തോന്നൽ അപ്പോൾ ഓർമ്മയിൽ വരില്ല. അവരുടെ കുസൃതിയും,കൊഞ്ചലും കാണുബോൾ എല്ലാം മറക്കും. ചിലപ്പോൾ അവരുടെ മമ്മി വിളിച്ചാൽ പോലും അവർ പോവാൻ മടിച്ചു നിൽക്കും.
അവർക്ക് ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്ത് നൽകി കഴിക്കുന്നത് നോക്കി ഒരമ്മയെ പോലെ അടുത്തിരിക്കും.
അപ്പോൾ കിട്ടുന്ന സന്തോഷം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. കുറച്ചു നേരത്തെ ആശ്വാസം നൽകി അവർ പോവുബോൾ വീണ്ടും ശൂന്യതയിലേയ്ക്ക് ഇഷ്ടമില്ലാതെ കടന്നു ചെല്ലേണ്ടി വരും.ഫ്ളാറ്റിലെ കനത്ത നിശബ്ദതയെ ഒഴിവാക്കാൻ ചിത്രങ്ങൾ വരയ്ക്കുകയോ, അല്ലെങ്കിൽ കവിതകൾ എഴുതുകയോ ചെയ്യും.
.ഗൃഹാതുരത്വം വേട്ടയാടുന്ന , പ്രണയിക്കപ്പെടാൻ കൊതിക്കുന്ന , ഒറ്റപ്പെടലിന്റെ ഹൃദയം നുറുങ്ങുന്ന വേദനയിലും പുഞ്ചിരിക്കേണ്ടി വരുന്ന നിസ്സാഹായതയുടെ ആൾരൂപമായ് മാറിയ ദിനരാത്രങ്ങൾ അങ്ങനെ ഒരായുസ്സിലെ നോവിന്റെ മുഴുവൻ ഭാരവും അക്ഷരങ്ങളായി പിറവിയെടുത്തിരുന്നു.ഓരോന്നും നാലുചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടു.
കോളിങ് ബെൽ ശബ്ദിച്ചു തുടങ്ങിയപ്പോൾ ചിന്തകളുടെ മഴപ്പെയ്ത്തിൽ നിന്നും വരണ്ടുണങ്ങിയ മനസ്സുമായി കതക് തുറന്നപ്പോൾ പതിവുപോലെ അരവിന്ദ് ഒന്നു പുഞ്ചിരിക്കുക പോലും ചെയ്യാതെ ചായയും ഓർഡർ ചെയ്തു മുറിയിലേയ്ക്ക് പോയി. ചൂടു ചായയുമായി ചെല്ലുമ്പോൾ വേഷം പോലും മാറ്റാതെ കട്ടിലിൽ തളർന്നു കിടക്കുകയായിരുന്നു.
കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നതിനാൽ ചായ ടേബിളിൽ വെച്ച് അടുക്കളയിൽ എത്തി.
അത്താഴം കഴിഞ്ഞു അരവിന്ദ് വീണ്ടും മുറിയിൽ കയറി വാതിലടച്ചു. വിരസമായ ജീവിതത്തിൻ്റെ നൊമ്പരവും ഉള്ളിലടക്കി എന്നത്തേയും പോലെ ആ ദിവസവും കഴിഞ്ഞു.
പിറ്റേന്ന് പതിവിലും നേരത്തേ അരവിന്ദ് പോയിരുന്നു. ഭക്ഷണം തയ്യാറാക്കിയത് എടുത്തിരുന്നില്ല. ജനലരികിലിരുന്ന് റോഡിലെ തിരക്കുകളിലേയ്ക്ക് അലസമായി കണ്ണുകൾ സഞ്ചരിക്കുബോഴാണ് റോഡരികിൽ ഒരമ്മയും കഷ്ടിച്ചു നാലു വയസ്സ് തോന്നിക്കുന്നന് പെൺകുഞ്ഞും കണ്ണിൽ പെട്ടത്. ആ സ്ത്രീയുടെ വസ്ത്രം നിറമില്ലാത്തതും അഴുക്കുപുരണ്ടതുമായിരുന്നു.മുടിയിൽ എണ്ണമയമില്ലാതെ കാടുപിടിച്ചു കിടക്കുന്നു.
സിമി മോളുടെ ഫ്രോക്കാണ് ആ കുട്ടി ധരിച്ചിരുന്നത്. സീന നൽകിയതാവും അവരുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഒരു നിമിഷം പ്രാർത്ഥിച്ചു. നിഷ്കളങ്കമായ കണ്ണുകളിൽ വിശപ്പിന്റെ വിളിയുണ്ടായിരുന്നു. അടുത്തല്ലെങ്കിലും ആ മുഖത്ത് റോസാപ്പൂവിൻ്റെ ഭംഗിയുണ്ടെന്ന് തോന്നിയിരുന്നു. അവളുടെ കൈയ്യിലെ ആ പാവയുടെ മുഖം ചമയിക്കുന്ന തിരക്കിലായിരുന്നു അവൾ. ഒരു പൊട്ടിയ കണ്ണാടിയിൽ പാവയുടെ മുഖം കാണിച്ചു
നീ സുന്ദരിയാണെന്ന് അവൾ പാവയ്ക്ക് ഉറപ്പു നൽകുന്നത് പോലെ തോന്നി.
പക്ഷേ ഒരിക്കൽ പോലും സ്വന്തം മുഖം അവൾ നോക്കിയിരുന്നില്ല. അവളുടെ അമ്മ വെയിലത്തിരുന്ന് വിൽക്കാൻ വെച്ചത് ദൈവങ്ങളുടെ വിഗ്രഹങ്ങളാണ്.പല തരത്തിലും,പല വർണ്ണത്തിലും ഉള്ള ദേവീ ദേവന്മാരുടെ പുഞ്ചിരി തൂവുന്ന മുഖങ്ങൾ
ആദ്യമായി ദൈവങ്ങളോട് പുശ്ചം തോന്നിയിരുന്നു.
കുറച്ചു നേരം കൂടി അവിടെ നിന്നു. പിന്നെ അടുക്കളയിൽ ചെന്നു തണുത്ത പുട്ടും കടലക്കറിയും കഴിക്കുബോഴാണ് മൊബൈൽ ശബ്ദിച്ചത്.ഡിസ്പ്ലേയിൽ അമ്മ എന്ന് കണ്ടപ്പോൾ തെല്ലൊരാശ്വാസം തോന്നി. മറ്റൊരു ലോകത്തു നിന്നും നീറുന്ന മുറിവിലേയ്ക്ക് മരുന്നു പോലെ അമ്മയുടെ സ്വരം കാതിൽ വന്നലച്ചു.
അമ്മുക്കുട്ടി എന്ന വിളിയിൽ സ്നേഹത്തിന്റെ പാലരുവിയിൽ നിന്ന് ദിശമാറിയൊഴുകിയതിൻ്റെ സകല വേദനയും നെഞ്ചിൽ പടർന്നു കയറി. വിവാഹം കഴിഞ്ഞു ആറുവർഷത്തിനിടയ്ക്ക് വീട്ടിൽ പോയത് വിരലിലെണ്ണാവുന്ന ദിനങ്ങൾ. ഓരോ വിശേഷത്തിനും ഏറെ കൊതിച്ചിരുന്നു അമ്മയുണ്ടാക്കുന്ന ഭക്ഷണം മതിയാവോളം കഴിച്ചു ആ മടിയിൽ തല ചായ്ച്ചു 'കെട്ടിച്ചുവിട്ടതല്ലേ അമ്മേ അറക്കാൻ കൊടുത്തതല്ലല്ലോ' എന്ന് തമാശ രൂപേണ സത്യം പറഞ്ഞു കണ്ണുകളടച്ചു കിടക്കണം.എല്ലാം മറന്നുറങ്ങണം.
ഏതാനും വാക്കുകളിൽ സുഖ ജീവിതം വിവരിച്ചു ഫോൺ വച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.ഭക്ഷണം ഒരിക്കലും പാഴക്കരുതെന്ന അച്ഛൻ്റെ വാക്കുകൾ ഓർമ്മിച്ചു കണ്ണുകൾ തുടച്ചു ഭക്ഷണം മുഴുവനും കഴിച്ചു.
ഹാളിലെ സോഫയിലിരുന്ന് മൊബൈൽ സ്ക്രീനിൽ സാഹിത്യ ഗ്രൂപ്പിൽ പ്രതീക്ഷയുടെ വരികളായി അവൾ മാറിയിരുന്നു ആ പനിനീർ പുഷ്പം.നാലു വയസ്സുകാരിയുടെ മുഖം ഓർമ്മയിൽ നിറഞ്ഞു തന്നെ നിൽക്കുന്നു.
അവളുടെ ജീവിതം എന്താവും ,തെരുവിൽ നിന്ന് ചുട്ടു പൊള്ളുന്ന വെയിലേറ്റ് വാടിത്തളർന്നു പോവുമോ,അല്ലെങ്കിൽ ജീവിതത്തിൽ പുതുമയുള്ള കാഴ്ചയായി അവൾ ജീവിതം ഒരു കരയ്ക്കെത്തിക്കുമോ.
ആരുമല്ലാത്ത തെരുവിലെ പെൺകുട്ടിയുടെ
കഥ ഓൺലൈൻ സാഹിത്യ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.ദൈവ ശില്പങ്ങൾക്കിടയിൽ ചൈതന്യമാർന്ന ആ മുഖം മനസ്സിൽ ദൈവത്തേക്കാൾ ഒരുപാട് ഉയരെ കാണുവാൻ കഴിഞ്ഞു
അല്പ നേരം കണ്ണുകളടച്ചു ചാഞ്ഞു കിടന്നു ആ പുഞ്ചിരിയിൽ ലയിച്ചു. മണിക്കൂറുകൾക്കുള്ളിൽ ലൈക്കുകൾ കൊണ്ട് നിറഞ്ഞു ആ കഥയ്ക്ക്. കമൻ്റുകളിൽ സഹതാപം നിറഞ്ഞൊഴുകി.
നെറ്റ് ഓഫ് ചെയ്തു.ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ അഞ്ചു മണിയായിരിക്കുന്നു. മുഖം കഴുകി ചായ വെച്ചു കുടിച്ചു കൊണ്ട് ജനലരികിൽ എത്തിയപ്പോൾ അവൾക്കും, അമ്മയ്ക്കും ചുറ്റിൽ ഒരാൾക്കൂട്ടം.മനസ്സിൽ ഭീതി നിറഞ്ഞു.
മുറിവിട്ടിറങ്ങിയപ്പോൾ എതിരെ മൊബൈലും പിടിച്ചു സീന ചേച്ചി വരുന്നുണ്ടായിരുന്നു.
"സംഗീതേ ഇത് കണ്ടോ ആ റോഡരുകിലെ അമ്മയും മകളുമാണ്.
ആ കുഞ്ഞിൻ്റെ കളിച്ചിരികൾവൈറൽ ആയിരിക്കുന്നു. ഏതോ യുവാവ് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നുവത്രേ"
അവന് നന്മകൾ മാത്രം വരട്ടെ എന്ന് മനസ്സിൽ കരുതി.
അവരുടെ കൈയ്യിലെ സ്ക്രീനിൽ പാവയുമെടുത്ത് കളിക്കുന്ന കുഞ്ഞിൻ്റെ പൊട്ടിച്ചിരികൾ മുഴങ്ങി കേട്ടു.
"വാ ചേച്ചി നമ്മൾക്ക് ആ കൊച്ചിൻ്റെ കൂടെ ഒരു സെൽഫി എടുക്കാം."
അതും പറഞ്ഞു കാർത്തിക ഓടിപ്പോവുന്നുണ്ടായിരുന്നു.സീന ചേച്ചിക്ക് അവളുടെ പോക്ക് കണ്ടു ദേഷ്യം തോന്നിയിരുന്നു.
കണ്ണുകൾ കൊണ്ടും, മുഖം കൊണ്ടും ചേച്ചിയത് വ്യക്തമാക്കി.
ചേച്ചിയോട് ഒന്നും പറയാതെ വീണ്ടും തിരിച്ചു മുറിയിൽ കയറി.
സന്തോഷമാണോ സങ്കടമാണോ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
അരവിന്ദ് പതിവിലും വൈകിയാണ് എത്തിയത്.വാതിൽ തുറന്നപ്പോൾ മദ്യത്തിന്റെ ഗന്ധമറിഞ്ഞു. എന്തിനാണ് കുടിച്ചതെന്ന് ചോദിച്ചില്ല, പറഞ്ഞുമില്ല പതിവു പോലെ മുറിയിൽ കയറി കുളി കഴിഞ്ഞു വന്നു
ഭക്ഷണത്തിന് ഇരുന്നപ്പോൾ
"അമ്മുക്കുട്ടി "
എന്ന് സ്നേഹാർദ്രമായി അരവിന്ദ് വിളിച്ചു. ഒരുപാട് നാളുകൾക്ക് ശേഷം ആ വിളി കേട്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു. വറ്റിപ്പോയ അരുവിയിൽ വീണ്ടും സ്നേഹം നിറഞ്ഞൊഴുകുന്നതായി തോന്നി.
"അരവിന്ദേട്ടാ "
എന്നു വിളിച്ചപ്പോഴേക്കും കരഞ്ഞു പോയിരുന്നു.
കഴിക്കുന്നത് നിർത്തി അരവിന്ദേട്ടൻ ചേർത്ത് പിടിച്ചപ്പോൾ സ്വപ്‌നം കാണുന്നത് പോലെ തോന്നി. പക്ഷേ യാഥാർത്ഥ്യം തന്നെയായിരുന്നു.
" ആ കുട്ടിയുടെ വീഡിയോ എടുത്തത് ഞാനാണ് "
കേട്ടത് വിശ്വസിക്കാനാവാതെ പകച്ചു പോയിരുന്നു. നിറകണ്ണുകളോടെ ആ മുഖം അത്ഭുതത്തോടെ നോക്കി.
"തൻ്റെ കഥ ഞാൻ വായിച്ചിരുന്നു. ചുവരുകൾക്കുള്ളിൽ നിന്ന് താൻ കണ്ട കുഞ്ഞിൻ്റെ ജീവിതം ഞാനും കണ്ടിരുന്നു ആ വരികളിലൂടെ.
അതാണ് ഇങ്ങനെയൊരു പ്രവർത്തിയിലേയ്ക്ക് എന്നെ നയിച്ചത്.ഉച്ചയ്ക്ക് ഓഫീസിൽ നിന്നിറങ്ങി അവിടെ ചെന്ന് അവരറിയാതെ ഞാനാണ് അത് ചെയ്തത്.എൻ്റെ കൂട്ടുകാർ ഇതറിഞ്ഞു എനിക്ക് ഒരു പാർട്ടി തന്നു.അതാണ് ഞാൻ അല്പം കുടിച്ചത് സോറി."
മനസ്സറിഞ്ഞുള്ള ആ മാപ്പു പറച്ചിൽ ഹൃദയത്തിൽ മഞ്ഞുപോലെ ഉറഞ്ഞുപോയ സ്നേഹത്തെ അലിയിച്ചു കളഞ്ഞു.
"നിന്നോടുള്ള എൻ്റെ പ്രണയം അവസാനിച്ചു പോയത് നിനക്ക് ഒരമ്മയാവാൻ കഴിയില്ല എന്നറിഞ്ഞ നിമിഷം മുതലാണ്. പക്ഷേ ഇനിയൊരിക്കലും നിന്നെ ഞാൻ അകറ്റില്ല.എൻ്റെ മരണം വരെ.
അത്രയും പറഞ്ഞു തീരുബോഴേക്കും ആ നെഞ്ചിൽ ഞാൻ കുറേക്കൂടി ചേർന്നിരുന്നു
......................രാജിരാഘവൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot