Slider

നിഴലായ്‌ മാത്രം. - Part 27

0

അധ്യായം- 27
"സർ.. സംശയാസ്പദമായി എന്തെങ്കിലും "
തകർന്നു കിടക്കുന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്ന പോലീസുകാരുടെ അടുത്തുവന്ന് മലയാള പത്രം ജേർണലിസ്റ്റ് ശാലിനി നിരക്കി.
അവൾക്കൊപ്പം കേരള ഭൂമിയുടെ ഫോട്ടോഗ്രാഫർ റിച്ചാർഡും ഉണ്ടായിരുന്നു.
ഈസ്റ്റ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അവിടെ ഉണ്ടായിരുന്നത്.
സി.ഐ അവളെ നോക്കി ഒന്നു ചിരിച്ചു.
പല സംഭവ വികാസങ്ങൾക്കിടയിലും കണ്ടു പരിചയമുള്ള റിപ്പോർട്ടറാണ് അവൾ.
റിച്ചാർഡുമായി അയാൾക്ക് ചെറിയ സൗഹൃദവുമുണ്ടായിരുന്നു
മാധ്യമ പ്രവർത്തകരെ പിണക്കാൻ വയ്യ.
ഉള്ളിൽ നിറഞ്ഞ അനിഷ്ടം പുറത്ത് പ്രകടിപ്പിക്കാതെയാണ് സി.ഐ ചിരിച്ചത്.
"തിരച്ചിൽ നടക്കുന്നു. ഒന്നുമായിട്ടില്ല"
"അഭിഷേക് വിനയ് കെട്ടിടം തകർന്നു വീണ് മരിച്ചത് തന്നെയല്ലേ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വഭാവികതയുണ്ടെന്നാണല്ലോ പറയുന്നത്‌." ശാലിനി തിരക്കി
'' മാഡം. .. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ കുറിച്ച് ഡോക്ടേഴ്സ് പറഞ്ഞിരുന്നല്ലോ "
അയാൾ ഒഴിഞ്ഞുമാറി
" അതു തന്നെയാണ് ചോദിച്ചത്... അസ്വഭാവികതയുണ്ടെന്ന് പോലീസും സംശയിക്കുന്നുണ്ടോ".
" റിപ്പോർട്ടിൽ അങ്ങനെ ഒരു സംശയമുള്ളതുകൊണ്ട് വിശദമായ അന്വേഷണം നടത്തും "
"താങ്ക് യൂ " ശാലിനി അതു കുറിച്ചെടുത്ത് അയാളെ നോക്കി മന്ദഹസിച്ചു.
"വല്ലതും നടക്കുമോ സർ"
റിച്ചാർഡ് അടുത്തുചെന്നു സൗഹൃദത്തോടെ തിരക്കി.
" മെനക്കേട് .. അവനീ കെട്ടിടം വീണ് മരിച്ചതാ.. പക്ഷേ അവനാള് ശരിയല്ല. റിച്ചാർഡിനറിയുമോ... നീലചടയൻ, ഹഷീഷ്, മരിജുവാന അങ്ങനെ വിവിധ തരം ലഹരി ഉല്പന്നങ്ങൾ ഞങ്ങളിവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട് ."
ശാലിനി അതും നോട്ട് ചെയ്തു.
" വേറെ എന്തെങ്കിലും കണ്ടു കിട്ടിയിട്ടുണ്ടോ".
"ഇല്ല... അന്വേഷിക്കുകയാണല്ലോ... ങാ പിന്നെ അഭിഷേകിന്റെ മരണമറിഞ്ഞ് അവനെ കുറിച്ച് രണ്ടു പേർ പരാതിയുമായി സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ഒന്ന് ഒരു മുംബൈ സ്വദേശിനി സഹീറ ... അവരുടെ മകളുടെ തിരോധാനത്തിൽ അഭിഷേകിന് പങ്കുണ്ടെന്നാണ് പരാതി. രണ്ട് കൊച്ചിയിൽ നിന്നാണ് ... ഒരു ശിവന്യയുടെ പേരന്റസ് .. പതിനെട്ടു വയസേയുള്ളു. വിവാഹ വാഗ്ദാനം നൽകി താൻ തുടങ്ങാൻ പോകുന്ന കമ്പനിയ്ക്ക് വേണ്ടി പല ഉന്നതൻമാർക്കും കാഴ്ചവെച്ചത്രേ... ആ കുട്ടിയും ഇപ്പോൾ മിസിംഗാണ് ... രണ്ടു പേരെയും അഭിഷേക് ഇല്ലാതാക്കിയെന്നാണ് പോലീസിന് ലഭിച്ച സൂചന "
"കൊണെന്നോ " റിച്ചാർഡിന്റെ നെറ്റിയിൽ ചുളിവ് വീണു..
"അങ്ങനെ സംശയിക്കുന്നു .. എന്തായാലും നിങ്ങൾക്ക് ചാകരയാണ് "
" അതാണോ കമ്മിഷണർ ഓഫിസിൽ പത്രസമ്മേളനം വെച്ചിരിക്കുന്നത് "
റിച്ചാർഡ് വാച്ചിൽ നോക്കി.
" പന്ത്രണ്ടിന്.. അല്ലേ.. "
"അതെ ". സി.ഐ പറഞ്ഞു.
" അവിടെ എത്തില്ലേ നിങ്ങൾ "
"തീർച്ചയായും " ശാലിനിയാണ് മറുപടി പറഞ്ഞത്.
അവളുടെ പ്രസരിപ്പിനോട് സി.ഐയ്ക്ക് മതിപ്പു തോന്നി.
" അപ്പോൾ അവിടെ വെച്ച് കാണാം''
അയാൾ ചിരിച്ചു
" ഓ.കെ ..താങ്ക്സ്.. "
ശാലിനിയും റിച്ചാർഡും തിരിച്ചു വരുമ്പോൾ ഓരോ മരത്തണലിലുമായി ചാനൽ പ്രവർത്തകർ ലൈവ് കൊടുക്കുന്നത് കണ്ടു.
അവർ അത് ശ്രദ്ധിച്ചു.
"അഭിഷേക് വിനയന്റെ മരണത്തിൽ ദുരൂഹത .പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ അസ്വാഭാവികതയെ തുടർന്ന് അരയൻ കോളനിയിലെ തകർന്ന വീട് പോലിസ് സൂക്ഷ്മമായി പരിശോധിക്കുകയാണ്. അഭിഷേക് കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് പ്രധാനമായും അന്വേഷിക്കുന്നത്. രണ്ടു ജെസിബികൾ ഉപയോഗിച്ചാണ് തിരച്ചിൽ... വീട്ടിനുള്ളിൽ വൻ ലഹരിമരുന്ന് ശേഖരം ഉണ്ടെന്നാണ് പോലിസ് നൽകുന്ന സൂചന. അഭിഷേകിനെതിരെ രണ്ടു പെൺകുട്ടികളുടെ കുടുംബവും പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ഈ പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഇന്നുച്ചയ്ക്ക് പന്ത്രണ്ടിന് ഐ.ജി ഓഫീസിൽ പത്ര സമ്മേളനം വിളിച്ചിട്ടുണ്ട്. "
ലൈവ് നീണ്ടുപോയി
തനിക്ക് കിട്ടിയ വിവരങ്ങൾ മാത്രമേ അവർക്കും ലഭിച്ചിട്ടുള്ളു എന്നറിഞ്ഞതോടെ ശാലിനിക്ക് സമാധാനമായി.
അവൾ റിച്ചാർഡിനെ നോക്കി ആശ്വാസത്തോടെ കണ്ണടച്ചുകാട്ടി.
" ഇവിടുന്നിനി കൂടുതൽ കിട്ടാനിടയില്ല. എന്തായാലും പത്രസമ്മേളനം കഴിയട്ടെ..വാ.. പോകാം.. ടൈം പത്തര കഴിഞ്ഞു " റിച്ചാർഡ് പറഞ്ഞു.
" പന്ത്രണ്ടിന് തുടങ്ങുമെന്ന് പറഞ്ഞാൽ ഒരു മണി കഴിയില്ലേ.. തുടങ്ങാൻ..അതല്ലേ സ്റ്റൈൽ "
അവൾ ചിരിച്ചു.
" നീയിത് നോക്ക്.. ഇന്നത്തേക്കുള്ള പടം റെഡി"
റിച്ചാർഡ് ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങൾ അവളെ കാണിച്ചു.
അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ജെസിബി പൊക്കിയെടുത്തിട്ട ഒരു പെട്ടി തുറന്ന് അതിനകത്തെ കവറിൽ നിന്ന് സി.ഐ ഒരു പിടി കഞ്ചാവ് കൈയ്യിട്ടുവാരി നോക്കുന്ന പടമായിരുന്നു റിച്ചാർഡ് സെലക്ട് ചെയ്തത്.
" ഒന്നാന്തരം ന്യൂസ് ഫോട്ടോ .." ശാലിനി അഭിനന്ദിച്ചു.
ചാനലുകാർ കാറുകളിൽ കയറി മടങ്ങിയതോടെ ശാലിനിയും റിച്ചാർഡിന്റെ യൂണികോണിന്റെ പിന്നിൽ കയറി.
കേരളത്തെ ഞെട്ടിച്ച ഒരു പത്ര സമ്മേളനമായിരുന്നു അവരെ കാത്തിരുന്നത്.
........ ........ .......
ചാനലിന് മുന്നിലിരുന്ന ഊർമിളയും രവി മേനോനും കാതുകളെ വിശ്വസിക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു.
വാർത്ത അവതാരകൻ എന്തൊക്കെയോ നുണകൾ വിളിച്ചു പറയുകയാണെന്നാണ് അവർക്ക് തോന്നിയത്.
അഭിഷേക്ക് ക്രൂരമായി കൊലപ്പെടുത്തിയ രണ്ടു പെൺകുട്ടികളുടെ മൃതശരീരങ്ങൾ പോലീസ് കണ്ടെത്തി.
അഭിഷേകിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഡ്രീം കമ്പനിയുടെ അകത്ത് കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്.
കൃത്യത്തിൽ അഭിഷേകിനെ സഹായിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
തുടർന്ന് മൃതദേഹങ്ങൾ പുറത്തേക്കെടുക്കുന്ന ആ രംഗങ്ങൾ ന്ക്രീനിൽ നിറഞ്ഞു
നേഹയും ജാസ്മിനും സ്വാതിയും ആശങ്കയോടെ ദുർഗയെ നോക്കി.
ദുർഗ ആ ലോകത്തൊന്നുമല്ലെന്ന് തോന്നി.
മരവിച്ചു രക്തം വാർന്ന് ഒരു പ്രതിമയെ പോലെയായിരുന്നു അവളുടെ മുഖം.
" അഭിഷേകിന്റെ ബിസിനസ് സംബന്ധിച്ചും മറ്റ് ദുരൂഹതകളും എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കേസിൽ ഇനിയും നിഗൂഢതകൾ ഏറെയുണ്ടെന്നും എത്രയും വേഗം അത് തെളിയിക്കുമെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു. "
പേടി കിട്ടിയത് പോലെ ദുർഗയുടെ മുഖം വിളറി
ജാസ്മിനും നേഹയും പരിഭ്രാന്തിയോടെ അവളെ നോക്കി.
ആ നോട്ടം ദുർഗയെ ഒന്നാകെ ദഹിപ്പിച്ചു.
അവൾ അകംപുറം ഒന്നായി കത്തിയെരിഞ്ഞു.
നിഗൂഢതകൾ ഓരോന്നായി തെളിയിക്കും
ആ വാക്കുകൾ അവളിലേക്ക് ഒരു സ്‌ഫോടനം പോലെ ചിതറിത്തെറിച്ചു
" രണ്ടു ദിവസം കൊണ്ടു തന്നെ അഭിഷേകിന്റ മരണത്തിൽ ഇത്രയേറെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞത് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. ഞെട്ടിക്കുന്ന പല സംഭവങ്ങളും ഈ മരണത്തിന് പിന്നിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കെട്ടിടം തകർന്ന് വീണത് യാദൃശ്ചികമായിരിക്കാമെന്നും ആരോ അയാളെ അതിദാരുണമായി കൊലപ്പെടുത്തിയതാകാമെന്നുമാണ് പോലീസ് കരുതുന്നത്. അന്വേഷണം ശരിയായ ദിശയിൽ തന്നെ മുന്നേറുന്നു " .
ജില്ലാ പോലീസ് കമ്മീഷണറുടെ ബൈറ്റ് കഴിഞ്ഞതും
രവി മേനോൻ മൊബൈലടുത്തു.
" ഞാൻ.. ഞാൻ സി.ഐയെ ഒന്നു വിളിക്കട്ടെ ".
അയാൾ മൊബൈലിൽ പരതി.
"എന്തിന് രവിയേട്ടാ ''
കണ്ണീരുണങ്ങാത്ത മുഖവുമായി ഊർമിള അയാളെ നോക്കി.
" ഒരു പിശാചിനായിരുന്നു നമ്മൾ തീറ്റ കൊടുത്തത്. അവന് വേണ്ടിയാണോ ഉമേ നീ കരയുന്നത് "
ഭാവം ശാന്തമെങ്കിലും ക്രുദ്ധമായിരുന്നു അയാളുടെ മുഖം.
" ഒരു കുറുക്കന്റ കൈയ്യിലാണ് എന്റെ പക്ഷിക്കുഞ്ഞിനെ ഞാൻ നോക്കാനേൽപിച്ചത്. അവൻ അവളെ കൊന്നു കാണും.. എന്റെ ധ്വനിമോളെ."
രവി മേനോന്റെ ശബ്ദം ഉടഞ്ഞുപോയി.
" രവിയേട്ടാ.." ഊർമിള നിലവിളിച്ചു കൊണ്ട് അരുതെന്ന് തലയാട്ടി
രവി മേനോൻ അവരുടെ ശിരസിൽ തഴുകി
"അതെ ഉമേ.. ഇവനു വേണ്ടി നമ്മൾ നമ്മളുടെ പൊന്നുമോളെ തെറ്റിദ്ധരിച്ചു. കുറ്റപ്പെടുത്തി.മഹേഷിനെ വിട്ട് .. നിന്നെയും എന്നെയും വിട്ട് .. ഇന്നലെ കണ്ട ഒരുത്തന്റെ ഒപ്പം അവൾ ഇറങ്ങിപ്പോയെന്ന് നമ്മൾ വിശ്വസിച്ചു പോയല്ലോ ഉമേ".
" അങ്കിൾ ". ജാസ്മിൻ എഴുന്നേറ്റ് വന്ന് അയാളുടെ ചുമലിൽ പിടിച്ചു.
"എന്തു ഭ്രാന്താണ് പറയുന്നത്. ധ്വനിയ്ക്കൊന്നും സംഭവിച്ചിട്ടില്ല .. അവൾ വരും".
കഴുത്തിലൊരു സ്പർശനമിറഞ്ഞ് ദുർഗ തിരിഞ്ഞു നോക്കി.
ധ്വനി.
അവളുടെ കണ്ണുകളിൽ രക്തം പൊടിഞ്ഞിരുന്നു.
ആ രംഗം കണ്ടു നിൽക്കാൻ തനിക്ക് കഴിയില്ലെന്ന് ദുർഗയ്ക്ക് മനസിലായി.
മകൾ ജീവിച്ചിരിക്കാനിടയില്ലെന്ന് അച്ഛനും അമ്മയും തിരിച്ചറിയുകയാണ്.
എല്ലാത്തിനും സാക്ഷിയായി മരിച്ചവളുടെ ആത്മാവ് തന്നെ തൊട്ടു നിന്ന് വിങ്ങിക്കരയുകയാണ്.
ദുർഗ എഴുന്നേറ്റു.
ആരെയും അഭിമുഖീകരിക്കാതെ അവൾ അവരെ കടന്ന് സ്റ്റെയർകേസ് കയറിത്തുടങ്ങി
രവി മേനോൻ സി.ഐയുടെ നമ്പർ കണ്ടെടുത്തു. അതിലേക്ക് വിളിച്ചു.
" രവി .. അറിയുന്നുണ്ടല്ലോ അല്ലേ.. തന്റെ സുഹൃത്തിന്റെ മകൻ ഒരൊന്നൊന്നര ഫ്രോഡായിരുന്നെന്ന് "
അയാൾ തന്റെ കണ്ടെത്തലിന്റെ ലഹരിയിലാണെന്ന് രവി മേനോന് മനസിലായി.
"ഞാൻ നിങ്ങളെ തികച്ചും അഭിനന്ദിക്കുന്നു. പക്ഷേ വിളിച്ചത് അതു പറയാനല്ല "
" അയാം സോറി രവി മേനോൻ.. പറയൂ " '
സി.ഐ ക്ഷമാപണം ചെയ്തു.
"എന്റെ മകളുടെ തിരോധാനത്തിനു പിന്നിൽ ഈ അഭിഷേക് വിനയ് ആണെന്ന് ഞാൻ സംശയിക്കുന്നു. എഴുതി തയാറാക്കിയ പരാതിയുമായി ഞാൻ സാറിനടുത്തേക്ക് വരാം.. കണ്ടെത്തി തരണം എന്റെ മോളെ.. കർമ്മങ്ങൾ ചെയ്യാൻ ഒരു അസ്ഥിക്കഷ്ണമെങ്കിലും "
രവി മേനോൻ പെട്ടന്ന് ഉറക്കെ കരഞ്ഞു
"എനിക്കറിയാം സർ.. അവൻ കൊന്ന ആ പെൺകുട്ടികളുടെ സ്ഥിതി തന്നെയായിരിക്കും എന്റെ മോൾക്കും. അതുറപ്പാണ്... എനിക്ക് നിശ്ചയമാണ് "
" രവിയേട്ടാ.." ഊർമിള അയാളെ കെട്ടിപ്പിടിച്ച് നിലവിളിച്ചു.
ഒരു വലിയ കരച്ചിലിനൊടുവിൽ ഊർമിളയുടെ കണ്ണുകൾ പിന്നോട്ട് മറിഞ്ഞു.
നേഹയും സ്വാതിയും
ജാസ്മിനും ഓടി വന്ന് അവരെ താങ്ങി.
അപ്പോൾ ധ്വനിയുടെ റൂമിൽ കിടക്കയിലിരി ക്കുകയായിരുന്നു ദുർഗ.
"എനിക്ക് പേടിയാകുന്നു ധ്വനി..." അവൾ വിങ്ങി.
" പക്ഷേ കാര്യങ്ങൾ ശരിയായ ദിശയിലാണ്..
എനിക്കറിയാം ആരുമൊന്നും പറയാതെ തന്നെ എന്റെ മരണം അവർ തിരിച്ചറിഞ്ഞു.
ഇനി ബാക്കിയെല്ലാം എന്റെ അച്ഛൻ ചെയ്തോളും."
"അപ്പോൾ ... നീ ... നിന്റെ ബോഡി കണ്ടെത്തുന്നതോടെ നീയെന്നെ വിട്ടു പോകുമോ ധ്വനി " .
ദുർഗയുടെ കണ്ണുകൾ നിറഞ്ഞു
" പോകേണ്ടി വരും.. "ധ്വനി അതു കാര്യമാക്കാതെ ചിരിച്ചു.
ദുർഗയുടെ മനസ് പക്ഷേ അപ്പോൾ വലിയേടത്തെ നിലവറയിൽ പരിപാവനമായി സൂക്ഷിച്ചിരിക്കുന്ന താളിയോലകളിൽ ചെന്നു ടക്കി.
... ...... ...... .......
ഐ. ജി രതീഷ് ബിന്ദ്രയ്ക്ക് മുന്നിൽ സിഐ പ്രകാശ് ലാലും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട രാജീവും മറ്റു രണ്ട് പേരും ഇരിക്കുന്നുണ്ടായിരുന്നു.
റൂറൽ എസ്.പി ജയകൃഷ്ണൻ കൂടി അകത്തേക്ക് വന്നതോടെ ഐജി ഒന്നിളകിയിരുന്നു.
"എവിടെ ആ ഫോൺ ... "
അയാൾ തിരക്കി.
സി.ഐ പ്രകാശ് ലാൽ ദുർഗയുടെ മൊബൈലെടുത്ത് അയാൾക്ക് മുന്നിൽ ശ്രദ്ധയോടെ വെച്ചു.
ഐജി രതീഷ് ബിന്ദ്ര അതെടുത്തു.
"ലോക്ക് നമ്മുടെ വിദഗ്ധർ തുറന്നു തന്നിട്ടുണ്ട്.
ഒരു ദുർഗ ഭാഗീരഥിയുടെ പേരിലുള്ള സിം കാർഡാണ് യൂസ് ചെയ്തിരിക്കുന്നത്. "
" ദുർഗ ഭാഗീരഥി "
ഐജി ആ പേര് ഉച്ചരിച്ചു.
അയാൾ ഗ്യാലറി തുറന്നു നോക്കി.
സുന്ദരിമാരായ നാലു പെൺകുട്ടികൾ ഒരുമിച്ചെടുത്ത കുറെയേറെ സെൽഫികളായിരുന്നു അതിനുള്ളിൽ.
ഇതിലേതാകും ദുർഗ -
"സർ.. ഈ കുട്ടി ആവാനാണ് സാധ്യത "
അവളുടെ തനിച്ചുള്ള സെൽഫി ചൂണ്ടിക്കാട്ടി സി.ഐ.പ്രകാശ് ലാൽ പറഞ്ഞു.
പോലീസുകാർ ആ ഫോട്ടോയിലേക്ക് നോക്കി
പ്രസരിപ്പു നിറഞ്ഞ മുഖമുള്ള ഒരു സുന്ദരി പെൺകുട്ടി.
"ഇവളെ കണ്ടെത്തണം .. ഇവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കിൽ ജീവനോടെ .
ഇല്ലെങ്കിൽ അവൻ കൊലപ്പെടുത്തിയ മറ്റ് രണ്ടു പെൺകുട്ടികളെ പോലെ ഡെഡ് ബോഡി "
"പക്ഷേ ഈ ഫോണിലേക്ക് അഭിഷേക് ആകെ നാലു തവണയേ വിളിച്ചിട്ടുള്ളു.
അതും ഈയടുത്ത്. സംസാരം എപ്പോഴും മൂന്ന് മിനുട്ടിൽ താഴെ മാത്രം ".
സംശയത്തോടെ റൂറൽ എസ്.പി ജയകൃഷ്ണൻ പറഞ്ഞു.
"അതെന്തുമാകട്ടെ.. ദുർഗയെ കണ്ടെത്തണം."
ഐജി രതീഷ് ബിന്ദ്ര ഫോണിലെ വീഡിയോസ് തുറന്നു.
അതിൽ ആകെയൊരു വീഡിയോ മാത്രമേ ഉണ്ടായിരുന്നുള്ളു.
അയാൾ അത് തുറന്നു.
ആരാണ് പകർത്തിയതെന്ന് വ്യക്തമാകാത്ത ഒരു വീഡിയോ ആയിരുന്നു അത്.
കൊല്ലപ്പെട്ട അഭിഷേക് വിനയനും കൂടെ സുന്ദരിയായ ഒരു പെൺകുട്ടിയും കാറിൽ ഒരു വീടിന് മുന്നിൽ വന്നിറങ്ങുന്നു.
ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടു തന്നെ അത് അഭിഷേക് മരണപ്പെട്ട നിലയിൽ കാണപ്പെട്ട അതേ കെട്ടിടമാണെന്ന് മനസിലായി
ഒരു പാട്ടു മൂളിക്കൊണ്ട് അഭിഷേക് മുന്നോട്ടുവന്ന് വാതിൽ തുറക്കുന്നു.
പിന്നീട് കണ്ട ദൃശ്യങ്ങൾ ഐജിയെ പോലും ഞെട്ടിച്ചു.
അതിക്രൂരമായ കൊലപാതകം.
ആ പെൺകുട്ടിയെ മൃഗീയമായി ബലാത്സംഗം ചെയ്യുന്നു അഭിഷേക് .
പിന്നെ അടുത്ത മുറികളിൽ ഉണ്ടായിരുന്ന രണ്ടു പേരെ അവൾക്കടുത്തേക്ക് പറഞ്ഞയക്കുന്നു.
അവരുടെ ഹൃദയം തകർക്കുന്ന പീഢകളെല്ലാം ഏറ്റുവാങ്ങിയിട്ടും ഒരു നുള്ള് ജീവൻ ബാക്കി നിന്ന അവളുടെ മുഖത്തേക്ക് തലയിണ അമർത്തിവെച്ച് അഭിഷേക് അമർത്തി ഞെരിക്കുന്നു.
പിന്നെ ജീവനറ്റ അവളുടെ ശരീരം തോളിലേറ്റി മുറ്റത്തേക്കിറങ്ങുന്നു.
കൈയ്യിലും കാലിലും കല്ലുകളുടെ ഭാരം തൂക്കി വീട്ടുമുറ്റത്തെ താമരക്കുളത്തിലേക്ക് അവളെ വലിച്ചെറിയുന്നതോടെയാണ് ആ വീഡിയോ അവസാനിക്കുന്നത്.
"എന്താണിതിന്റെ അർഥം .. " ഐജി അത്ഭുതപരതന്ത്രനായി അന്വേഷണ സംഘത്തെ നോക്കി.
"എത്രയും വേഗം ആ കുളം സെർച്ച് ചെയ്യണം. ഒട്ടും സമയം കളയാതെ "
ആജ്ഞാശക്തിയുള്ള വാക്കുകളായിരുന്നു അത്.
" സർ ആ വീഡിയോ ഈ ഫോണിൽ എടുത്തതല്ല. സൈബർ സെല്ലിൽ നിന്നുള്ള കാർത്തികേയൻ പറഞ്ഞു .
" മറ്റൊരു ഫോണിൽ എടുത്ത വീഡിയോ ആരോ ഇതിലേക്ക് സെൻഡ് ചെയ്തതാണ്."
"ആര് "?
" അതാണ് അത്ഭുതം .. അതാര്.. എന്ത് തുടങ്ങി ഒന്നിനെ സംബന്ധിച്ചും കണ്ടെത്താനാകുന്നില്ലാ."
"വാട്ട്നോൺസെൻസ് യു വാർ ടോക്കിംങ് കാർത്തികേയൻ "
ഐജി രതീഷ് ബിന്ദ്രയുടെ മുഖം ചുവന്നു.
" അതാണ് സർ സത്യം .. " അക്ഷോഭ്യനായി അയാൾ പറഞ്ഞു.
"എങ്കിൽ ആദ്യം ആ പെൺകുട്ടിയെ കണ്ടെത്ത്... ദുർഗയെ .. ങാ.. പിന്നെ.. പ്രകാശ് ലാൽ താൻ ഈ മരിച്ച പെൺകുട്ടി ആരാണെന്ന് എത്രയും വേഗത്തിൽ കണ്ടെത്തണം ... അഭിഷേകിന്റെ മൂന്നാമത്തെ ഇരയെ ... അവളുടെ ഡെഡ് ബോഡി കണ്ടെത്തുമ്പോഴേക്കും "
ഐജി കൈയ്യിലേക്ക് വെച്ചു തന്നെ ഫോണെടുത്ത് സി.ഐ വീണ്ടും ആ വീഡിയോ പരിശോധിച്ചു.
ആ പെൺകുട്ടിയുടെ മുഖം പെട്ടന്ന് അയാൾ തിരിച്ചറിഞ്ഞു.
അൽപ്പം മുമ്പ് പൊന്നേത്ത് തെക്കേമoത്തിലെ രവി മേനോൻ നൽകിയ പരാതിയ്ക്ക് ഒപ്പമുണ്ടായിരുന്ന ഫോട്ടോ ഗ്രാഫിലെ അതേ പെൺകുട്ടി.
ധ്വനി.
ആ പേര് പോലും അയാൾക്ക് ഓർമ വന്നു.
" സർ... എനിക്കറിയാം.. എനിക്കറിയാം ഈ കുട്ടിയെ "
ആവേശത്തോടെ അയാൾ ചാടിയെഴുന്നേറ്റു.
..... ......... തുടരും ....
Written by 
Shyni John

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo