നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുഖംമൂടികൾ..


"അയാളെ ഉപദ്രവിക്കരുത്.. പ്ലീസ്. ഞാൻ തെറ്റിദ്ധരിച്ചു പോയതാണ്.. സത്യത്തിൽ അയാൾ നിരപരാധിയാണ്. " കുറച്ചു മുൻപ് എന്നെ കയറി പിടിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞു ഞാൻ ഒച്ച ഉണ്ടാക്കിയത് കേട്ടു... വഴിയോരത്തു ഇരുന്നു കുട നന്നാക്കുന്ന, മുഷിഞ്ഞ വസ്ത്രം ധരിച്ച ആ മനുഷ്യനെ വളഞ്ഞിട്ടു തല്ലുന്നവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ടു ഞാൻ വിളിച്ചു കൂവി പറഞ്ഞു....
എന്റെ ഉറക്കെ ഉള്ള ഏറ്റു പറച്ചിൽ കേട്ടു ആൾകൂട്ടം അയാളെ വിട്ടു എന്റെ നേരെ തിരിഞ്ഞു..
"അല്ലെങ്കിലും ചിലവളുമാർ ഒരുങ്ങിക്കെട്ടി ഇറങ്ങിക്കോളും മറ്റുള്ളവരെ മെനക്കെടുത്താൻ.. "എന്നു പറഞ്ഞു എന്നെ രൂക്ഷമായൊന്നു നോക്കി പലരും പലവഴിക്ക് പിരിഞ്ഞു പോയി...
അവരുടെ അത്തരത്തിലുള്ള പ്രതികരണം എന്നെ വിഷമിപ്പിച്ചു എങ്കിലും ഒരർത്ഥത്തിൽ ഞാൻ അതു അർഹിക്കുന്നു എന്നു തന്നെയെനിക്ക് തോന്നി...
ഞാനയാളെ സഹതാപത്തോടെ നോക്കി..
അയാളുടെ മുഷിഞ്ഞ വസ്ത്രം ആളുകളുടെ കൈയേറ്റത്തിൽ അങ്ങിങ്ങായി കീറി പിഞ്ഞിയിരുന്നു.
അയാൾക്കരികിലേക്കു ഞാൻ മെല്ലെ ചെന്നു..
"എന്നോട് ക്ഷമിക്കണേ ചേട്ടാ.. ഞാൻ അറിയാതെ. " പറഞ്ഞപ്പോൾ കുറ്റബോധം കൊണ്ടെന്റെ കണ്ണിൽ നനവ് പടർന്നു തുടങ്ങിയിരുന്നു...
എന്നെയൊന്നു തുറിച്ചു നോക്കിയിട്ട് ആ ക്ഷീണിച്ച രൂപം പതിയെ വേച്ചു വേച്ചു നടന്നു റോഡ് സൈഡിലെ ആ തണൽ മരത്തിനരുകിൽ... അയാളുടെ സ്ഥിരം ഇരിപ്പിടത്തിൽ ചെന്നിരുന്നു.... ഒന്നും സംഭവിക്കാത്തത് പോലെ സാവധാനം ഒരു കമ്പി ഒടിഞ്ഞ കുട എടുത്തു നന്നാക്കാൻ തുടങ്ങി...
ഞാനയാളെ തന്നെ നോക്കി കൊണ്ടു ബസ് സ്റ്റോപ്പിനരികത്തേക്കു മാറി നിന്നു... മിനിട്ടുകൾക്ക് മുൻപേയുണ്ടായ ആ നശിച്ച നിമിഷങ്ങളിലെ സംഭവങ്ങൾ എന്റെ തലച്ചോറിലേക്ക് കൂരമ്പു പോലെ തുളച്ചു തെളിഞ്ഞു വന്നു... കുറ്റബോധം കൊണ്ടെന്റെ ഹൃദയം വിങ്ങി കൊണ്ടിരുന്നു.
ഒരു ഭ്രാന്തു പിടിച്ച ദിവസമായിരുന്നു ഇന്ന്..ബാങ്കിൽ ഓണാഘോഷ പരിപാടികളും കഴിഞ്ഞു ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് മാനേജരുടെ വക വിളി... രണ്ടു ഫിക്സഡ് ഡെപ്പോസിറ് അക്കൗണ്ടുകളിൽ ചില കൺഫ്യൂഷൻസ്... അതു തീർത്തിട്ട് പോയാൽ മതി എന്ന ഓർഡർ.. പ്രൈവറ്റ് ബാങ്ക് ആയതു കൊണ്ട് ഒന്നും എതിർത്തു പറയാനും വയ്യ.. അല്ലെങ്കിലും പലയിടത്തും കീഴ്ജീവനക്കാർ വീട്ടു ജോലിക്കാർ ആണെന്നാണല്ലോ ചില മേലധികാരികളുടെ ധാരണ. അവരുടെ ബുദ്ധിമുട്ടുകൾ അറിയാതെ ഓർഡർ മാത്രം. പ്രത്യേകിച്ച് തങ്ങൾക്കു ഇഷ്ടക്കുറവുള്ളവരാണെങ്കിൽ പറയുകയും വേണ്ട... അധോഗതി... മാനേജരുടെ വത്സല സ്റ്റാഫ്‌ സുജിത് എന്റെ അതെ സെക്ഷനിൽ ആണ്... മാനേജർ സാറിനെ മണി അടിച്ചു സുഖിപ്പിച്ചു അയാൾ നിൽക്കുന്നത് കൊണ്ടു എല്ലാം എന്റെ തലയിൽ... എല്ലാത്തിൽ നിന്നും സുജിത് ഒഴിവാകും...
വൈകും എന്നു സുധിയേട്ടനെ വിളിച്ചു പറഞ്ഞിട്ട് ഞാൻ ജോലി തുടർന്നു... കൂട്ടാൻ വരണോ എന്നു ഏട്ടൻ ചോദിച്ചപ്പോൾ ഇനി മക്കളെയും കൂട്ടി കഷ്ട്ടപ്പെട്ടു ഏട്ടൻ വരാൻ നിൽക്കണ്ട ജിത്തു ഉണ്ടല്ലോ എന്നു പറഞ്ഞു ഞാൻ വിലക്കി.. ഇതുപോലെ വൈകുന്ന ദിവസങ്ങളിൽ എന്നെ ബസ് കയറ്റി വിട്ടിട്ടേ ജിത്തു പോകാറുള്ളൂ... അത് ശെരിക്കുമൊരു ആശ്വാസമാണ്..
ജിത്തു .. ശ്രീജിത്ത്‌... ഞാൻ വർക്ക്‌ ചെയ്യുന്ന ബാങ്കിൽ പ്യൂൺ ആണ്... അതിനേക്കാൾ എനിക്ക് സ്വന്തം അനിയനെ പോലെ... മരിച്ചു പോയ എന്റെ അമ്മയുടെ അതെ മുഖമാണ് ചെച്ചിക്കെന്നു പറയുമ്പോൾ അവന്റെ കണ്ണ് കലങ്ങുന്നതു പോലെ തോന്നാറുണ്ട്... അവനുള്ളത്‌ ഇങ്ങനെ വൈകുന്ന അവസരങ്ങളിൽ സുധിയേട്ടനും ആശ്വാസം ആണ്....
ജോലിയെല്ലാം തീർത്തു ഇറങ്ങിയപ്പോൾ മണി ആറായി...
ബൈക്ക് എടുക്കാതെ ബസ് സ്റ്റോപ്പ്‌ വരെ അവൻ എന്നോടൊപ്പം നടന്നു വന്നു..." ചേച്ചി എന്നോടൊപ്പം ബൈക്കിൽ കയറിയാൽ നമ്മുടെ ആളുകൾ അല്ലേ... നമ്മളെ ചേർത്തു ഓരോന്ന് പറയാനും മടിക്കില്ല...അതെനിക്ക് സഹിക്കില്ല എന്നവൻ പറയും.. " അത്ര മാന്യതയും, വിനയവുമൊക്കെയാണ് പ്രവർത്തിയിലും വാക്കിലും എല്ലാം അവനു ...
എന്നെ ബസ് സ്റ്റോപ്പിലാക്കി അവൻ വഴിയരികിലെ മരച്ചുവട്ടിലേക്കു ഒതുങ്ങി നിന്നു... ഞാൻ പോയിട്ടേ ഇനി ജിത്തു പോകു.. അത്ര കെയർ ആണ് അവനീ ചേച്ചിയോട്.
ബസ് സ്റ്റോപ്പിൽ നിൽക്കുന്ന വനജ ടീച്ചറോട്, ടീച്ചർ എന്തുപറ്റി വൈകാൻ എന്ന കുശലാന്വേഷണവും നടത്തി ബസും നോക്കി നിൽക്കുന്നതിനു ഇടയിലാണ് പെട്ടന്നാ കുടനന്നാക്കുന്ന മുഷിഞ്ഞ വസ്ത്രധാരിയായ മനുഷ്യൻ എന്നെ വന്നു തോണ്ടിയത്.
അല്ലെങ്കിലേ എന്നെ കാണുമ്പോൾ അയാൾക്കുള്ള തുറിച്ചു നോട്ടവും... വൃത്തിയും, വെടിപ്പും ഇല്ലാത്ത അയാളുടെ വേഷവും, ജട പിടിച്ച താടിയും, മുടിയും... എന്തോ അയാളെ കാണുന്നതേ എനിക്കെന്തോ ഇഷ്ടക്കേടാണ്.... ശെരിക്കും ഒരു ക്രിമിനലിന്റെ രൂപഭാവങ്ങൾ ആണ് അയാൾക്കെന്നു തോന്നിയിട്ടുണ്ട്.. ഗോവിന്ദ ചാമിയെ പോലൊരാൾ എന്നെ ബസ് സ്റ്റോപ്പിൽ തുറിച്ചു നോക്കാറുണ്ട് സുധിയേട്ടാ എന്നു സുധിയേട്ടനോട് പറഞ്ഞിട്ട് പോലുമുണ്ട്.
ആ അയാൾ എന്നെ തോണ്ടുന്നു !!
അറപ്പോടെ ഞാൻ പുറകോട്ടു മാറിയപ്പോൾ അയാൾ എന്റെ സാരിക്കിടയിലൂടെ കാണുന്ന വയറിലേക്ക് കൈ നീട്ടി എന്തോ പുലമ്പി കൊണ്ടു വന്നു... ഞാൻ ഉച്ചത്തിൽ പ്രതികരിച്ചു. അയാളെ ഓടിക്കാൻ നോക്കി.
ആദ്യം അയാളെ ഓടി വന്നു കൈ വെച്ചത് ജിത്തു ആണ്.. പിന്നെ ഓരോരുത്തരായി അയാൾക്ക്‌ നേരെ തിരിഞ്ഞു.
അതിനിടയിലാണ് തൊട്ടടുത്തു നിന്ന വനജ ടീച്ചർ എന്നോടൊരു സംശയം പ്രകടിപ്പിച്ചത്.
കേട്ടത് ഒരു ശതമാനം പോലും വിശ്വസിക്കാനാകാതെ ഞാൻ തരിച്ചു നിന്നപ്പോഴേക്കും വനജ ടീച്ചർ എന്നെ സമാധാനിപ്പിക്കാൻ കൈയേറ്റക്കാരുടെ ഇടയിൽ നിന്നും വന്ന ജിത്തുവിന്റെ കൈയിൽ നിന്നും അവന്റെ ഫോൺ തട്ടിയെടുത്തിരുന്നു...
അവനെ കൊണ്ടു നിർബന്ധപൂർവം പാസ്സ്‌വേർഡും വാങ്ങി അവന്റെ ഫോൺ ഓപ്പൺ ആക്കി നോക്കുമ്പോൾ ഫോണിൽ വിഡിയോയിൽ എന്റെ വയറിന്റെ ഭാഗങ്ങൾ പ്ലേ ആകുന്നു...
മനഃസാന്നിധ്യം വീണ്ടെടുത്ത ഞാൻ തിരിച്ചറിയുകയായിരുന്നു.. ഞാൻ അറപ്പോടെ ആട്ടിയകറ്റിയ ആ പാവം മനുഷ്യൻ ശ്രമിച്ചത് ഞാൻ കൂടപ്പിറപ്പെന്ന് തെറ്റിദ്ധരിച്ചു സ്നേഹിച്ചു കൊണ്ടു നടന്നവന്റെ ചതിയും, തനി സ്വഭാവവും എനിക്ക് മനസ്സിലാക്കി തരാൻ ആണെന്ന്...
ജിത്തു എന്ന ആട്ടിൻ തോലണിഞ്ഞ ചെന്നായയുടെ ചെകിട്ടത്തൊരു അടിയും കൊടുത്തു അവന്റെ ഫോണും കൈയിൽ പിടിച്ചു ഓടിയത് അയാളെ തല്ലിൽ നിന്നും രക്ഷിക്കാനായിരുന്നു.
എല്ലാം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോഴേക്കും ജിത്തു സ്ഥലം കാലിയാക്കിയിരുന്നു. പക്ഷെ അവനെയങ്ങനെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല... കംപ്ലയിന്റ് കൊടുക്കാൻ തെളിവിനായി തന്നെയാണ് അവന്റെ ഫോൺ കൈയിൽ പിടിച്ചത്... വിശ്വാസവഞ്ചന പൊറുക്കാൻ മാത്രം വിശാലഹൃദയം ഒന്നും എനിക്കില്ല..
അങ്ങനെ പലരും പലതും പൊറുക്കുന്നതു കൊണ്ടും, ക്ഷമിക്കുന്നതു കൊണ്ടുമൊക്കെ ആണല്ലോ തെറ്റുകൾ പലതും ആവർത്തിക്കപ്പെടുന്നത്.. ശിക്ഷിക്കപ്പെടും എന്ന പേടി ഉണ്ടായാലേ തെറ്റ് ചെയ്യാതിരിക്കാൻ ചിലർക്കെങ്കിലും ഒരു ഭയം വരൂ.
മാത്രമല്ല ഇതുപോലെ സൗഹ്രദവും, സഹോദര്യവുമൊക്കെ അഭിനയിച്ചു തെറ്റ് ചെയ്യുന്നവർ ഉള്ളത് കൊണ്ടാണ് പലരും സ്ത്രീ പുരുഷ സുഹൃത്ത്‌ ബന്ധങ്ങളെ പോലും തെറ്റായി കാണാൻ നിർബന്ധിധർ ആകുന്നതു.. ആരെ വിശ്വസിക്കണം, വിശ്വസിക്കാതിരിക്കണം എന്നുപോലും തിരിച്ചറിയാൻ ബുദ്ധിമുട്ടി പോകുന്നത്. അതുകൊണ്ട് അവനു ശിക്ഷ കിട്ടിയേ മതിയാകു...
എന്തായിരുന്നു അവന്റെ ഓവർ മാന്യതയും ബഹുമാനവും... എന്നോ എവിടെയോ വായിച്ചതുപോലെ അമിതമായ വിനയവും, ബഹുമാനവും, മാന്യതയും എല്ലാം അത്ര നന്നല്ല എന്നതിനൊരു തിരിച്ചറിവ് കൂടെ ആയിരുന്നു എനിക്ക് ഈ സംഭവം...
വർദ്ധിച്ച ഹൃദയ ഭാരത്തോടെ... കുറ്റബോധത്തോടെ ഓർമകളിൽ നിന്നും മടങ്ങി വരുമ്പോഴും അയാൾ അവിടെ ഇരുന്നു കുട നന്നാക്കുന്നുണ്ടായിരുന്നു..
അയാളുടെ അടുക്കൽ ചെന്നു ആ കൈയിൽ പിടിച്ചു ക്ഷമയും, നന്ദിയും പറഞ്ഞപ്പോൾ ആ ക്ഷീണിച്ച മുഖം ഉയർത്തി അയാൾ എന്നെയൊന്നു നോക്കി.. പുകയിലയുടെ കറ പിടിച്ച .... കറയുടെ കറുപ്പ് പടർന്ന പല്ലുകൾ കാണിച്ചു എന്നെ നോക്കി ചിരിച്ചു കൊണ്ടയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..
"കവലപ്പെടാതെ പോയി വാമാ.. ഉന്നെ പാക്കുമ്പോത് എനക്ക് എൻ മൊതൽ പൊണ്ണിനെ താ ജ്ഞാപകം വരൂത്... അവ രണ്ടു വർഷം മുന്നാടി എരന്തിട്ടാ.. അതിനാല് താ ഉന്നെ ഞാൻ ദിനവും ഇപ്പടി പാത്തിട്ടേ ഇരുക്കരുത്. ഏതുക്കും കൊഞ്ചും ജാഗ്രതയോടെ നടന്തിടുമാ.. കാലം കെട്ടത്. "
അയാൾ പറഞ്ഞു തീരുന്നതിനു മുൻപ് ഞാൻ തിരിഞ്ഞു നടന്നു... നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ ഞാൻ ബസിനു കാക്കാതെ ഓട്ടോയിലേക്കു കയറി തളർച്ചയോടെ ഇരുന്നു.
യാത്രയിൽ ഉടനീളം കുറ്റബോധം കൊണ്ടു എന്റെ മനസ്സ് പിടഞ്ഞത് കണ്ണ് നീരായി പുറത്തേക്കൊഴുകി കൊണ്ടിരുന്നു... മനസ്സ് കൊത്തി വലിക്കുന്ന വേദനയെക്കാൾ എന്നെ നോവിച്ചതു കുറ്റബോധമായിരുന്നു..
കൂടെ ചിരിച്ചു കളിച്ചു നടന്ന മുഖം മൂടിയിട്ട പിശാചിനെ മനസ്സിലാക്കാൻ ആകാതെ പോയതിന്റെ കുറ്റബോധം അതിനേക്കാൾ സ്വന്തം മകളെ പോലെ തന്നെ സ്നേഹിച്ചു സംരക്ഷിക്കാൻ ശ്രമിച്ച ഒരു പാവത്തെ അയാളുടെ വേഷത്തിന്റെയും, രൂപത്തിന്റെയും പേരിൽ മനസ്സിലാക്കാനാകാതെ പോയതിന്റെ നീറ്റൽ..
വേഷവും, ഭാവവും, തൊഴിലും മാത്രം അല്ല മാന്യതയുടെ അളവുകോൽ എന്ന വലിയൊരു പാഠം ഞാൻ പഠിക്കുക ആയിരുന്നു... ഒരു ആത്മാർത്ഥതയും ഇല്ലാതെ, കളങ്കം മനസ്സിൽ വെച്ചു അമ്മയെന്നും, ചേച്ചിയെന്നും എല്ലാം വിളിച്ചു മുതലെടുക്കാൻ ശ്രമിക്കുന്നവരേക്കാൾ എത്രയോ ബേധമാണ് പഴനിച്ചാമിയെ പോലുള്ളവർ...
സ്നേഹത്തിനും, മാന്യതക്കുമൊക്കെ മറ്റെന്തൊക്കെയോ അർത്ഥതലങ്ങൾ ഉണ്ടെന്നു തോന്നിപ്പോയി എനിക്ക്... പഴനിച്ചാമിയുടെ മുഷിഞ്ഞ മണമുള്ള സ്നേഹവും അതിലുണ്ടായിരുന്നു... മനസ്സിൽ കൊണ്ട സ്നേഹത്തിന്റെ മണം...
എല്ലാം പറഞ്ഞു സുധിയേട്ടന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നു പൊട്ടിക്കരയുമ്പോൾ.. എന്നെ ചേർത്തു പിടിച്ചു കൊണ്ടു സുധിയേട്ടൻ പറഞ്ഞു... " കറുത്തത് എല്ലാം ചീത്തയും, വെളുത്തത് എല്ലാം നല്ലതെന്നും ഒരു അടിസ്ഥാനവും ഇല്ലാതെ പറഞ്ഞു ശീലിച്ച നാം എത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായാലും ഈ മനോഭാവമൊക്കെയേ കാണിക്കു... ഇതു നിന്റെ മാത്രം പ്രശ്നമല്ല സീന... സമൂഹത്തിന്റെ തന്നെ മനോഭാവത്തിന്റ പ്രശ്നമാണ്...നമ്മളെ പറഞ്ഞു പഠിപ്പിച്ചു വളർത്തുന്നത് അങ്ങനെയാണ്.. നമ്മൾ അതു അടുത്ത തലമുറയിലേക്കു പകരുന്നു.. "
വേഷവും, ഭാവവും, രൂപവും ഒന്നും നോക്കാതെ മനുഷ്യത്വത്തെ... അവനിലെ നന്മയെ.. സ്നേഹത്തെ തിരിച്ചറിയാൻ ശ്രമിക്കുന്നിടത്താണ് വിജയം..
എന്നു വെച്ചു നന്നായി നടക്കുന്നവരെല്ലാം ജിത്തുമാരും, മുഷിഞ്ഞവരെല്ലാം പഴനിച്ചാമിമാരും ആണെന്നല്ല... നല്ലതും ചീത്തയും തിരിച്ചറിയാൻ വേർതിരിച്ചു എടുക്കാൻ സാധിക്കണം..
ഒറ്റനോട്ടത്തിൽ ആരെയും വിലയിരുത്തരുത് എന്നു... പിന്നെ ആ മിസ്റ്റർ മാന്യനുള്ള പണി നമുക്ക് കൊടുക്കാം.. അതിനി മനസ്സിലിട്ടു നീ വിഷമിക്കണ്ട.. അവനവന്റെ തനിഗുണം കാണിച്ചു എന്നു കരുതിയാൽ മതി.
പുരിഞ്ചിതാ പൊണ്ടാട്ടി എന്നു എന്നെ ചേർത്തു പിടിച്ചു കൊണ്ടു സുധിയേട്ടൻ ചോദിക്കുമ്പോൾ മനസ്സിൽ നിന്നു എന്തൊക്കെയോ മിഥ്യാ ബോധങ്ങൾ പൊഴിഞ്ഞു പോകുകയായിരുന്നു. പരിചിതമായ പലയിടങ്ങളിലും എന്റെ മനസ്സ് പഴനിച്ചാമിയെ തേടുകയായിരുന്നു...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot