നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രോമാഞ്ചം...!

Image may contain: 1 person, beard and closeup

രാധേച്ചിയുടെ വീട്ടിൽ നിന്നും മാലിനി ഒഴിഞ്ഞപാത്രവുമായി എന്റെ മുന്നിലൂടെ നടന്നടുക്കുമ്പോൾ അവളുടെ കൈകളിലെ പാത്രം മാക്സിയുടെ പുറകിലേക്ക് മറച്ചുപിടിക്കുവാനായി അവൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
ഞാൻ;ബൈക്ക് ഓഫാക്കി.മുറ്റത്ത് നിന്നുകൊണ്ട് അല്പം ഉച്ചത്തിൽ കയർത്തു.
"മാലിനി...നിന്നോട് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട് ഞാൻ;വാങ്ങികൊണ്ടുവരുന്ന സാധനങ്ങൾ നിനക്കും മക്കൾക്കും കഴിക്കാനുള്ളതാണെന്ന്.അല്ലാതെ അയൽപക്കത്തെ കുടുബങ്ങൾക്ക് ദാനം ചെയ്യുവാനുള്ളതല്ലെന്ന്."
ആ നിമിഷത്തിൽ എനിക്ക് അയൽപക്കത്തെ വീടിന്റെ അടുക്കളയിലുള്ള ജനലിലൂടെ രണ്ടുകണ്ണുകൾ അവ്യക്തമായി തെളിഞ്ഞുകാണാമായിരുന്നു
അല്പംകൂടി ഉച്ചത്തോടുകൂടി ഞാൻ തുടർന്നു...
"എന്റെ മാതാവേ...രണ്ടുകുടുംബം നോക്കേണ്ട ഗതിയായല്ലോ?!ഇവിടെയുള്ള മൂശേട്ടയോട് എത്ര തവണപറഞ്ഞാലും അവൾക്ക് നാട്ടുകാർക്ക് ദാനം ചെയ്താലേ തൃപ്തിയാവൂ.എന്നാൽ പിന്നെ വാങ്ങിവെയ്ക്കുന്ന ഇവറ്റകൾക്കില്ലേ ഇച്ചിരി ഉളുപ്പ്...!വേണ്ടായെന്ന് പറഞ്ഞാലെന്താ?ഹയ്യട അതു ശരിയാവില്ലല്ലൊ ഓസിന് നക്കി പഠിച്ചു അതെന്നെ....എന്റെയൊരു വിധിയെ....!"
അയല്പക്കത്തെ ജനലിലൂടെ എന്നെ വീക്ഷിച്ചിരുന്ന കണ്ണുകൾ പെടുന്നനെ അപ്രത്യക്ഷമായി.
മാലിനി അല്പം വ്യസനത്തോടെ എന്റെ അടുത്തേക്ക് വന്നുപറഞ്ഞു...
"ഏട്ടോ...അതേ...അവരൊരു അസുഖമുളള സ്ത്രീയല്ലേ?നമ്മളെല്ലാതെ പിന്നെ അവരെ ആര് സഹായിക്കാനാണ്...?ഒന്നുമില്ലെങ്കിലും നമ്മുടെ മകന്റെ പ്രായമുള്ളൊരു കുഞ്ഞില്ലേ അവർക്ക്.അവനെങ്കിലും വിശക്കുമ്പോൾ എന്തെങ്കിലും നല്കേണ്ട...!അല്ല ചേട്ടായി നിങ്ങൾ ഇന്നലെകൂടി ഫ്ബിയിൽ സ്റ്റാറ്റസ് ഇട്ടതുകണ്ടൂലോ 'വിശപ്പാണ് ലോകത്തിന്റെ ശത്രു'എന്നുപറഞ്ഞ് ഏതോ തെരുവിലിരിക്കുന്ന പാവം ഭിക്ഷാക്കാരന് നിങ്ങൾ ചോറ് വാരി ഉരുളകളാക്കി വായിൽ വച്ചു നല്കുന്നൊരു വീഡിയോ പോലെ എന്തോ ഒന്ന്?"
"ഹ.ഹ..ഹ....ഹാ... അയ്യടീ...അതൊക്കെ കണ്ടിട്ടാണോ നീ..ഞാൻ വാങ്ങികൊണ്ടുവരുന്ന സാധങ്ങൾ നാട്ടുകാർക്ക് വാരികൊടുക്കുന്നത്.
അതെല്ലാം ഒരു ഗിമ്മിക്ക്സാണ് മോളെ...!രാവിലെ കോളേജിലേക്കുവരുന്ന പിള്ളേര് അവരുടെ വീടുകളിൽ നിന്നും ചോറ് പൊതിഞ്ഞുകൊണ്ടുവന്ന് രാവിലെ ഓഫീസിന് മുൻപിലെ അന്നദാനപ്പെട്ടിയിൽ കൊണ്ടുവന്ന് വയ്ക്കും.അതെടുക്കാനായി ഉച്ചയാവുമ്പോൾ ഏതെങ്കിലും ഭിക്ഷക്കാർ വരാറുണ്ട്.അതിലൊരു സാമാന്യം വൃത്തിയുള്ള കിളവന്റെ വായിൽ ഒരു ഉരുള ചോറ് ഞാൻ തള്ളും.എന്നിട്ട് എന്റെ ഓഫീസിലെ ജൂനിയർ പയ്യനോട് ഫ്.ബിയിൽ ലൈവ് പോകാൻ പറയും.പുറകെ ഫോണിലെ സ്ക്രീനിൽ ഉത്സവ പറമ്പിൽ നിന്നും ഹൈഡ്രജൻ ബലൂണുകൾ മുകളിലേക്ക് ഉയരുന്നതുപോലെ നിറയെ...
ലൈക്കും,കമന്റും,സ്‌മെലികളും വന്നുനിറയും.അതുകാണുമ്പോഴുള്ള സുഖമുണ്ടല്ലോ...ഹോ...!
എന്റെ മാലൂ....നീ...എന്റെ കൈകളിലേക്കൊന്നു നോക്കിയേടീ...
ലൈക്കിന്റെ കാര്യം പറഞ്ഞപ്പോൾ രോഞ്ചാമം വന്നു രോഞ്ചാമം...!"
അവൾ വീടിന്റെ പൂമുഖത്തേക്കു കയറിനിന്ന് വലതുഭാഗത്തേക്ക് ചുണ്ടുകോട്ടി ഈർഷ്യത്തോടെ പറഞ്ഞു.
" അതേയ് ഏട്ടോ......രോഞ്ചാമം അല്ലാട്ടോ...
'രോ...'മാ....'ഞ്ചം'....രോമാഞ്ചം...എന്നാണ്
പറയുക."
ബൈക്ക് സെൻട്രൽ സ്റ്റാൻഡിൽ വച്ച് പെട്രോൾ ഓഫ് ചെയ്ത് തിരിഞ്ഞതും രാധേച്ചി മുൻപിൽ നിൽക്കുന്നു.പെട്ടെന്ന് അവരെ കണ്ടതിനാലാവും അല്പം ജ്യാളതനിറഞ്ഞ ചിരിയോടെ ഞാൻ;പൂമുഖത്തേക്ക് കയറാൻ ഭാവിച്ചിരുന്നു.അവർ ഒരുകൈ നീട്ടി എന്നെ തടഞ്ഞു.
"സർ,പറഞ്ഞതെല്ലാം ഞാൻ കേട്ടിരുന്നു..
ഗതികേട് കൊണ്ടാണ്....മാലിനി അല്പം അരികൊണ്ടുവന്നു നൽകിയപ്പോൾ ഞാൻ;വാങ്ങിയത്.അതിപ്പോ ഇത്രവലിയ പ്രശ്നം ആവുമെന്ന് കരുതിയില്ല.
എന്തായാലും അവൾ നൽകിയ അരി ഇപ്പോൾ കലത്തിൽ കിടന്നു
തിളയ്ക്കുന്നുമുണ്ട്.മോൻ സ്കൂൾ വിട്ടുവന്നപ്പോൾ ഞാൻ അരികഴുകുന്നത് കണ്ടിട്ടാണ് അവൻ കളിക്കാൻ പോയിരിക്കുന്നത്.ഇനിയവൻ കളികഴിഞ്ഞ് വരുമ്പോൾ ഒരുപാട് പ്രതീക്ഷിക്കും.
ഇത്തവണത്തേക്ക് വിട്ടേര് സാറേ...ഇനി ആവർത്തിക്കില്ല.നാളെ രാവിലെ ഞാൻ കടം വാങ്ങിയാണെങ്കിലും അരി ഇവിടെ തിരികെയേൽപ്പിക്കാം."
എന്നുപറഞ്ഞവർ നടന്നുപോയി.
ഇത്തരത്തിലുള്ള പ്രതികരണം ഏൽക്കുന്നതിനേക്കാൾ ഭേദം എനിക്ക്;അവർ കരണം നോക്കിയൊരു അടി തരികയാണ് നല്ലതെന്ന് ആ നിമിഷത്തിൽ തോന്നിയിരുന്നു...!
ബാഗ് മുറിയിൽ വച്ച് കൈയും,മുഖവും കഴുകി അടുക്കളയിലേക്ക് ചെന്നപ്പോൾ മാലിനി കറിവയ്ക്കാൻ പച്ചക്കറി അരിയുകയായിരുന്നു .അവളുടെ മുഖം തലേദിവസം അളവിൽ കൂടുതൽ ഈസ്റ്റ് ചേർത്തുവച്ച ദോശമാവ് പോലെയായിരുന്നു...!മുൻപ് നടന്ന വിഷയത്തിൽ നിന്നു ശ്രദ്ധമാറ്റുവാനായി മനഃപൂർവം ഞാൻ അവളോട് പറഞ്ഞു.
"മാലൂ...ദേ... ഓണമാണ് വരുന്നത് നമ്മുക്ക് നിന്റെ വീട്ടിൽ പോകേണ്ടേ?
മോനും,അച്ഛനും,അമ്മയ്ക്കും ഓണക്കോടി വാങ്ങേണം,പിന്നെ നമ്മുടെ സണ്ണിയുടെ കടയിൽ നിനക്കൊരു സ്‌പെഷ്യൽ മൾട്ടികളർ ചുരിദാർ ഒരെണ്ണം കണ്ടുവെച്ചിട്ടുണ്ട്.അതും വാങ്ങണം.
ഹ...ഹ...എന്താ?'പിന്നേ വീടൊന്നു പെയിന്റിങ്ങ് ചെയ്യണം. ഇത്തവണ രൂക്ഷഗന്ധം വമിക്കാത്ത പെയിന്റ് വാങ്ങിയടിക്കണം.നീ പറയാറില്ലേ... പൈന്റിന്റെ ഗന്ധം ശ്വസിച്ചാൽ നിനക്ക് ഓക്കാനം വരുമെന്ന്...!ഇനിപ്പോ ഇച്ചിരി പൈസ അധികം ചിലവായേലും വേണ്ടില്ല അതുവാങ്ങി പൂശണം.ആ...പുകക്കുഴൽ നിൽക്കുന്ന ഭാഗത്താണ് ഏറ്റവും കൂടുതൽ നിറം മങ്ങി കറുത്ത നിറമായിരിക്കുന്നത്...!"
അപ്പോഴും മാലിനിയുടെ മുഖഭാവം ശിലപോലെ ഉറച്ചതായിരുന്നു. ഞാനവളുടെ അരികിൽ ചെന്നു.പാത്രത്തിൽ നിന്നൊരു ക്യാരറ്റ് എടുത്തു.അവൾ കത്തികൊണ്ട് എന്റെ കൈ തട്ടിമാറ്റി.
"യ്യോ....ശോ...എന്നാ നീ.. കാണിച്ചേ മാലിനി...ദേ..ചോര വരുന്നു.ഇച്ചിരി ആഴത്തിൽ മുറിഞ്ഞിരുന്നെങ്കിലോ?ഉണങ്ങാൻ അഞ്ചാറ് തുന്നലിടേണ്ടി വരുമായിരുന്നു...!"
അവൾ ഷെൽഫിൽ നിന്നും മഞ്ഞൾപൊടിയുടെ പാത്രമെടുത്ത് അല്പം മഞ്ഞപൊടിയെടുത്തു എന്റെ കൈയിലെ മുറിവിലേക്ക് വിതറി,ഒരുകഷ്ണം തുണിയെടുത്ത് കെട്ടി.ഒരു ക്യാരറ്റിന്റെ വലിപ്പം കൂടിയ ഭാഗമെടുത്ത് വായിൽവച്ചു തന്നിട്ട് പറഞ്ഞു.
"അതേയ്....ഏട്ടോ....
ഈ കൈയ്യോ,കാലോ മുറിഞ്ഞാൽ മരുന്ന് പുരട്ടിയാലോ,തുന്നലിട്ടലോ രണ്ടുദിവസത്തിനുള്ളിൽ ഉണങ്ങും പക്ഷെ...!മനുഷ്യന്റെ മനസിന് മുറിവേറ്റാൽ ചിലപ്പോൾ ഉണങ്ങാൻ ഒരു മരുന്നും കിട്ടില്ല്യാ...ചില മുറിവുകൾ പഴുത്ത് വ്രണമായാൽ പിന്നെ പറയുകയും വേണ്ടാ.നാറ്റവും,ചിലപ്പോൾ അതിൽ പുഴുക്കളും വരാം...!അത്തരത്തിലുള്ള പ്രയോഗങ്ങളാണ് ചേട്ടൻ ഇന്ന് വീടിന് വെളിയില്നിന്ന് രാധേച്ചി കേൾക്കെ വിളമ്പിയത്.ചേട്ടൻ എന്താ പറഞ്ഞത് ഓസിന് വാങ്ങി നക്കുന്നവരെന്നോ...!ഞാനാണ് നിർബന്ധിച്ച് രാധേച്ചിക്ക് അരി നൽകിയത്.അവരൊരു നൂറുവട്ടം പറഞ്ഞുകാണും 'മോളെ...അരി വേണ്ടാ ഇവിടെയുണ്ടെന്ന്.'അവരുടെ മകനുള്ള ഭക്ഷണം അവൻ ഇവിടെ വരുമ്പോൾ ഞാൻ;നൽകാറുമുണ്ട്.അവർ ജോലിയ്ക്ക് നിന്നിരുന്ന വീട്ടിലെ കാരണവർ രണ്ടുമാസം മുൻപ് മരിച്ചുപോയി,അയാളുടെ ഭാര്യയെ മക്കൾ വന്ന് കൂട്ടികൊണ്ടുപോയതിനാൽ അവരുടെ ആകെയുണ്ടായിരുന്ന വരുമാനം കൂടി നിലച്ചു.
ചേട്ടൻ നേരത്തെ പറഞ്ഞില്ലേ... നമ്മുടെ വീട്ടിലെ പുകക്കുഴലിൽ നിന്നുള്ള പുകയേറ്റ് വീട് കരിപിടിച്ചെന്ന്.ചേട്ടൻ ഈ ജനലിലൂടെ അവരുടെ വീട്ടിലേക്ക് നോക്കിക്കേ...
അവരുടെ വീടിന്റെ അടുക്കളുടെ ഭാഗത്ത് ഉയർന്ന് കാണുന്ന പുകക്കുഴലിന് താഴെ വല്ല കരിയുണ്ടോന്ന്?"
ഞാൻ ജനലിലൂടെ വെളിയിലേക്ക് നോക്കി...തലയാട്ടികൊണ്ട് പറഞ്ഞു.
"മ്ച്ചും..കരിയില്ല്യാ...പക്ഷെ...
പുകയുണ്ടല്ലൊ?!"
അവൾ ഒരു നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.
"കരി കാണില്ല...!
രണ്ട് ദിവസത്തിന് ശേഷം ഇന്നായിരുന്നു ആ...പുകക്കുഴലിന് ജീവൻ വച്ചിരിക്കുന്നത് അതും എത്രനേരത്തേക്ക്...!
അങ്ങിനെയുള്ളവരുടെ വീട്ടിലെ ചുമരിന് എങ്ങിനെ കരിപിടിക്കാനാണ്?നമ്മുക്ക് ചുറ്റുമുണ്ട് ഇത്തരത്തിലുള്ള പാതിമരിച്ച പുകക്കുഴലുകൾ.നമ്മൾ കണ്ടിട്ടും കാണാതെപോകുന്ന പുകക്കുഴലുകൾ...!ചിലർ ഇങ്ങിനെയാണ് ഏട്ടാ...അഭിമാനം മൂലം ഒന്നും ചോദിച്ച് വാങ്ങില്ല.നാം അറിഞ്ഞുതന്നെ ചെയ്യണം.എന്നാലേ ഞായറാഴ്ച തോറും ദൈവത്തിന്റെ മുൻപിൽ ചെല്ലുമ്പോൾ നമുക്ക് നെഞ്ചുവിരിച്ച്,ശിരസ്സുയർത്തി മുട്ടുകുത്തി നിൽക്കാൻ കഴിയൂ...
ഇപ്പോൾ ചേട്ടൻ;എന്റെ കൈകളിലേക്ക് ഒന്നു നോക്കിയേ രാധേച്ചിയുടെ വീട്ടിലെ പുകകുഴലിൽ നിന്നും പുക ഉയരുന്നതുകണ്ടതുകൊണ്ട് വന്നതാ..... ഈ....രോമാഞ്ചം...!"
അവളുടെ വാക്കുകൾ കേട്ടിരുന്ന ഞാൻ; ഉള്ളിലെ ഉലച്ചിൽ പുറത്തുകാണിക്കാതെ പറഞ്ഞു...
"മാലൂ നാളെ ഞാൻ ഓഫീസിൽ പോകുമ്പോൾ രണ്ട് പൊതിച്ചോറ് കൂടി വേണം ട്ടോ...ഇനി കുറച്ച് ജീവനുള്ള ഹൈഡ്രജൻ ബലൂണുകൾ ഫ്.ബി.യിൽ വിരിയിക്കണം...!പിന്നെ എന്റെ ഓഫീസിലേക്ക് ഒരു സ്വീപ്പറേ വേണമെന്ന് പറഞ്ഞിരുന്നു.നീ...നാളെ രാവിലെ രാധേച്ചിയോട് ചോദിച്ചുനോക്കണം ജോലിക്ക് പോകാൻ താല്പര്യമുണ്ടോന്ന്?
രണ്ടുമാസത്തിന് ശേഷം ഒരു സായാഹ്നത്തിൽ മാലിനി ചായയുടെ കൂടെ ഒരു പിഞ്ഞാണത്തിൽ നിറയെ അരിയുണ്ട കൊണ്ടുവന്നു തന്നിട്ട് പറഞ്ഞു.
"ഏട്ടോ...ഇത് എങ്ങിനെയുണ്ടെന്ന് നോക്കിക്കേ?എന്റെയൊരു പുതിയ പരീക്ഷണമാണ്...!
ഞാൻ അതിലൊന്നെടുത്ത് വായിൽവച്ചു.
"ഹോ....എന്റെ മാലൂ....ഇതെവിടെന്ന് കിട്ടി പെണ്ണേ....ഈ റെസപ്പി...ഉഗ്രനായി.!
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
"എന്നാലേ....ഈ അരിയുണ്ട രാധേച്ചിയുടെ വീട്ടിൽ നിന്നും തന്നതാണെങ്കിലോ...?"
ഞാൻ രാധേച്ചിയുടെ വീട്ടിലേക്ക് നോക്കി..!.
തിളങ്ങുന്ന രണ്ടുകണ്ണുകൾ അടുക്കളയിൽ തെളിഞ്ഞുവന്നു..തത്സമയം രാധേച്ചിയുടെ വീട്ടിലെ പുകക്കുഴലിന് ജീവനുണ്ടായിരുന്നു...!
"ഹോ....ന്റെ....മാലൂ.... ഇങ്ങോട്ടൊന്ന് നോക്ക്യേടി.എനിക്കും വന്നെടി മോളെ....'രോമാഞ്ചം...!"
അവൾ പതിയെ എന്റെയരികിൽ വന്നുപറഞ്ഞു...
"ഹ്....ഹ...ഹ...ഏട്ടോ...യ് അത് രോമാഞ്ചമല്ല...രോഞ്ചാമം..!.
ഏത്.....ഹ്....ഹ...ഹ....!
അവസാനിച്ചു.
✍️സിജു പവിത്ര മുപ്ലിയം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot