നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അപ്പനെന്ന സ്നേഹക്കടൽ.

...
"ആണായാലും, പെണ്ണായാലും.. നമ്മുടെ കുഞ്ഞല്ലേ അച്ചാമ്മേ.പൊന്നുപോലെ നോക്കത്തില്ലായോ നമ്മള്. നീ അതൊന്നും ഓർത്തു വിഷമിക്കാതെ സമാധാനമായി പോയേച്ചും വാ. അച്ചായനിവടെ തന്നെ കാണും " എന്നു ഇരുപത്തിഏഴ് വർഷങ്ങൾക്കു മുൻപ് പതിനൊന്നു മാസം പ്രായമുള്ള എന്നെ.. ഈ അന്നകൊച്ചിനെയും കയ്യിൽ പിടിച്ചു ലേബർ റൂമിനു മുന്നിൽ നിന്നു..... ഇതും പെണ്ണായാലോ എന്നു വിലപിച്ച അമ്മച്ചിയുടെ നെറുകയിൽ മുത്തമിട്ടു കൊണ്ടു പറഞ്ഞ അപ്പനാണ്.. എന്റെ കുര്യച്ചായനാണ് അന്നും, ഇന്നും ഈ അന്നകൊച്ചിന്റെ ഹീറോ....
പതിനൊന്നു മാസം പ്രായവ്യത്യാസത്തിൽ കൂടപ്പിറപ്പായി വന്ന ടോണിച്ചനും, ഞാനും വളർന്നത് ഇരട്ടകുഞ്ഞുങ്ങളെ പോലെ ആയിരുന്നു... തനി യാഥാസ്ഥിതിക മനോഭാവമുള്ള നസ്രാണി അമ്മച്ചിക്കും... പോസ്റ്റ്‌ മോഡേൺ ആയ അപ്പനും ഇടയിൽ വളരെ ഡീസെന്റും അമ്മച്ചിയുടെ സ്വഭാവ സെർട്ടിഫിക്കറ്റും നേടി ടോണിച്ചൻ വളർന്നപ്പോൾ... ഈ അന്നാമ്മ എന്നും അമ്മച്ചിയുടെ കണ്ണിൽ കരടായിരുന്നു... ഈ കരടിനെ വളവും, വെള്ളവും ഇട്ടു വീണ്ടും അലമ്പാക്കാൻ കുര്യച്ചായനും..
"പെങ്കൊച്ചാണ്.. നാളെ വേറെ വീട്ടിൽ ചെന്നു കയറേണ്ടതാണ്... അച്ചായനിങ്ങനെ ഇവളെ തന്നിഷ്ടക്കാരിയായി വളർത്തിയാൽ നാളെ നമ്മള് കുറ്റം കേക്കേണ്ടി വരും.. " എന്ന അമ്മച്ചിയുടെ മുന്നറിയിപ്പൊന്നും അപ്പനെ കുലുക്കിയില്ല..
ഒരു വേർതിരിവുമില്ലാതെ എന്നെയും, ടോണിച്ചനെയും അപ്പൻ വളർത്തി... ഇനി സ്നേഹക്കൂടുതൽ കാണിച്ചിട്ടുണ്ടെങ്കിൽ തന്നെ അതെന്നോട് തന്നെയാണ്... എന്തോ അപ്പൻ ഒരു നിധിയായി തന്നെയാണ് എന്നെ കൊണ്ടു നടന്നത്.. എന്നു വെച്ചു ലാളിച്ചു വഷളാക്കിയിട്ടൊന്നും ഇല്ല കേട്ടോ... ദേഷ്യം വന്നാൽ തനി ഹിറ്റ്ലർ ആണ്... അപ്പന്റെ തനിപ്പകർപ്പായതു കൊണ്ടു ദേഷ്യത്തിൽ ഞാനും മോശമല്ല... രണ്ടാൾക്കും ദേഷ്യം വരുന്ന ദിവസം വീട്ടിൽ വേൾഡ് വാർ ആണ്... പിന്നെ എന്നാന്ന് വെച്ചാ വഴക്കുണ്ടാക്കിയാ പിന്നെ അതങ്ങു മറക്കും രണ്ടാളും.. അല്ലാതെ അതു മനസ്സില് വെച്ചു വീണ്ടും കുത്തിപ്പൊക്കി അലമ്പുണ്ടാക്കുകേല... അപ്പന്റെ ഏറ്റവും നല്ലൊരു ഗുണമായി തോന്നിയിട്ടുള്ള കാര്യം അതാണ് പക്ഷെ അമ്മച്ചി നേരെ ഓപ്പോസിറ്റും... ഒരു കാര്യം കിട്ടിയാല് മെഗാ സീരിയല് പോലെയാണ്... അതൊരിക്കലും അവസാനിപ്പിക്കത്തില്ല....
സമത്വം എന്ന വാക്ക് ആദ്യമായ് കേട്ടത് അപ്പന്റെ വായിൽ നിന്നാണ്... പെങ്കൊച്ചിനെ ഒതുക്കി വളർത്തണം എന്ന അമ്മച്ചിയുടെ ശാസനയെ കാറ്റിൽ പറത്തിക്കൊണ്ട് ടോണിച്ചനെയും, എന്നെയും അപ്പൻ ഒരുപോലെ വളർത്തി... അന്നാമ്മക്കു ഇല്ലാത്ത ഒരു സ്വാതന്ത്രവും ടോണിച്ചന് കിട്ടിയിരുന്നില്ല ഒപ്പം ടോണിച്ചൻ ചെയ്യുന്ന എല്ലാം അന്നമ്മയും ചെയ്യണം അതു അപ്പന് നിർബന്ധമായിരുന്നു..
പാടത്തും, പറമ്പിലും ക്രിക്കറ്റ്‌ കളിച്ചും, പുഴയുടെ ഓളങ്ങളിൽ മുങ്ങാൻ കുഴിയിട്ടും കളിച്ചും, ചിരിച്ചും, തല്ലുണ്ടാക്കിയും ബാല്യം ആഘോഷിച്ചു തിമിർക്കുന്നതിനോടൊപ്പം ഉത്തരവാദിത്തമുള്ളവരായി മക്കളെ വളർത്താനും അപ്പൻ മറന്നില്ല... ചെറു പ്രായത്തിലെ റബ്ബറു വെട്ടാനും, പറമ്പ് നനക്കാനും, അടക്കയും തേങ്ങയും വാരാനും, അതിനൊക്കെ വളം ഇടാനും, കുരുമുളക് പറിക്കാനും എല്ലാം അപ്പൻ ഞങ്ങളെ ശീലിപ്പിച്ചിരുന്നു...
എന്തിനു അധികം വാഴക്കിടാൻ ചാണകം ഇറക്കി... അതു ഞങ്ങളെ കൊണ്ടു കുട്ടയിൽ വാഴച്ചുവട് വരെ ചുമപ്പിക്കുമായിരുന്നു അപ്പൻ.. കാര്യം അപ്പന്റെ സമത്വപരിപാടികളോട് ബഹുമാനം ഒക്കെ ആയിരുന്നെങ്കിലും പണിയെടുക്കുന്ന കാര്യത്തിൽ ഈ സമത്വം അന്നമ്മക്കു അത്ര ഇഷ്ടമല്ലായിരുന്നു കേട്ടോ...
വീട്ടിൽ അന്ന് അപ്പന് ലോറിയൊക്കെ ഉണ്ടായിരുന്നു കേട്ടോ .. ലോഡുമായി പോകുമ്പോൾ പറ്റുന്ന അവസരങ്ങളിലെല്ലാം അപ്പൻ ഞങ്ങളെ കൂടെ കൂട്ടുമായിരുന്നു.. പുഴയിൽ മണൽ വാരാനും, ക്വറികളിൽ കല്ലെടുക്കാനും തുടങ്ങി അപ്പനൊപ്പം ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്... മാർക്കറ്റുകളിൽ പച്ചക്കറി മേടിക്കാനും , മൽസ്യമാംസാദികൾ വാങ്ങാനും തുടങ്ങി കറന്റ് ബില്ലടക്കലും, വണ്ടി ഓടിക്കലും... അപ്പൻ പറഞ്ഞതും പഠിപ്പിച്ചതും ജീവിതം തന്നെയായിരുന്നു... പിന്നീടൊരു കുടുംബിനി ആയപ്പോഴാണ് അപ്പന്റെ കരുതലിന്റെ ആഴവും, പ്രയോജനവും ബോധ്യപ്പെടുന്നത്.
ഒപ്പം എന്തോ കരുതൽ പോലെ അപ്പൻ പഠിപ്പിച്ച ഒന്നാണ് കളരി..
പെങ്കൊച്ചിനെ വല്ല ഡാൻസും പഠിപ്പിക്കാൻ ഉള്ളതിന് എന്നു അമ്മച്ചി പിറുപിറുത്തപ്പോൾ.. ആണായാലും, പെണ്ണായാലും സുരക്ഷക്കൊരു വിദ്യ കൈവശം ഉള്ളത് നല്ലതല്ലേ അച്ചാമ്മേ.. എന്നു ചോദിച്ചു അപ്പൻ അമ്മച്ചിയുടെ വായടപ്പിച്ചു. പക്ഷെ വർഷങ്ങൾക്കു മുൻപേയുള്ള അപ്പന്റെയാ കരുതൽ എനിക്കിന്ന് ആലോചിക്കുമ്പോൾ അത്ഭുതം തന്നെയാണ്..
ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ, പതിനാലാം വയസ്സിൽ വല്യകുട്ടി പട്ടം ചാർത്തി കൊണ്ടു ആദ്യ ആർത്തവം എത്തിയ ദിവസം അമ്മച്ചി തൈറോയ്ഡ് ഓപ്പറേഷൻ കഴിഞ്ഞു ആശുപത്രിയിൽ ആയിരുന്നു.. ഞങ്ങൾ അപ്പനും മക്കളും തറവാട്ടിലും .. ഇതേപ്പറ്റി സൂചനകളൊക്ക അമ്മച്ചി തന്നിരുന്നെങ്കിലും പെട്ടന്ന് പേടിച്ചരണ്ട് പോയ ഞാൻ അവിടുള്ള സ്ത്രീജനങ്ങളോടൊന്നും പറയാതെ കാര്യം ആദ്യം പറഞ്ഞതും, അഭയം തേടിയതും അപ്പനിലായിരുന്നു....
അപ്പന്റെ അന്നക്കൊച്ചു മിടുക്കി കുട്ടി ആയല്ലോ.. അമ്മച്ചി വന്നിട്ട് നമുക്കൊന്ന് ആഘോഷിക്കണം എന്നു എന്നെ ചേർത്തു പിടിച്ചാ മലയോര കർഷകൻ പറഞ്ഞോപ്പോൾ ആകുലതകളെല്ലാം എന്നെ വിട്ടുപോയി...... ഇതു പേടിക്കേണ്ടതല്ല സന്തോഷിക്കേണ്ട കാര്യമാണെന്ന് എനിക്ക് ബോധ്യപ്പെടാൻ അപ്പന്റെയാ വാക്കും, ചേർത്തു പിടിക്കലും ധാരാളമായിരുന്നു...
അന്നമ്മക്കു എന്നാപ്പറ്റി അപ്പാ എന്ന് ചോദിച്ച ടോണിച്ചനോട് അപ്പൻ കൂൾ ആയി കാര്യം പറഞ്ഞു... അങ്ങനെ അപ്പൻ അവതരിപ്പിച്ചത് കൊണ്ട് തന്നെ അവനും അതൊരു ഒളിക്കേണ്ട, മറക്കേണ്ട ഒന്നായി എടുത്തില്ല...
പലതും മനഃപൂർവം തുറന്നെഴുതുകയാണ് കാരണം ചുറ്റുപാടും നടക്കുന്ന പലതും കണ്ടു പേടിച്ചു വ്യാകുലതപ്പെട്ടൊരമ്മ, ഒന്ന് ലാളിക്കാനോ ചേർത്തു നിർത്താനോ സമ്മതിക്കാതെ അച്ഛനിൽ നിന്നും മകളെ മാറ്റി നിർത്തുന്ന... പിന്നീടാ മകൾക്കും അച്ഛൻ അന്യനായി പോകുന്നൊരു കഥ വായിച്ചത് ഇന്നലെയാണ്... അമ്മയെ പൂർണ്ണമായി തെറ്റ് പറയാൻ സാധിക്കുന്നില്ല പക്ഷെ കഥയാണെന്ന് അറിയാമെങ്കിൽ പോലും ആ അച്ഛന്റെ അവസ്ഥ ഓർത്തുള്ള നെഞ്ചിന്റെ നീറ്റലും, പിടച്ചിലും ഇപ്പോഴും ഉറക്കം കെടുത്തുകയാണെന്റെ..
അമ്മ കുഞ്ഞിനെ ശരീരത്തിൽ പേറുമ്പോൾ തുടങ്ങി, കുഞ്ഞിനെ നെഞ്ചിലേറ്റുന്നവനാണ് അച്ഛൻ... കുഞ്ഞു ജനിക്കുന്നത് ആദ്യം അച്ഛന്റെ മനസ്സിലാണ് എന്നല്ലേ പറയാറ്... അപ്പോൾ അന്യനായി മാറ്റി നിർത്തിപ്പെടേണ്ടി വരുന്നൊരു നിരപരാധിയുടെ നെഞ്ചിന്റെ പൊള്ളൽ ആലോചിക്കാൻ പോലും സാധിക്കുന്നില്ല... കരുതലും, സുരക്ഷയും എല്ലാം വേണ്ടതാണ്... പക്ഷെ അതു പറഞ്ഞു, ചില കഴുകന്മാർ ചെയ്യുന്ന ക്രൂരതയും മനസ്സിൽ വെച്ചു... അച്ഛൻ കിളിയിൽ നിന്നും കുഞ്ഞു മാലാഖകളെ അകറ്റി കളഞ്ഞേക്കല്ലേ...
ഇനി എന്റെ കുര്യച്ചായനെ പറ്റി തള്ളാം അല്ലേ...
പെങ്കൊച്ചിനെ കാശു മുടക്കി പഠിപ്പിച്ചിട്ടെന്നാ കുര്യച്ചായാ കാര്യം.. വല്ലവനും കൊണ്ടു തിന്നത്തില്ലയോ എന്നു ചോദിച്ച നാട്ടുകാർക്കും, വീട്ടുകാർക്കും മുന്നിൽ അപ്പൻ കൂസലില്ലാതെ നിന്നു... ലാഭം വെച്ചു ചെയ്യാൻ ഇതെന്നാടാ ഉവ്വേ വല്ല കച്ചോടവും ആണോ... പഠിച്ചു അറിവ് നേടി ജീവിക്കട്ടെ എന്നു പറഞ്ഞു ഇഷ്ടത്തിന് പഠിപ്പിച്ചു... ജോലി നേടി ആദ്യശമ്പളം ആ കയ്യിൽ വെച്ചു കൊടുത്തപ്പോൾ അതിൽ നിന്നു നൂറ് രൂപ മാത്രം എടുത്തു ബാക്കി കൊച്ചു തന്നെ വെച്ചോ... അപ്പനിതു മതി എന്നു പറഞ്ഞ അപ്പന്റെ സന്തോഷം കൊണ്ടു വിടർന്ന മുഖവും, കലങ്ങിയ കണ്ണുകളും ഇന്നും മനസ്സിലങ്ങനെ നിറഞ്ഞു നിൽപ്പുണ്ട്... പഠിപ്പിക്കാൻ വിട്ടപ്പോൾ കളിയാക്കി ചിരിച്ച പലരെ കൊണ്ടും കുര്യച്ചനായിരുന്നു ശെരി എന്നു പറയിപ്പിക്കാൻ അതിനു കാരണക്കാരാകാൻ അപ്പന്റെ മക്കൾക്ക് സാധിച്ചിട്ടുണ്ട്...
എല്ലാ കാര്യങ്ങളിലും അഭിപ്രായ സ്വാതന്ത്ര്യം തന്നിരുന്നു എന്നത് അപ്പന്റെയൊരു വല്യ ഗുണമാണ്... എടുക്കുന്ന തീരുമാനങ്ങളുടെ തെറ്റും ശെരിയും ബോധ്യപ്പെടുത്തും എന്നല്ലാതെ ഒരിക്കലും ഒന്നിനും അപ്പൻ നിർബന്ധിച്ചില്ല... വിവാഹകാര്യത്തില്പോലും പലരും എതിർത്തപ്പോൾ കട്ടക്ക് കൂടെ നിന്നത് അപ്പനാണ്... ആ അഭിപ്രായ സ്വാതന്ത്ര്യം ജീവിതത്തിൽ ഓരോ ഘട്ടത്തിലും ഒരുപാടെനിക്ക് സഹായകമായിട്ടുണ്ട്..
വിവാഹത്തലേന്ന് ആണ് ജീവിതത്തിൽ ആദ്യമായി അപ്പനെന്നെ ഉപദർശിച്ചതു... കൊച്ചേ അപ്പനെക്കാളും, അമ്മയെക്കാളും വിവരവും, വിദ്യാഭ്യാസവും കൊച്ചിനുണ്ട് ... ഒന്നും പറഞ്ഞു തരേണ്ട ആവശ്യമില്ല... എന്നാലും അപ്പൻ പറയുവാ...
ഭർത്താവിന്റെ അപ്പനെയും, അമ്മയെയും സ്വന്തം അപ്പനുമമ്മയും ആയി കാണണമെന്നുള്ള ക്ലീഷെയ് ഉപദേശമൊന്നും അപ്പൻ നടത്തുന്നില്ല.. അതൊക്ക അതിശയോക്തി ആകും... പക്ഷെ അപ്പനും, അമ്മക്ക് തരുന്ന അല്ലെങ്കിൽ അതിനേക്കാൾ ബഹുമാനം നീ അവർക്കു കൊടുക്കണം... എന്ത് ചെയ്യുമ്പോഴും നീ ആലോചിക്കണം ടോണിച്ചന്റെ ഭാര്യ ഞങ്ങളോടങ്ങനെ പെരുമാറിയാൽ നിനക്കതു സഹിക്കാൻ പറ്റോ എന്നു...
പിന്നെ ഒരു വീടാകുമ്പോ പൊട്ടലും, ചീറ്റലുമൊക്കെ ഉണ്ടാകും... നിസാര കാര്യങ്ങൾ പർവ്വതീകരിച്ചു ഇവിടെ അറിയിച്ചാൽ, രണ്ടു ചുവരിൽ തീരേണ്ടതു പലരും ചേർന്ന് വഷളാക്കും .. എന്നാൽ പറയേണ്ട ഗൗരവം അർഹിക്കുന്ന കാര്യങ്ങൾ മൂടി വെക്കുകയും അരുത്..
എന്ത് വിഷമം ഉണ്ടായാലും അപ്പനുമമ്മയും ഇവിടെ ഉണ്ട്... കെട്ടിച്ചു വിട്ടെന്ന് കരുതി കൊച്ചു ഞങ്ങക്ക് അന്യയല്ല ... എന്നു വെച്ചു വല്ല വേണ്ടാതീനോം കാണിച്ചു വാശി പിടിച്ചു വന്ന അപ്പന്റെ കൈടെ ചൂട് കൊച്ചറിയും...
കുടുംബജീവിതത്തിൽ ഓരോ ചുവടു വെക്കുമ്പോഴും അപ്പന്റെയാ ഉപദേശമായിരുന്നു എനിക്ക് ബലം...
പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ ഞാൻ നേടിയ വിദ്യാഭ്യാസത്തെക്കാൾ പലപ്പോഴും എനിക്ക് ശക്തിയായി നിന്നിട്ടുള്ളത് അപ്പൻ പഠിപ്പിച്ച പ്രായോഗിക ജീവിത പാഠങ്ങളാണ് .. ഒരിക്കലും ഉയർത്തെഴുന്നേൽക്കില്ല എന്നു തോന്നിയിടത്തു നിന്നു...വീണു പോയിടത്തു നിന്നൊക്കെ ശക്തമായി തിരിച്ചു വന്നത് അപ്പൻ പകർന്ന് തന്ന ജീവിതത്തിന്റെ ബലത്തിലാണ്...
അമ്മച്ചി എനിക്ക് എല്ലാം എല്ലാമാണ് . പക്ഷെ എത്ര സ്നേഹിച്ചാലും അമ്മച്ചിയേക്കാൾ ഒരുപടി മുകളിലാണ് എന്നും അപ്പനോടുള്ള സ്നേഹം..
അമ്മച്ചിക്കും അതു പറയാനും, കേൾക്കാനും ആണിഷ്ടം എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.. അവളപ്പന്റെ മോളാ എന്നു പല സന്ദർഭങ്ങളിലും അമ്മച്ചി പറയാറുള്ളത് മനസ്സിൽ തട്ടി തന്നെയാണ്... ആദ്യമൊക്കെ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അന്നമ്മയിൽ ഏറ്റവും സന്തോഷിക്കുന്നത് അമ്മച്ചിയാണ്... നിന്നോടെനിക്ക് അസൂയയാണ് അന്നാമ്മേ... നിനക്ക് കിട്ടിയ പോലൊരു അപ്പനെ എനിക്ക് കിട്ടിയില്ലല്ലോ എന്നു അമ്മച്ചി ഇടയ്ക്കിടെ കളിയായും അല്പം കാര്യമായും പറയാറുണ്ട്...
അമ്മച്ചി ഇപ്പോഴും ചിരിയോടെ ഓർക്കുന്ന ഒന്നാണ്... എല്ലാ കുഞ്ഞുങ്ങളും അമ്മേ എന്നാദ്യ വാക്കു പറയുമ്പോൾ .....അന്നക്കൊച്ചു ആദ്യം വിളിച്ചത് "അപ്പ "എന്നാണെന്നു..
വളരും തോറും പെൺമക്കൾക്ക് അമ്മയോടായിരിക്കും സ്നേഹക്കൂടുതലെന്നു പലരും പറയാറുണ്ട്... പക്ഷെ എനിക്കന്നും, ഇന്നും, എന്നും അപ്പനാണ് ആദ്യം...
വിവാഹത്തിന് മുൻപ് സേവിച്ചനോട് പറഞ്ഞതും അതാണ്‌... മരിക്കുന്നതു വരെ എന്റെ പേരിന്റെ അറ്റത്തു എന്റെ അപ്പന്റെ പേരെ കാണു എന്നു... അപ്പന്റെ മറ്റൊരു പതിപ്പായ സേവിച്ചൻ പേര് മാറ്റിയാൽ നീ മേടിക്കുവേ എന്ന ലൈൻ ആയിരുന്നു ..
എന്നെ ചിന്തിക്കാൻ പഠിപ്പിച്ചത്... നീ ഒതുങ്ങി കൂടേണ്ടവളല്ല എല്ലാം നിനക്ക് കൂടെ അവകാശപ്പെട്ടതെന്നു ബോധ്യപ്പെടുത്തി തന്നത് ... ലോകം നിന്റേതു കൂടിയാണെന്ന് പഠിപ്പിച്ചു തന്നത് .. ജീവിതം കാണിച്ചു തന്നത്.. ശെരിയും തെറ്റും പറയാതെ അറിയിച്ചത്... പ്രതികരിക്കാനും, വേണ്ടിടത്തു ഉച്ചത്തിൽ സംസാരിക്കാനും പ്രാപ്തയാക്കി വളർത്തിയത് എല്ലാം അപ്പനാണ്...
ആലോചിക്കുമ്പോൾ പത്താം ക്ലാസും, ഗുസ്തിയും പിന്നെ കുറെ അനുഭവ സമ്പത്തും മാത്രം കൈമുതലായുള്ള മലയോരകർഷകൻ എന്റെ കുര്യച്ചായൻ എനിക്കത്ഭുതം തന്നെയാണ്...
അതേ അപ്പനാണെന്റെ ഹീറോ...
അപ്പനെന്ന സ്നേഹക്കടലിനു ഞാനിപ്പോഴും അന്ന കൊച്ചാണ് ... അപ്പന്റെ പൊന്നുമോൾ... ഒരു കുഞ്ഞിന്റെ അമ്മയായ ശേഷവും ഞാൻ വീട്ടിലെത്തിയാൽ വൈകിട്ട് വരുമ്പോൾ അപ്പന്റെ കയ്യിൽ എനിക്കുള്ള പലഹാരപൊതി ഉണ്ടാകും... എനിക്കിഷ്ടമുള്ള വിഭവങ്ങളെല്ലാം അമ്മച്ചിയേക്കാൾ നിശ്ചയം അപ്പനാണ്... അപ്പൻ വാങ്ങി തരുന്ന പൊറോട്ടയും, ചിക്കനും വലിച്ചു വാരി തിന്നുന്ന എന്നെ കാണുമ്പോ സേവിച്ചൻ പലപ്പോഴും പറയാറുണ്ട്... ഇതുകണ്ടാ ഞാൻ നിന്നെ വീട്ടിൽ പട്ടിണിക്കിടുവാ തോന്നുവല്ലോ അന്നമ്മേ എന്നു.. സേവിച്ചൻ എന്തൊക്കെ വാങ്ങി തന്നാലും.. അപ്പൻ വാങ്ങി തരുന്നതിനൊക്കെയൊരു പ്രത്യേകതയാണ് ... അതൊരു കടല മുട്ടായി ആണെങ്കി പോലും... അപ്പന്റെ സ്നേഹത്തിന്റെ സ്വാദ്...
കുറ്റവും, കുറവുമൊക്കെ ഉള്ള ഒരു പച്ച മനുഷ്യൻ തന്നെയാണ് എന്റെ കുര്യച്ചായൻ... അപ്പനൊരു നല്ല മകനാണോ, ഭർത്താവാണോ എന്നൊന്നും എനിക്ക് പൂർണ്ണമായും അറിയില്ല .. പക്ഷെ അന്നക്കൊച്ചിന്റെയും, ടോണിച്ചന്റെയും അപ്പന് മാർക്കു നൂറിൽ നൂറാണ്....
സത്യത്തിൽ എഴുതിയാലും പറഞ്ഞാലും തീരാത്തൊരു ആഴമുള്ള സ്നേഹക്കടൽ .. അതാണെന്റെ കുര്യച്ചായൻ.....
രചന : Aswathy Joy Arakkal

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot