Slider

പുര നിറഞ്ഞൊരു പെൺകുട്ടി

0

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"എന്താ കുട്ടീ കല്യാണം ഒന്നും നോക്കുന്നില്ലേ, നിൻെറ എളേതുങ്ങളും കെട്ടി കുടുംബമായി. പെൺകുട്ടികൾ ഒരു പ്രായം കഴിഞ്ഞു വീട്ടിൽ നിന്നാൽ മോശമാണ്"
കേട്ട് തഴമ്പിച്ച വാക്കുകൾ പിന്നെയും പിന്നെയും കാതുകളിൽ തുളഞ്ഞുകയറി.പ്രായമായ അമ്മൂമ്മ ആയതോണ്ട് ക്ഷമിച്ചു.അല്ലെങ്കിൽ രണ്ടു വാക്ക് പറഞ്ഞേനെ.ഇപ്പോൾ ആ ചോദ്യം കേൾക്കുമ്പോൾ മനസ്സിൽ ഒരു തരം അമർഷമാണ് ചോദിക്കുന്നവരോട്. പതിനെട്ട് കഴിഞ്ഞാൽ പെണ്ണിനെ കെട്ടിച്ചു വിടണമെന്നാണ് ചിലരുടെ വിചാരം.
എല്ലാവരുടേയും സ്വപ്നമാണ് വിവാഹം. പക്ഷേ ഞാൻ അങ്ങനെ ഒരു സ്വപ്നത്തിലേയ്ക്കെത്തിയില്ല.എൻ്റെ സ്വപ്നം വിവാഹത്തിന് മുൻപ് ചെയ്തു തീർക്കേണ്ട കാര്യങ്ങളിലാണ്. അക്ഷരങ്ങൾ പോലും കൂട്ടി വായിക്കാനറിയാത്ത എൻ്റെ സമൂഹത്തിലെ പെൺകുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം, പിന്നെ നല്ലൊരു ജോലി എന്ന ലക്ഷ്യ ബോധം അവരിൽ വളർത്തിയെടുക്കുക .അതിനായി അവരെ ഉയർത്തിക്കൊണ്ടു വരാൻ ദൈവത്തിന്റെ കരങ്ങൾ എന്നിലൂടെയാണ് പ്രവർത്തിക്കുന്നത്. അത് ചിലപ്പോൾ എൻ്റെ നിയോഗമാവാം.
ഒരിക്കൽ അമ്മ എന്നോട് പറഞ്ഞു "നമ്മുടെ ആധാരം പണയപ്പെടുത്തി നിൻെറ കല്യാണം നടത്താം ഉടനെ എന്ന് എല്ലാവരും ചോദിച്ചു തുടങ്ങി എന്താണ് വൈകുന്നതെന്ന്".
അപ്പോൾ ഞാൻ പറഞ്ഞു
"അങ്ങനെ നിങ്ങളെ കടത്തിലേയ്ക്ക് തള്ളിയിട്ട് എനിക്കൊരു ജീവിതം വേണ്ട"
പിന്നെ തമാശ രൂപേണ ഞാൻ ഇത്രയും കൂടി പറഞ്ഞു
"എനിക്ക് ഒരു രാജകുമാരൻ വരും അമ്മേ"
പിന്നെ എൻ്റെ ഭാവനയിൽ ഞാൻ കണ്ടു.
കുതിരക്കുളമ്പടികൾ കേൾക്കുന്ന ആ രാത്രിയിൽ ആരുമറിയാതെ ഞാൻ പോവുന്നത്. നിലാവിനേയും,രാത്രിയേയും സാക്ഷിയാക്കി
മണ്ണും, വിണ്ണും കുളിരണിയുന്ന ഒരു സുദിനത്തിൽ എൻ്റെ കൈകൾ കൈ വെള്ളയിൽ ചേർത്ത് പിടിച്ചവൻ തഴുകും
ഒളിച്ചോട്ടത്തിൻ്റെ മനോഹരമായ വർണ്ണന മനസ്സിൽ അങ്ങനെ തെളിഞ്ഞു നിൽക്കുന്നു.
ഞങ്ങൾക്കായി ആകാശത്ത് ഒരു മുല്ലപ്പന്തൽ. കുരുത്തോലകൾ കൊണ്ട് തോരണങ്ങളും ,സ്വർണ്ണ മത്സ്യങ്ങൾ നീന്തിത്തുടിക്കുന്ന കുളങ്ങൾ, മനോഹരമായി സംഗീതം ആലപിക്കുന്ന കിളികൾ, റോസാപ്പൂ ദളങ്ങൾ വിരിച്ച പരവതാനിയിലൂടെ കൈകൾ കോർത്തു പിടിച്ചു നവമിധുനങ്ങൾ കടന്നു വരുബോൾ
പ്രണയാർദ്രമായ സംഗീതം കാറ്റിൽ അവരെ മൃദുവായി തഴുകി തലോടിക്കൊണ്ടേയിരുന്നു.
മനോഹരമായ് അലങ്കരിച്ച ഇരിപ്പിടത്തിൽ
ഇരിക്കുബോൾ മാലാഖമാർ ആശിർവദിക്കാൻ പൂച്ചെണ്ടുകളുമായി മനക്കണ്ണിൽ അങ്ങനെ കണ്ടരിക്കുബോഴാണ് ബാലേട്ടൻ വന്നത്.
" രാജിമോളേ പെട്ടെന്ന് കല്യാണം നോക്കണം നിൻെറ മുഖം കണ്ടാൽ ഒരുപാട് വയസ്സു തോന്നിക്കുമെന്ന്.
ഇനിയും ഇങ്ങനെ പുര നിറഞ്ഞു നിൽക്കല്ലേ"
എൻ്റെ സ്വപ്നത്തിന് തീ വെച്ചു ബാലേട്ടൻ ചിരിച്ചു.
സുന്ദരനായ രാജകുമാരൻ്റെ അരികിൽ ഒരു വിരൂപിയെ ഉൾക്കണ്ണിൽ ഞാൻ കണ്ടു, പേടിച്ചോടുന്ന രാജകുമാരൻ.
മറുപടി പറയാതെ ഞാൻ അകത്തേ മുറിയിലേയ്ക്ക് ഓടിച്ചെന്നു.അലമാരയുടെ മുൻപിൽ തിരിഞ്ഞും ,ചെരിഞ്ഞും നിന്നു, ഇല്ല വീട് നിറഞ്ഞു നിൽക്കുന്ന വണ്ണമൊന്നും ഇല്ല. എല്ലാവരും ചുള്ളിക്കമ്പ് എന്നല്ലേ വിളിക്കുന്നത്.
കണ്ണാടിയിൽ എൻ്റെ മുഖം നോക്കി ഉറപ്പു വരുത്തി ഇല്ല എനിക്ക് വയസ്സായിട്ടില്ല. ചോദ്യ ശരങ്ങളിൽ പെട്ട് ഞാനുഴലുന്ന നേരത്ത് എൻ്റെ മനസ്സിലെ ഞാൻ എന്നെ ആശ്വസിപ്പിച്ചു.
നിനക്ക് വയസ്സ് ആയിട്ടില്ല.
"നിനക്ക് വയസ്സായില്ല, പക്ഷേ നിൻ്റെ വീടിനു വയസ്സായെന്ന് ചുവരുകളും ,ചിലയിടങ്ങളിൽ ആകാശം കാണുന്ന മേൽക്കൂരയും വിളിച്ചോതി.
അങ്ങനെ ആലോചിച്ചു തല പുകച്ചു നിൽക്കുബോഴാണ് മെസഞ്ചറിൽ ഒരു മെസ്സേജ് വന്നത്.
പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ച രേഷ്മ. അവളുടെ പ്രൊഫൈൽ വിശദമായി നോക്കിയപ്പോഴാണ് മനസ്സിലായത് അവളുടെ കല്യാണം കഴിഞ്ഞു. കൈയ്യിൽ ഒരു കുഞ്ഞ്
അതവളുടെ കുഞ്ഞാണ്.
വിശേഷങ്ങൾ പരസ്പരം കൈമാറുബോഴാണ്
" എടീ നിൻെറ കല്യാണം കഴിഞ്ഞോ " എന്നവളു ചോദിച്ചപ്പോൾ നെറ്റ് ഇല്ലാത്തവനോട് വൈ ഫൈ ചോദിച്ച അവളുടെ വിഢ്ഢിത്തമോർത്ത് ഞാൻ ഊറിച്ചിരിച്ചു.
പിന്നെ മെസഞ്ചറും പൂട്ടിക്കെട്ടി മുറ്റത്ത്‌ കണ്ട എൻ്റെ വളർത്തു നായ ചുന്ദരിയോട് എല്ലാം പറഞ്ഞു.അവളാവുബോൾ എന്നോട് ചോദ്യങ്ങൾ ചോദിക്കില്ല എന്ന ആശ്വാസം ഉണ്ട്.
ഏറെ നേരം എൻ്റെ കഥകൾക്ക് ചെവിയോർത്തു നിന്നവൾ അവളുടെ കണ്ണുതുറക്കാത്ത നാലു കുഞ്ഞുങ്ങൾ കരഞ്ഞപ്പോൾ ഓടിപ്പോയി അവർക്ക് പാലു കൊടുക്കാനായി.
പിന്നെ ഞാൻ മുറ്റത്ത് നിന്നില്ല. ഇനിയും ആരെങ്കിലും ചോദിച്ചാൽ ചിലപ്പോൾ യുദ്ധം നടത്താൻ മനസ്സിനെ പാകപ്പെടുത്തി ഞാൻ അകത്തേ മുറിയിൽ ജനലിലൂടെ നോക്കി
"തുടക്കം മാംഗല്യം തന്തുനാനേനാ
പിന്നെ ജീവിതം ധും തനാനേനാ"
അങ്ങനെ പാടി ഞാൻ ആശ്വസിച്ചിരുന്നു
.....................രാജിരാഘവൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo