സ്വര്‍ണ നിറമുള്ള ഡിസൈനര്‍സാരിയില്‍ ധ്വനി ദേവതയെ പോലെ തിളങ്ങി.
മോതിരം മാറല്‍ ചടങ്ങിനായി എത്തിയ മഹേഷ്ബാലന്റെ ബന്ധുക്കള്‍ക്കെല്ലാം പെണ്‍കുട്ടിയെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.
അണിഞ്ഞൊരുങ്ങി തന്റെ മുന്നില്‍ വന്നിരുന്ന ധ്വനിയെ മഹേഷ്ബാലനും സാകൂതം നോക്കി.
ധ്വനിയുടെ മുഖം ചുവന്നു.
പൊന്നേത്ത് തെക്കേമനയുടെ വിശാലമായ ഹാളില്‍ തന്നെയായിരുന്നു ചടങ്ങുകള്‍.
നിശ്ചയത്തിന് ഒഴിച്ചുകൂടാനാവാത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് രവിമേനോന്‍ ക്ഷണിച്ചത്.
വിവാഹത്തിന് രണ്ടാഴ്ച തികച്ചില്ല.
തെക്കേത്തെ എല്ലാ പ്രൗഢിയും ഒത്തിണങ്ങിയ ആഢംബര വിവാഹമായിരിക്കണം മകളുടേത് എന്ന് അയാള്‍ തീരുമാനിച്ചിരുന്നു.
എല്ലാ ആഗ്രഹങ്ങളും ഇരട്ടിയിലധികമായി നടപ്പാക്കണം.
ആകെ ഒരു മകളേ തനിക്കുള്ളൂ.
' നല്ല പയ്യന്‍.. കണ്ടാല്‍ നായരാണെന്ന് പറയില്ല.. വെറുതെയല്ല രവി ജാതിമാറിയാലും വേണ്ടില്ലെന്ന് കരുതിയത്.. ഇത്ര നല്ലൊരു ചെക്കനെ രവിയ്ക്ക് വേറെ എവിടെ നിന്ന് കിട്ടാനാണ്.'
രവിമേനോന്റെ ബന്ധുക്കളായ ചില സ്ത്രീകള്‍ അടക്കം പറഞ്ഞു.
മൊബൈലില്‍ ആരോടോ സംസാരിച്ച് തിരക്കുകൂട്ടി വന്ന അഭിഷേക് അതു കേട്ടു
അവന്‍ അവര്‍ക്കു നേരെ നോക്കി മന്ദഹസിച്ചു കൊണ്ടു കടന്നു പോയി.
' അതാരാന്നാണാ നിയ്ക്ക് മനസിലാവാഞ്ഞേ.. ഇവിടെ വന്നപ്പോ മുതല്‍ ഓടിനടക്കണത് കണ്ടു..എല്ലാക്കാര്യത്തിലും അയാള്‍ടെ കണ്ണെത്തണുണ്ട്. ഒരു മിടുക്കന്‍.. ബന്ധത്തിലും സ്വന്തത്തിലും ഇങ്ങനൊരു കുട്ടീനെ ഓര്‍മ വരണില്യാ..' പ്രായമായ ഒരു സ്ത്രീ അത്ഭുതപ്പെട്ടു
' അത് രവീടെ സുഹൃത്തിന്റെ മോനാണ്.. അഭിഷേക് എന്ന്ാ പേര്. ധ്വനിമോള്‍ടെ വല്യ കൂട്ടുകാരനാണ്. ചെറുപ്പം മുതല്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നവരാ.. അതാവും ആ കുട്ടിയ്ക്ക് ഇത്ര ഉത്സാഹം'
അടുത്തു നിന്ന ശ്യാമളോപ്പയാണ് അവര്‍ക് ആളെ മനസിലാക്കി കൊടുത്തത്.
'ഓ .. ആ വിനയന്‍ മേനോന്റെ മോനാ അല്ലേ.. നല്ല ചെക്കനാ.. എന്നാപ്പിന്നെ രവിയ്ക്ക് ഇയാളെ ആലോചിച്ചൂടായിരുന്നോ.. ഒന്നൂല്യങ്കിലും മേനോനല്ലേ.. നായര്‍ ബാന്ധവം ഒഴിവാക്കായിരുന്നില്ലേ'
' ഏട്ടത്തി വെറുതെ അതുമിതും പറയണ്ട.. രവിയ്ക്ക് പണ്ടേ ജാതീം മതോം ഒന്നും നോട്ടല്യാന്നറിയാലോ..ഇതെങ്ങാനും കേട്ടാല്‍ തുള്ളിച്ചാടാന്‍ വരും'
അ്‌പ്പോഴേക്കും ചടങ്ങു കഴിഞ്ഞ് സദ്യ വിളമ്പാന്‍ തുടങ്ങിയിരുന്നു. പരമ്പരാഗത രീതിയില്‍ നാല് കൂട്ടം പായസവും സദ്യയും.
വിളമ്പുന്നതിന് മേല്‍നോട്ടം വഹിക്കാനും അഭിഷേക് ഓടി നടന്നു.
വധൂവരന്‍മാര്‍ക്ക് പായസം വിളമ്പിയതും അഭിഷേകാണ്.
' മഹിയേട്ടാ.. ഇതാണ് അഭി'
ആ തിരക്കിലും അഭിഷേകിനെ പരിചയപ്പെടുത്താന്‍ തുനിഞ്ഞ ധ്വനിയെ അവന്‍ തടഞ്ഞു
' ധൃതി കൂട്ടണ്ട ധ്വനീ..വിശദമായി പരിചയപ്പെടണല്ലോ എനിക്ക്'
സന്തോഷത്തോടെ അവന്‍ പോകുന്നത് കണ്ട് മഹേഷ് കൗതുകത്തോടെ ധ്വനിയെ നോക്കി
' ഇതാണ് അപ്പോള്‍ നിന്റെ ബാല്യകാല സുഹൃത്ത് അല്ലേ.. സ്മാര്‍ട്ട് ആണല്ലോ'
' എന്തേ കുശുമ്പ് തോന്നുന്നുണ്ടോ'
ധ്വനി ശബ്ദമടക്കി ചോദിച്ചു.
അവളുടെ മുഖം നിറയെ പൂത്തു നിന്ന പുഞ്ചിരിയിലേക്ക് കണ്ണുനട്ട് മഹേഷും ചിരിയടക്കി.
' എനിക്കെന്തിനാ കുശുമ്പ്.. നീ എന്റെ ഭാര്യയായില്ലേ'
ധ്വനിയുടെ മുഖം ചുവന്നു.
' മോളേ.. പെട്ടന്ന് കഴിച്ചിട്ടെഴുന്നേല്‍ക്കണേ.. നാല് ക്യാമറാമാന്‍മാരാണ് വെയ്റ്റ് ചെയ്യുന്നത്'
ഇടയ്ക്ക് രവിമേനോന്‍ ഓടിയെത്തി.
' ഇനിയിപ്പോ ഈ കടമ്പ കൂടി കഴിയണം'
ഊണു കഴിച്ചയുടനെ വധൂവരന്‍മാരുമായി വീഡിയോ ഗ്രാഫര്‍മാര്‍ സ്ഥലം വിട്ടതു കണ്ട് ഊര്‍മിള ചിരിച്ചു.
വിരുന്നുകാരൊക്കെ യാത്ര പറഞ്ഞു പോകാനുള്ള തിരക്കിലായിരുന്നു.
അതൊന്നൊതുങ്ങി കഴിഞ്ഞപ്പോള്‍ ഏതാനും ബന്ധുക്കളും ജയചന്ദ്രനും ഇന്ദിരാദേവിയും രശ്മിയും വിനയകുമാറും അഭിഷേകും മാത്രമായി.
' എന്നാലും സ്വാതി മോള്‍ക്ക് വരാന്‍ പറ്റാത്തത് കഷ്ടമായിപ്പോയി' ഊര്‍മിള പരിഭവിച്ചു.
' ചിക്കന്‍പോക്‌സായിട്ടാണ്.. വേറെന്താണെങ്കിലും അവള്‍ വന്നേനെ.. സാരല്യ ഇനി കല്യാണത്തിന് അടിച്ചു പൊളി്കകാംന്ന് സമാധാനിപ്പിച്ചിട്ടാ ഞങ്ങള്‍ വന്നത്' ഇന്ദിരാദേവി പറഞ്ഞു.
' ഫോട്ടോഷൂട്ട് തീര്‍ന്നാലുടനെ തിരിച്ചു പോകണം.. വാല്യക്കാരിയുടെ കൂടെ അവളെ ഏല്‍പ്പിച്ചിട്ടാ വന്നത്. മുതിര്‍ന്നിട്ടും കാര്യമില്ല ഇപ്പോളും വാശിക്കാരിയാ' ജയചന്ദ്രന്‍ മകളെ ഓര്‍ത്ത് മന്ദഹസിച്ചു.
മൊബൈലുമായി അഭിഷേക് അവരുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു
' ഇതാരാ ഈ പയ്യന്‍.. എല്ലാത്തിനും ഓടി നടക്കുന്നുണ്ടായിരുന്നല്ലോ'
ഇന്ദിരാദേവി കൗതുകത്തോടെ അവനെ നോക്കി
' ഇതാണ് എനിക്ക് പിറക്കാതെ പോയ മകന്‍' തന്റെ അടുത്തു വന്നു നിന്ന അഭിഷേകിനെ രവിമേനോന്‍ ചേര്‍ത്തു പിടിച്ചു.
' ദാ.. ഈ നില്‍ക്കുന്ന വിനയന്റെ സ്വന്തം മകന്‍'
അയാള്‍ അഭിഷേകിനെ അവര്‍ക്ക് പരിചയപ്പെടുത്തി.
വിനയകുമാറും രശ്മിയും അഭിമാനത്തോടെ പുഞ്ചിരി തൂകി.
' അഭിക്കുട്ടനുള്ളത് കൊണ്ട് ഇത്ര വലിയൊരു ഫങ്ഷന്റെ ഒരു ബുദ്ധിമുട്ടും ഞാനറിഞ്ഞില്ല. എല്ലായിടത്തും അഭിയുടെ കൈയ്യെത്തി.' മനസു നിറഞ്ഞാണ് രവിമേനോന്‍ പറഞ്ഞത്.
അപ്പോഴേക്കും ഫോട്ടോ ഷൂട്ട് അവസാനിപ്പിച്ച് മഹേഷും ധ്വനിയും എത്തി.
അഭിഷേകിന്റെ കണ്ണുകള്‍ അവരിലേക്ക് നീണ്ടു.
കൈകള്‍ കൊരുത്തു പിടിച്ച് വിവാഹിതരേ പോലെയാണ് വരവ്.
എത്രയോ ജന്മത്തെ അടുപ്പം അവനോടുണ്ടെന്ന ഭാവമാണ് ധ്വനിയ്ക്ക്.
' മടുത്തു പോയി' ധ്വനി അവരുടെ അരികില്‍ വന്ന് പരാതിപ്പെട്ടു.
' ഇനി നാലു ദിവസം കഴിഞ്ഞ് ഔട്ട്‌ഡോര്‍ ഷൂട്ട് ഉണ്ടത്രേ.. ഇതെന്താ സിനിമ ഷൂട്ടാണോ അച്ഛാ'
അവളുടെ ചോദ്യം കേട്ട് എല്ലാവര്‍ക്കും ചിരി വന്നു.
' അഭിഷേക് ഞാന്‍ .. അറിയാലോ.. മഹേഷ്..'
മഹേഷ് ബാലന്‍ അവനു നേരെ ഷേക്ഹാന്‍ഡിനായി കൈനീട്ടി.
' എന്നെ കുറിച്ചും പരിചയപ്പെടുത്തേണ്ടല്ലോ.. അഭിഷേക് വിനയ്..' അഭി സന്തോഷത്തോടെ ഹസ്തദാനം സ്വീകരിച്ചു.
' രാഹുകാലത്തിന് മുന്‍പ് ഇറങ്ങണം'
ഇന്ദിരാദേവി പറഞ്ഞു
' അച്ഛന്‍മാര്‍ക്ക് അങ്ങനെയുള്ള പ്രശ്‌നമൊന്നും കാണില്ല.. പക്ഷേ.. ചടങ്ങൊന്നും തെറ്റിക്കരുതല്ലോ'
' അതങ്ങനെയാ വേണ്ടത്' രശ്മി ഇടപെട്ടു.
പിന്നീട് വേഗത്തില്‍ യാത്ര പറഞ്ഞ് മഹേഷും കുടുംബവും ഇറങ്ങി.
' ്‌വ്യാഴാഴ്ച ഔട്ട്‌ഡോര്‍ ഷൂട്ട് പൂമല ഡാമിലാ.. ബോട്ടിംഗ് ഒക്കെ വേണമത്രേ.. മഹി വന്ന് ധ്വനിയെ കൊണ്ടു പോകില്ലേ..' പുറപ്പെടാന്‍ നേരം രവിമേനോന്‍ തിരക്കി.
മഹേഷിന്റെ മുഖത്ത് പേരറിയാത്തൊരു സന്തോഷം പടരുന്നത് അഭിഷേക് കണ്ടു
' ഷുവര്‍ .. അങ്കിള്‍.. ഒന്‍പതാകുമ്പോഴേക്കും ധ്വനിയോട് റെഡിയായി നില്‍ക്കാന്‍ പറഞ്ഞാല്‍ മതി.'
മഹേഷ് ബാലന്‍ പറഞ്ഞു.
ധ്വനിയുടെ മുഖം തുടുത്തു.
' പോട്ടെ..' അവളുടെ മുഖത്തേക്ക് നോക്കി മഹേഷ് ചോദിച്ചു.
ധ്വനി തലയാട്ടി
ആ വാക്കുകളില്‍ തന്നോട് മാത്രമായ അവാച്യമായ സ്‌നേഹം ഉണ്ടെന്നവള്‍ക്ക് തോന്നി.
കാര്‍ ഗേറ്റ് കടന്നു പോകുന്നത് വരെ എല്ലാവരും നോക്കി നിന്നു
' എല്ലാം ഭംഗിയായി കലാശിച്ചു.. ഇനി മാരേജ്.. അതിനും അഭിക്കുട്ടനുണ്ടെങ്കില്‍ എനിക്ക് ടെന്‍ഷനില്ല'
രവിമേനോന്‍ പറഞ്ഞു.
' ഞാനുണ്ടാകും അങ്കിള്‍'
അഭിഷേക് ചിരിച്ചു.
' പക്ഷേ നാളത്തെ ട്രെയിനില്‍ ഞാന്‍ ബാംഗ്ലൂര്‍ക്ക് പോകും.. എന്റെ കമ്പനിയുടെ കുറച്ച് പേപ്പേഴ്‌സ് വര്‍ക്കുകള്‍ തീര്‍ക്കാനുണ്ട. ഒരാഴ്ച കഴിഞ്ഞേ ഞാന്‍ വരൂ'
' അതെന്താ പെട്ടന്നൊരു യാത്ര' വിനയകുമാര്‍ സംശയത്തോടെ മകനെ നോക്കി.
' പെട്ടന്നൊന്നുമല്ല. ടിക്കറ്റ് ബുക്കിംഗ് വരെ ഓ.കെയാണ്.'
അഭിഷേക് പറഞ്ഞു.
' അഭീ അപ്പോള്‍ നീ വരില്ലേ എന്റെ കൂടെ ഷൂട്ടിന്.. പൂമലയിലേക്ക്'
ധ്വനി അമ്പരപ്പോടെ അവനെ നോക്കി.
' പിന്നേ.. പോ പെണ്ണേ അവിടുന്ന്.. ഇനി നീ പോകുന്ന വഴിയ്‌ക്കെല്ലാം അവനെ കെട്ടിവലിച്ചോണ്ട് പോകാന്‍ പറ്റില്ല. '
രശ്മി അവളെ ശാസിച്ചു
' കല്യാണത്തിന് രണ്ടാഴ്ച തികച്ചില്ല.. ഇനി നിനക്കെവിടെ പോകാനും മഹി വരും.. അതാ അതിന്റെ ശരി'
ധ്വനിയുടെ മുഖപ്രസാദം പെട്ടന്ന് മങ്ങി.
ചുണ്ടില്‍ ഒരു വിതുമ്പല്‍ പടര്‍ന്നു
കണ്ണുകള്‍ നിറഞ്ഞു.
നിഗൂഢമായ ഒരു സന്തോഷത്തോടെയാണ് അഭിഷേക് ആ ഭാവമാറ്റം നോക്കി നിന്നത്.
' ഞാന്‍ പോവ്ാ.. റൂമിലേക്ക്.. ആകെ ടയേഡായി' കണ്ണീര്‍ കവിളിലേക്ക് തുളുമ്പുന്നതിന് മുമ്പ് ധ്വനി അകത്തേക്ക് നടന്നു.
' അവള്‍ക്ക് നല്ല വിഷമമായി.. നീയൊന്ന് ചെല്ല് മോനേ അവളുടെ അടുത്തേക്ക്' ഊര്‍മിള പറഞ്ഞു.
അഭിഷേക് അവള്‍ക്കു പിന്നാലെ സ്റ്റെയര്‍കേസ് കയറിച്ചെന്നു.
' വെറുതേ കരഞ്ഞ് മേക്കപ്പ് കളയണ്ട.. ഒന്നൊന്നര ലക്ഷം മുടക്കി ചെയ്തതല്ലേ' പുറകേ ചെന്ന് അഭിഷേക് കളിയാക്കി.
' പോടാ മങ്കീ.. ഞാന്‍ സിംപിള്‍ മേക്കപ്പാ ചെയ്തത്'
കണ്ണുനീര്‍ തുടച്ച് ധ്വനി മന്ദഹസിച്ചു.
്അഭിഷേക് അവള്‍ക്കു പിന്നാലെ മുറിയില്‍ കടന്ന് അവളുടെ കിടക്കയിലിരുന്നു.
ധ്വനി ചെന്ന് അവന്റെ അടുത്തിരുന്നു
അവന്റെ തോളില്‍ കൈവെച്ചു
' ശരിക്കും സങ്കടം വരുവാണ് അഭീ...നീയില്ലാതെ ഞാന്‍ എങ്ങനെയാ തനിച്ച് നടക്കുക'
അവളുടെ നനഞ്ഞ വാക്കുകള്‍ അവന്‍ കേട്ടു
' സാരമില്ല.. നിനക്ക് ഒരു നല്ല ഹസിനെ കിട്ടിയല്ലോ' അഭിഷേക് ആശ്വസിപ്പിച്ചു.
' സത്യം പറയാലോ അഭീ ഇപ്പോ തോന്നുകയാ അച്ഛന്‍ അന്ന് നമ്മുടെ കാര്യം ചോദിച്ചപ്പോള്‍ നമുക്കതേ പറ്റി ഒന്ന് ചിന്തിക്കുകയെങ്കിലും ചെയ്യാമായിരുന്നു അല്ലേ..'
അവളുടെ ചോദ്യം അവന്റെ മുഖം പ്രകാശിപ്പിച്ചു. എന്നിട്ടും അവന്‍ തോളില്‍ നിന്നും അവളുടെ കൈ എടുത്തുമാറ്റി.
' എന്നാല്‍പ്പിന്നെ നീ ചെന്ന് അച്ഛനോടും അമ്മയോടും പറയ് എനിക്ക് അഭിയെ മതിയെന്ന്'
അവന്റെ സംസാരം ധ്വനിയെ ചിരിപ്പിച്ചു.
' അയ്യടാ.. എനിക്കു വേണ്ട നിന്നെ.. പോടാ കുരങ്ങാ.. ഇനിയെന്റെ മഹിയേട്ടനെയല്ലാതെ എനിക്കാരെയും വേണ്ട' അവള്‍ പൊ്ട്ടിച്ചിരിച്ചു കൊണ്ടെഴുന്നേറ്റു.
' അല്ല പിന്നെ.. രണ്ടാംകെട്ടുകാരിയെ ആര്‍ക്കാ വേണ്ടത്.. എനിക്കോ.. ഹയ്യേ..'
അവനും കളിയാക്കി.
' രണ്ടാംകെട്ടോ.. എടാ ചെക്കാ.. അങ്ങനൊന്നും പറയല്ലേ.. നാവില്‍ ഗുളികന്‍ വന്നാലോ' ധ്വനി അവന്റെ വായ് പൊത്തി.
' ഞാന്‍ മഹിയേട്ടന്റെ വീട്ടില്‍ പോയാല്‍ നീ എന്നെ ഇടയ്‌ക്കൊക്കെ കാണാന്‍ വരില്ലേടാ പൊട്ടാ' അവള്‍ യാചിക്കുന്ന മട്ടില്‍ നോക്കി.
' വരും.. സ്വപ്‌നങ്ങളില്‍ മാത്രം.'
ധ്വനിയുടെ മുഖം ചുവന്നു.
'എന്നാല്‍ പോ എന്റെ റൂമീന്ന് പോ..'
അവള്‍ അവനെ റൂമില്‍ നിന്ന് തള്ളി പുറത്തിറക്കി വാതിലടച്ചു.
അടഞ്ഞ വാതിലിനു മുന്നില്‍ അഭിഷേക് രണ്ടു നിമിഷം നിന്നു
അറിയാതെയാണെങ്കിലും ഒരു നിമിഷം അവള്‍ ഒരു ചെറിയ പ്രതീക്ഷ മനസിലേക്കിട്ടു തന്നു.
അടുത്ത നിമിഷം അത് കാറ്റില്‍ പറത്തുകയും ചെയ്തു.
അഭിഷേകിന്റെ കണ്ണിലൊരു തിളക്കം വീണു.
......... ................ .......................
രാവിലെ മഹേഷ് ബാലന്‍ ധ്വനിയെ കൊണ്ടുപോകാനായി കാറിലെത്തുമ്പോഴേക്കും ധ്വനി റെഡിയായി നില്‍ക്കുകയായിരുന്നു.
ഊര്‍മിളയോടും രവിമേനോനോടും യാത്ര പറഞ്ഞ് ഇരുവരും മഹേഷിന്റെ സ്വിഫ്റ്റില്‍ ചെ്ന്ന് കയറി.
' ഞാന്‍ കരുതി അഭിയും കൂടെ വരുമെന്ന്'
മഹേഷ് ബാലന്‍ ഡ്രൈവ് ചെയ്തു കൊണ്ട് അടുത്തിരുന്ന ധ്വനിയെ നോക്കി.
സാധാരണ വസ്ത്രത്തില്‍ അവള്‍ക്കൊരു ശാലീന സൗന്ദര്യമുണ്ടെന്ന് അവന് തോന്നി.
' അഭി വന്നേനെ.. പക്ഷേ അവന്‍ തുടങ്ങാന്‍ പോകുന്ന കമ്പനിയുടെ പുറകെയാ'
ധ്വനി പറഞ്ഞു.
' ഒരു കണക്കിന് അതൊരു ഭാഗ്യമായി' മഹേഷ് ബാലന്‍ ചിരിച്ചു.
' അതെന്താ..' ധ്വനി കണ്ണുകള്‍ കൂര്‍പ്പിച്ച് അവനെ നോക്കി
' അതുകൊണ്ട് എന്റെ ഭാര്യയെ ഇത്രയടുത്ത് തനിച്ച് കിട്ടിയല്ലോ'
മഹേഷ് അവളെ നോക്കി കണ്ണിറുക്കി.
ധ്വനിയുടെ മുഖത്ത് ലജ്ജ പടര്‍ന്നു.
' എനിക്കാണെങ്കില്‍ അഭി പോയിട്ട് വല്ലാത്ത സങ്കടം തോന്നുന്നു. ആദ്യമായിട്ടാ നാലു ദിവസം അവനടുത്തില്ലാതെ ഞാന്‍ കഴിച്ചു കൂട്ടിയത്'
' അതു കൊള്ളാമല്ലോ.. അഭി ഇല്ലാതെ ഇനി എന്റെ വീട്ടിലും നില്‍ക്കില്ലെന്നുണ്ടോ'
മഹേഷ് ബാലന്‍ കുസൃതിപൂണ്ടു
' അങ്ങനൊന്നുമില്ല. അവിടെ എനിക്ക് മഹിയേട്ടനുണ്ടല്ലോ'
നാണത്തില്‍ കൂമ്പിപ്പോയ അവളുടെ മുഖം മഹേഷ് ബാലന്‍ ഇമവെട്ടാതെ നോക്കി.
പിന്നെ ഇടം കൈ കൊണ്ട് അവളുടെ വിരലുകളില്‍ വിരല്‍ കോര്‍ത്ത് ചുണ്ടോടടുപ്പിച്ച് ഒന്നുമ്മവെച്ചു.
ധ്വനി ചൂളിപ്പോയി.
' ഏയ്..'മഹേഷ് ബാലന്‍ അവളുടെ കവിളില്‍ തഴുകി.
' എനിക്കത്ര തിരക്കൊന്നുമില്ലെടാ.. വിട്ടുകളഞ്ഞേക്ക്'
ധ്വനി മുഖം കുനിച്ചിരുന്നു.
പക്ഷേ ഒരിക്കലും വേര്‍പിരിയാത്തൊരു അടുപ്പം അവനോട് അനുഭവപ്പെടുന്നത് അവള്‍ തിരിച്ചറിഞ്ഞു.
വീഡിയോഗ്രാഫര്‍ രഞ്ജിത് അവരെ കാത്തു നില്‍ക്കുകയായിരുന്നു.
രാവിലെ പതിനൊന്നിന് തുടങ്ങിയ ഷൂട്ട് മൂന്ന് മണി വരെ നീണ്ടു.
' ഇവിടുന്ന് അത്ര ദൂരമൊന്നുമില്ല എന്റെ വീട്ടിലേക്ക്.. അല്ല നമ്മുടെ വീട്ടിലേക്ക്.'
മഹേഷ് പറഞ്ഞു.
' ചെറുതുരുത്തി..'
' വിവാഹത്തിന് മുന്‍പ് ആണ്‍വീട് കാണരുതെന്നല്ലേ'
ധ്വനി ചിരിച്ചു.
' ഇപ്പോഴെന്തായാലും ഞാന്‍ വരുന്നില്ല'
' വേണ്ട.. എന്റെ പെണ്ണ് അവിടേക്ക് വലതുകാല്‍ വച്ച് വരുന്നതാണ് എനിക്കിഷ്ടം.. അമ്മ നിലവിളക്കൊക്കെ പിടിച്ച്'
ധ്വനിയും ആ സ്വപ്‌നത്തിലേക്ക് കൂപ്പുകുത്തി.
അവര്‍ തിരിച്ചെത്തിയപ്പോഴേക്ക് ഊര്‍മിള രുചിയേറിയ വിരുന്നൊരുക്കിയിരുന്നു.
് ഭാര്യാഭര്‍ത്താക്കന്‍മാരെ പോലെ അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ധ്വനിയേയും മഹേഷ് ബാലനേയും ്അവര്‍ കണ്‍ നിറയെ കണ്ടു.
ധ്വനി വളരെ സന്തോഷവതിയാണെന്ന കാഴ്ച തന്നെ അവരുടെ മനസു നിറച്ചു.
' രവിയേട്ടന്‍ രാത്രിയാകും വരുമ്പോള്‍ റിയല്‍ എസ്‌റ്റേറ്റിന്റെ കാര്യത്തിന് പോയതാണ്' മഹേഷിന്റെ അറിവിലേക്കായി ഊര്‍മിള പറഞ്ഞു.
' വിവാഹ വസ്ത്രങ്ങളെടുക്കാന്‍ എന്നാണ് പോകേണ്ടതെന്ന് ചോദിക്കണമെന്ന് അമ്മ പറഞ്ഞേല്‍പിച്ചിരുന്നു'
മഹേഷ് ബാലന്‍ പറഞ്ഞു.
' വിവാഹത്തിനിനി ഒരാഴ്ചയല്ലേയുള്ളു. ഇനി വൈകണ്ടെന്ന് രാവിലെ രവിയേട്ടനും പറഞ്ഞിരുന്നു.'
ഊര്‍മിള അറിയിച്ചു
' ഇന്ദിരേച്ചിയോട് കൂടി ആലോചിച്ചിട്ട് തീരുമാനിക്കാം കേട്ടോ'
മഹേഷിനും അത് സമ്മതമായിരുന്നു.
' പെണ്ണിന് ആണ്‍ വീട് കാണാനല്ലേ പറ്റാതെയുള്ളു. മഹിയേട്ടന്‍ വന്നാല്‍ എന്റെ റൂം കാണിച്ചു തരാം'
ധ്വനി ക്ഷണിച്ചു.
' ചെല്ല് മഹീ.. ഇനി നിങ്ങളുടെ റൂമല്ലേ അത്' ഊര്‍മിളയും പറഞ്ഞു.
എന്നിട്ടും അല്‍പ്പമൊരു മടിയോടെയാണ് മഹേഷ് ബാലന്‍ കയറിച്ചെന്നത്.
' എങ്ങനെയുണ്ട് മൈ റൂം.. മൈ ഹെവന്‍..' റൂമിലെത്തിയതും ധ്വനി കുറുമ്പോടെ അവനെ നോക്കി
' നിന്നെ പോലെ തന്നെ.. സിംപിള്‍.. ആന്‍ഡ് ബ്യൂട്ടിഫുള്‍..'
മഹേഷ് ബാലന്‍ അവളുടെ അടുത്തേക്ക് ചെന്നു.
അവളുടെ മുഖം പിടിച്ച് തന്റെ മുഖത്തോട് അഭിമുഖമായി ഉയര്‍ത്തി.
' നിന്റെയീ കണ്ണുകള്‍ പോലെ... ഈ ഭംഗിയുള്ള ചുണ്ടുകള്‍ പോലെ..'
പറഞ്ഞതിനൊപ്പം അധരങ്ങള്‍ക്കു മീതെ മൃദുവായ ഒരു ചുംബനം പതിഞ്ഞു.
ധ്വനി ചലിക്കാനാവാതെ നിന്നു.
ക്രമേണ ആ ചുംബനത്തിന് ശക്തി കൂടി.
നിമിഷങ്ങള്‍ അവരറിയാതെ പൂമ്പാറ്റകളായി പാറിപ്പറന്നു.
ആദ്യമായി അനുഭവിക്കുന്ന പുരുഷ സ്പര്‍ശനത്തിന്റെ ലഹരിയില്‍ ധ്വനി പതഞ്ഞുയര്‍ന്നു.
അതിന്റെ ഉന്മാദത്തില്‍ ശരീരത്തിലേക്ക് പടര്‍ന്നു കയറിയ മഹേഷിന്റെ വിരലുകളെ തടയാന്‍ അവള്‍ മറന്നു.
ഒടുവില്‍ കിതച്ചു കൊണ്ട് അവനില്‍ നിന്നും വേര്‍പെടുമ്പോള്‍ യുഗാന്തരങ്ങള്‍ പിന്നിട്ടുവെന്നു തോന്നി.
ഏറെ നേരം ഓടിത്തളര്‍ന്നവരെ പോലെ വിയര്‍പ്പില്‍ മുങ്ങി കിതച്ച് അവര്‍ പരസ്പരം നോക്കി.
മഹേഷ് ബാലനെ നേരിടാനാവാതെ അവള്‍ മിഴികള്‍ താഴ്ത്തി.
' സോറി' ആ മുഖം പിടിച്ചുയര്‍ത്തിക്കൊണ്ട് മഹേഷ് ബാലന്‍ മന്ത്രിച്ചു.
എന്തിനെന്ന ഭാവത്തില്‍ കാതരമായ നോട്ടം അവന്റെ കണ്ണുകളുമായി കൊരുത്തു.
' ഫസ്റ്റ് നൈറ്റിലേക്ക് ഇനിയൊരു നുള്ളു മധുരം മാത്രമേ ബാക്കിയുള്ളു..അതല്ലാത്തതെല്ലാം ഞാനിങ്ങ് മോഷ്ടിച്ചെടുത്തില്ലേ'
ധ്വനി മൃദുവായി ചിരിച്ചു.
അഴിഞ്ഞുലഞ്ഞ മുടിയും ചുവന്നു തിണര്‍ത്ത മുഖവും അവളുടെ ആലസ്യം വിളിച്ചു പറയുന്നുണ്ടായിരുന്നു.
' ഈ കോലത്തില്‍ താഴേക്ക് ചെന്നാല്‍ ശരിയാവില്ല.. എന്റെ വൈഫ് ഒന്നു മുഖം കഴുകിയിട്ട് വരുമോ.'
മഹേഷിന്റെ ചോദ്യം അവളെ കൂടുതല്‍ തരളിതയാക്കി.
മുഖം കഴുകി മുടിയും ചീകി ഒതുക്കിയാണ് മഹേഷ് ബാലനോടൊപ്പം ധ്വനി താഴേക്ക് ചെന്നത്.
രശ്മിയോട് സംസ്ാരിച്ചു കൊണ്ട് ഊര്‍മിള ഹാളിലുണ്ടായിരുന്നു.
അവരെ കണ്ട് രണ്ടുപേരും എഴുന്നേറ്റു.
' അഭി എന്നു വരും ആന്റീ' മഹേഷ് ബാലന്‍ രശ്മിയോട് തിരക്കി.
' രണ്ടു ദിവസം കൂട്ി കഴിയുമെന്നാണ് പറഞ്ഞത്..'
രശ്മി താത്പര്യത്തോടെ അറിയിച്ചു
ഒപ്പം ധ്വനിയുടെ ചെറുക്കന്‍ സ്‌നേഹമുള്ളവനാണല്ലോ എന്ന് മനസില്‍ കുറിയ്ക്കുകയും ചെയ്തു.
അവരോട് അല്‍പ്പനേരം സംസാരിച്ചിരുന്നിട്ടാണ് മഹേഷ് ബാലന്‍ യാത്ര പറഞ്ഞത്.
ധ്വനി സിറ്റൗട്ടില്‍ നിന്ന് അവനെ കൈവീശി കാണിച്ചു.
സന്ധ്യ മങ്ങി രാത്രി കടന്നു വന്നു.
വൈകിട്ട് മഹേഷ് ബാലന്‍ അവളെ വിളിച്ചു.
പ്രണയത്തിന്റെ നൂലിഴയില്‍ പരസ്പരം കൊരുത്ത് ഏറെ നേരം അവര്‍ സംസാരിച്ചു കിടന്നു.
അന്നു വരെ തോന്നാത്ത അനുഭൂതിയുടെ തേരിലേറിയാണ് ധ്വനി അന്ന് ഉറങ്ങാന്‍ കിടന്നത്.
ഉറക്കത്തിന്റെ ആഴത്തിലേക്ക് വീഴുമ്പോഴാണ് അവളുടെ മൊബൈല്‍ ശ്ബ്ദിച്ചത്.
പരിചയമില്ലാത്ത ഒരു ലാന്‍ഡ് നമ്പര്‍
അമ്പരപ്പോടെ ധ്വനി ആ കോള്‍ അറ്റന്‍ഡ് ചെയ്തു.
' മോളേ.. ഞാനാ അഭി'
അവന്‍രെ ശബ്ദം കേട്ടതും ധ്വനിയുടെ ഉറക്കം കണ്ണുകളെ വിട്ടകന്നു.
' എവിടെയാ അഭീ നീ.. എന്താ വിളിക്കാത്തത്. ഇതേതാ നമ്പര്‍'
അവള്‍ ആകാംക്ഷയോടെ തിരക്കി.
' മൊബൈല്‍ കപ്ലെയിന്റ് നാളെ ഒരെണ്ണം വാങ്ങണം.. നാളെ ഏര്‍ളി മോണിംഗ് ..ഫൈവ് ഒ ക്ലോക്കിന് ഞാന്‍ നിന്റെ ഗേറ്റിലുണ്ടാകും. നമുക്കു ചെറിയൊരു പണിയുണ്ട്.. മാരേജായിട്ട് നമ്മുടെ ഫാമിലിയെ ചെറുതായി ഒന്ന് പറ്റിക്കണം.'
ധ്വനി ത്രില്ലടിച്ചു.
' വരുമ്പോള്‍ ഡയറിയില്‍ എന്നെ അന്വേഷിക്കണ്ട.. ഞാന്‍ പോകുന്നു എന്നെഴുതണം.. മറക്കരുത്'
' ഇല്ലെടാ.. എന്താ പരിപാടി. '
ധ്വനി ആകാംക്ഷയോടെ ചോദിച്ചു.
അത് അവളുടെ സ്വപ്‌നങ്ങള്‍ ഒട്ടാകെ തകര്‍ക്കാനുള്ള പദ്ധതിയാണെന്ന് ധ്വനി അറിഞ്ഞില്ല.
............തുടരും................
Written by
Shyni John
Read published parts:-
https://www.nallezhuth.com/search/label/NizhalayMathram
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക