ഓഫീസിലെ ടെൻഷൻ തീർക്കാൻ എന്ന പേരിൽ കൂട്ടുകാർക്കൊപ്പം ബാറിൽ കയറി രണ്ടെണ്ണം വിട്ടിട്ടു പുറത്തിറങ്ങിയപ്പോൾ തന്നെ സമയം ഒൻപതായി..
(അതിപ്പോ ബാറിൽ കയറാൻ എന്നും എന്തെങ്കിലും കാരണം ഉണ്ടാകുമല്ലോ... ഇന്ന് ടെൻഷൻ തീർക്കാൻ ആണെങ്കിൽ... നാളെ സന്തോഷം ആഘോഷിക്കാൻ.. കുടിക്കാൻ ഓരോരോ കാരണങ്ങൾ... )
ഇനിയിപ്പോ കുടിച്ചതിനും, ലേറ്റ് ആയതിനും അവളുടെ പ്രാക്കും, നേർച്ചയും കേൾക്കണമല്ലോ എന്ന ദേഷ്യത്തിൽ അയാൾ ബൈക്ക്ന്റെ സ്പീഡ് ഒന്നൂടെ കൂട്ടി... "don't drink and drive " എന്ന വഴിയരികിൽ സർക്കാർ പതിച്ച ബോർഡിനെ പുച്ഛത്തോടെ നോക്കി കൊണ്ടയാൾ മുന്നോട്ടു കുതിച്ചു...
സർക്കാർ ഉദ്യോഗസ്ഥനാണ് രമേശൻ.. ഭാര്യ സ്വാതി വീട്ടമ്മ... മക്കൾ പത്താം ക്ലാസ്സിൽ പഠിക്കുന്ന അരുൺ, അഞ്ചാം ക്ലാസ്സുകാരൻ തരുൺ..
വീട്ടിൽ പതിവില്ലാത്ത അതിഥിയെ കണ്ടു രമേശനൊന്നു പകച്ചു.. അരുണിന്റെ അദ്ധ്യാപകൻ പ്രവീൺ സാർ ഒപ്പം തന്റെ വകയിലൊരു ചേട്ടൻ ദിനേശനും (ദിനേശേട്ടനും അതേ സ്കൂളിൽ അധ്യാപകനാണ് )..അരികിൽ കരഞ്ഞു മൂക്കു പിഴിഞ്ഞ്... സാരി തലപ്പ് കൊണ്ടു ഇടയ്ക്കിടെ കണ്ണീർ തുടച്ചു സ്വാതിയും... സ്വാതിക്കടുത്തായി കുറ്റവാളിയെ പോലെ മുഖം കുനിച്ചു അരുൺ നിൽക്കുന്നുണ്ട്...
അയാൾ പകപ്പോടെ എല്ലാവരെയും മാറി മാറി നോക്കി...
"നീ വന്നിരിക്ക് കുറച്ചു സംസാരിക്കാറുണ്ട്.. " ദിനേശേട്ടൻ പറഞ്ഞു....
ചിലതു പറയാനുണ്ട് കേട്ടു കഴിയുമ്പോൾ നീ പ്രശ്നമൊന്നും ഉണ്ടാക്കരുത്... കാര്യങ്ങൾ സമാധാനപരമായി പരിഹരിക്കുകയാണ് വേണ്ടത്... ദിനേശേട്ടൻ മുഖവുരയിട്ടു..
ദിനേശേട്ടൻ എന്താ കാര്യം എന്നു പറ.. മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ.. രമേശന് ക്ഷമ നശിച്ചു...
അതു ഇന്ന് പ്രവീൺ മാഷ് അരുണിന്റെ ബാഗ് പരിശോധിച്ചപ്പോൾ അതിൽ നിന്നൊരു മൊബൈൽ കിട്ടി.. സ്കൂളിൽ മൊബൈൽ കൊണ്ടു വരുന്നത് സ്കൂൾ നിയമത്തിനു എതിരാണെന്ന് നിനക്കറിയാമല്ലോ... അതുകൊണ്ട് മൊബൈൽ മാഷ് കയ്യിൽ തന്നെ വെച്ചു... സംഭവം എന്നെ അറിയിച്ചു..
മൊബൈൽ വിശദമായി പരിശോധിച്ചപ്പോൾ അതിൽ ഒരുപാട് അശ്ലീല ചിത്രങ്ങളും, വിഡിയോകളും... വളരുന്ന പ്രായത്തിൽ ലൈംഗികാർഷണവും, ചിന്തകളുമൊക്കെ ഉണ്ടാകും.. പക്ഷെ ഇതു... ദിനേശേട്ടനൊന്നു നിർത്തി...
കേട്ടത് വിശ്വസിക്കാനാകാതെ ഒരുനിമിഷം തരിച്ചിരുന്ന രമേശൻ സമനില വീണ്ടെടുത്ത് തല്ലാനായി മകന്റെ നേരെ ചീറി കൊണ്ടു ചെന്നു..
കുടുംബത്തിന്റെ മാനം കളയാൻ ജനിച്ചവൻ എന്നു പറഞ്ഞവന്റെ നേരെ കൈയുയർത്തിയപ്പോഴേക്കും അയാളെ തടഞ്ഞു കൊണ്ടു സ്വാതി അരുണിന്റെ മുന്നിൽ നിന്നു....
വളർത്തി വഷളാക്കിയിട്ടു... ഇപ്പൊ തല്ലു തടുത്തു മകനെ രക്ഷിക്കാൻ നോക്കുന്നോ എന്നു ചോദിച്ചു അയാൾ സ്വാതിക്ക് നേരെ തിരിഞ്ഞു...
രമേശാ നിർത്തു... എന്നുള്ള ദിനേശേട്ടന്റെ ആക്രോശമാണ് അയാളെ സ്വബോധത്തിലേക്ക് തിരിച്ചു എത്തിച്ചത്..
നിനക്കെന്തു യോഗ്യത ഉണ്ടായിട്ടാ നീ അവളെ കുറ്റപ്പെടുത്തുന്നതു... പറയുന്നത് മുഴുവൻ കേട്ടിട്ട് നീ പ്രതികരിക്കു..
രഹസ്യമായി അരുണും, മറ്റൊരു കുട്ടിയും സിഗരറ്റു വലിക്കുന്നുണ്ട് മാഷേ എന്നൊരു കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രവീൺ അരുണിന്റെ ബാഗ് ചെക്ക് ചെയ്തത്..മൊബൈൽ മാത്രമല്ല ഒരു പാക്കറ്റ് സിഗരറ്റും ഉണ്ടായിരുന്നു ബാഗിൽ...
മകന് മൊബൈൽ വാങ്ങി കൊടുത്തപ്പോ അവൻ അതു വെച്ച് എന്ത് ചെയ്യുന്നു എന്നു നോക്കാൻ നീ മറന്നു... അല്ലെങ്കിലും എന്തിനാടാ പത്താം ക്ലാസ്സുകാരന് സ്വന്തമായി മൊബൈൽ..പക്വതയില്ലാത്ത, ശെരിയും തെറ്റും തിരിച്ചറിയാത്ത പ്രായത്തിൽ കുട്ടികൾ അതു എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യുന്നു എന്നു ഇത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും നിനക്കൊന്നും മനസ്സിലാക്കാൻ പറ്റുന്നില്ല എന്നുള്ളത് കഷ്ടമാണ് രമേശാ...
എങ്ങനെ മക്കളെ ശ്രദ്ധിക്കും അല്ലേ.. പാതിരാത്രിയിൽ നാലുകാലിൽ അല്ലേ വരവ്.. കഷ്ടം...
പിന്നെ ഞങ്ങളെ ഇവിടെ എത്തിച്ചത് അരുണിൽ നിന്നു കേട്ട മറ്റൊരു കാര്യമാണ്..
ആദ്യമായി അവനൊരു അശ്ലീല വീഡിയോ കണ്ടത് അച്ഛന്റെ മൊബൈലിൽ ആണെന്ന് കേട്ടപ്പോൾ.... ആദ്യമായ് അവനറിഞ്ഞത് അച്ഛൻ വലിച്ചെറിഞ്ഞ സിഗരറ്റു കുറ്റിയിലേ പുകയുടെ രുചി ആണെന്നറിഞ്ഞപ്പോൾ അവനല്ല... ആദ്യം നീയാണ് നന്നാവേണ്ടത് എന്നു ഞങ്ങൾക്ക് തോന്നി...
ഇവിടെ വന്നു സ്വാതിയോടു സംസാരിച്ചപ്പോൾ അരുൺ പറഞ്ഞതൊക്കെ സത്യമാണെന്നു ബോധ്യപ്പെട്ടു...
ഫോണിൽ അശ്ലീല വീഡിയോ ആസ്വദിച്ചു അശ്രദ്ധമായി മക്കൾക്ക് ഫോൺ കൊടുക്കുമ്പോൾ ഇങ്ങനൊക്കെ നടക്കുമെന്ന് ആരും മനസ്സിലാക്കുന്നില്ല.. നമ്മളെക്കാളൊക്കെ കേമന്മാരാണ് മക്കളെന്ന കാര്യം പലരും മറന്നു പോകുന്നു... അതുപോലെ നമ്മൾ മദ്യപിച്ചും, പുകവലിച്ചും നടന്നിട്ട് മക്കളോടതു ചെയ്യരുത് എന്നു ഉപദേശിക്കുമ്പോൾ... അച്ഛൻ ചെയ്യുന്നുണ്ടല്ലോ... പിന്നെ ഞാൻ ചെയ്താലെന്താ കുഴപ്പം എന്നു അവർ തിരിച്ചു ചോദിക്കും... പ്രവീൺ മാഷ് പറഞ്ഞു...
രമേശന്റെ മനസ്സിലൂടെ കടന്നു പോയത് രണ്ടു ദിവസം മുന്നേ ഉണ്ടായ കാര്യമാണ്... ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ഗ്ലാസ്സ് വെള്ളമെടുത്തു ഇളയമകൻ തരുൺ തനിക്കു നേരെ നീട്ടിയിട്ടു അച്ഛന്റെ മൊബൈലിലെ വിഡിയോയിൽ അച്ഛൻ സണ്ണി അങ്കിളിനോട് പറയണതു പോലെ ചീർസ് പറ അച്ഛാ എന്നു പറഞ്ഞപ്പോൾ ചിരിയോടെ അന്നതു ചെയ്തു.. ഇന്നിപ്പോ..
സ്വാതി പലപ്പോഴും പറയാറുണ്ട്... രണ്ടു ആൺകുട്ടികളാണ് വളർന്നു വരുന്നത്... രമേശേട്ടൻ ഈ കാണിക്കുന്നതാണ് അവർക്കു മാതൃകയെന്ന്.. അന്നൊക്കെ ഓരോ ന്യായം പറഞ്ഞവളെ ഓടിക്കും... പക്ഷെ ഇപ്പൊ...
കുറ്റബോധത്തോടെ കണ്ണു നിറച്ചയാൾ ഇരുന്നു..
വേണ്ടത് അടിയും, ബഹളവുമൊന്നുമല്ല രമേശാ.. നമ്മുടെ കോപ്പി ആയിരിക്കും മക്കൾ എന്ന കാര്യം മറന്നു പോകരുത് .. നമ്മൾ ചെയ്യുന്നതാണ് അവർക്കു മാതൃക.. അച്ഛനും അമ്മയും ചെയ്യുന്ന ഓരോന്നും അവർക്കു മാതൃകയാണ്.. ശെരി ആണെങ്കിലും... തെറ്റ് ആണെങ്കിലും... ശ്രദ്ധിക്കേണ്ടത് നമ്മളാണ്... നമ്മുടെ ഉത്തരവാദിത്തം ആണത്..
വാക്കൊന്നും പ്രവർത്തി മറ്റൊന്നും ആകരുത്... ഒരു പഴഞ്ചോല്ലു പോലെ ഞണ്ട് അങ്ങനെ നടന്നിട്ട് ഞണ്ടിന്റെ മക്കളോട് നേരെ നടക്കെന്ന് ഉപദേശിക്കുന്നതിൽ കാര്യമുണ്ടോ...
മാതൃക നമ്മളാണ്.. നല്ലത് പറഞ്ഞല്ല പ്രവർത്തിച്ചാണ് മാതൃക ആകേണ്ടത്... വാ കൊണ്ടു പറയാൻ എളുപ്പമാണ്.. പ്രവർത്തിച്ചു കാണിക്കാനാണ് പ്രയാസം..
അതും പറഞ്ഞവർ ഇറങ്ങിയപ്പോഴേക്കും കുടുംബത്തെ മറന്നൊന്നും ഇനി താൻ ചെയ്യില്ല എന്ന പ്രതിജ്ഞ മനസ്സ് കൊണ്ടു രമേശനും എടുത്തിരുന്നു..
രചന : Aswathy Joy Arakkal
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക