Slider

നിഴലായ്‌ മാത്രം. - Part 19

0
മുഖകണ്ണാടിയില്‍ നോക്കി ഒന്നു കൂടി ഭംഗി ഉറപ്പു വരുത്തി രുദ്ര.
ധരിച്ചിരുന്ന കസവുസാരി ഒതുങ്ങി അവളുടെ ശരീരത്തോട് ചേര്‍ന്നു കിടന്നു.
ഡ്രെസിംഗ് ടേബിളിന് മീതെ തുറന്നുവെച്ച കഞ്ഞുണ്ണി ചേര്‍ത്തുണ്ടാക്കിയ കരിമിഷി ചൂണ്ടുവിരലില്‍ തോണ്ടിയെടുത്ത് വിടര്‍ന്ന മിഴികള്‍ എഴുതി.
വലംപിരിശംഖില്‍ നിറച്ച സിന്ദൂരം അല്‍പ്പം നുള്ളിയെടുത്ത് നെറ്റിയില്‍ വൃത്താകൃതിയില്‍ ഒരു പൊട്ടു തൊട്ടു.
അതിന് മീതെ ചന്ദനക്കുറി കൂടിയായപ്പോള്‍ ഒരുക്കം പൂര്‍ത്തിയായി.
രുദ്ര കണ്ണാടിയില്‍ കണ്ട പ്രതിബിംബത്തോട് മന്ദഹസിച്ചു
ഒരിക്കലും തന്നെ ഇത്രമാത്രം ആകര്‍ഷകയായും മനോഹരിയായും കണ്ടിട്ടില്ലെന്ന് അവള്‍ക്ക് തോന്നി.
പടിപ്പുരയില്‍ നിന്നും ഓട്ടുമണിയുടെ കിലുക്കം അകത്തളത്തിലേക്ക് എത്തി
രുദ്രയുടെ മുഖം തുടുത്തു
കിഴക്കേടത്തില്ലത്തു നിന്നും വേദവ്യാസ് എത്തിക്കഴിഞ്ഞു.
രുദ്രയുടെ കവിളുകള്‍ അരുണാഭമായി.
പരദേവതകളെ പ്രീതിപ്പെടുത്താനും നേടിയടുത്ത സിദ്ധികള്‍ തിരികെ കിട്ടാനുമായുള്ള ഹോമ പൂജാദികള്‍ ഇന്നുമുതല്‍ തുടങ്ങുകയാണ്.
മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യജ്ഞത്തിലൂടെ വലിയേടത്തെ യശസ് വീണ്ടെടുക്കണമെന്ന വാശിയിലാണ് വലിയമ്മാമ്മ.
മച്ചകത്ത് വലിയ ഹോമകുണ്ഢം ഒരുങ്ങിക്കഴിഞ്ഞു.
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരിയ്ക്കും ദേവദത്തനും മന്ത്രങ്ങള്‍ പിഴയ്ക്കാനിടയുണ്ട്.
അതുകൊണ്ട് മന്ത്രങ്ങള്‍ ചൊല്ലിക്കൊടുക്കാനും പരികര്‍മ്മിയാകാനും വേദവ്യാസനെ ക്ഷണിച്ചിരിക്കുകയാണ്.
കിഴക്കേടത്തില്ലത്തെ വേദവ്യാസിന് വലിയേടത്ത് ഭട്ടതിരിയെ പോലെ ഒരു പ്രഗത്ഭനില്‍ നിന്നും ഒരുപാട് സിദ്ധികള്‍ പകര്‍ന്നു കിട്ടുകയും ചെയ്യും.
' രുദ്രക്കുട്ടീ'
മച്ചകത്തു നിന്നും വലിയമ്മാമ്മയുടെ വിളി കേട്ടതോടെ രുദ്ര വേഗത്തില്‍ കോണിച്ചുവട്ടിലേക്ക് ചെന്നു
' എന്താ വലിയമ്മാമ്മേ' ' താഴെ നിന്ന് രുദ്ര വിളിച്ചു ചോദിച്ചു.
' ആരാ കുട്ടീ വന്നിരിക്കണത്. .. വേദവ്യാസാണെങ്കില്‍ ഇങ്ങോട്ട് കയറിപ്പോരാന്‍ പറയൂ..'
വലിയേടത്തിന്റെ ശബ്ദം കേട്ടു.
' ഉവ്വ്'
രുദ്ര മൂളി
' ദത്തന്‍കുട്ടന്‍ ഇതുവരെ വന്നില്യാലോ'
' വന്നിട്ടില്ല വലിയമ്മാമ്മേ.. ' രുദ്ര അറിയിച്ചു
കുടുംബക്ഷേത്രത്തില്‍ തൊഴുതുവരാനായി പോയതായിരുന്നു ദേവദത്തന്‍.
മനസില്‍ സുഖമുള്ളൊരു തണുപ്പ് വീണത് രുദ്ര അറിഞ്ഞു.
അതിന്റെ മധുരവുമായി ചുറ്റു വരാന്തയിലേക്കിറങ്ങിയ രുദ്ര അമ്പരന്ന് നിന്നു പോയി.
തീരെ പ്രതീക്ഷിക്കാത്തൊരു കാഴ്ചയായിരുന്നു അത്.
തങ്കം..
കൂടെയൊരു ചെറുപ്പക്കാരനുമുണ്ട്.
അവര്‍ നടന്ന് അടുത്തെത്തുന്നത് വരെ അമ്പരപ്പില്‍ മുങ്ങി നില്‍ക്കുക തന്നെയായിരുന്നു രുദ്ര
' രുദ്രേച്ചിയെന്താ എന്താ എന്നെ ഇതുവരെ കാണാത്തത് പോലെ'
രുദ്രയുടെ തൊട്ടുമുന്നില്‍ വന്നു നിന്ന് ദുര്‍ഗ ചിരിയോടെ തിരക്കി.
രുദ്രയുടെ നോട്ടം അവള്‍ക്കൊപ്പമുള്ള സുമുഖനായ ചെറുപ്പക്കാരന്റെ മുഖത്തായിരുന്നു
' പന്തം കണ്ട പെരുച്ചാഴിയെ പോലെ നില്‍ക്കണ്ട.. ഇത് മഹേഷ് ബാലന്‍... എന്റെ സുഹൃത്താണ്..'
ദുര്‍ഗ അവനെ രുദ്രയ്ക്ക് പരിചയപ്പെടുത്തി.
രുദ്ര അവനെ നോക്കി മന്ദഹസിക്കാന്‍ ശ്രമിച്ചു
' മഹിയേട്ടന്‍ വരൂ'
ദുര്‍ഗ മഹേഷ് ബാലനെ അകത്തേക്ക് ക്ഷണിച്ചു.
' മഹിയേട്ടനിരിക്കൂ'
അതിഥികളെ ക്ഷണിച്ചിരുത്താറുള്ള ചുറ്റു വരാന്തയുടെ ചതുരന്‍ തളത്തിലെ സോഫ ദുര്‍ഗ ചൂണ്ടിക്കാട്ടി
മഹേഷ് ബാലന്‍ ഇരുന്നു.
' ദത്തേട്ടന്‍ എവിടെ രുദ്രേച്ചീ' ദുര്‍ഗ ചെന്ന് അവളെ ആലിംഗനം ചെയ്തു കൊണ്ട് തിരക്കി
' ക്ഷേത്രത്തിലേക്ക് പോയതാണ്.. വരാനുള്ള സമയമായി..നിങ്ങളിരിക്ക്.. ഞാന്‍ കുടിക്കാനെടുക്കാം'
രുദ്ര രക്ഷപെടുന്നതു പോലെയാണ് അടുക്കളയിലേക്ക് പോയത്.
ദുര്‍ഗയുടെ ഈ വരവില്‍ എന്തോ നിഗൂഢത ഉണ്ടെന്ന് അവളുടെ മനസ് മന്ത്രിച്ചു.
കൂടെ ഉള്ള ചെറുപ്പക്കാരനെ പറ്റി ഇതുവരെ അവളുടെ നാവില്‍ നിന്നും ഒന്നും വീണിട്ടില്ല.
എന്തിനാണാവോ അയാള്‍ക്ക് ദത്തേട്ടനെ കാണേണ്ട ആവശ്യം.
നീളന്‍ ഗ്ലാസുകളില്‍ സംഭാരം പകര്‍ന്നെടുത്ത് രുദ്ര വേഗം ഉമ്മറത്തേക്ക് ചെന്നു.
ഗ്ലാസുകള്‍ മഹേഷിനും ദുര്‍ഗയ്ക്കും എടുത്തു കൊടുത്തപ്പോള്‍ ദുര്‍ഗ അവളുടെ വെപ്രാളം കണ്ട് കുസൃതിയോടെ ചിരിച്ചു.
' തങ്കം വന്നത് ഞാന്‍ വലിയമ്മാമ്മയോട് പറയട്ടേട്ടോ.. എന്തോ വിശേഷ പൂജ നടക്കാന്‍ പോകുകയാണ്. അവിടേക്ക് കന്യകയായ പെണ്‍കുട്ടികള്‍ കയറാന്‍ പാടില്ലാത്രേ. അതുകൊണ്ട് തങ്കത്തിന് അവിടേക്ക് ചെല്ലാന്‍ പാടില്ല. വേദം ചൊല്ലിക്കൊടുക്കാന്‍ ഒരു സ്ത്രീ വേണം.. അതിന് കൊച്ചുമനയില്‍ നിന്ന് പവിയേട്ടത്തി വരും. പിന്നെ കിഴക്കേടത്തില്ലത്തു നിന്ന് വേദവ്യാസും'
ആ പേര് പറഞ്ഞതും രുദ്രയുടെ മുഖം തുടുത്തു.
ദുര്‍ഗ അവളെ നോക്കി രഹസ്യത്തിലൊന്നു മന്ദഹസിച്ചു
' ഞാന്‍ വലിയമ്മാമ്മയെ വിളിക്കാം'
രുദ്ര വീണ്ടും അവളുടെ മുന്നില്‍ നിന്നും രക്ഷപെട്ടു.
ഗോവണികളുടെ അഞ്ചാറ് പടികള്‍ കയറിച്ചെന്ന് അവള്‍ മച്ചകത്തേക്ക് നോക്കി പത്മനാഭന്‍ ഭട്ടതിരിയെ വിളിച്ചു.
' എന്താ രുദ്രക്കുട്ടീ' പത്മനാഭന്‍ ഭട്ടതിരി വാതിലിന് സമീപത്തേക്ക് വന്നു
' തങ്കം വന്നിരിക്കണു.. കൂടെ ഒരു സുഹൃത്തുംണ്ട്..'
രുദ്ര അറിയിച്ചു.
പത്മനാഭന്‍ ഭട്ടതിരിയുടെ മുഖത്ത് അത്ഭുതം നിറഞ്ഞു.
' തങ്കക്കുട്ടിയോ.. എന്താ പറയാതെ വന്നത്..'
' അതാ എനിക്കും അറിയാത്തത്.. ഇങ്ങോട്ട് കയറി വരാന്‍ പാടില്ലാത്തത് കൊണ്ടാണ് വരാത്തത്'
' ഞാനിതാ വരുന്നു.. കുട്ടിയെ കണ്ടിട്ട് നാളെത്രയായി'
പത്മനാഭന്‍ ഭട്ടതിരി പ്രസന്നതതയോടെ അകത്തേക്ക് പോയി.
പണ്ടൊക്കെയായിരുന്നെങ്കില്‍ ആ വരവിന്റെ ഉദ്ദേശ്യം കൂടി മനസില്‍ തെളിയുമായിരുന്നു.
ഇപ്പോള്‍ ശ്രമിച്ചിട്ടും കഴിയുന്നില്ല.
എങ്കിലും അതത്ര നല്ലതിനല്ല എന്ന് ആറാമിന്ദ്രിയം സൂചിപ്പിച്ചു.
പടിപ്പുരയില്‍ നിന്നും ഒരിക്കല്‍ കൂടി മണിമുഴക്കം കേട്ടു.
രുദ്ര പടികള്‍ ഓടിയിറങ്ങി ചെന്നു.
പ്രതീക്ഷിച്ചത് പോലെ വേദവ്യാസായിരുന്നു.
ദൂരെ നിന്നും അയാള്‍ ധരിച്ച കാഷായ നിറമുള്ള ജൂബയും മുണ്ടും കണ്ടു.
അടുത്തു വരും തോറും ഒരു സന്യാസിയുടെ സാമ്യത.
രുദ്രയ്ക്ക് ചിരി വന്നു.
അവളെ കണ്ട് ആ കണ്ണുകളും തിളങ്ങി
' ഇതാര്.. ദേവീക്ഷേത്രത്തില്‍ നിന്നും പ്രതിഷ്ഠ ഇങ്ങോട്ടിറങ്ങി പോന്ന്വോ'
വേദവ്യാസ് അവളെ നോക്കി ചിരിച്ചു.
രുദ്രയുടെ മുഖത്ത് ലജ്ജ പടര്‍ന്നു.
' വന്നാല്‍ മച്ചകത്തേക്ക് ചെല്ലാന്‍ വലിയമ്മാമ്മ പറഞ്ഞു ' അവള്‍ അറിയിച്ചു.
സംസാരം കേട്ട് ദുര്‍ഗ അവിടേക്ക് ചെന്നു. അവളെ കണ്ടതും വേദവ്യാസിന്റെ മുഖത്ത് അത്ഭുതം പ്രകടമായി
' ദുര്‍ഗ ഇവിടെയുണ്ടായിരുന്നോ'
അയാള്‍ ചോദിച്ചു
'എന്തിനാ പൂജയെന്നും പറഞ്ഞ് ഇനിയും തല്ലികൊല്ലാന്‍ ഉദ്ദേശ്യമുണ്ടോ'
മുഖം വീര്‍പ്പിച്ചു കൊണ്ടായിരുന്നു ദുര്‍ഗയുടെ ചോദ്യം.
' അതുശരി.. എന്നോടുള്ള വിരോധം ഇതുവരെ പോയിട്ടില്ലല്ലേ.. ' വേദവ്യാസും ചിരിച്ചു.
' അതൊരിക്കലും പോകില്ല.. ഇപ്പോള്‍ എന്റെ കൂടെ വന്നാല്‍ ഒരാളെ പരിചയപ്പെടുത്തിത്തരാം'
അവള്‍ ക്ഷണിച്ചു.
സ്വീകരണമുറിയില്‍ വലിയേടത്തെ പ്രൗഢിയും പഴമയും ആസ്വദിക്കുകയായിരുന്നു മഹേഷ്ബാലന്‍.
വെറുതെയല്ല ദേവദത്തന്‍ തന്നെ തുടക്കം മുതല്‍ എതിര്‍ത്തത്.
ഇവിടുത്തെ ചുറ്റുപാടുകളോട് ചേരേണ്ടവര്‍ തന്നെ ചേരുന്നതാകും അഭികാമ്യം.
ദുര്‍ഗയുടെയും രുദ്രയുടെയുമൊപ്പം അടുത്തേക്ക് വന്ന വേദവ്യാസിനെ കണ്ട് മഹേഷ് എഴുന്നേറ്റു.
' ഇതാണ് പുതിയ അതിഥി.. എന്റെ ഫ്രണ്ടാണ്.. മഹേഷ്ബാലന്‍'
ദുര്‍ഗ പരിചയപ്പെടുത്തി.
' ഇത് വേദവ്യാസ്.. കിഴക്കേടത്തില്ലത്തെ പുതിയ മാന്ത്രികനാണ്..'
ദുര്‍ഗ ഒന്നു ഇരുത്തിപ്പറഞ്ഞു .
വേദവ്യാസ് ചിരിയോടെ അവനു നേരെ ഹസ്തദാനത്തിനായി കൈ നീട്ടി.
' എനിക്ക് മാന്ത്രികനൊന്നുമാകണ്ട മഹേഷ്.. ഞാനൊരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്.. ഇപ്പോള്‍ ജോലി ചെയ്യുന്നത് അശ്വതി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍..'
രണ്ടുപേരും സോഫയില്‍ അടുത്തടുത്തിരുന്നു.
' ഞാന്‍ മഹേഷ് ബാലന്‍.. ഡോ്ക്ടറാണ്..കാര്‍ഡിയോളജിസ്റ്റ്.. ജില്ല ജനറല്‍ ആശുപത്രിയിലാണ് ഇപ്പോള്‍'
മഹേഷ് തന്നെ പരിചയപ്പെടുത്തി.
' അതെന്തുപറ്റി സര്‍ക്കാര്‍ സര്‍വീസില്‍.. കൊത്തിക്കൊണ്ടു പോകാന്‍ പ്രൈവറ്റ് ഹോസ്പിറ്റലൊന്നും വന്നില്ലേ'
സൗഹൃദത്തോടെ വേദവ്യാസ് തിരക്കി
' എനിക്കത് വേണ്ട.. പാവപ്പെട്ട രോഗികള്‍ക്കു വേണ്ടി നിലകൊള്ളുന്നതിലെ ഒരു സന്തോഷമുണ്ടല്ലോ.. അതിനോടാണ് താത്പര്യം'
വേദവ്യാസിന്റെ കണ്ണുകളില്‍ ബഹുമാനം നിറഞ്ഞു.
' ദുര്‍ഗയുടെ ഫ്രണ്ടാണെന്ന് പറഞ്ഞത് കള്ളം.. ദുര്‍ഗയെ പ്രണയിക്കുന്നു അല്ലേ.. '
വേദവ്യാസിന്റെ ചോദ്യം രുദ്രയെയും മഹേഷിനെയും ഒരുപോലെ ഞെട്ടിച്ചു.
' നിങ്ങള്‍ ഡോക്ടര്‍മാര്‍ക്ക ദഹിക്കില്ല.. എങ്കിലും മുഖം നോക്കി മനസ് പഠിക്കാനുള്ള ചെറിയൊരു സിദ്ധി എനിക്കുമുണ്ട്.. പാരമ്പര്യമായി കൈവന്നതാവാം'
വേദവ്യാസ് ചിരിച്ചു
' ദുര്‍ഗയുടെ നിര്‍ബന്ധം കൊണ്ട് വന്നതാണല്ലേ.. ദേവനോടും വലിയമ്മാമ്മയോടും കാര്യങ്ങളൊക്കെ അവതരിപ്പിക്കാന്‍'
മഹേഷ്ബാലന്‍ ആദരവോടെ വേദവ്യാസിന് മുന്നില്‍ സ്തബ്ധനായി ഇരുന്നു.
' ശരി.. ദേവദത്തന്‍ വരട്ടെ.. നമുക്കെല്ലാം സംസാരിച്ച് ശരിയാക്കാം.. ഞാനിപ്പോള്‍ വലിയേടത്തെ ഒന്നു കാണട്ടെ'
അവരെ നോക്കി ചിരിച്ചു കൊണ്ട് വേദവ്യാസ് എഴുന്നേറ്റു.
എന്നിട്ട് ഗോവണി കയറി മച്ചകത്തേക്ക് പോയി.
അവിശ്വസനീയതയോടെ രുദ്ര മഹേഷിനെയും ദുര്‍ഗയേയും മാറിമാറി നോക്കി.
അനിയത്തിയ്ക്ക് ഇ്ങ്ങനെ ഒരു രഹസ്യമുണ്ടായിരുന്നുവെന്നത് രുദ്രയ്ക്ക് ഒട്ടും ദഹിക്കുന്നുണ്ടായിരുന്നില്ല.
എന്നാല്‍ മഹേഷ് ബാലനെ അവള്‍ക്ക് നന്നായി ഇഷ്ടമാകുകയും ചെയ്തു.
ദുര്‍ഗയ്ക്ക് നന്നേ ചേര്‍ച്ചയുള്ളൊരാള്‍.
' രുദ്രക്കുട്ടീ' ദുര്‍ഗ അവളുടെ ചുമലില്‍ കൈവെച്ചു കൊഞ്ചി.
' വേദവ്യാസ് പറഞ്ഞത് സത്യാണ്.. ഞാനിത് നേരത്തെ ഏട്ടനോട് സൂചിപ്പിച്ചിരുന്നു.. പക്ഷേ ദത്തേട്ടന്‍ ഒരു തരത്തിലും സമ്മതിച്ചില്ല.. അതോടെ എല്ലാം വേണ്ടെന്ന് വെച്ചു. കുറേ ദിവസം അങ്ങനെ കടന്നു പോയി. പക്ഷെ.. ഇനി വയ്യ.. മഹിയേട്ടനെ എനിക്ക് മറക്കാന്‍ പറ്റില്ലെന്ന് ദത്തേട്ടനോട് പറയാന്‍ തന്നെയാ ഞാന്‍ വന്നത്. എന്തു ശിക്ഷയും സ്വീകരിക്കാന്‍ ഞാന്‍ തയാറാ.. പടിയടച്ച് പിണ്ഢം വെക്കണംന്നാണെങ്കില്‍ അതുമാവാം'
ദുര്‍ഗയുടെ വാക്കുകള്‍ ഇടറിപ്പോയി.
ഗോവണി കയറുകയായിരുന്ന വേദവ്യാസിന്റെ കാതില്‍ ആ വാക്കുകള്‍ വീണു.
സന്തോഷമല്ല മ്ലാനതയായിരുന്നു അയാളുടെ മുഖത്ത്.
മുഖമൊന്നു കുടഞ്ഞു കൊണ്ട് അയാള്‍ മച്ചകത്തേക്ക് കയറിച്ചെന്നു.
ദേവപ്രീതിയ്ക്കുള്ള പൂജയുടെ അവസാന ഘട്ടത്തിലായിരുന്നു ഭട്ടതിരി.
നെയ്യും ഹവിസും അര്‍പ്പിച്ച് നൂറ്റൊന്നാവര്‍ത്തി മ്ന്ത്രം ചൊല്ലണം.
അത് ചൊല്ലി്‌ക്കൊടുക്കേണ്ടത് പരികര്‍മ്മിയാണ്.
കൃത്യം അതേ സമയത്ത് തന്നെ സമീപം കാലൊച്ച കേട്ട് അയാള്‍ കണ്ണു തുറന്നു.
വേദവ്യാസ്.
ഭട്ടതിരിയുടെ മുഖം അഭിമാനം കൊണ്ട് വികസിച്ചു.
' ഇരിക്യാ'
അയാള്‍ ക്ഷണിച്ചു
വലിയേടത്തിന് അഭിമുഖമായി വേദവ്യാസ് ചമ്രം പടിഞ്ഞിരുന്നു.
' ഗണേശ മന്ത്രത്തില്‍ തുടങ്ങാം.. വിഘ്‌നമകലണം ആദ്യം'
വലിയേടത്ത് പറഞ്ഞു.
' ഗജാനനം ഭൂതഗണാദി സേവിതം
കപിത്ഥ ജംബുഫലസാരഭക്ഷിതം
ഉമാസുതം ശോക വിനാശകാരണം
നമാമി വിഘ്‌നേശ്വര പാദപങ്കജം'
വേദവ്യാസ് താളക്രമത്തില്‍ ചൊല്ലിക്കൊടുത്തു.
നൂറ്റൊന്ന് മന്ത്രങ്ങള്‍ ആവര്‍ത്തിച്ചു ചൊല്ലി എല്ലാ കര്‍മ്മങ്ങളും സമയാംവിധം തീര്‍ത്ത് വലിയേടത്ത് ഭട്ടതിരി ഗോവണി പടികളിറങ്ങി.
വേദവ്യാസിന് അടുത്ത പൂജയ്ക്കുള്ള വകകള്‍ ഒരുക്കേണ്ട തിരക്കുണ്ടായിരുന്നു.
'വലിയമ്മാമ്മേ..' പടികളിറങ്ങുന്ന അദ്ദേഹത്തിന്റെ കൈകളില്‍ ദുര്‍ഗ ഓടിച്ചെന്ന് പിടിച്ചു.
' സഹായം ആവശ്യായി വന്നിട്ടില്ല'
ചിരിയോടെ വലിയേടത്ത് ഭട്ടതിരി അവളുടെ കവിളില്‍ തട്ടി.
' എന്തേ ഇവിടുത്തേക്ക് ഓടിപ്പോന്നത്.. കൂട്ടുകാരനെവിടെ..'
' കൂട്ടുകാരന്‍ എന്നു തന്നെ വലിയമ്മാമ്മ ഉറപ്പിച്ചോ' കുസൃതിയോടെ ദുര്‍ഗ അയാളെ നോക്കി.
' പൂര്‍ണമായും സിദ്ധികളൊന്നും കൈമോശം വന്നിട്ടില്ലെന്ന് വച്ചോളൂ തങ്കം' അയാള്‍ ചിരിച്ചു.
അവള്‍ക്ക് പിന്നില്‍ ഭയഭക്തി ബഹുമാനത്തോടെ വന്നു നിന്ന മഹേഷ് ബാലനെ ഭട്ടതിരി ഒന്നിരുത്തി നോക്കി.
' എന്താ പേര്'
അയാള്‍ തിരക്കി
' മഹേഷ് ബാലന്‍' ദുര്‍ഗയാണ് മറുപടി നല്‍കിയത്.
' ങാ.. സംസാരം ദത്തന്‍ വന്നിട്ടാവാം.. നിന്നെ കാണാന്‍ കൊതിച്ചതേയുള്ളു തങ്കം.. നീ അപ്പോഴേക്കും എത്തിയല്ലോ.. ഇവിടിരിക്ക്.. വലിയമ്മാമ്മ ഒന്ന് ദേഹശുദ്ധി വരുത്തിയിട്ട് വരാം'
വലിയേടത്ത് ഭട്ടതിരി കുളപ്പടവ് ലക്ഷ്യമാക്കി നടന്നു പോയി
ആ ആകാര സൗഷ്ഠവത്തിലും പ്രൗഢിയിലും അമ്പരന്ന് നില്‍ക്കുകയായിരുന്നു മഹേഷ് ബാലന്‍.
' എന്റെ കൂടെ ചാടിയിറങ്ങി വരേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ'
ദുര്‍ഗ അവനെ നോക്കി മന്ദഹാസത്തോടെ തിരക്കി.
' ഇല്ല.. എന്താ നീയും പഠിച്ചോ മന്ത്രവാദം'
അവളെ നോക്കി മഹേഷ് ബാലന്‍ അത്ഭുതം ഭാവിച്ചു.
' വന്നതില്‍ എനിക്കിപ്പോഴും ഒരു തെറ്റും തോന്നുന്നില്ല.. ഈ മാന്ത്രികരൊക്കെ കൂടി എന്നെ ശപിച്ച് ഭസ്മമാക്കാതിരുന്നാല്‍ മതിയായിരുന്നു.'
അവന്റെ പറച്ചില്‍ കേട്ട് ദുര്‍ഗയ്ക്കും ചിരിവന്നു.
' നിനക്കെങ്ങനെ ഇത്ര കൂളായിരിക്കാന്‍ പറ്റുന്നു ദുര്‍ഗാ' മഹേഷ് അത്ഭുതത്തോടെ അവളെ നോക്കി.
' എനിക്ക് മുന്നില്‍ രണ്ടേരണ്ടു വഴികളേയുള്ളു മഹിയേട്ടാ.. ഒന്നുകില്‍ അകത്ത്.. അതല്ലെങ്കില്‍ പുറത്ത്.. രണ്ടില്‍ ഏതായാലും സ്വീകരിക്കേണ്ടി വരുമെന്ന് എനിക്കറിയാം'
' ദത്തേട്ടന്‍ വരുന്നുണ്ട്.'
രുദ്ര അവിടേക്കെത്തി.
അവളുടെ മുഖത്ത് ഭയം പ്രകടമായിരുന്നു.
' പവിത്രയും ചെറിയമ്മാമ്മയും കൂടെയുണ്ട്'
രുദ്ര വീണ്ടും പറഞ്ഞു
ദുര്‍ഗയ്ക്ക് ആശ്വാസം തോന്നി.
പറയാനുള്ളത് എല്ലാവരുടെയും മുന്നിലാകുന്നതാണ് നന്ന്.
ദേവദത്തനും ചെറിയമ്മാമ്മയും പവിത്രയും നടന്നു വരുന്നത് നോക്കി അവര്‍ ചുറ്റു വരാന്തയില്‍ നിന്നു
തൊട്ടടുത്ത് എത്തിയപ്പോഴാണ് ദേവദത്തന്‍ ദുര്‍ഗയെ കണ്ടത്.
' തങ്കം' വിശ്വസിക്കാനാവാത്ത ഒരു ഭാവം ആ മുഖത്ത് കണ്ടു. എന്നാല്‍ മുഖത്തെ സ്‌നേഹ ഭാവം മഹേഷ്ബാലനെ കണ്ടതോടെ പെട്ടന്ന് അണഞ്ഞു.
' മഹേഷ് എന്താ ഇവിടെ' തീര്‍ത്തും സൗമ്യത വിട്ടകന്ന ഭാവമായിരുന്നു അത്.
ഒറ്റമുണ്ടില്‍ മുഖം തുടച്ചു കൊണ്ട് പത്മനാഭന്‍ ഭട്ടതിരി കൂടി അവിടേക്കെത്തി.
' ദത്തേട്ടനോട് സംസാരിക്കാനുണ്ടായിരുന്നു.. ദുര്‍ഗയാണ് പറഞ്ഞത് ഇവിടേക്കു വരുന്നതാണ് നല്ലതെന്ന്'
മഹേഷ് പറഞ്ഞു.
അവന്റെ അക്ഷോഭ്യമായ ഭാവം കണ്ടതോടെ ദേവദത്തന്‍ തെല്ല് ശാന്തത കൈവരിച്ചു.
രംഗം അത്ര പന്തിയല്ലെന്ന് പവിത്രയും ശ്രീധരന്‍ ഭട്ടതിരിയും തിരിച്ചറിഞ്ഞിരുന്നു.
' കുട്ടാ.. ഇവര്‍ക്ക് സംസാരിക്കാനുണ്ടെങ്കില്‍ അതെന്താണെന്ന് കേള്‍ക്കുന്നതല്ലേ മര്യാദ.. പിന്നെ തങ്കം ക്ഷണിച്ചിട്ട് വന്ന ആളാണ്.. ആ മര്യാദ വേണ്ടേ സംസാരത്തിന്'
ശ്രീധരന്‍ ഭട്ടതിരി ചോദിച്ചു.
' ഇവിടെ വന്നിരിക്ക്യാ..' പതമനാഭന്‍ ഭട്ടതിരി സ്വീകരണ മുറിയിലേക്ക് ചൂണ്ടി അവരെ ക്ഷണിച്ചു.
' വരൂ മോനെ' ശ്രീധരന്‍ ഭട്ടതിരി മഹേഷിനെ വിളിച്ചു.
വലിയേടത്ത് ഭട്ടതിരി എല്ലാവര്‍ക്കും ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍ ചൂണ്ടിക്കാട്ടി.
അയാള്‍ക്ക് അഭിമുഖമായി മഹേഷ് ബാലനും ശ്രീധരന്‍ ഭട്ടതിരിയും ദേവദത്തനും ഇരുന്നു.
ദുര്‍ഗയും രുദ്രയും പവിത്രയും എല്ലാത്തിനും സാക്ഷികളായി അവര്‍ക്കു പിന്നില്‍ നിന്നു.
' ദത്തന്റെ ഭാവം കണ്ടാല്‍ അറിയാം തങ്കത്തിനും സുഹൃത്തിനും പറയാനുള്ളത് ഗൗരവമുള്ള കാര്യമാണെന്ന് ..അതെന്തായാലും പറയാം'
പത്മനാഭന്‍ ഭട്ടതിരി ജാഗ്രതയോടെ മഹേഷിനെ നോക്കി.
ക്ഷോഭം കൊണ്ട് തുടുത്ത മുഖമുയര്‍ത്തി ദേവദത്തന്‍ അവനെ നോക്കി.
മഹേഷ് പറയാനുളളതെന്താണെന്ന് ഏകദേശ ധാരണ അയാള്‍ക്കുണ്ടായിരുന്നു.
ദത്തന്റെ മുഖത്ത് നോക്കി ദുര്‍ഗയെ ആവശ്യപ്പെടാന്‍ ഒരു നിമിഷം മഹേഷ് ഒന്നുമടിച്ചു.
' ഞാന്‍ പറയാം' അതു തിരിച്ചറിഞ്ഞത് പോലെ ദുര്‍ഗ പെട്ടന്നു പറഞ്ഞു.
' ഞാന്‍ വിളിച്ചു കൊണ്ടു വന്നതാണ് മഹിയേട്ടനെ.. ഞങ്ങള്‍ സ്‌നേഹത്തിലാണ്. എന്നുവെച്ചാല്‍ ഒരിക്കലും പിരിയാനാവില്ല.. ദത്തേട്ടന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാം മറക്കാന്‍ ഞാന്‍ തയാറായതാണ്. പക്ഷേ.. സ്‌നേഹിച്ചു പോയി.'
ദുര്‍ഗ ഒന്നു തേങ്ങിപ്പോയി.
പവിത്ര സാന്ത്വന രൂപത്തില്‍ അവളുടെ ചുമലില്‍ കൈവെച്ചു.
അവള്‍ക്ക് മനസിലാകുന്നുണ്ടായിരുന്നു ദുര്‍ഗയുടെ മനസ്.
വൈശാഖിനെ ഇതുപോലെ മനയില്‍ വിളിച്ചു വരുത്തി പെണ്ണു ചോദിപ്പിക്കാുള്ള ധൈര്യം തനിക്കില്ലാതെ പോയി.
എല്ലാം ഇട്ടെറിഞ്ഞ് ആ കൂടെ ഇറങ്ങിപ്പോയത് അതു കൊണ്ടാണ്.
പക്ഷെ വലിയേടത്ത് മനയെ കരിവാരിതേച്ച് ഇറങ്ങിപ്പോയ തന്നോട് ഈശ്വരന്‍ പോലും ക്ഷമിച്ചില്ല.
എല്ലാവരുടെയും മനസ് വേദനിപ്പിച്ചതിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചു.
വെള്ള വസ്ത്രമുടുത്ത് നടക്കേണ്ട ഗതികേടാണ് പരദേവതമാര്‍ നല്‍കിയത്.
ഇവിടെ ദുര്‍ഗ ചെയ്യുന്നതിന് നീതീകരണമുണ്ടെന്ന് അവള്‍ക്ക് തോന്നി.
ഒന്നും ആരോടും മറച്ചുവെക്കാന്‍ അവള്‍ തയാറല്ല.
ദുര്‍ഗയുടെ വാക്കുകളേല്‍പിച്ച ആഘാതത്തിലായിരുന്നു എല്ലാവരും.
ഒടുവില്‍ പത്മനാഭന്‍ ഭട്ടതിരി മൗനം ഭഞ്ജിച്ചു.
' കുട്ടന്‍ കേട്ടില്ലേ അനിയത്തി പറഞ്ഞത്.'
അയാള്‍ ദേവദത്തനെ നോക്കി.
' എനിക്കിതറിയാമായിരുന്നു.. ഞാന്‍ വാണിംഗ് ചെയ്തിരുന്നു. അതു ലംഘിച്ച് എന്റെ അനിയത്തി പ്രവര്‍ത്തിക്കുന്നെങ്കില്‍ അത് ഞാന്‍ അനുവദിക്കില്ല'
ആജന്മ ശത്രുവിനെ പോലെ ദേവദത്തന്‍ മഹേഷ് ബാലനെ നോക്കി.
' അവള്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എനിക്കവളെ ഉപേക്ഷിക്കാന്‍ കഴിയില്ല ദത്തേട്ടാ'
അതേ ഭാവത്തില്‍ തന്നെയായിരുന്നു മഹേഷ് ബാലന്റെ മറുപടി.
വാക്കുകളിലെ ആ ഉറപ്പ് പത്മനാഭന്‍ ഭട്ടതിരി ശ്രദ്ധിച്ചു.
' അവള്‍ പിന്‍മാറിയതാണ്.. അതിന് ഞാന്‍ സമ്മതിച്ചതുമാണ്.. പക്ഷേ.. അവള്‍ക്കെന്നെ വേണമെന്നുണ്ടെങ്കില്‍ എനിക്ക് അവള്‍ക്കൊപ്പം നിന്നേ പറ്റൂ'
ശ്രീധരന്‍ ഭട്ടതിരി നിസഹായനായി ജ്യേഷ്ഠനെ നോക്കി.
അയാളും ഒരു പ്രതിസന്ധിയില്‍ അകപ്പെട്ട അവസ്ഥയിലായിരുന്നു.
' എന്നില്‍ എന്താണൊരു കുറവെന്ന് ദത്തേട്ടന്‍ പറയണം.. ജാതി ഒന്നല്ലാത്തതു കൊണ്ടാണോ.. പൂജയോ മന്ത്രവാദമോ അറിയാത്തതു കൊണ്ടാണോ.. എന്താണ് ദത്തേട്ടന്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.'
ശാന്തമായാണ് മഹേഷ് ബാലന്‍ ദേവദത്തനെ നോക്കിയത്.
ദേവദത്തന്റെ മുഖത്ത് പുച്ഛം നിറഞ്ഞു.
' നിന്നെ കുറിച്ച് ഞാന്‍ അന്വേഷിച്ചിരുന്നു. രവിമേനോന്റെ മകളുമായുള്ള വിവാഹനിശ്ചയത്തെ പറ്റി മഹേഷ് തങ്കത്തിനോട് ഇതുവരെ സംസാരിച്ചിട്ടുണ്ടോ'
മഹേഷ് ബാലന്‍ ഞെട്ടുമെന്നാണ് ദേവദത്തന്‍ കരുതിയത്.
എന്നാല്‍ അവന്‍ മന്ദഹസിക്കുകയാണ് ചെയ്തത്.
' ദത്തേട്ടന്‍ എന്നോട് ക്ഷമിക്കണം.. പറയാനിത്തിരി വൈകിപ്പോയിരുന്നു.. പക്ഷേ.. ഒന്നും മറച്ചു വെക്കാന്‍ ആഗ്രഹിച്ചിരുന്നില്ല.. അക്കാര്യത്തില്‍ മനസറിഞ്ഞ് ഞാനൊരു തെറ്റു ചെയ്തിട്ടില്ല'
' മതി' വലിയേടത്ത് ഭട്ടതിരി കൈയ്യെടുത്ത് വിലക്കി.
' തങ്കം മഹേഷിന്റെ കാര്യത്തില്‍ ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതിന് ഇളക്കം തട്ടില്ലെന്ന് എനിക്കറിയാം. പക്ഷെ ഇപ്പോള്‍ അവളുടെ ജീവിതത്തെ സംബന്ധിച്ച് പുതിയ ഒരു പദ്ധതിയും ഉണ്ടായിക്കൂടാ.. ദോഷ സമയമാണ്. അപൂര്‍വ ജന്മമാണ് തങ്കത്തിന്റേത്.. വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും മഹേഷ് അത് അംഗീകരിച്ചേ പറ്റൂ. ഇവിടുത്തെ പൂജകളൊക്കെ കഴിയട്ടെ.. എല്ലാ ദോഷവും തീരട്ടെ.. അതിന് ശേഷം മാത്രമേ എന്തിനെ കുറിച്ചും ഇനി തീരുമാനാമാകാവൂ'
ദേവദത്തനൊഴികെ ശ്രീധരന്‍ ഭട്ടതിരിയ്ക്കും പവിത്രയ്ക്കും രുദ്രയ്ക്കും മഹേഷ്ബാലനും ദുര്‍ഗയ്ക്കും സ്വീകാര്യമായിരുന്നു ആ വാക്കുകള്‍.
' വലിയമ്മാമ്മ ആലോചിച്ചിട്ടാണോ പറയുന്നത്'
ദേവദത്തന്‍ നീരസപ്പെട്ടു.
' അല്ലാതെ.. തങ്കത്തെ പടിയടച്ച് പിണ്ഢം വെക്കാന്‍ എനിക്ക് കഴിയില്ല.. ഉപേക്ഷിക്കാനും വയ്യ.. നിനക്കും അതങ്ങനെയല്ലേ.. ഈ നില്‍ക്കുന്ന പവിത്ര ഒളിച്ചോടിപ്പോയവളല്ലേ.. എന്നിട്ടും തിരിച്ചു വന്നപ്പോള്‍ നമ്മളെല്ലാവരും അവളെ സ്വീകരിച്ചില്ലേ.. വലിയേടത്താരും ക്രൂരന്‍മാരല്ല ദത്താ'
പവിത്രയുടെ പരാമര്‍ശം വന്നതോടെ ദേവദത്തന്‍ അടങ്ങി.
നോട്ടം അവള്‍ക്കു നേരെയായി
അവളുടെ വലിയ മിഴികള്‍ നിറഞ്ഞിരുന്നു.
ദേവദത്തന്റെ മനസ് പിടഞ്ഞു.
മഹേഷ് ബാലനും പവിത്രയെ ശ്രദ്ധിച്ചു.
വെളുത്ത വസ്ത്രമുടുത്ത് നില്‍ക്കുന്ന അവളൊരു ദേവാംഗനയാണെന്ന് തോന്നി.
അത്രയധികം സൗന്ദര്യമുള്ള ഒരു പെണ്‍കുട്ടിയെ നാളിത് വരെ താന്‍ കണ്ടിട്ടില്ലെന്നും.
കണ്ണു തുടച്ചു കൊണ്ട് പവിത്ര അകത്തേക്ക് പോയി.
ദുര്‍ഗയുടെ മുഖത്ത് നിലാവ് വീണ തെളിച്ചമുണ്ടായിരുന്നു.
' താങ്ക്‌സ വലിയമ്മാമ്മേ' അവള്‍ ചെന്ന് പത്മനാഭന്‍ ഭട്ടതിരിയുടെ കവിളിലൊരുമ്മ നല്‍കി.
' എന്റെ ദോഷകാലമൊക്കെ തീര്‍ന്നിട്ട് ആലോചിച്ചാല്‍ മതി.. എത്രകാലം വേണമെങ്കിലും നിങ്ങളുടെ അനുവാദത്തിന് വേണ്ടി കാത്തിരിക്കാന്‍ എനിക്ക് സമ്മതമാണ്.. '
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കണ്ണീര്‍ തുടച്ച് ദുര്‍ഗ ദേവദത്തനെ നോക്കി.
' ദത്തേട്ടനെ ഞാന്‍ ധിക്കരിച്ചതല്ല.. എന്നെ വെറുക്കരുത്.. '
രുദ്രയും മിഴികള്‍ തുടച്ചു.
ദേവദത്തന്‍ അവളെ ശ്രദ്ധിക്കാതെ നോട്ടം മാറ്റി.
പിന്നെ എഴുന്നേറ്റ് അകത്തേക്ക് മറഞ്ഞു.
' പോകാം' ദുര്‍ഗ മഹേഷ് ബാലനെ നോക്കി.
' പോട്ടെ.. ' മഹേഷ് ബാലന്‍ യാത്രപറയുന്ന ഭാവത്തില്‍ എല്ലാവരെയും നോക്കി.
പിന്നെ എഴുന്നേറ്റു.
ദുര്‍ഗ അവളുടെ ബാഗുമായി വന്നു.
അവള്‍ വലിയമ്മാമ്മയുടെയും ശ്രീധരന്‍ ഭട്ടതിരിയുടെയും കാലുകള്‍ തൊട്ട് നമസ്‌കരിച്ചു.
വലിയമ്മാമ്മയോട് യാത്രപറയാനുള്ള ധൈര്യം അവളില്‍ ശേഷിച്ചിരുന്നില്ല.
' പോട്ടെ ചെറിയമ്മാമ്മേ ' അവള്‍ ശ്രീധരന്‍ ഭട്ടതിരിയുടെ കൈപിടിച്ച് വിങ്ങി.
' പോയിട്ടുവാ തങ്കം.. നിനക്ക് നല്ലതേ വരൂ'
അയാള്‍ തന്റെ വലത് കൈ അവളുടെ ശിരസില്‍ വെച്ച് അനുഗ്രഹിച്ചു.
' പോട്ടെ..രുദ്രക്കുട്ടീ.. ആ പാവം പവിയേട്ടത്തിയോട് തല്ലുണ്ടാക്കരുത്'
ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് ദുര്‍ഗ മഹേഷ് ബാലന്റെയൊപ്പം പടിയിറങ്ങി.
' ഒരു മിനിറ്റ്'
പിന്നില്‍ നിന്നും വേദവ്യാസിന്റെ ശബ്ദം കേട്ടു.
ഗോവണി പടികളിറങ്ങി വേഗത്തില്‍ വരികയായിരുന്നു വേദവ്യാസ്.
' കൂടെ കൂടിയതിനെ അത്രയ്ക്കങ്ങട് വിശ്വസിക്കരുത്.. '
മഹേഷ് ബാലന് കേള്‍ക്കാന്‍ സാധിക്കാത്ത വിധം ശബ്ദം താഴ്ത്തിയാണ് വേദവ്യാസ് പറഞ്ഞത്.
' അരൂപികളും മനുഷ്യരും തമ്മിലുള്ള ബന്ധം ആപത്തിലേ കലാശിക്കൂ.. മനസിലാവുന്നുണ്ടോ ദുര്‍ഗയ്ക്ക്'
ദുര്‍ഗയുടെ ദേഹം കിലുകിലെ വിറച്ചു പോയി.
വേദവ്യാസ് ആ സത്യം മനസിലാക്കിയെന്നോ.
മുഖമുയര്‍ത്തി അയാളെ നോക്കാനുണ്ടായ ധൈര്യം അവള്‍ക്കുണ്ടായില്ല.
' മച്ചകത്തെ കെടാവിളക്ക് അണച്ചു കളയാന്‍ മാത്രം ശക്ത.. അതുവഴി കുറേനാള്‍ക്കെങ്കിലും വലിയേടത്തിന്റെയും ദേവന്റെയും സിദ്ധികള്‍ കൈമോശം വരുത്തിയ ബുദ്ധിമതി.. ഇനിയൊരു ചുവട് വെക്കണമെങ്കില്‍ വലിയേടത്തിനേ സാധിക്കൂ.. അതിന് മുമ്പ് ഒന്നും ഞാന്‍ സൂചിപ്പിക്കുന്നില്ല.. ആരോടും.. പക്ഷേ.. സൂക്ഷിച്ചേ മതിയാവൂ.. '
വേദവ്യാസ് തിരിഞ്ഞ് നടന്നു പോയി
ഗോവണിയില്‍ അയാളുടെ കാലൊച്ച അവസാനിക്കുന്ന ശബ്ദം പോലും ദുര്‍ഗ കേട്ടു.
മഹേഷ് ബാലന്റെ കൈ പിടിച്ച് അവള്‍ മുന്നോട്ട് നടന്നു.
...................തുടരും..........
കഴിഞ്ഞ ചാപ്റ്ററുകൾ എല്ലാം ഈ ലിങ്കിൽ വായിക്കാം.
Written by 
Shyni John

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo