Slider

നിഴലായ്‌ മാത്രം. - Part 24

0

അധ്യായം - 24
കോളജിലേക്ക് പോകാൻ തിരക്കിട്ട് ഒരുങ്ങുകയാണ് നേഹയും ജാസ്മിനും സ്വാതിയും
ദുർഗ മാത്രം അതുവരെ ഇല്ലാത്തൊരു അലസത യോടെയാണ് ഓരോ പണികളും തീർക്കുന്നത്.
കുളിക്കാൻ തന്നെ മുക്കാൽ മണിക്കൂറെടുത്തു.
ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് വരാനും വൈകി.
"നീയെന്തു നോക്കി നിൽക്കുകയാ ദുർഗേ ഇന്നെന്താ വരുന്നില്ലേ "
ഇടയ്ക്ക് സ്വാതി അത്ഭുതപ്പെട്ടു.
" വരുന്നുണ്ട്.. ഞാൻ റെഡിയാകുന്നത് കണ്ടില്ലേ.. "
ദുർഗ എന്തിനെന്നറിയാതെ ദേഷ്യപ്പെട്ടതോടെ സ്വാതിയുടെ മുഖം മങ്ങി.
ജാസ്മിൻ അർഥഗർഭമായി നേഹയെ നോക്കി.
അലമാരയിൽ നിന്നും ഒരു തൂവെള്ള ചുരിദാറെടുത്ത് ദുർഗ അയൺ ചെയ്യാൻ തുടങ്ങി.
"ഞാൻ താഴെയുണ്ടാവും ട്ടോ... നിങ്ങൾ വാ.."
സ്വാതി ബാഗുമെടുത്ത് താഴേക്ക് പോയി.
"ദുർഗേ വേഗം വേണം.. നോക്ക് ഒമ്പതു മണിയായി "നേഹ വാച്ചിൽ നോക്കിക്കൊണ്ട് തിരക്കുകൂട്ടി.
"നീയിന്ന് കോളജിൽ വരുന്നില്ലങ്കിൽ അത് പറയ്.. ഞങ്ങൾ വെറുതേ ടൈം കളയണ്ടല്ലോ.. പക്ഷേ ഒരു കാര്യം... നീയിന്ന് ലീവെടുത്താൽ ഞാനത് ദത്തേട്ടനെ വിളിച്ച് പറയും."
ജാസ്മിന്റെ ഭീഷണിയിൽ ദുർഗയുടെ മുഖം വിളറി.
"ഞാൻ മേക്കപ്പ് ചെയ്തു തീരുമ്പോഴേക്കും നീ റെഡിയായിട്ടുണ്ടാകണം"
നേഹ ഡ്രെസിംഗ് ടേബിളിന് മുന്നിലിരുന്ന ഐ ലൈനർ എടുത്തു തിരിഞ്ഞതും ദുർഗയുടെ ദേഹത്ത് കൂട്ടിയിടിച്ചതും ഒന്നിച്ചായിരുന്നു.നേഹയുടെ കൈയ്യിൽ നിന്നും ഐ ലൈനർ ബോട്ടിൽ തെറിച്ച് പോയി വീണത് ദുർഗ അയൺ ചെയ്തു കൊണ്ടിരുന്ന ചുരിദാറിലേക്ക് .
വെളുത്ത ടോപ്പ് മുഴുവൻ കരി പടർന്നു.
"നേഹ നീ എന്തായീ ചെയ്തത് "
ദുർഗ കലി കൊണ്ട ഭദ്രകാളിയെ പോലെ അവൾക്ക് നേരെ തിരിഞ്ഞു.ആ ഭാവമാറ്റം കണ്ട് നേഹ പകച്ചു പോയി.
"മഹിയേട്ടൻ എനിക്ക് വാങ്ങി തന്ന പുതിയ ചുരിദാറാണത്. ഇതു വരെ ഞാനതിട്ടിട്ടു കൂടിയില്ല. നശിപ്പിച്ചില്ലേ. "
ദുർഗയുടെ കോപം കണ്ട് ജാസ്മിനും പതറി.
" അത് വാഷ് ചെയ്താൽ പോകും ദുർഗ .. " ജാസ്മിൻ സമാധാനിപ്പിച്ചു
" ആണോ... എന്നാലിതാ .. കൊണ്ടുപോയി വാഷ് ചെയ്യ്.. ഇതിട്ടേ ഞാൻ വരുന്നുള്ളു. "
ദുർഗ അത് ചുരുട്ടിക്കൂട്ടി ജാസ്മിന് നേരെ എറിഞ്ഞു.
ജാസ്മിനും ദേഷ്യം വന്നു.
"ഒന്നു പോടീ.. നിന്റെ സർവെന്റല്ല ഞാൻ... നീയെന്താന്ന് വെച്ചാൽ ചെയ്യ്... ഞാൻ പോണു.. വാ നേഹേ".
ജാസ്മിൻ നേഹയുടെ കൈ പിടിച്ചു
രണ്ടു പേരും മുറി വിട്ടു പോയതോടെ ദുർഗ ഒറ്റപ്പെട്ടവളെ പോലെ നിന്നു.
നേഹയും ജാസ്മിനും താഴേക്ക് ചെന്നു. ചെടികൾക്ക് വെള്ളമൊഴിച്ചു കൊണ്ട് ഊർമിള മുറ്റത്ത് നിൽപ്പുണ്ടായിരുന്നു.
"സ്വാതിയെവിടെ ഊർമിളാൻറീ"
ജാസ്മിൻ ചോദിച്ചു.
" രവിയങ്കിൾ ആ വഴിയാ മോളേ പോകുന്നത്. അത് കേട്ടപ്പോൾ അവളും കാറിൽ കയറിപ്പോയി. സ്കൂട്ടി നേഹയോട് എടുത്തോളാൻ പറഞ്ഞു. എന്താ പിണങ്ങിയാണോ പോയത്.മുഖം വീർപ്പിച്ചിട്ടുണ്ടായിരുന്നല്ലോ " ഊർമിള ചിരിയോടെ അവരെ നോക്കി.
"ആ ദുർഗയ്ക്ക് ഭ്രാന്തു പിടിച്ചു ആന്റീ... അവൾ സ്വാതിയോട് ദേഷ്യപ്പെട്ടു. അതാ അവൾ പിണങ്ങിപ്പോന്നത്. ഞങ്ങളേയും കൊല്ലാൻ വന്നു. പോവാ.. അവൾ എപ്പോൾ വേണമെങ്കിലും വരട്ടെ ".
ജാസ്മിൻ സ്വാതിയുടെ സ് കൂട്ടിയെടുത്തു.
അവർ പോകുന്നത് നോക്കി ഊർമിള സംശയത്തോടെ നിന്നു.
ദുർഗ എന്തിനാണ് അവരോടൊക്കെ ദേഷ്യപ്പെടുന്നത്. ഒരു ഞെട്ടിലെ നാല് പൂക്കൾ പോലെ നടന്നിട്ട് ....
ദുർഗയെ ചുറ്റിപ്പറ്റി എന്തൊക്കെയോ ദുരൂഹതയുണ്ടെന്ന് അവരുടെ മനസ് പറഞ്ഞു.
സ്കൂട്ടി വിയ്യൂർ റോഡിലേക്ക് കയറിയപ്പോൾ ജാസ്മിൻ അത് റോഡിനരികിലേക്ക് ഒതുക്കി നിർത്തി.
"നീയിറങ്ങ്". ജാസ്മിൻ നേഹയോട് പറഞ്ഞു.
നേഹ അമ്പരന്നു നോക്കി.
" കാര്യമുണ്ട്.. അവൾ എന്തോ ഒരു പ്ലാനിട്ടിട്ടുണ്ട്. അതിനാണ് ഈ ദേഷ്യപ്പെടൽ.. അവൾ ഇന്ന് കോളജിൽ വരില്ല.. അവൾക്കെന്തോ ഉദ്ദേശ്യമുണ്ട്. അത് കണ്ടെത്തണം."
"നീ പറഞ്ഞത് ശരിയാണ്". നേഹ വണ്ടിയിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് ചെന്നു.
" ഐ ലൈനർ ഞാനല്ല തട്ടിയിട്ടത്. അവൾ മന:പൂർവം എന്നെ വന്ന് തട്ടിയതാണെന്നാ എനിക്ക് തോന്നുന്നത്‌."
"ഞാനത് കണ്ടു. അതു തന്നെയാ എനിക്കും സംശയമുണ്ടാക്കിയത് ".
ജാസ്മിൻ സ്കൂട്ടി പെട്ടന്നൊന്നും കണ്ണിൽ പെടാത്ത രീതിയിൽ ഒതുക്കി. രണ്ടു പേരും ഒരു ബിൽഡിംഗിന്റെ മറവിലേക്ക് നീങ്ങി നിന്നു.
"ഒരു കണക്കിന് സ്വാതി പിണങ്ങിപ്പോയത് നന്നായി "നേഹ പറഞ്ഞു.
അര മണിക്കൂറോളം രണ്ടു പേരും അവിടെ നിന്നു.
അപ്പോൾ ദുർഗ അവിടേക്ക് സ്കൂട്ടിയിൽ വന്നിറങ്ങി .
റോഡരികിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നിടത്ത് അത് ഒതുക്കി വെക്കുന്നത് ജാസ്മിനും നേഹയും കണ്ടു.
അവളുടെ മുഖത്ത് പരിഭ്രമം പ്രകടമായിരുന്നു.
രണ്ടു മിനിറ്റിനുള്ളിൽ അഭിഷേകിന്റെ കാർ അവിടേക്ക് വന്നു നിന്നു.
ജാസ്മിനും നേഹയും ഞെട്ടിപ്പോയി.
അവർ നോക്കി നിൽക്കേ അതിന്റെ ഫ്രണ്ട് ഡോർ തുറന്ന് ദുർഗ അകത്തു കയറി.കാർ അവരെ കടന്ന് മിന്നൽ പോലെ പാഞ്ഞു പോയി.
നേഹ വിറച്ചുകൊണ്ട് ജാസ്മിനെ നോക്കി
"എന്താടീ ജാസ് ഇത്.. അവൾ മഹിയേട്ടനെ ... "
"എനിക്കൊന്നുമറിയില്ല നേഹാ .. അന്ന് രാത്രി എന്തിന് അവൾ ആ പിശാചിന്റെ റൂമിൽ പോയെന്ന് ചോദിച്ചിട്ട് ഒറ്റ യക്ഷരം പറഞ്ഞിട്ടില്ല അവൾ... "
ജാസ്മിൻ ഓടിച്ചെന്ന് സ്കൂട്ടിയിൽ കയറി
നേഹയും .
" ഞാനിത് പ്രതീക്ഷിച്ചു ന്നു നേഹാ .ഇന്നോടെ ഈ കള്ളക്കളി അവസാനിക്കണം. മഹിയേട്ടൻ ഒരിക്കൽ കൂടി വഞ്ചിക്കപ്പെടരുത് "
ജാസ്മിൻ അഭിഷേകിന്റെ കാർ പോയ ഭാഗത്തേക്ക് സ്കൂട്ടി പറത്തി. കുറേ നേരം മുന്നോട്ടു പോയപ്പോൾ ദൂരെ ഒരു പൊട്ടു പോലെ അവർ ആ കാർ കണ്ടു.
...... ...... .......
ആനന്ദനടനം ആടുവാന്‍..
ഭരതനാട്യത്തിന്റെ നൃത്തമുദ്രകള്‍ അവര്‍ണനീയ മനോഹരമായിരുന്നു.
ഓരോ ചുവടും കമനീയം.
ാെരുവില്‍ നമസ്‌കാരത്തോടെ പവിത്ര നൃത്തം അവസാനിച്ചപ്പോള്‍ കലാമണ്ഡലം പാര്‍വതി നമ്പ്യാര്‍ കൈയ്യടികളോടെ എഴുന്നേറ്റു.
തലേന്നാള്‍ ക്ഷേത്രത്തില്‍ വെച്ച്‌ പവിത്രയെ കണ്ടപ്പോള്‍ തന്നെ അവരുടെ മനസ്‌ നിറഞ്ഞിരുന്നു.
ഇന്ന്‌ വലിയേടത്തെ തളത്തില്‍ അവള്‍ ലാസ്യഭംഗിയുമായി നിറഞ്ഞാടി.
" മതി.. എനിക്കിവള്‍ മതി"
അവരുടെ മുഖത്ത്‌ പൂത്തിരി കത്തിച്ച ഭാവമായിരുന്നു.
" വലിയേടത്ത്‌ എതിരൊന്നും പറയരുത്‌... പവിത്രയെ എന്റെ കൂടെ യു.എസിലേക്ക്‌ പറഞ്ഞയക്കണം. ഒരു പോറല്‍ പോലും പറ്റാതെ ഞാനിവിടെ കൊണ്ടു വന്നു തിരിച്ചേല്‍പിക്കും അവളെ.."
" അമേരിക്കയിലേക്കോ..." പവിത്ര ഞെട്ടിപ്പോയി.
" അതേ പവിത്രാ.. എന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു രമായണത്തിലെ ഊര്‍മിളയുടെ ജീവിതം അവതരിപ്പിപ്പിക്കുന്ന ഒരു ഭരതനാട്യ നൃത്തശില്‍പ്പം... എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരികയായിരുന്നു. ഒരു മാസം കൂടിയേയുള്ളു യു.എസിലെ ക്ഷണിക്കപ്പെട്ട സദസിന്‌ മുന്നില്‍ അത്‌ അരങ്ങേറാന്‍.. ആറുപേരടങ്ങുന്ന ഒരു നൃത്ത ശില്‍പമായിരുന്നു ഞാനൊരുക്കിയത്‌. അതില്‍ സീതയായി വേഷമിടുന്ന കുട്ടിയ്‌ക്ക്‌ ഇപ്പോള്‍ വരാനാവില്ലത്രേ. അവള്‍ പ്രഗ്നന്റാണ്‌. ആറേഴു വര്‍ഷം കാത്തിരുന്നിട്ടാണ്‌ അവള്‍ ഗര്‍ഭിണിയാകുന്നത്‌. കുറ്റം പറയാന്‍ പറ്റുമോ.. ചുരുങ്ങിയ ദിവസം കൊണ്ട്‌ അത്രയേറെ പ്രാഗല്‍ഭ്യമുള്ള ഒരാളെ കിട്ടണം.. അതിന്‌ വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു ഞാന്‍... വെറുതേയൊരു നര്‍ത്തകി പോരാ.. അവള്‍ക്ക്‌ കഴിവു വേണം.. സീതയേ പോലെ ആകാരഭംഗി വേണം.. എത്ര പേരെ നോക്കീന്നറിയാമോ.. എന്റെ കാലുവെന്ത ഓട്ടം കണ്ടിട്ട്‌ പവീടെ കൂടെ പഠിച്ചിരുന്ന ആതിരയാണ്‌ പറഞ്ഞത്‌ പവിത്രയെ പറ്റി.. ആതിര എന്റെ ശിഷ്യയാണ്‌.. "
പവിത്രയ്‌ക്ക്‌ അവളെ ഓര്‍മ്മ വന്നു.
എങ്കിലും കേട്ടതൊന്നും വിശ്വസിക്കാന്‍ വയ്യാതെ നില്‍ക്കുകയായിരുന്നു അവള്‍.
" ശ്രീധരനെന്താ അഭിപ്രായം.. " വലിയേടത്ത്‌ പത്മനാഭന്‍ ഭട്ടതിരി അനുജനെ നോക്കി.
കണ്ണു നിറഞ്ഞ്‌ നില്‍ക്കുകയായിരുന്നു അയാള്‍.
" ഒക്കേയും ഏട്ടന്‍ ആലോചിച്ച്‌ പറഞ്ഞാല്‍ മതി.. എനിക്ക്‌ സമ്മതാണ്‌.' അയാളുടെ സ്വരമിടറി.
" ദത്തനെന്താ തോന്നണേ' അയാള്‍ ദേവദത്തനെ നോക്കി.
"അവള്‍ പോകട്ടെ വലിയമ്മാമ്മേ.. ഒരുമാസം ഉണ്ടല്ലോ.. അതിനിടെ പൂജയ്‌ക്ക്‌ അവളുടെ ആവശ്യവും തീരും.. ലോക പ്രശസ്‌തി കിട്ടുമെന്ന്‌ വലിയമ്മാമ്മ ഗണിച്ചു പറഞ്ഞതല്ലേ.. അത്‌ തെറ്റില്ല"
ദേവദത്തന്റെ അഭിപ്രായം തന്നെയായിരുന്നു വലിയേടത്തിനും.
" വലിയച്ഛാ" പവിത്ര വിങ്ങിപ്പൊട്ടിക്കൊണ്ട്‌ അയാളുടെ കാലടികള്‍ നമസ്‌കരിച്ചു
" നന്നായി വരും... ' വലിയേടത്ത്‌ നിറഞ്ഞ മനസോടെ അവളെ അനുഗ്രഹിച്ചു.
' കുട്ടി എന്തേ കരുതിയത്‌.. എന്നെന്നും വെള്ളയുമുടുത്ത്‌ കൊച്ചുമനയില്‍ ഒതുങ്ങിക്കൂടാമെന്നോ.. അതൊന്നുമല്ല മോളേ നിന്റെ ശിരസില്‍ വരച്ചിരിക്കുന്നത്‌.. നിന്റെ മേല്‍ വീണ അപ്‌സര ദൃഷ്ടിദോഷമൊക്കെ തീര്‍ന്നു.. നല്ലതേ ഇനി വരൂ"
പാര്‍വതി നമ്പ്യാര്‍ അവളുടെ കരം കവര്‍ന്നു.
" വരില്ലേ കുട്ടീ എന്റെ കൂടെ" ആരാധനാ ഭാവമായിരുന്നു അവരുടെ കണ്ണുകളില്‍.
" പവിത്രാ.. കൂടെ ഒരു ബോഡിഗാര്‍ഡിനെ വേണമെങ്കില്‍ പറഞ്ഞാല്‍ മതി.. ഞാന്‍ വരാം'
എല്ലാത്തിനും സാക്ഷിയായിരുന്ന വേദവ്യാസ്‌ തമാശ പറഞ്ഞു.
' അതു പറയാന്‍ മറന്നു.. പവിത്രയ്‌ക്ക്‌ കൂട്ടായിട്ട്‌ ഒരാള്‍ക്ക്‌ വേണമെങ്കില്‍ വരാംട്ടോ.. " പാര്‍വതി നമ്പ്യാര്‍ മന്ദഹസിച്ചു
" ആരാണെന്ന്‌ വച്ചാല്‍ അറിയിച്ചാല്‍ മതി.. വൈകരുത്‌.. പേപ്പേഴ്‌സ്‌ ഒക്കെ വേഗത്തില്‍ നീക്കാനുള്ളതാ"
കലാമണ്ഡലം പാര്‍വതി നമ്പ്യാരും കൂട്ടുവന്ന ഭര്‍ത്താവ്‌ കലാമണ്ഡലം സുകുമാരന്‍ നമ്പ്യാരും എഴുന്നേറ്റു.
" പോയ്‌ വരട്ടെ" സുകുമാരന്‍ നമ്പ്യാര്‍ അവരെ നോക്കി കൈകൂപ്പി യാത്ര പറഞ്ഞു.
്‌അവര്‍ പടികടന്നു പോയപ്പോള്‍ രുദ്ര മുഖമൊന്ന്‌ കോട്ടി.
" എന്തേയ്‌ കോപ്രായം കാട്ടണത്‌.. പവീടെ കൂടെ നി്‌ന്നേം അയച്ചതല്ലേ നൃത്തം പഠിക്കാന്‍.. എന്നിട്ട്‌ കാലു വേദന ,, മേലുവേദന എന്ന്‌ പറഞ്ഞ്‌ ഉഴപ്പിയിട്ട്‌ ഇപ്പോ കുശുമ്പ്‌ കാട്ടണോ.."
വലിയേടത്ത്‌ ചിരിച്ചു
" എനിക്കാരോടും ഒരു കുശുമ്പുമില്ല"
രുദ്ര മുഖം വെട്ടിത്തിരിച്ചു.
അവള്‍ ദേഷ്യഭാവത്തില്‍ അകത്തേക്കുള്ള തളത്തിലേക്ക്‌ കടന്നു.
അപ്പോള്‍ പൊട്ടി വീണത്‌ പോലെ മുന്നില്‍ വേദവ്യാസ്‌ പ്രത്യക്ഷപ്പെട്ടു.
' അസാരം കുശുമ്പുണ്ടല്ലേ .. ഉണ്ടക്കണ്ണിയ്‌ക്ക്‌്‌്‌'
അയാള്‍ അവളുടെ മുഖം കണ്ട്‌ ചിരിച്ചു
" ഉണ്ടെങ്കില്‍ സഹിച്ചോ'
രുദ്ര വശം കെട്ട്‌ പൊട്ടിത്തെറിച്ചു
ആ ഭാവം കണ്ട് വേദവ്യാസിന്‌ ചിരിയടക്കാനായില്ല.
" സഹിക്കാന്‍ തന്നെയാ തീരുമാനം.. ഈ കുശുമ്പത്തിപാറൂനെ എനിക്ക്‌ വേണം.. ഞാനുടനേ വലിയമ്മാമ്മയോട്‌്‌ ചോദിക്കുംട്ടോ"
്‌അവന്‍ അവളുടെ തലയ്‌ക്ക്‌ ഒരു തട്ടു കൊടുത്ത്‌ പുറത്തേക്കിറങ്ങിപ്പോയി.
രുദ്ര പിടിച്ചു കെട്ടിയപോലെ നിന്നു പോയി
എന്താണ്‌ വേദവ്യാസ്‌ പറഞ്ഞ്‌ത്‌.
്‌അതിന്റെ പൊരുള്‍ ഓര്‍ത്തെടുത്തപ്പോള്‍ ആരോ മയില്‍പ്പീലികള്‍കൊണ്ട്‌ മനസാകെ തൊടുന്ന സുഖം.
അതില്‍ മുഴുകി രുദ്ര കാതരയായി നിന്നു.
......... ................ .........
മഹേഷ് ബാലൻ അഞ്ചാം തവണയും ദുർഗയുടെ മൊബൈലിലേക്ക് വിളിച്ചു.
റിംഗുണ്ട്. എടുക്കുന്നില്ല.
ജാസ്മിന്റ കോൾ വന്നതിൽ പിന്നെ ആകെ അപ്സെറ്റായിരുന്നു അവൻ.
" ദുർഗ എവിടെയെങ്കിലും പോകുന്നതായി പറഞ്ഞിരുന്നോ " എന്നാണ് ജാസ്മിൻ ചോദിച്ചത്.
" ഇല്ല അവളെവിടെ പോയി " എന്ന് ചോദിച്ചപ്പോൾ തിരിച്ചു കിട്ടിയത് എവിടെയും തൊടാതെ ഒരു മറുപടിയാണ്.
" ഒന്നൂല്ല മഹിയേട്ടാ. വെറുതേ ചോദിച്ചതാ. ഞാൻ ക്ലാസിലാ പിന്നെ വിളിക്കാം" പറഞ്ഞതിനൊപ്പം അവൾ ഫോൺ കട്ട് ചെയ്തു.
അപ്പോൾ മുതൽ എന്തോ പന്തികേട് തോന്നിയതാണ്.
ദുർഗ കോൾ എടുക്കാത്തത് അവനെ ഭ്രാന്തു പിടിപ്പിച്ചു.
അവൾ ക്ലാസിലുണ്ടോ എന്നറിയാതെ ഇനി സമാധാനമില്ല
ഒ.പിയിലാണെങ്കിൽ ആളുകളുടെ തിക്കും തിരക്കുമായിരുന്നു.
എന്നിട്ടും അവൻ ഒരു പ്രാവശ്യം കൂടി അവൻ വിളിച്ചു നോക്കി.
"ആരാ വിളിക്കുന്നത് .. കുറേ നേരമായല്ലോ." വീണ്ടും ബെൽ കേട്ടതോടെ അഭിഷേക് അവളെ നോക്കി.
"മഹിയേട്ടൻ"
ഭയവിഹ്വലതയോടെ ദുർഗ അവനെ നോക്കി.
" കോൾ എടുക്ക് "
അഭിഷേക് പറഞ്ഞു.
"എനിക്ക് പേടിയാകുന്നു" ആത്മാർഥമായിരുന്നു അവളുടെ പറച്ചിൽ.ഒപ്പം കണ്ണുകൾ നിറയുകയും ചെയ്തു.
"എടുത്തിട്ടെന്തെങ്കിലും നുണ പറയ് ദുർഗാ .. അവൻ മറ്റാരെയെങ്കിലും വിളിച്ചാൽ പ്രശ്നമാകും ട്ടോ".
അവൻ ഓർമിപ്പിച്ചു.
ഇതു വരെ ഒരു നിസാര കാര്യത്തിനു പോലും മഹിയേട്ടനോട് നുണ പറഞ്ഞിട്ടില്ല. ദുർഗ ഉള്ളിൽ തേങ്ങി.
പക്ഷേ അഭിഷേക് പറഞ്ഞത് ശരിയാണ്.
താൻ കോളെടുത്തില്ലെങ്കിൽ മഹിയേട്ടൻ ആരെയെങ്കിലും വിളിച്ച് അന്വേഷിക്കും.
വിറയ്ക്കുന്ന കൈവിരലുകളോടെ അവൾ പച്ച ബട്ടണിൽ പ്രസ് ചെയ്തു.
"തങ്കം.. നീയെവിടെയാ".
മഹിയുടെ ചോദ്യം വന്നു.
" ഞാൻ... ഒരു ഫ്രണ്ടിനെ കാണാൻ ... "
" അപ്പോ ഇന്ന് ക്ലാസിൽ പോയില്ലല്ലേ "
"ഇല്ല ... "
മഹേഷ് ബാലൻ തന്റെ മുന്നിലെ നീണ്ട ക്യൂവിലേക്കൊന്ന് നോക്കി.
"ഓ.കെ.തങ്കം..ടേക്ക് കെയർ... ഞാനിപ്പോ ബിസിയാണ്.പിന്നെ വിളിക്കാം."
കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകാതിരുന്നത് ഒരു അനുഗ്രഹമായി ദുർഗയ്ക്ക് തോന്നി.
മഹേഷ് ബാലൻകോൾ കട്ട് ചെയ്തു.
" മതി .. ഇനി അത് ഓഫ് ചെയ്ത് വെക്ക്". അഭിഷേക് പറഞ്ഞു.
അതാണ് നല്ലതെന്ന് അവൾക്കും തോന്നി. ദുർഗ ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
അഭിഷേക് പതിയെ അവളുടെ കവിളിൽ തലോടി.
സ്വയമറിയാതെ ദുർഗ അത് തട്ടിക്കളഞ്ഞു.
അഭിഷേകിന് ചിരിയാണ് വന്നത്.
ഏതാനും സമയത്തിനകം തന്റെ കൈയ്യിൽ കുരങ്ങന് കിട്ടിയ പൂമാല പോലെ ചിന്നി ചിതറേണ്ടവളാണ്.
ആ ചിന്ത ഉണ്ടാക്കിയ ആനന്ദത്തോടെ അവൻ കാർ പറപ്പിച്ചു.
ചെങ്കുത്തായ കയറ്റത്തിലൂടെ എത്ര നിഷ്പ്രയാസമാണ് അവൻ കാറോടിക്കുന്നത്. ഒരു റൈഡറുടെ കൈയ്യടക്കം അവളെ അതിശയിപ്പിച്ചു.
കാറിനെ പിന്തുടർന്ന ജാസ്മിനെയും നേഹ യേയും ബഹുദൂരം പിന്നിലാക്കിയായിരുന്നു ആ പോക്ക്.
ദുർഗ പുറത്തേക്ക് കണ്ണയച്ചിരുന്നു.
ഓടി മറയുന്ന ഓരോ കാഴ്ചകളും അവൾക്ക് ധ്വനി പറഞ്ഞ് പരിചിതമായിരുന്നു.
ഒടുവിൽ കാർ ആ പഴയ ഒറ്റ നില വീടിന് മുന്നിൽ ചെന്നു നിന്നു.
ദുർഗ ഭയപ്പാടോടെ പരിസരം നിരീക്ഷിച്ചു.
കാടിന്റെ മനോഹര കാഴ്ചയ്ക്കുള്ളിൽ ഒരു പ്രേത ഭവനം പോലെ ആ വീട് നിലകൊണ്ടു.
"നീ ആകെ എക്സൈറ്റഡ് ആയല്ലേ."
അഭിഷേക് ചിരിയോടെ അവളെ നോക്കി. പിന്നെ ചെന്ന് വാതിൽ തുറന്നു.
"എന്റെ പ്രിയ രാജകുമാരീ വരിക" നാടകീയമായി അവൻ ദുർഗയെ അകത്തേക്ക് ക്ഷണിച്ചു. ഇപ്പോൾ കുഴഞ്ഞ് വീഴുമെന്ന മട്ടിലാണ് ദുർഗ അതിനകത്തേക്ക് കാൽ വെച്ചത്. ധ്വനിയുടെ ജീവിതത്തിലെ അവസാന രംഗങ്ങളെല്ലാം അവളുടെ മനസിൽ തിരശീലയിലെന്ന പോലെ തെളിഞ്ഞു
അഭിഷേക് വാതിൽ ചേർത്തടച്ചു.
പിന്നെ കണ്ണുകളിൽ ക്രൂരതയൊളിപ്പിച്ച് ദുർഗയ്ക്ക് നേരെ തിരിഞ്ഞു.
"ഇനി നിന്നെ ഞാനൊന്നുമ്മ വെക്കട്ടെ .. നിന്റെയി ഭംഗിയുള്ള ചുണ്ടിൽ ".
അവന്റെ മുഖം തന്റെ നേരെ കാതരമായി താണു വരുന്നത് ദുർഗ കണ്ടു.
അവൾ ഒരു പിടച്ചിലോടെ അവനെ തള്ളി മാറ്റി.
അഭിഷേക് അത് പ്രതീക്ഷിച്ചിരുന്നു. നയത്തിലൂടെ മാത്രമേ അവളെ പ്രാപിക്കാൻ കഴിയൂ. പക്ഷേ അതൊരിക്കലും അഭിഷേക് ഇഷ്ടപ്പെടുന്നില്ല. ഇണങ്ങാത്ത കാട്ടുമൃഗത്തെ വേട്ടയാടി പിടിക്കുന്നത് തന്നെ അതിന്റെ ത്രിൽ.
അവൻ വീണ്ടും തന്നോടടുത്തപ്പോൾ ദുർഗ പിന്നോട്ട് മാറി.
" പ്ലീസ്.. അഭിയേട്ടാ ".. ഭയത്തോടെ അവൾ യാചിച്ചു. ധ്വനി എവിടെയെങ്കിലും നിൽക്കുന്നുണ്ടോ എന്ന് ദുർഗ നോക്കി.
ഇല്ല ...
" പ്ലീസോ " ക്രൂരമായ ചിരിയോടെ അഭിഷേക് അവളോടടുത്തു.
തെന്നി മാറാൻ ശ്രമിച്ച ദുർഗയുടെ കവിളടക്കം അവൾ പോലും പ്രതീക്ഷിക്കാതെ ഒരടി വീണു.
ദുർഗ ചെന്ന് ഭിത്തിയിൽ തട്ടി നിന്നു.
അവളുടെ വായിൽ ചോര ചുവച്ചു.
തലയാകെ മരവിച്ചത് പോലെ ദുർഗയ്ക്ക് തോന്നി.
അവൾ കിടുകിടെ വിറച്ചു.
"കളിക്കുന്നോടീ പന്ന മോളേ നീ ".
അഭിഷേക് പല്ലിറുമ്മി
" പ്രാർഥിക്കാനാണോടി നീ പിന്നെ ഇത്ര ദൂരം വന്നത്".
എതിർക്കാൻ വയ്യാതെ കുഴഞ്ഞു നിന്ന ദുർഗയെ ഒരു പാവയെ ഉയർത്തുന്ന ലാഘവത്തോടെ അഭിഷേക് എടുത്തുയർത്തി തോളിലിട്ടു.
പിന്നെ ബെഡ് റൂമിന്റെ വാതിൽ ചവുട്ടി തുറന്ന് അതിനകത്തക്ക് ചെന്നു.
കുതറിപ്പിടത്ത ദുർഗയെ അവൻ ഒരു പുൽക്കൊടിയെ പോലെ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു. പിന്നെ ഒരു കൂറ്റൻ മലപോലെ അവൻ അവളുടെ ദേഹത്തേക്ക് അമർന്നു. ദുർഗ നിലവിളിച്ചു പോയി.
ധ്വനി എവിടെ..
അവൾ വരില്ലേ ..
ആത്മരക്ഷാർഥം അവൾ പിടഞ്ഞു കൊണ്ട് ചുറ്റും നോക്കി.
പെട്ടന്ന് വേദവ്യാസൻ പറഞ്ഞത് അവൾ ഓർത്തു.
" കൂടെ കൂടിയതിനെ അത്രയ്ക്കെങ്ങ് വിശ്വസിക്കരുത് "
"എന്റെ പരദേവതമാരെ "
ദുർഗ വിലപിച്ചു.
താൻ ധ്വനിയെ വിശ്വസിച്ചു.
അവൾ ചതിക്കുകയായിരുന്നോ
അതോ രണ്ടു ശത്രുക്കളെ ഒരുമിച്ച് കിട്ടാൻ അവളൊരുക്കിയ കെണിയായിരുന്നോ ഇത്.

...................തുടരും..........
കഴിഞ്ഞ ചാപ്റ്ററുകൾ എല്ലാം ഈ ലിങ്കിൽ വായിക്കാം.
Written by 
Shyni John

Read published parts:-  
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo