Showing posts with label PrasadPazhuvil. Show all posts
Showing posts with label PrasadPazhuvil. Show all posts

നിങ്ങളെന്നെ ആജ്യാരാക്കി .


 സംഗതി കോമഡിയാണ്, കുറച്ചു കൊല്ലങ്ങള്ക്കു മുന്പുണ്ടായ ഒരു സംഭവം. ഞാന് അതുവരെ ചെയ്തിരുന്ന Building Consultancy (Civil Engg.) യോടൊപ്പം ഞങ്ങളുടെ (ആചാരിമാര്) കുലത്തൊഴിലായ സ്ഥാനനിര്ണ്ണയം (വാസ്തു / തച്ചുശാസ്ത്രം) ഏറ്റെടുത്തു തുടങ്ങിയ കാലം.

ആളുകള് അന്വേഷിച്ചു വരാന് തുടങ്ങിയപ്പോള് “ഒരു ബോര്ഡ് വെച്ചാല് നന്നായിരുന്നു” എന്നു പലരും പറഞ്ഞു, എന്നാല് അങ്ങനെയാവാം എന്നു ഞാനും കരുതി.
“ശുഭസ്യ ശീഘ്രം” എന്നാണല്ലോ. വേഗം തന്നെ നല്ലൊരു ബോര്ഡ് ഉണ്ടാക്കിച്ച് എന്റെ കൂട്ടുകാരന് (ന്യൂ ജെന് ഭാഷയില് ചങ്ക് ബ്രോ) ആര്ടിസ്റ്റ് ജയനെക്കൊണ്ട് (കല വരയ്ക്കുന്ന ജയന് എന്ന് ഞങ്ങള് കളിയാക്കി വിളിക്കും) “ പ്രസാദ്‌ ആചാരി “ എന്നു ഭംഗിയായി എഴുതിച്ചു. എന്നിട്ട് ആ ബോര്ഡ് തറവാടിന്റെ മുറ്റത്ത് ഭംഗിയായി സ്ഥാപിക്കുകയും ചെയ്തു.
വഴിയില്ക്കൂടി പോകുന്നവരൊക്കെ ബോര്ഡ് വായിച്ച് എന്നെ നോക്കി “നന്നായിട്ടുണ്ട്” എന്ന രീതിയില് ചിരിച്ചുകൊണ്ട് കടന്നു പോയി.
“ബോര്ഡ് അല്പ്പം ചെരിഞ്ഞു പോയോ” എന്നു മമ്മദാലിക്ക സംശയം പ്രകടിപ്പിച്ചു. “ബോര്ഡ് കുറച്ചു ചെറുതായെന്നാണ്” പ്രഭാകരേട്ടന് പറഞ്ഞത്.
കുറച്ചു കഴിഞ്ഞപ്പോള് അയല്വക്കത്തെ മജീദിക്കയും പേരക്കുട്ടി ഷിഫയും വന്നു. “ഇതെന്തായാലും നന്നായി പ്രസാദേ” മജീദിക്ക പറഞ്ഞു. “എന്റെ പണി കുറച്ചു കുറയും” (റിട്ടയേഡ് ലൈഫ് ആസ്വദിച്ച് എപ്പോഴും സ്വന്തം വീടിന്റെ ഉമ്മറത്ത് ഇരിക്കുന്ന കാരണം എന്നെ അന്വേഷിച്ചു വരുന്നവര് ആളോടാണ് വഴി ചോദിക്കാറ്)
കുറച്ചു നേരം അവിടെ സംസാരിച്ചു നിന്നതിനു ശേഷം മജീദിക്ക തിരിച്ചു പോയി . ഷിഫ പക്ഷെ അപ്പോഴും ബോര്ഡിലെഴുതിയ വാക്കുകള് സൂക്ഷ്മനിരീക്ഷണം നടത്തിക്കൊണ്ടു അവിടെത്തന്നെ നില്ക്കുകയാണ്.
“എന്താ ഷിഫേ” എന്നു ഞാന് ചോദിച്ചപ്പോള്
“ഊം ഊം“ എന്നു മൂളി കുഴഞ്ഞാടിക്കൊണ്ട് അവള് അവിടെത്തന്നെ നിന്നു. .
ഷിഫ എന്റെ മോന് നിദുവിന്റെ കൂടെ ഒന്നാംക്ലാസ്സില് ആണ് അന്ന് പഠിച്ചിരുന്നത്. നന്നായി പഠിക്കുന്ന കുട്ടിയാണ്.
എന്താണ് ഷിഫ ഇത്ര കാര്യമായി ബോര്ഡിനെയും അക്ഷരങ്ങളെയും നിരീക്ഷിക്കുന്നത് എന്നു ഞാന് ആലോചിക്കാതിരുന്നില്ല.
എന്തായാലും പണിയൊക്കെ കഴിഞ്ഞ നിലയ്ക്ക് കൊത്തിയും മറ്റു പണിയായുധങ്ങളും കൊണ്ടുവെക്കാം എന്നുകരുതി ഞാന് വീട്ടിലേക്കു കുറച്ചു വഴി നടന്നു കഴിഞ്ഞപ്പോഴാണ് നിദു വന്നത്.
നിദു വന്ന പാടെ ബോര്ഡ് ഇളകുന്നുണ്ടോ എന്നറിയാനായി അതിന്മേല് പിടിച്ചു നന്നായൊന്ന് ആട്ടി നോക്കി, അവനതു തള്ളി താഴെയിടുമോ എന്നു ഭയന്നു വേഗം അവനെ പിന്തിരിപ്പിക്കാനായി ഞാന് തിരിച്ചു നടക്കുമ്പോളാണ്, ഞാന് അവിടെ ഇല്ലെന്ന ധൈര്യത്തില്, കുട്ടികളുടെ സ്വതസിദ്ധമായ നിഷ്കളങ്കതയോടെ ഷിഫ നിദവിനോട് ചോദിക്കുന്നത് കേട്ടത് :
“ഡാ നിദൂ, നിങ്ങള് അമ്പലക്കാരല്ലേ. പിന്നെ എങ്ങന്യാ നിന്റെ അച്ഛന് ആജ്യാരാവ്ണ് ?”
...ന്റെ അട്ടിപ്പാറ അമ്മച്ചീ.......
ചോദിച്ചത് നിദുവിനോടാണെങ്കിലും ഞെട്ടിത്തരിച്ചത് അവന്റെ അച്ഛനായ ഈ പ്രസാദാചാരിയാണ്.....( അതോ പ്രസാദാജ്യാരോ? )
“ഭഗവതീ .... എന്റെ വാസ്തുപരമ്പര ദൈവങ്ങളെ ..ചതിച്ചോ..”
(അപ്പോള് ഇതു കണ്ടുപിടിക്കാനാണ് ഷിഫ ഇത്രയും നേരം ബോര്ഡില് സൂക്ഷ്മനിരീക്ഷണം ചെയ്തു നിന്നിരുന്നത്. അത് ശരി!)
ബോര്ഡില് എഴുതിയത് തെറ്റിപ്പോയോ ? ആദ്യം ഞാന് അങ്ങനെയാണ് സംശയിച്ചത് .
“കള്ളാ... ജയാ... നിന്റെ കല വരയ്ക്കല് ഞാന് ഇന്നത്തോടെ അവസാനിപ്പിക്കും“ ഞാന് ബോര്ഡിലേക്ക് സൂക്ഷിച്ചു നോക്കി, “ആചാരി” എന്നു തന്നെ അല്ലെ അവന് എഴുതിയിരിക്കുന്നത്...? അവനെ അത്രയ്ക്കങ്ങട്ട് വിശ്വാസമില്ലാതിരുന്നതിനാല്, അക്ഷരങ്ങള് തെറ്റാതെ നോക്കിയെഴുതാനായി, ഞാനവന് എന്റെ കാര്ഡ് കൂടി കൊടുത്തിട്ടുണ്ടായിരുന്നു.
മുക്കാല് മുണ്ടുടുത്ത് വട്ടത്താടിയും തലേക്കെട്ടുമുള്ള, ഞാന് ദിവസവും കാണാറുള്ള, ഹാജ്യാരുടെ രൂപം മനസ്സിലൂടെ മിന്നി മറഞ്ഞു...
ഭാഗ്യം, എഴുത്തിനു കുഴപ്പമൊന്നും ഇല്ല. ആശ്വാസം. (ജയാ.... മാപ്പ്, നീ ഒരു വകയ്ക്കു കൊള്ളാത്തവനാണെങ്കിലും കോപ്പിയടിയില് ഒന്നാമാനാനെന്നു കേട്ടിട്ടുണ്ട്, അക്കാര്യം നീയെന്തായാലും തെളിയിച്ചിരിക്കുന്നു) ആശ്വാസം.
എന്നിട്ടും ആ ചോദ്യമേല്പ്പിച്ച ഷോക്കില് നിന്നും മോചിതനാവാന് എനിക്കു കുറച്ചു കൂടി സമയം വേണ്ടിവന്നു. ഞെട്ടല് മാറിയപ്പോള് സ്വയം നിയന്ത്രിക്കാനാവാതെ ഞാന് ഉറക്കെച്ചിരിച്ചുപോയി. എന്റെ ചിരി കേട്ടപ്പോള് എന്തോ അബദ്ധം പിണഞ്ഞെന്നു മനസ്സിലായ ഷിഫ നാണിച്ച് അവിടെനിന്നും സ്ഥലംവിട്ടു.
പാവം കുട്ടി. ആചാരിയെ ആജ്യാര് എന്നു വായിച്ചതില് അവളെ എങ്ങനെ യാണ് കുറ്റപ്പെടുത്തുക? അവള് മുസ്ലിയാരെയും ഹാജ്യാരേയും (പറയുന്നതാണെങ്കില് ആജ്യാരെന്നും ) മാത്രമല്ലേ അറിയൂ. ഈ ആചാരി എന്ന ഒരു വര്ഗ്ഗം കൂടി ഈ ലോകത്തുണ്ടെന്ന് അവളെങ്ങനെ അറിയാനാണ്.
മദ്രസ്സയുടെ അടുത്ത് മുസ്ലിങ്ങളുടെ ഇടയില് താമസിച്ചാലുള്ള കുഴപ്പം അന്നാദ്യമായിട്ടാണ് ഞാന് മനസ്സിലാക്കുന്നത്‌ . വളരെ വളരെ സൂക്ഷിക്കണം,
ഇല്ലെങ്കില് അവര് ആചാരിമാരെ ആജ്യാരുമാരാക്കി മതം മാറ്റിക്കളയും....ഹ ...ഹ...ഹാ...
PrasadPazhuvil

സരസന്‍

Image may contain: 1 person
സരസന്‍ ഒരു കവിത എഴുതി പോസ്റ്റ്‌ ചെയ്തിട്ട് അരമണിക്കൂറെ ആയുള്ളൂ. വെറുതെ ഒന്ന് നോക്കിക്കളയാമെന്നുകരുതി ഫേസ് ബുക്കിലെ എഴുത്ത് ഗ്രൂപ്പ്‌ തുറന്നതാണ്, മഴ പെയ്തൊഴിഞ്ഞ സായാഹ്നത്തില്‍ ഭൂമിക്കടിയില്‍ നിന്ന് പറന്നുയരുന്ന ഈയലുകളെപ്പോലെ ലൈക്കുകളും കമെന്‍റുകളും അനര്‍ഗ്ഗള നിര്‍ഗ്ഗളമിങ്ങനെ പ്രവഹിക്കാന്‍ തുടങ്ങി. കാണെക്കാണെ ആ പ്രവാഹത്തിന് ഒഴുക്കും ശക്തിയും വര്‍ദ്ധിച്ചു. ജെംസ് മിഠായിയുടെ പരസ്യത്തിലെപ്പോലെ, അത് സരസനെ ഭൂമിയില്‍ നിന്നും എടുത്തുയര്‍ത്താന്‍ തുടങ്ങി...... ശ്വാസം കിട്ടാതെ സരസനിങ്ങനെ കയ്യും കാലുമിട്ടടിച്ചു ആകാശത്തിലേക്ക് പറന്നു പറന്നുയരുകയാണ് .......
പെട്ടെന്ന് “ട്ടും” എന്ന ശബ്ദത്തോടുകൂടി സരസന്‍ നിലത്തുവീണു.
ഭാഗ്യം, വീണത്‌ ആകാശത്തുനിന്നല്ല...ഡൈനിംഗ് റൂമിലെ സോഫയില്‍ നിന്നാണ്. ആരും കണ്ടില്ല, കാര്യമായൊന്നും പറ്റിയുമില്ല.
കിട്ടാത്ത ലൈക്കുകള്‍ പുളിച്ചു തുടങ്ങിയപ്പോള്‍, പോസ്റ്റുകള്‍ ഒന്നും അങ്ങട്ട് ഏല്‍ക്കുന്നില്ലല്ലോ എന്ന വൈക്ലബ്യത്തില്‍, ലൈക്കുകളും കമെന്‍റുകളും എങ്ങനെ ആകര്‍ഷിക്കാം എന്നതിനെക്കുറിച്ച് കൂലങ്കഷമായി ചിന്തിക്കാന്‍ സോഫയില്‍ കയറി കിടന്നതാണ് കക്ഷി. പക്ഷെ പണി ചെറുതായൊന്നു പാളി, ഒന്നു മയങ്ങിപ്പോയതാണ്. പോട്ടെ, സാരമില്ല. എന്തായാലും സരസന്‍ വിടാനുള്ള മട്ടില്ല. ഒട്ടുംസമയം കളയാതെ സോഫയില്‍ ചാരിയിരുന്ന് കൂടുതല്‍ ഗഹനമായ ആലോചനയില്‍ മുഴുകി.
മികച്ച പോസ്റ്റുകള്‍ എന്തായാലും ശ്രദ്ധയാകര്‍ഷിക്കും എന്ന് സരസന് അറിയാതെയല്ല . (പക്ഷെ ......അതിനൊക്കെ നല്ല മിടുക്ക് വേണ്ടേ ? അയാള്‍ക്ക് പണ്ടേ എളുപ്പവഴിയില്‍ ക്രിയ ചെയ്താണ് പരിചയം) എന്നാല്‍ എല്ലായ്പ്പോഴും പോസ്റ്റുകളുടെ മികവു മാത്രമല്ല ലൈക്കുകളെ ആകര്‍ഷിക്കുതെന്നും പറയാതിരിക്കാനാവില്ല.
മിക്കവാറും എഴുത്തു ഗ്രൂപ്പുകളെല്ലാം ഒരു തരം സൌഹൃദ കൂട്ടായ്മകളാണെന്നു പറയാം , പക്ഷെ എല്ലാവരുമായി സൌഹൃദത്തിലായിവരാന്‍ സമയം കുറേ എടുക്കും, അത്രയ്ക്കൊന്നും കാത്തിരിക്കാന്‍ വയ്യ. താനാണെങ്കില്‍ അത്ര സഹൃദയനുമല്ല . തല്‍ക്കാലം വേറെ എന്തെങ്കിലും മാര്‍ഗ്ഗം ആലോചിക്കുന്നതാണ് നല്ലത്. സരസന്‍റെ ചിന്തകളിങ്ങനെ കാടുകയറിത്തുടങ്ങി.
ഒരു ഫെയ്ക്ക് അക്കൗണ്ട്‌ തുടങ്ങിയാലോ. കവിത തുളുമ്പുന്ന സുന്ദരമായ ഒരു പേര് വേണം. പേര് വായിക്കുമ്പോള്‍ തന്നെ മനസ്സില്‍ സുന്ദരിയായ ഒരു യുവതിയുടെ മുഖം തെളിഞ്ഞു വരുന്ന രീതിയിലുള്ളത്. പ്രൊഫൈല്‍ ഫോട്ടോ ആയി അതിസുന്ദരമായ നീള്‍മിഴികളുടെ ക്ലോസ് അപ്പ്‌ പിക്ചര്‍ ഇടാം. അടിക്കുറിപ്പായി “ജന്മാന്തരങ്ങളില്‍ നിനക്കായി കാത്തിരിക്കുന്നു “ എന്നോ മറ്റോ എഴുതിച്ചേര്‍ക്കണം , എന്നിട്ട് ഒരു തുണ്ട് കടലാസ്സില്‍ വെറും ട്യൂബ് പേന കൊണ്ട് പെണ്‍കുട്ടികളുടെ സ്വത സിദ്ധമായ വലത്തോട്ട് ചെരിഞ്ഞ അക്ഷരങ്ങളില്‍ “ വിരഹാര്‍ദ്രയായ ഈ വേഴാമ്പലിന്‍റെ സ്വപ്നങ്ങളില്‍ ഒരു മഴയായി നീ പെയ്തു നിറയില്ലേ...” എന്നൊരു കാച്ചുകാച്ചി പോസ്റ്റ്‌ ചെയ്യാം . അര മണിക്കൂറിനുള്ളില്‍ ചുരുങ്ങിയത് തൊള്ളായിരം ലൈക്കെങ്കിലും കിട്ടും , തീര്‍ച്ച.
അല്ലെങ്കില്‍ വേണ്ട. ഈ പ്രായത്തില്‍ ഇനിയതൊന്നും ശരിയാവില്ല . ഒരു കാര്യം ചെയ്യാം. ഒരു വിമര്‍ശകനാവാം. ഗ്രൂപ്പിലെ പുലികളുടെ പോസ്റ്റുകളെ തലനാരിഴ കീറി അതി നിശിതമായി വിമര്‍ശിച്ച് ആത്മ നിര്‍വൃതി അടയാം. എഴുത്തില്‍ തോല്‍ക്കുമ്പോഴാണല്ലോ പലരും വിമര്‍ശകന്മായി അവതരിക്കുന്നത് .. കൊള്ളാം. സംഗതി ഉഷറാവും.. മറ്റുള്ളവരുടെ കുറ്റവും കുറവുകളും കണ്ടുപിടിക്കാന്‍ സരസന്‍ പണ്ടേ മിടുക്കനാണ്. പക്ഷെ ഇക്കാര്യത്തിലും ചെറിയ ഒരു കുഴപ്പമുണ്ട് .. ഗ്രൂപ്പിലിങ്ങനെ കുമിഞ്ഞു കൂടുന്ന പോസ്റ്റുകളൊക്കെ വയിച്ചുണ്ടാക്കണ്ടേ. അതൊക്കെ മെനക്കേടാണ്. അപ്പോള്‍ അതും ശരിയാവുന്ന മട്ടില്ല .
ഇനിയിപ്പോള്‍ തനിക്കു ലൈക്കുകള്‍ കിട്ടിയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് കിട്ടുന്ന ലൈക്കുകള്‍ കുറയ്ക്കാന്‍ എന്ത് ചെയ്യും എന്നവഴിക്കായി സരസന്‍റെ ചിന്ത. അങ്ങനെയെങ്കിലും ഒരാശ്വാസം കിട്ടുമല്ലോ. ഗ്രൂപ്പില്‍ രചനകള്‍ പോസ്റ്റ്‌ ചെയ്യുന്നവരുടെ പേര് ഹൈഡ് ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ കൊള്ളാമായിരുന്നു .അപ്പോള്‍ ആരാധകര്‍ , പേരു കാണുമ്പോഴേക്കും ലൈക് ചെയ്യാതെ പോസ്റ്റ്‌ വായിച്ചു നോക്കി യഥാര്‍ത്ഥത്തില്‍ ഇഷ്ടപ്പെട്ടാല്‍ മാത്രമല്ലേ ലൈക് ചെയ്യൂ, അപ്പോള്‍ ഏതൊക്കെ രചനകള്‍ക്കാണ് കൂടുതല്‍ ലൈക് കിട്ടുന്നത് എന്നു കൃത്യമായി അറിയാന്‍ സാധിക്കും. പക്ഷെ, അതിനിനി സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്‍റ് ഒക്കെ പഠിക്കേണ്ടി വരും. ആയ കാലത്ത് പറ്റിയിട്ടില്ല, പിന്നെയാണ് . നമുക്കതൊന്നും പറഞ്ഞിട്ടില്ല .
ഇനിയിപ്പോള്‍ എന്ത് ചെയ്യും. പളനിയാണ്ടവാ മുരുകാ ...നീ തന്നെ തുണ. നീ തന്നെ ഒരു ഒരു മാര്‍ഗ്ഗം കാണിച്ചു തന്നേ മതിയാകൂ ......എന്നിങ്ങനെ പ്രാര്‍ത്ഥനാ നിരതനായി ഇരുന്നപ്പോഴാണ് സരസന്‍റെ മുന്‍പില്‍ ഒരു വഴി തെളിഞ്ഞത് . ഭക്തി മാര്‍ഗ്ഗം ....അതെ...അതെ , അതു തന്നെ . “അഹം ബ്രഹ്മാസ്മി”, സര്‍വ്വസംഗ പരിത്യാഗം അതുമാത്രമേ ഇനിയൊരു മാര്‍ഗ്ഗമുള്ളൂ . ( നിങ്ങള്‍ക്ക് ഭക്തിമാര്‍ഗ്ഗമോ വാനപ്രസ്ഥമോ തന്നെയാണ് നല്ലതെന്ന് സരസനോട് ഭാര്യ ഇടയ്ക്ക് പറയാറുള്ളതുമാണ്.)
ഇനി എഴുത്തും കമെന്‍റുകളും ഒരു തത്വചിന്തകന്റെ പരിവേഷത്തോടെ അവതരിപ്പിക്കാം.(കേരളത്തില്‍ പിന്നെ ലോട്ടറി കച്ചവടക്കാര്‍ മുതല്‍ കൊള്ളപ്പലിശക്കാര്‍ വരെ ഫിലോസഫി പറയുന്നവരാണല്ലോ അതുകൊണ്ടുതന്നെ ഒരു മലയാളിക്ക് ഇക്കാര്യത്തില്‍ പ്രത്യേക പരിശീലനമൊന്നും ആവശ്യമില്ല.) ഒരു ബുദ്ധിജീവി ഇമേജും താനെ വന്നുചേരും, അംഗീകാരവും പുറകെ വരും. ഒരു സംശയവുമില്ല .
എല്ലാവര്‍ക്കും ലൈക്കുകള്‍ വാരിക്കോരി കൊടുത്തിട്ട് താന്‍ തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ലെന്നു പറഞ്ഞുകൊണ്ടേയിരിക്കാം ...
( “എഴുത്തന്ന്യേവാധികാരസ്തെ മാ ലൈക്കേഷു കദാചന” ) കൊള്ളാം ,
ഇക്കാര്യത്തില്‍ താന്‍ കസറും, ഇത് പൊളിക്കും. സരസനു സന്തോഷമായി .
അപ്പോള്‍ അത് മതി. സര്‍വ്വസംഗ പരിത്യാഗി ഉറപ്പിച്ചു
എന്തായാലും ഒരു തീരുമാനത്തില്‍ എത്തിയതിന്‍റെ സുഖത്തില്‍ വീണ്ടും ചെറിയൊരു മയക്കത്തിലേക്കു വഴുതിവീഴാന്‍ തുടങ്ങുമ്പോഴാണ് “ട്ടും” എന്ന ആ കഠോര ശബ്ദം ഒരിക്കല്‍ക്കൂടി സരസനെ ഞെട്ടിച്ചത്.
കണ്ണുതുറന്നപ്പോള്‍ ശരിക്കും കിടുങ്ങിപ്പോയി.......ഭാര്യ സരസുവുണ്ട് ഒരു ചട്ടുകവും പിടിച്ച് കലിതുള്ളി നില്‍ക്കുന്നു. ചട്ടുകം കൊണ്ട് സോഫയില്‍ അടിച്ച ശബ്ദമാണ് സരസന്‍ കേട്ടത്. ഏതു നിമിഷവും ആ ചട്ടുകം ഈ സര്‍വ്വസംഗ പരിത്യാഗിയുടെ സര്‍വ്വ അംഗങ്ങളിലും വീഴാം, സൂക്ഷിക്കണം.
“ലവള് ആള് പണ്ടേ പെശകാ, ദേഷ്യം വന്നാല്‍ പിന്നെ കണ്ണും മൂക്കുമില്ല”
“നിങ്ങളീ കുന്ത്രാണ്ടവും കുത്തിപ്പിടിച്ച് ഇവിടിരുന്നോ, മനുഷ്യന്‍ രാവിലെ മുതല്‍ അടുക്കളയില്‍ കിടന്നു ചക്രശ്വാസം വലിക്കുകയാ..... നിങ്ങള്‍ക്ക് വല്ല ചിന്തയുമുണ്ടോ, അതിനെങ്ങനെയാ സമയമാകുമ്പോള്‍ പ്ലേറ്റിനുമുന്‍പില്‍ വന്നിരുന്നാല്‍ മതിയല്ലോ,വെച്ചുവിളമ്പാന്‍ഇവിടെ ഈ വേലക്കാരിയുണ്ടല്ലോ.’
അവളങ്ങനെ കത്തിക്കയറുകയാണ് ... മിണ്ടാതിരിക്കുന്നതാണ് ബുദ്ധി. സാഹിത്യത്തിലൊന്നും വലിയ കമ്പമില്ലാത്ത കക്ഷിയാണ് പോരാത്തതിനു താന്‍ കഴിഞ്ഞ പ്രാവശ്യം പോസ്റ്റ്‌ ചെയ്ത കവിത വായിച്ചതിന്‍റെ കലിപ്പുമുണ്ട്........എന്തും ചെയ്തുകളയും . സര്‍വ്വസംഗ പരിത്യാഗം ഇപ്പോള്‍തന്നെ പരീക്ഷിച്ചു തുടങ്ങുന്നതാണ് നല്ലത്.
നിങ്ങളെല്ലാവരും വായനയൊക്കെ നിറുത്തി, എഴുത്തു ഗ്രൂപ്പിന്റെ വാതിലൊക്കെ നല്ലവണ്ണം അടച്ച് വേഗം പൊയ്ക്കോ, സരസനു മാത്രമല്ല, എല്ലാത്തിനും കിട്ടും , പറഞ്ഞില്ലെന്നു വേണ്ട.
P. S. : സരസനും സരസ്സുവുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് എഴുതാന്‍ എന്‍റെ ഭാര്യ പ്രത്യേകം പറഞ്ഞിട്ടുണ്ട് .
by: 

അമ്പലനടയില്‍ കേട്ടത്.

Image may contain: 1 person


രമണിയും മാലതിയും തമ്മിലുള്ള സംഭാഷണം.
രമണി : മാലതീ, തന്നെ ഭാഗവത
സപ്താഹത്തിനു കണ്ടില്ലല്ലോ?
മാലതി : കുറച്ചു തിരക്കിലായിരുന്നു രമണീ.
പിന്നെ, സപ്താഹമൊക്കെ നന്നായില്ലേ,
ആരായിരുന്നു ആചാര്യന്‍?
രമണി : അതു പിന്നെ പറയാനുണ്ടോ മാലതി, ഭാഗവത പാരായണം ഒന്നാംതരം ആയിരുന്നു. ആചാര്യന്‍ സ്വാമി നിര്‍മ്മലന്ദ ലക്ഷ്മീകാന്ത്
അപാര പണ്ഡിതനല്ലേ......എന്താ ആ മുഖത്തെ
ഒരു തേജസ്സ്......എന്താ ഒരു ചൈതന്യം
ഭക്തി രസമിങ്ങനെ നിറഞ്ഞ് ഒഴുകുകയായിരുന്നു. ആ പാരായണം കേള്‍ക്കാന്‍
കഴിഞ്ഞത് തന്നെ മഹാഭാഗ്യം.
അദ്ദേഹത്തെ കിട്ടാന്‍ എളുപ്പമല്ല, മാസങ്ങള്‍ക്കുമുന്‍പേ ബുക്കുചെയ്യണം.
കനത്ത ദക്ഷിണ വേണ്ടിവരുമെന്ന് തോന്നുന്നു, ഇപ്രാവശ്യം പിരിവു കൂടുതല്‍ വേണമെന്ന് കമ്മിറ്റിക്കാര്‍ പറഞ്ഞിരുന്നു.
മാലതി : സ്വാമിജി മഹാ ജ്ഞാനിയാണെന്നു
ഞാനും കേട്ടിട്ടുണ്ട്.
രമണി : അദ്ദേഹത്തിന്‍റെ ആത്മീയ പ്രഭാഷണം കേള്‍ക്കേണ്ടതുതന്നെയാണ്.
മാലതീ , സ്വാമിജി പറയുകയാണ് : “നശ്വരമായ ഭൌതിക ലോകത്തിന്‍റെ ഭോഗ തൃഷ്ണകളില്‍ നിന്നകന്ന്‌ ആത്മാവിനെ അടുത്തറിയണം.
സര്‍വ്വ ചരാചരങ്ങളിലും കുടിയിരിക്കുന്നത് ഏകമായ ആ പരമചൈതന്യമാണെന്ന് തിരിച്ചറിയുന്നതോടെയാണ്‌ നാം ,
യഥാര്‍ത്ഥത്തില്‍ , മോഹവലയത്തില്‍ നിന്ന് മുക്തിനേടി ശാന്തിയിലെക്കുള്ള യാത്ര ആരംഭിക്കുന്നത്."
ഞാന്‍ ആ പ്രഭാഷണത്തില്‍ ലയിച്ചങ്ങനെ ഇരുന്നു പോയി, മാലതീ. താനും കൂടെ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. നാം ഭൌതീക ജീവിതതെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമൊക്കെ നല്ലവണ്ണം മനസ്സിലാക്കണം, എന്നാലെ മോഹ വലയത്തില്‍ നിന്ന് നമുക്ക് മുക്തി നേടാനാവൂ.
എന്തായാലും ഭാഗവത പാരായണവും ആത്മീയ പ്രഭാഷണവും കേട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ പുതിയ ഒരാളായി മാറിയ പോലൊരു തോന്നല്‍.
മാലതി : അല്ല രമണീ, വേറൊരു ഒരു കാര്യം ചോദിയ്ക്കാന്‍ മറന്നു . തന്നെ ആ ഡോക്ടര്‍ കാര്‍ത്തിക്കിന്‍റെ വിവാഹത്തിന് കണ്ടില്ലല്ലോ, അവര്‍ നിങ്ങളുടെ അയല്‍ക്കാരായിരുന്നില്ലേ ?
രമണി : ഓ, അതോ. അതു പറയാതിരിക്കുകയാണ് ഭേദം മാലതീ. ഈ ചെറുക്കന്‍ കാര്‍ത്തിക്കിന്‍റെ അച്ഛന്‍ കുമാരന്‍ പണ്ട് പുരുഷേട്ടന്‍റെ തറവാട്ടു വളപ്പില്‍ തെങ്ങ് ചെത്താന്‍ വന്നിരുന്നതാണ്.
ചെറുക്കന്‍ നാലക്ഷരം പഠിച്ചപ്പോള്‍ അവര് വലിയ കൊമ്പത്തായീന്നാ അവരുടെ ഭാവം.
എം. ഡി വേണമെങ്കില്‍ ശ്രമിച്ചാല്‍ കിട്ടാവുന്നതെ ഉള്ളൂ , പക്ഷെ ഈ തറവാട്ടു മഹിമ ജന്മനാ തന്നെ കിട്ടേണ്ടേ മാലതീ.
നിനക്കറിയാല്ലോ, പുരുഷേട്ടന്‍റെ വീട്ടുകാര്‍ വലിയ തറവാട്ടുകാരാ, പഴയ ജന്മികളായിരുന്നു, ഇപ്പോഴും അന്തസ്സിനു കുറവൊന്നുമില്ല, സാമ്പത്തീകമായി തല്‍ക്കാലം കുറച്ചു ക്ഷീണിച്ചെന്നെ ഉള്ളൂ.
പുരുഷേട്ടന്‍ പറഞ്ഞു, “നമുക്കെന്തായാലും പോകണ്ട ...വീട്ടില്‍ വന്നു ക്ഷണിച്ച നിലയ്ക്ക് മോനെ പറഞ്ഞയക്കാം, അത്രയൊക്കെ മതി “ എന്ന്.

By: PrasadPazhuvil

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo