Slider

നിങ്ങളെന്നെ ആജ്യാരാക്കി .

0


 സംഗതി കോമഡിയാണ്, കുറച്ചു കൊല്ലങ്ങള്ക്കു മുന്പുണ്ടായ ഒരു സംഭവം. ഞാന് അതുവരെ ചെയ്തിരുന്ന Building Consultancy (Civil Engg.) യോടൊപ്പം ഞങ്ങളുടെ (ആചാരിമാര്) കുലത്തൊഴിലായ സ്ഥാനനിര്ണ്ണയം (വാസ്തു / തച്ചുശാസ്ത്രം) ഏറ്റെടുത്തു തുടങ്ങിയ കാലം.

ആളുകള് അന്വേഷിച്ചു വരാന് തുടങ്ങിയപ്പോള് “ഒരു ബോര്ഡ് വെച്ചാല് നന്നായിരുന്നു” എന്നു പലരും പറഞ്ഞു, എന്നാല് അങ്ങനെയാവാം എന്നു ഞാനും കരുതി.
“ശുഭസ്യ ശീഘ്രം” എന്നാണല്ലോ. വേഗം തന്നെ നല്ലൊരു ബോര്ഡ് ഉണ്ടാക്കിച്ച് എന്റെ കൂട്ടുകാരന് (ന്യൂ ജെന് ഭാഷയില് ചങ്ക് ബ്രോ) ആര്ടിസ്റ്റ് ജയനെക്കൊണ്ട് (കല വരയ്ക്കുന്ന ജയന് എന്ന് ഞങ്ങള് കളിയാക്കി വിളിക്കും) “ പ്രസാദ്‌ ആചാരി “ എന്നു ഭംഗിയായി എഴുതിച്ചു. എന്നിട്ട് ആ ബോര്ഡ് തറവാടിന്റെ മുറ്റത്ത് ഭംഗിയായി സ്ഥാപിക്കുകയും ചെയ്തു.
വഴിയില്ക്കൂടി പോകുന്നവരൊക്കെ ബോര്ഡ് വായിച്ച് എന്നെ നോക്കി “നന്നായിട്ടുണ്ട്” എന്ന രീതിയില് ചിരിച്ചുകൊണ്ട് കടന്നു പോയി.
“ബോര്ഡ് അല്പ്പം ചെരിഞ്ഞു പോയോ” എന്നു മമ്മദാലിക്ക സംശയം പ്രകടിപ്പിച്ചു. “ബോര്ഡ് കുറച്ചു ചെറുതായെന്നാണ്” പ്രഭാകരേട്ടന് പറഞ്ഞത്.
കുറച്ചു കഴിഞ്ഞപ്പോള് അയല്വക്കത്തെ മജീദിക്കയും പേരക്കുട്ടി ഷിഫയും വന്നു. “ഇതെന്തായാലും നന്നായി പ്രസാദേ” മജീദിക്ക പറഞ്ഞു. “എന്റെ പണി കുറച്ചു കുറയും” (റിട്ടയേഡ് ലൈഫ് ആസ്വദിച്ച് എപ്പോഴും സ്വന്തം വീടിന്റെ ഉമ്മറത്ത് ഇരിക്കുന്ന കാരണം എന്നെ അന്വേഷിച്ചു വരുന്നവര് ആളോടാണ് വഴി ചോദിക്കാറ്)
കുറച്ചു നേരം അവിടെ സംസാരിച്ചു നിന്നതിനു ശേഷം മജീദിക്ക തിരിച്ചു പോയി . ഷിഫ പക്ഷെ അപ്പോഴും ബോര്ഡിലെഴുതിയ വാക്കുകള് സൂക്ഷ്മനിരീക്ഷണം നടത്തിക്കൊണ്ടു അവിടെത്തന്നെ നില്ക്കുകയാണ്.
“എന്താ ഷിഫേ” എന്നു ഞാന് ചോദിച്ചപ്പോള്
“ഊം ഊം“ എന്നു മൂളി കുഴഞ്ഞാടിക്കൊണ്ട് അവള് അവിടെത്തന്നെ നിന്നു. .
ഷിഫ എന്റെ മോന് നിദുവിന്റെ കൂടെ ഒന്നാംക്ലാസ്സില് ആണ് അന്ന് പഠിച്ചിരുന്നത്. നന്നായി പഠിക്കുന്ന കുട്ടിയാണ്.
എന്താണ് ഷിഫ ഇത്ര കാര്യമായി ബോര്ഡിനെയും അക്ഷരങ്ങളെയും നിരീക്ഷിക്കുന്നത് എന്നു ഞാന് ആലോചിക്കാതിരുന്നില്ല.
എന്തായാലും പണിയൊക്കെ കഴിഞ്ഞ നിലയ്ക്ക് കൊത്തിയും മറ്റു പണിയായുധങ്ങളും കൊണ്ടുവെക്കാം എന്നുകരുതി ഞാന് വീട്ടിലേക്കു കുറച്ചു വഴി നടന്നു കഴിഞ്ഞപ്പോഴാണ് നിദു വന്നത്.
നിദു വന്ന പാടെ ബോര്ഡ് ഇളകുന്നുണ്ടോ എന്നറിയാനായി അതിന്മേല് പിടിച്ചു നന്നായൊന്ന് ആട്ടി നോക്കി, അവനതു തള്ളി താഴെയിടുമോ എന്നു ഭയന്നു വേഗം അവനെ പിന്തിരിപ്പിക്കാനായി ഞാന് തിരിച്ചു നടക്കുമ്പോളാണ്, ഞാന് അവിടെ ഇല്ലെന്ന ധൈര്യത്തില്, കുട്ടികളുടെ സ്വതസിദ്ധമായ നിഷ്കളങ്കതയോടെ ഷിഫ നിദവിനോട് ചോദിക്കുന്നത് കേട്ടത് :
“ഡാ നിദൂ, നിങ്ങള് അമ്പലക്കാരല്ലേ. പിന്നെ എങ്ങന്യാ നിന്റെ അച്ഛന് ആജ്യാരാവ്ണ് ?”
...ന്റെ അട്ടിപ്പാറ അമ്മച്ചീ.......
ചോദിച്ചത് നിദുവിനോടാണെങ്കിലും ഞെട്ടിത്തരിച്ചത് അവന്റെ അച്ഛനായ ഈ പ്രസാദാചാരിയാണ്.....( അതോ പ്രസാദാജ്യാരോ? )
“ഭഗവതീ .... എന്റെ വാസ്തുപരമ്പര ദൈവങ്ങളെ ..ചതിച്ചോ..”
(അപ്പോള് ഇതു കണ്ടുപിടിക്കാനാണ് ഷിഫ ഇത്രയും നേരം ബോര്ഡില് സൂക്ഷ്മനിരീക്ഷണം ചെയ്തു നിന്നിരുന്നത്. അത് ശരി!)
ബോര്ഡില് എഴുതിയത് തെറ്റിപ്പോയോ ? ആദ്യം ഞാന് അങ്ങനെയാണ് സംശയിച്ചത് .
“കള്ളാ... ജയാ... നിന്റെ കല വരയ്ക്കല് ഞാന് ഇന്നത്തോടെ അവസാനിപ്പിക്കും“ ഞാന് ബോര്ഡിലേക്ക് സൂക്ഷിച്ചു നോക്കി, “ആചാരി” എന്നു തന്നെ അല്ലെ അവന് എഴുതിയിരിക്കുന്നത്...? അവനെ അത്രയ്ക്കങ്ങട്ട് വിശ്വാസമില്ലാതിരുന്നതിനാല്, അക്ഷരങ്ങള് തെറ്റാതെ നോക്കിയെഴുതാനായി, ഞാനവന് എന്റെ കാര്ഡ് കൂടി കൊടുത്തിട്ടുണ്ടായിരുന്നു.
മുക്കാല് മുണ്ടുടുത്ത് വട്ടത്താടിയും തലേക്കെട്ടുമുള്ള, ഞാന് ദിവസവും കാണാറുള്ള, ഹാജ്യാരുടെ രൂപം മനസ്സിലൂടെ മിന്നി മറഞ്ഞു...
ഭാഗ്യം, എഴുത്തിനു കുഴപ്പമൊന്നും ഇല്ല. ആശ്വാസം. (ജയാ.... മാപ്പ്, നീ ഒരു വകയ്ക്കു കൊള്ളാത്തവനാണെങ്കിലും കോപ്പിയടിയില് ഒന്നാമാനാനെന്നു കേട്ടിട്ടുണ്ട്, അക്കാര്യം നീയെന്തായാലും തെളിയിച്ചിരിക്കുന്നു) ആശ്വാസം.
എന്നിട്ടും ആ ചോദ്യമേല്പ്പിച്ച ഷോക്കില് നിന്നും മോചിതനാവാന് എനിക്കു കുറച്ചു കൂടി സമയം വേണ്ടിവന്നു. ഞെട്ടല് മാറിയപ്പോള് സ്വയം നിയന്ത്രിക്കാനാവാതെ ഞാന് ഉറക്കെച്ചിരിച്ചുപോയി. എന്റെ ചിരി കേട്ടപ്പോള് എന്തോ അബദ്ധം പിണഞ്ഞെന്നു മനസ്സിലായ ഷിഫ നാണിച്ച് അവിടെനിന്നും സ്ഥലംവിട്ടു.
പാവം കുട്ടി. ആചാരിയെ ആജ്യാര് എന്നു വായിച്ചതില് അവളെ എങ്ങനെ യാണ് കുറ്റപ്പെടുത്തുക? അവള് മുസ്ലിയാരെയും ഹാജ്യാരേയും (പറയുന്നതാണെങ്കില് ആജ്യാരെന്നും ) മാത്രമല്ലേ അറിയൂ. ഈ ആചാരി എന്ന ഒരു വര്ഗ്ഗം കൂടി ഈ ലോകത്തുണ്ടെന്ന് അവളെങ്ങനെ അറിയാനാണ്.
മദ്രസ്സയുടെ അടുത്ത് മുസ്ലിങ്ങളുടെ ഇടയില് താമസിച്ചാലുള്ള കുഴപ്പം അന്നാദ്യമായിട്ടാണ് ഞാന് മനസ്സിലാക്കുന്നത്‌ . വളരെ വളരെ സൂക്ഷിക്കണം,
ഇല്ലെങ്കില് അവര് ആചാരിമാരെ ആജ്യാരുമാരാക്കി മതം മാറ്റിക്കളയും....ഹ ...ഹ...ഹാ...
PrasadPazhuvil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo