അടുത്ത പ്രഭാതത്തിൽത്തന്നെ
ചെയ്തുതീർക്കേണ്ട കാര്യങ്ങൾ,
ജോലിക്ക് പോകുമ്പോൾ
ഉടുക്കേണ്ട വസ്ത്രം,
പോകാനുള്ള സ്ഥലങ്ങൾ,
ലോണിന്റെ ഗഡുക്കൾ,
ഫോൺ, കരണ്ട് ബില്ലുകൾ,
വീട്ടിലേക്കുള്ള കാര്യങ്ങൾ,
കിട്ടിയതും കിട്ടാനുള്ളതുമായി
കുറെ മനക്കണക്കുകൾ.
അധികം വിദൂരമല്ലാത്ത
ജോലിയിൽനിന്നുള്ള വിരമിക്കൽ.
അപ്പോൾ ജോലിയിൽനിന്നും
വിരമിച്ച ശേഷമുള്ള ശിഷ്ടജീവിതം,
വിരമിക്കുമ്പോൾ കിട്ടുന്ന
ആനുകൂല്യങ്ങൾ,
മോഹിച്ച തീർത്ഥാടനങ്ങൾ
അതിനു് അനുബന്ധമായി
മക്കളുടെ ഉപരിപഠനം, ജോലി
അവരുടെ വിവാഹം,
ഉണ്ടാവാൻ പോകുന്ന
കൊച്ചുമക്കളെ കൊഞ്ചിക്കൽ,
അവരോടുത്തുള്ള കളികൾ,
എന്നിവയെപ്പറ്റി ചിന്തിച്ചിരിക്കാം..
ചിന്തകളിൽ തന്റെ ബാല്യം
അയാളുടെ ഓർമ്മയിലെത്തിക്കാണും
അച്ഛനമ്മമാർ, കൂടപ്പിറപ്പുകൾ,
ബന്ധുമിത്രാദികൾ,
ഞൊടിയിടയിൽ കടന്നുപോയ
ബാല്യം കൗമാരം യൗവനം
തന്റെ വിവാഹം, ആദ്യരാത്രി,
എല്ലാം കടന്നുവന്നിരിക്കാം
അപ്പോൾ ഗാഢനിദ്രയിൽ
ആണ്ടുകിടക്കുന്ന
ഭാര്യയുടെ കൈകളിൽ
പ്രണയാർദ്രമായി
സ്പർശിച്ചും കാണണം...
പിന്നെ എപ്പോഴോ ഗാഢമായ
നിദ്രയുടെ കയത്തിലേക്കു്
അയാൾ അറിയാതെ
ഊർന്നിറങ്ങിക്കാണും
പതിവുപോലെ
നിർവ്വചിക്കാനാവാത്ത കുറെ
സ്വപ്‌നങ്ങൾ കണ്ടിരിക്കാം...
അയാൾ ഒരിക്കലും
ചിന്തിക്കാതിരുന്നത്
അടുത്ത പ്രഭാതം
അയാൾ കാണില്ലെന്ന
പരമമായ സത്യം മാത്രമായിരിക്കാം.
ഗിരി ബി വാരിയർ
20 നവംബർ 2020
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക