നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹോളി ഷിറ്റ്


" ആഫ്രിക്കൻ വൻകരയിൽ നിന്നും അടർന്നു മാറിയത് പോലെ നിലകൊള്ളുന്ന മഡഗാസ്കർ ദ്വീപിന് 1200 നോട്ടിക്കൽ മൈൽ അകലെ ശാന്തമഹാസമുദ്രത്തിൽ തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപ സമൂഹം..

ഹോളിലാൻഡ്സ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ ദ്വീപസമൂഹം ഇന്ന് ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമാണ്...
വമ്പൻ റിസോർട്ടുകളും കസിനോകളും അടക്കം സഞ്ചാരികളെ ആകർഷിക്കുന്ന പലകാര്യങ്ങളും ഇവിടെയുണ്ട്...
അതിൽ ഏറ്റവും പ്രധാനം ലോകത്തിൽ ഭൂരിഭാഗം രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിട്ടുള്ള പലതും ഇവിടെ അനുവദനീയമാണ് എന്നുള്ളതാണ്....
മദ്യവും മയക്കുമരുന്നും മദിരാക്ഷിയും ചൂതാട്ടവും അടക്കം ലോകത്ത് പലയിടത്തും നിയമവിരുദ്ധമായ പലതും ഈ കുഞ്ഞ് ദ്വീപസമൂഹത്തിൽ സുലഭമാണ്..
കേരളത്തിലെ ഒരു ജില്ലയുടെ ആകെ വിസ്തീർണം പോലും ഉണ്ടാകില്ല ഈ ദ്വീപസമൂഹത്തിലെ 18 ദ്വീപുകളും കൂടി ചേർന്നാൽ...
ഏറ്റവും വലിയ അത്ഭുതം സമുദ്രത്തിന് നടുക്കുള്ള ഈ ദ്വീപസമൂഹത്തിൽ ശുദ്ധജലതടാകങ്ങൾ ഒരുപാടുണ്ട് എന്നതാണ്...
വില്യം ബ്രുക്സ് എന്ന അമേരിക്കൻ ശതകോടിശ്വരന്റെ സ്വന്തമാണ് ഇവിടം..18 ദ്വീപുകളിൽ ഏഴു ദ്വീപുകളിലേക്ക് മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശനം.. ബാക്കി 11 ദ്വീപുകളിൽ പുറമെ നിന്നുള്ളവരെ പ്രവേശിപ്പിക്കില്ല.. ഹോളിലാൻഡ്‌സിലെ പ്രാചീന ഗോത്രവർഗ്ഗമായ ഷിമോഗികളുടെ സ്വൈര്യവിഹാരത്തിനു തടസ്സമാകാതിരിക്കാനാണ് വില്യം ബ്രുക്സ് ഇങ്ങനെയൊരു നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നത്…"
നീലകണ്ണുകളും ചെമ്പൻ മുടിയുമുള്ള ചെറുപ്പക്കാരൻ പറഞ്ഞു തീർന്നതും എതിരെ ഇരുന്ന ഇന്ത്യൻ വംശജനിൽ നിന്നും ദീർഘനിശ്വാസത്തോടൊപ്പം ഒരു വാചകവും പുറത്തേക്ക് വന്നു...
"ഇൻട്രസ്റ്റിങ്"
ഹോളിലാൻഡ്‌സിലെ പഞ്ചനക്ഷത്ര റിസോർട്ടിലെ ബാറിൽ തന്റെ വിസ്കി ഗ്ലാസ്‌ നുണഞ്ഞു കൊണ്ട് അലക്സ്‌ അറിയാതെ പറഞ്ഞു പോയി...
അലക്സ്‌ വർഗീസ് നെട്ടുക്കാരൻ....
ലോകത്തിലെ തന്നെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ശൃംഘലയായ നെട്ടുകാരൻ ഗ്രൂപ്പ്സ്ന്റെ അമരക്കാരൻ...
നാല്പത് വയസ്സുകാരനായ അലക്സിന് ഡയമണ്ട് സപ്ലൈ ചെയ്യുന്നത് വില്യം ബ്രുക്സിന്റെ കമ്പനിയായ ഹോളിലാൻഡ്‌സ് ജ്യൂവൽ മേക്കർസ് ആണ്.... ആ പരിചയമാണ് അലക്സ്നെ ഹോളിലാൻഡ്‌സിൽ എത്തിച്ചതും... ലോകത്തിലെ തന്നെ അതിസമ്പന്നനായ വില്യം ബ്രുക്സുമായി നേരിൽ കാണാനുള്ള അവസരം ഒരുക്കിയതും..
ഹോളിലാൻഡ്‌സ്ന്റെ ചരിത്രം അലക്സിന് പറഞ്ഞു കൊടുക്കുന്നത് തിയാഗോ ലാ സിൽവ എന്ന് പേരുള്ള സ്പാനിഷ് യുവാവ് ആയിരുന്നു...
യെസ്... ഇവിടെ ഇനിയും ഇന്ട്രെസ്റ്റിങ് ആയിട്ടുള്ള പലതുമുണ്ട്... നോക്കു മിസ്റ്റർ അലക്സ്... വില്യം ബ്രുക്സിനു നിങ്ങളെ വലിയ കാര്യമാണ്... കഴിഞ്ഞ എട്ടുവർഷമായി ഹോളിലാൻഡ്‌സിന്റെ ഡയമണ്ട് ബിസിനസിലെ ഏറ്റവും ഇമ്പോർട്ടെന്റ് പാർട്ട്‌ നിങ്ങളാണ്... അത് തന്നെയാണ് നിങ്ങളെ അദ്ദേഹം ഇങ്ങോട്ട് ക്ഷണിച്ചതും...
അത് പറയുമ്പോൾ തിയാഗോയുടെ നീല കൃഷ്ണമണികൾക്ക് വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു...
യെസ് തിയാഗോ.... എനിക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്... എന്റെ രാജ്യക്കാരുടെ ആഭരണഭ്രമമാണ് എന്നെ ഇവിടെ എത്തിച്ചത്.. പിന്നെ മിസ്റ്റർ ബ്രുക്സ് എനിക്ക് നൽകുന്ന ഡയമണ്ട്സ്.. അതിന്റെ മികവ്... അതിനെ പൂർണമായി വർണ്ണിക്കാൻ വാക്കുകളില്ല...
അലക്സിന്റെ വാക്കുകൾ കേട്ടപ്പോൾ തിയാഗോ ഒന്ന് പുഞ്ചിരിച്ചു...അവന്റെ മനോഹരമായ നിരയൊപ്പിച്ച പല്ലുകൾ കാട്ടിയുള്ള ചിരി സുന്ദരിയായ ഒരു സ്ത്രീയുടെ ചിരി പോലെ അലക്സിന് തോന്നി...
ദെൻ.. ഇന്ന് വൈകിട്ട് താങ്കൾ മിസ്റ്റർ ബ്രൂക്‌സിനെ മീറ്റ് ചെയ്യുന്നു... ഇപ്പോൾ റൂമിലേക്ക് പോയി അല്പം വിശ്രമിക്കു... താങ്കൾക്ക് ഒരു വിശ്രമം അനിവാര്യമാണ് എന്ന് എനിക്ക് തോന്നുന്നു...
അത്രയും പറഞ്ഞു കൊണ്ട് ഒരു കള്ള ചിരിയോടെ തിയാഗോ ഇടത് ഭാഗത്തേക്ക് നോട്ടമെറിഞ്ഞു... അലക്സും ആ ഭാഗത്തേക്ക് നോക്കി....
ചുമലിലേക്ക് സ്വർണനൂലുകൾ പോലെ പാറിപറക്കുന്ന മുടിയിഴകൾ ഇളക്കി ബിക്കിനി ധരിച്ചു കൊണ്ട് ഒരു യുവതി... ഒരൊറ്റ നോട്ടം കൊണ്ട് തന്നെ അലക്സ് തരിച്ചിരുന്നു പോയി... അത്രക്ക് ഉടലഴകുള്ള ഒരു പെൺകുട്ടിയെ അലക്സ് തന്റെ ജീവിതത്തിൽ കണ്ടുമുട്ടിയിട്ടില്ല...
അവളുടെ സുന്ദരമായ പൊക്കിൾ ചുഴിയിലും പകുതി അനവൃതമായ മാറിടങ്ങളിലും അലക്സിന്റെ കഴുകൻ കണ്ണുകൾ കൊതിയോടെ ഓടി നടന്നു...
അലക്സിന്റെ ഭവമാറ്റം പുഞ്ചിരിയോടെ തന്നെ തിയാഗോ നോക്കി നിന്നു.. ശേഷം ആ പെൺകുട്ടിയെ കൈ കാട്ടി വിളിച്ചു...
മരിയ....
തിയാഗോയുടെ ശബ്ദം കേട്ടതും മരിയ അവർക്കരികിലേക്ക് നടന്നടുത്തു... അവൾ അരികിലെത്തിയതും ആ ദേഹത്ത് നിന്നുയർന്ന വശ്യമായ സുഗന്ധത്തിൽ അലക്സ് എല്ലാം മറന്നു കഴിഞ്ഞിരുന്നു...
മിസ്റ്റർ അലക്സിന് റൂമിൽ വിശ്രമിക്കാൻ ഒരു കൂട്ട് വേണമെന്ന്... നിങ്ങൾക്ക് വിരോധമില്ലെങ്കിൽ അദ്ദേഹത്തെ ഒന്ന് സഹായിക്കു...
തിയാഗോ പറഞ്ഞത് കേട്ട് മരിയ വശ്യമായി ചിരിച്ചു കൊണ്ട് അലക്സിനെ നോക്കി... അലക്സ് സർവ്വതും മറന്ന് ഇരിക്കുകയാണ് അപ്പോഴും...
അതിനെന്താ തിയാഗോ...? എനിക്ക് സന്തോഷമേയുള്ളൂ...
പറഞ്ഞു കൊണ്ട് മരിയ അലക്സിന്റെ കൈയിൽ പിടിച്ചു...
വരൂ മിസ്റ്റർ....
സ്വപ്നത്തിലെന്ന പോലെ അലക്സ് മരിയയുടെ പിന്നാലെ നടന്നു... തിയാഗോ ആ കാഴ്ച കണ്ട് ചിരിച്ചു കൊണ്ട് തലയാട്ടി...
********************
ഒരു സ്വപ്നത്തിലെന്ന പോലെ അലക്സ് കണ്ണ് തുറന്നു... കൺപോളകൾക്ക് വല്ലാത്ത കനം വെച്ചത് പോലെ...
അലക്സ് ബെഡിൽ എഴുന്നേറ്റു ഇരുന്നു ചുറ്റും നോക്കി...
തല വെട്ടി പൊളിക്കുന്നത് പോലൊരു വേദന അലക്സ്നു അനുഭവപ്പെട്ടു... അയാൾ രണ്ട് കൈ കൊണ്ടും നെറ്റിയിൽ അമർത്തി പിടിച്ചു..?
ഹായ് അലക്സ്... എങ്ങനെയുണ്ട് ഞാൻ...? നിങ്ങൾ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മിടുക്കനായ പുരുഷനാണ്..
ശബ്ദം കേട്ട ഭാഗത്തേക്ക് അലക്സ് തിരിഞ്ഞു നോക്കി...
വശ്യമായ ഒരു പുഞ്ചിരിയോട് കൂടി മരിയ... അവളുടെ തുടുത്ത മാറിടങ്ങളും വടിവോത്ത ശരീരവും തീരെ വയ്യാത്ത അവസ്ഥയിലും അയാളിൽ വികാരം ഉണർത്തി..
അലക്സ് അവളുടെ നേരെ തന്റെ കൈ നീട്ടി.. അയാളുടെ കണ്ണുകളിൽ കാമം കത്തി നിന്നു..എന്നാൽ മരിയ വശ്യമായ ഒരു പുഞ്ചിരിയോടെ അലക്സിന്റെ ക്ഷണം നിരസിച്ചു...
നോ മാൻ... ഇപ്പോൾ അതിനുള്ള സമയമല്ല മിസ്റ്റർ ബ്രുക്സ് നിങ്ങളെ കാത്ത് ഇരിക്കുന്നു...
മരിയ പറഞ്ഞത് കേട്ട് നിരാശയോടെ അലക്സ് ബെഡിലേക്ക് മറിഞ്ഞു... പിന്നെ മനസ്സില്ലാമനസോടെ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു..
നടക്കുമ്പോൾ പോലും തന്റെ തല നേരെ നിർത്താൻ അലക്സ് പാട് പെടുന്നുണ്ടായിരുന്നു... അതിന്റെ ഒപ്പം ശക്തമായ തല വേദനയും..
ഷവർ തുറന്ന് തണുത്തവെള്ളം തലയിലൂടെ ഒഴുകിയിറങ്ങിയപ്പോൾ വല്ലാത്തൊരു ആശ്വാസം അലക്സിന് തോന്നി.... പക്ഷെ പിൻകഴുത്തിൽ എന്തോ ഒരു നീറ്റൽ അനുഭവപ്പെടുന്നതായി അലക്സിന് തോന്നി..
കുളി കഴിഞ്ഞു പുറത്തേക്കിറങ്ങിയ അലക്സിന്റെ ക്ഷീണം കുറച്ചേറെ മാറിയിരുന്നു...
പെട്ടന്ന് തന്നെ റെഡിയായി ഇരുവരും പുറത്തേക്കിറങ്ങി... ഇറങ്ങും മുൻപ് മരിയ അയാൾക്ക് തന്റെ ചുണ്ടുകൾ സമ്മാനിച്ചിരുന്നു...
ഹോട്ടലിന് പിന്നിലുള്ള ജെട്ടിയിൽ അവർക്കായി ഒരു സ്പീഡ് ലോഞ്ചർ കാത്ത് കിടന്നു.. ഇരുവരും അതിൽ കയറി... ജലത്തെ കീറി മുറിച്ചു കൊണ്ട് ആ ലോഞ്ചർ അതിവേഗം കുതിച്ചു പാഞ്ഞു...
അഞ്ചു മിനിറ്റ് നേരത്തെ യാത്ര... അതിന്റെ ഇടയിൽ നാലോളം ദ്വീപുകൾ അവർ പിന്നിട്ടിരുന്നു.....
അലക്സിന് അത്ഭുതം തോന്നി... ഇത്രയും അടുത്ത് ഇത്രയധികം ദ്വീപുകൾ...
അലക്സിന്റെ അത്ഭുതം ചോദ്യമായി പുറത്തു വന്നപ്പോൾ മരിയ ചിരിച്ചു..
ഇനിയും ഈ ദ്വീപ് ഒളിച്ചു വെച്ചിരിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ കാണാനിരിക്കുന്നതെയുള്ളൂ മിസ്റ്റർ അലക്സ്...
ലോഞ്ചർ ഒരു ജെട്ടിയിലേക്ക് അടുത്തു... മറ്റുള്ള ദ്വീപുകളെ അപേക്ഷിച്ചു ഒരുപാട് വ്യത്യസ്തത ആ ദ്വീപിന് ഉണ്ടെന്നു അലക്സ്നു തോന്നി... മറ്റുള്ള ദ്വീപുകൾ സഞ്ചാരികളെ ആകർഷിക്കാൻ അണിഞ്ഞൊരുങ്ങി നവവധുവിനെ പോലെയായിരുന്നെങ്കിൽ ഈ ദ്വീപ് വളരെ അറപ്പും ഭയവും തോന്നുന്ന യക്ഷിയെ പോലെയാണെന്ന് അലക്സിന് തോന്നി
കറുത്ത എന്തോ കട്ടിയുള്ള ദ്രാവകം ശരിക്കും ഉരുകിയ ടാർ പോലെ... ആ ദ്വീപിൽ ആകെ ആ ദ്രാവകം കൊണ്ട് നിറഞ്ഞിരുന്നു... അവിടുത്തെ അന്തരീക്ഷത്തിനു മനംമടുപ്പിക്കുന്ന ഒരു ഗന്ധവും...
അലക്സ് തന്റെ മൂക്ക് പൊത്തി...
മരിയ അത് കണ്ടു പുഞ്ചിരിച്ചു..
മിസ്റ്റർ അലക്സ് നിങ്ങൾ ആരാധനയോടെ നോക്കി കാണുന്ന വില്യം ബ്രുക്സ് എന്ന ശതകോടിശ്വരന് ഏറ്റവും ഇഷ്ടപ്പെട്ട ഗന്ധമാണിത്.. ഈ ഗന്ധമില്ലാതെ അദ്ദേഹത്തിനു ഭക്ഷണം പോലും കഴിക്കാൻ സാധിക്കില്ല..
മരിയ പറയുന്നത് കേട്ട അലക്സിനു ഓക്കാനം വന്നുപോയി.. അത്രക്ക് ദുസ്സഹമായ ഗന്ധമായിരുന്നു അത്..
ഇരുവരും നടന്നു വളരെ പഴക്കം തോന്നുന്ന ഒരു കെട്ടിടത്തിന്റെ മുൻപിലെത്തി... മരിയ ഒരു പ്രത്യേക താളത്തിൽ കൈ അടിച്ചു... രണ്ട് നിമിഷങ്ങൾക്ക് ശേഷം ആ കെട്ടിടത്തിന്റെ വാതിലുകൾ തുറക്കപ്പെട്ടു..
മരിയ അകത്തേക്ക് കടന്നു.. പുറകെ അലക്സും...
പുറത്തുള്ളതിനേക്കാൾ അതിരൂക്ഷമായ ഗന്ധമായിരുന്നു അകത്ത്..
ചുറ്റും കത്തിജ്വലിച്ചു നിന്ന മെഴുകു തിരികൾ ആ കെട്ടിടത്തിന്റെ ഉൾവശത്ത് പ്രകാശം നിറച്ചു...
ഇവിടെ കറന്റ് ഇല്ലേ...?
അലക്സ് തെല്ലൊരു അത്ഭുതത്തോടെ മരിയയോട് ചോദിച്ചു..
ഇല്ല.. അതിനു കാരണവുമുണ്ട്..
ആ കാരണം ഞാൻ വ്യക്തമാക്കി തരാം പ്രിയമിത്രമേ...!
മരിയ പറഞ്ഞു തീരും മുൻപ് തന്നെ മുഴക്കമുള്ള ശബ്ദം അവിടെ മുഴങ്ങി... ആ ശബ്ദം കേട്ട ഭാഗത്തേക്ക് അലക്സ് നോക്കി..
ഒന്ന് കുളിച്ചിട്ട് വർഷങ്ങളായി എന്ന് തോന്നുന്ന രീതിയിൽ ഒരു രൂപം... മുടിയും നഖവും നീട്ടി വളർത്തി... മുഷിഞ്ഞു നാറിയ വസ്ത്രങ്ങളുമായി വൃത്തികെട്ട രൂപം...
ആ രൂപം അവന്റെ അടുത്തേക്ക് നടന്നടുത്തു..
ആ രൂപം അടുത്ത് വരും തോറും അയാളുടെ ദേഹത്ത് അണിഞ്ഞിരിക്കുന്ന അഴുകി തുടങ്ങിയ വസ്ത്രത്തിൽ പുഴുക്കൾ നുരക്കുന്നത് അലക്സ് കണ്ടു...
വല്ലാത്തൊരു ദുർഗന്ധം തനിക്ക് ചുറ്റും വ്യാപിക്കുന്നത് അലക്സ് തിരിച്ചറിഞ്ഞു...
ഹലോ അലക്സ്.... ഐ ആം ബ്രുക്സ്.. വില്യം ബ്രുക്സ്...
വെള്ളം കണ്ടിട്ട് വർഷങ്ങളായി എന്ന് തോന്നുന്ന ആ മുഖത്തേക്ക് നോക്കാൻ പോലും അലക്സിന് അറപ്പ് തോന്നി... അതെ അറപ്പോടെ തന്നെ അലക്സ് അയാൾ തന്റെ നേരെ നീട്ടിയ കൈയിലേക്ക് നോക്കി...
വലിയൊരു പൊട്ടിചിരിയോടെയാണ് അലക്സിന്റെ ആ പെരുമാറ്റത്തോട് അയാൾ പ്രതികരിച്ചത്... ശേഷം അയാൾ മരിയയെ നോക്കി..
ഹായ് ബേബി... വരൂ...
ഇരു കൈകളും വിടർത്തി പിടിച്ചു കൊണ്ട് അയാൾ മരിയയെ ക്ഷണിച്ചു... അവൾ ഒരു മടിയും കൂടാതെ അയാളുടെ അടുത്തേക്ക് ചെന്നു... ഇരുവരും ആലിംഗനബദ്ധരായി മരിയയുടെ ചുണ്ടുകളെ അയാളുടെ വൃത്തികെട്ട ചുണ്ടുകൾ അകത്താക്കി കളഞ്ഞിരുന്നു.... ഇരുവരുടെയും നാവുകൾ ഇണചേരുന്ന സർപ്പങ്ങളെ പോലെ പരസ്പരം ചുറ്റിവരിഞ്ഞു...
അലക്സിന് അതിൽ കൂടുതൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല... വലിയൊരു ശബ്ദത്തോടെ അയാൾ ശർദ്ധിച്ചു...
ബ്യൂട്ടിഫുൾ...
ബ്രുക്സ് ആ കാഴ്ച കണ്ട് സന്തോഷഭരിതനായി മരിയയെ വിട്ടു ആ വൃത്തികെട്ട തറയിൽ അലക്സ് ശർദ്ധിച്ചത് തൊട്ട് നാക്കിൽ വെച്ചു രുചിച്ചു നോക്കി...
സ്റ്റോപ്പ്‌ ദിസ്‌....
അലക്സ് അലറുകയായിരുന്നു... അയാൾക്ക് ഭ്രാന്ത് പിടിച്ചു തുടങ്ങിയിരുന്നു...
അലക്സിന്റെ അലർച്ച കെട്ട് ബ്രുക്സ് തല ചെരിച്ചു ഒരു പ്രത്യേക ഭാവത്തിൽ അവനെ നോക്കി..
കൂൾ ഡൌൺ മിസ്റ്റർ... കൂൾ ഡൌൺ.. ഇതാണ് വില്യം ബ്രുക്സ് എന്ന ഞാൻ പുറംലോകത്തേക്ക് വരാത്തത്... എന്റെ രീതികൾ നിങ്ങൾക്ക് വിചിത്രമായി തോന്നാം... മറ്റുള്ളവർ അറപ്പോടെ കാണുന്ന പലതും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന വികാരങ്ങളണ്... അലക്സ് ചോദിച്ചില്ലേ ഇവിടെ കറന്റ്‌ ഇല്ലാത്തത് എന്താണെന്നു..? എനിക്ക് ഭയമാണ് അലക്സ്... കറന്റ്‌.. അതിന്റെ പവർ.. എനിക്ക് അതിനെ വല്ലാത്ത ഭയമാണ്...
ബ്രുക്സ് പറയുന്നതൊക്കെ അറപ്പോടെ എന്നാൽ അതിനും അപ്പുറം അത്ഭുതത്തോടെ അലക്സ് കേട്ടുകൊണ്ടിരുന്നു..
അലക്സ് നിനക്ക് അറിയണ്ടേ എന്റെ ഡയമണ്ട്സ് അത് ഞാൻ എവിടെ നിന്നാണ് ഉൽപാദിപ്പിക്കുന്നതെന്നു...?
വളരെ വികൃതമായ മുഖഭാവത്തോടെയാണ് ബ്രുക്സ് ആ ചോദ്യം അലക്സിനോട് ചോദിച്ചത്.. അത് കേട്ടതും അലക്സിൽ ഒരു ഞെട്ടൽ ഉണ്ടായി...അത് ആസ്വദിക്കുന്നത് പോലെ ബ്രുക്സ് ഒന്ന് ചിരിച്ചു...
നീ കഴിഞ്ഞ വർഷം ടോക്കിയോയിലേക്ക് പറന്നതും ടോഷി നകമുറ എന്ന മിടുക്കനായ ഡിക്റ്ററ്റിവിനെ വില്യം ബ്രുക്സിന്റെ രഹസ്യങ്ങളുടെ പുറകെ അലായൻ വിട്ടതും ഞാൻ അറിഞ്ഞു അലക്സ്... ബ്രുക്സ് ഒരാളുമായി ബിസിനസ്‌ ഡീൽ ഉറപ്പിച്ചാൽ അതിനർത്ഥം ആ ആളുടെ നിഴൽ എന്റെ സ്പൈ ആയി മാറി എന്നാണ്...
അവസാന വാചകങ്ങൾ അലക്സിന്റെ ചെവിയോട് ചുണ്ടുകൾ ചേർത്ത് വളരെ ശബ്ദം കുറച്ചാണ് ബ്രുക്സ് പറഞ്ഞത്... പക്ഷെ ആ വാചകങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ ആഴം മനസിലായതും അലക്സിന്റെ പെരുവിരലിൽ നിന്നും ഒരു തരിപ്പ് ശരീരമാസകലം വ്യാപിച്ചു...
എന്താ ഇത് അലക്സ്... എന്നോട് നേരിട്ട് ചോദിച്ചാൽ ഞാൻ പറഞ്ഞു തരില്ലേ എല്ലാ രഹസ്യങ്ങളും... എന്റെ പപ്പാ ജോൺ ബ്രുക്സ് ആണ് ഈ ദ്വീപും ഇതിൽ ഒളിഞ്ഞിരിക്കുന്ന വലിയ നിധിയും കണ്ടെത്തിയത്... ആ നിധി എന്താണെന്നു അറിയണോ നിനക്ക്... നീയും നിന്റെ നാട്ടുകാരും അധ്വാനിച്ചു ഉണ്ടാക്കുന്ന കോടികണക്കിന് രൂപ എന്റെ അക്കൗണ്ടിലേക്ക് ഒഴുകിയിറങ്ങുന്നതിന്റെ രഹസ്യം.... അറിയണ്ടേ നിനക്ക്... അത് തീട്ടമാണെടാ ചെറുക്കാ തീട്ടം...
ഹോളി ഷീറ്റ്... വിശുദ്ധ അപ്പി...
ഭ്രാന്ത് പിടിച്ചത് പോലെ ബ്രുക്സ് പുലമ്പുന്ന വാചകങ്ങൾ കേട്ട് അലക്സ് വിശ്വസിക്കാനാവാതെ നില്കുകയായാണ്..
ഷിമോഗികൾ... ഈ മണ്ണിന്റെ യഥാർത്ഥ അവകാശികൾ... അവരുടെ ജീവിതരീതി... ലോകത്തെ ഏറ്റവും ശുദ്ധമായ ഈ ദ്വീപുകളിലെ ശുദ്ധജലം.. ഒട്ടും മലിനമല്ലാത്ത അന്തരീക്ഷം.. തികച്ചും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന അവരുടെ ഭക്ഷണം.... അതെ മിസ്റ്റർ അലക്സ്.. വിശ്വസിക്കാൻ പ്രയാസം തോന്നും... ഷിമോഗികളുടെ ദഹനപ്രക്രിയക്ക് ശേഷം പുറത്തു വരുന്ന അവശിഷ്ടം ഇവിടുത്തെ ശുദ്ധജലത്തിൽ കിടന്നു നമ്മുടെ ശാസ്ത്രസത്യങ്ങൾക്ക് മേലെ നിന്നുകൊണ്ട് ദൃഢതയുള്ള ഖരവസ്ഥയിലെക്ക് മാറുന്നു... എന്റെ പപ്പയുടെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു... ഒരു വട്ടൻ ഡോക്ടർ... ഫെർണണ്ട്... അയാൾ കണ്ടെത്തിയ രാസസംയുക്തം ഖരാവസ്ഥയിലുള്ള ഈ അവശിഷ്ടവുമായി സംയോജിപ്പിച്ചാണ് നീ പറഞ്ഞ ലോകത്തെ ഏറ്റവും മികച്ച ഡയമണ്ട്സ് ഞാൻ കൃത്രിമമായി നിർമ്മിക്കുന്നത്...
ബ്രുക്സ് ഒരു നിമിഷം നിർത്തി..
പക്ഷെ ഇപ്പോൾ ഇവിടെയും നശിച്ചു... ഈ നാടിന്റെ പരിശുദ്ധി നഷ്ടമായി... ഷിമോഗികൾക്ക് ഇനി ഒരിക്കലും എനിക്ക് ഹോളി ഷിറ്റ് നൽകാനാവില്ല... അധിനിവേശത്തിന്റെ ഫലം..അല്ലെങ്കിലും കലാകാലങ്ങളായി അധിനിവേശമാണ് ഓരോ മണ്ണിന്റെയും വിശുദ്ധി നഷ്ടമാക്കിയത്...
താഴേക്ക് നോക്കി സംസാരിക്കുന്ന ബ്രുക്സിന്റെ കണ്ണുകളിൽ നിഴലിച്ചു നിൽക്കുന്ന നഷ്ടബോധം അലക്സിന് വളരെ പെട്ടെന്ന് തന്നെ മനസിലായി... എന്നാൽ അലക്സിനെ അത്ഭുതപ്പെടുത്തി കൊണ്ട് വളരെ പെട്ടന്ന് തന്നെ ആ നഷ്ടബോധം മാഞ്ഞു കച്ചവടക്കാരന്റെ കുടിലത ആ കണ്ണുകളിൽ തെളിഞ്ഞു...
ബട്ട്‌ മിസ്റ്റർ അലക്സ്... എന്ത് പ്രശ്നത്തിനും ഒരു പോംവഴിയുണ്ട്... ഇവിടെയും അങ്ങനെയൊരു പോംവഴി എനിക്കായി ദൈവം ഫെർണണ്ടിന്റെ ഡയറി കുറിപ്പുകളുടെ രൂപത്തിൽ...
അയാൾ അത്രയും പറഞ്ഞു നിർത്തിയിട്ട് അലക്സിനെ നോക്കി...
അലക്സ് ഈ മെർകുറി എന്ന് കേട്ടിട്ടില്ലേ...? ആ മെർകുറിയും അല്ലറ ചില്ലറ ആസിഡുകളും വേറെ എന്തൊക്കയോ കിണിമണികളും ചേർത്തൊരു സംയുക്തം... ആഹാ മനോഹരം... ഇതിന്റെ പ്രേത്യേകത എന്താണെന്നു അറിയാമോ... ഒരു ചെറിയ ഡോസ് മനുഷ്യശരീരത്തിന്റെ ഉള്ളിൽ കടന്നാൽ അത് എല്ലുകൾ ഉൾപ്പെടെ എല്ലാം ഉരുക്കി തുടങ്ങും.. പ്ലാസ്റ്റിക്കും മെഴുകും ഒക്കെ ഉരുകുന്നത് അലക്സ് കണ്ടിട്ടില്ലേ അത് പോലെ ഉരുകും... അതിന്റെ ആദ്യത്തെ ലക്ഷണം എന്താണെന്നു അലക്സിന് അറിയാമോ... താങ്കളുടെ മൂക്കിൻ തുമ്പത്ത് രക്തം... അതൊന്ന് തുടച്ചു കളയൂ...
ബ്രുക്സിന്റെ മുഖഭാവം അപ്പോഴേക്കും പൈശാചികമായി മാറിയിരുന്നു...അലക്സ് നടുക്കത്തോടെ തന്റെ മുക്കിന്റെ തുമ്പത്ത് തൊട്ട് നോക്കി...
കറുത്ത ടാർ പോലെ എന്തോ മൂക്കിന്റെ ഉള്ളിൽ നിന്നും ഉരുകി ഇറങ്ങുന്നു...
യെസ് യെസ്...ഇതാണ് ഇതാണ് അലക്സ് ആ വഴി... ഇത് പതിയെ ഉറച്ചു ഉറച്ചു ഒരു കല്ല് പോലെയാകും... അതും ഞാൻ കോടികണക്കിന് രൂപയ്ക്ക് വിൽക്കും...
ആവേശത്തോടെ ബ്രുക്സ് അലക്സിനോട് പറഞ്ഞു... അലക്സിന് തന്റെ ശരീരത്തിന്റെ അകം മുഴുവൻ പൊള്ളുന്നത് പോലെ തോന്നി തുടങ്ങി... അയാൾ വെപ്രാളത്തോടെ അലറി കരഞ്ഞു...
അലക്സ്... എന്താണ് സംഭവിക്കുന്നത്...? ശരീരം പൊള്ളുന്നുണ്ടോ...? നിന്റെ ഫ്രണ്ട് തോഷിയോടും ഞാൻ ഇതേ ചോദ്യം ചോദിച്ചിരുന്നു... പതിനായിരകണക്കിന് ഷിമോകികളോടും ഞാൻ ചോദിച്ചിരുന്നു... എല്ലാവരും പൊള്ളുന്നു എന്നാണ് ഉത്തരം പറഞ്ഞത്...
അലക്സിന്റെ ശരീരത്തിൽ എവിടെയൊക്കെ ദ്വാരമുണ്ടോ അവിടെ എല്ലാം കൂടി കറുത്ത ടാർ പോലെ ഉരുകി ഇറങ്ങാൻ തുടങ്ങി...
ബ്രുക്സ് പ്ലീസ്... എന്നെ എന്നെ രക്ഷിക്കൂ പ്ലീസ്...
അലക്സ് അലറി കരഞ്ഞു... പക്ഷെ അവ്യക്തമായ എന്തോ ശബ്ദങ്ങളാണ് പുറത്തു വന്നത്...
ക്രൂരമായ ഒരു സംതൃപ്തിയോടെ അലക്സ് എന്ന പച്ചമനുഷ്യൻ ഉരുകി ഒലിച്ചു ഇല്ലാതെയാകുന്നത് ബ്രുക്സും മരിയയും നോക്കി നിന്നു... ഒരു തരി പോലും ശേഷിക്കാതെ അലക്സ് ഉരുകി തീർന്നിരുന്നു...
ബ്രുക്സ് ക്രൂരമായ ഒരാനന്ദത്തോടെ അത് നോക്കി നിന്നു...
***********************
2040 മെയ്‌ മാസം...
നീന അലക്സ് നെട്ടുകാരൻ എന്ന യുവതിയുടെ വിവാഹമാണ് ഇന്ന്...20 വർഷങ്ങൾക്ക് മുൻപ് നാട് വിട്ടുപോയ തന്റെ പപ്പയുടെ ഓർമകളിൽ വിതുമ്പി നില്കാൻ സമയമില്ലാത്ത അവൾ ലോകപ്രശസ്ത ബ്രാൻഡ് ആയ ബ്രുക്സ് ബ്ലാക്ക് പേൾ ആഡ് ചെയ്ത ഇന്നേക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വിലപ്പിടിപ്പുള്ള ആഭരണം സ്വന്തമാക്കാനുള്ള തയാറെടുപ്പിലായിരുന്നു....
അകലങ്ങളിൽ എവിടെ ഇരുന്നോ അഭിനവ വില്യം ബ്രുക്സ് അടുത്ത കെണിയൊരുക്കുകയാണ്... ഇനിയും അധിനിവേശം കൊണ്ട് വിശുദ്ധി നഷ്ടമാകാൻ തയാറെടുത്ത് കൊണ്ട് അറിയപ്പെടാത്ത ദ്വീപുകൾ അവിശേഷിക്കുന്നു... ഈ കഥ അനസ്യുതം തുടർന്നു കൊണ്ടേയിരിക്കും.....
ഒരു ഭ്രാന്തന്റെ ജല്പനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌.....
=======
 ഉണ്ണികൃഷ്ണൻ കുളക്കാട്ട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot